2014, ജനുവരി 9, വ്യാഴാഴ്‌ച

കടൽതീരത്തെ പെണ്‍കുട്ടി

 ചരിത്രത്തിൽ ആദ്യമായി "എന്റെ കൊച്ചിനെ കാണുന്നില്ലേ.." എന്നുള്ള നിലവിളി ശബ്ദം കേട്ടത് രണ്ടായിരം വർഷങ്ങൾക്കു മുൻപ്  ജറുസലെമിൽ നിന്ന് നസ്രത്തിലേക്കുള്ള വീഥിയിൽ വച്ചായിരുന്നു. 
(പരിമിതമായ  എന്റെ ഈ അറിവ് തെറ്റാണെങ്കിൽ ചരിത്രാന്വേഷികൾ പൊറുക്കുക.)

അന്ന്, പന്ത്രണ്ടാമത്തെ വയസ്സിൽ അപ്പന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ചു മുങ്ങിയ ആ കുട്ടിയുടെ പേരാണ് യേശു.

പെസഹാത്തിരുന്നാൾ ആഘോഷിക്കാൻ ജറുസലെമിലേക്ക് മാതാപിതാക്കളും ബന്ധുജനങ്ങളും പരിചയക്കാരും അടങ്ങുന്ന വലിയ സംഘത്തിനൊപ്പം തുള്ളിച്ചാടി യാത്രപോയ ആ ബാലൻ തിരികെയുള്ള യാത്രയിൽ ആരോടും പറയാതെ ഒറ്റമുങ്ങൽ..

നൊന്തുപെറ്റ വയറിന് മകനെ കാണാതെ പോയാൽ സഹിക്കാൻ കഴിയുമോ...?  
വഴിയിൽ കിടന്ന് ആ അമ്മ നിലവിളിച്ചു..
"എന്റെ മോനെ കണ്ടോ.. എന്റെ മോനെ ആരെങ്കിലും കണ്ടോ.." എന്ന് കൂടെയുള്ള സാറാമ്മയോടും ഏലിയാമ്മയോടും മറ്റും ചോദിച്ചുനോക്കിയെങ്കിലും 'ഞങ്ങളാരും കണ്ടില്ലല്ലോ..' എന്ന ഭാവത്തിൽ കൈ മലർമലർത്തി അവരും സഹതാപം പ്രകടിപ്പിച്ചു.

"നീയൊന്നു സമാധാനിക്കു മേരി.. നമുക്ക് അവനെ എങ്ങിനെയെങ്കിലും കണ്ടുപിടിക്കാം" എന്ന് ജോസഫ്‌ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. പക്ഷേ മേരിയുടെ നിലവിളി ഒന്നും കൂടെ കൂടിയതേ ഒള്ളു..
എങ്ങിനെ നിലവിളിക്കാതിരിക്കും എന്നുപറ.. ആകപ്പാടെയുള്ള ഒരു ആണ്‍തരി.. മോനേ.. കുട്ടാ.. എന്നൊക്കെ വിളിച്ച് ഓമനിച്ചു വളർത്തിയ നല്ല അനുസരണയുള്ള മോൻ..

യാത്ര ഒന്നുരണ്ടു  ദിവസം പിന്നിട്ടിരിക്കുന്നു... അവസാനം അവർ രണ്ടുപേരുംകൂടി യേശുവിനെ അന്വേഷിച്ചു തിരികെ ജറുസലെമിലെക്ക് പോയി.. ഒടുവിൽ മൂന്നു ദിവസത്തെ അന്വേഷണത്തിന് ശേഷം ജറുസലെം ദേവാലയത്തിൽ വച്ച് അവർ യേശുവിനെ കണ്ടെത്തി.

അപ്പോൾ യേശുവാകട്ടെ ഈ കോലാഹലങ്ങൾ ഒന്നും അറിയാതെ ഉപാധ്യയന്മാരുടെ ഇടയിലിരുന്നു അവർ പറയുന്നത് കേൾക്കുകയും, അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയും, അവരോടു ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചും എല്ലാവരെയും ആശ്ച്ചര്യപ്പെടുത്തുകയും ആയിരുന്നു.
"മോനെ നീ എന്നാ പണിയാ ഈ കാണിച്ചേ.. ഞങ്ങളെ വെറുതെ തീ തീറ്റിച്ചു കളഞ്ഞല്ലോ.." എന്ന് അമ്മയുടെ വക സ്നേഹപൂർവ്വമായ ശാസന..

"ആ സാരമില്ലെടീ.. എന്നതാണേലും അവനെ നമുക്ക് തിരിച്ചു കിട്ടിയില്ലേ.. ഇനി അവനെ വഴക്കൊന്നും പറയാൻ നിക്കണ്ട.. എത്രയും വേഗം നമുക്ക് നാട്ടിലേക്ക് തിരിച്ചു പോകാം.." സ്നേഹപൂർവ്വം അവന്റെ നീണ്ട മുടിയിഴകളിൽ വിരലോടിച്ച് പിതാവിന്റെ ആശ്വാസ വാക്കുകൾ..
നല്ല കുട്ടിയായി അവർക്കൊപ്പം യേശു എന്ന ബാലൻ നസ്രത്തിലേക്ക് മടങ്ങിയതോടെ ആ മാതാപിതാക്കളുടെ നഷ്ടപ്പെടലിന്റെ വേദനയും മാറി.

ഒരുപക്ഷേ അതിനു മുന്പും അതിനു ശേഷവും ഇതുപോലെയുള്ള ഒത്തിരി അധികം നഷ്ടപ്പെടലുകൾ നടന്നിട്ടുണ്ടാവാം.. ചരിത്രത്തിൽ കോറിയിടാതെ പോയ വേർപാടിന്റെ നൊമ്പരങ്ങൾ... തിരിച്ചുകിട്ടിയതും ആൾക്കൂട്ടത്തിൽ എന്നന്നേക്കുമായി നഷ്ടപെട്ടുപോയതുമായ ബന്ധങ്ങൾ..

"എന്റെ മോനെ.."
"എന്റെ മോളെ.."
"അമ്മേ... അച്ഛാ..." തുടങ്ങിയ നിലവിളികൾ ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിൽ, അവനവന്റെ തിരക്കുകൾക്കിടയിൽ ആരാരും കേൾക്കാതെ, ശ്രദ്ധിക്കാതെ എത്രയോ തവണ മുങ്ങിപോയിരിക്കും..??

തികച്ചും അവിചാരിതമായ ഒരു സന്ദർഭത്തിലാണ് ഇതൊക്കെ ഓർമ്മയിലേക്ക് വീണ്ടും ഓടിയെത്തിയത്..

 കോഴിക്കോടൻ സായാഹ്നത്തിന്റെ സൗന്ദര്യം മുഴുവനും അറബിക്കടലിലേയ്ക്ക്‌ മുഖം താഴ്ത്തി തുടങ്ങിയ സമയം..
യാത്ര പറയാൻ വെമ്പൽ കൊള്ളുന്ന ഡിസംബറിലെ അവസാനത്തെ ഞായർ...

സുഹൃത്തുക്കൾക്കൊപ്പം കടപ്പുറത്തെ ജനാരവങ്ങൾക്കിടയിലേക്ക് പതുക്കെ അലിഞ്ഞുചേരാൻ തുടങ്ങിയപ്പോൾ തന്നെ കേട്ടു പോലീസുകാരുടെ ഉച്ചത്തിലുള്ള അനൗണ്‍സ്മെന്റ്..

"ബീച്ചിൽ എത്തിയിട്ടുള്ള സന്ദർശകരുടെ ശ്രദ്ധയ്ക്ക്..
രക്ഷിതാക്കളുടെ  കയ്യിൽനിന്നും വേർപെട്ടുപോയ നിലയിൽ മൂന്നു വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു കിട്ടിയിട്ടുണ്ട്.
കുട്ടിയുടെ രക്ഷിതാക്കൾ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ പോലീസ് വാഹനത്തിന്റെ സമീപത്തേക്ക് വരേണ്ടതാണ്.."

ഒരുപക്ഷേ  ആ കുട്ടിയെ അന്വേഷിച്ച് മാതാപിതാക്കൾ എത്തിയിരിക്കാം.. അങ്ങിനെ ആശിക്കാം. കാരണം, അതിൽ കൂടുതൽ മറ്റൊന്നും ഞാൻ അറിഞ്ഞില്ല; അറിയാൻ ശ്രമിച്ചില്ല.

മസാല പുരട്ടിയ കത്തിരിയും പൈനാപ്പിൾ കഷ്ണവും രുചിയോടെ തിന്നും, കടപ്പുറത്തെ പലതരം കാഴ്ച്ചകളെ കണ്ണുകളാൽ ആലിംഗനം ചെയ്തും , മനസ്സുകൊണ്ട് പട്ടത്തിനൊപ്പം ഉയരെ പറന്നും സ്വന്തം ലോകത്തേക്ക് സ്വയം ചുരുങ്ങുമ്പോൾ കാണാതെ പോകുന്ന കാഴ്ച്ചകളും ഉണ്ടെന്നുള്ളത് സത്യമാണ്.

അങ്ങിനെയാണ് കൂടിനില്ക്കുന്ന ഒരുകൂട്ടം ആളുകൾക്കിടയിലേക്ക് എന്റെ കണ്ണുകളും ചെന്നെത്തിയത്. അവിടെ ആൾക്കൂട്ടങ്ങൾക്കു നടുവിൽ അടിവസ്ത്രം മാത്രം ധരിച്ച് പകച്ചു നില്ക്കുന്ന ഒരു അഞ്ചുവയസ്സുകാരി  പെണ്‍കുട്ടി..

കടലിൽ കളിച്ച് ഈറനണിഞ്ഞ ശരീരം, വെള്ളം ഇറ്റുവീഴുന്ന മണലു പറ്റിപിടിച്ച മുടിയിഴകൾ.. നിസ്സഹായത വിളിച്ചോതുന്ന മുഖഭാവം..

ഓമനത്വം തുളുമ്പുന്ന ആ കണ്ണുകളിലേക്കു നോക്കവേ അറിയാതെ ഒരുനിമിഷം വീട്ടിലെ കിളി കൊഞ്ചലുകളെ ഓർത്തുപോയി. അവരിലാരോ ഒരാൾ എവിടെയോ ഒറ്റപ്പെട്ടുനില്ക്കുന്നു എന്നോരു തോന്നൽ.. ചില സങ്കടപ്പെടലുകൾ എത്ര വേഗത്തിലാണ് മനസ്സ് കീഴടക്കിക്കളയുന്നത്..

ആരൊക്കയോ ആ പെണ്‍കുട്ടിയോട് പേരും നാടുമൊക്കെ ചോദിക്കുന്നുണ്ട്..
അറിയാവുന്ന കാര്യങ്ങൾ അവൾ പറഞ്ഞുകൊടുത്തു.
വലിയ തിരമാലകൾ തീരത്ത് വന്നു ബഹളം കൂട്ടിമടങ്ങുന്ന കടലിലേക്ക്‌ കൈചൂണ്ടി "ഞാൻ അവിടെയാ നിന്നത്" എന്നവൾ പറഞ്ഞു..

സത്യത്തിൽ ആ പാവം പെണ്‍കുട്ടിക്കും നിശ്ചയം ഉണ്ടായിരുന്നില്ല താൻ എവിടെനിന്നാണ് കടൽവെള്ളം കോരി കളിച്ചതെന്ന്..

ഉപ്പയും ഉമ്മയും കുഞ്ഞനുജനും എവിടെയെന്ന് അവൾ ചുറ്റിനും പകച്ചുനോക്കി..
"ഒരു കുട്ടിയെ കിട്ടിയിട്ടുണ്ടേ.." എന്ന് ആരൊക്കയൊ വിളിച്ചുകൂവി..
ദൂരെനിന്നും ഓടിക്കിതച്ചുവന്ന ഒരാൾ "ഇതല്ല.. ഇതല്ല.. എന്റേത് ആണ്‍കുട്ടിയാണ്" എന്നും പറഞ്ഞ് മറ്റെവിടെയൊക്കയോ അവന്റെ പേരും വിളിച്ച്  തിരഞ്ഞു നടന്നു..

എത്രയും വേഗം അവൾക്ക് അവളുടെ ഉപ്പയേയും ഉമ്മയേയും കുഞ്ഞനുജനെയും കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിലെന്ന് മനസ്സ് കൊതിച്ചു..

മനസ്സിലെവിടെയോ ഒരു നൊമ്പരമായി അവളുടെ ഒറ്റപ്പെടൽ കൂട് കൂട്ടിയിരിക്കുന്നു..

അവളെയും കൂട്ടി ആളുകൾക്കിടയിലൂടെ "ഒരു കുട്ടിയെ കിട്ടിയിട്ടുണ്ടേ.." എന്നുറക്കെ വിളിച്ച് ആരൊക്കയോ നടന്ന കൂട്ടത്തിൽ  ഞങ്ങളും പോയി.

ഒടുവിൽ ആകാംക്ഷയെ ഇരുട്ടിൽ ഉപേക്ഷിച്ച് അവളുടെ ഉപ്പയും ഉമ്മയും കുഞ്ഞനുജനും എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു..

വീണ്ടുമൊരു കണ്ടുമുട്ടൽ കണ്ണുകൾ നനയിക്കും.. ഹൃദയത്തിൽ സ്നേഹം ജനിപ്പിക്കും.

അവരുടെ കൈകളിൽ ഇനിയൊരിക്കലും വിട്ടുപോകാത്ത വിധം  മുറുകെ പിടിച്ച്, അവൾ ഇരുട്ടിലേക്ക് നടന്നകന്നപ്പോൾ നിറഞ്ഞ ഹൃദയത്തോടെ എത്രയേറെ കണ്ണുകൾ ആ കടപ്പുറത്ത് അത് നോക്കി നിന്നിട്ടുണ്ടാവും..!!

8 അഭിപ്രായങ്ങൾ:

  1. കൈവിട്ടുപോയവരും കാണാതെപോയവരുമൊക്കെ എത്ര ഹൃദയങ്ങളെയാവും നീറ്റിനീറ്റിക്കൊന്നുകൊണ്ടിരിയ്ക്കുക! എങ്ങാനും ഒന്ന് മടങ്ങിവന്നിരുന്നെങ്കില്‍. ഒന്ന് തിരികെക്കിട്ടിയിരുന്നെങ്കില്‍!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യം.. നഷ്ടപ്പെടുക എന്നത് ഒരു വലിയ വേദന തന്നെയാണ്..

      ഇല്ലാതാക്കൂ
  2. ആര്‍ക്കും ആരെയും ഒരിക്കലും നഷ്ടപ്പെടാതിരുന്നെങ്കില്‍.. നഷ്ടപ്പെടുന്നതിന്‍റെ വേദന , അതും പെറ്റുവളര്‍ത്തിയ മക്കള്‍,.. :(

    ലോകത്ത് നന്മകള്‍ മാത്രം ഉണ്ടാകട്ടെ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നഷ്ടങ്ങളുടെ കണക്കുകൾ ഒരിക്കലും തീരില്ല.
      ആർക്കും ആരെയും നഷ്ടമാവാതിരിക്കട്ടെ.. ആശിക്കാം അങ്ങിനെ.

      ഇല്ലാതാക്കൂ
  3. നഷ്ടപ്പെടുകലുകള്‍ക്കെ നഷ്ടത്തിന്റെ വേദന അറിയൂ...
    നോവുന്ന കോഴിക്കോടന്‍ ബീച്ച് മനസ്സ് , കണ്ണ് നിറച്ചു !
    അസ്രൂസാശംസകള്‍ :)

    മറുപടിഇല്ലാതാക്കൂ
  4. ഇനിയൊരിക്കലും വിട്ടുപോകാത്ത വിധം മുറുകെ പിടിച്ച് നടക്കും ഇനി... പ്രതീക്ഷ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അവളുടെ കുഞ്ഞികൈകൾക്ക് ദൈവം ശക്തി നല്കട്ടെ.

      ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.