2026 ജൂൺ 5, വെള്ളിയാഴ്‌ച

മരിച്ചവരുടെ മാന്തോപ്പ്

പള്ളിസെമിത്തേരിയുടെ തൊട്ടരികിലായിരുന്നു ആ മാവിൻതോപ്പ്. പലതരത്തിലും രുചിയിലുമുള്ള ഒട്ടധികം മാവിനങ്ങൾ ആ തോപ്പിൽ ഉണ്ടായിരുന്നു.
വേനൽക്കാലം വന്നാൽ കൊമ്പുകൾ മുഴുവൻ സ്വർണ്ണനിറമുള്ള മാമ്പഴങ്ങൾ കൊണ്ട് നിറയും. ആ സമയം പക്ഷികൾ കലപില ശബ്ദത്തോടെ അവിടെയാകെ പാറിനടക്കും.. അണ്ണാറക്കണ്ണന്മാർ മാവുകൾതോറും കയറിയിറങ്ങി മാമ്പഴരുചി നുകരും. ഗ്രാമത്തിലെ കുട്ടികൾക്ക് ആ തോപ്പ് ഒരു കളിസ്ഥലം പോലെയായിരുന്നു. അതുകൊണ്ട് അവരും പതിവായി ആ മാന്തോപ്പിലേക്ക് പോകും.
എന്നാൽ അവിടുത്തെ മുതിർന്നവർ ഒരു കാര്യം അവരോട് പറയുമായിരുന്നു;
"സന്ധ്യ കഴിഞ്ഞാൽ കുട്ടികൾ ആരും അവിടെ പോകരുത്. അത് മരിച്ചവരുടെ മാന്തോപ്പാണ്."
കുട്ടികൾക്ക് അതുകേട്ട് പേടിയും കൗതുകവും ഒരുപോലെ തോന്നി.
ഒരു ദിവസം അവധിക്കാലത്ത് കിച്ചുവും മീനുവും അവരുടെ കൂട്ടുകാരും മാങ്ങ പെറുക്കാൻ അവിടെയെത്തി. നിലത്തു വീണുകിടന്ന മാമ്പഴങ്ങൾ പെറുക്കിയെടുത്തും രുചിച്ചുനോക്കിയും അവർ ഓടിയും ചാടിയും കളിച്ചുനടന്നു. സെമിത്തേരിയിലെ കല്ലറകൾക്കിടയിലൂടെ വീശിയെത്തുന്ന കാറ്റിന് പോലും നല്ല മാമ്പഴത്തിന്റെ സുഗന്ധമായിരുന്നു.
അങ്ങിനെ കളിനടക്കുന്നതിനിടയിലാണ് കിച്ചു ഒരു കാര്യം ശ്രദ്ധിച്ചത്,
ഒരു പഴയ കല്ലറയുടെ മുകളിൽ വീണുകിടന്നിരുന്ന മാമ്പഴങ്ങൾ ആരോ വൃത്തിയായി അടുക്കിവെച്ചിരിക്കുന്നു!.
"ഇത് ആരാണ് ചെയ്തത്?" അവൻ ചോദിച്ചു.
ആർക്കും ഉത്തരമുണ്ടായില്ല. അവർ പരസ്പരം നോക്കി.
അന്ന് വൈകുന്നേരം കളികളൊക്കെ കഴിഞ്ഞു ക്ഷീണിതരായ കുട്ടികൾ വീട്ടിലേക്ക് മടങ്ങി. പക്ഷേ അടുത്ത ദിവസം വീണ്ടും എത്തിയപ്പോൾ കല്ലറകൾക്കു ചുറ്റുമുണ്ടായിരുന്ന ഉണങ്ങിയ ഇലകൾ എല്ലാംതൂത്തുവാരി വൃത്തിയാക്കിയിരിക്കുന്നു. ആരും കാണാത്ത സമയത്ത് ആരോ അവിടം വൃത്തിയായി നോക്കിപ്പോരുന്ന പോലെ..
അന്നിരാത്രി കിച്ചു അപ്പൂപ്പനോട് ഈ കാര്യം പറഞ്ഞു. തെല്ലുനേരം ആലോചിച്ച ശേഷം അപ്പൂപ്പൻ കിച്ചുവിനോട് പറഞ്ഞു.
"ആ സെമിത്തേരിയിൽ കിടക്കുന്നവരിൽ ചിലർ ജീവിച്ചിരുന്നപ്പോൾ ഈ മാവുകൾ നട്ടവരാണ്. അവരുടെ കൈകളാൽ വളർന്ന മരങ്ങളാണിവ. അവർ പോയെങ്കിലും അവരുടെ സ്നേഹം ഈ മരങ്ങളിൽ ബാക്കിയുണ്ട്."
ആ വാക്കുകൾ അവന്റെ മനസ്സിൽ പതിഞ്ഞു.
പിന്നീടുള്ള ദിവസങ്ങളിൽ ആ കുട്ടികൾ മാന്തോപ്പിൽ വരുമ്പോൾ കല്ലറകൾക്കരികിൽ മനോഹരമായ പൂക്കൾ കൊണ്ടുവച്ചു. കൊഴിഞ്ഞുവീണ ഇലകൾ വാരി മാറ്റി. ചിലനേരങ്ങളിൽ അവിടെ ഇരുന്ന് പാട്ടുകൾ പാടി നൃത്തം ചെയ്തു..
അതിന് ശേഷം ഒരു വിചിത്രമായ കാര്യം സംഭവിച്ചു.
ആ മരങ്ങളിൽ മുൻപത്തേക്കാൾ കൂടുതൽ മാമ്പഴങ്ങൾ കായ്ക്കാൻ തുടങ്ങി. അതിന്റെ രുചിയും മധുരവും കൂടി.
"മരിച്ചു പോയവരുടെ ആത്മാക്കൾ സന്തോഷിക്കുന്നുണ്ടാകും," മീനു ചിരിച്ചുകൊണ്ട് പറഞ്ഞു.
അവരാരും തന്നെ ആത്മാക്കളെ കണ്ടിട്ടില്ല. ആരും അവരോട് സംസാരിച്ചിട്ടില്ല.
പക്ഷേ ഓരോ തവണയും കുട്ടികളുടെ ചിരി ആ മാന്തോപ്പിൽ മുഴങ്ങുമ്പോൾ, മാവിൻകൊമ്പുകൾ മെല്ലെ ആടും. കാറ്റ് ഇലകളിലൂടെ മധുരമായി മൂളും.
അപ്പോൾ തോന്നും..
ആ സെമിത്തേരിയിൽ വിശ്രമിക്കുന്ന ആത്മാക്കൾക്ക് കുട്ടികളുടെ കളിയും ചിരിയും കേൾക്കാൻ ഇഷ്ടമാണെന്ന്.. കാരണം മരണം ജീവിതത്തിന്റെ അവസാനം ആയാലും, സ്നേഹത്തിന്റെയും ഓർമ്മകളുടെയും അവസാനം ആകുന്നില്ലല്ലോ.
പലരും ആ തോട്ടത്തെ "മരിച്ചവരുടെ മാന്തോപ്പ്" എന്ന് വിളിച്ചെങ്കിലും, കിച്ചുവിനും കൂട്ടുകാർക്കും അതിനെ "ചിരിക്കുന്ന ആത്മാക്കളുടെ മാന്തോപ്പ്." എന്ന് വിളിക്കാൻ ആയിരുന്നു കൂടുതൽ ഇഷ്ടം.

2024 ഓഗസ്റ്റ് 6, ചൊവ്വാഴ്ച

ദൈവവും മനുഷ്യരും

അവസാനം ക്ഷീണിച്ചവശനായ ദൈവം ഒരു മരത്തിന്റെ ചുവട്ടിലെ പാറയിൽ ചാരിയിരുന്നു വിയർപ്പു തുടച്ചു..

തന്റെ സൃഷ്ട്ടികളിലെ ഏറ്റവും മഹത്തരം ആകേണ്ടതും തന്നോട് സാമ്യമുള്ളതും എന്നാൽ താൻ ആകാത്തതുമായ മനുഷ്യൻ എന്ന വർഗ്ഗത്തിന്റെ സൃഷ്ടികർമ്മത്തിലായിരുന്നു ഇത്രയും നേരം. അതിന്റേതായ എല്ലാ മാനസികപിരിമുറുക്കങ്ങളും സമയം ദൈവം അനുഭവിച്ചു.


കൊള്ളാം.. കുഴപ്പങ്ങൾ ഒന്നും ഇല്ല.. താൻ സൃഷ്‌ടിച്ച പ്രപഞ്ചരാചരങ്ങൾക്ക് തീർത്തും അനുയോജ്യമാണ് തന്റെ മനുഷ്യ സൃഷ്ട്ടിയും എന്ന് ദൈവത്തിന് ബോധ്യമായി.

മണ്ണുകൊണ്ട് നിർമിച്ചതാകയാൽ ജീവന്റെ ശ്വാസംകൂടി നൽകിയാൽ ഇവർ ജീവനുള്ളവരായി മാറും.

ക്ഷീണം അൽപ്പമൊന്ന് മാറിയപ്പോൾ ദൈവം പതിയെ എഴുന്നേറ്റ് അവരുടെ സമീപത്തേക്ക് ചെന്നു. അപ്പോഴാണ് ദൈവം മറ്റൊരു കാര്യം ഓർത്തത്. ഇവരൊക്കെ പൂർണ്ണകായരായ മനുഷ്യരാണ്. കുട്ടിക്കാലം എന്തെന്ന് അറിയാനും ആസ്വദിക്കാനും ഇവർക്കാർക്കും കഴിയില്ല..!

ദൈവത്തിനു വീണ്ടും സങ്കടമായി.. എന്ത് ചെയ്യും..? ഇവരെ കുട്ടികളാക്കി സൃഷ്ടിച്ചാൽ ഇവരുടെ എല്ലാ കാര്യത്തിനും താൻ ഇടപെടേണ്ടി വരുമെന്ന് അവനു തോന്നി. (അതുകൊണ്ടാണ് വളർന്നു വലുതായി കഴിയുമ്പോൾ നഷ്‌ടമായ നമ്മുടെ കുട്ടിക്കാലം ഓർത്തു നമുക്കൊക്കെ സങ്കടം വരുന്നത് )

സാരമില്ല ഒരവസ്ഥയിൽ തന്നെ ഇവർക്ക് ജീവന്റെ ശ്വാസം നൽകാം എന്നവൻ തീരുമാനിച്ചു.

ഒടുവിൽ ജീവന്റെ ശ്വാസം ദൈവം അവരിലേക്ക് ഊതിനൽകിയിട്ട് അൽപ്പം അകലേക്ക് മാറിനിന്നു.

ഉറക്കം ഉണരുന്നപോലെ അവർ ഓരോരുത്തരായി പതിയെ എഴുന്നേറ്റു പരസ്പ്പരം നോക്കി. ആർക്കും ആരെയും പരിചയമൊന്നും തോന്നുന്നില്ല. എങ്കിലും അവർ പരസ്പരം ചിരിക്കാൻ ശ്രമിക്കുകയും തൊട്ടുനോക്കുകയും ചെയ്തു. ആദ്യകാഴ്ചയിൽ തന്നെ തങ്ങളിൽ എന്തൊക്കെയോ വ്യത്യാസങ്ങൾ ഉണ്ടെന്നും ചിലരെ സ്പർശിക്കുമ്പോൾ ശരീരത്തിലൂടെ തരംഗങ്ങൾ പ്രവഹിക്കുന്നതും അവർ തിരിച്ചറിഞ്ഞു.


പിന്നീടവർ അതിമനോഹരമായ ചുറ്റുപാടുകളിലേക്ക് ആശ്ചര്യത്തോടെ നോക്കി.. പലതരം പക്ഷികൾ പറക്കുന്നതും അരുവികൾ നിറഞ്ഞ് ഒഴുകുന്നതും പലതരം ഫലങ്ങൾ കായ്ച്ചും പഴുത്തും നിൽക്കുന്നതും ഒക്കെ കാണുകയും ചെയ്തു. മനോഹരമായ പലതരം പൂവുകൾ സുഗന്ധം പരത്തിയതും സ്നേഹത്തിന്റെ വിത്തുകൾ അവരിൽ പൊട്ടി മുളച്ചു. അവർ ഒറ്റയ്ക്കും കൂട്ടമായും നാനാദിക്കുകളിലേക്ക് ഓടി.


അപ്പോഴാണ് ഒരു കാര്യം അവരോട് പറഞ്ഞില്ലല്ലോ എന്ന കാര്യം ദൈവം ഓർത്തത്.. ആകെ അങ്കലാപ്പിലായ ദൈവം ഉറക്കെ വിളിച്ചുപറഞ്ഞു;

"എല്ലാവരും നന്നായി പ്രവർത്തിക്കണം കേട്ടോ....."


പലവഴിക്ക് ഓടുന്നതിനിടയിൽ ആരോ എന്തോ വിളിച്ചുപറഞ്ഞതായി അവർക്കു തോന്നി.

അവരിൽ ചിലർ പ്രവർത്തിക്കണം എന്ന് പറഞ്ഞത് കൃത്യമായി കേൾക്കുകയും തങ്ങളാൽ കഴിയുന്ന വിധം കഠിനമായി പ്രവർത്തിക്കുകയും ചെയ്തു.


പ്രവർത്തിക്കണം എന്നാണോ പ്രാർത്ഥിക്കണം എന്നാണോ പറഞ്ഞതെന്നു കൃത്യമായി മനസിലാകാത്ത മറ്റുചില ആളുകൾ പ്രവർത്തിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.


വേറെ ചിലർ കേട്ടത് പ്രാർത്ഥിക്കണം എന്നാണ്. അവർ പ്രാർത്ഥന മാത്രം നടത്തി ഇപ്പോഴും ജീവിക്കുന്നു!


ഇതൊന്നും കേൾക്കാതെ പോയ വേറെ ചില ആളുകൾ ഉണ്ടായിരുന്നു.. അവർ പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും ഒന്നും നിൽക്കാതെ ഇപ്പോഴും അങ്ങിനെയൊക്കെ അങ്ങ് ജീവിച്ചു പോകുന്നു.