2015, ഡിസംബർ 31, വ്യാഴാഴ്‌ച

എന്റെ കഥ!

കഥകളുടെ ലോകത്തൂന്ന് ഒളിച്ചോടിയോടി ഞാനുമിപ്പോൾ ഒരു കഥയില്ലാത്തവനായി.

2015, ഡിസംബർ 27, ഞായറാഴ്‌ച

ഒരു രണ്ടുവരി പ്രണയകവിത

നിൻ മിന്നും പൊന്നുടലിൽ..
എന്റെ കിനാവുകൾ മുല്ലകളെപ്പോൽ
ചുറ്റി പുണരുമ്പോൾ,
നിൻ നീല മിഴികളിൽ
നക്ഷത്രങ്ങൾ മിന്നി മറയുന്നു..

എത്ര കിനാവുകൾ കാണും
നാമാ രാത്രിയിലിങ്ങിനെ
ശിലപോൽ ഒന്നായ് നിൽക്കുമ്പോൾ..
ഏതു കിനാവുകൾ നമ്മെ ഉണർത്തും
രാവത്‌ തീർന്നത് പറയാനായ്..

നിന്നെ പുൽകിയുറങ്ങാൻ രാവുകൾ
മഞ്ചലുമായ് വരും അരികത്ത്‌..
നാമാ രാത്രിയിലിങ്ങിനെ ഒന്നായ്
എത്ര കിനാവുകൾ കാണും പെണ്ണേ
രാവത്‌ തീർന്നതറിയാതെ..

2015, ഡിസംബർ 14, തിങ്കളാഴ്‌ച

ആവർത്തനങ്ങൾ..

ഇരുട്ടുകൊണ്ട് പിരിച്ചെടുത്ത കയറിൽ തൂങ്ങി
പലവട്ടം ഞാൻ ആത്മഹത്യ ചെയ്തിട്ടുണ്ട്..!!
പിന്നെ,..
പകലുവെട്ടം കണ്ടാ കയറുപൊട്ടി താഴെവീണ്,
വീണ്ടും പുനർജനിക്കുകയാണ് പതിവ്..

2015, ഡിസംബർ 9, ബുധനാഴ്‌ച

അടയാളങ്ങൾ

പ്രാണനിൽ കൊതിയില്ലാത്തവരാരുമില്ല.
ആത്മഹത്യ ചെയ്തവനും,
തന്റെ പ്രാണനിൽ കൊതിയുണ്ടായിരുന്നു.

2015, ഡിസംബർ 6, ഞായറാഴ്‌ച

2015, നവംബർ 29, ഞായറാഴ്‌ച

ഇരുട്ടുരുട്ടൽ..

ഞാനിവിടെതന്നെയുണ്ട്‌..
നിലാവ് പരക്കുമ്പോൾ
ഇരുട്ടിന്റെ മറപറ്റി ഒളിച്ചും,
സൂര്യനുദിക്കുമ്പോൾ
കണ്ണടച്ചിരുട്ടാക്കിയും..

എന്റെ ഇരുട്ടിൽ
ഞാനിവിടെത്തന്നെയുണ്ട്.

2015, നവംബർ 22, ഞായറാഴ്‌ച

ജനിച്ചാൽ ഒരു മരണമുണ്ടെന്ന് അറിയാതെയാണ്
പിറവികൾ സംഭവിക്കുന്നത്‌..
ഇനിയൊരു പിറവികൂടി
കാണുമെന്ന പ്രതീക്ഷയിൽ
മരണവും സംഭവിക്കുന്നു.

2015, നവംബർ 14, ശനിയാഴ്‌ച

ഓർത്തിരിക്കാൻ ഒരു ഓർമ്മകുറിപ്പ്

"എന്നാ പിന്നെ.. ചെക്കനും പെണ്ണിനും എന്തേലും സംസാരിക്കാനുണ്ടേൽ ആവട്ടെ അല്ലെ...?"
കുടിച്ചൊഴിഞ്ഞ ചായഗ്ലാസ് തിരികെ ടേബിളിൽ വെക്കുന്നതിന്നിടെ ബ്രോക്കറുടെ വക ആദ്യസിഗ്നൽ കിട്ടി.

"അതെയതെ..
എടീ മോളെ, അങ്ങോട്ട്‌ എറങ്ങി ചെല്ലെടീ.. നിങ്ങളെന്തേലും മിണ്ട്.. പിന്നീട് പരാതി പറയല്ല്.."
അകത്തൂന്ന് സ്നേഹപൂർണ്ണമായ ഒരു തള്ളലുംകൂടെ കിട്ടിയപ്പോൾ നാണത്തിൽ കലർന്ന ചിരിയോടെ അവൾ പൂമുഖത്ത് എത്തി.

ഗ്ലാസ്സിൽ അവശേഷിച്ച വെള്ളം, ഒറ്റവലിക്ക് കുടിച്ച് ഞാനും പതിയെ അവൾക്കൊപ്പം പുറത്തേക്കിറങ്ങി.

നാലുമണിക്കത്തെ വെയിലിനും മോശമല്ലാത്ത ചൂടുണ്ട്; ഒരു സുഖവും.

മുറ്റത്തിന്റെ അരികിൽ പടർന്നുപന്തലിച്ച മങ്കൊസ്റ്റിൻ മാവോ അതിന്റെ തണലോ തെല്ലും ഇല്ലാത്തതുകൊണ്ട്, എനിക്കുമുൻപേ നടന്ന അവൾ വീടിന്റെ മൂലയിൽ പിടിപ്പിച്ച ടാപ്പിന്റെ ചുവട്ടിൽ അല്പ്പം നാണത്തോടെ ബ്രേക്കിട്ടു നിന്നു..

തൊഴുത്തിൽനിന്ന പശുക്കൾ 'കൊച്ചുകള്ളാ' എന്ന ഭാവത്തോടെ എന്നെ നോക്കിയത് ഞാൻ കണ്ടില്ലെന്ന് നടിച്ചു. ഇവറ്റകൾക്കൊന്നും വേറൊരു പണീം ഇല്ലേ!!

ഇത്തരം സന്ദർഭങ്ങളിൽ തുടക്കം പലപ്പോഴും പുരുഷ മേല്ക്കോയ്മ്മയുടെ കുത്തകയായതുകൊണ്ട്‌ ഞാൻ തന്നെ സംസാരിച്ചു തുടങ്ങി..

ചോദിക്കുന്ന ചോദ്യങ്ങൾക്ക് മാത്രം ഒന്നോരണ്ടോ വാക്കിൽ ഉത്തരം നല്കി കുറച്ച് നേരത്തേക്കെങ്കിലും അവളെന്നെ നികേഷ് കുമാർ ആക്കിയെങ്കിലും, പിന്നീട് അർജുനൻ തൊടുത്തുവിട്ട ശരമഴ പോലെ അവളെന്നെ ചോദ്യങ്ങൾക്കൊണ്ട് മൂടി..!!

ഓരോ ഉത്തരം കഴിയുമ്പോഴും ഇടയ്ക്കിടെ അവൾ തിരിച്ചുകൊണ്ടിരുന്ന ആ ടാപ്പിൽനിന്നും ഇത്തിരി വെള്ളമെടുത്തു തൊണ്ടനനയ്ക്കണം എന്ന് തോന്നി!! ഹോ!!

അവസാനം വിജയശ്രീലാളിതയായി പൂച്ചക്കണ്ണ് ഒരൽപം അടച്ചുപിടിച്ച് ഒരു പ്രത്യേക ഈണത്തിൽ അവളെന്നോട് ചോദിച്ചു;
"ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടോ....??"

ആഹ.. എന്നെ മുട്ടുകുത്തിക്കാൻ മാത്രം ധൈര്യമോ!! ഇപ്പശരിയാക്കിതരാം..
തൊണ്ടയൊന്നു ചുമച്ചു ശരിയാക്കിയിട്ട് ഞാൻ പറഞ്ഞു;
"യെസ്.. ഉണ്ട്.."

പുരികം മുകളിലേക്ക് വില്ലുപോലെ വളച്ചുപിടിച്ച് അവളെന്നെ ചോദ്യചിഹ്നം പോലെ നോക്കി.
"നമ്മുടെ പ്രധാനമന്ത്രി ഇപ്പോൾ എതു രാജ്യത്താണെന്ന് അറിയോ..??"

ശരിക്കിനും അവൾ ഞെട്ടി!!
ഉത്തരം അറിയാൻ മേലാഞ്ഞിട്ടാണോ, അതോ നാണം വന്നിട്ടാണോന്നറിയില്ല. അകത്തേക്ക് ഒറ്റ ഓട്ടം വച്ചുകൊടുത്തു.
അല്ല പിന്നെ.. എന്റെ അടുത്താ കളി!!

NB :- അല്ല.. സത്യത്തിൽ നമ്മുടെ പ്രധാനമന്ത്രി ഇപ്പോൾ ഏതു രാജ്യത്താ..!!??

2015, നവംബർ 12, വ്യാഴാഴ്‌ച

തടവിലാക്കപ്പെട്ട ദൈവങ്ങൾ

ചില്ലുകൂടുകളിൽ അടയ്ക്കപ്പെട്ട
എല്ലാ ദൈവങ്ങളേയും
മോചിപ്പിക്കണം..
ഇനി അവർ,
അഗതികൾക്കും അശരണർക്കുമൊപ്പം
തെരുവിൽ കഴിയട്ടെ...

നമുക്കവരെ അവിടെപ്പോയി കാണാം.

2015, നവംബർ 7, ശനിയാഴ്‌ച

2015, ഒക്‌ടോബർ 20, ചൊവ്വാഴ്ച

ആധുനിക ഇന്ത്യ

വർഗ്ഗീയത 

 മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച്
എപ്പോൾ വേണമെങ്കിലും പൊട്ടിമുളയ്ക്കാൻ
ശേഷിയുള്ള ഒരു 'കുരു'വാണ് വർഗ്ഗീയത.


വിശുദ്ധ ചാണകം

'വിശുദ്ധ ചാണകം' പരന്നുകിടന്ന
അതേ നിരത്തിൽ തന്നെ
ആരുടെയോ ഒക്കെ 'അവിശുദ്ധ'
രക്തവും മാംസവും ചിതറിക്കിടന്നിരുന്നു..
ജാതിയിലത് ക്രിസ്ത്യനോ ഹിന്ദുവോ
ദളിതനോ മുസ്ലീമോ എന്ന് നാമകരണം
ചെയ്യപ്പെട്ടിരുന്നില്ല..
എന്നാൽ ഒന്നറിയാം.,
അതൊരുപറ്റം മനുഷ്യരായിരുന്നു;
ജാതിഭോഗങ്ങൾക്ക് ഇരയായ
ഒരുപറ്റം മനുഷ്യർ..


പുതിയ പാഠങ്ങൾ  

ആദരാഞ്ജലി അർപ്പിക്കുമ്പോൾ പോലും
ജാതിയും മതവും നോക്കുന്ന,
ജീവിച്ചിരുന്ന കാലത്തെ
കുറ്റങ്ങളെയും കുറവുകളെയും
ഇഴകീറി വിമർശിക്കുന്ന,
ഒരു നാണംകെട്ട തലമുറയിലാണ്‌
ഞാനും നിങ്ങളുമൊക്കെയിന്ന്
ജീവിക്കുന്നത്..
 


മനുഷ്യസ്നേഹികൾ

 ഭൂമിയിൽ മനുഷ്യസ്നേഹികൾ 
എന്നൊരു വിഭാഗം ഉണ്ടായിരുന്നത്രേ.!! 

വിഷം

മതങ്ങളും, പച്ചക്കറികളും
സമാനമായ ഒരവസ്ഥയിലൂടെയാണ് 
ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്;
രണ്ടിലും മാരകമായ വിഷം നിറഞ്ഞിരിക്കുന്നു. 

2015, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

വിശുദ്ധ പ്രണയം

അക്ഷരങ്ങൾ കള്ളം പറഞ്ഞുതുടങ്ങിയ
കടലാസ് കഷണങ്ങളിലൂടെ,
എന്റെ മനസ്സിൽ നീയും
നിന്റെ മനസ്സിൽ ഞാനും
വിശുദ്ധരായി വളർന്നുകൊണ്ടേയിരുന്നു.

2015, ഒക്‌ടോബർ 4, ഞായറാഴ്‌ച

വിശുദ്ധ ചാണകം

'വിശുദ്ധ ചാണകം' പരന്നുകിടന്ന
അതേ നിരത്തിൽ തന്നെ
ആരുടെയോ ഒക്കെ 'അവിശുദ്ധ'
രക്തവും മാംസവും ചിതറിക്കിടന്നിരുന്നു..
ജാതിയിലത് ക്രിസ്ത്യനോ ഹിന്ദുവോ
ദളിതനോ മുസ്ലീമോ എന്ന് നാമകരണം
ചെയ്യപ്പെട്ടിരുന്നില്ല..
എന്നാൽ ഒന്നറിയാം.,
അതൊരുപറ്റം മനുഷ്യരായിരുന്നു;
ജാതിഭോഗങ്ങൾക്ക് ഇരയായ
ഒരുപറ്റം മനുഷ്യർ..

2015, സെപ്റ്റംബർ 23, ബുധനാഴ്‌ച

ഓടാനറിയുന്നോരോടിക്കോ..

"എന്റെ മകൻ രോഹൻ..  വലിയ കുസൃതിക്കാരനാ..
എപ്പോളാണ് അവന് ഇൻസ്റ്റന്റ് എനർജിയുടെ ആവശ്യം വരികയെന്ന്  പറയാനാവില്ല.
അതിനാൽ പുതിയ ഗ്ലൂക്കോ വിറ്റ ബോൾസ്.. 
....."
ഇങ്ങിനൊരു പരസ്യം ടിവിയിൽ ഒരു പ്രാവശ്യമെങ്കിലും കാണാത്തവരായി  ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല..

എന്നാൽ ഇത്തരത്തിലുള്ള പരസ്യങ്ങളുടെയൊന്നും സ്വാധീനമില്ലാതിരുന്ന ഒരു ബാല്യകാലം നമ്മളിൽ പലരുടേയും ഓർമ്മകളിൽ നിറം മങ്ങാതെ കിടപ്പുണ്ട്..

ചെളിയിൽ കളിച്ചാൽ അണുക്കൾ ഉപദ്രവിക്കാത്ത, മാവിലയും ഉമ്മിക്കരിയും ഉപ്പുമൊക്കെ ഉപയോഗിച്ച് പല്ല് തേച്ചിരുന്ന, പട്ടി കടിക്കാൻ വന്നാൽ ഓടണോ അതോ ഉറക്കെ നിലവിളിക്കണോ എന്ന് തിരിച്ചറിയാൻ കഴിയാതെ പകച്ചുനിന്ന ഒരു ബാല്യം..

അന്നൊരു ആറുവയസ്സുകാരനോട്  അമ്മ പറഞ്ഞു:-
"മോനേ നീ കുഞ്ഞേട്ടന്റെ വീട്ടിച്ചെന്ന് ചാണകം അളന്ന് കൊടുക്കുന്ന പാട്ട മേടിച്ചോണ്ട് വാ..
പോയിട്ട് വേഗം വരണേ.. അവിടേമിവിടേം വായും പൊളിച്ചു നിക്കരുത്‌..."

ഇഞ്ചിനടുന്ന സമയമാകുമ്പോഴേക്കും ഉണങ്ങിയ ചാണകത്തിന് ആവശ്യകാര്  കൂടും.. പാട്ടയൊന്നിന് ഇത്രരൂപ എന്നതോതിൽ നൂറും ഇരുന്നൂറും അഞ്ഞൂറും പാട്ട ചാണകം വീട്ടിൽ വന്ന് മേടിച്ചുപോകുന്നവരുടെ എണ്ണം കൂടുതലായിരുന്നു  എന്ന് മാത്രമല്ല, അത് നല്ലൊരു വരുമാനമാർഗ്ഗവുമായിരുന്നു.

കേട്ടപാതി കേൾക്കാത്തപാതി നൂറേ നൂറിൽ ഒരു വിടലായിരുന്നു. (അന്നുമിന്നും വീട്ടിൽനിന്ന് പുറത്തുചാടാൻ കിട്ടുന്ന ഒരവസരവും ഞാൻ പാഴാക്കാറില്ല..)

കുറച്ചു ദൂരമുണ്ട് കുഞ്ഞേട്ടന്റെ വീട്ടിലേക്ക്.. പൊള്ളുന്ന വെയിലത്ത്‌ അത്രയും ദൂരം തനിയെ നടന്നും ഓടിയും പോകാനുള്ള കലശലായ മടികാരണം വണ്ടിയോടിച്ച് പോകാമെന്ന് ഞാൻ തീരുമാനിച്ചു..!!

അങ്ങിനെ ആളുയരമുള്ള തിണ്ടിന്റെ മുകളിൽ നെഞ്ചുരച്ച്  വലിഞ്ഞുകയറി, കൂട്ടമായ്‌ തിങ്ങിനില്ക്കുന്ന തെരുവപുല്ലിന്റെ  കൂട്ടത്തിൽനിന്ന് നല്ല മൂപ്പും വലിപ്പവുമുള്ള തെരുവക്കണ ഒരെണ്ണം ധൃതിയിൽ ഒടിച്ചെടുത്ത്‌ അതിന്റെ ഓലകളൊക്കെ കളഞ്ഞ് വൃത്തിയാക്കി അറ്റം മടക്കി വണ്ടിയുണ്ടാക്കി..

ബാലൻസ് തെറ്റിയ കുട്ടിക്കുരങ്ങൻ മരത്തേന്ന് വീണപോലെ തിണ്ടിന്റെ മുകളീന്ന്  വീണ്ടും വഴിയിലേക്ക് ഊർന്നുവീണു..
മൂട്ടിലെ പൊടിയും തട്ടി വണ്ടിയോടിച്ച് കാൽവീതിയുള്ള ഇടവഴിയിലൂടെ എന്റെ സാഹസികയാത്ര കുഞ്ഞേട്ടന്റെ വീട്ടുമുറ്റത്ത് എത്തി.
പീ പീ.... കീ.. കീ.... ക്രിം... ക്രിം...

നട്ടുച്ചയ്ക്ക് പോലും ഒരുതരി വെളിച്ചം കേറാത്ത വലിയ മരങ്ങൾ തിങ്ങിനില്ക്കുന്ന കാപ്പിതോട്ടത്തിന് നടുവിൽ ഒറ്റപ്പെട്ട വീട്.. പരിസരത്തെങ്ങും ആരുടേയും ഒച്ചയനക്കങ്ങൾ കേൾക്കാനില്ല..
അടഞ്ഞ വാതിലിലേക്ക് കുറച്ചുനേരം പ്രതീക്ഷയോടെ നോക്കി നിന്നു..

വെറുംകയ്യോടെ മടങ്ങേണ്ടിവരുമെന്ന് തീർച്ച.

അവിടെ ആരുമില്ലെന്ന് അമ്മയോട് പറയണമെങ്കിൽ ഉറക്കെ വിളിച്ച് മറുപടികിട്ടാതെ മടങ്ങിചെല്ലണം.. ഇല്ലെങ്കി അമ്മ വീണ്ടും പറഞ്ഞുവിടും, 'അവരവിടെയെവിടെയെങ്കിലും കാണുമെടാ ചെറുക്കാ.. പോ.. പോയി പാട്ട വാങ്ങിവാ..'

"കുഞ്ഞേട്ടാ.. ട്ടാ...
ചേച്ചീ..... കൂയ്..."

എവിടെയോ നിന്ന് ഒരു മുരൾച്ച കേട്ടു ..
ആശ്വാസം...അപ്പോ ചേട്ടൻ അകത്തുണ്ട്..

"കുഞ്ഞേട്ടാ..." അടഞ്ഞ വാതിൽക്കലേക്ക് നോക്കി ഒന്നൂടെ നീട്ടിവിളിച്ചു..

വീണ്ടും മുരൾച്ച... പുറകിൽ  അതിശക്തമായ കുരയും..

മുരണ്ടതും കുരച്ചതും ചേട്ടനല്ല, ഭീകരന്മാരായ രണ്ട് പട്ടികളാണെന്ന തിരിച്ചറിവ് എന്റെ സകല നാഡികളെയും ഒരു നിമിഷം കൊണ്ട് തളർത്തിക്കളഞ്ഞു..

മട്ടന്നൂർ ശങ്കരൻകുട്ടിമാരാരെ പോലും തോൽപ്പിക്കുന്ന താളബോധത്തോടെ കാൽമുട്ടുകൾ തമ്മിൽ ചെണ്ടമേളം തുടങ്ങി..

എന്റെ കയ്യിലിരിക്കുന്ന വണ്ടി പ്രത്യാക്രമണതിനുള്ള  വടിയാണെന്ന് അവറ്റകൾ കണ്ണിൽ കണ്ണിൽ നോക്കി വിധിയെഴുതി..

ശ്വാസം എടുക്കാനോ വിടാനോ കഴിയാതെ ഒരു ശിലപോലെ ഞാനങ്ങിനെ നില്ക്കുകയാണ്.. ഒരു സഹായത്തിന് ആരെങ്കിലും ഓടിവരുമെന്ന് ഞാൻ വെറുതേ സ്വപ്നം കണ്ടു.. തലയനക്കാതെ  കണ്ണുകൾ മാത്രം കഴിയുന്നത്ര വിശാലതയിലേക്ക്‌ വട്ടം കറക്കിനോക്കി .. തൊഴുത്തിൽ കെട്ടിയിട്ട ഒന്നുരണ്ടു പശുക്കളും കുറച്ചാടുകളും കൊടിച്ചോട്ടിൽ കുഞ്ഞുങ്ങൾക്കൊപ്പം നിരങ്ങുന്ന ഒരു കോഴിയുമല്ലാതെ എന്നെ സഹായിക്കാൻ കെൽപ്പുള്ള മറ്റൊരു ജീവിയേയും ഞാനാപരിസരത്തെങ്ങും കണ്ടില്ല.

പട്ടികളുടെ മുരൾച്ച കൂടിക്കൂടി വന്നു.. മുട്ടുകൾ തമ്മിൽ കൂട്ടിയിടിക്കാനുള്ള ആരോഗ്യം പോലും നഷ്ടമായ അവസ്ഥ..
ചില സാഹചര്യങ്ങൾ മനുഷ്യന്റെ വിവേകബുദ്ധിയെ കീഴടക്കും എന്നുപറയുന്നത് എത്ര സത്യമാണ്.. അവസാനം ഞാനും കാണിച്ചു അങ്ങിനൊരു സാഹസിക മണ്ടത്തരം..

"ചേട്ടാ...........!!! രക്ഷിക്കണേ....!!!!
പട്ടി കടിക്കുന്നേ!!!!! അയ്യോ!!!! ഓടിവായോ !!! "

അതൊരു ഭീകരമായ അലർച്ചയായിരുന്നു.. പട്ടികളെ ഒരുനിമിഷനേരത്തേക്കെങ്കിലും ഭയപ്പെടുത്താൻ തക്കവണ്ണം ഭീകരമായ അലർച്ച..

എന്നാൽ അടുത്ത സെക്കൻഡിൽ  തന്നെ അവറ്റകൾ പണിതുടങ്ങി..
ചന്ദനമഴ സീരിയലിലെ  ഊർമ്മിള ദേവി  കമ്മലിട്ടപോലെ അവറ്റകൾ രണ്ടും എന്റെ പിന്നാമ്പുറത്ത് കടിച്ച് തൂങ്ങി..

എന്റെ നിലവിളി കേട്ടിട്ടാണോ അതോ കോഴിയെ കുറുക്കൻ പിടിച്ചൂന്ന് കരുതിയിട്ടാണോന്നറിയില്ല, ചേട്ടനും ചേച്ചിയും കാപ്പിതോട്ടത്തിലെ കനത്ത ഇരുട്ടിനെ വകഞ്ഞുമാറ്റി ദൂരെനിന്നും ഓടിവന്നു..

കല്ലും വടിയും  ഒപ്പം ഒച്ചയുമെടുത്ത് അവറ്റകളെ തുരത്തിയപ്പോഴേക്കും എനിക്കുള്ള പണിയൊക്കെ അവറ്റകൾ തന്നുകഴിഞ്ഞിരുന്നു..
എന്നിട്ട് പിന്നെയും തക്കംപാർത്ത പട്ടികൾ അൽപ്പമകലെ മാറിയിരുന്ന് എന്നെ സാകൂതം വിക്ഷിച്ചുകൊണ്ടിരുന്നു.., വീണ്ടുമൊരു അവസരത്തിനായി..

പിന്നാമ്പുറത്തെ ചോരച്ചാലുകൾ കാലിലൂടെ ഒലിച്ചിറങ്ങി മണ്ണിൽ പടർന്നു..
ഏങ്ങലടിച്ചു ഭയന്ന് കരയുന്ന എന്നെ മാറോടണച്ച് ആശ്വസിപ്പിക്കാൻ അവർ നടത്തിയ ശ്രമം വിഫലമായി..

ചുവപ്പ് നിറം പടർന്ന നിക്കറും ഷർട്ടും എന്റെ കുഞ്ഞു ശരീരം വിട്ട് തറയിൽ വിശ്രമിച്ചു..
കടിച്ചെടുക്കാൻ ഇങ്ങനൊരു 'ഉമ്മറം' കൂടി ഉണ്ടായിരുന്നല്ലേ എന്ന നഷ്ടബോധത്തോടെ പട്ടികൾ തമ്മിൽ തമ്മിൽ  നോക്കിയപ്പോഴേക്കും രണ്ട് കൈകൊണ്ടും സുരക്ഷിതമായ ഒരു മറ ഞാൻ 'അവിടെയും' തീർത്തു..

മനസാക്ഷിയില്ലാതെ സൂര്യൻ എന്റെ വാരിയെല്ലുകളിൽ കണ്ണാടി നോക്കി കളിച്ചു.. ഒട്ടിയുണങ്ങി നട്ടെല്ലിനോട് ചേർന്ന വയർ ഓരോ ഏങ്ങലിനുമൊപ്പം പുറത്തേക്ക് തള്ളിവന്നുകൊണ്ടിരുന്നു..
(കർത്താവ്‌ കുരിശിൽ കിടന്നപ്പോൾ പോലും അത്രയധികം വയർ ഒട്ടിയട്ടുണ്ടായിരുന്നില്ല എന്ന് തോന്നുന്നു..)

"പാവം കൊച്ച് ... യ്യോ.. കരയല്ലെടാ..  സാരമില്ലെടാ..
ഇന്ന് തന്നെ ഈ പട്ടികളെ കൊന്നുകളയണം..  നാശങ്ങള്.."

എന്റെ മുടിയിഴകളിൽ തലോടി, പട്ടികൾക്ക് നേരെ ചേച്ചി രോഷം കൊണ്ടു.. (പട്ടികൾ പിന്നേയും പൂർണ്ണാരോഗ്യത്തോടെ വർഷങ്ങളോളം അവിടെ ജീവിച്ചിരുന്നു എന്നത് മറ്റൊരു വാസ്തവം..)


അന്ന് പുക്കിളിന് ചുറ്റും സൂചികുത്തുന്ന ഏർപ്പാട് തുടങ്ങിയിരുന്നില്ല എന്ന് തോന്നുന്നു.. എന്തായാലും പാവലിന്റെ ഇല ഉപ്പുകൂട്ടി അരച്ച്  കടികൊണ്ട ഭാഗങ്ങളിൽ തേച്ചുതന്നു..
എന്ത് രസമാണെന്നോ പച്ചമാംസത്തിൽ ഉപ്പ് തേച്ചങ്ങിനെ നിക്കാൻ.. ആഹഹ..  
സ്വർഗ്ഗമല്ലേ സ്വർഗ്ഗം.. ഹോ!!

അന്ന്, ചാണകം മെഴുകിയ വീടിന്റെ തിണ്ണയിലിരുന്ന്, അരഭിത്തിക്കിപ്പുറം തലമാത്രം വെളിയിൽ കാണിച്ച് ഒരാഴ്ചയോളം അനുഭവിച്ചു വേദനനിറഞ്ഞ ആ നഗ്നജീവിതം..

നിത്യേന പത്രങ്ങളിൽ തെരുവുനായ്ക്കൾ കടിച്ചുകുടഞ്ഞ വാർത്തകൾ വായിക്കുമ്പോൾ വല്ലാത്തൊരു ഭയം എന്നെ ബാധിക്കാറുണ്ട്.. 

ഇതൊരു നിസ്സാര പ്രശ്നമല്ല.. പട്ടികടിക്കാൻ വരുമ്പോൾ ഓടി മരത്തേൽ കേറാൻ പോയിട്ട് അങ്ങിനെ ചിന്തിക്കാൻ പോലും സമയവും സാവകാശവും കിട്ടില്ല എന്നതാണ് വാസ്തവം.

തെരുവ് നായ്ക്കളെ സ്വന്തം കൂടപ്പിറപ്പുകളേപ്പോലെ കണ്ട്, അവറ്റകൾക്ക് വേണ്ടി വാദിക്കുന്ന മോഡേണ്‍ കൊച്ചമ്മമാരുടെ പിന്നാമ്പുറത്തും ഇതുപോലുള്ള ഓരോ കടികൾ കിട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതെ തരമില്ല.

'പിൻ'കുറിപ്പ്: ചില പ്രത്യേക കാരണങ്ങളാൽ കടികിട്ടിയതിന്റെ തെളിവായി ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതായിരിക്കില്ല..;)

2015, ഓഗസ്റ്റ് 15, ശനിയാഴ്‌ച

ബലികാക്കകൾ

ഉണ്ടുനിറഞ്ഞ
ബലികാക്കകൾക്കൊപ്പം,
കാത്തിരുന്നിട്ടും കാണാഞ്ഞ് -
കണ്ണ് നിറഞ്ഞ ബലികാക്കകളും
തിരികേ മടങ്ങിയിരിക്കും..

2015, ജൂലൈ 18, ശനിയാഴ്‌ച

വാക്ക്

"ഇനിയൊരു ജന്മമതുണ്ടെങ്കിൽ തീർച്ചയായും നമുക്കൊന്നിക്കണം..."

തന്റെ കല്ല്യാണക്കുറി അവന്റെ കയ്യിൽ കൊടുത്തിട്ട് വളരെ നിസ്സഹായതയോടെ അവൾ പറഞ്ഞു.
അവൻ വിഷമത്തോടെ നീട്ടി മൂളി..

അന്തിവെയിലിന്റെ സ്വർണ്ണ വർണ്ണങ്ങളിൽ മുത്തുപോലെ ഉരുണ്ടുകൂടിയ കണ്ണുനീർ തുള്ളികളെ പുറം കയ്യാൽ തുടച്ച് ഒരേങ്ങലോടെ പാർക്കിൽ നിന്നും അവൾ തിരിഞ്ഞു നടക്കുമ്പോൾ അയാൾ ആകെ ആശയക്കുഴപ്പത്തിൽപ്പെട്ട് നില്ക്കുകയായിരുന്നു.

'അടുത്ത ജന്മത്തിൽ ഒന്നിക്കാം' എന്ന് താൻ പലപ്പോഴായി വാക്ക് കൊടുത്തിട്ടുള്ള പെണ്‍കുട്ടികളിൽ ആദ്യ പരിഗണന ആർക്കാണ് നല്കുക എന്നതായിരുന്നു അയാളെ അലട്ടിക്കൊണ്ടിരുന്ന ആ വലിയ പ്രശ്നം.

2015, ജൂലൈ 9, വ്യാഴാഴ്‌ച

ശരമൊഴി

പിന്നിൽനിന്നും
തൊടുത്തു വിട്ടവന്റെ
ക്രൂരതയ്ക്ക് മുന്നിൽ,
നിസ്സഹായതയോടെ
നിന്നുകൊടുക്കുക
മാത്രമായിരുന്നു താനെന്ന്
ക്രൗഞ്ച മിഥുനങ്ങളിൽ ഒന്നിനെ
എയ്തുവീഴ്ത്തിയ ശരം..

2015, ജൂൺ 30, ചൊവ്വാഴ്ച

വൃദ്ധവേലകൾ..

മുറ്റത്തെ മൂലയിൽ തളിർത്തു നില്ക്കുന്ന
പുൽനാമ്പുകളെ കൊതിയോടെ
നോക്കി നിൽക്കാറുണ്ട് ഞാനെന്നും..

വൃദ്ധനായ ശേഷം വേണം
ഇളം വെയിൽ കൊണ്ടാ മൂലയിലിരുന്ന്
വിറയാർന്ന കൈകളാൽ 
അവയെല്ലാം പിഴുത് മാറ്റാൻ..

മക്കളും കൊച്ചുമക്കളും വന്ന്
പ്രായത്തിന്റെ അന്തസ്സില്ലായ്മയെ
ചോദ്യം ചെയ്തേക്കാം,
ചീത്ത പറഞ്ഞേക്കാം..

എങ്കിലും സാരമില്ല,
വൃദ്ധനായ ശേഷം ചെയ്തു തീർക്കാനുള്ള
വേലകളിലൊന്നായ്‌ ഞാനിതെന്നേ
മനസ്സിൽ കുറിച്ചിരിക്കുന്നു. 

2015, ജൂൺ 29, തിങ്കളാഴ്‌ച

പക്ഷിച്ചൊല്ല്

ചൂട് തട്ടിക്കിടക്കുന്നൊരാകാശ-
വീഥിയിലൂടെ പറന്നൊരാ പക്ഷിയെ 
ലക്ഷ്യമിട്ടോരു വേടന്റെ  അമ്പുകൾ,
ഒന്നിന് പിന്നാലെ ഒന്നായ് പറന്നു..

കൊക്കിൽ കൊരുത്തൊരാ
നെൽക്കതിരൊക്കെയും
ഒറ്റ നിലവിളിക്കൊപ്പം പൊഴിഞ്ഞു..

ദേഹം വെടിഞ്ഞ് പ്രാണൻ പറക്കിലും-
മാതൃ ചിന്ത, കൂട്ടിലെ ഒറ്റക്കുരുന്നിനെ
ഓർത്തു തന്നെ..

2015, ജൂൺ 25, വ്യാഴാഴ്‌ച

മൈക്രോ കവിത

നിന്റെ കണ്ണുകളിലേക്ക്
ഒരാർഭാടമായി എന്റെ നഗ്ന്നത
കടന്നുവരുന്നത്‌ നീ സ്വപ്നം കാണാറുണ്ടോ..??
നിന്റെ സ്വപ്നങ്ങളിൽനിന്നുപോലും
എന്റെ ദേഹം മറയ്ക്കേണ്ട ബാധ്യത
തികച്ചും വേദനാജനകം തന്നെ..

2015, ജൂൺ 22, തിങ്കളാഴ്‌ച

വിളക്ക്

ജാതി ചോദിക്കൽ നിർത്തി
അയാൾ 'വിളക്ക്' ചോദിക്കാൻ തുടങ്ങി;
"ഏതാ നിന്റെ വിളക്ക്..? "

വിളക്കുകൾ പ്രകാശത്തിന്റെ
അടയാളം ഉപേക്ഷിച്ച്‌
മതങ്ങളുടെ കുപ്പായമണിഞ്ഞു തുടങ്ങി..

2015, ജൂൺ 10, ബുധനാഴ്‌ച

വിജയം

പരിശ്രമിച്ച് വിജയിച്ച ഒരേയൊരു കാര്യമേ അയാളുടെ ജീവിതത്തിൽ ഉണ്ടായിരുന്നുള്ളൂ; പക്ഷേ, മറ്റുള്ളവർ അതിനെ ആത്മഹത്യ എന്ന് വിളിച്ചു.

2015, ഏപ്രിൽ 24, വെള്ളിയാഴ്‌ച

ഉപ്പ


മേലനങ്ങാതിരുന്നു-
ണ്ടിട്ടാണോന്നറീല്ല,
ഊണിനൊരു രുചിക്കുറവെന്നുപ്പ.

സാരമില്ലുപ്പ; ആയകാലത്ത-
റബിനാട്ടിൽ, നീരേറെ ഊറ്റിയതല്ലേ..
ഇനി മേലനങ്ങാതിരുന്നുണ്ടോളൂ
എന്ന് മോൻ..

ഓർമ്മകളിൽ മണലുരുകുകയും
ദേഹം വിയർക്കുകയും ചെയ്തപ്പോൾ
ഉപ്പാന്റെ ഊണിന് വീണ്ടും രുചിയേറി.
പാവമുപ്പ..

2015, ഏപ്രിൽ 16, വ്യാഴാഴ്‌ച

മതിൽ

നീയൊരു ലോകം പണിയവേ,
ഞാനൊരു മതില് തീർക്കുകയായിരുന്നു.

യുദ്ധങ്ങളുള്ള വലിയ ലോകത്തേക്കാൾ
എനിക്കേറെയിഷ്ടം
യുദ്ധങ്ങളില്ലാത്ത ചെറിയ മതിൽക്കെട്ട്‌ തന്നെ.

2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

ഉണ്ട് നിറഞ്ഞവർക്കായി..

മക്കളുറങ്ങിയശേഷം
ഉണ്ണാനിരിക്കാമെന്ന്
അമ്മ അച്ഛനോട്
പറയുന്നതിന്റെ സൂത്രം
പിന്നെയാണ് പിടികിട്ടിയത്..

വറ്റില്ലാ കലത്തിൽ നിന്ന്
ഉണ്ട് നിറയ്ക്കുന്ന മാന്ത്രികവിദ്യ
ഞങ്ങൾ കാണാതിരിക്കാൻ..

തെരുവ്..

തെരുവിലൂടെ സുന്ദരിയായ ഒരു പെണ്ണ് ഒറ്റയ്ക്ക് നടന്നുപോകുന്നു..
പിന്നിലൊരാണ്‍കണ്ണ്, അവളുടെ നടപ്പിനുമെടുപ്പിനും പിന്നാലെ പാഞ്ഞ് ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചു;
വൗ..!! 

പിന്നെ അതൊരുപറ്റം ആണ്‍ കണ്ണുകൾ ഏറ്റുപിടിച്ചു.
അങ്ങിനെ തെരുവിൽ വീണ്ടുമൊരു പട്ടികുര രൂപപ്പെട്ടു.

"ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..
-------------" 

2015, ഏപ്രിൽ 12, ഞായറാഴ്‌ച

ഉത്തരം

ഓർമ്മകൾ മനസ്സിൽ
വിത്ത് പാകിതുടങ്ങിയ കുട്ടിക്കാലത്ത്,
കൃത്യമായി ഉത്തരം കിട്ടാത്ത ഒരു ചോദ്യവും
അയാൾ മനസ്സിൽ സൂക്ഷിച്ചിരുന്നു;
ഒരാൾ ജനിക്കുന്നത് എന്തിനായിരിക്കും..??

കാലം വൃദ്ധവേഷം കെട്ടിച്ച്
മരണത്തെ  മാത്രം സ്വപ്നംകണ്ട് കിടക്കാൻ
ശീലിപ്പിച്ച ദിവസങ്ങളിലൊന്നിലാണ്‌
അതിനുള്ള ഉത്തരം അയാൾക്ക്‌ കിട്ടിയത്;
ഒരാൾ ജനിക്കുന്നത് മരിച്ചുപോകാൻ വേണ്ടി മാത്രമാണ്!!

2015, ഏപ്രിൽ 8, ബുധനാഴ്‌ച

മണ്ണ്

പച്ചമണ്ണിൻ നനഞ്ഞ മണമുള്ള-
ആറടി മണ്ണും അന്ന്യമായി..
കാലേകൂട്ടി പണിത കുഴിമാടങ്ങളിലെല്ലാം
ആരോ വെള്ളപൂശിയിരിക്കുന്നു.

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

ഒരു പെസഹായുടെ ഓർമ്മയ്ക്ക്

കഴുകി ചുംബിച്ച പാദങ്ങളിൽ, കരുണ തുളുമ്പുന്ന കണ്ണുകളിൽ നിന്ന് കണ്ണുനീർ വീണ് പൊള്ളലേറ്റവൻ ഞാൻ...

പാപഭാരം പേറുന്ന എന്റെ പാദങ്ങളിൽ വചനം വിതച്ച ചുണ്ടുകളാൽ സ്നേഹപൂർവ്വം ചുംബിച്ചപ്പോൾ ഹൃദയത്തിന്റെ ആഴങ്ങളിൽ മുറിവേറ്റവൻ ഞാൻ..

എന്നിട്ടും.. എന്നിട്ടും മുപ്പതു വെള്ളിക്കാശിന്റെ കിലുക്കം നോക്കി സ്വന്തം ഗുരുവിനെ നിർദയം ഒറ്റിക്കൊടുത്തവൻ ഞാൻ..
അതെ... ഞാൻ തന്നെ.. യൂദാസ്...

എനിക്ക് ചിലകാര്യങ്ങൾ നിങ്ങളോട്  പങ്കിടാനുണ്ട്... എന്റെ ഹൃദയ വ്യഥകളുടെ കഥ.. എന്നിൽനിന്നും നിന്നിലൂടെ, ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന വഞ്ചനകളുടെ കഥ..

അന്ന്..
ആ പെസഹാ രാത്രിയുടെ യാമങ്ങളിലൊന്നിൽ അത്താഴമേശയ്ക്ക് ചുറ്റും ഗുരുവിനൊപ്പം ഞങ്ങൾ പന്ത്രണ്ട്  ശിഷ്യന്മാരും ഒന്നിച്ചിരിക്കെ എന്റെ അരക്കെട്ടിൽ ആരുമറിയാതെ ഞാൻ ഒളിപ്പിച്ചു വച്ച ഒരു കിഴിയുണ്ടായിരുന്നു; മുപ്പതു വെള്ളിക്കാശിന്റെ കനമുള്ള ഒരു വലിയ കിഴി.

ഞാനൊഴികെ മറ്റെല്ലാവരും വലിയ സന്തോഷം അനുഭവിക്കുന്നുണ്ടായിരുന്നു.. ഗുരുവിനൊപ്പമുള്ള ഈ പെസഹാ വിരുന്ന് അവർക്ക്  അത്രയധികം ആനന്ദം നൽകിയതിൽ തെല്ലുമേ അതിശയോക്തിയില്ല.

നോക്കൂ.. അന്നവിടെ ഗുരുവിന് അഭിമുഖമായി ഇരിക്കുമ്പോഴും എന്റെയുള്ളിൽ രണ്ടു സംശയങ്ങൾ തമ്മിൽ യുദ്ധം ചെയ്യുകയായിരുന്നു.
എന്റെ വഞ്ചനയുടെ കാര്യം ഗുരു മനസ്സിലാക്കുമോ എന്നുള്ളത്, മറ്റൊന്ന് ഞാൻ തിരക്കിട്ട് എണ്ണിയെടുത്ത വെള്ളിനാണയങ്ങളുടെ എണ്ണം തെറ്റിയോ എന്നുള്ളത്..

ഒന്നാമത്തെ ചിന്തയെ അപേക്ഷിച്ച് രണ്ടാമത്തെ ചിന്ത എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.

എന്റെ എണ്ണം തെറ്റിയോ..??
ആരും കാണാതെ ദൂരെ എവിടേക്കെങ്കിലും ഓടിപ്പോയി ഒന്നുകൂടി അവ എണ്ണി തിട്ടപ്പെടുത്താൻ എന്റെ ചഞ്ചലമായ മനസ്സ് വല്ലാതെ കൊതിച്ചുകൊണ്ടിരുന്നു..

പലപ്പോഴും അരക്കെട്ടിൽ ഒളിപ്പിച്ച പണക്കിഴിയിൽ എന്റെ കൈകൾ അലഞ്ഞുനടന്നു..
അതിൽ കൈതൊടുമ്പോൾ ഒരു പ്രത്യേകതരം അനുഭൂതി എന്റെയുള്ളിൽ വന്നു നിറയുന്നതുപോലെ ഒരുതോന്നൽ..
താളം തെറ്റിയ ഹൃദയതുടിപ്പിന്റെ ശബ്ദം പുറം ചുവരുകളിൽ തട്ടി പ്രതിധ്വനിക്കുകയും അത് മറ്റുള്ളവർ തിരിച്ചറിയുകയും ചെയ്യുമെന്നുള്ള ആശങ്ക.. എത്ര വിചിത്രമാണ് ചില സമയങ്ങളിൽ മനുഷ്യമനസ്സ്..
നോക്കൂ ഉൾഭയം മനുഷ്യനെ പലവിധത്തിലും സംശയാലുവാക്കികൊണ്ടിരിക്കും..


'നിങ്ങളിലൊരാൾ എന്നെ ഒറ്റിക്കൊടുക്കും'   എന്ന്  അത്താഴം കഴിച്ചുകൊണ്ടിരിക്കെ അവിടുന്ന്  പറഞ്ഞു ..!!
എങ്ങിനെയായിരിക്കും എന്റെ വഞ്ചനയെക്കുറിച്ച് ഗുരു അറിഞ്ഞത്..? ആരിൽനിന്നായിരിക്കും അവിടുന്ന് അതറിഞ്ഞിരിക്കുക..!!
അവിടുന്ന് അങ്ങിനെ പറഞ്ഞപ്പോൾ എന്റെയുള്ളിൽ തെല്ലും അപരധബോധം തോന്നിയിരുന്നില്ല. മറ്റെന്തൊക്കയോ വികാരവിചാരങ്ങളിൽ മനസ്സ് ഉഷറിനടക്കുകയാണ് ..
എണ്ണം തെറ്റിയോ.. വിലപേശിയതു കുറഞ്ഞുപോയോ..??
എന്റെ ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടലുകളിൽ വീണ്ടും വീണ്ടും അക്കങ്ങൾ  പിഴച്ചുകൊണ്ടേയിരുന്നു..

അവരുടെ അരികിൽനിന്നു പോന്നശേഷം ഞാൻ അതിവേഗം ഓടുകയായിരുന്നു.
ആ സമയം എന്റെയുള്ളിൽ ഒറ്റ ചിന്തയെ ഉണ്ടായിരുന്നൊള്ളു, നാണയത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തുക. കുറവുണ്ടെങ്കിൽ പുരോഹിതന്മാരുടെയും നിയമജ്ഞരുടേയും അടുത്ത് പോയി ഏതു വിധേനയും  എനിക്കവകാശപ്പെട്ട പണം മുഴുവനും മേടിക്കുക.

അന്ന് ആളൊഴിഞ്ഞ തെരുവോരത്തിരുന്നു എത്ര പ്രാവശ്യം ആ നാണയത്തുട്ടുകൾ ഞാൻ എണ്ണിയെന്ന് എനിക്കുതന്നെ നിശ്ചയമില്ല.. ഓരോതവണ എണ്ണികഴിയുമ്പോഴും സന്തോഷം കൊണ്ട് മതിമറന്ന് ഞാൻ തുള്ളിച്ചാടികൊണ്ടിരുന്നു..
എന്റെ എണ്ണം തെറ്റിയട്ടില്ല... എന്റെ എണ്ണം തെറ്റിയട്ടില്ല...


പിന്നിൽ ആരുടെയോ ഒക്കെ കാൽപ്പെരുമാറ്റം കേട്ട് ഞാൻ ഞെട്ടി..
ധൃതിയിൽ നിലത്തുനിന്ന് നാണയത്തുട്ടുകൾ വാരിയെടുത്ത്  വീണ്ടും അരയിലൊളിപ്പിച്ചു..

അത് അവരായിരുന്നു.. എന്റെ ഗുരുവിനെ ഒറ്റിക്കൊടുക്കാൻ ആരിൽ നിന്ന് ഞാൻ പണം വാങ്ങിയോ അവർ തന്നെ..
ആരോ നീട്ടിയ റാന്തൽ വിളക്കിന്റെ നേരിയ വെളിച്ചത്തിൽ എന്റെ മുഖത്തെ വിളർച്ച അവർ കണ്ടുകാണും ..
"യൂദാസ് .. നീ ഈ ഇരുട്ടിൽ തനിച്ചിരുന്ന് എന്ത് ചെയ്യുകയാണ്..??" അവരിലൊരാൾ എന്നോട് ചോദിച്ചു..
"നമ്മൾ കൊടുത്ത വെള്ളിനാണയങ്ങൾ കൊണ്ട്  അവൻ എണ്ണാൻ പഠിക്കുകയ.. ഹ ഹ ഹ.." അവരുടെ പരിഹാസം കൂട്ടച്ചിരിയിൽ അവസാനിച്ചു..


"യൂദാസ് നീ ഞങ്ങളുടെ ഒപ്പം വരൂ.. എന്നിട്ട് നിന്റെ കർത്താവിനെ ഞങ്ങൾക്ക് കാണിച്ചു തരിക.. ഊം വേഗം.."

ആരോ ബലമായി എന്റെ കൈകളിൽ പിടിച്ചു വലിച്ചു..  അവരുടെ ഒപ്പം ഗത്സെമനിയിലെ തോട്ടത്തിലേക്ക്  വലിച്ചിഴക്കപ്പെടുമ്പോൾ എത്രയുംവേഗം ഗുരുവിനെ ഇവർക്ക്  കാണിച്ചു കൊടുത്ത്   തന്റെ ജോലി തീർക്കണം എന്ന് ഞാൻ ആഗ്രഹിച്ചു.. അതോടെ ഞാൻ സ്വതന്ത്രനാകും...


ഒലിവുമലയിലെ സകലജീവജാലങ്ങളും സാക്ഷിനിൽക്കെ ഗുരുവിന്റെ സമീപത്തേക്ക് ഞാൻ പതിയെ നടന്നുചെന്നു..
എന്നിട്ട്  "ഗുരോ സ്വസ്തി" എന്ന് പറഞ്ഞ് അവിടുത്തെ കവിളിൽ മൃദുവായി ചുംബിച്ചു..
"എന്റെ മകനേ.. സ്നേഹത്തിന്റെ അടയാളമായ ചുംബനം കൊണ്ടാണോ നീ എന്നെ ഒറ്റിക്കൊടുക്കുന്നത്..?"
അവിടുത്തെ ശബ്ദത്തിന് തെല്ലുപോലും കുറ്റപ്പെടുത്തലിന്റെ ലാഞ്ചനയുണ്ടായിരുന്നില്ല.
കുറ്റബോധം കൊണ്ട് പെട്ടന്ന് എന്റെ ശിരസ്സു കുനിഞ്ഞുപോയി..

ഓടിയൊളിക്കാൻ എനിക്ക് ഒരിടംവേണം... ഒറ്റുകാരന്റെ വേഷം എത്രയും പെട്ടന്ന് അഴിച്ചു വെക്കണം..
പുരോഹിതന്മാരും നിയമജ്ഞരും ജനപ്രമാണികളും കൂടി തനിക്കു തന്ന ഈ പണക്കിഴി തിരികെ കൊടുക്കണം.. തന്റെ ഗുരുവിന്റെ കാലുകളിൽ വീണ് കണ്ണുനീരുകൊണ്ട്  ആ പാദങ്ങൾ കഴുകി മാപ്പ് ചോദിക്കണം..

ഓടിക്കിതച്ചാണ് ഞാൻ അവരുടെ സമീപം എത്തിയത്.
"ഇതാ നിങ്ങൾ തന്ന പണം.. എന്റെ ഗുരിവിനെ മോചിപ്പിക്കൂ.. " ഞാൻ അവരോടു ആവശ്യപ്പെട്ടു.

"ഹ ഹ..ഹ..
നിന്റെ പണം ഞങ്ങൾക്കിനി ആവശ്യമില്ല. അത് നീ എടുത്തുകൊള്ളുക.." അവർ പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു.

"ഇല്ല എനിക്കിത് വേണ്ട.. നിങ്ങൾ എന്റെ ഗുരുവിനെ ഉടനെ മോചിപ്പിക്കുക...." ഭ്രാന്തമായ ആവേശത്തോടെ ഞാൻ അലറിക്കരഞ്ഞു..

"നീ ഞങ്ങളെ വിട്ട് ദൂരെ പോകൂ....  നിന്റെ സഹായവും പണവും ഞങ്ങൾക്കിനി ആവശ്യമില്ല.." അവരിലാരോ എന്നോട് ഉറക്കെ പറഞ്ഞു.

"ഇതാ നിങ്ങളുടെ പണക്കിഴി.."
നിലത്തേക്ക് വലിച്ചെറിഞ്ഞ നാണയ തുട്ടുകളുടെ ചിതറിയ ഒച്ച  അവരുടെ അട്ടഹാസത്തിനോപ്പം അലിഞ്ഞുചേർന്നു..
ഒരു ഭ്രാന്തനെപ്പോലെ ഞാൻ തെരുവിലൂടെ ഓടി..
എന്നെ കടിച്ചു കീറാൻ പാഞ്ഞടുക്കുന്ന തെരുവുനായ്ക്കളുടെ ക്രൗര്യം നിറഞ്ഞ കുരയും കിതപ്പും എന്റെ കാലുകളെ പിന്തുടർന്നുകൊണ്ടിരുന്നു...

"ദൂരെ പോ നായ്ക്കളെ.." കല്ലുകൾ പെറുക്കി എറിഞ്ഞിട്ടും വിടാനുള്ള ഭാവം അവറ്റകൾക്ക് ഇല്ലാത്തതുപോലെ ..

ഒലിവുമലയുടെ താഴ്വരയിലൂടെ ലക്ഷ്യമില്ലാതെ ഞാൻ ഓടിക്കൊണ്ടിരുന്നു.. ആ കുന്നിൻ ചെരുവിൽ വാടിനിൽക്കുന്ന പൂവുകൾ പോലും എന്നെ ശപിക്കുന്നുണ്ടായിരുന്നു..

എനിക്ക് മരിക്കണം.. എനിക്ക് മരിക്കണം..
ഉയരം കുറഞ്ഞ മരക്കൊമ്പിൽ, കാലിന്റെ പെരുവിരൽ ഭൂമിയെ സ്പർശിക്കും വിധം എന്റെ ശരീരം തൂങ്ങിനിൽക്കണം..
അത് എന്റെ പാപത്തിന്റെ ശമ്പളമാണ്.. എന്റെ മാത്രം പിഴയുടെ വില.. എന്റെ മാത്രം പിഴയുടെ വില..

നോക്കൂ.. ഇന്നും ഭൂമിയിലാകെ ചിതറിക്കിടക്കുന്ന നാണയത്തുട്ടുകൾ കണ്ടോ..??
എനിക്ക് ശേഷവും ആരൊക്കെയോ വീണ്ടും വീണ്ടും എന്റെ ഗുരുവിനെ ഒറ്റിക്കൊടുത്തുകൊണ്ടിരിക്കുന്നു..
ഇവിടെയാകെ  *കുശവന്റെ ശവപ്പറമ്പുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു..

"യൂദാസ്.. യൂദാസ്..  നീ എന്തിനെന്നെ വീണ്ടും ഒറ്റികൊടുത്തു.. നോക്കൂ നിന്റെ തലമുറകളിലൂടെ ഞാനിതാ വീണ്ടും വീണ്ടും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.."

"എന്റെ കർത്താവേ.. എന്റെ ഗുരോ ..
അങ്ങ് കരയരുതേ.. ആ കണ്ണുനീർ വീണ് എന്റെ ഹൃദയം പൊള്ളുന്നു.."


"നീ കാണുന്നില്ലേ യൂദാസ്.. ഗാസയിലെ തെരുവീഥികളിൽ ചിതറിക്കിടക്കുന്ന കൊച്ചു കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ചലനമറ്റ ശരീരങ്ങൾ..??
ലിബിയൻ കടൽതീരത്തെ മണൽത്തരികളെയും സമുദ്രത്തെയും ചുവപ്പിച്ച രക്തപ്പുഴ..??
എവിടെയൊക്കെ നീതിമാന്റെ രക്തം ചിന്തപ്പെടുന്നോ അവിടെയൊക്കെ ഒരു ഒറ്റുകാരന്റെ വേഷവും ഞാൻ കാണുന്നു.. യൂദാസ്.. അത് നീ തന്നെ.. "

"എന്റെ കർത്താവെ.. എന്റെ ഗുരോ.."

''പ്രിയരേ ,
ഇതാ വീണ്ടുമൊരു പെസഹാ ദിനം കൂടി ആഗതമായിരിക്കുന്നു....
കളങ്കമില്ലാത്ത ഹൃദയത്തോടെ കർത്താവിന്  പെസഹ ഒരുക്കാൻ നമുക്ക് പോകാം.. ഹൃദയ നൈർമല്യത്തോടെ നമുക്കത്  ഭക്ഷിക്കാം..
ഇനിയും നാഥനെ ഒറ്റിക്കൊടുക്കാൻ എനിക്ക്  വയ്യ..  അവിടുത്തെ സന്നിധിയിൽ മുഖം മറയ്ക്കാൻ വയ്യ.."

എല്ലാവർക്കും ഹൃദയവിശുദ്ധിയുടെ, എളിമയുടെ  ഒരു പെസഹ ആശംസിക്കുന്നു..

*യൂദാസ്  വലിച്ചെറിഞ്ഞ നാണയങ്ങൾ കൊണ്ട്  കുശവന്റെ പറമ്പ് വാങ്ങി.
യെരൂശലേം സന്ദർശിക്കാൻ വരുന്ന പരദേശികൾ അവിടെവച്ച്  മരിച്ചാൽ അവരെ അടക്കം ചെയ്യാനാണ്   ആ ഭൂമി വാങ്ങിയത് എന്ന് പറയപ്പെടുന്നു.

2015, മാർച്ച് 20, വെള്ളിയാഴ്‌ച

സത്യങ്ങൾ

കള്ളങ്ങളോട് പൊരുതിതോറ്റ ചില സത്യങ്ങൾ
എന്റെയുള്ളിൽ വിലപിച്ചു നടക്കുന്നുണ്ട്.

2015, മാർച്ച് 17, ചൊവ്വാഴ്ച

പാഠം പഠിക്കാനും ഒരു പാഠം വേണം.

കോഴി സൂക്ഷ്മതയോടിട്ട മുട്ട,
ഞാനെടുതപ്പോൾ വഴുതിവീണുടഞ്ഞു പോയ്‌..
എത്ര അലസനാണ് ഞാനിന്നും..!!

2015, മാർച്ച് 2, തിങ്കളാഴ്‌ച

ആത്മാവ്

ദേഹം പണ്ടേ വെടിഞ്ഞൊരു ആത്മാവുണ്ടെനിക്ക്.
മരണം വന്ന് വിളിച്ചാലും,
അറിയാതിവിടൊക്കെതന്നെ
അലയുന്നുണ്ടാവും വീണ്ടും.

2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

ബാല്യം...

എന്റെ കുറിഞ്ഞി പൂച്ചേ..
ഞാൻ കട്ടുകാരിയ തേങ്ങാ മുറിക്കും,
അന്ന് - നിന്നെയല്ലോ പഴിചാരി മുങ്ങിയേ...

2015, ഫെബ്രുവരി 3, ചൊവ്വാഴ്ച

ഓർമ്മകളുടെ ഒറ്റവരി പാത..

ഇവിടെവിടെയോ വീണുപോയൊരു ഓർമ്മയുണ്ട് ..
പിന്നെപ്പൊഴോ ഒക്കെ ഓർത്തെടുക്കാൻ ശ്രമിച്ചിട്ടും
പിടിതരാതലയുന്ന ആ കുറുമ്പ് കാലത്തിന്റെ
നിറമുള്ള ഓർമ്മ..