2014, ഡിസംബർ 23, ചൊവ്വാഴ്ച

മനുഷ്യ ദൈവങ്ങൾ..

ഉണ്ടുറങ്ങാൻ കിടന്ന ദൈവത്തെ,
പണ്ടൊരുത്തൻ വിളിച്ചുണർത്തി -
തന്റെ ജാതിപ്പേര് വിളിച്ചു;
അങ്ങിനെ ദൈവത്തെ അവൻ 'ഒരുജാതി' ദൈവമാക്കി.

2014, ഡിസംബർ 22, തിങ്കളാഴ്‌ച

ചുംബനങ്ങൾ..

നൂറായിരം ക്യാമറ-കണ്ണിൻ വെളിച്ചത്തിൽ,
തെരുവിൽ ഒരായിരം പേർ ചുംബിക്കുവാൻ നിരന്നു.
അപ്പോൾ അട്ടപ്പാടിയിലെ ഏതോ ഒരമ്മ
പാട്ടവിളക്കിന്റെ വെളിച്ചം പോലുമില്ലാത്ത ഇരുട്ട് മുറിയിൽ
തന്റെ കുഞ്ഞിന് അന്ത്യചുംബനം നല്കുകയായിരുന്നു.

2014, ഡിസംബർ 13, ശനിയാഴ്‌ച

ലൈഫ് ...

പുഞ്ചിരിയിലൂടെ ഒന്നിച്ച് സഞ്ചരിക്കുമ്പോഴും
വഞ്ചനയിലേക്കൊരു കള്ളനോട്ടം
എപ്പോഴും നമ്മൾ ഒളിച്ചുവെക്കാറുണ്ട്..

2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

2014, സെപ്റ്റംബർ 13, ശനിയാഴ്‌ച

മുളക് ചമ്മന്തി

മൂടിയോരാ ചാരമൂതിമാറ്റി,
കനലൂതി പെരുപ്പിച്ചമ്മ-
ചുട്ടെടുത്തോരാ ചമ്മന്തി-
ക്കൊപ്പമെത്താൻ, നിങ്ങൾ-
ക്കാവില്ലൊരിക്കലും
ഫാസ്റ്റ് ഫുഡ്‌ രുചികളെ..

2014, ഓഗസ്റ്റ് 10, ഞായറാഴ്‌ച

ഒരു ലോകാവസാനത്തിന്റെ ഓർമ്മയ്ക്ക്‌


ഈ കഥയുടെ കാലം പഴയതാണ്.. എങ്കിലും ഈ  കഥയുമായുള്ള എന്റെ ബന്ധത്തിന് ഇപ്പോഴും ഒരു ഉറക്കത്തിന്റെ അകലം മാത്രം. വർഷം രണ്ടായിരത്തിലേക്ക് കുതിക്കാൻ വെമ്പുന്ന കാലം.. അന്നൊരു  പകൽ ഞാനും  കുറിഞ്ഞിപൂച്ചയും അടുക്കള വശത്ത് അമ്മയുടെ അരികിൽ ഇരിക്കുകയായിരുന്നു. കുറിഞ്ഞിപൂച്ച അമ്മ വെട്ടുന്ന മത്തിയുടെ തല തിന്നാനും ഞാൻ അമ്മ പറയുന്ന കഥ കേൾക്കാനും. മീൻ തല വെട്ടി കുറിഞ്ഞിക്ക് കൊടുത്തിട്ട് അമ്മ കഥയുടെ ബാക്കി ഭാഗംകൂടി  എന്നോട് പറഞ്ഞു;
"എന്തായാലും രണ്ടായിരാമാണ്ടിൽ ലോകം അവസാനിക്കും.. അന്ന് തീമഴ ആയിരിക്കും പെയ്യുക തീമഴ..  ഭൂമിയിൽ പിന്നെ യാതൊന്നും അവശേഷിക്കില്ല.. ഇനിയെങ്കിലും കുരുത്തക്കേട്‌ കാട്ടാതെ ദൈവ വിശ്വാസത്തിൽ ജീവിക്കാൻ നോക്ക്.. വെറുതെ കാളകളിച്ചു നടക്കാണ്ട്..
നീ ഇത്തിരി വെള്ളം ഇങ്ങോട്ട് ഒഴിച്ചേ...."  അമ്മ മീൻ വെട്ടലിലും കുറിഞ്ഞിപൂച്ച മീൻതല തീറ്റയിലും വ്യാപ്രിതയാകവേ പൊട്ടിയ നിക്കറിന്റെ ബട്ടന് പകരം കൈ ബട്ടണാക്കി ഞാൻ എഴുന്നേറ്റു.

ലോകം അവസാനിക്കാൻ പോകുന്ന ആ ദിവസം കണ്മുന്നിൽ സിനിമാ കളിച്ചു.. ഹോ. തീമഴ പെയ്യുമത്രേ..  അടുപ്പിലെ തീയും കനലും മാത്രം കണ്ടു ശീലിച്ച എനിക്കന്ന് ഉറങ്ങാൻ കഴിഞ്ഞില്ല.. അന്നെന്നല്ല ; അതിനു ശേഷം ഒരിക്കലും.
അന്ന് യോനാ പ്രവാചകന്റെ കാലത്ത് സകല ജീവജാലങ്ങളെയും പ്രളയത്താൽ നശിപ്പിച്ച ദൈവം, ഇനി ഒരിക്കലും പ്രളയത്താൽ  തന്റെ ജനതയെ നശിപ്പിക്കില്ല എന്നൊരു വാക്ക് കൊടുത്തിരുന്നു പോലും.. (ബൈബിളിൽ ഒള്ളതാ..) അതിനു പകരം 'തീമഴ...' ഹോ.. നല്ല ഓഫർ തന്നെ..!! ഇനി  ഒരിക്കൽക്കൂടി പ്രളയം സംഭവിച്ചാൽ സകല അണ്ടനും അടകോടനും നീന്തൽ പഠിക്കുമെന്നും നീന്തി രക്ഷപെടുമെന്നും നല്ല ബോധമുള്ളത് കൊണ്ടാണോ എന്നറിയില്ല അന്ന് ദൈവം അങ്ങിനെ പറഞ്ഞതെന്ന് ഇപ്പോൾ ഒരു സംശയം ഇല്ലാതില്ല .

മലമുകലിൽ നിന്ന് നാറാണത്തേട്ടൻ ഉരുട്ടിവിട്ട കല്ലുകൾ പോലെ കലണ്ടറിലെ ദിവസങ്ങളും മാസങ്ങളും ശരവേഗത്തിൽ കടന്നുപോയി.. അസ്ഥിമരവിക്കുന്ന തണുപ്പും പേറി ഡിസംബർ കടന്നുവന്നു.. ഭയത്തിന്റെ നെരിപ്പോടുകൾ കൊണ്ടും അടുപ്പിൻ ചുവട്ടിലെ തീകൊണ്ടും ഞാൻ എന്റെ ശരീരത്തിന് ചൂടുനല്കി.. കുരിശുവരയുടെ കാഠിന്യം മൂലം നെറ്റിയിൽ കുരിശാകൃതിയിൽ കാന രൂപപ്പെട്ടു. പള്ളിയിലെ മയമില്ലാത്ത കയറ്റുപായയിൽ മുട്ടുകുത്തിക്കുത്തി ഇനി വേണമെങ്കിൽ മുട്ട് കുത്തിയും നടക്കാൻ കഴിയും എന്ന അവസ്ഥയായി..
എങ്ങിനെ തീമഴയിൽ നിന്ന് രക്ഷപെടാം എന്ന വിഷയത്തിൽ സ്വയം പ്രബന്ധങ്ങൾ അവതരിപ്പിച്ച് അവതരിപ്പിച്ച് വേണമെങ്കിൽ ഈ വിഷയത്തിൽ ഡോക്ടറേറ്റും കിട്ടും എന്നായി. 

ലോകാവസാനത്തിന് ഇനി ഏകദേശം ഒരാഴ്ച്ച മാത്രം.. അന്നൊരുദിവസം കടയിൽ പോയിവന്ന ചാച്ചൻ പശുവിനുള്ള പിണ്ണാക്കിനും ഞങ്ങൾക്കുള്ള റേഷനരിക്കും ഒപ്പം രണ്ടായിരത്തിലെ കലണ്ടറും മേടിച്ചുവന്നു. 'ശെടാ.. ഈ പുള്ളി ഇതൊന്നും ഇതുവരെ അറിഞ്ഞില്ലേ..' ഒരു ആത്മഗതം മനസ്സിൽ നിന്ന് ചുണ്ടുവരെ വന്ന് തിരിച്ചുപോയി.. ഭിത്തിയിൽ തൂങ്ങിയ പുതിയ കലണ്ടർ തീമഴയിൽ നിന്ന് കത്തുന്നത് മനസ്സിൽ വെറുതെ സങ്കല്പ്പിച്ചു നോക്കി.. ഈ കാശിന് അപ്പനൊരു നാല് പഴംപൊരി മേടിക്കാരുന്നില്ലേ..!! ങാ ചിലപ്പോ അപ്പനിതൊന്നും അറിഞ്ഞുകാണത്തില്ലെന്ന് തോന്നുന്നു.. പറഞ്ഞാലോ.. ഓ അല്ലെങ്കിൽ പറയണ്ട.. എന്റെ സമാധാനമോ പോയി.. ഇനിയുള്ള കുറച്ചുദിവസം അപ്പനെങ്കിലും മനസമാധാനത്തോടെ ജീവിക്കട്ടെ.. പാവം. സഹതാപത്തോടെ ഞാൻ ചാച്ചനെ നോക്കി.. ചാച്ചൻ ഇതൊന്നും അറിയാതെ അടുത്ത മുറുക്കലിനുള്ള വട്ടം കൂട്ടി.

നാളെയാണ് ആ ദിവസം.. വലുതാകണമെന്നും പെണ്ണുകെട്ടണമെന്നും ഉള്ള മോഹം ഇതാ ഇന്നത്തോടെ തീരാൻ പോകുന്നു.. മുറ്റത്തിറങ്ങി വെറുതെ മാനത്തേക്ക് നോക്കി.. നാല് കാക്കകൾ മാനത്തൂടെ ചറപറ പറന്നുപോയി എന്നല്ലാതെ പ്രത്യേകിച്ച് അവിടെ മാറ്റങ്ങൾ ഒന്നും കാണാനില്ല. പകൽ അതിന്റെ അന്നത്തെ പണിയും തീർത്ത് കടന്നുപോയി.. കൊടും തണുപ്പിന്റെ അവസാനരാത്രി.. ലാസ്റ്റ് സപ്പറും കഴിച്ച് നെറ്റിയിൽ അവസാനത്തെ കുരിശും വരച്ച് ഞാനും കിടക്കാൻ പോയി. ഭയവും തണുപ്പും തമ്മിൽതമ്മിൽ യുദ്ധം ചെയ്തു.. ഒടുവിൽ തണുപ്പ് ജയിക്കുകയും  ഞാൻ ഉറങ്ങുകയും ചെയ്തു. ഉറക്കത്തിൽ എപ്പോഴോ ലോകാവസാനം സ്വപ്നംകണ്ട്  ഞെട്ടിയുണർന്ന എനിക്ക് മുന്നിൽ സൂര്യൻ പുതിയ പകൽ കൊണ്ടുതന്നു.. സന്തോഷം കൊണ്ട് തുള്ളിച്ചാടണം എന്നെനിക്കു തോന്നി. കണ്ണും തിരുമ്മി അടുക്കളയിലേക്കു ചെന്നു. ഒന്നും അറിയാത്ത ഭാവത്തിൽ അമ്മ പുട്ട് കുത്തുന്നു..

"ഇതെന്നാ അമ്മച്ചീ ലോകം അവസാനിക്കാത്തേ..?" നിഷ്കളങ്ക ഭാവത്തിൽ ഞാൻ അമ്മയോട് ചോദിച്ചു.
"ഈ വർഷം എപ്പോഴെങ്കിലും അവസാനിക്കും.. ദിവസങ്ങൾ ഇനീം ഉണ്ടല്ലോ.."
പുട്ടിൽ നിന്ന് തേങ്ങാപീര അടിച്ചുമാറ്റിയ എന്റെ നേരെ പുട്ട് കുത്തുന്ന കോൽ ഉയർന്നുവന്നു.. "പോയി പല്ല് തേച്ചിട്ട് വാടാ.."

ദിവസങ്ങൾ പിന്നെയും കടന്നുപോവുകയും രണ്ടായിരത്തി ഒന്നിലെ കലണ്ടർ ഭിത്തിയിൽ സ്ഥാനം പിടിക്കുകയും ചെയ്തു. ഇനി ലോകം അവസാനിക്കുകയോ തീമഴ പെയ്യുകയോ ചെയ്യട്ടെ; സാരമില്ല. ഭൂമിയെന്ന ഈ മഹാ ഉദ്യാനത്തിലെ സുന്ദരമായ പൂവുകൾ കണ്ടാസ്വദിച്ച്‌ ജീവിക്കുവാൻ കാലം ഇനിയെത്ര അനുവദിക്കുന്നുവോ അത്രയും കാലം ജീവിക്കുകതന്നെ.

2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

തൊട്ടിലില്ലാത്തൊരു ബാല്യമാണ് വാർദ്ധക്യം..

തൊട്ടിലില്ലാത്തൊരു  ബാല്യമാണ് വാർദ്ധക്യം.
നിഷ്ക്കളങ്കം മോണകാട്ടി ചിരിക്കാം,
പയ്യെ പിച്ചവെക്കും പോലേ നടക്കാം..
പിന്നെ.. ഇരുള് കോറിയ ചുവരുകൾക്കുള്ളിൽ
ഒച്ചയില്ലാതൊന്നു തേങ്ങാം..

2014, ഓഗസ്റ്റ് 2, ശനിയാഴ്‌ച

ഉത്തരങ്ങൾ..

അവനവനേകുറിച്ച് അറിയാൻ, അവനവനിലേക്കുതന്നെ സ്വയം തിരിഞ്ഞ് നോക്കുമ്പോൾ കിട്ടുന്ന സത്യസന്ധമായ ഉത്തരത്തേക്കാൾ വലിയ ഉത്തരങ്ങൾ ഒരിക്കലും മറ്റുള്ളവരുടെ നാവിൻതുമ്പിൽ നിന്ന് കിട്ടില്ല.

2014, ഓഗസ്റ്റ് 1, വെള്ളിയാഴ്‌ച

ക്രിസ്തു ഒരിക്കൽക്കൂടി വന്നാൽ..

പണ്ട് ജറുസലേം ദേവാലയത്തിൽ നിന്ന് കച്ചവടക്കാരെയും പ്രാവ് വില്പ്പനക്കാരെയും 'കവർച്ചക്കാരെയും' ദൂരെ ഓടിച്ച് ദേവാലയ ശുദ്ധീകരണം നടത്തിയ ക്രിസ്തു ഒരിക്കൽക്കൂടി തുനിഞ്ഞിറങ്ങിയാൽ, പല ദേവാലയങ്ങളിലും പുരോഹിതന്മാർ ഇല്ലാത്ത അവസ്ഥ വന്നേനെ..

2014, ജൂലൈ 19, ശനിയാഴ്‌ച

കുരിശും കോഴിമുട്ടയും അഥവാ നസ്രാണിക്കോഴികൾ

   ങ്ങിനെ നീണ്ട ഇരുപത്തിരണ്ടു ദിവസത്തെ അടയിരിപ്പിനൊടുവിൽ പറക്കമുറ്റാത്ത പന്ത്രണ്ട്  കുഞ്ഞുങ്ങളുമായി അമ്മയുടെ 'ത്രേസ്യാക്കോഴി' അഭിമാനപൂർവ്വം കുട്ടയിൽ നിന്നും പുറത്തിറങ്ങി. പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു പാവം കോഴിക്കുഞ്ഞുങ്ങൾ കീയോ കീയോ വച്ചു..

വിശാലമായ മുറ്റത്ത്‌ അമ്മ  വാരി വിതറിയ പൊടിയരിക്ക് ചുറ്റും കളിപ്പാട്ടം കണ്ട കുട്ടികളെപ്പോലെ കോഴിക്കുഞ്ഞുങ്ങൾ ഓടിക്കളിച്ചു.. കുറുകിയ ശബ്ദത്തിൽ മക്കളെ ശകാരിച്ചും കൊഞ്ചിച്ചും തീറ്റയുടെ ബാലപാഠങ്ങൾ തള്ളക്കോഴി കുഞ്ഞുങ്ങൾക്ക്‌ പറഞ്ഞുകൊടുത്തു..
വിരിഞ്ഞപടി  'പി ടി ഉഷയ്ക്ക്' പഠിക്കാൻ ശ്രമിച്ച ചില കുഞ്ഞുങ്ങൾ അടിതെറ്റി  നിലത്തുവീണ് മുട്ടപോലെ ഉരുണ്ടു..

"എത്രദിവസം നീ എവിടെയായിരുന്നു പ്രിയേ..'' പ്രണയപാരവശ്യത്തോടെ കിന്നാരം ചെല്ലാൻ വന്ന അതികായനായ 'വർക്കി'പൂവനെ ഒരു ദയയും കാണിക്കാതെ ത്രേസ്യ കൊത്തിയോടിച്ചു. ചക്കിപൂച്ചയ്ക്കും കിട്ടി നല്ല കൊത്ത്..

'അഞ്ചുപത്ത് അടക്കാകുഞ്ഞുങ്ങളെ കിട്ടിയപ്പോ അവളുടെ ഒരു അഹങ്കാരം കണ്ടില്ലേ'യെന്ന് ഇതുവരെ അടയിരിക്കാൻ ഭാഗ്യം കിട്ടാത്ത മോളിക്കോഴിയും  പൂവാലി ബീനക്കോഴിയും അടക്കം പറഞ്ഞു.
അസൂയക്കാരി.. ഒരിക്കൽ പൊരുന്നാൻ പാകത്തിന് പനിച്ചു വിറച്ചുവന്ന മോളിക്കോഴിയെ അടയിരിക്കാൻ തക്കവണ്ണം പക്വത എത്തിയട്ടില്ലെന്നും പറഞ്ഞ്  അമ്മ തണുത്ത വെള്ളത്തിൽ മുക്കുകയും വാലിൽ കമുകിന്റെ ഉണങ്ങിയ ഓല കെട്ടിവച്ച് വീടിനു ചുറ്റും ഓടിക്കുകയും ചെയ്തിട്ടുണ്ട്. (അന്ന് ഓലയുടെ ഒച്ചകേട്ട് പേടിച്ച് ഓടിയോടി അവളുടെ പൊരുന്ന പമ്പ കടന്നതാ.. പിന്നെയവൾ പൊരുന്നിയട്ടേ ഇല്ല.) 

പക്ഷേ ത്രേസ്യ അതൊന്നും ശ്രദ്ധിച്ചില്ല. തെളിഞ്ഞ നീലാകാശത്തിൽ നിന്നും കഴുകന്റെയോ കാക്കയുടെയോ നിഴൽ തന്റെ ഓമന മുത്തുകൾക്കു മുകളിൽ കരിനിഴൽ പരത്തുന്നുണ്ടോ എന്ന് അവൾ ചരിഞ്ഞും മറിഞ്ഞും നോക്കി.. വർക്കിപൂവനാകട്ടെ ഒരു നിശ്ചിത അകലം പാലിച്ച് കുഞ്ഞുങ്ങളുടെ സുരക്ഷ ഏറ്റെടുത്തു. 

വയറു നിറഞ്ഞ കുഞ്ഞുങ്ങൾ ചൂട് തേടി തള്ളക്കോഴിയുടെ ചിറകിനടിയിൽ പതുങ്ങി.. സകല ജീവജാലങ്ങളുടെയും കുഞ്ഞുങ്ങൾ വികൃതികൾ ആയിരിക്കും. അത് മനുഷ്യരുടെയോ മൃഗങ്ങളുടെയോ വൃക്ഷ ലതാതികളുടെയോ ആയിക്കൊള്ളട്ടെ.. ഒട്ടും വ്യത്യാസമില്ല. കുറുമ്പ് ബാല്യസഹജം തന്നെ.. അമ്മയുടെ ചിറകിനടിയിൽ നിന്ന് അവർ തല പുറത്തേക്കു നീട്ടി.. കീയോ കീയോ.. തമ്മിൽ ലഹള.. ശണ്ട.. ഹോ!!

''ബ ബ ബ.. കോഴി  ബ ബ ബ..''
വിളികേട്ട കോഴിയും കുഞ്ഞുങ്ങളും പൊടിയരി തിന്നാൻ വീണ്ടും അടുക്കളപ്പുറത്തേക്ക് ഓടിയെത്തി.. ചില ശബ്ദങ്ങളെ തിരിച്ചറിയാൻ ആ കുഞ്ഞുങ്ങൾക്കും ഇപ്പോൾ സാധിക്കുന്നുണ്ട്.

"നിങ്ങൾക്ക് ഇങ്ങനെ പള്ള നിറയും വരെ അടുക്കളേന്ന്  വാരിത്തരാൻ എനക്കിനി വയ്യ.. വല്ലതും വേണേൽ നാളെമുതൽ പറമ്പിലിറങ്ങി ചികഞ്ഞോ...."

അവസാനത്തെ പിടി പൊടിയരിയും മുറ്റത്തേക്ക് നീട്ടി വിതറി അമ്മ അകത്തേക്ക് പോയി.. ഒരുമണി അരിപോലും ബാക്കി വെക്കാതെ തള്ളക്കോഴിയും കുഞ്ഞുങ്ങളും മുറ്റം വൃത്തിയാക്കി.
സന്ധ്യമയങ്ങി.. നാളെമുതൽ വീണ്ടും പറമ്പിലിറങ്ങി ചികയണമല്ലോ എന്ന വിഷമത്തോടെ തള്ളക്കോഴിയും, 'എടീ എടീ നമുക്ക് രണ്ട് അമ്മമാരാ ഉള്ളത്. ഒന്ന് നമുക്ക് ചൂടുതരുന്ന ഈ അമ്മയും പിന്നൊന്ന് നമുക്ക് ചോറുതരുന്ന  ആ അമ്മയും' എന്ന് തമ്മിൽ തമ്മിൽ പറഞ്ഞുകൊണ്ട് കുഞ്ഞുങ്ങളും കൂടണഞ്ഞു.

രാത്രിയുടെ ഏതോ യാമത്തിൽ പേടി സ്വപ്നം കണ്ടു ഞെട്ടിയുണർന്ന തള്ളക്കോഴിയോട് ചിറകിനടിയിൽ നിന്ന് തലനീട്ടി ഒരു കുഞ്ഞു ചോദിച്ചു;
"അമ്മേ അമ്മേ.. അതെന്നതാ..? "
കുഞ്ഞ്‌ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് തള്ളക്കോഴി എത്തിനോക്കി. കൂടിക്കിടക്കുന്ന കുറേ മുട്ടത്തോടുകൾ..
"മക്കളെ.. ഇത്രയും നാൾ നിങ്ങൾ അതിന്റെ ഉള്ളിലായിരുന്നു ഉറങ്ങിയത്.. അതിനു ചൂട് നല്കിയാണ് ഞാൻ നിങ്ങൾക്ക് ജന്മം നല്കിയത്."

കുഞ്ഞുങ്ങളുടെ മുഖത്ത് ആശ്ചര്യചിഹ്നം പൊട്ടിവിരിഞ്ഞു.. ചിറകിനടിയിൽ നിന്ന് ഊർന്നിറങ്ങി ഒരുവൾ പൊട്ടിക്കിടക്കുന്ന മുട്ടത്തോടിന് സമീപത്തേക്ക് ഓടി. ഒരുവട്ടം മുട്ടത്തോടിന് ചുറ്റും കൗതുകത്തോടെ നടന്നു.

വെളുത്ത മുട്ടത്തോടിന് പുറത്ത് കരികൊണ്ട് വരച്ച കുരിശുകൾ എന്തിനാണെന്ന് അമ്മയോട് അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
അടവെക്കാൻ എടുക്കുന്ന മുട്ടയ്ക്ക് പുറത്ത് കരികൊണ്ട് കുരിശു വരയ്ക്കുന്നത് എന്തിനാണെന്ന് 'ത്രേസ്യ കോഴിക്കും' അറിവുണ്ടായിരുന്നില്ല. പക്ഷേ ഒന്നറിയാം,  അടുത്ത വീടുകളിലെ പാർവ്വതി ചേച്ചിയും ജാനകി ചേച്ചിയും കദീസ താത്തയും അന്നമ്മ ചേച്ചിയുമൊക്കെ അടവെക്കാൻ നേരം അടുപ്പീന്ന് കരിയെടുത്ത് മുട്ടയ്ക്ക് പുറത്ത് കുരിശു വരയ്ക്കുകയും കുട്ടയിൽ ഇരുമ്പിന്റെ കഷ്ണം വെക്കുകയും ചെയ്യുമായിരുന്നു.

ചില സത്യക്രിസ്ത്യാനികളെപ്പോലെ എന്താണ് കുരിശെന്നും എന്തിനാണ് കുരിശെന്നും 'വലിയ ബോധമൊന്നും' ഇല്ലെങ്കിലും ഒരൽപ്പനേരത്തെ ആലോചനയ്ക്കൊടുവിൽ 'ത്രേസ്യക്കോഴിയും' ആത്മഗതം എന്നവണ്ണം പറഞ്ഞു; "ങാ.. എന്നതാണേലും നമ്മളൊക്കെ കുരിശുവരച്ച് ഉണ്ടായവരാ.."

2014, ജൂൺ 29, ഞായറാഴ്‌ച

വിപ്ലവങ്ങൾ..

ഒരുപിടി കതിര് കൊയ്-
തൊരുവാര് ചോറാൽ,
വിശക്കുന്നൊരരവയറെന്നാൽ
നിറയ്ക്കാൻ കഴിഞ്ഞാൽ,
ഞാനും ജയിക്കുമെൻ വിപ്ലവവും.

2014, ഫെബ്രുവരി 7, വെള്ളിയാഴ്‌ച

ക്ലൈമാക്സ്

ജീവിതത്തിന് ഒരു ക്ലൈമാക്സുണ്ട്​.
നമ്മൾ അറിയാതെപോകുന്ന നമ്മുടെ തന്നെ ക്ലൈമാക്സ്​.

2014, ഫെബ്രുവരി 2, ഞായറാഴ്‌ച

ദെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു..

സ്കൂൾ ഗ്രൗണ്ടിന്റെ നാല് മൂലയിലായി കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞു നിന്നു...
(സങ്കൽപ്പത്തിലേക്ക്‌ ആരും വലിയ മൈതാനമൊന്നും ചുമന്നോണ്ടുവരണ്ട. കാരണം സ്കൂളിന്റെ പുറകുവശത്തുള്ള, ശരിക്കിനും നാൽപ്പത്തഞ്ചു ഡിഗ്രിക്കുമേൽ ചരിവുള്ള  വലിയ റബ്ബർ തോട്ടമായിരുന്നു ആ സമയത്ത് ഞങ്ങളുടെ 'വിശാലമായ' ഗ്രൗണ്ട്.)
അവർക്കിടയിൽ ചൂടേറിയ ചർച്ചകൾ നടക്കുകയാണ്...
ഇത്തവണ നമ്മൾ വിട്ടുകൊടുക്കാൻ പാടില്ലെന്ന് സാറന്മാരും, വിട്ടുകൊടുക്കില്ലെന്ന് കുട്ടികളും കട്ടായം പറഞ്ഞു. എല്ലാ മുഖങ്ങളിലും വലിയ ആവേശം അലതല്ലിനിന്നു.
ഇപ്പുറത്തുള്ള ഗ്രൂപ്പുകാരൻ അപ്പുറത്തുള്ള ഗ്രൂപ്പുകാരനെ കൊഞ്ഞനം കുത്തി കാണിച്ചു.. അപ്പുറത്തുള്ള ഗ്രൂപ്പുകാരൻ ഇപ്പുറത്തുള്ള ഗ്രൂപ്പുകാരനു നേരെ മുഷ്ട്ടി ചുരുട്ടി തന്റെ ഗ്രൂപ്പിന്റെ മുഴുവൻ ശക്തിയും പ്രകടിപ്പിച്ചു കാണിച്ചു..

ചില പെണ്‍കുട്ടികളാവട്ടെ തന്റെ ഉറ്റ തോഴിമാർ അപ്പുറത്തെയും ഇപ്പുറത്തെയും ഗ്രൂപ്പിലായിപോയതിന്റെ മാനസിക വ്യഥയിൽ സങ്കടം കടിച്ചമർത്തി കുറവൻ ചത്ത കുറത്തിയായി നിന്നു..
അന്നുവരെ തോളിൽ കയ്യിട്ടു നടന്ന ഉറ്റ ചങ്ങാതിമാരിൽ ചിലർ മറ്റു ഗ്രൂപ്പുകളിൽ ആയതോടെ, തമ്മിൽ കാണുമ്പോൾ ഇന്ത്യയുടെ മാപ്പിൽ കാശ്മീരുകണ്ട പാക്കിസ്ഥാൻകാരനെപ്പോലെയായി..

എല്ലാവർഷവും നടത്തിവരാറുള്ള സ്കൂൾ യുവജനോത്സവത്തിന് ഇത്തവണയും തിരി തെളിഞ്ഞുകഴിഞ്ഞതിന്റെ ആവേശമാണ് എവിടെയും. അതിന്റെ ആദ്യഘട്ടം എന്നനിലയിൽ ഗ്രൂപ്പ് തിരിക്കുകയും ഗ്രൂപ്പിനെ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ നേതൃത്വത്തിൽ ആദ്യത്തെ മീറ്റിംഗ് നടക്കുകയുമാണ്.

റബ്ബർതട്ട് ഇരിപ്പിടമാക്കിയ കുട്ടികളെ നോക്കി മൊയ്തീൻ സാർ പറഞ്ഞുതുടങ്ങി:
"പ്രിയമുള്ളവരേ..
മ്മടെ ഉസ്ക്കൂളിൽ എല്ലാവർഷവും നടത്തിവരാറുള്ള സ്കൂൾ യുവജനോത്സവം ഈ പ്രാവശ്യവും മ്മക്ക് ഗംഭീരമാക്കണം.
നമ്മുടെ കൂട്ടത്തിൽ കഴിവുള്ള ഒരുപാട് കുട്ട്യോൾ ഉണ്ടെന്ന് എനിക്കറിയാം. അവരെല്ലാവരും പരിപാടികൾക്ക് പേര് കൊടുക്കണം. ഇത് നല്ലൊരു വിജയമാക്കുന്നതിനോടൊപ്പം നമ്മുടെ ഗ്രൂപ്പിനും അഭിമാനിക്കാൻ കഴിയണ തരത്തില് പരിപാടികൾ ക്രമീകരിക്കുകയും പങ്കെടുക്കുകയും ചെയ്യണം."

'എല്ലാവർക്കും സമ്മതമല്ലേ' എന്ന ഭാവത്തിൽ സാർ എല്ലാവരെയും ഒന്ന് നോക്കി.
കുട്ടികളെല്ലാവരും സമ്മതം എന്നമട്ടിൽ തലകുലുക്കി.
ഗ്രൂപ്പിലെ സൂസന്ന ടീച്ചർ 'ഞാൻ ഈ നാട്ടുകാരിയേയല്ല..' എന്ന ഭാവത്തിൽ  സാരിയുടെ മുന്താണിയിൽ വിരലോടിച്ച് അപ്പുറത്തെ ഗ്രൂപ്പിലേക്കും നോക്കി കിനാവുകണ്ടു നിന്നു..

"അപ്പോ ടീച്ചറേ..
നമ്മക്ക് ലീഡറെ തിരഞ്ഞെടുക്കാം അല്ലെ..?"

സൂസന്ന ടീച്ചർ ഒന്ന് ഞെട്ടി.. "ങേ.. ങാ.. " എന്തോ കേട്ട ടീച്ചർ എന്തിനോ തലയാട്ടി..

"ഓക്കെ... അപ്പോ ബോയ്സിന്റെ ഭാഗത്തൂന്നും ഗേൾസിന്റെ ഭാഗത്തൂന്നും ഓരോരുത്തരെ വീതം നമുക്ക് തിരഞ്ഞെടുക്കാം."

കുട്ടികൾക്കിടയിൽ തേനീച്ചക്കൂട്ടിലെ ആരവം ഉയർന്നു. ആരൊക്കയോ ആരുടെയൊക്കയോ പേരുകൾ വിളിച്ചുപറഞ്ഞ്‌ സ്വന്തം തടി രക്ഷിച്ചുനിന്നു..

പേര് പരിഗണിക്കപ്പെട്ട പെണ്‍കുട്ടികൾ, ആരുടെയൊക്കയോ നോട്ടത്തിൽ നിന്ന്‌ ഒളിക്കാനെന്ന ഭാവത്തിൽ പുസ്തകങ്ങൾക്കൊണ്ട് മുഖം മറച്ചു.. നഖം കടിച്ചു.. തലകുനിച്ചു.. സ്വന്തം ചൊടി കടിച്ചുചിരിച്ചു.

"ശ്... ശ്...
ഇങ്ങനെ എല്ലാരുടെയും പേര് വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല. നിങ്ങടെ കൂട്ടത്തിൽ കഴിവുള്ള ഒരാളെ തിരഞ്ഞെടുക്ക്‌.."

സാറ് ടീച്ചറെ നോക്കി.. ടീച്ചർ സാറിനെയും.  "വേണെങ്കിൽ പത്താം ക്ലാസ്സിൽ ഉള്ളവർക്ക് അവസരം കൊടുക്കാം ല്ലേ ടീച്ചറെ.. അവർക്കിനി വേറെ ചാൻസ് ഇല്ലല്ലോ.."

 സമ്മതം എന്നമട്ടിൽ ടീച്ചർ തല പിന്നേയും ആട്ടി.

"സാർ ബോയ്സിന്റെ ഭാഗത്തൂന്ന് ബിജു തോമസ് മതി.." ഏതോ ദുഷ്ടൻ വിളിച്ചുകൂവി.

അതുവരെ സ്വസ്ഥം റബ്ബറിന്റെ മൂട്ടിലിരുന്ന് ഒട്ടുപാൽ പറിച്ച് രസിച്ചിരുന്ന ഞാൻ ഒറ്റഞെട്ടലിൽ റബ്ബർ ബോളുപോലെ പൊങ്ങിച്ചാടി..
'കർത്താവേ.. നേരാംവണ്ണം എഴുതാൻ പോലും അറിയാത്ത ഞാൻ ലീഡറൊ..!!'

എത്ര ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും രക്ഷകിട്ടിയില്ല. ഞാൻ തന്നെ ഗ്രൂപ്പ് ലീഡർ എന്ന് പ്രഖ്യാപിക്കപെട്ടു.

ചറപറ കയ്യടിയോടെ സകല അവന്മാരും അവളുമാരും എന്റെ സ്ഥാനാരോഹണം നടത്തി. കൂട്ടത്തിൽ ഒരു പെണ്‍കുട്ടിയേയും തിരഞ്ഞെടുത്തു.

അവൾക്കു എഴുത്തും വായനയും അറിയാം എന്നുള്ളതും, അവൾക്ക് എന്നേയും എനിക്ക് അവളേയും അറിയാം എന്നുള്ളതും മാത്രം ഏക ആശ്വാസത്തിന് വകനൽകി.

അവിഹിത ഗർഭം തലയിലായവനെപ്പോലെ ഞാൻ അന്തിച്ചിരുന്നു.. നോക്കുമ്പോൾ കുട്ടികളെല്ലാവരും പോയിരിക്കുന്നു.. അവിടെ ഞങ്ങൾ നാലുപേർ മാത്രം.

"അപ്പോൾ ബിജു, നീന നിങ്ങളുവേണം കാര്യങ്ങളൊക്കെ....
.................. .....
..
പിന്നെ.. എന്ത് ആവശ്യമുണ്ടെങ്കിലും വന്നു പറയണം. ഒക്കേ..?"

അവളുടെ തലയ്ക്കൊപ്പം എന്റെ തലയും വെറുതേ ആടി.
സാറും ടീച്ചറും ചിരിച്ചു കളിച്ച് സ്റ്റാഫ് റൂമിലേക്കും ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ ക്ലാസ് റൂമിലേക്കും പോയി.

ഒന്നുരണ്ടു ദിവസത്തിനകം കാര്യങ്ങൾ പതിയെ പതിയെ നിയന്ത്രണത്തിലായിത്തുടങ്ങി..
എനിക്കും എന്തൊക്കയോ ചെയ്യാൻ കഴിയും എന്നൊരു തോന്നൽ.. ലീഡർ എന്ന പരിഗണന.. പേടിയും ചമ്മലുമൊക്കെ മാറി.. എവിടുന്നോ പൊട്ടിമുളച്ച ആത്മവിശ്വാസം പൊടിമീശപോലെ പതിയെ പതിയെ കട്ടിവച്ചുതുടങ്ങി..

റ്റൈറ്റാനിക്കിലെ കപ്പിത്താനെപ്പോലെ 'കല്ലേൽ തട്ടാതെ കൈച്ചലാക്കണേ' എന്ന പ്രാർത്ഥനയോടെ നിയന്ത്രണം ഏറ്റെടുത്തു.

ചെറിയ ചെറിയ പരിപാടികൾ വീതം വച്ചുകൊടുത്തു. എല്ലാവർക്കും നല്ല ഉത്സാഹം..
പെണ്‍കുട്ടികൾ ഡാൻസും പാട്ടും പഠിച്ചു.. ആണ്‍കുട്ടികൾ പരിചമുട്ടും കോൽക്കളിയും..

ഇതിനിടയിൽ ഞാൻ നായകനായി ഒരു നാടകവും ഞങ്ങൾ പഠിച്ചുതുടങ്ങി;
നാടകം: 'ദെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു.!'
അതിൽ ജയിൽ ചാടിവരുന്ന ഒരു കുറ്റവാളിയുടെ വേഷമായിരുന്നു എനിക്ക്.

ദിവസങ്ങൾ കഴിഞ്ഞു.. യുവജനോത്സവം വന്നു.
വാശിയേറിയ മത്സരങ്ങൾ ഒന്നിനുപുറകെ ഒന്നായി സ്റ്റേജ് കണ്ടുമടങ്ങി..
ജയിച്ചവരുടെ ആർപ്പുവിളികൾ തോറ്റവരുടെ നിലവിളിയെ മുക്കിക്കളഞ്ഞു. എങ്കിലും ചിലരൊക്കെ ഒഴിഞ്ഞ ക്ലാസ് മുറികളിൽ പോയിരുന്ന് തുവാല നനച്ചു.

മിമിക്രിയും മോണോ ആക്റ്റും ആ വർഷവും എന്റെ കുത്തകയായി. അഭിമാനത്തോടെ തലയുയർത്തി ഞാൻ നടന്നു..

അങ്ങിനെ യുവജനോത്സവത്തിന്റെ  അവസാന ദിവസവും വന്നെത്തി.. ഇന്നാണ് നാടകം. അവസാനവട്ട റിഹേഴ്സലും കഴിഞ്ഞു നെഞ്ചിടിപ്പോടെ ഞങ്ങൾ സ്റ്റേജിന്റെ പിന്നിൽ നിന്നു.

"ഇത്തവണ മികച്ച നടനുള്ള അവാർഡ് നിനക്ക് കിട്ടുമെടാ.." എന്ന് സാറും നാടകം പഠിപ്പിച്ച ആളും പറഞ്ഞതിന്റെ ആവേശം ഒരുവശത്ത്.. കടുകട്ടിയായ നീളൻ ഡയലോഗുകൾ മറന്നുപോകുമോ എന്നുള്ള പേടി മറുവശത്ത്..
ഒന്നുംകൂടി മൂത്രമൊഴിച്ചാൽ കൊള്ളാം എന്നൊരു തോന്നൽ.. അതിലും നിന്നില്ലെങ്കിലോ എന്നൊരു ഭയവും കൂടി ആയപ്പോൾ സംഗതി മുള്ളിന്മേൽ നിന്ന അവസ്ഥ.

വല്യമ്മച്ചിയെ സോപ്പിട്ടു വാങ്ങിയ ചട്ടയും നിക്കറുമാണ് എന്റെ വേഷം. അതിൽ വല്ല്യ വലുപ്പത്തിൽ 555 എന്ന സ്ഥിരം ജയിൽപുള്ളികളുടെ നമ്പറും എഴുതി വച്ചു. അതിനി കഴുകിയാൽ പോകുമോ എന്തോ..!!

"അടുത്തതായി വാശിയേറിയ നാടക മത്സരമാണ് നടക്കാൻ പോകുന്നത്..
കോഡ്‌ നമ്പർ 321 എത്രയും പെട്ടന്ന് ഇവിടെ റിപ്പോർട്ട് ചെയ്യുക..
                                            കോഡ്‌ നമ്പർ 321.."

മൈക്കിലൂടെ രാജൻ സാറിന്റെ മുഴക്കമുള്ള ശബ്ദം.

ഞങ്ങളുടെ നമ്പർ!! ഈശ്വരാ..

//"നാടകം ആരംഭിക്കാൻ പോകുകയാണ്.
ജഡ്ജസ് പ്ലീസ് നോട്ട് ദിസ്‌ നമ്പർ 321"\\

സദസ് നിശബ്ദമായി.. കർട്ടൻ ഉയരുന്ന ശബ്ദം കാതുകളെ പ്രകമ്പനം കൊള്ളിച്ചു..

"പ്രിയമുള്ളവരേ.. ഇതാ ഞങ്ങൾ നിങ്ങൾക്കായ് അവതരിപ്പിക്കുന്നു..
'ദെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു.!.."

ബാഗ്രൗണ്ടിൽ തെരുവ് നായ്ക്കളുടെ നീണ്ട കുര.. അവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ട് ഓടിവരുന്ന ജയിൽപുള്ളി..
സ്റ്റേജിൽ വീഴുന്നു.. നായ്ക്കളെ ആട്ടിയോടിക്കുന്നു..
ഒരൊറ്റ ആവേശത്തിൽ അതെല്ലാം കഴിഞ്ഞു..
സദസ്സിൽ നിർത്താതെയുള്ള കരഘോഷം..
ആവേശം ആവേശം..
സുരേഷ്ഗോപിപോലും തോറ്റുപോകുന്ന നെടുനീളൻ ഡയലോഗുകൾ വള്ളിപുള്ളിതെറ്റാതെ പറഞ്ഞുതീർത്തു.. നാടകാന്ത്യം സ്റ്റേജിലേക്ക് വരുന്ന വലിയ കഴുകൻ അഴുകിയ ശവം കൊത്തുന്നിടത്ത് നാടകത്തിന് 'ശുഭാന്ത്യം.!!'

"കലക്കിയെടാ..."
"അടിപൊളിയായി.."
"മികച്ച നടനാവും.."
ആരൊക്കയോ തോളിൽ തട്ടി..
തരുണീമണികൾ ആരാധനയോടെ കുണുങ്ങിച്ചിരിച്ചു.. ഒക്കെ സന്തോഷം തരുന്നവതന്നെ. പക്ഷേ.. അഭിനയത്തിന്റെ ആവേശത്തിനിടയിൽ വല്ല്യമ്മച്ചിയുടെ ചട്ട നീളത്തിൽ കീറിപ്പോയതിനും മുട്ടുപൊട്ടിയതിനും ആര് സമാധാനം പറയും..!!

അടുത്ത ഗ്രൂപ്പുകാരുടെ നാടകം തുടങ്ങും മുമ്പ് വേഗം പോയി വേഷം മാറി സ്റ്റേജിന്റെ മുന്നിൽ സ്ഥാനംപിടിച്ചു. ആരൊക്കയോ പാളിനോക്കുന്നു.. ചിരിക്കുന്നു.. 'നന്നായിരുന്നു' എന്ന് പറയുന്നു.

ഇടയ്ക്കിടയ്ക്ക് പൊട്ടിയ മുട്ടുതിരുമ്മി എന്റെ 'അഭിനയ സിദ്ധി'  എല്ലാവർക്കും ഞാനും കാണിച്ചുകൊടുത്തു.

നാടകങ്ങൾ പൂർത്തിയായി.. പ്രതീക്ഷകൾ ചെണ്ടകൊട്ടുനടത്തുന്ന മനസ്സോടെ നില്ക്കവേ നാടകമത്സരത്തിന്റെ വിധി പ്രഖ്യാപിച്ചു.

"നാടകമത്സരം ഒന്നാം സ്ഥാനം റോസ് ഗ്രൂപ്പിനാണ്.
നാടകം, 'ദെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു.!'
... രണ്ടാം സ്ഥാനം..
..."
ആരൊക്കയോ എന്നെ ആകാശത്തേക്ക് വലിച്ചെറിഞ്ഞു.. ഞാൻ ഭൂമിയിലേക്ക്‌ തിരിച്ചു വന്നു.. അവർ പിന്നെയും എന്നെ മുകളിലേക്ക് വലിച്ചെറിഞ്ഞു..
ഗുരുത്വാകർഷണ ബലത്തിന് നന്ദി.. ഞാൻ പിന്നെയും തിരിച്ചുവന്നു.
ഗ്രൂപ്പിലുള്ള എല്ലാവർക്കും പെരുത്ത സന്തോഷം. മുകളിലേക്കുപോയ ഞാൻ തിരിച്ചുവന്നതിലല്ല, നാടകത്തിന് ഒന്നാം സ്ഥാനം കിട്ടിയതിൽ.!


മത്സരങ്ങൾ കഴിഞ്ഞു..
എന്നെ മികച്ച നടനായി തിരഞ്ഞെടുക്കുന്നതും സ്വപ്നം കണ്ട് ഞാനങ്ങിനെ നിന്നു.. ആകാംക്ഷയ്ക്ക് വിരാമമിട്ട് ഒടുവിൽ അതും പ്രഖ്യാപിക്കപ്പെട്ടു.
പക്ഷേ.. മികച്ചനടനൊപ്പം എന്റെ പേര് എഴുതി ചേർക്കപ്പെട്ടില്ല.

വല്ലാത്ത സങ്കടം.. ആരൊക്കയോ ദുഃഖത്തിൽ പങ്കുചേർന്നു..
മുഖം നോക്കി തിരഞ്ഞെടുപ്പ് നടന്നുവെന്ന് പ്രതിഷേധിച്ചു..

"ചട്ട കീറിയാലെന്നാ.. ഞാൻ മികച്ച നടനായില്ലേ..!" എന്ന് കലി തുള്ളിനിൽക്കുന്ന വല്യമ്മച്ചിയോട് പറയാൻ കാണാപാഠം പഠിച്ചുവച്ച ഡയലോഗ് തൊണ്ടയിൽ ഉണ്ടപോലെ തങ്ങിനിന്നു..

ദേശീയഗാനത്തോടെ യുവജനോത്സവത്തിന് തിരശ്ശീല വീണു..
ആഘോഷങ്ങളുടെ ആർപ്പുവിളികളുമായി ഇരുട്ടുന്നതിനു മുമ്പ് എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി.
'സാരമില്ലെടാ.. പോട്ടെ.. അവാർഡുകളല്ല ഒരാളുടെ കഴിവ് നിർണ്ണയിക്കുന്നത്..' എന്നെത്തന്നെ സ്വയം ആശ്വസിപ്പിച്ച് കീറിയ ചട്ടയും പൊട്ടിയ മുട്ടുമായി ഞാൻ എന്റെ വീട്ടിലേക്കും.

ബാക്കിയൊക്കെ വരുന്നിടത്തുവച്ച് കാണാം. അല്ലപിന്നെ!!

2014, ജനുവരി 30, വ്യാഴാഴ്‌ച

കൊച്ചുവരികൾ..

ചെറുകാറ്റിലുലയാതിരിക്കലാണേറെ യുക്തം;
കൊടുങ്കാറ്റു വന്നാലെന്തുചെയ്യും..!!

2014, ജനുവരി 29, ബുധനാഴ്‌ച

എന്റെ നഷ്ടബാല്യത്തിന്റെ ഓർമ്മയ്ക്ക്‌..


ഓലചീന്തി മെടഞ്ഞൊരാ കളിപ്പന്ത്‌
കാൽച്ചുവട്ടിലേക്കിട്ടുതാ കാലമേ..
ബാല്യമിത്ര-വലുതായിരുന്നെന്നറിയുവാൻ
കാലമിത്രയേറെ എടുത്തു ഞാൻ..

2014, ജനുവരി 25, ശനിയാഴ്‌ച

വിശുദ്ധ മദർ തെരേസ പുണ്യവതി..
അമ്മേ..
രോഗികൾക്കായ്
കൈവെള്ള തൊട്ടിലാക്കി
ഭൂമിയിൽ പിറന്ന  കാരുണ്യമേ..
വിശുദ്ധ മദർ തെരേസ പുണ്യവതി..

ഞങ്ങളുടെ രോഗപീഢകളുടെ
നോവും നിലവിളിയും
നിന്നിൽ  സമർപ്പിക്കുന്നു..
കാരുണ്യ പൂർവ്വമെൻ രോഗശാന്തിക്കായ്‌
സ്വർഗസ്ഥനായ പിതാവിനോട്
മാദ്ധ്യസ്ഥ്യം അപേക്ഷിക്കേണമേ..

2014, ജനുവരി 23, വ്യാഴാഴ്‌ച

കുട്ടിക്കാലം

ചെറുബാല്യം വിട്ടകന്നതിൻ-
ചെറുതല്ലെൻ ദു:ഖമിപ്പോൾ..

ചെറുകല്ലിൽ തട്ടിവീണതും,
ചുടുചോര ഇറ്റുവീണതും,
*ചുടുചോറ് വിട്ടമ്മ
ശരവേഗം വന്നെന്നെ-
ഇരുകയ്യാൽ പുണർന്നതും,
ചെറുബാല്യം തന്നൊരോർമ്മയായ്
മിഴിനീര് നിറയ്ക്കുന്നു..
 ------------------------------------
*ചുടുചോറ് -(വാർത്തുകൊണ്ടിരുന്ന ചോറ് ഇട്ടിട്ട് ഓടി വരുക)

2014, ജനുവരി 18, ശനിയാഴ്‌ച

ബാലൻ

ന്നും കുളിച്ച്  കുറിതൊട്ട് ടിപ് ടോപ്പിൽ മാത്രം സ്കൂളിൽ വരാറുള്ള പവിത്രൻ സാറിന് അന്നുമാത്രം കുളിക്കാൻ പറ്റിയില്ല..
കാരണം, സ്കൂളിൽ അതിക്രമിച്ചു കയറിയ കള്ളനെ 'അതിസാഹസികമായി' കീഴ്പ്പെടുത്തി സ്കൂൾ വരാന്തയിലെ വലിയ തൂണിൽ പിടിച്ചു കെട്ടിയത് സാറെന്നും കുളിക്കാൻ ഉപയോഗിക്കുന്ന വെള്ള തോർത്തു കൊണ്ടാണ്.

വാർത്ത കാട്ടുതീ പോലെ പടർന്നു..
കേട്ടവർ കേട്ടവർ സ്കൂളിലേക്ക് കുതിച്ചു പാഞ്ഞു...
വന്നവരിൽ ചിലർ സ്വന്തം സങ്കൽപ്പങ്ങളിൽ നിന്ന് മെനഞ്ഞ  അഭിപ്രായങ്ങൾ പറഞ്ഞ് സ്കൂൾ മുറ്റത്ത്‌ നിന്ന് പല്ല് തേച്ചു.. നീട്ടി തുപ്പി..

ഏര് പൂട്ടികൊണ്ടിരുന്ന പോത്തുകളെ പാടത്തു വിട്ട് ചെളിപുരണ്ട ശരീരവുമായി ഓടിവന്ന *അപ്പു പിട്ടനും *കേളു പിട്ടനുമൊക്കെ ആദ്യമായി അക്ഷരമുറ്റം ചവുട്ടിയ നിർവൃതിയിൽ അല്പ്പനേരം തരിച്ചു നിന്നു..

സ്കൂൾ കുട്ടികൾ 'കള്ളനു' ചുറ്റും കൂട്ടം കൂടിനിന്ന് കൂക്കി വിളിച്ചും പരിഹസിച്ചും രസിച്ചു.. പലപ്പോഴും വടിയുടെ ശീല്ക്കാരം കേട്ട് കുട്ടികൾ ചിതറി ഓടുകയും വീണ്ടും വീണ്ടും കൂട്ടം കൂടുകയും ചെയ്തുകൊണ്ടിരുന്നു...
അന്ന് ആദ്യമായിട്ടായിരുന്നു അവരെല്ലാവരും  ജീവനോടെ ഒരു 'കള്ളനെ' കാണുന്നത്.

നഷ്ടങ്ങളുടെ കണക്കെടുപ്പിന് ഓഫീസ് മുറിയിലും മറ്റും പരിശോധനകൾ നടന്നെങ്കിലും കാര്യമായ തെളിവുകൾ ഒന്നും കിട്ടിയില്ല. കള്ളൻ കയറിയത് ലാബിൽ മാത്രമാണെന്നും, പണമായിട്ട് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ലാബിലെ ഭിത്തിയിൽ നിന്ന് പൊട്ടിവീണ് ചിതറിയ അസ്ഥികൂടങ്ങൾ സാക്ഷ്യം പറഞ്ഞു.

കള്ളൻ ലാബിൽ കയറിയതിന്റെ ഫലമായി വല്ല രാസമാറ്റവും വന്നിട്ടുണ്ടാകുമോ എന്ന് കെമിസ്ട്രി സാർ ആശങ്കപ്പെട്ടു.!!

ഇരുപതു കിലോമീറ്റർ ദൂരെയുള്ള പോലിസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ ആരൊക്കയൊ കുതിച്ചുകഴിഞ്ഞു.. ഇന്നത്തെ പോലെ ഫോണ്‍ സൗകര്യം അന്നില്ല.

അടച്ചുറപ്പില്ലാത്ത ജനൽ 'കുത്തിതുറന്നാണ്' കള്ളൻ അകത്തു കയറിയത് എന്ന നിഗമനത്തിൽ എല്ലാവരും എത്തിച്ചേർന്നു.. അതുതന്നെയായിരുന്നു സംഭവിച്ചതും.

കയിലിമുണ്ടും ബനിയനും ധരിച്ച് ഒരു സാഹസികനെപ്പോലെ നെഞ്ചും വിരിച്ചു 'കള്ളനു' ചുറ്റും നടക്കുന്ന പവിത്രൻ സാറിനെ കുട്ടികൾ ആരാധനാ ഭാവത്തിൽ നോക്കിനിന്നു..
ഒരു പക്ഷേ ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിക്കുമെന്ന് ഹോം വർക്ക് ചെയ്യാത്ത (ഞാനടക്കമുള്ള) കുട്ടികൾ പ്രതീക്ഷിച്ചു.

"എങ്ങിനെയാ കള്ളനെ പിടിച്ചേ..??"
"പിടിക്കാൻ ചെന്നപ്പോ കള്ളൻ ഓടിയോ..?"
"കള്ളൻ ഉപദ്രവിക്കാൻ നോക്കിയോ..? അവന്റെ കയ്യിൽ മാരകായുധങ്ങൾ വല്ലതും ഉണ്ടായിരുന്നോ..?"
"എന്നാലും സാറിനെ സമ്മതിക്കണം.. ഒറ്റയ്ക്ക്.. ഹോ... ഓർക്കുമ്പോൾ തന്നെ..."

നൂറു ചോദ്യങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും നടുവിൽ പുളകിതനായി നിന്ന പവിത്രൻസാർ അഞ്ചാമത്തെയോ അറാമത്തെയോ തവണകൂടി ഒരു മടിയും കൂടാതെ സംഭവം വിവരിച്ചു..
നേരത്തേ കേട്ടവരും പുതുതായി കേൾക്കുന്നവരും ഒരുപോലെ ചെവി കൂർപ്പിച്ചു പിടിച്ചു..
ഇനി പറയുമ്പോൾ, പഴയതിൽ പെടാത്ത വല്ലതും പുതുതായി പറഞ്ഞാലോ..!!
പവിത്രൻ സാർ വീണ്ടും പറഞ്ഞുതുടങ്ങി:
"രാവിലെ ഞാനും *ഗങ്ങാരൻ മാഷും കൂടിയാണ് കക്കൂസിൽ പോവാനും പല്ല് തേച്ച് കുളിക്കാനും വേണ്ടി ഇങ്ങോട്ട് വന്നത്. ഗങ്ങാരൻ മാഷ്‌ വന്നപടി കാര്യം സാധിക്കാൻ വേണ്ടി കയറി.. ഞാൻ പല്ലുതേച്ചു മുഖം കഴുകിക്കൊണ്ട് നിക്കുമ്പോ...ണ്ട് ലാബിന്റെ ജനാല തുറന്നു കിടക്കുന്നെ കാണുന്നു.."

മാഷ്‌ എല്ലാരും കേൾക്കുന്നില്ലേ എന്ന ഭാവത്തിൽ തലയുയർത്തി ചുറ്റിനും ഒന്ന് നോക്കി.. സൂചി വീണാൽ കേൾക്കുന്ന നിശബ്ദത..

".... ഇന്നലെ വൈകുന്നേരം ഞാൻ തന്നെയാണേ അത് അടച്ചത്.. ഇതെങ്ങിനിപ്പോ തുറന്നെ എന്ന് നോക്കാനായിട്ട് ഞാൻ ചെന്ന് നോക്കുമ്പോ...ണ്ട് ഈ കക്ഷി അതിന്റകത്ത്‌ കിടന്നു നല്ല ഉറക്കം.. ഒച്ചയുണ്ടാക്കാതെ ഞാൻ തിരിച്ചോടിച്ചെന്നു ഗങ്ങാരൻ മാഷ്നെ വിളിച്ചു.. എനിക്ക് കാര്യം സാധിക്കാൻ വേണ്ടിയാണ് വിളിക്കുന്നതെന്ന് കരുതി മാഷ്‌ മിണ്ടാതെ ഇരുന്നു.. ഉറക്കെ വിളിക്കാൻ പറ്റ്വോ... ഇവൻ ഒച്ചകേട്ട് എണീറ്റ്‌ ഓടിയാലോ..??
ഞാൻ പിന്നെ ഒന്നും നോക്കിയില്ല..  വരണത് വരട്ടെ എന്നുകരുതി രണ്ടും കല്പ്പിച്ചു പൂണ്ടടക്കം ഇവനെ ഒരൊറ്റ പിടുത്തം.. ഇവനൊന്ന് കുതറാൻ പോലും പറ്റിയില്ല.. തൂണേൽ പിടിച്ചു കെട്ടാൻ നേരത്തും ഇവൻ കൂർക്കം വലിക്കുന്നുണ്ടായിരുന്നു... ഹ ഹ ഹ.." പവിത്രൻ സാർ കുടവയർ കുലുക്കി ചിരിച്ചു.

കൂടിനിന്നവർ ഉറക്കെ ചിരിച്ചു; കൂട്ടത്തിൽ മുറുക്കാൻ കറപുരണ്ട പല്ലു കാണിച്ച് 'കള്ളനും'..

"ങേ..!! ഇവന് രണ്ടെണ്ണം കൊടുത്താലോ..  ഇരുന്ന് ചിരിക്കുന്ന കണ്ടില്ലേ..??" ആരൊക്കയോ ആവേശം കൊണ്ടു..

"വേണ്ട.. കണ്ടിട്ട് തലയ്ക്കു സ്ഥിരതയുള്ള ആളല്ല എന്ന് തോന്നുന്നു.." ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരുടെയോ ശബ്ദം ഉയർന്നു.

വായുവിൽ ഉയർന്ന കൈകൾ സാവകാശം  താഴ്ന്നു.. ഒരു നിമിഷംകൊണ്ട് പവിത്രൻ സാറിന്റെ ആവേശം കെട്ടടങ്ങി..ഒരുനിമിഷം മുകളിലേക്ക് നോക്കി 'ഈശ്വരാ.. ഇയാൾ സ്വബോധം ഉള്ള ആളായിരിക്കണേ..' എന്ന് സാറ്  പ്രാർത്ഥിച്ചുവോ..!!

അത് ബാലനായിരുന്നു... എന്റെ നാട്ടുകാരാനായ ഒരു ആദിവാസി യുവാവ്. ചെറുപ്പത്തിലെന്നോ ദുർമരണം കണ്ട് പേടിച്ചു മനോനില തെറ്റുന്നതുവരെ ബാലൻ മിടുക്കനായി പഠിച്ചുകൊണ്ടിരുന്ന ഒരു ബാലനായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ.. നാലു കിലോമീറ്ററോളം ദൂരെയുള്ള ഈ സ്കൂളിൽ, ബാലൻ എങ്ങിനെ എത്തിയെന്നുള്ളത് മാത്രം ഇന്നുമൊരു ചോദ്യചിഹ്നം!!

കൂട്ട മണിയുടെ ഒച്ചയിൽ കുട്ടികൾ എല്ലാവരും അവരവരുടെ ക്ലാസ്സുകളിലേക്ക് ഓടിക്കയറി..

എ പ്ലസ് ബി ഓൾ സ്ക്വയർ സമം എ സ്ക്വയർ പ്ലസ് ടു എ ബി പ്ലസ് ബി സ്ക്വയറും, എ മൈനസ് ബി ഓൾ സ്ക്വയർ സമം എ സ്ക്വയർ പ്ലസ് ടു എ ബി മൈനസ് ബി സ്ക്വയറും, ചൂരൽ വടിയുടെ ശീല്ക്കാരവും ചേർന്ന് സമാസമം ക്ലാസ്മുറിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കവേ പൊടിപടലങ്ങൾ പടർത്തി ചെമ്മണ്‍ പാതയിൽക്കൂടി ഞെളിപിരി കൊണ്ടുവരുന്ന പോലീസ് ജീപ്പ് സ്കൂൾ മുറ്റത്ത്‌ സഡൻ ബ്രേക്ക് ഇട്ടു.

കാക്കി കുപ്പായങ്ങൾ ഹെഡ് മാസ്റ്ററുടെ പിന്നാലെ ഓഫീസ് റൂമിലേക്ക്‌ വരിവരിയായി കയറിപ്പോയി. അവരെ നോക്കിയും ബാലൻ ചിരി തുടർന്നു..

പവിത്രൻ സാറിന്റെ മൊഴിയും ലാബിലെ പരിശോധനയും കഴിഞ്ഞ് ബാലനെയും കൊണ്ട്‌ പോലീസ് ജീപ്പ് ചെമ്മണ്‍ പാതയിലെ പൊടിപടലങ്ങൾക്കിടയിൽ പോയ്‌ മറഞ്ഞു..

പിന്നീട് ബാലൻ കള്ളനല്ലെന്നും മനോനിലയുടെ തകരാറുകൊണ്ട് സംഭാവിച്ചതാണെന്നുമുള്ള നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലനെ പോലീസ് വെറുതെ വിട്ടു.

പവിത്രൻ സാർ ആകട്ടെ കുറച്ചുകാലത്തേക്കെങ്കിലും താൻ ശരിക്കിനും കള്ളനെ തന്നെയാണ് പിടിച്ചതെന്ന് സ്വയം വിശ്വസിച്ചും മറ്റുള്ളവരെ വിശ്വസിപ്പിച്ചും തലയുയർത്തി നടന്നു.

പിന്നീട് വർഷങ്ങൾക്കു ശേഷമാണ് പേടിക്കേണ്ട മനുഷ്യനല്ല ബാലൻ എന്ന തിരിച്ചറിവ് എനിക്കും ഉണ്ടായത്..
ബാലൻ ഒരു പാവമായിരുന്നു.. നോട്ടംകൊണ്ടുപോലും ആരെയും ഭയപ്പെടുത്താത്ത, പേരുപോലെ  നിഷ്ക്കളങ്കനായ ബാലൻ..

വായിൽ നിറയെ ഇട്ടു ചവയ്ക്കാനുള്ള മുറുക്കാനു  വേണ്ടി അവൻ പണിയെടുത്തു.. ആരെയും അവൻ പറ്റിച്ചില്ല.. ഒരുപക്ഷേ പലപ്പോഴായിട്ട് അവൻ പറ്റിക്കപ്പെട്ടിരിക്കാം.. എണ്ണിവാങ്ങാത്ത കൂലിക്ക് മുമ്പിൽ അവൻ ആരോട് കണക്കു പറയാൻ.. വിലപേശാൻ...??

നാട്ടുകാർക്ക് അവൻ ചൂടൻ ബാലനാണ്.. വലം കയ്യിലേയും ഇടം കയ്യിലേയും ചൂണ്ടുവിരൽ തുമ്പിൽ  ചുണ്ണാമ്പ് തേച്ചു നടക്കുന്നവൻ.. കാരണങ്ങൾ ഉണ്ടായിരുന്നിട്ടും കൂടി ചിരിക്കാൻ മടിക്കുന്നവർക്കിടയിൽനിന്ന് കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ബാലാൻ ചിരിച്ചുകൊണ്ടിരുന്നു.. അവന്റെ മുറുക്കാൻ കറപുരണ്ട ചിരിക്കുപോലും ഇത്രയധികം നിഷ്ക്കളങ്കത നല്കിയത് ആരാണ്..!!

ബാലനെ അറിയുന്നവരേക്കാൾ  ബാലന് അറിയുന്നവർ ആയിരുന്നു അവിടെ കൂടുതലും.. പൊതുവേ മൗനം ധരിച്ചു നടക്കുന്നവനെങ്കിലും എന്തൊക്കയോ ബാലനും അറിയുന്നുണ്ടായിരുന്നു.

വർഷങ്ങൾക്കു മുൻപ് കോളേജ് മഗസിനുവേണ്ടി ഒരു കഥ എഴുതിത്തരാൻ എന്റെ കൂട്ടുകാരി ആവശ്യപ്പെട്ടപ്പോൾ ഞാൻ തിരഞ്ഞെടുത്ത വിഷയം ബാലന്റെ കഥയായിരുന്നു.. അതുപക്ഷേ എന്റെ സങ്കല്പ്പങ്ങളിൽനിന്നു മെനഞ്ഞെടുത്ത കുറേ ഊഹാപോഹങ്ങൾ മാത്രമായിരുന്നു എന്ന തിരിച്ചറിവ് എനിക്കുണ്ടായത് ബാലനെ കൂടുതൽ അടുത്തറിഞ്ഞപ്പോൾ ആയിരുന്നു.

ആ കഥയും ബാലനും ഇന്നില്ല..
ഏകദേശം ഒരുവർഷം മുന്നേ ബാലൻ മരിച്ചു.. അവന്റെ ആരോഗ്യത്തെയും കാഴ്ച്ചയേയും കവർന്നെടുത്ത രോഗം ഒടുവിൽ  അവനെയും (ബാലനേയും)  കൊണ്ടുപോയി.. നല്ലവരായ നാട്ടുകാരുടെ സഹായങ്ങൾക്കൊന്നും ബാലന്റെ ജീവൻ പിടിച്ചുനിർത്താനും  കഴിഞ്ഞില്ല..  

ബാലൻ നടന്ന വഴികളും ചുണ്ണാമ്പ് പുരണ്ട ചൂണ്ടു വിരലുകളും എല്ലാം മനസ്സിലൊരു നീറ്റൽ ഇന്നും അവശേഷിപ്പിക്കുന്നു...


സ്കൂൾ വരാന്തയിലെ വലിയ തൂണിന്റെ ചുവട്ടിലിരുന്ന് ബാലന്റെ ആത്മാവ് ഇനിയും ഉറക്കെയുറക്കെ ചിരിക്കട്ടെ..
ആ ചിരി കേട്ട് അസ്വസ്ഥരായി പവിത്രൻ സാറിന്റെയും ഗങ്ങാരൻ മാഷിന്റെയും കുളികൾ ഇനിയും ഇനിയും മുടങ്ങട്ടെ..
കാരണം, ബാലൻ കള്ളനല്ല.. ഭ്രാന്തനുമല്ല. ബോധമുള്ള മനുഷ്യനായിരുന്നു.
-----------------------------------------------------------------------
നിത്യശാന്തി പുല്കി മയങ്ങുക.. 
നിത്യതയിലേക്ക് നീ ഉയർത്തപ്പെടും.
-----------------------------------------------------------------------
*ഗംഗാധരൻ

* പിട്ടൻ (കുറിച്ച്യ സമുദായത്തിലെ പഴയ ആളുകളെ വിളിച്ചിരുന്ന പേര്.) 

2014, ജനുവരി 12, ഞായറാഴ്‌ച

യവനിക

വനിക താഴ്ത്തി ഞാൻ
മടങ്ങുകയാണ് അണിയറയിലേക്ക്..
കെട്ടിയാടി മടുത്തോരാ വേഷങ്ങൾ
വേദിയിൽ തന്നെ ഉപേക്ഷിക്കുന്നു.

കയ്യടിച്ചും ചിരിച്ചും വിമർശിച്ചും
നിങ്ങൾ വളർത്തിയ എന്റെ സ്വപ്നങ്ങളെ
വേദിയിൽ തന്നെ വിട്ടു പോകുമ്പോഴും,
നോവുകൾ മാത്രം ഞാൻ കൊണ്ടുപോകുന്നു;
നാളെ അവ നിങ്ങളെയും വേദനിപ്പിക്കാതിരിക്കാൻ..

2014, ജനുവരി 9, വ്യാഴാഴ്‌ച

കടൽതീരത്തെ പെണ്‍കുട്ടി

 ചരിത്രത്തിൽ ആദ്യമായി "എന്റെ കൊച്ചിനെ കാണുന്നില്ലേ.." എന്നുള്ള നിലവിളി ശബ്ദം കേട്ടത് രണ്ടായിരം വർഷങ്ങൾക്കു മുൻപ്  ജറുസലെമിൽ നിന്ന് നസ്രത്തിലേക്കുള്ള വീഥിയിൽ വച്ചായിരുന്നു. 
(പരിമിതമായ  എന്റെ ഈ അറിവ് തെറ്റാണെങ്കിൽ ചരിത്രാന്വേഷികൾ പൊറുക്കുക.)

അന്ന്, പന്ത്രണ്ടാമത്തെ വയസ്സിൽ അപ്പന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ചു മുങ്ങിയ ആ കുട്ടിയുടെ പേരാണ് യേശു.

പെസഹാത്തിരുന്നാൾ ആഘോഷിക്കാൻ ജറുസലെമിലേക്ക് മാതാപിതാക്കളും ബന്ധുജനങ്ങളും പരിചയക്കാരും അടങ്ങുന്ന വലിയ സംഘത്തിനൊപ്പം തുള്ളിച്ചാടി യാത്രപോയ ആ ബാലൻ തിരികെയുള്ള യാത്രയിൽ ആരോടും പറയാതെ ഒറ്റമുങ്ങൽ..

നൊന്തുപെറ്റ വയറിന് മകനെ കാണാതെ പോയാൽ സഹിക്കാൻ കഴിയുമോ...?  
വഴിയിൽ കിടന്ന് ആ അമ്മ നിലവിളിച്ചു..
"എന്റെ മോനെ കണ്ടോ.. എന്റെ മോനെ ആരെങ്കിലും കണ്ടോ.." എന്ന് കൂടെയുള്ള സാറാമ്മയോടും ഏലിയാമ്മയോടും മറ്റും ചോദിച്ചുനോക്കിയെങ്കിലും 'ഞങ്ങളാരും കണ്ടില്ലല്ലോ..' എന്ന ഭാവത്തിൽ കൈ മലർമലർത്തി അവരും സഹതാപം പ്രകടിപ്പിച്ചു.

"നീയൊന്നു സമാധാനിക്കു മേരി.. നമുക്ക് അവനെ എങ്ങിനെയെങ്കിലും കണ്ടുപിടിക്കാം" എന്ന് ജോസഫ്‌ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. പക്ഷേ മേരിയുടെ നിലവിളി ഒന്നും കൂടെ കൂടിയതേ ഒള്ളു..
എങ്ങിനെ നിലവിളിക്കാതിരിക്കും എന്നുപറ.. ആകപ്പാടെയുള്ള ഒരു ആണ്‍തരി.. മോനേ.. കുട്ടാ.. എന്നൊക്കെ വിളിച്ച് ഓമനിച്ചു വളർത്തിയ നല്ല അനുസരണയുള്ള മോൻ..

യാത്ര ഒന്നുരണ്ടു  ദിവസം പിന്നിട്ടിരിക്കുന്നു... അവസാനം അവർ രണ്ടുപേരുംകൂടി യേശുവിനെ അന്വേഷിച്ചു തിരികെ ജറുസലെമിലെക്ക് പോയി.. ഒടുവിൽ മൂന്നു ദിവസത്തെ അന്വേഷണത്തിന് ശേഷം ജറുസലെം ദേവാലയത്തിൽ വച്ച് അവർ യേശുവിനെ കണ്ടെത്തി.

അപ്പോൾ യേശുവാകട്ടെ ഈ കോലാഹലങ്ങൾ ഒന്നും അറിയാതെ ഉപാധ്യയന്മാരുടെ ഇടയിലിരുന്നു അവർ പറയുന്നത് കേൾക്കുകയും, അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയും, അവരോടു ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചും എല്ലാവരെയും ആശ്ച്ചര്യപ്പെടുത്തുകയും ആയിരുന്നു.
"മോനെ നീ എന്നാ പണിയാ ഈ കാണിച്ചേ.. ഞങ്ങളെ വെറുതെ തീ തീറ്റിച്ചു കളഞ്ഞല്ലോ.." എന്ന് അമ്മയുടെ വക സ്നേഹപൂർവ്വമായ ശാസന..

"ആ സാരമില്ലെടീ.. എന്നതാണേലും അവനെ നമുക്ക് തിരിച്ചു കിട്ടിയില്ലേ.. ഇനി അവനെ വഴക്കൊന്നും പറയാൻ നിക്കണ്ട.. എത്രയും വേഗം നമുക്ക് നാട്ടിലേക്ക് തിരിച്ചു പോകാം.." സ്നേഹപൂർവ്വം അവന്റെ നീണ്ട മുടിയിഴകളിൽ വിരലോടിച്ച് പിതാവിന്റെ ആശ്വാസ വാക്കുകൾ..
നല്ല കുട്ടിയായി അവർക്കൊപ്പം യേശു എന്ന ബാലൻ നസ്രത്തിലേക്ക് മടങ്ങിയതോടെ ആ മാതാപിതാക്കളുടെ നഷ്ടപ്പെടലിന്റെ വേദനയും മാറി.

ഒരുപക്ഷേ അതിനു മുന്പും അതിനു ശേഷവും ഇതുപോലെയുള്ള ഒത്തിരി അധികം നഷ്ടപ്പെടലുകൾ നടന്നിട്ടുണ്ടാവാം.. ചരിത്രത്തിൽ കോറിയിടാതെ പോയ വേർപാടിന്റെ നൊമ്പരങ്ങൾ... തിരിച്ചുകിട്ടിയതും ആൾക്കൂട്ടത്തിൽ എന്നന്നേക്കുമായി നഷ്ടപെട്ടുപോയതുമായ ബന്ധങ്ങൾ..

"എന്റെ മോനെ.."
"എന്റെ മോളെ.."
"അമ്മേ... അച്ഛാ..." തുടങ്ങിയ നിലവിളികൾ ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിൽ, അവനവന്റെ തിരക്കുകൾക്കിടയിൽ ആരാരും കേൾക്കാതെ, ശ്രദ്ധിക്കാതെ എത്രയോ തവണ മുങ്ങിപോയിരിക്കും..??

തികച്ചും അവിചാരിതമായ ഒരു സന്ദർഭത്തിലാണ് ഇതൊക്കെ ഓർമ്മയിലേക്ക് വീണ്ടും ഓടിയെത്തിയത്..

 കോഴിക്കോടൻ സായാഹ്നത്തിന്റെ സൗന്ദര്യം മുഴുവനും അറബിക്കടലിലേയ്ക്ക്‌ മുഖം താഴ്ത്തി തുടങ്ങിയ സമയം..
യാത്ര പറയാൻ വെമ്പൽ കൊള്ളുന്ന ഡിസംബറിലെ അവസാനത്തെ ഞായർ...

സുഹൃത്തുക്കൾക്കൊപ്പം കടപ്പുറത്തെ ജനാരവങ്ങൾക്കിടയിലേക്ക് പതുക്കെ അലിഞ്ഞുചേരാൻ തുടങ്ങിയപ്പോൾ തന്നെ കേട്ടു പോലീസുകാരുടെ ഉച്ചത്തിലുള്ള അനൗണ്‍സ്മെന്റ്..

"ബീച്ചിൽ എത്തിയിട്ടുള്ള സന്ദർശകരുടെ ശ്രദ്ധയ്ക്ക്..
രക്ഷിതാക്കളുടെ  കയ്യിൽനിന്നും വേർപെട്ടുപോയ നിലയിൽ മൂന്നു വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു കിട്ടിയിട്ടുണ്ട്.
കുട്ടിയുടെ രക്ഷിതാക്കൾ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ പോലീസ് വാഹനത്തിന്റെ സമീപത്തേക്ക് വരേണ്ടതാണ്.."

ഒരുപക്ഷേ  ആ കുട്ടിയെ അന്വേഷിച്ച് മാതാപിതാക്കൾ എത്തിയിരിക്കാം.. അങ്ങിനെ ആശിക്കാം. കാരണം, അതിൽ കൂടുതൽ മറ്റൊന്നും ഞാൻ അറിഞ്ഞില്ല; അറിയാൻ ശ്രമിച്ചില്ല.

മസാല പുരട്ടിയ കത്തിരിയും പൈനാപ്പിൾ കഷ്ണവും രുചിയോടെ തിന്നും, കടപ്പുറത്തെ പലതരം കാഴ്ച്ചകളെ കണ്ണുകളാൽ ആലിംഗനം ചെയ്തും , മനസ്സുകൊണ്ട് പട്ടത്തിനൊപ്പം ഉയരെ പറന്നും സ്വന്തം ലോകത്തേക്ക് സ്വയം ചുരുങ്ങുമ്പോൾ കാണാതെ പോകുന്ന കാഴ്ച്ചകളും ഉണ്ടെന്നുള്ളത് സത്യമാണ്.

അങ്ങിനെയാണ് കൂടിനില്ക്കുന്ന ഒരുകൂട്ടം ആളുകൾക്കിടയിലേക്ക് എന്റെ കണ്ണുകളും ചെന്നെത്തിയത്. അവിടെ ആൾക്കൂട്ടങ്ങൾക്കു നടുവിൽ അടിവസ്ത്രം മാത്രം ധരിച്ച് പകച്ചു നില്ക്കുന്ന ഒരു അഞ്ചുവയസ്സുകാരി  പെണ്‍കുട്ടി..

കടലിൽ കളിച്ച് ഈറനണിഞ്ഞ ശരീരം, വെള്ളം ഇറ്റുവീഴുന്ന മണലു പറ്റിപിടിച്ച മുടിയിഴകൾ.. നിസ്സഹായത വിളിച്ചോതുന്ന മുഖഭാവം..

ഓമനത്വം തുളുമ്പുന്ന ആ കണ്ണുകളിലേക്കു നോക്കവേ അറിയാതെ ഒരുനിമിഷം വീട്ടിലെ കിളി കൊഞ്ചലുകളെ ഓർത്തുപോയി. അവരിലാരോ ഒരാൾ എവിടെയോ ഒറ്റപ്പെട്ടുനില്ക്കുന്നു എന്നോരു തോന്നൽ.. ചില സങ്കടപ്പെടലുകൾ എത്ര വേഗത്തിലാണ് മനസ്സ് കീഴടക്കിക്കളയുന്നത്..

ആരൊക്കയോ ആ പെണ്‍കുട്ടിയോട് പേരും നാടുമൊക്കെ ചോദിക്കുന്നുണ്ട്..
അറിയാവുന്ന കാര്യങ്ങൾ അവൾ പറഞ്ഞുകൊടുത്തു.
വലിയ തിരമാലകൾ തീരത്ത് വന്നു ബഹളം കൂട്ടിമടങ്ങുന്ന കടലിലേക്ക്‌ കൈചൂണ്ടി "ഞാൻ അവിടെയാ നിന്നത്" എന്നവൾ പറഞ്ഞു..

സത്യത്തിൽ ആ പാവം പെണ്‍കുട്ടിക്കും നിശ്ചയം ഉണ്ടായിരുന്നില്ല താൻ എവിടെനിന്നാണ് കടൽവെള്ളം കോരി കളിച്ചതെന്ന്..

ഉപ്പയും ഉമ്മയും കുഞ്ഞനുജനും എവിടെയെന്ന് അവൾ ചുറ്റിനും പകച്ചുനോക്കി..
"ഒരു കുട്ടിയെ കിട്ടിയിട്ടുണ്ടേ.." എന്ന് ആരൊക്കയൊ വിളിച്ചുകൂവി..
ദൂരെനിന്നും ഓടിക്കിതച്ചുവന്ന ഒരാൾ "ഇതല്ല.. ഇതല്ല.. എന്റേത് ആണ്‍കുട്ടിയാണ്" എന്നും പറഞ്ഞ് മറ്റെവിടെയൊക്കയോ അവന്റെ പേരും വിളിച്ച്  തിരഞ്ഞു നടന്നു..

എത്രയും വേഗം അവൾക്ക് അവളുടെ ഉപ്പയേയും ഉമ്മയേയും കുഞ്ഞനുജനെയും കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിലെന്ന് മനസ്സ് കൊതിച്ചു..

മനസ്സിലെവിടെയോ ഒരു നൊമ്പരമായി അവളുടെ ഒറ്റപ്പെടൽ കൂട് കൂട്ടിയിരിക്കുന്നു..

അവളെയും കൂട്ടി ആളുകൾക്കിടയിലൂടെ "ഒരു കുട്ടിയെ കിട്ടിയിട്ടുണ്ടേ.." എന്നുറക്കെ വിളിച്ച് ആരൊക്കയോ നടന്ന കൂട്ടത്തിൽ  ഞങ്ങളും പോയി.

ഒടുവിൽ ആകാംക്ഷയെ ഇരുട്ടിൽ ഉപേക്ഷിച്ച് അവളുടെ ഉപ്പയും ഉമ്മയും കുഞ്ഞനുജനും എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു..

വീണ്ടുമൊരു കണ്ടുമുട്ടൽ കണ്ണുകൾ നനയിക്കും.. ഹൃദയത്തിൽ സ്നേഹം ജനിപ്പിക്കും.

അവരുടെ കൈകളിൽ ഇനിയൊരിക്കലും വിട്ടുപോകാത്ത വിധം  മുറുകെ പിടിച്ച്, അവൾ ഇരുട്ടിലേക്ക് നടന്നകന്നപ്പോൾ നിറഞ്ഞ ഹൃദയത്തോടെ എത്രയേറെ കണ്ണുകൾ ആ കടപ്പുറത്ത് അത് നോക്കി നിന്നിട്ടുണ്ടാവും..!!