2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ഞാന്‍ എന്നിലൂടെ തന്നെ യാത്രയാവുന്നു

ആരിലൂടെയോ മനസ്സ് പടിയിറങ്ങിപോകുന്നു ..
ആരൊക്കെയോ മനസ്സില്‍ ചിതയായ് ദഹിക്കുന്നു .
അതിലുറ്റവര്‍ കാണും ഉടയവരും ;
ബന്ധമേറി കൈകോര്‍ത്ത സ്നേഹിതരും .

മനസിലേക്ക്  ഇറ്റിറങ്ങുന്ന കണ്ണുനീര്‍ തുള്ളികള്‍ ,
പലവട്ടം ചിതകള്‍ അണയ്കാറുണ്ട് ..
പക്ഷെ..
കുമിളപോല്‍ വീണ്ടും ചിതകള്‍ മുളയ്ക്കുന്നു ..

ഇനി യാത്ര...
ഞാന്‍ എന്നിലൂടെ തന്നെ യാത്രയാവുന്നു ..
നീണ്ട വഴികളില്‍ ഏകനായ് , നിശബ്ധനായ് .

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

ഒരു പാട്ട്

ഞാന്‍ മറന്ന പാട്ട് ...
നീ മൂളിയ പാട്ട് ...
കണ്ടനാള്‍ ഒക്കെയും ചുണ്ടില്‍ വിരിഞ്ഞൊരു
മന്ദഹാസം നിന്റെ മൂളിപ്പാട്ട് ...

2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

ഇരുട്ടില്‍ കോറിയിട്ട കറുത്ത ചിത്രങ്ങള്‍...


ഇരുളിന്‍ മറവിലൊരു അറവുശാലയില്‍
ഞാനെന്റെ മാംസം വിലയ്ക്കുവെച്ചു .
അടിവയറിന്‍ ഇളം ചൂട് മാംസം,
പല വിലയിട്ട് പലരും പകുത്തെടുത്തു ..

ഇരുളിന്‍ മടിത്തട്ടില്‍ ..
പാമ്പിഴയും ഇടങ്ങളില്‍ ഒക്കെയും
പേടിയില്ലാതവര്‍ മാംസം തിന്നു ..
കീശയില്‍ കാശിന്‍ തുട്ടു തീരും വരെ
ആര്‍ത്തിയോടെന്നെ കാര്‍ന്നുതിന്നു ..
മേനിയില്‍ ആകെയും  കോറിവെച്ചു ...

ഇരുളിന്‍ മറവിലായ് പലവട്ടമങ്ങിനെ
എരിയും കനല്‍കുറ്റി വന്നുപോയി ..
പലവിയര്‍പ്പിന്‍ രൂക്ഷഗന്ധം..
മാറിലും വയറിലും പറ്റിനിന്നു.
അഴുക്കുചാലോരത്ത് അതിലും അഴുക്കായ,
ഞാനെന്റെ  ചേലകള്‍ വാരിച്ചുറ്റി .

വീട് ,

മാറിന്‍ ചൂടുതേടി കരയുന്ന കുഞ്ഞുണ്ട്‌  കൂരയില്‍..
മാറ് വറ്റി കാണും..
എങ്കിലും ...
കുഞ്ഞിന്  ഇറ്റു നല്‍കുവാന്‍ അല്‍പ്പമെങ്കിലും ബാക്കി കാണുമെന്‍ മാറില്‍ ;
കാണാതിരിക്കില്ല ...
കാരണം, ഞാനുമൊരു അമ്മയല്ലേ...!!

2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

2012, ജൂലൈ 20, വെള്ളിയാഴ്‌ച

അറിയുന്നില്ല ആരും ഒന്നും ...

മഴ അറിഞ്ഞില്ല പെയ്യുവാന്‍ ഇനിയെത്ര തുള്ളിയെന്ന് ...
പുഴയറിഞ്ഞില്ല ഒഴുകുവാന്‍ ഇനിയെത്ര ദൂരമെന്ന് ...
തിരയറിഞ്ഞില്ല തീരം പുണരുവാന്‍ ഇനിയെത്ര തിരകളെന്ന് ..
മിഴി അറിഞ്ഞില്ല പൊഴിയുവാന്‍ ഇനിയെത്ര ....

ദാഹം

ഞാനീ മരമിവിടെ ചിതയ്ക്കായ് ദാഹിക്കുന്നു ...
തരിയില്ല ഇലയെന്റെ കൊമ്പില്‍ ,
തണലായ്‌ വഴിയിലേക്കൊഴുകാന്‍ ...

2012, മേയ് 7, തിങ്കളാഴ്‌ച

ചില സത്യങ്ങള്‍

വവ്വാലിന് കൂട് പണിതു കൊടുത്തിട്ട്   കാര്യമുണ്ടോ...?
അത് പിന്നെയും മരത്തേല്‍  തലകീഴായെ കിടക്കു...
നമ്മളില്‍ പലരുടെയും കാര്യവും
ഇങ്ങിനെയൊക്കെ തന്നെയാണ് .

2012, മേയ് 5, ശനിയാഴ്‌ച

സ്വപ്ന സഞ്ചാരി

സൈബര്‍ ലോകത്തെ എഴുത്തുപുരയില്‍ ഇരുന്ന് ഞാന്‍ ഒരുപാട്  മണ്ടന്‍ സ്വപ്‌നങ്ങള്‍ കാണുന്നു; എല്ലാം ദിവാസ്വപ്നങ്ങള്‍.  

ചില നഷ്ടങ്ങള്‍ അങ്ങിനെയാണ് ..

ചില നഷ്ട്ടങ്ങള്‍ അങ്ങിനെയാണ്.. ഒരിക്കലും തിരിച്ചുകിട്ടണമെന്ന് ആഗ്രഹിക്കാന്‍ കഴിയില്ല;
കാരണം .. അതുചിലപ്പോള്‍ മറ്റൊരാളുടെ ഭാഗ്യമായ് തീര്‍ന്നിരിക്കും.

2012, മാർച്ച് 19, തിങ്കളാഴ്‌ച

അമ്മ

തല നരച്ച വാര്‍ദ്ധക്യമമ്മ
മുലയുടഞ്ഞ വാര്‍ദ്ധക്യമമ്മ
ഇരുചെവിതൂങ്ങി - കാതുകൂര്‍പ്പിച്ചും ,
കാഴ്ച മാഞ്ഞോരാ കണ്മുകളില്‍ വിറയേറ്റ കൈവെച്ചു കാഴ്ച്ചതേടിയും
ഉമ്മറപ്പടിയില്‍ കാല്നീട്ടിയിരിക്കും വാര്‍ദ്ധക്യമമ്മ .
അമ്മ ...
കുഞ്ഞിനെപോലെ പാദം മണ്ണിലൂന്നി പിച്ചവെച്ചും,
താങ്ങായി 'കാലൊന്നു' കയ്യിലൂന്നിയും, 
വേച്ചുനീങ്ങുന്നൊരു വളഞ്ഞരൂപം ; എന്‍ അമ്മ..
അമ്മ..
ജനനതാളം എന്‍ കാതില്‍മൂളിയ  വാത്സല്യ രാഗം..
മാറിലിറ്റ വാത്സല്യമൂട്ടി എന്നെ  വളര്‍ത്തിയ നന്മ്മ അമ്മ..

2012, മാർച്ച് 4, ഞായറാഴ്‌ച

മര്‍ക്കിടന്‍

മര്‍ക്കിടനെന്നു ഞാന്‍ സ്വയം ധരിക്കുകില്‍
 'വാല്‍' എന്തിനു വെറുതെ; നിന്നെ അറിയിക്കുവാന്‍ .

2012, ഫെബ്രുവരി 14, ചൊവ്വാഴ്ച

വിതുമ്പലുകള്‍

സഖി ..
നിന്നിലേക്കെനിക്ക് പ്രണയം തുറന്നുതന്ന ജാലക വാതില്‍ ഇന്നുമവിടുണ്ട്  ..
എന്റെ പ്രണയം കാത്തു നീ നിന്നൊരാ വാകമരതണലും അവിടെയുണ്ട് ..
പക്ഷെ...
നമുക്ക് പ്രണയം പറഞ്ഞുതന്ന ,
ആ ഇണകിളികളില്‍ ഒന്നിനെ മാത്രം കണ്ടില്ല .

വാഗ്ദാനങ്ങള്‍

ഭൂമിയുടെ വാഗ്ദാനം , എനിക്ക് ആറടി മണ്ണ് .
ഭൂമിക്കു തിരികെ നല്‍കും ഞാനതില്‍  മൂന്നടി മണ്ണ് ...
പാതിനീളമുള്ളോരെനിക്കെന്തിനു ആറടി മണ്ണ് ...?