2016, ഓഗസ്റ്റ് 23, ചൊവ്വാഴ്ച

ജനിച്ചുപോകുന്ന കുഞ്ഞുങ്ങൾ..

കരകയറി ഒരു തോണി കിടപ്പുണ്ട്.
കടലോളങ്ങളിൽ ചാഞ്ചാടാൻ കഴിയാതെ,
കടലാഴങ്ങളിലെ വലവീശലിന് -
മുക്കുവർക്ക് കൂട്ടുപോകാൻ കഴിയാതെ,
നന്നേ പഴകിയൊരു തോണി..

തെങ്ങോല തണൽപറ്റി പകലുറക്കം തേടി
ചിലർ ആ തോണിക്കരികിലെത്താറുണ്ട്..
ഉറക്കം വരുംവരെ പുകച്ചുതള്ളുന്ന
വെളുത്ത പുക, വിലാസമില്ലാതെ
മാനത്ത് അലയുന്നതും നോക്കി
ഒരു കടൽക്കാക്ക
തെങ്ങോലത്തുമ്പിൽ ചുമ്മാ ഇരിപ്പുണ്ടാവും..

പകലങ്ങിനെ കടലുകടക്കുന്നതും കാത്ത്
അവിടെയൊരു ചെറു നിഴൽ
ഒളിച്ചിരിപ്പുണ്ടാകും..
അതൊരു വലിയ വലയമായ്
കടലിനെയും കരയേയും
പിന്നെയാ തോണിയേയും മൂടുമ്പോൾ
ഇരുട്ടിൽ നിന്ന് ചില നിഴലനക്കങ്ങൾ
തോണിയെ ലക്ഷ്യമാക്കി നടന്നടുക്കും.

സൂക്ഷിച്ചു നോക്കിക്കേ...
വിലപേശി വാങ്ങിയതും
'വലയിട്ടു'വീഴ്ത്തിയതുമായ
ചില പെൺശരീരങ്ങളാണ് അതൊക്കെ..

പകൽ പിന്നെയും കടന്നു വരികയും
ഇരുട്ടിനെ കോറിയിട്ടു വീണ്ടും
കടലിൽ പോയി ഒളിക്കുകയും ചെയ്യും..
അങ്ങിനെ ചില ഇരുണ്ട രാത്രികളിൽ
തോണിയിൽ നിന്ന്
ചോര കുഞ്ഞുങ്ങളുടെ നിലവിളി ശബ്ദം കേൾക്കാം;
അറിയാതെ ജനിച്ചുപോകുന്ന കുഞ്ഞുങ്ങളെ
തോണിയിൽ ഉപേക്ഷിച്ച്
വീണ്ടും കന്യകമാരായി മടങ്ങിപ്പോകുന്ന
അമ്മമാർ അവിടെയും ഉണ്ടായിരുന്നു!.

2016, ഓഗസ്റ്റ് 21, ഞായറാഴ്‌ച

മതവും മനുഷ്യനും!.

നമ്മുടെയൊക്കെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു കൊച്ചുകഥ പറയട്ടെ..

ദൂരെയുള്ള ഗ്രാമത്തിൽനിന്ന് ഒരു കൊച്ചുപെൺകുട്ടി മാതാപിതാക്കൾക്കൊപ്പം കടൽ കാണാൻ വന്നു.

കടൽ തിരകളോട് സല്ലപിച്ചും കുറുമ്പ് കാണിച്ചും, തീരത്തെ മണൽത്തരികളെ ഇക്കിളിപ്പെടുത്തി ഓടിനടന്നും വളരെവേഗത്തിൽ തന്നെ അവൾ കടലുമായി ചങ്ങാത്തത്തിലായി..

പക്ഷേ മടങ്ങിപ്പോകാൻ നേരമായപ്പോൾ അവൾക്കു വല്ലാത്ത സങ്കടമായി.. കുറഞ്ഞ സമയംകൊണ്ട് അത്രമേൽ കടൽ അവളെ മോഹിപ്പിച്ചിരുന്നു.

അവൾ അച്ഛനോട് ചോദിച്ചു; "അച്ഛാ നമുക്കീ കടലിനെ കൂടെ കൊണ്ടോകാം..?"

"അതിനെന്താ.. നമുക്ക് ഈ കടലിനെ കൊണ്ടോകാല്ലോ... പക്ഷേ എങ്ങിനെയാ കൊണ്ടുപോകുന്നേ...??" അവളുടെ മുടിയിഴകളിൽ വിരലോടിച്ചുകൊണ്ട് അയാൾ ചോദിച്ചു.

"നമ്മക്ക് കടലിനെ കുപ്പീൽ അടച്ചു കൊണ്ടോകാം..." അവൾ കയ്യിലിരുന്ന കുപ്പി അച്ഛന്റെ നേരെ നീട്ടി കുലുങ്ങിചിരിച്ചു..

അയാൾ അൽപ്പനേരം ആലോചിച്ചു നിന്നിട്ട് ചോദിച്ചു; "ഇങ്ങിനെ കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന കടലിനെ കുപ്പിയിലാക്കി വച്ചാൽ ഒരു ഭംഗിയും ഉണ്ടാവില്ലല്ലോ... അപ്പൊ എന്താ ചെയ്യാ മോളൂ..??"

"നമ്മക്ക് വീട്ടിച്ചെന്നിട്ട് ഇത്രേം വലിയ ഒരു പാത്രത്തിലേക്ക് കടലിനെ ഒഴിച്ചു വെക്കാം... അന്നേരം നമ്മക്ക് എന്നും കടല് കാണാല്ലോ.." അവൾ തലയാട്ടി തന്റെ കുഞ്ഞികൈകൾ കഴിയുന്നത്ര വിടർത്തികാണിച്ചിട്ടു പറഞ്ഞു..

അവളുടെ നിഷ്‌കളങ്കമായ ആഗ്രഹത്തെ നിരുത്സാഹപ്പെടുത്താൻ നിൽക്കാതെ അയാൾ കടൽവെള്ളം കുപ്പിയിൽ പകർന്നെടുത്ത് അവൾക്കു നൽകി. അല്ലെങ്കിൽത്തന്നെ തിരിച്ചറിവിന്റെ പ്രായമാകുമ്പോൾ അവൾക്ക് കാര്യങ്ങൾ സ്വയം മനസ്സിലാക്കിയെടുക്കാൻ കഴിയുന്നതല്ലേ ഒള്ളൂവെന്ന് അയാൾ ചിന്തിച്ചു.

ഈ കഥയെ മതവുമായി ബന്ധപ്പെടുത്തി ഒന്ന് ചിന്തിച്ചു നോക്കൂ..
ഈശ്വരൻ എന്ന പ്രപഞ്ച സത്യത്തെ 'മതം' എന്ന് ഓമനപ്പേരുള്ള ചെറിയ ചെറിയ കുപ്പികളിലേക്ക് ആവാഹിക്കാൻ ശ്രമിച്ച്, എന്റേതെന്നും നിന്റേതെന്നും പറഞ്ഞ്  മുറവിളികൂട്ടി അന്യോനം പോരടിക്കുകയല്ലേ നമ്മൾ ചെയ്യുന്നത്..?

മതം എന്നത് മറ്റുള്ളവരെ ഭയപ്പെടുത്താനും മുറിപ്പെടുത്താനും എന്നന്നേക്കുമായി നിശ്ശബ്ദരാക്കാനും ശേഷിയുള്ള ഒരു വാക്കായി ഇന്ന് പരിണമിച്ചിരിക്കുന്നു..
പാരമ്പര്യമായി ഏതെങ്കിലുമൊക്കെ മതത്തെ പിന്തുടരുന്നവരാണ് ഭൂരിപക്ഷം പേരും.. അതുകൊണ്ടുതന്നെ സ്വന്തം മതത്തിന്റെ അസ്വീകാര്യമായ പ്രവണതകളെ ചോദ്യം ചെയ്യാൻ നമുക്ക് ഭയവുമാണ്.. ഇനി അഥവാ അതിനു തുനിഞ്ഞാൽ തന്നെ ഏതെങ്കിലുമൊക്കെ രീതിയിൽ 'വിലക്കാനും'  നിശബ്ദരാക്കാനുമുള്ള 'കായികശേഷി'യും മതങ്ങൾ സ്വയമാർജ്ജിച്ചിരിക്കുന്നു.

ഇനിയെങ്കിലും മാറിചിന്തിക്കാൻ നമുക്ക് കഴിയണം.. മറ്റുള്ളവരുടെ വിശ്വാസങ്ങൾക്കുമേൽ കടന്നാക്രമണം നടത്താനുള്ള ത്വരയുണ്ടെങ്കിൽ അരുതെന്നു വിളിച്ചുപറയാനുള്ള ചങ്കൂറ്റം നമുക്ക് വേണം.. ഇല്ലെങ്കിൽ മതങ്ങൾ അവശേഷിക്കുകയും മനുഷ്യവംശം മണ്ണടിയുകയും ചെയ്യുന്നകാലം അതിവിദൂരമല്ല എന്നോർക്കുക.

ഇനിയും വിളിച്ചുപറയാൻ ഭയമുള്ളവർക്ക് മനസ്സിൽ സൂക്ഷിക്കാൻ ഒരുവാക്ക്;

'മതം വിലക്കു കല്പിച്ച മനുഷ്യൻ ശാപമോക്ഷം കിട്ടിയ ശിലയ്ക്ക് തുല്യനാണ്.'2016, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

ചില താത്വിക അവലോകനങ്ങൾ

"ഇന്നാളൊരുദിവസം നിങ്ങടെ ഇടവകേല് ഞാനൊരു പെണ്ണുകാണാൻ വന്നാരുന്നു...."

"ആഹാ.. അതെയോ..??
എവിടുത്തെ കൊച്ചാ...? പേരെന്നാ...? സംഗതി നടക്കുവോ..?"

"ഓ അതൊക്കെ ഇനി എന്നാത്തിനാ പറയുന്നേ.. അതൊന്നും നടക്കില്ലാന്നേ.."

"ശോ... കഷ്ടം..  ഇന്നത്തെക്കാലത്ത്  ഒരു പെങ്കൊച്ചിനെ കിട്ടാൻ എന്നാപാടാ അല്ലേ..."

"ഉം.. അതെ.. കുടിക്കാൻ ചായയോ കാപ്പിയോ മറ്റോ വെക്കട്ടെ..? അമ്മേ കുറച്ചു ചായ അനത്ത്.."


"അയ്യോ വേണ്ട.. ഈ ഇടവകേലെ കുറേ വീടുകൾക്കൂടി കേറാനുണ്ട്.. അതാ.."

"അതെയോ.. എന്നാ പ്രത്യേകിച്ച് വല്ല വിശേഷവും ഉണ്ടോ.. എല്ലാരുംകൂടെ ഇങ്ങിനെ വരാൻ..??"

"ങേ.. കഴിഞ്ഞാഴ്ച അച്ചൻ പള്ളീല് വിളിച്ചു പറഞ്ഞില്ലാരുന്നോ..??
അതേ, ഞങ്ങടെ ഇടവകയില് പുതിയൊരു പള്ളീടെ പണി നടക്കുവാ... എല്ലാരും കാര്യമായിട്ടൊന്ന് സഹകരിക്കണം...
എല്ലാംകൂടി രണ്ടു കോടിക്കുമോളിൽ  ചിലവാന്നേ.. ഇപ്പൊ സാധനങ്ങൾക്കൊക്കെ എന്നാ വിലയാ.. ഹോ!!..
മത്തായിച്ചാ.. ഒരു ആയിരത്തിന്റെയോ രണ്ടായിരത്തിന്റെയോ സ്ലിപ്പെഴുതി,.. അല്ല.. പേരെന്നാന്നാ പറഞ്ഞെ..??.."

"ബെന്നി.."

"ങാ ബെന്നിക്കങ്ങു കൊടുത്തേ.."

"അതേ ചേട്ടാ.. വേറൊന്നും വിചാരിക്കരുത് കേട്ടോ.. പള്ളി പണിയാൻ വേണ്ടി ഇവിടുന്ന് പിരിവൊന്നും തരാൻ ഉദ്ദേശിക്കുന്നില്ല.."

"എടാ മോനേ ദൈവദോഷം പറയാതെടാ.. നല്ലൊരുകാര്യത്തിനല്ലേ..."

"അമ്മയൊന്നു ചുമ്മാതിരുന്നേ.. വല്ല്യ പള്ളി പണിയണതാണോ ഈ നല്ലകാര്യം..?"

പിരിവിന് വന്നവർ മുഖത്തോടു മുഖംനോക്കി..

"ഞാൻ നേരത്തെ പറഞ്ഞില്ലാരുന്നോ അവിടെ ഒരു പെണ്ണുകാണാൻ വന്നകാര്യം. അന്ന് പെണ്ണിന്റെ അപ്പൻ എന്നാ പറഞ്ഞതെന്ന് അറിയാവോ.. ഒരു കൃഷിക്കാരന് മോളെ കെട്ടിച്ചു കൊടുക്കാൻ താത്പര്യമില്ലെന്ന്... തന്നേമല്ല, ഈ നാടത്ര പോരാ പോലും..
അങ്ങിനെ കിളച്ചുണ്ടാക്കിയ കാശീന്ന് ഒറ്റരൂപാ പോലും പള്ളി പണിയാൻ ഞാൻ തരത്തില്ല..
അതേ, നിങ്ങടെ നാട്ടീന്നു പെണ്ണുകെട്ടിപോയ ജർമ്മനിക്കാരോ ഇറ്റലിക്കാരോ ഒക്കെ കാണൂല്ലോ.. അവരോടൊക്കെ പറ, ഡോളർ അയച്ചുതരാൻ..
നാടുനീളെ പള്ളി പണിതുകളിക്കാൻ വേണ്ടി എന്റെ കയ്യില് കാശില്ല ചേട്ടാ തരാൻ..
ഇതിപ്പോ രണ്ടുമാസത്തിനിടയ്ക്കു വരുന്ന നാലാമത്തെ പള്ളിപണി പിരിവുകാരാ നിങ്ങള്..."

"ഹ ഹ.. അതുകൊണ്ടാണോ പിരിവു തരാത്തെ..?"

"അല്ല ചേട്ടാ.. പറയുമ്പോ എല്ലാം പറയണമല്ലോ..
ചേട്ടന്മാർക്ക് അറിയാവോ, സഹകരണ ബാങ്കീന്ന് കോടികൾ ലോൺ എടുത്തുപണിത പള്ളികൾ വരെ കേരളത്തിലുണ്ട്.. അച്ചൻ ഇടവകമാറിയാലും ബാധ്യത ഇടവകക്കാരുടെ തലേൽ കിടക്കും.. എന്നാത്തിനാന്നേ ഇങ്ങിനെ അനാവശ്യമായി ആഢംബരം കാണിക്കാൻ നിക്കുന്നത്..?
അതൊക്കെ പോട്ടെ.. ആർക്കെങ്കിലും ഒരു അത്യാവശ്യ ചികിത്സാ സഹായം വേണ്ടിവന്നാൽ ഇതേ ആവേശത്തോടെ ഓടിവരാൻ നിങ്ങള് തയ്യാറാകുവോ..? അല്ലേല് ഇതേ പള്ളിക്കാര് നിങ്ങളെ പറഞ്ഞുവിടുമോ..?
ഇല്ല ചേട്ടാ.. അതിനൊന്നും ഒരാളും മുന്നിട്ടിറങ്ങില്ല..!!"

ജോർജു ചേട്ടൻ തലചൊറിഞ്ഞു.. "ബെന്നി, അതിപ്പോ ഞങ്ങക്കും അത്ര താത്പര്യം ഉണ്ടായിട്ടല്ല.. അച്ചൻ പള്ളിക്കമ്മറ്റിയിൽ ഒരു കാര്യം ആവശ്യപ്പെടുമ്പോ ചെയ്യാതിരിക്കുന്നത് മോശമല്ലേ എന്നോർത്തിട്ടാ.."

"ജോർജു ചേട്ടൻ പറഞ്ഞത് നേരാ.. ആ പൊട്ടിയ രണ്ടുമൂന്ന് ആസ്പറ്റോസും മാറ്റി പുതിയ പെയിന്റും അടിച്ചാ തീരാനുള്ള പ്രശ്നമേ ഒള്ളാരുന്നു നമ്മടെ പള്ളിക്ക്.." മത്തായിചേട്ടനും ചുണ്ടനക്കി പിന്താങ്ങി..
അനുകൂലമായി അഭിപ്രായം പറയുന്നത് പിന്നീട് തനിക്കുതന്നെ പാരയാകുമോ എന്ന് പേടി ഉണ്ടായിരുന്നെങ്കിലും കൂടെവന്ന ഷാജിക്കും മാനസികമായി ആ അഭിപ്രായത്തോട് യോജിപ്പായിരുന്നു.

അല്ലേലും ഓണത്തിന് അത്തപ്പൂ മത്സരം നടത്തുന്നപോലെ അച്ചന്മാർ ഇങ്ങിനെ പള്ളി പണിയാൻ തുടങ്ങിയാ എന്നാ ചെയ്യുമെന്ന് ത്രേസ്യാമ്മ ചേട്ടത്തിക്കും ബോധോദയം ഉണ്ടായി..

"ചേട്ടന് അറിയാവോ.. പണ്ടൊക്കെ നമ്മുടെ കാർന്നോന്മാര് എത്ര കഷ്ടപ്പെട്ടാ ഈ ആനക്കാട്ടിൽ വന്ന് ഒരുനേരമെങ്കിലും തിന്നാനുള്ള വക ഉണ്ടാക്കിയേ എന്ന്..??
അന്നവര് ഉള്ളതിൽ നിന്നും മിച്ചം പിടിച്ചും പട്ടിണികിടന്നുമൊക്കെ, കൂടിനിന്ന് പ്രാർത്ഥിക്കാൻ പള്ളിയൊക്കെ പണിതു..
അന്നൊക്കെ പള്ളിപണിയാൻ മാമ്മോദീസാ വെള്ളം തലേൽ വീണ ചേട്ടന്മാര് മാത്രമല്ല ഉണ്ടായിരുന്നെ, എല്ലാ വിഭാഗക്കാരും ഉണ്ടായിരുന്നു.. ജാതിയോ മതമോ  തൊട്ടുതീണ്ടാത്ത പാവങ്ങള്..
അവര് പണിത ആ പള്ളിയിൽച്ചെന്ന് മുട്ടുകുത്തിയൊന്ന് കുരിശുവരക്കുമ്പോ എന്നാ ഒരു മനസ്സുഖമാ.. ഇന്നിപ്പോ ഏതേലും പള്ളീൽ ചെന്ന് നിന്നാൽ ആ സുഖം കിട്ടുമോ..?? നിങ്ങള് പറ.."

ഉത്തരമില്ലാത്ത കണ്ണുകൾ പരസ്പരം നോക്കി..

"പ്രായമായ കാർന്നോന്മാരെ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നതും കർത്താവിന് മുട്ടൻ പളളി പണിതു കൊടുക്കുന്നതും തമ്മിൽ വല്ല്യ വ്യത്യാസം ഒന്നുമില്ലെന്നാ എന്റെ ഒരിത്..
അല്ലേലും പുൽക്കൂട്ടിൽ പിറന്ന ദൈവം തമ്പുരാന് എന്നാത്തിനാ ആഢംബരപ്പള്ളി.."

മത്തായിച്ചൻ രസീത് ബുക്ക് മടക്കി ബാഗിൽ വച്ചു പോകാൻ എണീറ്റു..
അയലത്തെ വീടുകളിൽ പാലുവിറ്റു സ്വരുക്കൂട്ടിയ പൈസേന്ന് പത്തഞ്ഞൂറ് രൂപ എടുത്തു ത്രേസ്യാ ചേട്ടത്തി അവരുടെ നേരെ നീട്ടി..
മേടിക്കണോ വേണ്ടയോ എന്ന ഭാവത്തിൽ അവർ പരസ്പരം നോക്കി.. ബെന്നി വല്ല ചീത്തയും പറയുമോന്ന് ചില്ലറ ഭയവും ഉണ്ടായിരുന്നു..

"നിങ്ങള് അതൊന്നും കാര്യമാക്കണ്ടാ.. അവൻ അവന്റെ വിഷമത്തിന് പറഞ്ഞതാ അതൊക്കെ.."

"വേണ്ട ചേട്ടത്തി.. പൈസാ ഞങ്ങക്ക് വേണ്ട.. ഞങ്ങള് തിരിച്ചു പോകുവാ.. ഇപ്പൊ പുതിയൊരു പള്ളീടെ ആവശ്യം ഇല്ലെന്ന് ഞങ്ങള് അച്ചനോട് പറയാൻ പോകുവാ.. അല്ലേലും വല്ല്യ പള്ളീലൊന്നും ഒരു കഥയുമില്ല..
മനുഷ്യന്മാര് തമ്മിൽത്തമ്മിൽ ഒരു ഐക്യമൊക്കെ ഉണ്ടായാൽ മതി.. അല്ലേ ബെന്നി..?"

അതേ എന്ന ഭാവത്തിൽ അയാൾ ചിരിച്ചു തലയാട്ടി.

"എന്റെ വകേലൊരു പെങ്ങടെ കൊച്ചുണ്ട്.. അങ്ങ് നാട്ടിലാ.. പറ്റിയാൽ ഞാനതൊന്ന് ആലോചിക്കാം കേട്ടോ.. വല്ല്യ ഡിമാൻഡ്‌സ് ഒന്നും ഇല്ലാത്തവരാ.. ഞാൻ പറഞ്ഞാ നടക്കും." പോകാൻ നേരം ജോർജു ചേട്ടൻ ബെന്നിയുടെ തോളിൽത്തട്ടി പറഞ്ഞു..

അയാൾ നിഷ്ക്കളങ്കമായി ചിരിച്ചു.. അല്ലേൽ തന്നെ, സ്വന്തം വിയർപ്പുകൊണ്ട് ഭക്ഷിക്കുന്നവന്റെ ചിന്തേലും പ്രവൃത്തീലും കളങ്കമുണ്ടാകില്ലല്ലോ.. ല്ലേ...??? ;)

2016, ഓഗസ്റ്റ് 8, തിങ്കളാഴ്‌ച

മാ നിഷാദ

വിവാഹം കഴിഞ്ഞ ആദ്യനാളുകളിലെ ഒരുദിവസം കൗതുകങ്ങൾ പങ്കുവച്ച് പേരിയ ചുരം ഇറങ്ങാൻ നേരം രണ്ടാം വളവിലെ ഭംഗിയിലേക്ക് കണ്ണോടിച്ച് അവൾ പറഞ്ഞു; 'നമ്മുടെ കല്ല്യാണത്തിന് വരുന്നവഴി ഇവിടിരുന്നാ ഞങ്ങൾ ഭക്ഷണം കഴിച്ചത്..'

അപ്പോൾ ഒരുകാര്യം മാത്രമേ ഞാനവളോട് തിരിച്ചു ചോദിച്ചുള്ളൂ..;

'എന്നിട്ട് വെയിസ്റ്റൊക്കെ എന്ത് ചെയ്തു..?

"അത് ഞങ്ങള് വണ്ടീല് എടുത്ത് വച്ചു.. എന്നാ ചേട്ടായി..?"

"ഏയ് ഒന്നുമില്ല.. ഇവിടെ നമ്മള് വെയിസ്റ്റൊന്നും ഇടാൻ പാടില്ല.. അതാ.."

ഇനി അഥവാ അവളെന്നോട് പറഞ്ഞത് കളവാണെങ്കിൽ അവൾക്കു തോന്നട്ടെ കുറ്റബോധം..!

ടിപ്പുവിന്റെ പടയോട്ട കാലം മുതല്ക്കേ ചരിത്രത്തിന്റെ താളുകളിൽ കോറിയിട്ട പേരാണ് 'പേര്യ ചുരം'..
ടിപ്പുവിനൊപ്പം തന്നെ പോരാടി, ചരിത്രത്തിന്റെ ഇകഴ്ത്തലുകളിൽ ഇടംപിടിക്കാത്ത, പേരും പെരുമയും ആഗ്രഹിക്കാത്ത എത്രയോ ധീരർ ഇവിടെയൊക്കെ ചോരചിന്തി പിടഞ്ഞുവീണിരിക്കും..??
അതൊരു ചരിത്രം.. അതവിടെ മായാതെ നിൽക്കട്ടെ..


സ്വതവേ സുന്ദരിയാണ് ഈ ചുരം...  താരതമ്യേന മനോഹരമായ വഴിയിലും ഉയരംകൂടിയ മരങ്ങൾ നിറഞ്ഞ നിബിഢ വനാന്തരങ്ങൾക്കുള്ളിലും കോടമഞ്ഞിന്റെ വെൺമ  വിതറി ഇങ്ങിനെ അണിഞ്ഞൊരുങ്ങി നിൽക്കുന്നത് കാണുമ്പോൾ ആർക്കാണ് സന്തോഷം തോന്നാതിരിക്കുക..!

അങ്ങിനെ മനസ്സിൽ ഉല്ലാസം തോന്നിയ സമയത്താണ് യാത്രാമദ്ധ്യേ ഈ മനോഹാരിതയെ മൊബൈൽ ക്യാമറയിലേക്ക് പകർത്താൻ കൊതിച്ചു  വണ്ടിനിർത്തി ഇറങ്ങിയത്..

ചില ചിത്രങ്ങൾ എത്രയെടുത്താലും കൊതിതീരില്ല.. പല ആംഗിളിൽ  ചരിഞ്ഞും മറിഞ്ഞും നിന്ന് ചിത്രങ്ങൾ എടുക്കുന്നതിനിടയിൽ, ഒന്നുരണ്ടു ചിത്രങ്ങൾ കൂടിയെടുക്കാൻ കോടമൂടിയ താഴ്വാരങ്ങളിലേക്കും മൊബൈൽ ക്യാമറ തിരിച്ചു.

തീർത്തും സങ്കടകരമായിരുന്നു അവിടെക്കണ്ട കാഴ്ച്ച..!!

പലപ്പോഴായുള്ള യാത്രകൾക്കിടയിൽ, പ്രിയപ്പെട്ടവളെ തോളിൽ ചേർത്തുനിർത്തിയും ഉറ്റവർക്കൊപ്പം ആഹ്ലാദം പങ്കിട്ടുമൊക്കെ, അകലക്കാഴ്ച്ചകളിലേക്ക് വിരൽചൂണ്ടി പ്രകൃതിഭംഗിയെക്കുറിച്ചു കാതിൽ വർണ്ണിച്ചും ചിത്രങ്ങൾ പകർത്തിയും നിൽക്കുന്നതിനിടയിൽ, എപ്പോഴൊക്കെയോ നിസ്സാര വൽക്കരിച്ചു വലിച്ചെറിഞ്ഞിട്ടുപോയ പ്ലാസ്റ്റിക് ബാഗുകളുടെ ഒരു കൂമ്പാരം..ഇരുട്ടിന്റെ മറപറ്റി വാഹനങ്ങളിൽ വന്നു തള്ളിയിട്ടുപോകുന്ന വലിയ മാലിന്യ ചാക്കുകളുടെ നാറുന്ന കെട്ടുകൾ.., മദ്യത്തിന്റെ ഉന്മാദ ലഹരിയിൽ അടിച്ചുപൊട്ടിച്ചു നിരത്തിയിട്ട മദ്യക്കുപ്പികൾ...

എന്നാണ് നമ്മൾ ഈ 'മാലിന്യ സംസ്ക്കാര'ത്തിൽ നിന്ന് കരകേറുക..?? എന്നാണ് പ്രകൃതി സംരക്ഷണത്തിന്റെ മഹത്വത്തെക്കുറിച്ചു നമ്മൾ ബോധവാന്മാരാവുക..??
പ്രകൃതിയെ ഇത്തരത്തിൽ വികൃതമാക്കുന്നവർ  ഒന്ന് ഓർത്തുവച്ചുകൊള്ളൂ.. കുഴിമാടത്തിൽ പോലും ഭൂമിയുടെ നിലവിളിശബ്ദം നിങ്ങളെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കും.

അന്യന്റെ സ്വകാര്യതയിലേക്കല്ല ക്യാമറക്കണ്ണുകൾ തിരിയേണ്ടത്., പ്രകൃതിയെ ഇത്തരത്തിൽ അറിഞ്ഞും അറിയാതെയും വികൃതമാക്കി കടന്നുപോകുന്നവരിലേക്കാണ്.. അവരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള നിയമങ്ങൾ നിലവിൽവരണം..
ഇതുപോലുള്ള ഓരോസ്ഥലങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ തയ്യാറാവണം.. എങ്കിൽ ഒരു പരിധിവരെയെങ്കിലും ഇതുപോലുള്ള അതിക്രമങ്ങളിൽനിന്നും പ്രകൃതിയെ രക്ഷിക്കാൻ  കഴിയും എന്നാണ് ഞാൻ കരുതുന്നത്.

*നിങ്ങളുടെ ഓർമ്മയിൽ സൂക്ഷിക്കാൻ രണ്ടു ചിത്രങ്ങൾ ഞാനിവിടെ പങ്കുവെക്കുന്നു.


2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

ദുഃസ്വപ്നം

മരണത്തേക്കാൾ കനമുള്ള ഒരു രാത്രിയായിരുന്നു രേണുകയ്ക്കത്. പാതിയുറക്കത്തിൽ കണ്ട ആ ദുഃസ്വപ്നം  അത്രമേൽ അവളിൽ ഭീതിവളർത്തിയിരുന്നു.
ബെഡ്‌റൂം ലാമ്പിന്റെ മങ്ങിയ വെളിച്ചത്തിൽ ശബ്ദമുണ്ടാക്കാതെ അവൾ കട്ടിലിൽ എണീറ്റിരുന്നു കിതച്ചു.. ദേഹമാകെ വിയർപ്പുകണങ്ങൾ പൊടിഞ്ഞിരിക്കുന്നു..

ഒന്നുമറിയാതെ കട്ടിലിൽ സുഖമായി ഉറങ്ങുന്ന നന്ദുമോനെ ഉണർത്താതെ അവൾ കട്ടിലിൽനിന്നും പതിയെ എണീറ്റ് ടേബിളിൽ കരുതിവച്ചിരുന്ന വെള്ളമെടുത്ത്  ഒറ്റവലിക്ക് കുടിച്ചുതീർത്തു.

എന്തായിരിക്കും പതിവില്ലാതെ ഇങ്ങനൊരു ദുഃസ്വപ്നം കാണാൻ കാരണം..? ജനാലവിരിമാറ്റി പുറത്തെ നിലാവിലേക്ക് അവൾ വെറുതേ നോക്കിനിന്നു.  നിറയെ കായിച്ചുകിടക്കുന്ന മുറ്റത്തെ ചാമ്പമരചുവട്ടിൽ നിഴല് ചുരുണ്ടുകൂടി കിടക്കുന്നത്‌ അവൾ കണ്ടു..

'കിഷോർ അവന്റെ ജീവിതത്തിൽ ആകെ നട്ട മരാ അത്.. അത്രയ്ക്കുണ്ടായിരുന്നു കുഞ്ഞുന്നാളില് അവന്റെ ചാമ്പക്കാ കൊതി' എന്ന് അമ്മ ഇടയ്ക്കിടെ പറഞ്ഞു ചിരിക്കാറുള്ളത് അവൾ ഓർത്തു..

കിഷോർ ഇപ്പോൾ എന്തെടുക്കുകയായിരിക്കും..?
അവൾ പതിയെ തലതിരിച്ചു ടേബിളിൽ വച്ചിരിക്കുന്ന വിവാഹ ഫോട്ടോയിലേക്ക് നോക്കി.. 

ഒരു പട്ടാളക്കാരന്റെ വേഷത്തേക്കാൾ കിഷോറിന് ചേരുന്നത് സൗമ്യനായ ഒരു അധ്യാപകന്റെ വേഷമാണെന്ന് അവൾക്ക് തോന്നി.. ആദ്യമായി തന്നെ പെണ്ണുകാണാൻ വന്നപ്പോഴും ഒറ്റനോട്ടത്തിൽ അങ്ങിനെത്തന്നെയാണല്ലോ തനിക്ക് തോന്നിയതെന്ന് അവൾ ഓർത്തു..

നന്ദുമോൻ ഉറക്കത്തിൽ കിടന്ന് ഞെട്ടുന്നതും ചിണുങ്ങുന്നതും അവൾ കണ്ടു.. ശബ്ദമുണ്ടാക്കാതെ അവൾ അവന്റെ അരികിലേക്ക് ചേർന്നുകിടന്ന് പതിയെ പുറത്തു താളം പിടിച്ചു. ഒന്നൂടെ അമ്മയുടെ അരികിലേക്ക് ഒട്ടിയമർന്ന് അവൻ കിടന്നു.

തിരിഞ്ഞും മറിഞ്ഞും കിടന്ന് പിന്നെപ്പോഴോ അവൾ വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു..

അതിരാവിലെ തന്നെ അമ്മയുടെ നിലവിളിശബ്ദം കേൾക്കുകയും മുറ്റത്ത് കാൽപെരുമാറ്റങ്ങളുടെ എണ്ണം കൂടിക്കൂടി വരികയും ചെയ്തപ്പോളാണ് ഒരുതരം മരവിപ്പോടെ അവൾ പുറത്തേക്ക് ഓടിയിറങ്ങിയത്..

ആരുടെയൊക്കെയോ അടക്കം പറച്ചിലുകളിലൂടെ ആ ഞെട്ടിക്കുന്ന സത്യം വല്ലാത്ത ഭീതിയോടെ അവൾ മനസിലാക്കി.

അതിർത്തിയിലെ പട്ടാളക്യാമ്പിൽ ഇന്നലെ രാത്രി നടന്ന ഭീകരാക്രമണത്തിൽ കിഷോറും കൊല്ലപ്പെട്ടിരിക്കുന്നു.!

2016, ഓഗസ്റ്റ് 5, വെള്ളിയാഴ്‌ച

ജോപ്പൻ

"ജോപ്പൻ ചേട്ടായിന്റെ അമ്മച്ചിക്ക് ഞാനിപ്പോഴും
അയലത്തൂന്ന് പഞ്ചാരേം മണ്ണണ്ണയും വായിപ്പമേടിക്കാൻ വന്ന ആ പഴയ സിസിലി തന്നെയാ അല്ലേ ചേട്ടായി...??
ഇത്രവർഷം കഴിഞ്ഞിട്ടും ചേട്ടായീന്റെ അമ്മച്ചിക്ക്  എന്നെ മരുമോളായി അംഗീകരിക്കാൻ കഴിഞ്ഞട്ടില്ലെന്ന് തോന്നുന്നു.."

രാവിലെ തന്നെ കട്ടൻ കാപ്പിക്കൊപ്പം അവളുടെ പതിവ് പരിഭവക്കെട്ടും ജോപ്പന്റെ മുന്നിൽ ചൂടോടെ വന്നു നിന്നു..

"എന്നതാടീ ഇന്നത്തെ പ്രശ്നം??" തെല്ല് ഈർഷ്യ മുഖത്തു പ്രകടമാക്കി അയാൾ ചോദിച്ചു.

"നിങ്ങടെ അമ്മയ്ക്ക് ഞാനെന്നാ ചെയ്താലും കുറ്റമാണല്ലോ..? എണീക്കാൻ താമസിച്ചേന്ന്  രാവിലെ മോന്ത കരിക്കലം പോലെ ആക്കി നടക്കുവാ.."
കാപ്പി കട്ടിലിന്റെ ക്രാസിയേൽ വച്ചിട്ട് അയയിൽകിടന്ന തോർത്തെടുത്ത്  അവൾ തന്റെ വട്ടമുഖം തുടച്ചു തേങ്ങി..

ഒരുദിവസംപോലും ഇവളുടെ ചിരിച്ച മോന്തകണ്ട് കിടക്കപ്പായേന്ന്  എണീക്കാൻ തനിക്ക് യോഗമില്ലല്ലോ കർത്താവേന്ന് മനസ്സിൽ പതംപറഞ്ഞ് ക്രാസിയേൽ വച്ച കാപ്പിയെടുത്ത് അയാൾ പതിയെ ഊതിക്കുടിച്ചു. ഇന്നത്തെ ദിവസം ഇവളുടെ ചൂട് ആറില്ലായിരിക്കും, പക്ഷേ കാപ്പിയുടെ ചൂട് ആറിപ്പോകുമെന്ന് അയാൾക്ക്‌ നിശ്ചയമുണ്ട്!.

അഞ്ചു വർഷം മുന്നേ ജൂൺ മാസത്തിലെ നല്ലമഴയുള്ള ദിവസമായിരുന്നു അയലോത്തെ അന്നാമ്മയുടെ നാലാമത്തെ പുത്രിയും ഭിത്തിയേൽ ചിത്രമായിപോയ കറിയാ ചേട്ടന്റെ പൊന്നാര മോളുമായ സിസിലി, പലരുടെയും എതിർപ്പുകളെ അതിജീവിച്ചു തന്റെ വീട്ടിലേക്ക് ഔദ്യോഗികമായി വലംകാൽ കുത്തി കേറിയതെന്ന് അയാൾ ചുമ്മാ ഓർത്തു.
അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് തന്നെ, ഇവൾ പോലും അറിയാതെ തന്റെ മനസ്സിൽ കൂടു കെട്ടി കേറ്റിഇരുത്തീതാ താനിവളെ.!
കട്ടിലേൽ ചമ്രം പടിഞ്ഞിരുന്ന് അവൾ ചുമ്മാ തേങ്ങുന്നത് ഒരു കൗതുകത്തോടെ അയാൾ നോക്കിയിരുന്നു..

"സിസിലി.." കാതരനായി അയാൾ വിളിച്ചു.
പതിയെ തലയുയർത്തി അവൾ അയാളെ നോക്കി. മനോഹരമായ ഉണ്ടക്കണ്ണുകൾ ചുമന്നിരിക്കുന്നു..

"എടീ കാപ്പി തീർന്നെടീ.."
ദേഷ്യത്തോടെ തലയിണയെടുത്ത് അവൾ അയാളുടെ മുതുകത്തടിച്ചു.
'പൊക്കോണം അവിടുന്ന്.." മനുഷ്യനിവിടെ തീതിന്നു നിക്കുമ്പളാ നിങ്ങടെ ഓഞ്ഞ തമാശ!!"
കാലിഗ്ലാസ്  ദേഷ്യത്തോടെ അയാളുടെ കയ്യിൽനിന്ന് പിടിച്ചുവാങ്ങി ചവിട്ടിക്കുലുക്കി അവൾ അടുക്കളയിലേക്ക് പോയി.

സിസിലിയിൽ ഉടലെടുത്ത കോപത്തിന്റെ ഫലമായി അടുക്കളയിൽ പാത്രങ്ങൾ തമ്മിൽത്തമ്മിൽ കൂട്ടിയിടിച്ചു കലഹം കൂട്ടി. അമ്മച്ചി പള്ളിയിൽ പോയിക്കാണുമെന്ന് അയാൾ ഊഹിച്ചു..
മുറ്റത്തെ കരിയിലക്കൂട്ടങ്ങളെ ചൂലുകൊണ്ട് വീശിയടിച്ചും പിറുപിറുത്തും അവൾ ദേഷ്യം ശമിപ്പിക്കാൻ പാടുപെടുന്നത് പല്ലുതേച്ചോണ്ട് അയാൾ നോക്കിനിന്നു.

പാവം പെണ്ണ്!!
എന്നാ ഒക്കെപറഞ്ഞാലും ഇടയ്ക്ക് ദേഷ്യപ്പെട്ടാലും അമ്മയ്ക്ക് അവളെ വല്ല്യകാര്യമാ.. അത് അവൾക്കും അറിയാം. എന്നാലും മോനെ വശീകരിച്ചവൾ എന്നൊക്കെ പറയുന്ന കേക്കുമ്പോ സ്വാഭാവികമായി വരുന്ന അരിശമാണ് എല്ലാത്തിനും കാരണം.

"ഓ പിന്നേ.. നിങ്ങടെ മോൻ എന്നെ കെട്ടീല്ലേൽ ചത്തുകളയുമെന്ന് പറഞ്ഞു വീട്ടിൽ വന്ന് എന്റെ അമ്മച്ചീടെ കാല് പിടിച്ചിട്ടല്ലേ... അല്ലേൽ കാണാരുന്നു, ഈ സിസിലിയിപ്പോ വേറെ വല്ല വീട്ടിലും പോയി ഒന്നുരണ്ട് കുഞ്ഞുങ്ങളേം നോക്കി സുഖമായി ജീവിക്കുന്നത്.. ഹും.."

കുഞ്ഞുങ്ങടെ കാര്യം എടുത്തിടുന്നതോടെ അമ്മയുടെ വീറും വാശിയും ശൂന്ന് പോകും..
അതുവരെ വിപ്ലവം മുഴക്കിനിന്ന അമ്മച്ചി ദയനീയതയോടെ തന്നെ നോക്കും..
മുറ്റത്തെ തെങ്ങേന്ന് വീണ്ടും നാലഞ്ച് മച്ചിങ്ങ ഒരുമിച്ചു താഴെവീഴുന്ന ഒച്ച താൻ മാത്രം കേൾക്കും..
പിന്നെ അത് നോക്കാൻ എന്ന ഭാവത്തിൽ പതിയെ മുറ്റത്തേക്ക് തടിതപ്പും.
പറഞ്ഞുപോയതിലെ അബദ്ധം മനസ്സിലാകുമ്പോ അവൾ പിന്നാലെ വരും.. ഇതുവരെ കായിച്ചുതുടങ്ങാത്ത തെങ്ങേൽ നോക്കിനിക്കുന്ന തന്നെ പിന്നിലൂടെവന്ന് അവൾ ഇറുക്കെ കെട്ടിപ്പിടിക്കും. മുത്തുപോലെ ഉരുണ്ടുകൂടിയ കണ്ണുനീർ തുള്ളികൾ ഇപ്പൊ ചിതറിവീഴും എന്നഭാവത്തിൽ തുളുമ്പി നിക്കും..
പിന്നെ തനിക്കുമാത്രം കേൾക്കാൻകഴിയുന്നത്രയും ഒച്ചതാഴ്ത്തി ഒരു കാറ്റുമൂളും പോലെ വിതുമ്പിക്കൊണ്ട് പറയും; "സോറി ട്ടോ.."

ഇത്തിരി കഷ്ടപ്പെട്ടാണേലും മുഖത്ത് ചിരിവരുത്താൻ ശ്രമിച്ചു പരാജയപ്പെട്ട് താൻ തെങ്ങിന്റെ മോളിൽത്തന്നെ കണ്ണുറപ്പിച്ചു നിക്കും. ചിലനേരങ്ങളിൽ കണ്ണുകൾ അച്ചടക്കം മറന്ന് കണ്ണുനീർ പൊഴിക്കും..
അത് അവൾ അറിയാതിരിക്കാൻ കൈവിടുവിച്ചു് നേരെ പറമ്പിലേക്ക് ഇറങ്ങും..
കല്ല്യാണത്തിന് ശേഷം ഇതൊക്കെ വീട്ടിലെ പതിവുകളാണ്.

ഓർമ്മകളെ അതിന്റെ പാട്ടിനു വിട്ട് അയാൾ മുഖം കഴുകി.. കുലുക്കുഴിഞ്ഞു നീട്ടിത്തുപ്പി അയാൾ തെങ്ങിന്റെ മുകളിലേക്ക് നോക്കി..
"ഇത്തവണയെങ്കിലും ഇത് കായ്‌ച്ചാ മതിയാരുന്നു.. എന്തേരെ വളം ഇട്ടതാ.. കോപ്പ് .."

കേട്ടെങ്കിലും കേൾക്കാത്ത ഭാവത്തിൽ അവൾ മുറ്റമടി തുടർന്നു.

 ഒരുകണക്കിന് നോക്കിയാ ആ തെങ്ങും താനും ഒരേ അവസ്ഥയിലാണല്ലോ എന്ന് അയാൾ ഓർത്തു.. പ്രതീക്ഷകളുടെ കടയ്ക്കൽ വച്ച കോടാലിപോലെ അങ്ങിനെ.. മുണ്ടിന്റെ തലപൊക്കി മുഖം തുടച്ചോണ്ട് അയാൾ അകത്തേക്ക് പോകുന്നത് അവൾ ഒളികണ്ണിട്ട് നോക്കി.

സിസിലിയുടെ മുറ്റമടി അതിരിലെ വേലിക്കൽ എത്തി അവസാനിച്ചു.
"അമ്മേ.. കാപ്പി ആയോ...?"

അടുക്കളയുടെ പുറത്തേക്ക് അവളുടെ അമ്മയുടെ മെല്ലിച്ചരൂപം ഇറങ്ങിവന്നു.
"ആയിവരുന്നെടീ.. എന്ത്യേ, ജോപ്പൻ എണീറ്റില്ലേ ഇതുവരെ..? കടതുറക്കാൻ പോണില്ലേ അവനിന്ന്..??"

"ഉണ്ടമ്മേ.. ഞാൻ കേറിച്ചെന്നിട്ടുവേണം ദോശയും ചമ്മന്തീം ഉണ്ടാക്കി എടുത്തുകൊടുക്കാൻ.."

"ങാ.. എങ്കിച്ചെന്ന് ഉണ്ടാക്കി എടുത്തുകൊടുക്ക്.. സമയം പോണു.."

"ശരിയമ്മേ.." ചൂലിന്റെ കട പ്ലാവേൽ കുത്തി നേരെയാക്കി അവൾ വീട്ടിലേക്ക് തിരിഞ്ഞു..

"എടീ പണിയൊക്കെ കഴിഞ്ഞു സമയം കിട്ട്വാണേൽ ഒന്നിവിടംവരെ ഇറങ്ങിവരണേ.."

"ഞാൻ വരാം. എന്നാ അമ്മെ കാര്യം...?"

"വരുമ്പോ പറയാം.."  അമ്മയുടെ തല അടുക്കളയിലേക്ക് പിൻവലിഞ്ഞു..

പാത്രങ്ങൾക്കൊണ്ട് ഒച്ചയുണ്ടാക്കി അടുക്കളയിലെ തന്റെ സാന്നിദ്ധ്യം അവൾ അയാളെ അറിയിച്ചു.. അയാളുടെ പാദചലനം അവളുടെ പിന്നിൽവന്ന് നിശ്ചലമായി.
അയാളുടെ ചൂടുള്ള നിശ്വാസം പിന്നിൽ ഇക്കിളിയായി അനുഭവപ്പെട്ടെങ്കിലും അറിയാത്തഭാവത്തിൽ അവൾ ദോശ ചുട്ടോണ്ടിരുന്നു..
പതിയെപ്പതിയെ ദോശക്കല്ലിൽ നിന്ന് പൊന്തുന്ന ചൂടുള്ള ആവിപോലെ അവളുടെ ദേഷ്യവും അലിഞ്ഞു പോകാൻ തുടങ്ങി.. അതുവരെ കനപ്പിച്ചു പിടിച്ച മുഖത്ത് ചെറിയചിരി മൊട്ടിട്ടു വന്നു..
ദോശ മറിച്ചിട്ടിട്ട് അവൾ അയാൾക്ക് അഭിമുഖമായി തിരിഞ്ഞുനിന്നു..

ആദ്യമായി കാണുന്നതുപോലെ അവർ തമ്മിൽ തമ്മിൽ നോക്കിനിന്നു.
അന്നൊരിക്കൽ പാലുമേടിക്കാൻ വന്ന സിസിലി അടുക്കളപ്പുറത്തുനിന്ന് അമ്മകൊടുത്ത ദോശ തിന്നോണ്ടിരുന്നപ്പോൾ ആയിരുന്നു ആദ്യമായി അയാൾക്ക് അവളോട് അനുരാഗം തോന്നിതുടങ്ങിയത്... അതിന്റെ പിറ്റേ രാത്രിയും അതിന്റെ പിറ്റേന്നുംകൂടി അവളെ സ്വപ്നം കാണുകയും കൂടി ചെയ്തപ്പോ പ്രണയം വല്ലാതെ പൂത്തുലഞ്ഞു..
പിന്നെ എത്രയെത്ര ദിവസങ്ങൾ അവളുടെ വരവും കാത്തു നേരത്തെ എണീറ്റ് പല്ലും തേച്ചു അടുക്കളയിൽ അമ്മയെ ചുറ്റിപറ്റി നിന്നിരിക്കുന്നു..!
വീട്ടിലെ പശു പാലുതരൽ നിർത്തുകയും അവളുടെ വരവ് വല്ലപ്പോഴും പഞ്ചാരയോ അരിയോ കടം മേടിക്കാൻ മാത്രമായി ചുരുങ്ങുകയും ചെയ്തതോടെ പുതിയൊരു ഉപാധി അമ്മയുടെ മുന്നിൽ അവൻ അവതരിപ്പിച്ചു..
"അമ്മേ നമുക്ക് കറവയുള്ള ഒരുപശൂനെക്കൂടി മേടിക്കാം..?"

അമ്മ ശരിക്കിനും ഞെട്ടി!! "ങേ!!! നിനക്കെന്നാടാ ചെറുക്കാ ഭ്രാന്ത് പിടിച്ചോ..?"

അമ്മ അങ്ങിനെ ചോദിച്ചതിൽ വല്ല്യ അത്ഭുതമൊന്നും അയാൾക്ക്‌ തോന്നിയില്ല. കാരണം ഇതുവരെ ഒരുതരിപ്പുല്ല്  തന്റെ കൈകൊണ്ട് ആ പശൂന് കൊടുത്തിട്ടില്ലല്ലോ..!!

കല്ലേൽ കിടന്ന് പൊള്ളലേറ്റ ദോശ 'കരിഞ്ഞു' നിലവിളിച്ചതും, അമ്മച്ചി പള്ളീൽ കഴിഞ്ഞുവന്ന് അടുക്കളയിലേക്ക് എത്തിനോക്കി പോയതുമൊന്നും അവർ അറിഞ്ഞില്ല..

അകത്തെ മുറിയിൽ ചെന്ന് അമ്മച്ചി നീട്ടി ചുമച്ചു തന്റെ ആഗമനം അറിയിച്ചപ്പോഴാണ് രണ്ടാളും ഒറ്റഞെട്ടിനു രണ്ടായി പിരിഞ്ഞു രണ്ടുവഴിക്ക് പോയത്. കരിഞ്ഞ ദോശ അമ്മ അറിയാതിരിക്കാൻ ചൂടോടെ തന്നെ അവൾ അകത്താക്കി വീണ്ടും ദോശമാവ് കല്ലേൽ പരത്തിയിട്ട് ചമ്മന്തിക്കുള്ള പണിനോക്കി.

"എടീ.. അമ്മയ്ക്ക് കൊണ്ട് കൊടുക്കാൻ രണ്ടുമൂന്നു ദോശ മാറ്റിവച്ചേക്കണേ.."
പള്ളീൽ കഴിഞ്ഞുവന്നപ്പോ മേടിച്ച അയല നന്നാക്കാൻ അമ്മയും കുറിഞ്ഞിപൂച്ചയും കൂടി മുറ്റത്തേക്ക് പോയി, ജോപ്പൻ തന്റെ പലചരക്ക് കടയിലേക്ക് പോകാൻ ഒരുങ്ങി. ജോപ്പന് തിന്നാനുള്ള ദോശയും  ചമ്മന്തിയും എടുത്തു സിസിലി ഡൈനിംഗ് ഹാളിലേക്ക് നടന്നു.. പെട്ടന്ന് തലചുറ്റുന്നതുപോലെ ഒരു തോന്നൽ...
"അമ്മേ.."
ഭക്ഷണം മേശപ്പുറത്തുവച്ചിട്ട്  അവൾ കട്ടിളപ്പടിയിലേക്ക് ഊർന്നിരുന്നു.. വെട്ടിക്കൊണ്ടിരുന്ന മീനിന് കുറിഞ്ഞിയെ കാവലിരുത്തി അമ്മച്ചി ഓടിയെത്തി. പതിവ് നിസ്സംഗഭാവം വെടിഞ്ഞു ജോപ്പനും പറന്നെത്തി..

സിസിലിയുടെ കണ്ണുകളിൽ തളംകെട്ടിനിൽക്കുന്ന ക്ഷീണത്തിൽ നിന്ന് ചിലകാര്യങ്ങൾ അവർ വായിച്ചെടുത്തു.. താനൊരു മുത്തശ്ശിയാകാൻ പോകുന്നു..!!
മനംമറിച്ചുകൊണ്ട്  കരിഞ്ഞ ദോശ അവളുടെ വയറ്റിൽനിന്നും പുറത്തുചാടി.
ജോപ്പൻ അന്തംവിട്ട് അമ്മച്ചിയേയും സിസിലിയേയും മാറിമാറി നോക്കി..
അമ്മച്ചി കുടിക്കാൻ കൊടുത്ത ചൂടുവെള്ളം ഒറ്റവലിക്ക് അവൾ കുടിച്ചുതീർത്തു..

"എടാ നീയിന്ന് കടേൽ പോകാൻ നിക്കാതെ ഇവളെയൊന്ന് ആശൂത്രീൽ കാണിച്ചേച്ചും വാ..
ആ അംബികാ ഡോക്ടറെ കാണിച്ചാ മതി ട്ടോ..."

അംബികാ ഡോക്ടർ ഗൈനക്കോളജി ആണല്ലോ എന്നോർത്തതും ജോപ്പന്റെ മനസ്സിലൂടെ മിന്നാമിനുങ്ങുകൾ തേരാപാരാ വെട്ടംതെളിച്ചു പറന്നു.. സിസിലിയുടെ മുഖത്തുവിരിഞ്ഞ നാണപ്പൂവുകളിൽ ചിലത് ജോപ്പൻ തന്റെ മുഖത്തു തേച്ചു നാണിച്ചുനിന്നു..

"ഹോ അവന്റൊരു നാണം.. വേഗം രണ്ടാളും പോകാൻ നോക്ക്.."
വിശ്വാസവഞ്ചന കാണിച്ച കുറിഞ്ഞിപ്പൂച്ചയുടെ മുതുകിൽ നല്ല അടി വീഴുന്ന ഒച്ച അകത്തെ മുറിയിൽ വരെ പ്രകമ്പനം കൊണ്ടു.

സിസിലിയെ ഡോക്ടറെ കാണിക്കാൻ അവളുടെ അമ്മച്ചിയേം കൂട്ടി ഇറങ്ങാൻ നേരം ജോപ്പൻ തെങ്ങിൻറെ മുകളിലേക്ക് അഭിമാനത്തോടെ തലയുയർത്തി നോക്കി.. ഇതുവരെ കായ്ക്കാത്ത തെങ്ങ് തന്റെ നീളൻ ഓലകൾ വീശി ജോപ്പനും സിസിലിക്കും ആശംസകൾ നേർന്നു..

2016, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച

എല്ലാം നിനക്കായ്..


സഖി,
മണ്ണിലുഴുതും വിത്ത് വിതച്ചും,
അരവയറുണ്ടും, പാതിയുറങ്ങിയും,
ഒരു ജന്മമിങ്ങിനെ
വിയർത്തൊലിച്ചും
വെയിലേറ്റ് വാടിയും,
മഴയിൽ കുതിർന്നും കുളിർന്നും
ഞാൻ ഉഴുതുമറിച്ചുഴലുന്നത്
നീ അഴലിലുഴലാതിരിക്കാൻ വേണ്ടിയല്ലേ..

എന്നും നിറംകൊടുത്തോമനിക്കാൻ
ഇത് നിന്റെ മുഖമല്ല-
എന്റെ ജീവിതമാണോമലേ.. 2016, ഓഗസ്റ്റ് 3, ബുധനാഴ്‌ച

അടിക്കുറിപ്പുകൾ

നഗരപരിധിയിൽ വില്പ്പനയ്ക്ക്  തൂക്കിയിരിക്കുന്ന
ചിത്രങ്ങളുടെ ഒരു ഗ്യാലറി ഞാൻ സന്ദർശിച്ചു.
മനോഹരമായ ഒറ്റനിറം പൂശിയ ചുമരിൽ,
തരത്തിലും നിറത്തിലും വ്യത്യസ്തമായ
അനേകം ചിത്രങ്ങൾ തൂക്കിയിരിക്കുന്നു.

ഒറ്റക്കൊമ്പുള്ള ആന,
കടൽ കരയ്ക്ക് മടക്കിക്കൊടുത്ത ജീവനില്ലാത്ത കുട്ടി,
പുഴ കീറി കടന്നുപോകുന്ന തോണി,
മണൽ കാട്ടിൽ തനിച്ചിരിക്കുന്ന മനുഷ്യൻ,
നഗ്‌നത ആഘോഷമാക്കിയ പെണ്ണുങ്ങൾ,
യുദ്ധത്തിൽ അംഗഭംഗം സംഭവിച്ച വെള്ള കുതിര,
തല മുണ്ഡനം ചെയ്യപ്പെട്ട മരങ്ങൾ,
മനസ്സിലായതും മനസ്സിൽ പതിഞ്ഞതും,
അല്ലാത്തതുമായ നിരവധി ചിത്രങ്ങൾ..

ചിത്രങ്ങൾക്ക് കീഴിൽ, ഓരോ വരയെക്കുറിച്ചും
വിവരണങ്ങൾ തൂക്കിയിട്ടിരുന്നു.
വിറ്റുപോകാനുള്ള തന്ത്രങ്ങൾ
ഓരോ വിവരണത്തിലും മുഴച്ചു നിന്നിരുന്നെങ്കിലും,
ചിലതൊക്കെ വരയോട്
നീതി പുലർത്താൻ ശ്രമിച്ചിരുന്നു..

വരച്ചവരുടെ പേരുകൾ
എനിക്ക് തീർത്തും അപരിചിതമായിരുന്നു.
അല്ലെങ്കിൽ തന്നെ,
എനിക്കാത്മബന്ധം തെല്ലുമില്ലാത്ത മേഖലയിൽ -
അറിയുന്നവരെ തിരയുന്നത്  ഉചിതമല്ലല്ലോ!!

വർണ്ണങ്ങൾ വകഭേദങ്ങൾ ചാർത്തിയ
ചില ചിത്രങ്ങൾ
എന്നെ വീണ്ടും വീണ്ടും ആകർഷിച്ചുകൊണ്ടിരുന്നു..
എന്നാൽ, ഒന്നും മേടിക്കണം
എന്നെനിക്കുദ്ദേശം ഇല്ലായിരുന്നു..
വെറുതെ..
വീടിന്റെ അസ്വസ്ഥതകളിൽ നിന്ന് ,
നഗരത്തിന്റെ ചുട്ടുപൊള്ളുന്ന തിരക്കുകളിൽ നിന്ന്,
അൽപ്പനേരത്തേക്കെങ്കിലും മുക്തി..

പാകപ്പെടുത്തി ചാലിച്ച നിറക്കൂട്ടുകളിൽ ചിലത്
മനസ്സുകൊണ്ട് കവർന്നെടുത്ത്
പതിയെ പുറത്തേക്കു നടക്കുമ്പോൾ,
ചില കാര്യങ്ങൾ ഉൾക്കൊള്ളാനും മനസ്സിലാക്കാനും
എനിക്കും കഴിഞ്ഞിരുന്നു;
വിറ്റുപോവാനുള്ളത് ചിത്രമായാലും, ചിന്തയായാലും
സ്വന്തം ജീവിതം തന്നെയാകിലും,
വിലപേശാൻ നിറംചാലിച്ച
ചില അടിക്കുറിപ്പുകൾ കൂടിയേ തീരൂ..
2016, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

ബലിക്കാക്കകൾ


ഉരുളകൾ നിറച്ച ഇലകൾ നിരത്തിവെച്ച ബലിതർപ്പണ കടവിൽ നിന്ന് ഒരു ഉരുളപോലും കൊത്താതെ, അല്പമകലെ മാറി മരച്ചില്ലയിൽ സങ്കടത്തോടെ ഇരിക്കുന്ന ബലിക്കാക്കയോട് ഉണ്ടുനിറഞ്ഞുവന്ന മറ്റൊരു ബലിക്കാക്ക ചോദിച്ചു;
"ചങ്ങാതി.. ഉരുളകളിൽ ഒന്നുപോലും എടുക്കാഞ്ഞതെന്തേ..?? നിനക്ക് വിശപ്പില്ലേ..?"
അപ്പോൾ സങ്കടത്തോടെ ആ ബലിക്കാക്ക പറഞ്ഞു; "ചങ്ങാതി, ഉണ്ട് നിറയാൻ ആയിരുന്നില്ലല്ലോ നമ്മൾ വന്നത്.."
....!!!