2013, ഡിസംബർ 22, ഞായറാഴ്‌ച

ക്രിസ്മസ് കരോളും ചില ഓർമ്മകളും

വര: VR രാഗേഷ്, മാധ്യമം.

ടന്നുപോയ കാലഘട്ടങ്ങളിലേക്ക് വെറുതെ ഒന്ന് മനസ്സ് പായിച്ചാൽ ഒട്ടനേകം രസകരമായ കഥകൾ ചികഞ്ഞെടുക്കാൻ ഉണ്ടാകും... അപ്പോൾ സ്വാഭാവികമായും ചിലതൊക്കെ എഴുതിയിടണമെന്ന് തോന്നാറുണ്ടെങ്കിലും,  ചില ഓർമ്മകൾ എവിടെ എങ്ങിനെ തുടങ്ങണം എന്നറിയില്ല.. ഒരായിരം ഓർമ്മകൾ ഒരുമിച്ച് നൂലാമാല കെട്ടിക്കിടക്കുമ്പോൾ പലപ്പോഴും വേർതിരിച്ചെടുക്കുക അസാധ്യമായിതീരുന്നു. എങ്കിലും ചില ചികഞ്ഞെടുക്കലുകളും അടുക്കിവെക്കലുകളും കൂടിയേ തീരു.. 

ഡിസംബർ..
ഓർമ്മകളിലേക്ക് അസ്ഥിമരവിക്കുന്ന തണുപ്പുമായ് വീണ്ടും ഒരു ക്രിസ്തുമസ് കടന്നുവരുന്നു.. മഞ്ഞുമൂടിയ രാപ്പകലുകൾ.. ഉച്ചയാകുന്നതുവരെ സൂര്യരശ്മികളെ തടഞ്ഞുനിർത്താൻ മാത്രം നെഞ്ചുറപ്പുള്ള ഹിമകണങ്ങൾ മണ്ണിലും മരങ്ങളിലുമായി വെള്ളപുതച്ചു കിടക്കുന്നു..

പെയ്തിറങ്ങുന്ന മഞ്ഞുകണങ്ങൾക്കിടയിലൂടെ എന്റെ ഓർമ്മകൾ പഴയൊരു ക്രിസ്തുമസ് രാവിലേയ്ക്ക് മടങ്ങിപ്പോകുന്നു.. അവിടെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശു അട്ടിടയന്മാരെയും അവർക്കു വഴികാട്ടിയായ്‌ വന്ന കിഴക്കുദിച്ച നക്ഷത്രത്തേയും നോക്കി പുഞ്ചിരി തൂവുന്നു..


"എല്ലാവർക്കും തിരുപ്പിറവിയുടെ മംഗളങ്ങൾ ഏറ്റം സ്നേഹത്തോടെ നേരുന്നു."

       രോൾ സമ്പ്രദായം ആരുടെ കാലഘട്ടത്തിലാണ് ആരംഭിച്ചത് എന്നെനിക്ക് നിശ്ചയം പോര.. പക്ഷേ ഒന്നറിയാം; എനിക്ക് ഓർമ്മവച്ച നാൾ മുതൽ കരോൾ ഉണ്ടായിരുന്നു.


കുട്ടിക്കാലത്ത് അമ്മയുടെ ഒക്കത്തിരുന്നും പിന്നെ പിന്നെ അമ്മയുടെ പിന്നിലൊളിച്ചും നിന്ന് അപരിചിതരായ കരോൾ സംഘത്തേയും ക്രിസ്മസ് പാപ്പയേയും പേടിയോടെ നോക്കിനിന്നതുമൊക്കെ എന്റെ ഓർമ്മകളിലേയ്ക്ക് പെട്രോൾ മാക്സും തെളിച്ച് വീണ്ടും കടന്നുവരുന്നു.
സത്യത്തിൽ ചുവന്ന മുഖവും വെളുത്തുനീണ്ട താടിയുമുള്ള ക്രിസ്മസ് പാപ്പയെ കുഞ്ഞുനാളിൽ എനിക്ക് ഭയമായിരുന്നു.

      വർഷങ്ങൾ പിന്നേയും കടന്നുപോയി.. കരോൾ സംഘത്തിനൊപ്പം ഞാനും പോയിത്തുടങ്ങി.. പക്ഷേ അപ്പോഴേക്കും ആദ്യകാലത്തെ കരോൾ സന്ദേശങ്ങൾ കരോൾ പിരുവുകളായി  രൂപാന്തരം പ്രാപിച്ചിരുന്നു.. വാർഡുകൾ തിരിച്ചായിരുന്നു ഇടവകയിൽ കരോൾ നടത്തിയിരുന്നത്. ഏറ്റവും  കൂടുതൽ പിരിവ് കാശ് കൊണ്ടുവരുന്ന വാർഡുകാർക്ക് പള്ളിവക സമ്മാനങ്ങളൊക്കെ ഉണ്ട്.

    ദ്യകാലങ്ങളിൽ ഉണ്ണിയുടെ പിറവി അറിയിച്ചതിന് ശേഷമായിരുന്നു കരോൾ നടത്തിയിരുന്നത്; ഇരുപത്തി അഞ്ചാം തീയ്യതി വൈകുന്നേരം. ഉണ്ണി പിറന്നതിന്റെ സന്തോഷം ലഹരിയായും മാംസമായും തലയിലും ഉദരത്തിൽ തുടിച്ചുകിടക്കുന്ന തലമുതിർന്ന കാരണവന്മാർ മുതൽ ഗോട്ടികളിയും കഴിഞ്ഞ് മൂട്ടിലെ പൊടിയുംതട്ടി വന്ന കൊച്ചുകുട്ടികൾ വരെ ആ സംഘത്തിൽ ഉണ്ടാവും.

വലിയ ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ പെട്രോൾ മാക്സും തെളിച്ച് ഇടവഴികളും വയലുകളും താണ്ടി വീടുകളിൽ നിന്ന് വീടുകളിലേക്ക്  തണുത്ത് വിറച്ച്  നടന്നുനീങ്ങുന്നവർക്കൊപ്പം ക്രിസ്മസ് പാപ്പയും ഉണ്ടാവും.

ചെറിയൊരു തളിക പാത്രത്തിൽ പട്ടുതുണി വിരിച്ച് ഉണ്ണിയെ അതിൽ കിടത്തി പൂക്കൾകൊണ്ട് അലങ്കരിച്ച് അതും വഹിച്ചാണ് വീടുകൾതോറും കയറിയിറങ്ങുക. ഉണ്ണീശോ വീട്ടിൽ വന്നതിന്റെ സന്തോഷം അറിയിക്കാൻ വീട്ടുകാർ ഓരോരുത്തരും ഉണ്ണിയെ വണങ്ങി നേർച്ചയും ഇടും. 

കരോളിന്റെ തുടക്കത്തിലുള്ള ആവേശം രാത്രി കനക്കും തോറും കുറഞ്ഞു കുറഞ്ഞുവരും. ഒരു വീട്ടിൽ ചെന്നുകയറുമ്പോഴുള്ള കരോൾ ഗാനാലാപനം- 'സന്തോഷ സൂചകമായ് തന്നതും സ്വീകരിച്ച് നന്ദി പറഞ്ഞു ഞങ്ങൾ പോകുന്നേ..' എന്ന ഒറ്റ ഗാനത്തിലേക്ക് ചുരുങ്ങും.
കരോളുകാർ വന്നതിലും വേഗത്തിൽ പോയതിലുള്ള സന്തോഷം വീട്ടുകാർക്കും, കുറച്ചു കാശുംകൂടി ബാഗിൽ കയറിയതിന്റെ സന്തോഷം കരോളുകാർക്കും കിട്ടുന്ന ചടങ്ങായി കരോൾ മാറിയത് എത്ര വേഗത്തിലാണ്!!

   കരോൾ കഴിയണമെങ്കിൽ നേരം വെളുക്കണം.. ഒരുപാട് വീടുകൾ ഇനിയുമുണ്ട്. നാട്ടിൻപുറം ആയതുകൊണ്ട് വീടുകൾ തമ്മിലുള്ള അകലവും ഒരുപാടുണ്ടായിരുന്നു. തണുപ്പും ഉറക്കവും ഒരുമിച്ച് ആക്രമിച്ചു തുടങ്ങിയപ്പോൾ ഓരോരുത്തരായി കനത്ത ഇരുട്ടിൽ അപ്രത്യക്ഷരായി കൊണ്ടിരുന്നു. പുറത്തെ കനത്ത തണുപ്പിനെ ഉള്ളിലുള്ള ലഹരികൊണ്ട് തടുത്തവർ ഇടയ്ക്കിടെ വീണ്ടും ലഹരി നുണഞ്ഞുകൊണ്ടിരുന്നു.
ക്രിസ്മസ് പാപ്പയായി വേഷമിട്ട കുട്ടി വസന്തപിടിച്ച കോഴിയെപ്പോലെ ഉറക്കം തൂങ്ങി തുടങ്ങിയപ്പോൾ കൂട്ടത്തിലുള്ള അവറാൻ ചേട്ടൻ ആ വേഷം ഏറ്റെടുത്തു; കക്ഷിയാണെങ്കിൽ നല്ല ഫിറ്റും. അങ്ങിനെ നാലിലും കൂടുതൽ കാലുമായി പാപ്പയും ഉണ്ണിയേശുവിനെ പിടിച്ച മത്തായി ചേട്ടനും കുഴഞ്ഞു കുഴഞ്ഞു നടക്കുകയാണ്.
കരോൾ പതിയെ മുന്നോട്ടു നീങ്ങി.. നാവുകുഴഞ്ഞ കരോൾ ഗാനങ്ങൾക്കൊപ്പം അപസ്വരങ്ങളും കേട്ടുതുടങ്ങി.. തമ്മിൽ തമ്മിൽ പഴിചാരൽ അവസാനം കയ്യേറ്റത്തിൽ എത്തി. പിടിവലിക്കിടയിൽ താഴെവീണ ഉണ്ണിയേശുവിനെ തിരിച്ചെടുക്കുമ്പോൾ കൈ വേറെ ഉണ്ണിയേശു വേറെ എന്ന സ്ഥിതിയിൽ ആയിരുന്നു.
'അവന്റെ അസ്ഥികളിൽ ഒന്നുപോലും തകർക്കപ്പെടുകയില്ല' (യോഹന്നാൻ-19:36) എന്ന തിരുവെഴുത്ത്  പലപ്പോഴായി തകർത്തെറിഞ്ഞ മഹാപാപികളോട് കർത്താവ്‌ തന്നെ പൊറുക്കട്ടെ.

തർക്കങ്ങൾ പരിഹരിച്ചും മുറിഞ്ഞുപോയ ഉണ്ണീശോയുടെ കൈ പൂ കൊണ്ട് മറച്ചും കരോൾ പിന്നെയും മുന്നോട്ടു നീങ്ങി..

ഇനിയൊരു പുഴ മുറിച്ചുകടന്നാൽ മാത്രമേ അക്കരെ എത്തുകയൊള്ളൂ.. പൊക്കിപ്പിടിച്ച പെട്രോൾ മാക്സുമായി മുന്നേ പോകുന്നവന്റെ പിന്നാലെ വരിവരിയായി പാപ്പയും സംഘവും ഉണ്ണിയേയും വഹിച്ചു നടന്നുനീങ്ങി. ഏകദേശം പുഴയുടെ നടുവിൽ എത്തിയതും ഉണ്ണീശോയും മത്തായി ചേട്ടനും ദാ കിടക്കുന്നു വെള്ളത്തിൽ.. നീന്തലറിയാതെ ഉണ്ണീശോ പുഴയിലൂടെ ഒഴുകിത്തുടങ്ങിയതും കൂട്ടത്തിലൊരാൾ പുഴയിൽ ചാടി ഉണ്ണിയേയും മത്തായി ചേട്ടനെയും പൊക്കിയെടുത്തു.

മൂക്കിലും വായിലും കയറിയ വെള്ളം വിക്കി ചുമച്ചും തണുത്തു വിറച്ചും മത്തായി ചേട്ടനും ഉണ്ണീശോയും വീണ്ടും പുഴ കടക്കവേ മുറിഞ്ഞുപോയ ഉണ്ണീശോയുടെ കൈ മാത്രം തണുത്ത കബനി പുഴയുടെ അടിത്തട്ടിലേക്ക് കുളിരുകൊള്ളാൻ പോയിരുന്നു.
പുഴയ്ക്കക്കരെ ആഴികൂട്ടി തണുപ്പകറ്റി വീണ്ടും കരോൾ പുനരാരംഭിച്ചു.
മുറിഞ്ഞുപോയ കൈ കാണാതിരിക്കാൻ വേണ്ടി ചുവന്ന പട്ടെടുത്ത് ഉണ്ണീശോയെ പുതപ്പിച്ചു.
'ഇതെന്നാ ഇങ്ങിനെ' എന്ന് സംശയം ചോദിച്ചവരോട്, 'നല്ല തണുപ്പല്ലേ.. ഒരു പുതപ്പ് ഉണ്ണിക്കും കിടക്കട്ടെ' എന്ന് വീമ്പു പറഞ്ഞു..
ഇടയ്ക്കിടെ ചില വീടുകളിൽനിന്ന് കിട്ടുന്ന കട്ടനും റെസ്ക്കും കഴിച്ച്, ഇടവഴികളും കുറുക്കുവഴികളും കടന്ന് വീടുകളിൽ നിന്ന് വീടുകളിലേക്ക് കരോൾ നീങ്ങികൊണ്ടിരുന്നു..
ചില നേരങ്ങളിൽ റോഡുകൾ വിട്ട് യാത്ര വയലിറമ്പിൽ കൂടിയായി.. വയലിറമ്പിലെ തവളകൾ പെട്രോൾ മാക്സിന്റെ വെട്ടം കണ്ടപ്പോൾ ഞെട്ടിയുണർന്ന് പോക്രോം പോക്രോം വച്ചു..

ആഘോഷപൂർവ്വം കരോൾ മുന്നേറിക്കൊണ്ടിരുന്നു.. വീടുകളിൽ നിന്ന് വീടുകളിലേക്ക് കരോൾ പുരോഗമിക്കവേ പെട്ടന്ന് ക്രിസ്മസ് പാപ്പയെ കാണാനില്ല..!!
കയ്യിലുള്ള ലൈറ്റ് തെളിച്ച് ആരൊക്കെയോ ചുറ്റിനും നോക്കി വിളിച്ചു.
"അവറാൻ ചേട്ടാ.. അവറാൻ ചേട്ടാ.."

കനത്ത ഇരുട്ടിൽ പറമ്പിൽ എവിടെയോ നിന്ന് ദയനീയമായ ഒരു വിളികേട്ടു.. "ഞാനൊന്നു വീണെടാ.. ഒന്നു വന്ന് പിടിക്കെടാ.."
ആരൊക്കയൊ പിന്നോക്കം ഓടിയകൂട്ടത്തിൽ ഞാനും ഓടി.. ചലനമറ്റ ചാണകക്കുഴിയിൽ പുതിയ കുമിളകൾ.. തല മാത്രം പുറത്തു കാണിച്ചു അവറാൻ ചേട്ടൻ ചാണകക്കുഴിയിൽ വീണു  കിടക്കുന്നു. പാവം.
കരോൾ കഴിഞ്ഞ് ഉറക്ക ക്ഷീണത്തോടെ തിരിച്ച് വീട് എത്തിയപ്പോഴും മൂക്കിൻ തുമ്പിൽ ചാണകത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം പറ്റിപ്പിടിച്ചു നിന്നു... ഉറക്കത്തിനിടയിൽ എപ്പോഴോ പള്ളിയിൽ നാണയത്തുട്ടുകൾ എണ്ണുന്ന ഒച്ച കേട്ടപോലെ..
എങ്ങിനെ ആയാലും വേണ്ടില്ല.. പത്തു കാശ് കിട്ടിയാൽ മതിയല്ലോ..!!!

ചില ഓർമ്മകൾ ഇങ്ങിനെയൊക്കെയാണ്.. എങ്കിലും ഓർത്തിരിക്കാൻ ഒരു രസം.. രസച്ചരടുകൾ മുറിച്ചുകളയാതെ ഓർമ്മകൾ രസം പിടിച്ചു കിടക്കട്ടെ..  നമുക്കെന്താ ല്ലേ..??

2013, ഡിസംബർ 14, ശനിയാഴ്‌ച

എന്റെ ആദ്യത്തെ രക്തദാനം; അഥവാ ഒരു പേരുദോഷം ഉണ്ടാക്കിയ കഥ


എത്ര കിതച്ചാലും ചില ഓട്ടങ്ങൾക്ക് ഒരു സുഖമുണ്ട്.. അത് അവനവനുവേണ്ടിയുള്ള ഓട്ടമല്ലെങ്കിൽ പ്രത്യേകിച്ചും.
അങ്ങിനെ ചെറിയൊരു ഓട്ടവും കഴിഞ്ഞ് ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് എന്റെ ആദ്യരക്തദാനത്തിന്റെ കഥ ഓർമ്മ വന്നത്.

ഓർമ്മ ശരിയാണെങ്കിൽ 2007 -08 ലാണ് സംഭവം.
'AB+ve-രക്ത ഗ്രൂപ്പിലുള്ള ആരെങ്കിലും ഉണ്ടോ' എന്ന അന്വേഷണവുമായി ഹോസ്റ്റൽ മേറ്റായ നീലേട്ടൻ മുറിയിലേക്ക് കടന്നുവന്നപ്പോൾ ചാടിപ്പുറപ്പെടാൻ തയ്യാറായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ ഒരു ഗ്രൂപ്പിൽ..

ശാരീരികമായി 'നല്ല' തടിയുള്ളതുകൊണ്ട് 'പോകണ്ടാ പോകണ്ടാ' എന്ന് കൂട്ടുകാർ നിരുത്സാഹപ്പെടുത്തിയിട്ടും പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. എന്തായാലും ഒരു നേരം രക്തം ഊറ്റി എന്നുകരുതി ചത്തുപോകില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് കൂട്ടുകാരനൊപ്പം ഞാനും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

രക്തദാനം നടത്തി തിരികെ ഹോസ്റ്റലിൽ എത്തുമ്പോൾ കിട്ടുന്ന വീരപരിവേഷത്തിന്റെ നിറമുള്ള ചിത്രങ്ങൾ ഒരു വെള്ളിത്തിരയിലെന്നപോലെ എന്റെ മനസ്സിലും ഓടിത്തുടങ്ങി.

എവിടെനിന്നൊക്കയോ പ്രവഹിക്കുന്ന ആശംസകൾ.. തോളിൽ തട്ടിയുള്ള അഭിനന്ദനങ്ങൾ... ഓ.. എന്ത് രസമായിരിക്കും അത്.. ആത്മാഭിമാനം കൊണ്ട് തുള്ളിച്ചാടാൻ തോന്നിപോയി..

ഹോസ്പിറ്റൽ മുറ്റത്ത്‌ ബൈക്കിൽ ചെന്നിറങ്ങിയപ്പോൾ തന്നെ അപരിചിതനായ ഒരാൾ ഓടിവന്ന് ഞാൻ രോഗിയുടെ ബന്ധുവാണെന്നു സ്വയം പരിചയപ്പെടുത്തുകയും ഞങ്ങൾക്ക് രണ്ടുപേർക്കും മൂസമ്പി ജ്യൂസ് വാങ്ങിത്തരികയും ചെയ്തു.

ആവശ്യക്കാർ പലപ്പോഴും വിനയാന്വിതരായിപ്പോകുന്നത് ഇങ്ങിനെയുള്ള അവസരങ്ങളിലാണെന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്. കാരണം, ഒരു രാജാവിനെ എന്നപോലെ PVS ഹോസ്പിറ്റലിന്റെ  ഇടനാഴിയിൾക്കൂടി എന്നെ ആനയിക്കുമ്പോൾ ആവശ്യത്തിൽക്കൂടുതൽ വിനയം ആ പാവം മനുഷ്യൻ എന്നോട് കാണിച്ചിരുന്നു.

വെയിറ്റ് നോക്കുമ്പോൾ എന്റെ ഭാരം അമ്പതിന്റെ താഴേക്ക്‌ പോകുന്നതും നോക്കി നേഴ്സുമാർ വാപൊത്തി ചിരിക്കുമോ..??
ഊറ്റിയെടുക്കാനുള്ള ചോരയൊക്കെ എന്റെ ശരീരത്തിൽ ഉണ്ടാകുമോ..??
തല കറങ്ങുമോ..?
ഊറ്റിയതിന്റെ ഇരട്ടി ശരീരത്തിലേക്ക് തിരിച്ചു കയറ്റേണ്ടിവരുമോ..?
ഒരുപക്ഷേ രക്തം എടുക്കാതെ മടങ്ങേണ്ടിവന്നാൽ കൂട്ടുകാരുടെ വകയുള്ള ഗോസിപ്പും കളിയാക്കലുകളും ഏതറ്റം വരെ പോകും..(??) തുടങ്ങി ഒരായിരം സംശയങ്ങൾ ബ്ലഡ്‌ ബാങ്കിന്റെ മുൻപിൽ ഊഴവും കാത്തിരിക്കുമ്പോൾ എന്റെ മനസ്സിൽ വട്ടം ചുറ്റുന്നുണ്ടായിരുന്നു.

രക്തദാനത്തിന് ഞാൻ യോഗ്യനാണെന്നുള്ള അറിയിപ്പ് കിട്ടിയതോടെ സംശയങ്ങളൊക്കെ അസ്ഥാനത്തായി..
ശരീരത്തിൽനിന്നും ബ്ലഡ്‌ബാഗിലേക്ക് എന്റെ രക്തം പതിയേ ഒഴുകിതുടങ്ങിയപ്പോൾ മനസ്സ് പൂത്തിരി കത്തിച്ച് കളിക്കുകയായിരുന്നു.

ഇതാ ആദ്യമായി മറ്റൊരാളുടെ ഞരമ്പുകളിലേക്ക് എന്റെ രക്തവും ഒഴുകിച്ചേരാൻ പോകുന്നു.. എന്റെ ശക്തമായ ഞെരിച്ചിലിൽ കൈവെള്ളയ്ക്കുള്ളിലിരുന്ന് പാവം ബോള് നിലവിളിച്ചു.

കടലാസുപോലെ ഒന്ന് വിളറി എന്നല്ലാതെ കാര്യമായി യാതൊരു ക്ഷീണവും അനുഭവപ്പെട്ടില്ല. (അനുഭവപ്പെട്ടാലും അറിയിക്കില്ല. അതല്ലേ അതിന്റെ ഒരു ഇത്.. യേത്..??)
മാനസികമായി ഒരു ഭാരക്കുറവ്.. ഒരാശ്വാസം.. ഒരു നല്ല കുമ്പസാരത്തിന്റെ സുഖമുണ്ട് ഒരുതവണ രക്തദാനം നടത്തിയാൽ എന്നുവരെ തോന്നിപ്പോയി.
ഭക്ഷണം കഴിക്കാം എന്നുള്ള അവരുടെ സ്നേഹനിർബന്ധത്തെ തല വെട്ടിച്ച് നിഷേധിച്ച് നല്ല നമസ്ക്കാരവും പറഞ്ഞു തിരിച്ചു പോരുമ്പോൾ നീലേട്ടനൊരു മോഹം; എനിക്കൊരു ബിരിയാണി മേടിച്ചുതരണം. എന്നാൽ ആയിക്കോട്ടെ എന്ന് ഞാനും.

പണ്ടുമുതൽക്കേ നല്ല ഭക്ഷണ പെരുമയുള്ള നാടാണ് കോഴിക്കോട്. ഇവിടെ ഏത് ഹോട്ടലിൽ കയറിയാലും നല്ല ഭക്ഷണം കിട്ടും. അങ്ങിനെ  ആവിപറക്കുന്ന കോഴിബിരിയാണിയുടെ സ്വാദും ആസ്വദിച്ച് കോഴിക്കാലും കടിച്ചിരിക്കേ പുള്ളിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു.
"ഹലോ.. അതെ..
............? .......!!
ശരി.. ഓക്കേ.." ഫോണ്‍ കട്ടായി.
"നീലേട്ടാ.. ആരാ വിളിച്ചേ..?" ഞാൻ ചോദിച്ചു.
"എടാ അയാള് മരിച്ചുപോയി.."
...............
സൂ..... സൂ.....സൂ.....
വീർപ്പിച്ച് പിടിച്ച നെഞ്ചിൻകൂട് തകർത്ത് ശ്വാസം പുറത്തേക്കു പാഞ്ഞു..

കടിച്ച കോഴിക്കാൽ അതുപോലെ വായിൽത്തന്നെ ഇരുന്നു.. പാത്രത്തിൽ അവശേഷിച്ച ഭക്ഷണം കൈതൊടാതെ തണുത്തുപോയി. അതിലും വലിയ തണുപ്പ് മനസ്സിലേക്ക് അരിച്ചുകയറി..
ദൈവമേ.. ഹോസ്റ്റലിലേക്ക് ഇനി എങ്ങിനെ പോകും..??
ആരുടെയൊക്കയോ കളിയാക്കി ചിരികൾ കേൾക്കുന്നു..
ആശംസകൾ.. പൂച്ചെണ്ടുകൾ.. കിരീടം.. എല്ലാം ഇതാ, ഇവിടെ തീർന്നിരിക്കുന്നു.
ആരോഗ്യവാനായ ഒരു മനുഷ്യനെ രക്തം കൊടുത്ത് പരലോകത്തേക്ക് നേരത്തേ പറഞ്ഞുവിട്ടവൻ എന്നൊരു പേരുദോഷം അല്ലാതെ മറ്റൊന്നും ഈ രക്തദാനം കൊണ്ട്  ഇനിയെനിക്ക് കിട്ടില്ലെന്ന് ഉറപ്പായി.
സത്യം.. ആ ഒരു പേരുദോഷമല്ലാതെ മറ്റൊന്നും എന്നെ സ്വീകരിക്കാൻ അന്ന് ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല.

2013, ഡിസംബർ 5, വ്യാഴാഴ്‌ച

ഋഷിരാജ് സിംഗിനെ പേടിക്കാതെ സിനിമ എടുക്കാൻ ചില കുറുക്കു വഴികൾ

(തിരക്കഥയിൽ വരുത്തേണ്ട മാറ്റങ്ങൾ)

സീൻ 1:
ഹെൽമറ്റ് ധരിക്കാതെ നായികയേയും കൊണ്ട് ബൈക്കിൽ പറന്നു വരുന്ന നായകൻ.. പ്രണയ ഗാനത്തിന്റെ അകമ്പടി..
ദൂരെ നിന്ന് വരുന്ന പോലീസ് വണ്ടി..
പോലീസ് വാഹനം ബൈക്കിനരുകിൽ നിർത്തുന്നു. ചാടിയിറങ്ങുന്ന പോലീസ് സംഘം.
പോലീസുകാരൻ: "നിർത്തെടാ വണ്ടി.. "
നായിക:"അയ്യോ ചേട്ടാ പോലീസ്.."
നായകൻ: "ഡോണ്ട് വെറി ഡിയർ.... ഞാൻ ഇതെങ്ങിനെയാ മാനേജ് ചെയ്യുന്നതെന്ന് നീ കണ്ടുപടിച്ചോ.. ഹ ഹ.."
കൂളിംഗ്‌ ഗ്ലാസ് കറക്കി ഇറങ്ങുന്ന നായകൻ.. (സന്തോഷ്‌ പണ്ഡിറ്റ്‌ സ്റ്റൈൽ ) പേടിയോടെ നില്ക്കുന്ന നായിക.
"ലൈസൻസ് ഉണ്ടോടാ.."
"യെസ് സാർ.." ലൈസൻസ് എടുത്തു കൊടുക്കുന്ന നായകൻ.. നായികയെ നോക്കി കണ്ണിറുക്കുന്നു..
"ഹെൽമറ്റ് എന്തിയേടാ..? ബൈക്ക് ഓടിക്കുമ്പോ ഹെൽമറ്റ് വയ്ക്കണമെന്ന് നിനക്ക് അറിയത്തില്ലേ..?" പോലീസുകാരൻ മീശ പിരിക്കുന്നു.

"മനപൂർവ്വം അല്ല സാർ.. ബൈക്ക് ടൌണിൽ വച്ച് ഒരു കോഫി കുടിക്കാൻ പോയതാ.. തിരിച്ചുവന്നു നോക്കിയപ്പോൾ ഹെൽമ്മറ്റ് ഏതോ $^%!^&(*(..  മക്കൾ അടിച്ചു മാറ്റിയിരിക്കുന്നു സാർ.. ഞാൻ പുതിയത് വാങ്ങിച്ചോളാം സാർ.. ഇത്തവണ ഒന്ന്.. പ്ലീസ് സാർ.. "
"നീ തത്ക്കാലം ഫൈൻ അടച്ചിട്ടു പൊയ്ക്കോ.." പോലീസുകാരൻ ഫൈൻ എഴുതുന്നു.
കാലിയായ പോക്കറ്റ് തപ്പുന്ന നായകൻ അവസാനം ദയാപരവശനായി നായികയെ നോക്കുന്നു. കാര്യം മനസ്സിലാക്കിയ നായിക നായകനെ നോക്കി പുച്ഛം വാരിയെറിയുന്നു. പിന്നെ ബാഗ്‌ തുറന്നു കാശെടുത്തു കൊടുത്ത് നായകനെ രക്ഷിക്കുന്നു.
നായകൻറെ ചമ്മിയ മുഖത്തിന്റെ ക്ലോസ്‌ അപ്.. ദൂരെ മറയുന്ന പോലീസ് വാഹനം.
(നായകൻ പിഴയടച്ചതുകൊണ്ട് ഇനിയിപ്പോൾ പുതിയ കേസ് എടുക്കേണ്ട കാര്യമില്ലല്ലോ..)
ശുഭം.

സീൻ 2:
ഹെൽമ്മറ്റ് ഇല്ലാതെ പാഞ്ഞുവരുന്ന നായകൻ..
സാഹചര്യം: നായികയുടെ അച്ഛനോ അമ്മയോ ഹോസ്പിറ്റലിൽ, അല്ലെങ്കിൽ നായിക അപകടത്തിൽ പെട്ടിരിക്കുന്നു. അപ്പോൾ ആര് കൈ കാണിച്ചാലും നിർത്തേണ്ട ആവശ്യമില്ല.
വഴിയരുകിൽ ഒളിച്ചു നില്ക്കുന്ന പോലീസ് സംഘം ചാടി വീഴുന്നു.. നിർത്താതെ വെട്ടിച്ചു പോകുന്ന നായകൻ..
വിസിൽ അടിക്കുന്ന പോലീസുകാരൻ... ബൈക്കിന്റെ നമ്പർ നോട്ട് ചെയ്യുന്ന വേറൊരു പോലീസുകാരൻ.
"റാസ്ക്കൽ.." വേറൊരു പോലീസുകാരന് അമർഷം.. രംഗം അടിപൊളി..
ഇനി സമയംപോലെ അവർ സമൻസ് അയക്കുകയും നായകൻ സമയം പോലെ പിഴ കോടതിയിൽ അടയ്ക്കുകയും ചെയ്തോളും.
ശുഭം.

(ഇങ്ങിനെ ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലാത്ത സീനുകളിൽ പോലീസുകാരുടെ സാന്നിധ്യം കൂടി സിനിമയിൽ ഉൾപ്പെടുത്തി സിനിമയ്ക്ക് പുറത്തുള്ള കേസുകളിൽ നിന്ന് നിർമ്മാതാവിനും സംവിധായകനും നായകനുമൊക്കെ നിഷ്പ്രയാസം ഊരാൻ സാധിക്കുന്നതാണ്.)


വീണ്ടും ശുഭം!!

2013, ഡിസംബർ 2, തിങ്കളാഴ്‌ച

സാക്ഷി

ലിയ മരങ്ങളിൽ അള്ളിപ്പിടിച്ചു കയറുന്നത് അപ്പുവിന് എന്നും വലിയ ഇഷ്ടമായിരുന്നു.
മധുരമൂറുന്ന ചക്ക പഴുത്തുകിടക്കുന്ന വലിയ പ്ലാവിൻ കൊമ്പിൽ.. ആഞ്ഞിലി ചക്ക വിളഞ്ഞു പഴുത്തുകിടക്കുന്ന ഉയരമുള്ള അയിനിമരത്തിൽ.. നിറയെ ഞാവൽപ്പഴം ചുവന്നു തുടുത്തു കിടക്കുന്ന ഞാറമരക്കൊമ്പിലുമൊക്കെ ഒരു അണ്ണാൻ കുഞ്ഞിനെപ്പോലെ അവൻ ഓടിച്ചാടി കയറും.

സ്കൂളില്ലാത്ത അവധി ദിവസങ്ങളിൽ മാത്രം നേരത്തേ ഉണരാറുള്ള അപ്പുവിന് ചെയ്തു തീർക്കാൻ ഒത്തിരി കാര്യങ്ങളുണ്ടാവും.
നിറയെ പ്ലാവുകളുള്ള തൊടിയിലൂടെ പഴുത്ത ചക്കയുടെ മണം തേടി നടക്കണം, അമ്മിണി ആടിനെയും കുഞ്ഞുങ്ങളെയും കാട്ടിൽ തീറ്റാൻ കൊണ്ടുപോണം, അവർക്കൊപ്പം കളിക്കണം.. മരത്തേൽ ഞാന്നുകിടക്കുന്ന കാട്ടുവള്ളികളിൽ ഊഞ്ഞാൽ ആടണം.. സത്യത്തിൽ അന്നവന് തിരക്കോട് തിരക്കുതന്നെയാണ്.

ചിലനേരങ്ങളിൽ പറമ്പിലെവിടെയെങ്കിലും നിന്ന് വലിയ ഒച്ച കേൾക്കുമ്പോൾ ആധിയോടെ അവന്റെ അമ്മ നീട്ടിവിളിക്കും. ''അപ്പൂ അപ്പൂ.."
''കൂയ്.. ഞാൻ ഇവിടെയുണ്ടേ....'' പറമ്പിലെ ഉയരമുള്ള ഏതെങ്കിലും മരക്കൊമ്പിലിരുന്ന് അവൻ നീട്ടിക്കൂവി വിളി കേൾക്കുമ്പോഴേ പാവം അവന്റെ അമ്മയുടെ ആധി മാറുകയുള്ളൂ..
"വീണു കയ്യോ കാലോ ഒടിച്ചിട്ട്‌ ഇങ്ങു വന്നേക്ക്.. ഞാൻ നോക്കില്ല.. പറഞ്ഞേക്കാം." അവനെ ശകാരിച്ചുകൊണ്ട് അവർ അകത്തേക്ക് പോകും.

മരകൊമ്പിലിരുന്നുതന്നെ ചക്കയും മാങ്ങയും പറിച്ചു തിന്ന് വിശപ്പടക്കി  വരാറുള്ള അപ്പുവിനെ തേച്ചു കുളിപ്പിച്ചെടുക്കുക അവർക്ക് നന്നേ പ്രയാസമുള്ള ജോലിയായിരുന്നു.

      തിവുപോലെ അന്നും ആടുകളെ തീറ്റാൻ വേണ്ടി അവൻ കാട്ടിലേക്ക് പോയി. വന്യമൃഗങ്ങൾ പതിയിരിക്കാത്ത തികച്ചും ശാന്തമായ കാട്. വള്ളിക്കെട്ടുകൾ നിറഞ്ഞ വലിയ മരങ്ങൾ.. തവളകൾ ബഹളം കൂട്ടുന്ന, തഴക്കാടുകൾ തിങ്ങിയ ചതുപ്പ്.. ചെറിയ അരുവി.. കാട്ടു ചെടികൾ പല വർണ്ണങ്ങളിൽ വിരിഞ്ഞു നില്ക്കുന്നു. ഇടയ്ക്കിടെ തെളിഞ്ഞ പുൽത്തകിടികൾ. അപ്പുവിനെ ഭയപ്പെടുത്തുന്ന യാതൊന്നും ആ കാട്ടിൽ ഉണ്ടായിരുന്നില്ല.

ആട്ടിൻ കുട്ടികൾ പുൽമേടിൽ തുള്ളിക്കളിക്കുവാനും അമ്മിണിയാട് പച്ചില തിന്നുവാനും തിരക്കിട്ടു. ചില സമയങ്ങളിൽ അമ്മയെ അനുകരിച്ച് കുഞ്ഞാടുകൾ പച്ചില കൂമ്പിന്റെ രുചിനോക്കി.
അപ്പുവാകട്ടെ ഉയരമുള്ള മരക്കൊമ്പിലിരുന്നു കാലാട്ടി രസിച്ചു. പിന്നെ കാട്ടുവള്ളികൾ മെത്തകെട്ടിയ മരക്കൊമ്പിൽ കേറിക്കിടന്ന് കൗതുകത്തോടെ അകലങ്ങളിലേക്ക് കണ്ണെറിഞ്ഞു.

കൂവിയാൽ തിരിച്ചു കൂവുന്ന വലിയ കുന്നുകൾ തമ്മിൽ തമ്മിൽ തോളോട് തോൾ ചാരിനില്ക്കുന്നു... അതിനും മേലെ ഉയരത്തിൽ പറക്കുന്ന പക്ഷികൾ.. ഒരു കുഞ്ഞുചിറക് തനിക്കും കിട്ടിയിരുന്നെങ്കിൽ.. അവൻ വെറുതേ ആശിച്ചു.

വലിയ കുന്നുകളെ നോക്കി ഒന്ന് ഉറക്കെ കൂവാൻ അവന്റെ മനസ്സ് മന്ത്രിച്ചു. ആവേശത്തോടെ കൂവാൻ തയാറെടുപ്പ് നടത്തവെയാണ് പെട്ടന്ന് അവന്റെ കണ്ണുകൾ അത് കണ്ടത്; കളിക്കൂട്ടുകാരനായ കിട്ടുവിന്റെ അമ്മയും സർവ്വോപരി തന്റെ അയൽക്കാരിയുമായ സുലേച്ചി അൽപ്പമകലെ മലയിടുക്കിൽ നിന്ന് വിറക് പെറുക്കുന്നു.

'സുലേച്ചീ..' എന്ന് അവരെ ഉറക്കെ വിളിക്കാനും, താനിവിടെ ഇരിപ്പുണ്ടെന്ന് അറിയിക്കാനും ഒരുവേള അവൻ ശ്രമിച്ചെങ്കിലും പിന്നീട്  മൗനം പാലിക്കുകയും അവരുടെ ചെയ്തികൾ കൗതുകത്തോടെ വീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു..

വള്ളിക്കെട്ടുകൾക്കിടയിൽ നിന്ന് വിറകുകൾ ആയാസപ്പെട്ട്‌ വലിച്ചെടുക്കുമ്പോൾ കാട് മുഴുവനായും അവരുടെ ശരീരത്തിനൊപ്പം കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു.. കാട്ടുചെടികൾ അവരുടെ മുടിയിഴകളിലേക്ക് പല വർണ്ണത്തിലുള്ള പൂവുകൾ പൊഴിച്ചിട്ട് അവരെ കൂടുതൽ സുന്ദരിയാക്കി.

ഇടയ്ക്കിടെ അവർ നിന്നുകിതച്ചു.. മുണ്ടിന്റെ തലയുയർത്തി മുഖവും കഴുത്തും തുടച്ചു.. ഉഷ്ണം നിറഞ്ഞ ശരീരം സ്വയം ഊതി തണുപ്പിച്ചു.. എങ്കിലും അവരുടെ മഞ്ഞനിറമുള്ള ജമ്പർ വിയർപ്പിൽ നനഞ്ഞു കുതിർന്നുകൊണ്ടേയിരുന്നു..

അവരെത്തന്നെ നോക്കിയിരിക്കെ വീടിനടുത്തുള്ള മണിയേട്ടൻ സുലേച്ചിയുടെ അടുത്തേക്ക് നടന്നടുക്കുന്നത് അവൻ കണ്ടു.
അയാൾ എന്തിനാണ് അവിടെ വന്നത്..? അവൻ ആലോചിച്ചു.
അപ്രതീക്ഷിതമായ അയാളുടെ സാമിപ്യം അവരുടെ മുഖത്ത് ആശ്ചര്യം നിറച്ചിരുന്നു. കാട്ടുവള്ളികൾ നിശബ്ദരായി നോക്കിനിന്നു..
അവർ തമ്മിൽതമ്മിൽ നോക്കി നില്ക്കുന്നതും സുലേച്ചി കൂടുതലായി കിതയ്ക്കുന്നതും അവൻ കണ്ടു. അവന്റെയുള്ളിൽ എന്തോ അരുതായ്ക സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ..

അയാൾ അവ്യെക്തമായി അവരോട് എന്തോ സംസാരിക്കുന്നതും, നിഷേധ രീതിയിൽ തലയാട്ടി സുലേച്ചി പിന്നോട്ട് മാറുന്നതും അവൻ കണ്ടു.
ബീഡി ഒന്നുകൂടി ആഞ്ഞുവലിച്ച് അയാൾ അവരിലേക്ക്‌ കൂടുതൽ അടുക്കുകയും കയ്യിൽ പിടിക്കുകയും ചെയ്യുന്നതുകണ്ട് അവൻ ഞെട്ടി.
കുതറി മാറാനുള്ള അവരുടെ പാഴ്ശ്രമത്തെ അയാളുടെ കൈക്കരുത്ത് കീഴടക്കികളഞ്ഞു. എന്നിട്ടും സുലേച്ചി ഉറക്കെ നിലവിളിക്കുന്നതോ ഒച്ചവയ്ക്കുന്നതോ അപ്പു കേട്ടില്ല. പിടിവലികൾക്കിടയിൽ അവരുടെ കയ്യിലിരുന്ന കത്തി എവിടെയോ വീണുപോയിരുന്നു.

എന്തിനായിരിക്കും  അയാൾ സുലേച്ചിയെ ആക്രമിക്കുന്നത്..?
അവന്റെയുള്ളിൽ വല്ലാത്ത ഭീതിനിറഞ്ഞു..
ഉറക്കെ നിലവിളിക്കണമെന്ന് അവന് തോന്നി.. പക്ഷേ ഒച്ച ഒരിത്തിരിപോലും പുറത്തേക്ക് വന്നില്ല. ഒരുപക്ഷേ ഒച്ചയുണ്ടാക്കിയാൽ അയാൾ തന്നെയും കൊല്ലുമെന്ന് അവൻ ഭയപ്പെട്ടു.
പേടിയോടെ കണ്ണുകൾ ഇറുക്കിയടച്ച് കാട്ടുവള്ളികൾക്കിടയിൽ മുഖം ഒളിപ്പിച്ച് അവൻ അനങ്ങാതെയിരുന്നു. അവന്റെ ശരീരത്തിന്റെ വിറയൽ കാട്ടുവള്ളികൾ ഏറ്റെടുത്തു..

അവന്റെ മനസ്സിലേക്ക്‌ പഴയ ചില ചിത്രങ്ങൾ ഓടിയെത്തി.. പലപ്പോഴും വേലിക്കൽ നിന്ന് സുലേച്ചിയും മണിയേട്ടന്റെ  അമ്മുവേച്ചിയും വഴക്ക് കൂടുന്നത് അവൻ കണ്ടിട്ടുണ്ട്. പക്ഷേ എന്തിനാണ് അവർ തമ്മിൽ വഴക്ക് കൂടുന്നതെന്ന് അവന് നിശ്ചയമില്ലായിരുന്നു. സുലേച്ചിയുടെ വാസുവേട്ടൻ കുറച്ചു വർഷങ്ങൾക്ക്  മുന്നേ അപസ്മാരം ഇളകി വെള്ളത്തിൽ വീണു ചത്തുപോയതാണെന്ന് അമ്മ പറഞ്ഞിട്ടുള്ളത് അവൻ ഓർത്തു.

'സുലേച്ചിയും മണിയേട്ടനും തമ്മിൽ എന്തോ ഉണ്ടെന്ന്' അമ്മ അച്ഛനോട് അടക്കം പറയുന്നതും 'നിനക്ക് വേറെ പണിയൊന്നും ഇല്ലെടി' എന്ന് അച്ഛൻ അമ്മയോട് ചോദിക്കുന്നതും അവൻ കേട്ടിട്ടുണ്ടെങ്കിലും അതിന്റെ അർത്ഥം തിരിച്ചറിയാനുള്ള പ്രായം അപ്പുവിന് ആയിട്ടില്ലായിരുന്നു.

അമ്മുവേച്ചിയോട് സുലേച്ചി വഴക്ക് കൂടുന്നത് കൊണ്ടായിരിക്കും അയാൾ അവരെ ഉപദ്രവിക്കുന്നതെന്നും, ചിലപ്പോൾ അയാൾ സുലേച്ചിയെ കൊന്നിട്ടുണ്ടാകുമെന്നും അവൻ ഭയപ്പെട്ടു.

എത്രനേരം ആ ഇരുപ്പിരുന്നുവെന്ന് അവന് നിശ്ചയമില്ല..
തെല്ലു ഭയപ്പാടോടെ കണ്ണുതുറന്നു നോക്കിയ അപ്പുവിന് ഒരുകാര്യം മാത്രം മനസിലായി;
സുലേച്ചിയെ അയാൾ കൊന്നിട്ടില്ല.!!
കൊന്നിട്ടില്ല..!!
കാലുകൾ ഒരുവശത്തേക്ക്‌ മടക്കി നിലത്തിരുന്ന് മുടി വാരികെട്ടുകയും വിയർപ്പ് നിറഞ്ഞ  ജമ്പറിന്റെ കൊളുത്തിടുകയും കുത്തഴിഞ്ഞ മുണ്ട് നേരെയാക്കുകയും ചെയ്യുന്ന സുലേച്ചിയെ അത്ഭുതത്തോടെ അവൻ നോക്കിയിരുന്നു.. അവരുടെ ചുണ്ടുകളിൽ ഒരു ഗൂഢസ്മിതം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

ചുണ്ടത്ത് എരിയുന്ന ബീഡിക്കൊപ്പം മറ്റെന്തൊക്കയോ കൂടി അയാളിൽ എരിഞ്ഞു തീർന്നതും സത്യത്തിൽ അപ്പുവും അമ്മിണിയാടും അറിഞ്ഞതേയില്ല..
അല്പ്പനേരം കഴിഞ്ഞ് മുണ്ട് മാടിയുടുത്ത് ഒരു വിജയിയെപ്പോലെ അയാൾ നടന്നകന്നു..
ഒന്നും സംഭാവിക്കാത്തതുപോലെ സുലേച്ചി വീണ്ടും കാട്ടുവള്ളികളെ കുലുക്കിചിരിപ്പിച്ചു..

ശരീരത്തിലെ വിറയലും നിക്കറിലെ നനവും ഒരു ഭയപ്പാടിന്റെ ബാക്കിപത്രമായ് അവനിൽ അവശേഷിച്ചു. എങ്കിലും അവന് ആശ്വസിക്കാനുള്ള വകയുണ്ട്; പാവം സുലേച്ചിയെ അയാൾ കൊന്നില്ലല്ലോ..!!

2013, നവംബർ 30, ശനിയാഴ്‌ച

ആണുങ്ങടെ അടുക്കള

 
ആണുങ്ങടെ അടുക്കള


2005- 2006 കാലഘട്ടം..
ഇനിയെന്ത് എന്ന ചോദ്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു... എവിടെ നോക്കിയാലും വലിയ ശ്മശാന മൂകത.. എനിക്ക് എന്നോടുതന്നെ തോന്നിത്തുടങ്ങിയ വെറുപ്പിന്റെ തോത് ദിവസംതോറും കൂടിക്കൂടി വന്നുകൊണ്ടിരുന്നു.

നീണ്ട അഞ്ചു വർഷക്കാലത്തെ എന്റെ ആത്മാർത്ഥ പ്രണയത്തിന് 'സോറി' എന്ന ഒറ്റ വാക്കുകൊണ്ട് അവൾ തിരശീല ഇട്ടു തന്നപ്പോൾ, എന്റെ പകലുകൾക്ക് ഇരുട്ടിനേക്കാൾ കറുപ്പ് ബാധിച്ചിരിക്കുന്നു എന്ന് തോന്നി.
വേദനകൾ കുഴൽ കിണറുകളേക്കാൾ ആഴം മനസ്സിൽ തീർത്ത ദിനരാത്രങ്ങൾ..

ഉറക്കമിളച്ചിരുന്ന് അവൾക്കുവേണ്ടി വരച്ചുകൂട്ടിയ റെക്കോർഡ്‌ ബുക്കുകൾക്കുള്ളിലിരുന്ന് പാറ്റയും പല്ലിയും തവളയുമൊക്കെ എന്നെ നോക്കി പല്ലിളിച്ചു പരിഹസിക്കുന്നതായി എനിക്ക് തോന്നി.. പാഞ്ഞടുക്കുന്ന പരിഹാസ ശരങ്ങൾക്ക് നടുവിൽ നിസ്സഹായനായി നില്ക്കുക അത്ര എളുപ്പമല്ല. 

ഓർമ്മകൾ വേദനകൾ മാത്രം തരുന്നു എന്ന തിരിച്ചറിവ്, പിന്നീടുള്ള ദിവസങ്ങളിൽ മറ്റൊരിടം തേടുന്നതിന് വല്ലാതെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പലായനം കൊതിച്ച രാത്രികൾ..

അങ്ങിനെ തീരുമാങ്ങൾക്കൊടുവിൽ പുതിയൊരു ജീവിത ചക്രം തിരിക്കുന്നതിനു വേണ്ടി വീടിനോടും നാടിനോടും യാത്ര പറഞ്ഞ് ബാഗും തൂക്കി പതിയെ പടിയിറങ്ങുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു... പുറംതിരിഞ്ഞു നടക്കുന്നവന്റെ കണ്ണുകൾ നിറയുന്നത് ആരും കാണില്ലെന്ന്  ഉറപ്പുള്ളതുകൊണ്ട് തുടച്ചില്ല. വീണുടയട്ടെ.. ആ മണ്ണിലും എന്റെ മനസ്സിലും അതിന്റെ നനവ്‌ ഇനിയും അവശേഷിക്കട്ടെ എന്നാഗ്രഹിച്ചു.

യാത്ര പറഞ്ഞ് പോരുമ്പോൾ മറ്റൊന്നുകൂടി ഞാൻ കൂടെ കൊണ്ടുപോന്നു.  പ്രണയവും സ്വപ്നങ്ങളും നിത്യശാന്തി കൊണ്ടുറങ്ങുന്ന എന്റെ പ്രീയപ്പെട്ട ഡയറി കുറിപ്പുകൾ..
(എഴുത്തും വായനയും അറിയുന്നവർ വീട്ടിൽ ഉണ്ടെന്നുള്ള ഒറ്റ ഭയം കൊണ്ടാണ് ഞാനത് കൊണ്ടുപോന്നത്)
ആ കാലയളവിൽ, ഏതാണ്ട് പത്തു വർഷത്തോളം ഞാൻ മുടങ്ങാതെ ഡയറികുറിപ്പുകൾ എഴുതിയിരുന്നു. പ്രണയവും സ്വപ്നങ്ങളും വേദനകളും സമം ചേർത്തെഴുതിയ ആ  ഡയറി കുറിപ്പുകളെ അഗ്നിയിൽ ലയിപ്പിക്കാൻ പലവട്ടം തോന്നിയിട്ടുണ്ടെങ്കിലും അത്  ഭദ്രമായി ഇന്നും എന്റെ കയ്യിൽതന്നെയുണ്ട്.

മഞ്ഞു പൊഴിക്കുന്ന ഗ്രാമത്തിന്റെ നനുത്ത പ്രഭാതങ്ങൾ മാത്രം കണ്ടുണർന്നിരുന്ന എന്റെ കണ്ണുകൾക്കും ശരീരത്തിനും പതിയെ പതിയെ കോഴിക്കോടിന്റെ ഉഷ്ണം നിറഞ്ഞ പകലിനോടും രാത്രിയോടും  പൊരുത്തപെടേണ്ടി വന്നു..

കാലക്രമേണ കാലമെന്നെ സ്വന്തം വീട്ടിലെ  വിരുന്നുകാരനാക്കിയതും, ഈ നഗരം എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയതും ഒരുപക്ഷെ നല്ല നിമിത്തങ്ങളാവാം..

നഗരത്തിന്റെ ശബ്ദ കോലാഹലങ്ങളിൽ നിന്ന് അല്പ്പം മാറി, പുതിയ സൗഹൃദങ്ങൾ കാത്തിരിക്കുന്ന വീട്ടിലേക്ക് അതിഥിയായ് ചെന്ന ഞാൻ പതിയെ പതിയെ അവരിലൊരാളായ്... അവരായ്.. അവർക്കൊപ്പമായ്.

ഇന്നും മുറിയാത്ത, മുറിയണമെന്ന് സ്വപ്നത്തിൽപോലും ആഗ്രഹിക്കാത്ത സൗഹൃദങ്ങൾ.. ഇപ്പോഴും കൂടെയുള്ളതും  ഒരു ഫോണ്‍ കോൾ ദൂരത്തിൽ ഉള്ളവരുമായ എത്രയോ അധികം ബന്ധങ്ങൾ..

അവിടെവച്ചാണ് ഞാനെന്റെ പഴയ നോവുകൾ മറന്നത്.. അവിടെവച്ചാണ് ഞാൻ പുതിയ പ്രണയത്തെ നെഞ്ചോടു ചേർത്തത്.. അവിടെവച്ചുതന്നെയാണ് ഞാൻ ചിലവുകൾക്കുള്ള പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ഹോസ്റ്റലിലെ മെസ്സ് ഏറ്റെടുത്തതും കൂട്ടത്തിൽ ഭക്ഷണം വയ്ക്കാൻ പഠിച്ചതും. പറഞ്ഞുവന്നാൽ ഞാനും ഒരു കുക്ക് ആയി എന്നുതന്നെ.
(എന്റെ ക്ലാസ്സ്‌ സമയവും പാർട്ട്‌ ടൈം ജോലിയും ഒരിക്കലും പൊരുത്തപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്‌.)
ഹോസ്റ്റൽ ജീവിതം തുടങ്ങിയ സമയത്ത് ഭക്ഷണം ഉണ്ടാക്കിത്തരാൻ അവിടെ ആളുണ്ടായിരുന്നു. അദ്ദേഹം പോയതിൽ പിന്നെ പുതിയൊരാൾ വന്നു. ഇങ്ങനെ 'പോക്കുവരവുകൾ' മാറി 'പോക്ക്' മാത്രമായപ്പോൾ എനിക്കും എന്റെ സുഹൃത്തിനും കൂടി അടുക്കള ഏറ്റെടുക്കേണ്ടിവന്നു എന്ന് പറയുന്നതാവും കൂടുതൽ ഉചിതം.

രുചിക്കുറവുകൾ ഉണ്ടായിരുന്നു; എങ്കിലും, ഉണ്ണുന്നവനേക്കാൾ ഊട്ടുന്നവന് കിട്ടുന്ന മാനസികമായ സംതൃപ്തി തിരിച്ചറിഞ്ഞതും അവിടെനിന്നാണ്.


രസകരമായ അടുക്കള ചരിതത്തിന്റെ ഏടുകൾ തുറന്നാൽ ചിരിയുടെ മാലപ്പടക്കങ്ങൾ ഒത്തിരിയുണ്ട്. തത്ക്കാലം അതങ്ങിനെ അടഞ്ഞുതന്നെ കിടക്കട്ടെ.

എല്ലാം അവിചാരിതം എന്ന് പറയുന്നത് എത്രശരിയാണ്..!!
അവിചാരിതമായ ആ കണ്ടുമുട്ടൽ പ്രണയത്തിലേക്ക് വേരൂന്നിയത് എത്രവേഗത്തിലാണ്..
നീണ്ടുമെലിഞ്ഞ ആ നീളൻ മൂക്കുകാരിയുടെ അതുവരെ കേൾക്കാത്ത പൊട്ടിച്ചിരി എന്റെ മനസ്സിലും മുഴങ്ങിത്തുടങ്ങി.
തട്ടം മറച്ച ആ പെണ്‍കുട്ടിയോട് ഒറ്റനോട്ടത്തിൽ തോന്നിയ ഇഷ്ടമങ്ങിനെ ഓരോ നിമിഷവും  വളർന്നുകൊണ്ടേയിരുന്നു. അവളോട്‌ ഒന്ന് സംസാരിക്കണം എന്ന് പലപ്പോഴും തോന്നിയിരുന്നുവെങ്കിലും, എനിക്കൊരിക്കലും അതിനു കഴിഞ്ഞിരുന്നില്ല.
സകല ധൈര്യവും ഊറ്റിക്കളയുന്ന പ്രണയം ചാലിച്ച ഒരുതരം നെഞ്ചിടിപ്പ്... പിന്നെ എന്നെക്കാൾ ഉയരക്കൂടുതൽ അവൾക്ക് ഉണ്ടാകുമോ എന്ന ചെറുതല്ലാത്ത ആശങ്കയുംകൂടി ആയപ്പോൾ എന്റെ അവസാനത്തെ പ്രതീക്ഷയും മനസ്സിൽനിന്ന് ചങ്ങല വലിച്ചു.
അവൾ ആരെന്നോ ഏതെന്നോ എന്തെന്നോ അറിയാതെ തന്നെ അകലെനിന്ന് ഒരുനോട്ടം കൊണ്ട് ഞാനെന്റെ പ്രണയത്തെ തലോലിച്ചുകൊണ്ടിരുന്നു.. ഓമനിച്ചുകൊണ്ടിരുന്നു..

അങ്ങിനെ ദിവസങ്ങൾ കടന്നുപോയി.. സ്വപ്‌നങ്ങൾ ഒഴികെ ബാക്കി എല്ലാത്തിനും മാറാല കെട്ടിതുടങ്ങിയെന്നു തോന്നിത്തുടങ്ങിയ ദിവസം,  മുറി വൃത്തിയാക്കുന്ന കൂട്ടത്തിൽ ജനൽ പാളികൾ തുറന്നത് അവളുടെ വീടിന്റെ നേരെ ആയിരുന്നു!!

വീടിന്റെ ഉമ്മറത്ത്‌ തലയിലൊരു ഈറൻ തോർത്തും ചുറ്റി പുസ്തകവും വായിച്ച് അവളങ്ങിനെ ഒരു മനോഹര ശില്പ്പംപോലെ ഇരിക്കുന്നത് എത്രനേരം ഞാനന്ന് നോക്കിനിന്നു എന്ന് അറിയില്ല. 

പിന്നീട് ഹോസ്റ്റലിനോട്  യാത്ര പറഞ്ഞ് ഇറങ്ങുന്നതുവരെ ഒരിക്കൽപോലും ജനൽ പാളികൾ തമ്മിൽ ചേർത്ത് അടച്ചിട്ടില്ല; ഞങ്ങളുടെ.. അല്ല അവളുടെ കൊച്ചുകൊച്ച് കുറുമ്പുകൾ എന്നെ നോവിച്ചിട്ടുപോലും..

ഹോസ്റ്റൽ സൗഹൃദങ്ങൾക്കൊപ്പം ചില നല്ല കൂട്ടുകൾ മതിൽകെട്ടിനു പുറത്തും വേരോടി. അങ്ങിനെയാണ് വീടിനടുത്തുള്ള കുട്ടിപട്ടാളങ്ങളെ പരിചയപ്പെട്ടത്‌.
ചില വൈകുന്നേരങ്ങളിൽ ഓടിയെത്തുന്ന അവരുടെ കോലാഹലങ്ങൾ വളരെ രസകരമായിരുന്നു. പൂർണ്ണ സ്വാതന്ത്ര്യത്തോടെ അവർ മുറികളിൽ ഓടിച്ചാടിനടന്നു, അടുക്കളയിൽ കയറി പുട്ടും പഴവും കഴിച്ചു.

മീശ മുളച്ച ചേട്ടന്മാർ ബാലരമയും പൂമ്പാറ്റയും വായിച്ച് വീണ്ടും വീണ്ടും കുലുങ്ങിച്ചിരിച്ചു. ആറോ ഏഴോ മീറ്റർ മാത്രം നീളമുള്ള മുറ്റത്ത്‌ ഫോറും സിക്സറും പിറന്നു.

പിന്നീട് ആ കുട്ടികളിൽ ഒരാളുടെ സഹായത്തോടെയാണ് ഞാൻ അവളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചത്.

ഇന്നത്തെ കുട്ടികൾ എത്ര തന്ത്രപരമായിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത്.!! 
ഒരുദിവസം രാവിലെ ക്ലാസ്സിൽ പോകാനുള്ള തയ്യാറെടുപ്പോടെ കുളികഴിഞ്ഞ് അല്പ്പവസ്ത്രത്തിന്റെ ബലത്തിൽ നിൽക്കുമ്പോളാണ് അവൻ പടികയറി ഓടിവന്നത്..

ഒറ്റച്ചാട്ടത്തിന് വാതിലിന്റെ പിന്നിലൊളിച്ച എന്റെ തല മാത്രം പുറത്തേക്കു നീണ്ടു. അവനും പെട്ടന്ന് സഡൻ ബ്രേക്കിട്ടു. അവന്റെ കയ്യിൽ നീട്ടിപിടിച്ച ഒരു കഷണം കടലാസ്.. മുഖത്ത് കള്ളച്ചിരി.

"ഇതെന്നതാടാ ജാസിറെ..?"
"ഇങ്ങടെ കുട്ടീന്റെ നമ്പരാ.” അവൻ.

എന്റെ കൈകൾ അസ്ത്രവേഗത്തിൽ അവന്റെ നേരെ നീണ്ടു. പക്ഷെ അവന്റെ കൈ അതിലും വേഗത്തിൽ പിൻവലിഞ്ഞു.

"ഇങ്ങള് എനക്ക് ചെലവ് ചെയ്യണം. എങ്കിലേ തരൂ. ചെയ്യുവോ..?" 

"നൂറുവട്ടം സമ്മതം. ചക്കര അതിങ്ങു തന്നെ.." ഹൃദയമിടിപ്പ്വല്ലാതെ നിയന്ത്രണം വിട്ടിരിക്കുന്നു.

"എന്റെ ഉമ്മക്ക് വേണ്ടീട്ടാണെന്നും  പറഞ്ഞാ ഞാൻ നമ്പർ മാങ്ങിയെ. അള്ളാ.. ഓരെങ്ങാനും ചോയിച്ച ഞാൻ കുടുങ്ങും. ഇങ്ങള് കൊയപ്പിക്കല്ലേ.."
അതും പറഞ്ഞ് അവൻ എന്റെ കയ്യിൽ കടലാസ് തുണ്ട് വച്ചുതന്നു. എന്റെ മനസ്സിൽ ഒരായിരം വെള്ളിനക്ഷത്രങ്ങൾ ഒരുമിച്ചു മിന്നി.

"ഇല്ലെട കുട്ടാ.." ഞാൻ അവനെ ആശ്വസിപ്പിച്ചു.

"എന്നാ ശരി.. ചെലവ് മറക്കണ്ട.. ആദ്യം ഇങ്ങള് തുണിയുടുക്ക് മൻഷാ.." അതും പറഞ്ഞ് അവൻ വന്നതിലും വേഗത്തിൽ തിരിച്ചോടി.

പക്ഷേ ഞാനപ്പോഴും ആദ്യം തുണിയുടുക്കണോ അതോ നമ്പർ സേവ് ചെയ്യണോ, അതും അല്ലെങ്കിൽ അവളെ വിളിക്കണോ എന്നറിയാതെ തുണ്ട് പേപ്പറിലേക്കും  നോക്കി അന്ധിച്ചു നില്ക്കുകയായിരുന്നു.

ദിവസങ്ങൾ അങ്ങിനെ കടന്നുപോയി..
എന്നും അതിരാവിലെ 4.30-ന്  അലാറം പതിവ് തെറ്റിക്കാതെ മുഴങ്ങിക്കൊണ്ടിരുന്നു. നല്ല ഉറക്കത്തെ ഒരുഗ്ലാസ് കട്ടൻ കാപ്പിയിൽ തളച്ചിട്ട് അന്നത്തെ പണികളുടെ തിരക്കിലേക്ക് ഞങ്ങൾ പതിയെ ഊളിയിടും. രാവിലത്തെ ബ്രേക്ക് ഫാസ്റ്റിനു പുട്ടും ഇഡലിയും  ഉപ്പുമാവും ഊഴമനുസരിച്ച് മാറി മാറി വന്നു; പല പല രൂപത്തിൽ.

രാത്രിയിൽ ചോറ് ബാക്കി ആയാൽ മാത്രമേ അടുക്കളയിൽ ഇഡലിക്ക് സ്ഥാനം കിട്ടിയിരുന്നുള്ളു. ഉച്ചയ്ക്കത്തെ ചോറിന്റെ പണികളും രാവിലെ തന്നെ തീർക്കും. ഇതെല്ലം കഴിഞ്ഞിട്ട് വേണം ക്ലാസ്സിന് പോകാൻ.


ഭക്ഷണം കഴിക്കാൻ എടുക്കുന്ന പാത്രങ്ങൾ വൃത്തിയായിട്ട് കഴുകി വയ്ക്കണം എന്നാണ് പൊതുവേയുള്ള ഹോസ്റ്റൽ നിയമമെങ്കിലും, അടുക്കളയിൽ അടിഞ്ഞുകൂടുന്ന എച്ചിൽ  പാത്രങ്ങളുടെ എണ്ണം തീരെ കുറവായിരുന്നില്ല. മറന്നതോ മന:പൂർവ്വമായതോ ആയ വീഴ്ച്ചകൾ.. 

രാഗേഷിന്റെ കാർട്ടൂണ്‍ (മാധ്യമം കാർട്ടൂണിസ്റ്റ്) വരയും, സാജിതിന്റെ തടിയും കുലുങ്ങിയുള്ള ചിരിയും, സാവന്റെ ഫുൾടൈം പഠനവും, റിജോയേട്ടന്റെ ഗിറ്റാർ വായനയുമൊക്കെ ഞങ്ങളുടെ ജീവിതത്തിന് ഒത്തിരിയേറെ രസങ്ങൾ പകർന്നു തന്നുകൊണ്ടിരുന്നു. 

ഏറെയുണ്ട് സാജിതിനെ കുറിച്ച് പറയാൻ ..
ഉയരം കുറഞ്ഞ്, നല്ല തടിച്ച ശരീരത്തിന്റെ ഉടമയായിരുന്നു അവൻ.. ഏകദേശം ഒരു നൂറ് നൂറ്റിപത്ത് കിലോ...
IELTS  പഠിക്കുവാൻ വേണ്ടിയാണ് അവൻ കോഴിക്കോട് വന്നത്. രണ്ടുതവണ എട്ടുനിലയിൽ പൊട്ടിയിട്ടാണ് കോഴിക്കോടിനോട് സലാം പറഞ്ഞത്. എങ്കിലും ചിരിക്കുന്ന മുഖത്തോടെ അല്ലാതെ ഒരിക്കൽപോലും അവനെ ഞങ്ങളാരും ഇതുവരെ കണ്ടിട്ടില്ല.

എന്നും അതിരാവിലെ അവനെ വിളിച്ചുണർത്താനുള്ള 'ഭാരിച്ച' ഉത്തരവാദിത്വം ഞങ്ങളുടെതായിരുന്നു.
അമിതമായ തടി കുറയ്ക്കാൻ വേണ്ടി, എന്നും അതിരാവിലെ എഴുന്നേറ്റ് അല്പ്പദൂരം ഓടുന്നത് നന്നാവും എന്ന ഞങ്ങളുടെ ഉപദേശം സ്വീകരിച്ചതുപോലെ, അത് നടപ്പിലാക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവൻ താമസിയാതെ മനസ്സിലാക്കി.

പിന്നീടുള്ള ദിവസങ്ങളിൽ കുംഭകർണ്ണ സേവയിൽ നിന്ന് അവനെ ഉണർത്താൻ ഞങ്ങൾ കണ്ടെത്തിയ മാർഗ്ഗമാണ് ശരീരത്തിൽ തണുത്ത വെള്ളം കോരി ഒഴിക്കൽ..
തണുപ്പ് ശരീരത്തിൽ തട്ടുമ്പോൾ അവൻ ചാടി എഴുന്നേൽക്കും.
അടുക്കളയിൽ കുറച്ചുനേരം ചുറ്റിപറ്റി നിന്നിട്ട് അവൻ ഓടാൻ പോകും. ഇങ്ങിനെ എന്നും ഓടാൻ പോയിട്ടും ശരീരത്തിന്റെ ഭാരത്തിന് ഒട്ടും കുറവ് ഉണ്ടായില്ല. പതിനഞ്ചു മീറ്റർ ദൂരെയുള്ള ബസ്സ്‌ സ്റ്റോപ്പിൽ പോയിക്കിടന്ന് ഉറങ്ങിയാൽ എങ്ങിനെയാ അവന്റെ തടികുറയുക !! 

ക്ലാസ്സിൽ പോകും മുൻപ് എന്നും അവൻ വന്ന് ആരെയെങ്കിലും ആലിംഗനം ചെയ്യുക പതിവായിരുന്നു. പക്ഷേ എന്തിനാണ് അവൻ ഇങ്ങനെ ചെയ്യുന്നത് എന്ന് ആർക്കും അറിയില്ലായിരുന്നു...
സ്നേഹ കൂടുതൽ കൊണ്ടാണെന്ന് ഞങ്ങൾ ആശ്വസിച്ചു.. പക്ഷേ ഒരു ദിവസം അവൻ ആ ഞെട്ടിക്കുന്ന സത്യം തുറന്നു പറഞ്ഞു. ഇന്നും അതോർക്കുമ്പോൾ ചിരി പൊട്ടും.

വസ്ത്രം അലക്കുക എന്ന ശീലം അവനു പണ്ടേ ഇല്ല.. അതുകൊണ്ട് അതിന്റെ നാറ്റം അളക്കാൻ വേണ്ടി ഞങ്ങളെ ഒരു പരീക്ഷണവസ്തു ആക്കുകയായിരുന്നു ആ ദുഷ്ടൻ പതിവായി ചെയ്തിരുന്നത്..

തീർന്നില്ല കഥ, ക്ലാസ്സ്‌ കഴിഞ്ഞു വന്നാലുടനെ കക്ഷി പാൻസിന്റെ കൊളുത്ത് അഴിച്ച് താഴേക്ക്‌ ഊർത്തിയിടും. രാവിലെ കുളികഴിഞ്ഞു വന്ന് പതിവുപോലെ അതിന്റെ ഉള്ളിൽ കാലെടുത്തുവച്ച് അരയിലേക്ക് വീണ്ടും വലിച്ചു കയറ്റുംവരെ, പെരുമ്പാമ്പ്‌ തുറയിട്ടതുപോലെ ആ പാൻസ് മുറിയുടെ മൂലയ്ക്കോ സെന്റർ ഹാളിലോ അങ്ങിനെ കിടക്കും. ഇങ്ങനെ ഒരു മടിയനെ ഇനി എവിടെ കണ്ടുമുട്ടാൻ..

ഇതിനിടയിൽ എന്റെ മനസ്സ് കൂടുതൽകൂടുതൽ അവളിലേക്ക്‌ അടുത്തുകൊണ്ടിരുന്നു.. പലപ്പോഴായി അവളെ തേടിയെത്തുന്ന ഫോണ്‍ കോൾ എന്നെക്കുറിച്ച് അറിയുവാനുള്ള അതിയായ ഒരു ആകാംക്ഷ അവളിൽ ഉണ്ടാക്കിയെങ്കിലും, എന്റെ പേരൊഴികെ ബാക്കിയൊന്നും ഞാൻ അവളോട്‌ പറഞ്ഞിരുന്നില്ല. 

എങ്കിലും ഞങ്ങളുടെ സൗഹൃദം ദിവസം ചെല്ലുംതോറും  വളർന്നുകൊണ്ടിരുന്നു.. പിന്നീടൊരിക്കൽ ഞാൻ ആരെന്നും എവിടെയാണ് ഉള്ളതെന്നും പറഞ്ഞപ്പോൾ പുറത്തേക്ക് ഓടിയിറങ്ങി വന്ന് എന്റെ മുറിയുടെ ജനാലയ്ക്കു നേരെ ഒത്തിരിനേരം അവൾ നോക്കിനിന്നത് ഇന്നലെയെന്നോ ആയിരുന്നു എന്നൊരു തോന്നൽ ഇന്നുമെന്നെ വല്ലാതെ വേദനിപ്പിക്കുന്നു..

പിന്നീട് കൂടുതൽ അടുത്തപ്പോഴാണ് അറിയുന്നത് അനാഥ തുല്യമായ ഒരു ജീവിതത്തിന് ഉടമയാണ് ആ പാവം പെണ്‍കുട്ടി എന്നത്. ഉപ്പയും ഉമ്മയും വേറെ വേറെ ജീവിത സുഖങ്ങൾ തേടിപോയപ്പോൾ അവൾക്കും അവളുടെ അനിയനും നഷ്ടമായത് ഒരു ബാല്യവും യൗവ്വനവുമൊക്കെ ആയിരുന്നു. എങ്കിലും ഇടയ്ക്കിടെ ഒന്നോ രണ്ടോ ദിവസങ്ങൾ ഉമ്മയോടൊപ്പം നില്ക്കാൻ അവൾ പോകാറുണ്ട്. 

പ്രായം തളർത്തി തുടങ്ങിയ വല്ല്യുപ്പയുടെ തണലിൽ പരിഭവങ്ങൾ ഉള്ളിലൊതുക്കി അവർ അങ്ങിനെയൊക്കെ..

ചിലനേരങ്ങളിൽ കാരണങ്ങൾ കൂടാതെ എന്നോടവൾ പൊട്ടിത്തെറിക്കും. ഇനി ഒരിക്കലും വിളിക്കരുതെന്നും കാണരുതെന്നും പറയും.. ഒരു വാക്കുകൊണ്ട് പോലും അവളെ നോവിക്കരുതെന്ന എന്റെ ആഗ്രഹം പലപ്പോഴും എന്നെ നല്ലൊരു ക്ഷമാശീലനാക്കിമാറ്റി.

മാസങ്ങൾ വർഷങ്ങൾക്ക് വഴിമാറി കൊടുത്തു. ആരോഗ്യകരമായ ഞങ്ങളുടെ പ്രണയവും അതിനനുസരിച്ച് വളർന്നുകൊണ്ടിരുന്നു; ഒടുക്കം എന്താകും എന്നറിയാതെ തന്നെ. 

ഇത്രയൊക്കെ ആയിട്ടും ഒരിക്കൽപോലും ആ പെണ്‍കുട്ടിയോട് ഞാൻ നേരിട്ട് സംസാരിച്ചില്ല.  അജ്ഞാതമായ ഒരുതരം ധൈര്യകുറവ് എനിക്കൊപ്പം എന്നും ഉണ്ടായിരുന്നു.. പലപ്പോഴും എന്റെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടതും ഈ ഒരു അവസ്ഥതന്നെ ആയിരിക്കാം.

കൊഴിഞ്ഞുവീണ ഒന്നുരണ്ടു വർഷങ്ങൾക്കൊടുവിൽ ഞാനും ആ  വഴിയമ്പലത്തോട് യാത്ര പറഞ്ഞു.. പോകാൻ മാനസികമായി ഒട്ടും ആഗ്രഹമില്ലായിരുന്നെങ്കിലും ഒരു യാത്ര പറച്ചിൽ അനിവാര്യമായിരുന്നു. കാരണം ജീവിതം അപ്പോഴും എവിടെയും എത്താതെ അനന്തമായ് കിടക്കുകയായിരുന്നു.

ഇവിടുന്ന്  ഒരിക്കലും പോകരുതെന്ന അവളുടെ വികാരപരമായ അപേക്ഷയെ സ്വീകരിക്കാൻ തരമില്ലാതെ യാത്ര ചോദിക്കുമ്പോൾ എന്തൊക്കെയോ നഷ്ടപെടുന്നതിന്റെ വേദനയ്ക്ക് ഇത്ര അധികം ആഴമുണ്ടെന്ന് വീണ്ടും ഞാൻ തിരിച്ചറിഞ്ഞു.

കണ്ണുകൾ തമ്മിൽ അകന്നിട്ടും മനസ്സുകൾ തമ്മിൽ ഒരിക്കലും പിരിയാൻ വയ്യാത്ത  ഒരടുപ്പം  ഞങ്ങൾക്കിടയിൽ കൂട് കൂട്ടി. എനിക്ക് പരിശുദ്ധമായ പ്രണയം തന്ന പെണ്‍കുട്ടി.. എന്നും എനിക്കൊപ്പം ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ചവൾ..

ഒരു ദിവസം കാരണങ്ങളൊന്നും കൂടാതെ തന്നെ 'നമുക്ക് പിരിയാം' എന്ന അവിചാരിതമായ അവളുടെ തീരുമാനം കേട്ട് ഞാൻ ഞെട്ടി.
എന്റെ കാൽച്ചുവട്ടിലെ മണ്ണ് പതിയെ തെന്നിനീങ്ങുന്നു.. തെളിഞ്ഞ ആകാശം കറുത്ത മേഘങ്ങളെ വാരിയുടുക്കുന്നു.. തോന്നലുകൾ അങ്ങിനെ പലരൂപത്തിൽ കണ്മുന്നിൽ താണ്ഡവം ആടി.

"എന്തെ ഇപ്പൊ ഇങ്ങിനെ..? എന്റെ ഭാഗത്തൂന്ന് എന്തേലും.. എന്താണേലും പറയൂ.."
അങ്ങേ തലയ്ക്കൽ നീണ്ട മൗനം.. ആകാശത്ത് പറന്നുകൊണ്ടിരുന്ന പക്ഷി കാരണംകൂടാതെ പെട്ടന്ന് ചിറകടി നിർത്തിയതുപോലുള്ള ഒരനുഭവം..
"നമ്മൾ രണ്ടു മതല്ലേ.. ഇത് ഒരിക്കലും നടക്കില്ല.. എനിക്കുവയ്യ അവസാനം സങ്കടപ്പെടുത്താനും സങ്കടപ്പെടാനും. ഇനി ഒരിക്കലും എന്നെ വിളിക്കരുത്. വിളിച്ചാൽ ഞാൻ എന്റെ നമ്പർ മാറ്റും."
എന്റെ മറുപടിക്ക് കാത്തു നില്ക്കാതെ അങ്ങേ തലയ്ക്കൽ ഫോണ്‍ കട്ട്‌ ആയി.
നിശബ്ദതയ്ക്ക് കനം കൂടിക്കൂടി വരുന്നു.. അതുവരെ ഞാൻ കൂട്ടിവച്ച എന്റെ സ്വപ്‌നങ്ങൾ, ശൂന്യത തീർത്ത കറുത്ത പാറകെട്ടുകൾക്ക് മുകളിൽനിന്ന് താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്തു.

എത്ര പിണങ്ങിയാലും, അധികം വൈകാതെ എന്നെങ്കിലും ഒരുദിവസം ഒരായിരം സോറിയും പറഞ്ഞ്  വീണ്ടും ഇണങ്ങാൻ വരാറുള്ള  അവളുടെ സ്വരവും പ്രതീക്ഷിച്ച് ഞാനിരുന്നു. ദിവസങ്ങൾ.. ആഴ്ച്ചകൾ.. മാസങ്ങൾ അങ്ങിനെ കൊഴിഞ്ഞുവീണു.. പക്ഷെ.. ഇതിനിടയിൽ ഒരിക്കൽപോലും അവളുടെ ഫോണ്‍ കോൾ എന്നെത്തേടി വരികയുണ്ടായില്ല.

ഇതിനിടയിൽ പലപ്പോഴും അവളെ തിരിച്ചു വിളിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പ്രതികരണം ഏതുതരത്തിൽ ആയിരിക്കുമെന്ന ആശങ്ക ആ ഉദ്യമത്തിൽനിന്ന് പിന്തിരിയുവാൻ എന്നെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

കാലത്തിനനുസരിച്ച് ജീവിതം പതിയെ മുന്നോട്ടു നീങ്ങി..
മനസ്സിലെ മുറിവുകളുടെ ആഴം അതിനനുസരിച്ച് പതിയെ പതിയെ കുറഞ്ഞു വന്നു.. വീണ്ടും സന്തോഷത്തിന്റെ ദിനങ്ങൾ എനിക്ക് ചുറ്റിനും വലയം തീർത്തു.

പുതിയ ജോലി, പുതിയ സൗഹൃദങ്ങൾ..
എന്റെ ജീവിതത്തോട് തുന്നിച്ചേർത്ത പുതിയ പുതിയ ദിവസങ്ങൾ പഴകിയും നൂലിഴ പൊട്ടിയും അങ്ങിനെ കിടന്നു. എങ്കിലും മരണമില്ലാത്ത ചില ഓർമ്മകൾ എന്നെ എന്നും വേട്ടയാടിയിരുന്നു എന്നുതന്നെ പറയാം.

എന്നെങ്കിലും ഒരു മഴ പെയ്യുമെന്ന് ഞാൻ മോഹിച്ചു.. നനുത്ത കാറ്റ് മഴയ്ക്ക്‌ അകമ്പടി സേവിക്കുമെന്നും, ആ മഴത്തുള്ളികൾ വീണ് ഞാനാകെ നനയുമെന്നും സ്വപ്നംകണ്ടു. മൂടികെട്ടി നില്ക്കുന്ന മഴമേഘങ്ങളെ നോക്കി ഒരു മഴയ്ക്കുവേണ്ടി വെറുതേ യാചിച്ചു.. ഒടുവിൽ ഒരു സായന്തനത്തിൽ ആ മഴ മേഘങ്ങൾ ഹൃദയത്തിലേക്ക് പെയ്തിറങ്ങുകതന്നെ ചെയ്തു.

അതെ.. നീണ്ട ആറു മാസത്തെ ഇടവേളയ്ക്കു ശേഷം അവളുടെ ശബ്ദം വീണ്ടും എന്നെത്തേടി എത്തി..
മനസ്സിലൂടെ ഒരു മിന്നൽ കടന്നുപോയി.. ശബ്ദം അടഞ്ഞു.. വാക്കുകളിൽ അവിടിവിടെ മുറിപ്പാടുകൾ വീണു.
എന്നെ തേടിയെത്തിയ അവളുടെ ശബ്ദത്തിൽ വീണ്ടും പ്രണയം പൂത്തുനിന്നിരുന്നു. എങ്കിലും മറ്റൊരാൾക്ക് അവൾ സ്വന്തമാകാൻ പോകുന്നു എന്ന സത്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. അരുതെന്ന് മനസ്സ് പലവട്ടം പറഞ്ഞെങ്കിലും പിന്നീടും ഞങ്ങൾ കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു..

'നിന്നെ ഹൃദയത്തിൽനിന്ന് പറിച്ച് എറിഞ്ഞുകളഞ്ഞ നിമിഷങ്ങൾ ശപിക്കപ്പെടട്ടെ' എന്നവൾ വിലപിച്ചു.. ചില നേരങ്ങളിൽ 'എന്റെ മനസ്സിൽ കയറികൂടിയ പ്രണയത്തിന്റെ പിശാചാണ് നീ..' എന്ന് കളിയാക്കി ചിരിച്ചു..
അകലുവാൻ കാണിച്ച അതേ ആവേശത്തോടെ വീണ്ടും എന്നോടടുത്ത ആ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കുവാൻ എന്നിലെ പ്രണയത്തിന് തീരെ താത്പര്യം ഉണ്ടായിരുന്നില്ല.

പ്രണയാക്ഷരങ്ങൾ കൊക്കുരുമിയ രാത്രികൾ.. ഞങ്ങൾക്ക് സംസാരിക്കുവാൻ എന്നും നല്ലതേ ഉണ്ടായിരുന്നുള്ളൂ..
വീണ്ടും കാണണം, ഒരിക്കലെങ്കിലും നേരിട്ട് സംസാരിക്കണം എന്നൊക്കെ അവൾ പറയുന്നുണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം ഞങ്ങൾ തമ്മിൽ കാണുവാൻ തീരുമാനിച്ചു.

അങ്ങിനെ ഒരു ശനിയാഴ്ച്ച.. ഉമ്മയെ കാണാൻ മലപ്പുറത്തേക്ക് പോകുന്ന വഴി കോഴിക്കോട് ബസ്‌ സ്റ്റാൻഡിൽ വച്ച് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടി.
ഏത് ആൾക്കൂട്ടത്തിന് ഇടയിൽവച്ചും എനിക്ക് നിഷ്പ്രയാസം തിരിച്ചറിയാൻ കഴിയുന്ന അവളുടെ മുഖം ദൂരെനിന്നും ഞാൻ കണ്ടു. പാലക്കാട് മലപ്പുറം ഭാഗത്തേക്ക്‌ പോകുന്ന ബസ്സുകൾ മാത്രം പാർക്കുചെയ്യുന്ന മൊഫ്യൂസ് ബസ്സ്‌ സ്റ്റാൻഡിന്റെ ഒരു ഭാഗത്ത്‌ തൂണും ചാരി ആകാംക്ഷ സ്പുരിക്കുന്ന മുഖത്തോടെ അവൾ നില്ക്കുന്നു.
എന്നെ കണ്ടതും അവൾ ഓടിവന്നു. തല മറച്ച തട്ടം ഒന്നുംകൂടി നേരെയിട്ട് എന്നെ നോക്കി ചിരിച്ചു. ഞങ്ങൾക്കിടയിൽ സംസാരിക്കുവാൻ ഒന്നും ഉണ്ടായിരുന്നില്ല.. കാരണം, എന്റെ വാക്കുകളൊക്കെ പണിമുടക്ക്‌ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു..

"ഒത്തിരി നേരമായോ വന്നിട്ട്..?" അല്പ്പസമയത്തെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു.
"ഇല്ല.." അവളുടെ സ്വരം
നേരിട്ട് കേൾക്കുന്നത് അന്നാദ്യമായിരുന്നു.
"ഭക്ഷണം കഴിച്ചോ..?"
"ഉം.."
"എങ്കിൽ വരൂ.. തണുത്തത്‌ എന്തെങ്കിലും കഴിക്കാം."
ആൾക്കൂട്ടത്തിനിടയിലൂടെ എനിക്കൊപ്പം തോളുരുമ്മി അവൾ പതിയെ നടന്നു. മൗനം വീണ്ടും കുടപിടിച്ച നിമിഷങ്ങൾ.. നടക്കുമ്പോൾ ഞാനവളെ ഇടം കണ്ണിട്ട്‌ ഒന്നുനോക്കി. ആശ്വാസം.. എന്നെക്കാൾ ഉയരം അവൾക്ക് ഉണ്ടാകുമോ എന്ന തോന്നൽ പമ്പ കടന്നത്‌ ആ നടപ്പിലായിരുന്നു.

ജ്യൂസ് പാർക്കിലെ അടുത്തടുത്ത ഇരിപ്പിടങ്ങളിൽ എനിക്കൊപ്പം അവളിരുന്നു.. തണുത്ത പൈനാപ്പിൾ ജ്യൂസ് പതിയെ കുടിക്കുമ്പോൾ ഇടയ്ക്കിടെ എനിക്കുനേരെ പാഞ്ഞെത്തുന്ന അവളുടെ നോട്ടങ്ങൾ ഒഴിച്ച്  മറ്റൊന്നും ഞങ്ങൾക്കിടയിൽ നിശബ്ദത ഭേദിക്കുവാൻ ഉണ്ടായിരുന്നില്ല.

പുറത്ത് ഉച്ചവെയിൽ തിളച്ചുമറിയുകയാണ്.. കുടിച്ചിറക്കിയ തണുത്ത ജ്യൂസിനും തണുപ്പിക്കുവാൻ കഴിയാതെ എന്റെ ഉള്ളിലിരുന്ന് എന്തൊക്കയോ തിളച്ചു മറിയുന്നു.. ആകെ ഒരവസ്ഥ.

പരിചയമുള്ള മുഖങ്ങൾ ഏതെങ്കിലും തങ്ങളെ തിരിച്ചറിയുന്നുണ്ടോ എന്നവൾ ചുറ്റിനും നോക്കിക്കൊണ്ടിരുന്നു. ആ വലിയ കണ്ണുകളിലെ പേടി കൗതുകത്തോടെ നോക്കിനില്ക്കാൻ എനിക്ക് നല്ല രസം തോന്നി.

എന്തിനാണ് തമ്മിൽ കണ്ടുമുട്ടിയത്‌..? അറിയില്ല.. അറിയില്ല..
ചുറ്റിനും ഉയരുന്ന കലപില ശബ്ദങ്ങൾക്ക്‌ നടുവിലൂടെ നിശബ്ദരായി ഞങ്ങൾ കുറേനേരം നടന്നു; അലക്ഷ്യമായി.

ബസ്സിൽ കയറാൻ നേരം തിരിഞ്ഞുനോക്കിയ അവളുടെ കണ്ണുകൾ നിശബ്ദമായി എന്തൊക്കയോ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു..


  ഞായറാഴ്ച. കിടന്നിട്ട് ഉറക്കം വരുന്നില്ല.. എങ്ങിനെ കഴിയും.. നാളെയാണ് ആ ദിവസം. ഒന്നു വിളിച്ചാൽ മതി, എനിക്കൊപ്പം പോരും എന്നവൾ പറഞ്ഞുകഴിഞ്ഞു.
എന്തുചെയ്യണം എന്നറിയില്ല. കൂടെ കൂട്ടിയാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് ഓർക്കുമ്പോൾ ഉള്ളിൽ വല്ലാതെ ഭയം നിറയുന്നു. വിളിച്ചില്ലെങ്കിൽ എന്നേക്കുമായി അവളെ നഷ്ടപ്പെടും. അസ്വസ്ഥതകൾക്കിടയിൽ എപ്പോഴോ ഉറക്കം എന്നെ ആലിംഗനം ചെയ്തു.

  ശനിയാഴ്ചയുടെ ആവർത്തനം പോലെ തിങ്കളാഴ്ചയും കടന്നുവന്നു. പഴയ അതേ സ്ഥലം. ഇളം വെയിലിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു. പ്രതീക്ഷയുടെ പുതുനാമ്പുകൾ മഞ്ഞുപൊഴിച്ച്  വിടർന്ന് നില്ക്കുന്നു.
എന്തൊക്കയോ തിരിച്ചുകിട്ടിയ സന്തോഷത്തോടെ അവൾ എനിക്കൊപ്പം തൊട്ടുരുമ്മി നടന്നു.. ഒരു തിരിച്ചുപോക്ക് ഇനി ഇല്ലെന്ന് അവൾ കരുതിയിട്ടുണ്ടാവാം.. മൊഫ്യൂസ് ബസ്സ്‌ സ്റ്റാൻഡിലെ തിരക്കിൽനിന്ന് പതിയെ ഞങ്ങൾ പുറത്തേക്കിറങ്ങി..
തിരക്കേറിയ മാവൂർ റോഡിന്റെ അരികിലൂടെ അലസമായി അവൾക്കൊപ്പം നടക്കുമ്പോൾ എന്റെയുള്ളിൽ വലിയൊരു സംഘർഷം നടക്കുകയായിരുന്നു.
ഇനിയുള്ള കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഞാനെടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും എന്റെയും അവളുടെയും ഭാവി... ഒരുവാക്ക് മതി അവളെനിക്ക്‌ സ്വന്തമാകുവാൻ.. ഒരുവാക്ക് മതി അവളെ എന്നേക്കുമായി എനിക്ക് നഷ്ടമാകുവാൻ.. ഒരാൾ ചിരിക്കുമ്പോൾ കൂടെ ഒമ്പത് പേരുടെ കരച്ചിലും കൂടി കേൾക്കേണ്ടിവരും എന്നൊരവസ്ഥ..


യാത്ര അവസാനിച്ചത്‌ എന്റെ ഓഫീസിൽ ആണ്. പലപ്പോഴായി ഫോണിൽക്കൂടി അവൾക്കു ഞാൻ പരിചയപ്പെടുത്തി കൊടുത്തിട്ടുള്ള എന്റെ സ്നേഹിതരുടെ നീണ്ട നിരകണ്ട് അവൾ അന്ധാളിച്ചുപോയി. എന്നിലൂടെ അവർക്കും അവൾ എന്നോ സുപരിചിതയായികഴിഞ്ഞിരുന്നു.
അവിടെനിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.


ഒടുവിൽ എന്നന്നേക്കുമായി അവളെ നഷ്ടപ്പെടുത്തുവാൻ തന്നെ ഞാൻ തീരുമാനിച്ചു. അതാണ്‌ ഉചിതമെന്ന് എനിക്ക് തോന്നി.

'നിനക്ക് വിധിച്ചവനൊപ്പം ഇനിയുള്ള കാലം സുഖമായി ജീവിക്കു..'  എന്ന് അവളോട്‌ പറഞ്ഞപ്പോൾ എനിക്കെന്റെ വേദന മറച്ചുവെക്കാൻ കഴിഞ്ഞില്ല. അവൾക്കു പോകാനുള്ള ബസ്സുകൾ എത്രയെണ്ണം ഡബിൾ ബെല്ലടിച്ചു കടന്നുപോയി എന്ന് നിശ്ചയമില്ല..
അവസാനം നിർബന്ധപൂർവ്വം അവളെ യാത്ര അയക്കുമ്പോൾ വലിയൊരു ശൂന്യതയെ ഞാൻ സ്വയം ആലിംഗനം ചെയ്യുകയായിരുന്നു. അന്ന്
അവൾ തന്നുപോയ ശൂന്യത ഇന്നും അതുപോലെ എനിക്കൊപ്പം ഉണ്ട്.. നികത്തുവാൻ ഒരിക്കലും കഴിയാത്ത വലിയൊരു ശൂന്യത.

NB: വിവാഹ ശേഷം ഒന്നുരണ്ടുതവണ അവൾ വീണ്ടും എന്നെ വിളിക്കുകയുണ്ടായി; എന്റെ വിശേഷങ്ങൾ തിരക്കികൊണ്ട്. ഭർത്താവിനും മോൾക്കുമൊപ്പം അവൾ സുഖമായി ജീവിക്കുന്നു. നല്ല സൗഹൃദമായി ഇടയ്ക്കിടെ ഇനിയും അവളുടെ ഫോണ്‍ കോൾ എന്നെത്തേടി എത്തിയേക്കാം. അപ്പോൾ അവൾക്കു പറഞ്ഞ് കൊടുക്കുവാൻ 'എന്റെ വിവാഹവും കഴിഞ്ഞു' എന്നൊരു ശുഭ വാർത്ത എനിക്ക് കരുതിവെക്കണം.. അത് കേൾക്കുമ്പോൾ അവൾ ഒരുപാട് സന്തോഷിക്കും; തീർച്ച.
പക്ഷെ അറിയില്ല.. ആ ശുഭ വാർത്ത എന്ന് എപ്പോൾ
എങ്ങിനെ എന്നൊന്നും. കാത്തിരിക്കുകതന്നെ.

അന്ന് ഞാൻ തലയിലേറ്റിയ അടുക്കളയുടെ 'സുഖമുള്ള' ഭാരം മാത്രം ഇന്നും എനിക്കൊപ്പമുണ്ട്.. അതും ഒരു സുഖമാണ്.. അത് അങ്ങിനെതന്നെ ഇരിക്കട്ടെ. ഉണ്ടും ഊട്ടിയും ചില സ്വപ്നങ്ങളും എനിക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു..
ഓർമ്മകളുടെ അയവിറക്കലുകൾ ഇനിയും ഞാൻ തുടരട്ടെ... 
-----------------------------------------------------------------
ഇന്ന് 30-11-2013
ചില അത്ഭുതങ്ങൾ സംഭവിക്കുന്നത്‌ ഇങ്ങിനെയൊക്കെയാണ് ..
ഇത് എഴുതിത്തീരും മുൻപ് ഒരിക്കലെങ്കിലും അവളുടെ ശബ്ദം എന്നെത്തേടി എത്തും എന്നുഞാൻ വിശ്വസിച്ചിരുന്നു. അത് സത്യമായി തീർന്നു. നീണ്ട ഒരുവർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്നവൾ വീണ്ടും വിളിച്ചു.. ഒത്തിരി സംസാരിച്ചു.
അവൾ സന്തോഷവതിയായിരിക്കുന്നു.  

എല്ലാം ശുഭമായ് തീരട്ടെ..
 

2013, നവംബർ 26, ചൊവ്വാഴ്ച

തനിയേ മടങ്ങുന്നവർ

ഒത്തിരി പൂവുകൾ വാടി വീണുകിടക്കുന്ന വൃദ്ധസദനത്തിന്റെ പടികടന്ന് തിരിച്ചു പോകുമ്പോൾ പിന്നിൽ കാഴ്ച്ച മങ്ങിത്തുടങ്ങിയ കുറെയേറെ കണ്ണുകൾ തന്നെ പിന്തുടരുന്നത്‌ അയാൾ അറിഞ്ഞു..

സിസ്റ്റർ ക്ലാരയുടെ തോളിൽ തല ചായ്ച്ച് അയാളുടെ ഭാര്യയും അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരുടെ അടക്കിപിടിച്ച തേങ്ങലുകൾ അയാളുടെ കാതുകളിൽ ഒരു വേദനയായ് വന്നലച്ചു. "എന്നെയും കൂടെ കൊണ്ടുപോകൂ.. എന്നെയും കൂടെ കൊണ്ടുപോകൂ.." എന്ന് അവർ വിലപിച്ചുകൊണ്ടിരുന്നു. എന്നാൽ അയാൾക്ക് അതിനു കഴിയുമായിരുന്നില്ല.

കാരണം.. അയാൾ മടങ്ങിപോകുന്നത് താൻ ഒത്തിരി അധികം സ്നേഹിച്ച തന്റെ മക്കളുടെ അരികിലേക്ക്‌ ആയിരുന്നില്ല; തനിക്കു മുൻപേ കുഴിമാടങ്ങൾ സ്വന്തമാക്കിയവരുടെ അരികിലേക്കായിരുന്നു.

-----------------------------------------------------------------------------------

*മലയാളം ബ്ലോഗേഴ്സ് ഓണ്‍ലൈൻ മിനിക്കഥ രചനയിൽ എനിക്ക് ഒന്നാം സ്ഥാനം നേടിത്തന്ന കഥ.

2013, നവംബർ 24, ഞായറാഴ്‌ച

ഊന്നുവടി

ഒന്നുരണ്ട് ഞായറാഴ്ച്ചയുടെ ഇടവേളയ്ക്ക് ശേഷമാണ് അന്ന് ഞാൻ വീണ്ടും പള്ളിയിൽ പോയത്. സത്യക്രിസ്ത്യാനികൾ ഞായറാഴ്ച്ച-യടക്കമുള്ള വിശേഷ ദിനങ്ങളിലെ  കുർബ്ബാന മുടക്കരുത് എന്നാണ്.. എങ്കിലും പലവട്ടമായി മുടങ്ങിക്കിടക്കുന്ന കുർബ്ബാനയുടെ പറ്റുബുക്കിൽ കർത്താവിനോട് വീട്ടാൻ കടം കുറേ ബാക്കിയുണ്ട്.
കർത്താവ്‌ ഈയുള്ളവനോട് പൊറുക്കട്ടെ. ആമേൻ.

അന്നത്തെ ഞായർ..
ഞാൻ എത്തിയപ്പോഴേക്കും കുർബ്ബാന തുടങ്ങിയിരുന്നു. പള്ളിയിൽ മോശമില്ലാത്ത തിരക്കും ഉണ്ട്.. തിരക്കിനിടയിൽ ഒരൽപം ഇടം കണ്ടെത്തി ഏറ്റവും പിറകിലായി ഞാനും നിന്നു.

കുറച്ചുസമയം കഴിഞ്ഞപ്പോൾ പുറകിൽ എന്തോ ഊർന്നുവീഴുന്ന ശബ്ദം. ആരൊക്കയൊ തിരിഞ്ഞു നോക്കിയ കൂട്ടത്തിൽ ഞാനും ഒന്ന് തിരിഞ്ഞുനോക്കി. ഭിത്തിയിൽ ചാരിവച്ചിരുന്ന ആരുടെയോ ഊന്നുവടി നിലത്തു വീണുകിടക്കുന്നു.
എന്റെ കണ്ണുകൾ ചുറ്റിനും പരതി.. ആരായിരിക്കും ആ ഊന്നുവടിയുടെ ഉടമ.. അവിടെങ്ങും എന്റെ കണ്ണുകൾക്ക്‌ അയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.. ചിലപ്പോൾ മുൻപിൽ ക്രമമായി നിരത്തിയിട്ടിരിക്കുന്ന ഇരിപ്പിടങ്ങളിലൊന്നിൽ അയാളും ഉണ്ടാവും എന്ന് ഞാൻ കരുതി.

എന്റെ ചിന്തകൾ പിന്നെ എന്നെക്കുറിച്ച് തന്നെയായി. രണ്ടുകാലുകൾ ഉണ്ടായിട്ടും, യാത്ര ചെയ്യാൻ ബൈക്ക് ഉണ്ടായിട്ടും ആഴ്ചയിൽ ഒരിക്കലെങ്കിലും പള്ളിയിൽ പോവാൻ കാണിക്കുന്ന മടി എങ്ങിനെയെങ്കിലും ഒഴിവാക്കണം എന്ന് തീരുമാനിച്ചു.

കുർബ്ബാന കഴിഞ്ഞ് തിരക്കുകൾക്കിടയിലൂടെ പുറത്തേക്ക് ഇറങ്ങുമ്പോഴും ആ ഊന്നുവടി അവിടെത്തന്നെ കിടപ്പുണ്ടായിരുന്നു.
തിരികെ റൂമിലേക്ക്‌ പോരുമ്പോൾ മനസ്സിൽ ചെറിയൊരു കുറ്റബോധം കയറിക്കൂടി; നിലത്തു 'വീണുകിടന്ന ആ ഊന്നുവടി എന്തുകൊണ്ട് നീ എടുത്തു നിവർത്തിവച്ചില്ല' എന്ന് എന്റെ മനസാക്ഷി എന്നോട് ചോദിച്ചുകൊണ്ടിരുന്നു..
ശരിയാണ്.. ഞാനത് ചെയ്തില്ല..
അതൊന്ന് എടുത്തു നിവർത്തി വയ്ക്കാൻ എനിക്ക് തോന്നാത്തത് എന്തുകൊണ്ടാണെന്ന് നിശ്ചയമില്ല. ഇന്നത്തെ എന്റെ പള്ളിയിൽ പോക്കിന് ഒരു ഫലവും ഇല്ലെന്ന് അപ്പോളെനിക്ക് തോന്നി. ചെറിയൊരു നന്മയെങ്കിലും ചെയ്യാൻ മനസ്സ് വിമുകത കാണിക്കുകയാണെങ്കിൽ പിന്നെന്തിനാണ് ഞാൻ പള്ളിയിൽ പോകുന്നത്..!?
ഇനിയെങ്കിലും ഇത്തരം അവസരങ്ങളിൽ മടി കൂടാതെ പ്രവൃത്തിക്കാൻ എനിക്ക് കഴിയണേ എന്നൊരു പ്രാർത്ഥന മാത്രം എന്നിൽ അവശേഷിക്കുന്നു.

2013, നവംബർ 19, ചൊവ്വാഴ്ച

എന്റെ വികൃതികഥകൾ: ചുക്ക്

കൃഷിയോടും പശുവിനോടും ഒരേപോലെ താത്പര്യമുള്ള ഒരു വീട്ടിലാണ് ഞാൻ ജനിച്ചത്‌.
ഇഞ്ചി, കപ്പ തുടങ്ങിയ വിളകളും, കാച്ചിൽ, പച്ച മുളക്, കൂർക്ക, തക്കാളി, വെള്ളരി തുടങ്ങിയ ഇടവിളകളും ധാരാളമായി കൃഷി ചെയ്തിരുന്നു വീട്ടിൽ.

'നിങ്ങൾക്ക് മക്കളാണോ അതോ പശുക്കളാണോ വലുത്' എന്ന് ആരെങ്കിലും ചോദിച്ചാൽ ചാച്ചൻ നേരെ തൊഴുത്തിൽ കയറി ചാണകം വടിക്കും; പിന്നെ പശുക്കളെ കുളിപ്പിക്കും. ചോദിച്ചവന് കാര്യവും മനസിലാവും.

ആട്ടിൻ കുട്ടികൾക്കും പശുക്കിടാങ്ങൾക്കും ഒപ്പം മുറ്റത്ത്‌ ഓടിക്കളിച്ച എന്റെ ബാല്യം.. ഉണങ്ങാൻ വേണ്ടി മുറ്റത്ത്‌ കോരിയിട്ട ചാണകത്തിൽ കിടന്ന് ഉരുണ്ടുകളിച്ച എന്റെ ബാല്യം..

എന്തൊക്കെ ആണെങ്കിലും വൈകുന്നേരങ്ങളിൽ രണ്ട് അടികിട്ടിയില്ലെങ്കിൽ ഉറക്കംവരാത്ത അവസ്ഥ. മോശമില്ലാത്ത രീതിയിൽ ഞാൻ കുരുത്തക്കേടുകൾ കാട്ടിയിരുന്നു അന്നൊക്കെ.

വീട്ടിലെ സമാധാനം ആഗ്രഹിച്ച് എന്നെ അങ്കനവാടിയിൽ വിട്ടുതുടങ്ങിയ സമയം.. അന്ന് ഏകദേശം ഒരു നാല് വയസ്സ് പ്രായം ആയിക്കാണും ഈയുള്ളവന്.
പറമ്പിൽ നട്ട ഇഞ്ചിയൊക്കെ പറിച്ചുകഴിഞ്ഞ് കാലാപെറുക്കുക എന്നൊരു ഏർപ്പാടുണ്ട്‌. ഇഞ്ചി പറിച്ച സ്ഥലം അരിച്ചു പെറുക്കിയാൽ കുറെ ഇഞ്ചി പിന്നെയും കിട്ടും. പള്ളിപ്പെരുന്നാളിന് പീപ്പി വാങ്ങിത്തരാം.. കാറ് വാങ്ങിത്തരാം.. എന്നൊക്കെയുള്ള അമ്മയുടെ മോഹനവാഗ്ദാനങ്ങളിൽ മയങ്ങി ചേട്ടനും ചേച്ചിക്കുമൊപ്പം ഞാനും പോകും കാലാപെറുക്കാൻ.
അങ്ങിനെ പെറക്കികിട്ടുന്ന ഇഞ്ചി ചുരണ്ടി ചുക്കാക്കി വയ്ക്കും. മഴക്കാലം ആകുമ്പോൾ വിട്ടൊഴിയാത്ത ജലദോഷം വരും. അപ്പോൾ ചുക്കുകാപ്പി ഇടാൻ വേണ്ടിയാണ് അത് കരുതിവയ്ക്കുക.

അന്നൊരുദിവസം,
സകല വികൃതിയും കാട്ടി അവസാനം അമ്മയെ കോക്രിയും കുത്തി ദേഷ്യം പിടിച്ച് ഞാനങ്ങിനെ ഇരിക്കുവാണ്‌. അമ്മ മുറ്റത്തിരുന്നു പാത്രങ്ങൾ കഴുകുന്നു. മുറ്റത്ത്‌ കിടന്ന് റോസിപട്ടി കുഞ്ഞുങ്ങൾക്ക്‌ പാല് കൊടുക്കുന്നു.
പെട്ടന്ന് എന്തോ ഒരു തോന്നലിൽ ഞാൻ ഓടിപ്പോയി മുറ്റത്ത്‌ ഉണങ്ങാൻ വച്ചിരുന്ന ചുക്ക് മുഴുവൻ വാരിയെടുത്ത് മുറ്റത്തിന് താഴേക്ക്‌ ഒരേറ് വച്ചുകൊടുത്തു.
മുറ്റത്തെ കയ്യാലക്കെട്ടിന് താഴെ തെങ്ങിൻ ചുവട്ടിൽ ആദ്യം വീണത്‌ ചുക്കാണോ അതോ ഞാനാണോ എന്ന് ഇന്നും എനിക്ക് നിശ്ചയം പോര.!!

ഞാൻ നോക്കുമ്പോൾ അമ്മ മുറ്റത്ത്‌ കലിതുള്ളി നില്ക്കുന്നു.
''@$%%&^%&%& മോനെ.. അത് മുഴുവനും പെറുക്കാതെ മുറ്റത്ത്‌ കാല് കുത്തിയാൽ നിന്നെ ഞാൻ കൊല്ലുമെടാ.."
അമ്മയുടെ വക ഭീകര വധഭീഷണി.. (ഇന്നെങ്ങാനും ആയിരുന്നെങ്കിൽ അമ്മയെ ജയിലിൽ പോയി കാണേണ്ടി വന്നേനെ. കുറ്റം:- കുട്ടികൾക്ക് നേരെയുള്ള ഭീകര അക്രമം, ബാലവേല, വധഭീഷണി തുടങ്ങിയവ.)
സത്യം, ഞാൻ വല്ലാതെ പേടിച്ചുപോയി.. ബാങ്ക് വിളിക്കുന്നപോലെ അവിടെയിരുന്ന് നിലവിളിച്ചോണ്ട് അതുമുഴുവനും പെറുക്കുകയെ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. ചേട്ടനും ചേച്ചിയും തിണ്ണയിൽ വന്നിരുന്ന് പുട്ടും പഴവും തിന്നപ്പോഴും, ഉച്ചയ്ക്കത്തെ ചോറ് പച്ചമീൻ കൂട്ടി ഉരുട്ടി ഉരുട്ടി തിന്നപ്പോഴും ഈ 'പാവം ഞാൻ' ചുക്ക് പെറുക്കലിൽ വ്യാപൃതനായിരുന്നു.

2013, നവംബർ 18, തിങ്കളാഴ്‌ച

എന്റെ കൂട്ടുകാർ

ഇല്ലെന്റെ കന്മദം മാറുകില്ലല്ലോ..
ഇല്ലെന്റെ നോവും ശമിപ്പതില്ല.
ഈ നോവും നിലാവും നിഴലുമെന്നൊപ്പം,
കാണും- മരണമെൻ തോഴനാവും വരെ..

2013, നവംബർ 16, ശനിയാഴ്‌ച

കുചേല ചിന്തകൾ

ഒരു ദിവസം ഈ ഇരുട്ടി വെളുക്കലുകൾ ഇല്ലാത്ത ലോകത്തേക്ക് എല്ലാവരും അവനവന്റെ ഊഴമനുസരിച്ചങ്ങ് പോകുമായിരിക്കും.. അല്ല; പോകും. അതാണല്ലോ പ്രകൃതി നിയമം.

പക്ഷെ അങ്ങ് പോകുന്നതുവരെ ഈ ഇരുട്ടി വെളുക്കലുകൾക്കിടയിൽ ജീവിതം കയ്യിലിങ്ങനെ മുറുക്കെ പിടിച്ച് ജീവിക്കുക എന്നുള്ളത് തന്നെപോലെ മടിശീലയുടെ കനം കുറഞ്ഞ ചിലർക്കെങ്കിലും അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് രവിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു..

തന്റെ ചെറിയ വീട്ടിലിരുന്ന് ആകുലതകളെക്കുറിച്ച് സ്വയം ഇങ്ങനെ ആശങ്കപ്പെടുമ്പോൾ പകുതി കുടിച്ചൊഴിഞ്ഞ  കട്ടൻ ചായയുടെ ഗ്ലാസ്സിൽ നിന്ന് ആവി അപ്പോഴും പുറത്തേക്ക് വമിച്ചുകൊണ്ടിരുന്നു.

കട്ടൻ ചായയ്ക്കൊപ്പം കട്ടൻ ബീഡിയുടെ പുകകൂടി വലിച്ചുകയറ്റി പുറത്തേക്ക് പതിയെ ഊതിയപ്പോൾ തന്റെ അവസാനത്തെ ശ്വാസവും അതിനൊപ്പം പുറത്തേക്ക് ഊതിപോകുമോ എന്നയാൾ  അറിയാതെ  ആശങ്കപ്പെട്ടു.

അടുക്കളയിലെ തിരക്കിട്ട തട്ടുമുട്ടുകൾക്കിടയിൽ ഒരു ഗ്ലാസ്‌ നിലത്തുവീണ് ചിതറി.. കാടും പടലും താണ്ടിയ അയാളുടെ ആലോചനകൾ ഒരു ഞെട്ടലിൽ പറന്നുപോയി.

"ലക്ഷ്മീ എന്താ അവിടെ..?" തെല്ലു ദേഷ്യത്തോടെ അയാൾ അകത്തേക്ക് നോക്കി ചോദിച്ചു.

"ഗ്ലാസ്‌ കഴുകാൻ എടുത്തപ്പോ കയ്യിന്ന് വഴുതിപോയത രവിയേട്ടാ..." അവളുടെ വാക്കുകളിലെ ചമ്മൽ അയാളിൽ അലസമായ ഒരു ചിരി വിടർത്തി.

ഈയിടെയായിട്ട്  ഒരു കാര്യത്തിലും അവൾക്കു തീരെ ശ്രദ്ധയില്ല  എന്നയാൾ ഓർത്തു.

അടുത്തുള്ള ചില വീടുകളുടെ പിന്നാമ്പുറങ്ങളിൽ തുണി തിരുമ്മിയും, കൊച്ചമ്മ കൊട്ടാരങ്ങളുടെ അകത്തളങ്ങൾ തൂത്ത് തുടച്ചും മാറാല മൂടാതെ നോക്കിയും അവളുടെ ജീവിതവും ഇങ്ങിനെ എണ്ണയില്ലാതെ എരിഞ്ഞു തീരുകയാണല്ലോ എന്നയാൾ തെല്ലു വിഷമത്തോടുകൂടി ഓർത്തു.

അടുക്കളപ്പുറത്ത് കരിപുരണ്ട കലങ്ങൾക്ക് നടുവിൽ നിറം മങ്ങിയ ചിത്രം പോലെ  അവർ കുനിഞ്ഞിരുന്ന് പാത്രങ്ങൾ തേച്ചു കഴുകികൊണ്ടിരുന്നു..  കലത്തിൽ ബാക്കിവന്ന കുറച്ച് ചോറുംവറ്റ്‌ വാരി അവർ മുറ്റത്തേക്ക് വീശിയെറിഞ്ഞ് കോഴികളെ വിളിച്ചു.

"കോഴി ബ.. ബ.. ബാ.. കോഴി ബ.. ബ.. ബാ.. "

പറമ്പിൽ ചികയാൻ ഇറങ്ങിയ നാലഞ്ചു കോഴികൾ കൂട്ടത്തോടെ ഓടി വന്നു.
നിലത്തു ചിതറിക്കിടക്കുന്ന ചോറും വറ്റിന് ചുറ്റും വട്ടംകൂടി അവർ ആർത്തി കാണിച്ചു... ചില കശപിശകൾ.. പോരുകൾ.. കൊത്തി അകറ്റലുകൾ... വിശപ്പ്‌ കോഴികൾക്കിടയിൽ പോലും അശാന്തി സൃഷ്ടിക്കുന്നു.. പിന്നെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ..!
പാത്രങ്ങൾ തേച്ചു കഴുകുന്നതിനിടയിൽ അവർ ഇടയ്ക്കിടെ കോഴികളെ ശകാരിച്ചു കൊണ്ടിരുന്നു. പക്ഷേ, കശപിശകൾക്കിടയിൽ അവറ്റകൾ അതൊന്നും കേട്ടില്ല. കേട്ടതായി ഭാവിച്ചില്ല.

"കഴിക്കാൻ എന്തേലും ഉണ്ടെങ്കിൽ എടുത്തു വെക്കെടീ.. സമയം പോണ്.." വീടിന്റെ തിണ്ണയിൽ ഇരുന്ന് അയാൾ അകത്തേക്ക് വിളിച്ചു പറഞ്ഞു.
കഴുകിയ പത്രങ്ങളും എടുത്ത് തിടുക്കത്തിൽ അവർ അകത്തേക്ക് പോയി. അകത്ത് ഉടഞ്ഞുവീണ ഏതോ ഒരു പത്രത്തിന്റെ ഒച്ചയിൽ പേടിച്ചുപോയ കോഴികൾ തീറ്റ നിർത്തി തല ഉയർത്തി ചുറ്റിനും നോക്കി.

എത്രയൊക്കെ മൂടിവച്ചാലും ചില ചിത്രങ്ങൾ ജീവിതത്തിന്റെ കൃത്യമായ വെളിപ്പെടുത്തലുകളുടെ നേരെ തിരച്ചു വച്ച കണ്ണാടിപോലെ ആണ്...  ചില വ്യക്തമായ ചിത്രങ്ങൾ അവിടെയും അങ്ങിനെ വരച്ച് ചേർത്തിരുന്നു. നിഴലുപേലെ ചുവടു ചേർന്നുകിടക്കുന്ന ചില ദരിദ്രസത്യങ്ങൾ..

ഇതേ സമയം കൃഷ്ണവിലാസം വീട്ടിൽ, കൃഷ്ണദാസ് മുതലാളി പൂജാമുറിയിൽ ധ്യാനനിമഗ്നനായി നില്ക്കുകയായിരുന്നു. മേൽമുണ്ട്‌ പുതയ്ക്കാത്ത അയാളുടെ തടിച്ച ശരീരം ഒരു കൊച്ചു ജ്വല്ലറി പോലെ വിളങ്ങി നിന്നു. അയാളെ സംബന്ധിച്ച് സ്വപ്‌നങ്ങൾ പോലും സമ്പന്നതയുടെ മടിത്തട്ടാണ്. എത്രയോ അധികം താൻ സമ്പാദിച്ചു കഴിഞ്ഞു എന്ന് ചിലനേരങ്ങളിൽ അയാൾക്കുതന്നെ നിശ്ചയം പോര എന്നുതോന്നും. പാരമ്പര്യ സ്വത്തിന്റെ ഒഴുക്ക് ഒന്നുംകൂടി കൂട്ടിയെടുത്തത് അയാളുടെ മിടുക്കാണ്.. പിന്നെ ഭാഗ്യവും. തൊട്ടതൊക്കെ പൊന്നാക്കി അയാളുടെ ബിസിനസ്സ് സാമ്രാജ്യം വളർന്നുകൊണ്ടേയിരുന്നു..
"ഭഗവാനെ.. കാത്തുകൊള്ളണേ.. കൃഷ്ണ കൃഷ്ണ.."
കൃഷ്ണ വിഗ്രഹത്തിനു മുൻപിൽ അയാൾ ഭക്തിപൂർവ്വം തൊഴുതു. തിരക്കുകൾ ഉഴുതുമറിച്ചിടുന്ന ജീവിതം.. എങ്കിലും സകല നേട്ടങ്ങൾക്കിടയിലും നെട്ടോട്ടങ്ങൾക്കിടയിലും ഏക ആശ്വാസം അയാൾക്ക്‌ ഈ പൂജാമുറിയാണ്‌.

പ്രാർത്ഥന കഴിഞ്ഞ് അയാൾ പുറത്തേക്ക് ഇറങ്ങി.

വിശപ്പിന്റെ വിളി അയാളെ ഡൈനിംഗ് ഹാളിൽ എത്തിച്ചു.. വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണം അയാൾക്കുവേണ്ടി ഒരുക്കിവച്ച് ഭാര്യ രുക്മണി കാത്തുനില്ക്കുന്നു..
സ്നേഹത്തോടെ അവർ ഭർത്താവിന് വിളമ്പി കൊടുക്കുകയും തൃപ്തിയോടെ അയാൾ അത് കഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

"നിങ്ങൾ ഇന്ന് നേരത്തെ എത്തില്ലേ..?" ഒരു കഷണം പുട്ട് അയാളുടെ പാത്രത്തിലേക്ക് ഇട്ട് കറി ഒഴിച്ച് കൊടുക്കുമ്പോൾ  അവർ ചോദിച്ചു..

"ഉം.. എന്തേ..?" അയാൾ തല ഉയർത്താതെ തന്നെ അവരോട് ചോദിച്ചു.

"വൈകുന്നേരം കൃഷ്ണവേണിയും മോനും വരുന്നുണ്ടെന്നു പറഞ്ഞു.."

"ഓ..ഞാനത് മറന്നു... എനിക്കിന്ന് ഒരല്പ്പം തിരക്കുണ്ട്‌... എന്നാലും നേരത്തെ എത്താം.."
അയാൾ ഭക്ഷണം കഴിച്ച് എഴുന്നേറ്റു. കൈ തുടയ്ക്കുവാനുള്ള ടവ്വലുമായി അവർ അയാളുടെ പുറകിൽ കാത്തു നിന്നു.

നനച്ച അവിലിന്റെ മുന്നിൽ രവി തന്റെ ഇരുപ്പു തുടങ്ങിയിട്ട് കുറച്ചേറെ സമയം ആയിരിക്കുന്നു. ആട് അയാവിറക്കുന്നതുപോലെ അയാൾ അവിൽ ചവച്ചുകൊണ്ടിരുന്നു... ചവച്ചു ചവച്ച് വായ മടുത്തപ്പോൾ അയാൾ തീറ്റ നിർത്തി പതിയെ എഴുന്നേറ്റു.
"അതില് ആകെ ഇത്തിരിയല്ലേ ഉണ്ടായിരുന്നുള്ളൂ.. നിങ്ങളതും ബാക്കിവച്ചോ രവിയേട്ടാ..?" അവൾ അയാളോട് ചോദിച്ചു.
"ങാ മതിയെടി. നീ ഇത്തിരി വെള്ളം ഇങ്ങെടുത്തെ."
അയാൾ വാ കഴുകി പുറത്തേക്കു നീട്ടി തുപ്പി.

"നീ ഇന്ന് എവിടേലും പോണുണ്ടോ..?"


"ഞാനും ഇന്ന് അങ്ങോട്ടാ വരുന്നത്.. രുക്മണിയുടെ മോളും കുട്ടിയും വരുന്നുണ്ടത്രേ.. വീടൊക്കെ ഒന്ന് തുടച്ചിടണം എന്ന് പറഞ്ഞിരുന്നു."
"ഉം.. സാധനങ്ങൾ എന്തേലും മേടിക്കാൻ ഉണ്ടെങ്കിൽ ഷണ്മുഖന്റെ കടേന്ന് മേടിച്ചോ.."
"ഉം.." മഞ്ഞു പൊഴിഞ്ഞു വീണുകിടക്കുന്ന ഇടവഴിയിലൂടെ അയാൾ നടന്നകലുന്നതും അവസാനം ഒരു നേർരേഖയായി തീരുന്നതും നോക്കി അവർ അവിടെത്തന്നെ നിന്നു.

നടക്കുംതോറും തന്റെ വഴിയുടെ നീളം കൂടിക്കൂടി വരുന്നതായി അയാൾക്ക്‌ തോന്നി.
അയാളുടെ തേയ്മാനം വന്ന ചെരുപ്പിനിടയിൽകൂടി ഇടയ്ക്കിടെ ഭൂമി ആകാശത്തെ നോക്കി ചിരിച്ചു.. ഒടുവിൽ കൃഷ്ണവിലാസം വീടിന്റെ മുൻപിൽ അയാളുടെ യാത്ര അവസാനിച്ചു. വലിയ ഗേറ്റ് തള്ളിത്തുറന്ന് പതിയെ അയാൾ അകത്തേക്ക് കയറി.

നൈറ്റ്‌ ഡ്യൂട്ടിയും കഴിഞ്ഞ് സെക്യൂരിറ്റി റൂമിൽ രവിയുടെ വരവും കാത്ത് അക്ഷമനായി നില്ക്കുകയായിരുന്നു മാധവൻ. രവിയെ കണ്ടതും അയാളുടെ മുഖത്ത് ആശ്വാസം.. ഇനി ഡ്യൂട്ടി അയാളെ ഏൽപ്പിച്ചിട്ട് തനിക്കു പോകാം. അയാൾക്ക്‌ ഇന്നലെ ഒരുപോള കണ്ണടയ്ക്കാൻ പറ്റിയട്ടില്ല.. ഉറക്കച്ചടവ് അയാളെ വല്ലാതെ അസ്വസ്ഥനാക്കികൊണ്ടിരുന്നു.
"താൻ എന്തേ ഇന്ന് വരാൻ താമസിച്ചത്..?" സെക്യൂരിറ്റി യൂണിഫോം മാറ്റി ഷർട്ടിന്റെ ബട്ടൻ ഇടുമ്പോൾ അയാൾ ചോദിച്ചു.
"വരുന്നവഴി എനിക്ക് ഒരിടത്ത് കേറാൻ ഉണ്ടായിരുന്നു. താൻ പൊയ്ക്കോ.. വൈകുന്നേരം കാണാം."
മാധവൻ തിടുക്കത്തിൽ ഗേറ്റുകടന്ന് പുറത്തേക്ക് നടന്നു.

സെക്യൂരിറ്റി യൂണിഫോം ധരിച്ച് രവി പുറത്തേക്ക് ഇറങ്ങി. വൈകുന്നേരം മാധവൻ വരുന്നതുവരെ ഇനി വീടിന്റെ ഉത്തരവാദിത്വം അയാൾക്കാണ്.
ചെടികൾ നനയ്ക്കണം, വീട്ടിൽ ഏതെങ്കിലും അതിഥികൾ എത്തിയാൽ അതിന്റെ വിവരങ്ങൾ മുഴുവൻ എഴുതിവയ്ക്കണം, മറ്റു സന്ദർശകർ എത്തിയാൽ വിവരങ്ങൾ തിരക്കണം, അത്യാവശ്യമെങ്കിൽ പുറത്തിറങ്ങി സാധനങ്ങൾ മേടിക്കണം.. അങ്ങിനെ നീണ്ടുപോകുന്നു ചുമതലകൾ..

പണികളൊക്കെ തീർത്ത് അയാൾ സെക്യൂരിറ്റി റൂമിൽ വന്നിരുന്ന് പത്രവായന തുടങ്ങി.
ഓരോദിവസവും മാറിമറിയുന്ന വാർത്തകൾ.. പീഡനങ്ങൾ, കൊലപാതകങ്ങൾ, പിടിച്ചുപറി, മോഷണം.. ആവർത്തനമാകുന്ന  വാർത്തകൾ.. ഓരോദിവസവും വാർത്തയിലെ കഥാപാത്രങ്ങളും സ്ഥലവും സന്ദർഭവും മാത്രം മാറിമറയുന്നു.. പേടിപ്പിക്കുകയും മനസ്സ് മരവിപ്പിക്കുകയും ചെയ്യുന്ന വാർത്തകൾ..
അസ്വസ്ഥതയോടെ അയാൾ പത്രം ചുരുട്ടി ഒരു വശത്തേക്ക് വലിച്ചെറിഞ്ഞു..

പുറത്ത് കാറിന്റെ ഹോണ്‍ ശബ്ദം. അയാൾ തിടുക്കത്തിൽ പുറത്തേക്ക് ഇറങ്ങി. മുതലാളിയാണ്. ബഹുമാനത്തോടെ അയാൾ വണ്ടിക്കരുകിലേക്ക് ഓടി. തിടുക്കത്തിൽ ഗേറ്റ് തുറന്നുകൊടുത്തു.

"രവീ.." കാറിൽ നിന്നു തല പുറത്തേക്കിട്ട് അയാൾ വിളിച്ചു..
"ഓ.." ബഹുമാനം ചാലിച്ച ഈണത്തിൽ അയാൾ വിളികേട്ടു.
"തന്റെ പെണ്ണിനൊരു ആലോചന വന്നത് എന്തായി.. വന്നവര് തീരുമാനം വല്ലതും പറഞ്ഞോ..?"
അയാളുടെ മുഖത്ത് ആശയറ്റവന്റെ നിർവികാരത തെളിഞ്ഞത് എത്ര വേഗത്തിലാണെന്ന് അയാൾ അറിഞ്ഞു.. ചിലരുടെ ജീവിതങ്ങൾ വായിച്ചെടുക്കാൻ ദേ.. ചുമ്മാതൊന്നു മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയാമതി.. നല്ല വെണ്ടക്കാ വലുപ്പത്തിൽ അതങ്ങിനെ എഴുതിവച്ചിട്ടുണ്ടാവും.

"കാശിന്റെ കാര്യം ഓർത്തിട്ടാണെങ്കിൽ താൻ വിഷമിക്കേണ്ടടോ.. എന്നതാന്നുവച്ചാൽ നമുക്കതങ്ങ് ചെയ്യാം.. എന്തേ.. പോരെ..?"

ആശ്വാസത്തിന്റെ വലിയൊരു കാറ്റ് എവിടെയോ നിന്ന് വീശിയടിക്കുകയും താൻ ആ കാറ്റിൽ കുളിരണിഞ്ഞ് തനിച്ചെവിടെയോ നിലക്കുന്നതായും അയാൾക്ക്‌ അനുഭവപ്പെട്ടു.

 ഇളം വെയിലിന്റെ ചൂടിലേക്ക് മടങ്ങിയെത്തിയ അയാളുടെ സ്വപ്‌നങ്ങൾ അകന്നുപോകുന്ന കാറിനൊപ്പം പതിയെ പറന്നുതുടങ്ങിയിരുന്നു..

മുഹമ്മദ്‌ റാഫിയുടെ മനോഹരമായ ഒരു ഗാനം കാറിനുള്ളിൽ മഴപോലെ പെയ്തിറങ്ങി.. പാട്ട് ആസ്വദിച്ച് തുടയിൽ താളം പിടിച്ചും പുറം കാഴ്ച്ചകളിലേക്ക് കണ്ണയച്ചും കാറിന്റെ പിൻസീറ്റിൽ കൃഷ്ണദാസ് ചാഞ്ഞിരുന്നു. ഇടയ്ക്കിടെ എതിരേ കടന്നുപോകുന്ന വാഹനങ്ങൾ.. വഴിയാത്രക്കാർ.. പച്ചപ്പണിഞ്ഞ നെൽവയലുകൾ.. കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അയാൾ പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണോടിച്ചുകൊണ്ടിരുന്നു.

"സാർ.. നമ്മൾ എങ്ങോട്ടാണ്..?" ഡ്രൈവർ തലതിരിച്ച് അയാളോട് ചോദിച്ചു.
"വേണു.. നമുക്കൊന്ന് രവിയുടെ വീട്ടിൽ കേറിയിട്ട് പോകാം.." അയാൾ പറഞ്ഞു.
"ശരി സാർ.." 
കാർ മുന്നോട്ട് നീങ്ങും തോറും അവരുടെ വഴി ചെറുതായി ചെറുതായി വന്നു.
കറുപ്പുനിറം ചാലിക്കാത്ത  നാട്ടുവഴി..
യൂണിഫോം ധാരികളായ കുട്ടികൾ ചിരിച്ചും കളിച്ചും നടന്നുപോകുന്നു.. അവരുടെ അതേ കുസൃതിയോടെ വഴിയിലെ പൊടിപടലങ്ങൾ കാറിനു പുറകെ പാഞ്ഞുകൊണ്ടിരുന്നു;  അയാളുടെ കാഴ്ച്ചകളെ മറയ്ക്കുന്നതുവരെ.

വേണുവിന് പുറകെ അപരിചിതമായ കൈവഴിയിൽ കൂടി അയാൾ നടന്നു. അൽപ്പം ദൂരെയായി രവിയുടെ വീട് കാണാം. പ്രണയത്തോടെ കാമുകനിലേക്ക്‌ ചാഞ്ഞുനില്ക്കുന്ന കാമുകിയെപ്പോലെ ആ വീടും ചാഞ്ഞു നിൽക്കുന്നു. എവിടെയൊക്കയോ ബലക്ഷയം സംഭവിച്ചിരിക്കുന്നു.. മേഞ്ഞുകെട്ടിയ സ്വപ്നമാണ് വീട്.. അയാൾ ഓർത്തു.
അറിയാതെ അയാളുടെ കണ്ണുകൾ നിറഞ്ഞുവന്നു.. തന്റെ സമ്പന്നതയെക്കുറിച്ച് ആദ്യമായി അയാൾക്ക്‌ വെറുപ്പ്‌ തോന്നി..
ഈ ദാരിദ്ര്യത്തിന് മുൻപിൽ എന്ത് മേന്മയാണ് തനിക്ക് അവകാശപ്പെടാനുള്ളതെന്ന് അയാൾ ആലോചിച്ചു.
ചെറിയ തടിപ്പാലവും കടന്ന് അയാൾ ആ വീടിന്റെ മുറ്റത്തെത്തി.. മുൻവശത്തെ വാതിൽ അടഞ്ഞുകിടക്കുന്നു..
ആളനക്കം പ്രതീക്ഷിച്ച് ഡ്രൈവർ ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചു.. പക്ഷെ ഒരിടത്തുനിന്നും പ്രതികരണം ഉണ്ടായില്ല.

"സാർ ഇവിടെ ആരുമില്ല. നമുക്ക് പോയാലോ..??"
ശൂന്യമായ മിഴികളോടെ അയാൾ ഡ്രൈവറെ നോക്കി. മനസ്സു മുഴുവൻ  രവിയേക്കുറിച്ചുള്ള ആശങ്കകളായിരുന്നു..
പാവം മനുഷ്യൻ.. ഒരു കാവൽനായയെപ്പോലെ തന്റെ വീടിന്റെ മുൻപിൽ എത്രകാലമായി അയാൾ നില്ക്കാൻ തുടങ്ങിയിട്ട്..
ഒരിക്കൽപോലും അയാളുടെ പ്രശ്നങ്ങളെക്കുറിച്ച് താൻ ചോദിക്കുകയുണ്ടായില്ലല്ലോ എന്നയാൾ ഓർത്തു..
മുണ്ടിന്റെ തല പൊക്കിപിടിച്ച് അയാൾ നടപ്പാലത്തിലൂടെ പതിയെ നടന്നു. പകുതിയെത്തിയപ്പോൾ അയാളുടെ കാലുകളിൽ ചെറിയൊരു വിറയൽ കയറിക്കൂടി.. ഒരു കൈ താങ്ങിന് അയാൾ ഡ്രൈവറുടെ നേരെ കൈ നീട്ടി. പക്ഷേ.. ഒന്നിനും സമയം കിട്ടിയില്ല. വഴുതിയ കാലുകളിൽ ശരീരം താങ്ങാൻ കഴിയാതെ അയാൾ താഴേക്ക്‌ പതിച്ചു.

"അമ്മേ.."
അയാളുടെ തൊണ്ടയിൽ നിന്ന് ഒരാർത്തനാദം പുറത്തേക്ക് തെറിച്ചു.
"അയ്യോ.. എന്നെ രക്ഷിക്കണേ.."
അയാൾ കിടന്ന കിടപ്പിൽ ഉറക്കെ നിലവിളിച്ചു. ശരീരത്തിൽ എവിടെയൊക്കയോ നിന്ന് വല്ലാത്ത വേദന അനുഭവപ്പെടുന്നു..
ആരൊക്കെയോ ഓടിവരുന്നു..
"കൃഷ്ണേട്ട.. എന്തുപറ്റി..  ഇങ്ങള് എങ്ങനാ വീണേ.. എഴുന്നേറ്റെ.." 
വേണുവിന്റെ ബലമുള്ള കയ്യിൽ പിടിച്ച് അയാൾ പതിയെ എഴുന്നേറ്റു. കണ്ണുതിരുമ്മി ചുറ്റിനും പകച്ചു നോക്കി..
തലയ്ക്കുമുകളിൽ പതിയെ തിരിയുന്ന ഫാൻ.. മങ്ങിയ വെളിച്ചം.. പുറത്ത് പട്ടിയുടെ നിർത്താതെയുള്ള കുര.. ഉറക്കത്തിനിടയിൽ സെക്യൂരിറ്റി മുറിയിലെ കട്ടിലിൽ നിന്ന്  താൻ വീണതാണെന്ന സത്യം അയാൾ പതിയെ ഉൾക്കൊണ്ടു.
ചിരിയടക്കാൻ പാടുപെട്ട് ഡ്രൈവർ വേണു അവിടെ നില്ക്കുന്നു.
പട്ടിയുടെ നിർത്താതെയുള്ള കുരകേട്ട് ആ വലിയ വീട്ടിലെ ലൈറ്റുകൾ തെളിഞ്ഞു.
വാതിൽ തുറന്ന് രവി മുതലാളി പുറത്തേക്കു ലൈറ്റ് നീട്ടിയടിച്ചു.
"കൃഷ്ണ.. നായ എന്തിനാ കിടന്നു കുരയ്ക്കുന്നതെന്ന് നോക്ക്.."
അയാൾ തിടുക്കത്തിൽ മുതലാളിയുടെ അരുകിലേക്ക്‌ ഓടി.
"ഒന്നുമില്ല സാർ.. ഞാനൊരു...." അയാൾ തലചൊറിഞ്ഞു..
നായ കുര നിർത്തുകയും വീട് വീണ്ടും ഇരുട്ടിനെ പുൽകുകയും ചെയ്തു.

രാത്രിയുടെ രണ്ടാം യാമത്തിൽ  തന്നെ കുളിരണിയിച്ച സ്വപ്നത്തെക്കുറിച്ച് അയാൾ ആശങ്കപ്പെട്ടു. ഫ്ലാസ്ക്കിൽ നിന്ന് ഒരു ഗ്ലാസ്‌ ചായയെടുത്ത് പതിയെ കുടിച്ചു തുടങ്ങിയപ്പോഴേക്കും വേണു വീണ്ടും ഉറക്കം പിടിച്ചിരുന്നു.
ഉറക്കം നഷ്ടമായ ഒരു രാത്രികൂടി അയാളുടെ മുൻപിൽ പാ വിരിച്ച് നീണ്ടുകിടന്നു; അയാളുടെ ജീവിതം പോലെ...

2013, നവംബർ 13, ബുധനാഴ്‌ച

ലഹരി

അലങ്കോലമായ ചിന്തകളിൽ,
മരണത്തിന്റെ ഞരമ്പുകൾ മാത്രം 
തടിച്ചു കിടക്കുന്നു..
ഒരിക്കൽ അവയിലൂടെ ഒഴുകിയ
പ്രണയത്തിന്റെ രക്തം
ഞാനറിയാതെ
എന്നോ വറ്റിപ്പോയിരിക്കുന്നു. 

ആരവമില്ലാതെ എന്റെ അരങ്ങുകൾ
ശൂന്യമായിക്കിടക്കുന്നു.
പുതിയ കാഴ്ച്ചകൾ തേടി
കാണികൾ പോയ് മറയുമ്പോൾ,
മരണത്തിന്റെ കയ്യടിശബ്ദം മാത്രമാണ്
എന്നുമെന്റെ കാഴ്ച്ചക്കാരൻ..

ഉയരുവാൻ യവനികയില്ലാത്ത
ജീവിത നാടക വേദിയിൽ നിന്ന്,
മരണത്തിന്റെ രുചിയുള്ള
അക്ഷരങ്ങളെ ഞാൻ ചവച്ചു തുപ്പുന്നു.

മരണത്തിന്റെ തടിച്ച ഞരമ്പുകൾ
ഇനിയും എന്റെ സിരകളിൽ
ലഹരി ചുരത്തട്ടെ.. 

2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

ചില സദാചാര ദുഃഖങ്ങൾ

വെറുതേ പിഴച്ചുപോയ് നാവ്..
അവനെയും ഇവനെയും നിന്നേയുമൊക്കെ
തേജോവധം ചെയ്തു ചെയ്തങ്ങിനെ..

വെറുതേ പിഴച്ചുപോയ് മനം..
അവളെയും ഇവളെയും നിന്നേയുമൊക്കെ
അനുവാദം ആരായാതിണ-ചേർത്തുമങ്ങിനെ..

ദൃഷ്ടിയിൽ നിൻ നടപ്പും എടുപ്പും
മൃദുല ഭാഗങ്ങളും
നോക്കി  ഭോഗിച്ചെന്റെ കണ്ണും പിഴച്ചുപോയ്..

എങ്കിലും വേണ്ടില്ല,
കപട സദാചാര പൊയ്മുഖം പൂശിഞാൻ
നിന്നെ തറയ്ക്കുവാൻ മുന്നേ ഇറങ്ങട്ടെ.

2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

ആവാം ചിലപ്പോൾ ജീവിതമിങ്ങിനെയൊക്കെ..

ഇന്നലെകളോടുള്ള കടം വീട്ടലാണ് ഇന്നെന്റെ ജീവിതം.
നാളെയോടുള്ള കടമയാണ് ഇന്നെന്റെ ജീവിതം.
എങ്കിലും വീഴ്ച്ചകൾ നിരവധി..
എത്രയൊക്കെ കരുതലെടുത്താലും
അതിങ്ങിനെ തുടർന്നുകൊണ്ടേ ഇരിക്കും; മരണം വരെ.

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

ജനനവും മരണവും

മരണത്തെകുറിച്ച് ഏറെ വാചാലനാവണമെന്നുണ്ട്. 
പക്ഷെ.. മരണത്തിന്റെ മരവിച്ച തണുപ്പിനെക്കുറിച്ച്
ഞാൻ അജ്ഞനാണ്..
ജനനത്തെക്കുറിച്ച് അതിലേറെ വാചാലത എന്നെ ഭ്രാന്തു പിടിപ്പിക്കുന്നു;
എന്നാൽ അവിടെയും ഞാൻ പരാജയം ഏറ്റുവാങ്ങുന്നു...
കുഞ്ഞിന്റെ കുരുന്നു കണ്ണുകൾ ശൂന്യതയിലേക്ക് തുറന്നിരിക്കുന്നു.. എന്നാൽ അവന്റെ മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ ഉണർന്നിരിക്കുന്നു.. ഉറങ്ങുമ്പോൾ പോലും അവൻ (അവൾ)കൊഞ്ചി ചിരിക്കുന്നത് നിങ്ങൾ കാണാറില്ലേ..??
വാക്കുകൾ മനസ്സിൽ ശൂന്യത തീർക്കുന്ന അവസ്ഥയാണ് ജനനവും മരണവും.

2013, ഒക്‌ടോബർ 18, വെള്ളിയാഴ്‌ച

യക്ഷികൾ..

യക്ഷികൾ അന്തി മയങ്ങാത്തൊരാ-
ഒറ്റ പനച്ചുവട്ടിലായ്
ഇത്തിരിനേരം സ്വസ്ഥം മയങ്ങുവാൻ
എനിക്കേറെ - ഉണ്ടേറെ മോഹം..

ഇത്തിരി രക്തവും മാംസവും
ശേഷിപ്പൊരെൻ മേനിയിൽ,
ഊറ്റുവാൻ ഉള്ളോരു പ്രണയത്തെ
അറിയാതെ ഊറ്റയാണ് നീ
വീണ്ടുമെൻ രക്തവും മാംസവും.

ഇനി നീ ഊറ്റുക ഏറെയെൻ പ്രണയത്തെ..
ഉൾക്കൊൾക ഏറെയെൻ  ഹൃദയത്തെ..
മൃത്യു നീ നല്കിലും പ്രിയതേ
അറിയുക ഞാൻ നിനക്കാരായിരുന്നെന്ന്.

2013, ഒക്‌ടോബർ 16, ബുധനാഴ്‌ച

തള്ളയും പിള്ളയും

അഞ്ചുതെങ്ങുള്ളോരു-
കുഞ്ചന്റെ വീട്ടിൽ
അഞ്ചാമനായ് ഞാൻ പിറന്നു.
അഞ്ചിൽപ്പരം നേരം വാരിയൂട്ടി,
അമ്മ കൊഞ്ചിച്ചു കൊഞ്ചിച്ച് പോറ്റി..

തഞ്ചത്തിലങ്ങനെ കൊഞ്ചി വളരവേ
വീട്ടിൽ ആറാമതൊന്നുകൂടായി..
മൊഞ്ചത്തിയായൊരു വാവയെ കണ്ടപ്പോൾ
തള്ള തഞ്ചത്തിലെന്നേ മറന്നു. :-/

2013, ഒക്‌ടോബർ 14, തിങ്കളാഴ്‌ച

ഒരു വാർദ്ധക്യ ചരിതം

ഒറ്റപ്പാലത്തുള്ളൊരു ചിറ്റപ്പൻ
ആളൊരു ഒറ്റതടിക്കാരൻ വല്യപ്പൻ.
ഒറ്റമുണ്ടിൻ തല പൊക്കി,
എന്നും ചുറ്റിയടിക്കാൻ ഇറങ്ങും.
ഒറ്റനിരപല്ലുകാട്ടി, കക്ഷി
പഞ്ചാര പുഞ്ചിരി തൂവും.

നല്ല തരുണീ മണികളേറെ,
ഒത്തുകൂടും നാൽ കവലയ്-
ക്കൊത്തവശം നോക്കി എന്നും
അങ്ങേർ ഒറ്റയിരുപ്പങ്ങിരിക്കും.

കവലയിലങ്ങിനെയെന്നും
നീണ്ട ശകടങ്ങൾ എത്തും..
ഒറ്റബെല്ലിൽ അവ നില്ക്കെ,
ഏറെ തരുണികൾ കേറും;
അതിലേറെ തരുണികൾ എത്തും.

ബീഡി പുക വലിച്ചാശാൻ- 
എല്ലാം മറന്നങ്ങിരിക്കും..
ഏറെ പണിപ്പെട്ടു കണ്ണ്
തള്ളി തുറിച്ചങ്ങിരിക്കും.

ഒത്ത രസമുള്ള ചന്തം-
മന്ദം നടന്നുപോകുമ്പോൾ,
ഒറ്റ ശ്വാസം പിടിച്ചാശാൻ-
ഒറ്റയിരുപ്പങ്ങിരിക്കും.

അങ്ങിനെ അന്നൊരു തിങ്കൾ..
കവലയിൽ ശകടവും കാത്ത്
ഏറെ തരുണികൾ എത്തി..

ലാസ്യവതികളെ നോക്കി,  
അങ്ങേർ ആഞ്ഞു പുകച്ചുരുൾ ഊതി
ആനന്ദം കൊണ്ടങ്ങ്‌ നില്ക്കെ,
തൊണ്ടയിൽ കെട്ടിയ കുത്തൽ
വില്ലൻ ചുമച്ചങ്ങ് ചാടി.

അഞ്ചെട്ടു വട്ടം ചുമയ്ക്കെ
ആശ്വാസം തെല്ലുള്ളിൽ തോന്നി.
മെല്ലെ കിതച്ചും പകച്ചും
ചുറ്റും തിരിഞ്ഞയാൾ നോക്കി..

അമ്പിളി അംബിക രാജി,
ഷാപ്പിലെ രാമന്റെ രാധ..
കൂടെ കുലുങ്ങി ചിരിപ്പൂ
കൂട്ടത്തിൽ ഉള്ളവർ എല്ലാം..

കാര്യമറിയാതെ പാവം
ആദ്യം പകച്ചങ്ങു നിന്നു..
പിന്നെ തിരച്ചറിഞ്ഞയ്യോ കഷ്ടം,
റോഡിൽ കിടന്നു ചിരിപ്പൂ-
നാളികേര പൂള് പോലെ
ഒരു സെറ്റ് പല്ലിന്റെ കൂട്ടം.

ഇത്തിരി സങ്കടം തോന്നി..
കണ്ണുകൾ ഈറനണിഞ്ഞു..
പിന്നെ ശങ്ക മറന്നാ പാവം
പല്ലുകൾ തപ്പിയെടുത്തു;
തന്റെ നിക്കറിൻ കീശയിലിട്ടു.

പിന്നെ പല്ലുകൾ ഇല്ലാതെ പാവം
തന്റെ മോണകൾ  കാട്ടി ചിരിച്ചു;
കൈകുഞ്ഞിനെ പോലെ ചിരിച്ചു.

2013, ഒക്‌ടോബർ 12, ശനിയാഴ്‌ച

തൊട്ടിലുകൾ ആട്ടുമ്പോൾ..

-കഥ-
അവന്റെ എല്ലാ ഉയർച്ചകൾക്ക് പിന്നിലും അവളായിരുന്നു.. എന്നിട്ടും അവൾക്ക് അവൻ, സമൂഹമധ്യത്തിലേക്ക് പിഴച്ച് പെറ്റുവീണ ഒരോമന കുഞ്ഞിന്റെ ആരാരും അറിയാത്ത ഒരച്ഛൻ മാത്രമായി അവശേഷിച്ചു.

തമ്മിലകലങ്ങൾ

കഥ-
"നിന്റെ ശരീരത്തിലും കുറേശെ ചുളിവുകൾ വീണു തുടങ്ങിയിരിക്കുന്നു."
അവളെ തന്നിലേക്ക് ചേർത്ത് പിടിച്ച്, മുടിയിഴകളിൽ കൂടി പതിയെ വിരലോടിക്കവേ അയാൾ അവളുടെ കാതുകളിൽ പതിയെ ഒന്ന് കടിച്ചിട്ട് പറഞ്ഞു.

"ഉം.. എനിക്കിപ്പോഴും പതിനെട്ട് ആണെന്നാ നിങ്ങടെ വിചാരം..?" പ്രാവിനെപ്പോലെ അവളൊന്നു കുറുകി. തെല്ലു പരിഭവത്തോടെ അയാളുടെ കരവലയത്തിൽ നിന്ന് ചിണുങ്ങി.
അവളുടെ പരിഭവങ്ങളെ ഒരു ചുംബനം കൊണ്ട് അയാൾ ഒപ്പിയെടുത്തു. നാണത്തിൽ കുതിർന്ന അവളുടെ മന്ദഹാസം അയാൾക്ക്‌ വീണ്ടും വീണ്ടും യുവത്വം നല്കികൊണ്ടിരുന്നു..
കാലമങ്ങിനെ നരയായും ചുളിവായും അവരിൽ രൂപമാറ്റം വരുത്തിയിട്ടും അവർ കാമുകീ കാമുകന്മാരെ പോലെ അന്യോനം പ്രണയിച്ചുകൊണ്ടേയിരുന്നു..

അപ്പോൾ അതേ വീടിന്റെ മേൽക്കൂരയ്ക്കു കീഴിൽ  മറ്റു രണ്ടുപേർ അസ്വസ്ഥരായി  ഉറങ്ങാതെ ഇരിക്കുകയായിരുന്നു.ഒത്തിരിക്കാലം പ്രണയിച്ച് ഇത്തിരി നാൾ മുൻപേ ഒരുമിച്ചവർ  എങ്ങിനെ പരസ്പ്പരം പിരിയാം എന്നതിനെ കുറിച്ച് തലപുകഞ്ഞ് ആലോചിക്കുകയായിരുന്നു. മനസ്സുകൊണ്ട് പിരിഞ്ഞവർക്കിടയിൽ ശരീരങ്ങളുടെ അകലം മാത്രമിനി ബാക്കി.

2013, ഒക്‌ടോബർ 3, വ്യാഴാഴ്‌ച

ചിന്താക്ഷരങ്ങൾ..

എന്നെക്കുറിച്ചെന്ത്‌ ചിന്തിപ്പിലും നന്ന്,
നിന്നെക്കുറിച്ചൊന്ന് ചിന്തിപ്പതല്ലേ..?
--------------------------------------------------------------
NB: സ്വയം വിലയിരുത്തുക

2013, ഒക്‌ടോബർ 2, ബുധനാഴ്‌ച

ബന്ധനം

ഒരു കൂട് കൂട്ടേണം..
അതിലെനിക്കേകനായ് കാലമേറെ കഴിയേണം..
ഒടുവിലെന്നെങ്കിലും എത്തുമേതോ-
കരുണ പൂത്ത കയ്യാലെന്നെ
കൊളുത്തകത്തി പറഞ്ഞയക്കവേ, 
നിത്യ സ്വാതന്ത്ര്യം നുകരേണം.
അങ്ങിനെ ഞാനുമറിയട്ടെ
നിൻ ബന്ധനത്തിന്റെ വേദന.

2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

ചോരയും ജാതിയും

ജാതി പൂണ്ട ചിന്തകൻ
സ്വ ജാതിയെ പുകഴ്ത്തവേ,
*തൻ- ചോരവാർന്ന കുഞ്ഞുമായ്
അവർണ്ണനായ് പിറന്നവൻ
നൂറു കാതം താണ്ടുന്നു.
--------------------------------------------
Note:
*തൻ = ചിന്തകന്റെ കുഞ്ഞ് .

2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

ആദാമിന്റെ സന്ദേഹങ്ങൾ


ആദാമിനേതുമില്ലായിരുന്നാശങ്ക;
അന്നവൻ ഏകനായിരുന്നു.

ഉണ്ടുറങ്ങാനിടം മണ്ണിലേറെ..
മീനുകൾക്കൊപ്പം നീന്തി തുടിക്കുവാൻ
ടൈഗ്രീസ്
നദിയിലന്നേറെ ജലം.

*നാല് ജലാശയ തീരത്തുകൂടവൻ
അല്ലലേതുമില്ലാതലഞ്ഞു..
ഏദന-ന്നേകനാം മർത്യനേകീടുവാൻ
എകാന്തതയ്ക്കീണം
പകർന്ന് നല്കി.

ഒന്നുമില്ലാതിരുന്നിട്ടും അന്നവൻ
ലജ്ജയേതും അറിഞ്ഞിരുന്നില്ല.
അന്നവനേതോ പകൽക്കിനാവിൽ,
ഗാഢനിദ്ര പൂണ്ടു മയങ്ങവേ-
ദൈവം, വാരിയെല്ലൂരി നാരിയെ സൃഷ്ടിച്ചു.

പൂണ്ടുറക്കം വിട്ടുണർന്നപ്പോൾ
ചേല ചുറ്റാതൊരു രൂപം..
തമ്മിലേറെ നോക്കിയിരുന്നവർ
കണ്‍കളിൽ ഏറെ പ്രണയം നിറച്ചു;
ഏദനില്‍ അന്നാദ്യമായ്‌ പാപം ജനിച്ചു.

നാരിയെ നരനോട് ചേർത്തതിൽ പിന്നെ-
സ്രഷ്ടാവും സൃഷ്ടിയും
സന്ദേഹമില്ലാതുറങ്ങിയട്ടില്ല.


________________________________________________
കുറിപ്പ്: *തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി ദൈവം സൃഷ്ടിച്ചു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു. പിഷോണ്‍, ഗിഹോണ്‍, ടൈഗ്രീസ്, യൂഫ്രെട്ടീസ് എന്നിങ്ങനെ നാല് പേരുകളിൽ അവ അറിയപ്പെടുന്നു.
കടപ്പാട്: ബൈബിൾ