2015, ഏപ്രിൽ 24, വെള്ളിയാഴ്‌ച

ഉപ്പ


മേലനങ്ങാതിരുന്നു-
ണ്ടിട്ടാണോന്നറീല്ല,
ഊണിനൊരു രുചിക്കുറവെന്നുപ്പ.

സാരമില്ലുപ്പ; ആയകാലത്ത-
റബിനാട്ടിൽ, നീരേറെ ഊറ്റിയതല്ലേ..
ഇനി മേലനങ്ങാതിരുന്നുണ്ടോളൂ
എന്ന് മോൻ..

ഓർമ്മകളിൽ മണലുരുകുകയും
ദേഹം വിയർക്കുകയും ചെയ്തപ്പോൾ
ഉപ്പാന്റെ ഊണിന് വീണ്ടും രുചിയേറി.
പാവമുപ്പ..

2015, ഏപ്രിൽ 16, വ്യാഴാഴ്‌ച

മതിൽ

നീയൊരു ലോകം പണിയവേ,
ഞാനൊരു മതില് തീർക്കുകയായിരുന്നു.

യുദ്ധങ്ങളുള്ള വലിയ ലോകത്തേക്കാൾ
എനിക്കേറെയിഷ്ടം
യുദ്ധങ്ങളില്ലാത്ത ചെറിയ മതിൽക്കെട്ട്‌ തന്നെ.

2015, ഏപ്രിൽ 13, തിങ്കളാഴ്‌ച

ഉണ്ട് നിറഞ്ഞവർക്കായി..

മക്കളുറങ്ങിയശേഷം
ഉണ്ണാനിരിക്കാമെന്ന്
അമ്മ അച്ഛനോട്
പറയുന്നതിന്റെ സൂത്രം
പിന്നെയാണ് പിടികിട്ടിയത്..

വറ്റില്ലാ കലത്തിൽ നിന്ന്
ഉണ്ട് നിറയ്ക്കുന്ന മാന്ത്രികവിദ്യ
ഞങ്ങൾ കാണാതിരിക്കാൻ..

തെരുവ്..

തെരുവിലൂടെ സുന്ദരിയായ ഒരു പെണ്ണ് ഒറ്റയ്ക്ക് നടന്നുപോകുന്നു..
പിന്നിലൊരാണ്‍കണ്ണ്, അവളുടെ നടപ്പിനുമെടുപ്പിനും പിന്നാലെ പാഞ്ഞ് ഒരു പ്രത്യേകതരം ശബ്ദം പുറപ്പെടുവിച്ചു;
വൗ..!! 

പിന്നെ അതൊരുപറ്റം ആണ്‍ കണ്ണുകൾ ഏറ്റുപിടിച്ചു.
അങ്ങിനെ തെരുവിൽ വീണ്ടുമൊരു പട്ടികുര രൂപപ്പെട്ടു.

"ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..   ബൗ..
-------------" 

2015, ഏപ്രിൽ 12, ഞായറാഴ്‌ച

ഉത്തരം

ഓർമ്മകൾ മനസ്സിൽ
വിത്ത് പാകിതുടങ്ങിയ കുട്ടിക്കാലത്ത്,
കൃത്യമായി ഉത്തരം കിട്ടാത്ത ഒരു ചോദ്യവും
അയാൾ മനസ്സിൽ സൂക്ഷിച്ചിരുന്നു;
ഒരാൾ ജനിക്കുന്നത് എന്തിനായിരിക്കും..??

കാലം വൃദ്ധവേഷം കെട്ടിച്ച്
മരണത്തെ  മാത്രം സ്വപ്നംകണ്ട് കിടക്കാൻ
ശീലിപ്പിച്ച ദിവസങ്ങളിലൊന്നിലാണ്‌
അതിനുള്ള ഉത്തരം അയാൾക്ക്‌ കിട്ടിയത്;
ഒരാൾ ജനിക്കുന്നത് മരിച്ചുപോകാൻ വേണ്ടി മാത്രമാണ്!!

2015, ഏപ്രിൽ 8, ബുധനാഴ്‌ച

മണ്ണ്

പച്ചമണ്ണിൻ നനഞ്ഞ മണമുള്ള-
ആറടി മണ്ണും അന്ന്യമായി..
കാലേകൂട്ടി പണിത കുഴിമാടങ്ങളിലെല്ലാം
ആരോ വെള്ളപൂശിയിരിക്കുന്നു.

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

ഒരു പെസഹായുടെ ഓർമ്മയ്ക്ക്

കഴുകി ചുംബിച്ച പാദങ്ങളിൽ, കരുണ തുളുമ്പുന്ന കണ്ണുകളിൽ നിന്ന് കണ്ണുനീർ വീണ് പൊള്ളലേറ്റവൻ ഞാൻ...

പാപഭാരം പേറുന്ന എന്റെ പാദങ്ങളിൽ വചനം വിതച്ച ചുണ്ടുകളാൽ സ്നേഹപൂർവ്വം ചുംബിച്ചപ്പോൾ ഹൃദയത്തിന്റെ ആഴങ്ങളിൽ മുറിവേറ്റവൻ ഞാൻ..

എന്നിട്ടും.. എന്നിട്ടും മുപ്പതു വെള്ളിക്കാശിന്റെ കിലുക്കം നോക്കി സ്വന്തം ഗുരുവിനെ നിർദയം ഒറ്റിക്കൊടുത്തവൻ ഞാൻ..
അതെ... ഞാൻ തന്നെ.. യൂദാസ്...

എനിക്ക് ചിലകാര്യങ്ങൾ നിങ്ങളോട്  പങ്കിടാനുണ്ട്... എന്റെ ഹൃദയ വ്യഥകളുടെ കഥ.. എന്നിൽനിന്നും നിന്നിലൂടെ, ഇന്നും തുടർന്നുകൊണ്ടിരിക്കുന്ന വഞ്ചനകളുടെ കഥ..

അന്ന്..
ആ പെസഹാ രാത്രിയുടെ യാമങ്ങളിലൊന്നിൽ അത്താഴമേശയ്ക്ക് ചുറ്റും ഗുരുവിനൊപ്പം ഞങ്ങൾ പന്ത്രണ്ട്  ശിഷ്യന്മാരും ഒന്നിച്ചിരിക്കെ എന്റെ അരക്കെട്ടിൽ ആരുമറിയാതെ ഞാൻ ഒളിപ്പിച്ചു വച്ച ഒരു കിഴിയുണ്ടായിരുന്നു; മുപ്പതു വെള്ളിക്കാശിന്റെ കനമുള്ള ഒരു വലിയ കിഴി.

ഞാനൊഴികെ മറ്റെല്ലാവരും വലിയ സന്തോഷം അനുഭവിക്കുന്നുണ്ടായിരുന്നു.. ഗുരുവിനൊപ്പമുള്ള ഈ പെസഹാ വിരുന്ന് അവർക്ക്  അത്രയധികം ആനന്ദം നൽകിയതിൽ തെല്ലുമേ അതിശയോക്തിയില്ല.

നോക്കൂ.. അന്നവിടെ ഗുരുവിന് അഭിമുഖമായി ഇരിക്കുമ്പോഴും എന്റെയുള്ളിൽ രണ്ടു സംശയങ്ങൾ തമ്മിൽ യുദ്ധം ചെയ്യുകയായിരുന്നു.
എന്റെ വഞ്ചനയുടെ കാര്യം ഗുരു മനസ്സിലാക്കുമോ എന്നുള്ളത്, മറ്റൊന്ന് ഞാൻ തിരക്കിട്ട് എണ്ണിയെടുത്ത വെള്ളിനാണയങ്ങളുടെ എണ്ണം തെറ്റിയോ എന്നുള്ളത്..

ഒന്നാമത്തെ ചിന്തയെ അപേക്ഷിച്ച് രണ്ടാമത്തെ ചിന്ത എന്നെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു.

എന്റെ എണ്ണം തെറ്റിയോ..??
ആരും കാണാതെ ദൂരെ എവിടേക്കെങ്കിലും ഓടിപ്പോയി ഒന്നുകൂടി അവ എണ്ണി തിട്ടപ്പെടുത്താൻ എന്റെ ചഞ്ചലമായ മനസ്സ് വല്ലാതെ കൊതിച്ചുകൊണ്ടിരുന്നു..

പലപ്പോഴും അരക്കെട്ടിൽ ഒളിപ്പിച്ച പണക്കിഴിയിൽ എന്റെ കൈകൾ അലഞ്ഞുനടന്നു..
അതിൽ കൈതൊടുമ്പോൾ ഒരു പ്രത്യേകതരം അനുഭൂതി എന്റെയുള്ളിൽ വന്നു നിറയുന്നതുപോലെ ഒരുതോന്നൽ..
താളം തെറ്റിയ ഹൃദയതുടിപ്പിന്റെ ശബ്ദം പുറം ചുവരുകളിൽ തട്ടി പ്രതിധ്വനിക്കുകയും അത് മറ്റുള്ളവർ തിരിച്ചറിയുകയും ചെയ്യുമെന്നുള്ള ആശങ്ക.. എത്ര വിചിത്രമാണ് ചില സമയങ്ങളിൽ മനുഷ്യമനസ്സ്..
നോക്കൂ ഉൾഭയം മനുഷ്യനെ പലവിധത്തിലും സംശയാലുവാക്കികൊണ്ടിരിക്കും..


'നിങ്ങളിലൊരാൾ എന്നെ ഒറ്റിക്കൊടുക്കും'   എന്ന്  അത്താഴം കഴിച്ചുകൊണ്ടിരിക്കെ അവിടുന്ന്  പറഞ്ഞു ..!!
എങ്ങിനെയായിരിക്കും എന്റെ വഞ്ചനയെക്കുറിച്ച് ഗുരു അറിഞ്ഞത്..? ആരിൽനിന്നായിരിക്കും അവിടുന്ന് അതറിഞ്ഞിരിക്കുക..!!
അവിടുന്ന് അങ്ങിനെ പറഞ്ഞപ്പോൾ എന്റെയുള്ളിൽ തെല്ലും അപരധബോധം തോന്നിയിരുന്നില്ല. മറ്റെന്തൊക്കയോ വികാരവിചാരങ്ങളിൽ മനസ്സ് ഉഷറിനടക്കുകയാണ് ..
എണ്ണം തെറ്റിയോ.. വിലപേശിയതു കുറഞ്ഞുപോയോ..??
എന്റെ ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടലുകളിൽ വീണ്ടും വീണ്ടും അക്കങ്ങൾ  പിഴച്ചുകൊണ്ടേയിരുന്നു..

അവരുടെ അരികിൽനിന്നു പോന്നശേഷം ഞാൻ അതിവേഗം ഓടുകയായിരുന്നു.
ആ സമയം എന്റെയുള്ളിൽ ഒറ്റ ചിന്തയെ ഉണ്ടായിരുന്നൊള്ളു, നാണയത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തുക. കുറവുണ്ടെങ്കിൽ പുരോഹിതന്മാരുടെയും നിയമജ്ഞരുടേയും അടുത്ത് പോയി ഏതു വിധേനയും  എനിക്കവകാശപ്പെട്ട പണം മുഴുവനും മേടിക്കുക.

അന്ന് ആളൊഴിഞ്ഞ തെരുവോരത്തിരുന്നു എത്ര പ്രാവശ്യം ആ നാണയത്തുട്ടുകൾ ഞാൻ എണ്ണിയെന്ന് എനിക്കുതന്നെ നിശ്ചയമില്ല.. ഓരോതവണ എണ്ണികഴിയുമ്പോഴും സന്തോഷം കൊണ്ട് മതിമറന്ന് ഞാൻ തുള്ളിച്ചാടികൊണ്ടിരുന്നു..
എന്റെ എണ്ണം തെറ്റിയട്ടില്ല... എന്റെ എണ്ണം തെറ്റിയട്ടില്ല...


പിന്നിൽ ആരുടെയോ ഒക്കെ കാൽപ്പെരുമാറ്റം കേട്ട് ഞാൻ ഞെട്ടി..
ധൃതിയിൽ നിലത്തുനിന്ന് നാണയത്തുട്ടുകൾ വാരിയെടുത്ത്  വീണ്ടും അരയിലൊളിപ്പിച്ചു..

അത് അവരായിരുന്നു.. എന്റെ ഗുരുവിനെ ഒറ്റിക്കൊടുക്കാൻ ആരിൽ നിന്ന് ഞാൻ പണം വാങ്ങിയോ അവർ തന്നെ..
ആരോ നീട്ടിയ റാന്തൽ വിളക്കിന്റെ നേരിയ വെളിച്ചത്തിൽ എന്റെ മുഖത്തെ വിളർച്ച അവർ കണ്ടുകാണും ..
"യൂദാസ് .. നീ ഈ ഇരുട്ടിൽ തനിച്ചിരുന്ന് എന്ത് ചെയ്യുകയാണ്..??" അവരിലൊരാൾ എന്നോട് ചോദിച്ചു..
"നമ്മൾ കൊടുത്ത വെള്ളിനാണയങ്ങൾ കൊണ്ട്  അവൻ എണ്ണാൻ പഠിക്കുകയ.. ഹ ഹ ഹ.." അവരുടെ പരിഹാസം കൂട്ടച്ചിരിയിൽ അവസാനിച്ചു..


"യൂദാസ് നീ ഞങ്ങളുടെ ഒപ്പം വരൂ.. എന്നിട്ട് നിന്റെ കർത്താവിനെ ഞങ്ങൾക്ക് കാണിച്ചു തരിക.. ഊം വേഗം.."

ആരോ ബലമായി എന്റെ കൈകളിൽ പിടിച്ചു വലിച്ചു..  അവരുടെ ഒപ്പം ഗത്സെമനിയിലെ തോട്ടത്തിലേക്ക്  വലിച്ചിഴക്കപ്പെടുമ്പോൾ എത്രയുംവേഗം ഗുരുവിനെ ഇവർക്ക്  കാണിച്ചു കൊടുത്ത്   തന്റെ ജോലി തീർക്കണം എന്ന് ഞാൻ ആഗ്രഹിച്ചു.. അതോടെ ഞാൻ സ്വതന്ത്രനാകും...


ഒലിവുമലയിലെ സകലജീവജാലങ്ങളും സാക്ഷിനിൽക്കെ ഗുരുവിന്റെ സമീപത്തേക്ക് ഞാൻ പതിയെ നടന്നുചെന്നു..
എന്നിട്ട്  "ഗുരോ സ്വസ്തി" എന്ന് പറഞ്ഞ് അവിടുത്തെ കവിളിൽ മൃദുവായി ചുംബിച്ചു..
"എന്റെ മകനേ.. സ്നേഹത്തിന്റെ അടയാളമായ ചുംബനം കൊണ്ടാണോ നീ എന്നെ ഒറ്റിക്കൊടുക്കുന്നത്..?"
അവിടുത്തെ ശബ്ദത്തിന് തെല്ലുപോലും കുറ്റപ്പെടുത്തലിന്റെ ലാഞ്ചനയുണ്ടായിരുന്നില്ല.
കുറ്റബോധം കൊണ്ട് പെട്ടന്ന് എന്റെ ശിരസ്സു കുനിഞ്ഞുപോയി..

ഓടിയൊളിക്കാൻ എനിക്ക് ഒരിടംവേണം... ഒറ്റുകാരന്റെ വേഷം എത്രയും പെട്ടന്ന് അഴിച്ചു വെക്കണം..
പുരോഹിതന്മാരും നിയമജ്ഞരും ജനപ്രമാണികളും കൂടി തനിക്കു തന്ന ഈ പണക്കിഴി തിരികെ കൊടുക്കണം.. തന്റെ ഗുരുവിന്റെ കാലുകളിൽ വീണ് കണ്ണുനീരുകൊണ്ട്  ആ പാദങ്ങൾ കഴുകി മാപ്പ് ചോദിക്കണം..

ഓടിക്കിതച്ചാണ് ഞാൻ അവരുടെ സമീപം എത്തിയത്.
"ഇതാ നിങ്ങൾ തന്ന പണം.. എന്റെ ഗുരിവിനെ മോചിപ്പിക്കൂ.. " ഞാൻ അവരോടു ആവശ്യപ്പെട്ടു.

"ഹ ഹ..ഹ..
നിന്റെ പണം ഞങ്ങൾക്കിനി ആവശ്യമില്ല. അത് നീ എടുത്തുകൊള്ളുക.." അവർ പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു.

"ഇല്ല എനിക്കിത് വേണ്ട.. നിങ്ങൾ എന്റെ ഗുരുവിനെ ഉടനെ മോചിപ്പിക്കുക...." ഭ്രാന്തമായ ആവേശത്തോടെ ഞാൻ അലറിക്കരഞ്ഞു..

"നീ ഞങ്ങളെ വിട്ട് ദൂരെ പോകൂ....  നിന്റെ സഹായവും പണവും ഞങ്ങൾക്കിനി ആവശ്യമില്ല.." അവരിലാരോ എന്നോട് ഉറക്കെ പറഞ്ഞു.

"ഇതാ നിങ്ങളുടെ പണക്കിഴി.."
നിലത്തേക്ക് വലിച്ചെറിഞ്ഞ നാണയ തുട്ടുകളുടെ ചിതറിയ ഒച്ച  അവരുടെ അട്ടഹാസത്തിനോപ്പം അലിഞ്ഞുചേർന്നു..
ഒരു ഭ്രാന്തനെപ്പോലെ ഞാൻ തെരുവിലൂടെ ഓടി..
എന്നെ കടിച്ചു കീറാൻ പാഞ്ഞടുക്കുന്ന തെരുവുനായ്ക്കളുടെ ക്രൗര്യം നിറഞ്ഞ കുരയും കിതപ്പും എന്റെ കാലുകളെ പിന്തുടർന്നുകൊണ്ടിരുന്നു...

"ദൂരെ പോ നായ്ക്കളെ.." കല്ലുകൾ പെറുക്കി എറിഞ്ഞിട്ടും വിടാനുള്ള ഭാവം അവറ്റകൾക്ക് ഇല്ലാത്തതുപോലെ ..

ഒലിവുമലയുടെ താഴ്വരയിലൂടെ ലക്ഷ്യമില്ലാതെ ഞാൻ ഓടിക്കൊണ്ടിരുന്നു.. ആ കുന്നിൻ ചെരുവിൽ വാടിനിൽക്കുന്ന പൂവുകൾ പോലും എന്നെ ശപിക്കുന്നുണ്ടായിരുന്നു..

എനിക്ക് മരിക്കണം.. എനിക്ക് മരിക്കണം..
ഉയരം കുറഞ്ഞ മരക്കൊമ്പിൽ, കാലിന്റെ പെരുവിരൽ ഭൂമിയെ സ്പർശിക്കും വിധം എന്റെ ശരീരം തൂങ്ങിനിൽക്കണം..
അത് എന്റെ പാപത്തിന്റെ ശമ്പളമാണ്.. എന്റെ മാത്രം പിഴയുടെ വില.. എന്റെ മാത്രം പിഴയുടെ വില..

നോക്കൂ.. ഇന്നും ഭൂമിയിലാകെ ചിതറിക്കിടക്കുന്ന നാണയത്തുട്ടുകൾ കണ്ടോ..??
എനിക്ക് ശേഷവും ആരൊക്കെയോ വീണ്ടും വീണ്ടും എന്റെ ഗുരുവിനെ ഒറ്റിക്കൊടുത്തുകൊണ്ടിരിക്കുന്നു..
ഇവിടെയാകെ  *കുശവന്റെ ശവപ്പറമ്പുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു..

"യൂദാസ്.. യൂദാസ്..  നീ എന്തിനെന്നെ വീണ്ടും ഒറ്റികൊടുത്തു.. നോക്കൂ നിന്റെ തലമുറകളിലൂടെ ഞാനിതാ വീണ്ടും വീണ്ടും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.."

"എന്റെ കർത്താവേ.. എന്റെ ഗുരോ ..
അങ്ങ് കരയരുതേ.. ആ കണ്ണുനീർ വീണ് എന്റെ ഹൃദയം പൊള്ളുന്നു.."


"നീ കാണുന്നില്ലേ യൂദാസ്.. ഗാസയിലെ തെരുവീഥികളിൽ ചിതറിക്കിടക്കുന്ന കൊച്ചു കുഞ്ഞുങ്ങളുടെയും അമ്മമാരുടെയും ചലനമറ്റ ശരീരങ്ങൾ..??
ലിബിയൻ കടൽതീരത്തെ മണൽത്തരികളെയും സമുദ്രത്തെയും ചുവപ്പിച്ച രക്തപ്പുഴ..??
എവിടെയൊക്കെ നീതിമാന്റെ രക്തം ചിന്തപ്പെടുന്നോ അവിടെയൊക്കെ ഒരു ഒറ്റുകാരന്റെ വേഷവും ഞാൻ കാണുന്നു.. യൂദാസ്.. അത് നീ തന്നെ.. "

"എന്റെ കർത്താവെ.. എന്റെ ഗുരോ.."

''പ്രിയരേ ,
ഇതാ വീണ്ടുമൊരു പെസഹാ ദിനം കൂടി ആഗതമായിരിക്കുന്നു....
കളങ്കമില്ലാത്ത ഹൃദയത്തോടെ കർത്താവിന്  പെസഹ ഒരുക്കാൻ നമുക്ക് പോകാം.. ഹൃദയ നൈർമല്യത്തോടെ നമുക്കത്  ഭക്ഷിക്കാം..
ഇനിയും നാഥനെ ഒറ്റിക്കൊടുക്കാൻ എനിക്ക്  വയ്യ..  അവിടുത്തെ സന്നിധിയിൽ മുഖം മറയ്ക്കാൻ വയ്യ.."

എല്ലാവർക്കും ഹൃദയവിശുദ്ധിയുടെ, എളിമയുടെ  ഒരു പെസഹ ആശംസിക്കുന്നു..

*യൂദാസ്  വലിച്ചെറിഞ്ഞ നാണയങ്ങൾ കൊണ്ട്  കുശവന്റെ പറമ്പ് വാങ്ങി.
യെരൂശലേം സന്ദർശിക്കാൻ വരുന്ന പരദേശികൾ അവിടെവച്ച്  മരിച്ചാൽ അവരെ അടക്കം ചെയ്യാനാണ്   ആ ഭൂമി വാങ്ങിയത് എന്ന് പറയപ്പെടുന്നു.