2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

നിഴൽ പൊരുൾഎന്റെ നിഴൽചിത്രം
ഞാനൊന്ന്
മാറ്റിവരയ്ക്കട്ടെ,
പഴയതിലേറെ മേന്മ്മ ചാലിച്ച്.

എരിഞ്ഞുകെട്ടൊരാ തീപന്തം ദൂരെ-
എറിഞ്ഞ് ഞാൻ ഇരുളിൽ
നടന്നു നീങ്ങവേ, എന്റെ നിഴലിന്
ഇരുട്ടിനോളം വലിപ്പമേറുന്നു.


ഇനിയെന്റെ നിഴൽചിത്രം
ഞാനൊന്ന് മാറ്റിവരയ്ക്കട്ടെ,
പഴയതിലേറെ
മേന്മ്മ ചാലിച്ച്.

പകൽ പകുത്ത സമയ രഥങ്ങളിൽ
നിഴല് ചുറ്റിനും വട്ടം വരച്ചുരസിച്ചു.
അലസമായ് അന്തി മേഘം കറുത്തു,
നിഴല് താഴെ പിന്നെയും കൂർത്തു.

 
ഇനിയെന്റെ നിഴൽചിത്രം
ഞാനൊന്ന് മാറ്റിവരയ്ക്കട്ടെ,
പഴയതിലേറെ
മേന്മ്മ ചാലിച്ച്.

ഇളകിയാട്ടങ്ങളാടും നിഴലിനെ
വരുതിയിൽ നില്ക്കും തലത്തിലാക്കീടുവാൻ
ഞാനെൻ നിഴലിനെ മാറ്റി വരയ്ക്കട്ടെ;
പഴയതിലേറെ
മേന്മ്മ ചാലിച്ച്.

നിഴലിനോളം കറുപ്പെന്റെ ഉള്ളിലും
ഇരുളിനോളം വളർന്നു നില്ക്കവേ,
ഞാനെൻ നിഴലിനെ മാറ്റി വരയ്ക്കട്ടെ;
പഴയതിലേറെ
മേന്മ്മ ചാലിച്ച്.

കണ്ണുനീർ തുള്ളികൾ


മണ്ണിൽ പെറ്റു വീണതിൽ-
പിന്നിറ്റുവീണ കണ്ണുനീരിന്
കാരണങ്ങൾ ഒത്തിരി ഉണ്ടായിരുന്നു.

കുഞ്ഞുനാൾ, അമ്മതൻ -
മാറിലൊട്ടി കിടന്നനാൾ,
ചൂടുപറ്റാതെ ചിണുങ്ങി ഉടലൊട്ടി കിടന്നതും,
പിന്നെ തൊട്ടിലാട്ടി പാടിയുറക്കി
അമ്മ പോയപ്പോൾ,
ഞെട്ടിയുണർന്നു പൊട്ടിക്കരഞ്ഞതും,
അമ്മവാത്സല്യം കൊതിച്ചായിരുന്നു.

പിച്ചവെച്ചയെൻ കുഞ്ഞിളം കാലുകൾ
താളം പിഴച്ചു വീണു കരഞ്ഞനാൾ, 
ചുറ്റും നിന്ന് ചിരിച്ച മുഖങ്ങളിൽ,
ഒന്നതെൻ അമ്മയും,
പിന്നെയെൻ  അച്ഛനും ആയിരുന്നു

ചെന്നിനായകം തേച്ച അമ്മ മാറിൽ
അമ്മിഞ്ഞമധുരം തേടി നാവു കയ്ച്ചപ്പോൾ
മണ്ണിലുരുണ്ട് കരഞ്ഞത്, പിന്നെയെന്നോ അമ്മ-
കളിയായ് പറഞ്ഞതെൻ ഓർമ്മയിലുണ്ട്.

ഇവിടെയിനി-
*താളവട്ട-
പാതിക്കും മേലെ
ജീവിതം
എത്തിനിൽക്കെ
കാലമെത്ര
കാത്തു വയ്പ്പു-
ഇനിയുമെന്നിൽ
കണ്ണുനീർ ബാക്കിയായ്..?

താളവട്ടം=
ഒരു സമ്പൂർണ്ണതാളം (ഒരു താളത്തിന്റെ ആരംഭം മുതല്അവസാനംവരെയുള്ള സമയം)

2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

സ്വയം തോന്നലുകൾ

ആർക്കും വേണ്ട എന്ന് തോന്നുമ്പോൾ ആണ് ആർക്കെങ്കിലുമൊക്കെ വേണ്ടി ജീവിക്കണം എന്ന തോന്നൽ ഉണ്ടാവുന്നത്.

2013, ഓഗസ്റ്റ് 21, ബുധനാഴ്‌ച

:)

ചിന്തകൾക്കന്തരം തമ്മിലുണ്ടെങ്കിലും,
ചിന്തിച്ചുനോക്കിയാൽ (മർത്യർ) നമ്മളൊന്നല്ലേ....

പ്രതീക്ഷകൾ

തിരകൾ എത്ര പ്രാവശ്യം യാത്ര പറഞ്ഞുപോയാലും,
വീണ്ടും തിരികെ വരുമെന്ന് തീരത്തിന് നിശ്ചയമുണ്ട്.
അതുപോലെ തന്നെയാണ് എനിക്ക് എന്റെ പ്രതീക്ഷകളും.

2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ശിഖരം മരത്തോടു പറഞ്ഞത്

തണല് താഴെ വിരിപ്പതുണ്ടാവാം,
ശിഖരമായ് മേലെ നില്ക്കുന്ന നേരം.

എങ്കിലും..
അമിത ഭാരമായ് തോന്നുന്നുവെങ്കിൽ,
വേർപെടുത്തികളയുക എന്നെ നീ.

2013, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

ഉറവിടം ഉറവകൾ

മറ്റുള്ളവരിലൂടെയാണ് നാം നമ്മുടെ കുറവുകൾ കണ്ടെത്തുന്നത്;
ഗുണങ്ങളും.

ഞാനും നീയും

നില്ക്കുക ഒരൽപ്പനേരം,
കേൾക്കുക പറയുവാനുള്ളതും ..
സ്നേഹിക്കയാണ് ഞാൻ
ഭൂമിയിലേറെ-വച്ചേറ്റവും നിന്നെ.

2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

ചിത

മരിച്ചപകലിൻ ചിതയണഞ്ഞ ആകാശം.
രാവുകൾ...
ചിതയുടെ കരിപുരണ്ട ആവരണം.
ചെറുകാറ്റുലച്ച കനലുകളിൽ
അഗ്നി വീണ്ടും നിറം ചേർക്കുന്നു.
കനലുകൾ കനലുകൾ..
എരിഞ്ഞുതീരാ ദുഃഖങ്ങൾക്കും മീതെ -
ആളിപ്പടരുവാൻ വെമ്പുന്നു.
ദുഃഖങ്ങൾ അഗ്നിയുടെ ദാഹം തീർക്കട്ടെ.

2013, ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

സഞ്ചാരി

നടന്നു നീങ്ങിയ ദൂരങ്ങളത്രയും
കാലിൽ ചാർത്തിയ തഴമ്പുകൾ..
വീണ്ടും കൊതിക്കുമീ സന്ധ്യയിൽ
ഏറെ ദൂരം ചരിക്കുവാൻ..