പള്ളിസെമിത്തേരിയുടെ തൊട്ടരികിലായിരുന്നു ആ മാവിൻതോപ്പ്. പലതരത്തിലും രുചിയിലുമുള്ള ഒട്ടധികം മാവിനങ്ങൾ ആ തോപ്പിൽ ഉണ്ടായിരുന്നു.
വേനൽക്കാലം വന്നാൽ കൊമ്പുകൾ മുഴുവൻ സ്വർണ്ണനിറമുള്ള മാമ്പഴങ്ങൾ കൊണ്ട് നിറയും. ആ സമയം പക്ഷികൾ കലപില ശബ്ദത്തോടെ അവിടെയാകെ പാറിനടക്കും.. അണ്ണാറക്കണ്ണന്മാർ മാവുകൾതോറും കയറിയിറങ്ങി മാമ്പഴരുചി നുകരും. ഗ്രാമത്തിലെ കുട്ടികൾക്ക് ആ തോപ്പ് ഒരു കളിസ്ഥലം പോലെയായിരുന്നു. അതുകൊണ്ട് അവരും പതിവായി ആ മാന്തോപ്പിലേക്ക് പോകും.
എന്നാൽ അവിടുത്തെ മുതിർന്നവർ ഒരു കാര്യം അവരോട് പറയുമായിരുന്നു;
"സന്ധ്യ കഴിഞ്ഞാൽ കുട്ടികൾ ആരും അവിടെ പോകരുത്. അത് മരിച്ചവരുടെ മാന്തോപ്പാണ്."
കുട്ടികൾക്ക് അതുകേട്ട് പേടിയും കൗതുകവും ഒരുപോലെ തോന്നി.
ഒരു ദിവസം അവധിക്കാലത്ത് കിച്ചുവും മീനുവും അവരുടെ കൂട്ടുകാരും മാങ്ങ പെറുക്കാൻ അവിടെയെത്തി. നിലത്തു വീണുകിടന്ന മാമ്പഴങ്ങൾ പെറുക്കിയെടുത്തും രുചിച്ചുനോക്കിയും അവർ ഓടിയും ചാടിയും കളിച്ചുനടന്നു. സെമിത്തേരിയിലെ കല്ലറകൾക്കിടയിലൂടെ വീശിയെത്തുന്ന കാറ്റിന് പോലും നല്ല മാമ്പഴത്തിന്റെ സുഗന്ധമായിരുന്നു.
അങ്ങിനെ കളിനടക്കുന്നതിനിടയിലാണ് കിച്ചു ഒരു കാര്യം ശ്രദ്ധിച്ചത്,
ഒരു പഴയ കല്ലറയുടെ മുകളിൽ വീണുകിടന്നിരുന്ന മാമ്പഴങ്ങൾ ആരോ വൃത്തിയായി അടുക്കിവെച്ചിരിക്കുന്നു!.
"ഇത് ആരാണ് ചെയ്തത്?" അവൻ ചോദിച്ചു.
ആർക്കും ഉത്തരമുണ്ടായില്ല. അവർ പരസ്പരം നോക്കി.
അന്ന് വൈകുന്നേരം കളികളൊക്കെ കഴിഞ്ഞു ക്ഷീണിതരായ കുട്ടികൾ വീട്ടിലേക്ക് മടങ്ങി. പക്ഷേ അടുത്ത ദിവസം വീണ്ടും എത്തിയപ്പോൾ കല്ലറകൾക്കു ചുറ്റുമുണ്ടായിരുന്ന ഉണങ്ങിയ ഇലകൾ എല്ലാംതൂത്തുവാരി വൃത്തിയാക്കിയിരിക്കുന്നു. ആരും കാണാത്ത സമയത്ത് ആരോ അവിടം വൃത്തിയായി നോക്കിപ്പോരുന്ന പോലെ..
അന്നിരാത്രി കിച്ചു അപ്പൂപ്പനോട് ഈ കാര്യം പറഞ്ഞു. തെല്ലുനേരം ആലോചിച്ച ശേഷം അപ്പൂപ്പൻ കിച്ചുവിനോട് പറഞ്ഞു.
"ആ സെമിത്തേരിയിൽ കിടക്കുന്നവരിൽ ചിലർ ജീവിച്ചിരുന്നപ്പോൾ ഈ മാവുകൾ നട്ടവരാണ്. അവരുടെ കൈകളാൽ വളർന്ന മരങ്ങളാണിവ. അവർ പോയെങ്കിലും അവരുടെ സ്നേഹം ഈ മരങ്ങളിൽ ബാക്കിയുണ്ട്."
ആ വാക്കുകൾ അവന്റെ മനസ്സിൽ പതിഞ്ഞു.
പിന്നീടുള്ള ദിവസങ്ങളിൽ ആ കുട്ടികൾ മാന്തോപ്പിൽ വരുമ്പോൾ കല്ലറകൾക്കരികിൽ മനോഹരമായ പൂക്കൾ കൊണ്ടുവച്ചു. കൊഴിഞ്ഞുവീണ ഇലകൾ വാരി മാറ്റി. ചിലനേരങ്ങളിൽ അവിടെ ഇരുന്ന് പാട്ടുകൾ പാടി നൃത്തം ചെയ്തു..
അതിന് ശേഷം ഒരു വിചിത്രമായ കാര്യം സംഭവിച്ചു.
ആ മരങ്ങളിൽ മുൻപത്തേക്കാൾ കൂടുതൽ മാമ്പഴങ്ങൾ കായ്ക്കാൻ തുടങ്ങി. അതിന്റെ രുചിയും മധുരവും കൂടി.
"മരിച്ചു പോയവരുടെ ആത്മാക്കൾ സന്തോഷിക്കുന്നുണ്ടാകും," മീനു ചിരിച്ചുകൊണ്ട് പറഞ്ഞു.
അവരാരും തന്നെ ആത്മാക്കളെ കണ്ടിട്ടില്ല. ആരും അവരോട് സംസാരിച്ചിട്ടില്ല.
പക്ഷേ ഓരോ തവണയും കുട്ടികളുടെ ചിരി ആ മാന്തോപ്പിൽ മുഴങ്ങുമ്പോൾ, മാവിൻകൊമ്പുകൾ മെല്ലെ ആടും. കാറ്റ് ഇലകളിലൂടെ മധുരമായി മൂളും.
അപ്പോൾ തോന്നും..
ആ സെമിത്തേരിയിൽ വിശ്രമിക്കുന്ന ആത്മാക്കൾക്ക് കുട്ടികളുടെ കളിയും ചിരിയും കേൾക്കാൻ ഇഷ്ടമാണെന്ന്.. കാരണം മരണം ജീവിതത്തിന്റെ അവസാനം ആയാലും, സ്നേഹത്തിന്റെയും ഓർമ്മകളുടെയും അവസാനം ആകുന്നില്ലല്ലോ.
പലരും ആ തോട്ടത്തെ "മരിച്ചവരുടെ മാന്തോപ്പ്" എന്ന് വിളിച്ചെങ്കിലും, കിച്ചുവിനും കൂട്ടുകാർക്കും അതിനെ "ചിരിക്കുന്ന ആത്മാക്കളുടെ മാന്തോപ്പ്." എന്ന് വിളിക്കാൻ ആയിരുന്നു കൂടുതൽ ഇഷ്ടം.