2013, നവംബർ 24, ഞായറാഴ്‌ച

ഊന്നുവടി

ഒന്നുരണ്ട് ഞായറാഴ്ച്ചയുടെ ഇടവേളയ്ക്ക് ശേഷമാണ് അന്ന് ഞാൻ വീണ്ടും പള്ളിയിൽ പോയത്. സത്യക്രിസ്ത്യാനികൾ ഞായറാഴ്ച്ച-യടക്കമുള്ള വിശേഷ ദിനങ്ങളിലെ  കുർബ്ബാന മുടക്കരുത് എന്നാണ്.. എങ്കിലും പലവട്ടമായി മുടങ്ങിക്കിടക്കുന്ന കുർബ്ബാനയുടെ പറ്റുബുക്കിൽ കർത്താവിനോട് വീട്ടാൻ കടം കുറേ ബാക്കിയുണ്ട്.
കർത്താവ്‌ ഈയുള്ളവനോട് പൊറുക്കട്ടെ. ആമേൻ.

അന്നത്തെ ഞായർ..
ഞാൻ എത്തിയപ്പോഴേക്കും കുർബ്ബാന തുടങ്ങിയിരുന്നു. പള്ളിയിൽ മോശമില്ലാത്ത തിരക്കും ഉണ്ട്.. തിരക്കിനിടയിൽ ഒരൽപം ഇടം കണ്ടെത്തി ഏറ്റവും പിറകിലായി ഞാനും നിന്നു.

കുറച്ചുസമയം കഴിഞ്ഞപ്പോൾ പുറകിൽ എന്തോ ഊർന്നുവീഴുന്ന ശബ്ദം. ആരൊക്കയൊ തിരിഞ്ഞു നോക്കിയ കൂട്ടത്തിൽ ഞാനും ഒന്ന് തിരിഞ്ഞുനോക്കി. ഭിത്തിയിൽ ചാരിവച്ചിരുന്ന ആരുടെയോ ഊന്നുവടി നിലത്തു വീണുകിടക്കുന്നു.
എന്റെ കണ്ണുകൾ ചുറ്റിനും പരതി.. ആരായിരിക്കും ആ ഊന്നുവടിയുടെ ഉടമ.. അവിടെങ്ങും എന്റെ കണ്ണുകൾക്ക്‌ അയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.. ചിലപ്പോൾ മുൻപിൽ ക്രമമായി നിരത്തിയിട്ടിരിക്കുന്ന ഇരിപ്പിടങ്ങളിലൊന്നിൽ അയാളും ഉണ്ടാവും എന്ന് ഞാൻ കരുതി.

എന്റെ ചിന്തകൾ പിന്നെ എന്നെക്കുറിച്ച് തന്നെയായി. രണ്ടുകാലുകൾ ഉണ്ടായിട്ടും, യാത്ര ചെയ്യാൻ ബൈക്ക് ഉണ്ടായിട്ടും ആഴ്ചയിൽ ഒരിക്കലെങ്കിലും പള്ളിയിൽ പോവാൻ കാണിക്കുന്ന മടി എങ്ങിനെയെങ്കിലും ഒഴിവാക്കണം എന്ന് തീരുമാനിച്ചു.

കുർബ്ബാന കഴിഞ്ഞ് തിരക്കുകൾക്കിടയിലൂടെ പുറത്തേക്ക് ഇറങ്ങുമ്പോഴും ആ ഊന്നുവടി അവിടെത്തന്നെ കിടപ്പുണ്ടായിരുന്നു.
തിരികെ റൂമിലേക്ക്‌ പോരുമ്പോൾ മനസ്സിൽ ചെറിയൊരു കുറ്റബോധം കയറിക്കൂടി; നിലത്തു 'വീണുകിടന്ന ആ ഊന്നുവടി എന്തുകൊണ്ട് നീ എടുത്തു നിവർത്തിവച്ചില്ല' എന്ന് എന്റെ മനസാക്ഷി എന്നോട് ചോദിച്ചുകൊണ്ടിരുന്നു..
ശരിയാണ്.. ഞാനത് ചെയ്തില്ല..
അതൊന്ന് എടുത്തു നിവർത്തി വയ്ക്കാൻ എനിക്ക് തോന്നാത്തത് എന്തുകൊണ്ടാണെന്ന് നിശ്ചയമില്ല. ഇന്നത്തെ എന്റെ പള്ളിയിൽ പോക്കിന് ഒരു ഫലവും ഇല്ലെന്ന് അപ്പോളെനിക്ക് തോന്നി. ചെറിയൊരു നന്മയെങ്കിലും ചെയ്യാൻ മനസ്സ് വിമുകത കാണിക്കുകയാണെങ്കിൽ പിന്നെന്തിനാണ് ഞാൻ പള്ളിയിൽ പോകുന്നത്..!?
ഇനിയെങ്കിലും ഇത്തരം അവസരങ്ങളിൽ മടി കൂടാതെ പ്രവൃത്തിക്കാൻ എനിക്ക് കഴിയണേ എന്നൊരു പ്രാർത്ഥന മാത്രം എന്നിൽ അവശേഷിക്കുന്നു.

4 അഭിപ്രായങ്ങൾ:

  1. ബിജു, താങ്കൾ ഇതു നന്നായി എഴുതി ആശംസകൾ ...
    ഇതാണ് എന്റെ ബ്ലോഗ്‌
    http://www.vithakkaran.blogspot.in/
    താങ്കൾക്കും സ്വാഗതം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി വിപിൻ. തീർച്ചയായും വിതക്കാരനെ കാണാൻ ഞാൻ വരുന്നുണ്ട്.

      ഇല്ലാതാക്കൂ
  2. അടുത്തയാഴ്ച്ച നമുക്ക് ഊന്നിവടി എടുത്ത് നിവര്‍ത്തിവയ്ക്കാം!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീർച്ചയായും. :) ചെറിയ കാര്യങ്ങളിൽ പോലും വലിയ ശ്രദ്ധ കൂടിയേ തീരു.

      ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.