2013, നവംബർ 16, ശനിയാഴ്‌ച

കുചേല ചിന്തകൾ

ഒരു ദിവസം ഈ ഇരുട്ടി വെളുക്കലുകൾ ഇല്ലാത്ത ലോകത്തേക്ക് എല്ലാവരും അവനവന്റെ ഊഴമനുസരിച്ചങ്ങ് പോകുമായിരിക്കും.. അല്ല; പോകും. അതാണല്ലോ പ്രകൃതി നിയമം.

പക്ഷെ അങ്ങ് പോകുന്നതുവരെ ഈ ഇരുട്ടി വെളുക്കലുകൾക്കിടയിൽ ജീവിതം കയ്യിലിങ്ങനെ മുറുക്കെ പിടിച്ച് ജീവിക്കുക എന്നുള്ളത് തന്നെപോലെ മടിശീലയുടെ കനം കുറഞ്ഞ ചിലർക്കെങ്കിലും അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് രവിക്ക് നല്ല നിശ്ചയമുണ്ടായിരുന്നു..

തന്റെ ചെറിയ വീട്ടിലിരുന്ന് ആകുലതകളെക്കുറിച്ച് സ്വയം ഇങ്ങനെ ആശങ്കപ്പെടുമ്പോൾ പകുതി കുടിച്ചൊഴിഞ്ഞ  കട്ടൻ ചായയുടെ ഗ്ലാസ്സിൽ നിന്ന് ആവി അപ്പോഴും പുറത്തേക്ക് വമിച്ചുകൊണ്ടിരുന്നു.

കട്ടൻ ചായയ്ക്കൊപ്പം കട്ടൻ ബീഡിയുടെ പുകകൂടി വലിച്ചുകയറ്റി പുറത്തേക്ക് പതിയെ ഊതിയപ്പോൾ തന്റെ അവസാനത്തെ ശ്വാസവും അതിനൊപ്പം പുറത്തേക്ക് ഊതിപോകുമോ എന്നയാൾ  അറിയാതെ  ആശങ്കപ്പെട്ടു.

അടുക്കളയിലെ തിരക്കിട്ട തട്ടുമുട്ടുകൾക്കിടയിൽ ഒരു ഗ്ലാസ്‌ നിലത്തുവീണ് ചിതറി.. കാടും പടലും താണ്ടിയ അയാളുടെ ആലോചനകൾ ഒരു ഞെട്ടലിൽ പറന്നുപോയി.

"ലക്ഷ്മീ എന്താ അവിടെ..?" തെല്ലു ദേഷ്യത്തോടെ അയാൾ അകത്തേക്ക് നോക്കി ചോദിച്ചു.

"ഗ്ലാസ്‌ കഴുകാൻ എടുത്തപ്പോ കയ്യിന്ന് വഴുതിപോയത രവിയേട്ടാ..." അവളുടെ വാക്കുകളിലെ ചമ്മൽ അയാളിൽ അലസമായ ഒരു ചിരി വിടർത്തി.

ഈയിടെയായിട്ട്  ഒരു കാര്യത്തിലും അവൾക്കു തീരെ ശ്രദ്ധയില്ല  എന്നയാൾ ഓർത്തു.

അടുത്തുള്ള ചില വീടുകളുടെ പിന്നാമ്പുറങ്ങളിൽ തുണി തിരുമ്മിയും, കൊച്ചമ്മ കൊട്ടാരങ്ങളുടെ അകത്തളങ്ങൾ തൂത്ത് തുടച്ചും മാറാല മൂടാതെ നോക്കിയും അവളുടെ ജീവിതവും ഇങ്ങിനെ എണ്ണയില്ലാതെ എരിഞ്ഞു തീരുകയാണല്ലോ എന്നയാൾ തെല്ലു വിഷമത്തോടുകൂടി ഓർത്തു.

അടുക്കളപ്പുറത്ത് കരിപുരണ്ട കലങ്ങൾക്ക് നടുവിൽ നിറം മങ്ങിയ ചിത്രം പോലെ  അവർ കുനിഞ്ഞിരുന്ന് പാത്രങ്ങൾ തേച്ചു കഴുകികൊണ്ടിരുന്നു..  കലത്തിൽ ബാക്കിവന്ന കുറച്ച് ചോറുംവറ്റ്‌ വാരി അവർ മുറ്റത്തേക്ക് വീശിയെറിഞ്ഞ് കോഴികളെ വിളിച്ചു.

"കോഴി ബ.. ബ.. ബാ.. കോഴി ബ.. ബ.. ബാ.. "

പറമ്പിൽ ചികയാൻ ഇറങ്ങിയ നാലഞ്ചു കോഴികൾ കൂട്ടത്തോടെ ഓടി വന്നു.
നിലത്തു ചിതറിക്കിടക്കുന്ന ചോറും വറ്റിന് ചുറ്റും വട്ടംകൂടി അവർ ആർത്തി കാണിച്ചു... ചില കശപിശകൾ.. പോരുകൾ.. കൊത്തി അകറ്റലുകൾ... വിശപ്പ്‌ കോഴികൾക്കിടയിൽ പോലും അശാന്തി സൃഷ്ടിക്കുന്നു.. പിന്നെ മനുഷ്യരുടെ കാര്യം പറയാനുണ്ടോ..!
പാത്രങ്ങൾ തേച്ചു കഴുകുന്നതിനിടയിൽ അവർ ഇടയ്ക്കിടെ കോഴികളെ ശകാരിച്ചു കൊണ്ടിരുന്നു. പക്ഷേ, കശപിശകൾക്കിടയിൽ അവറ്റകൾ അതൊന്നും കേട്ടില്ല. കേട്ടതായി ഭാവിച്ചില്ല.

"കഴിക്കാൻ എന്തേലും ഉണ്ടെങ്കിൽ എടുത്തു വെക്കെടീ.. സമയം പോണ്.." വീടിന്റെ തിണ്ണയിൽ ഇരുന്ന് അയാൾ അകത്തേക്ക് വിളിച്ചു പറഞ്ഞു.
കഴുകിയ പത്രങ്ങളും എടുത്ത് തിടുക്കത്തിൽ അവർ അകത്തേക്ക് പോയി. അകത്ത് ഉടഞ്ഞുവീണ ഏതോ ഒരു പത്രത്തിന്റെ ഒച്ചയിൽ പേടിച്ചുപോയ കോഴികൾ തീറ്റ നിർത്തി തല ഉയർത്തി ചുറ്റിനും നോക്കി.

എത്രയൊക്കെ മൂടിവച്ചാലും ചില ചിത്രങ്ങൾ ജീവിതത്തിന്റെ കൃത്യമായ വെളിപ്പെടുത്തലുകളുടെ നേരെ തിരച്ചു വച്ച കണ്ണാടിപോലെ ആണ്...  ചില വ്യക്തമായ ചിത്രങ്ങൾ അവിടെയും അങ്ങിനെ വരച്ച് ചേർത്തിരുന്നു. നിഴലുപേലെ ചുവടു ചേർന്നുകിടക്കുന്ന ചില ദരിദ്രസത്യങ്ങൾ..

ഇതേ സമയം കൃഷ്ണവിലാസം വീട്ടിൽ, കൃഷ്ണദാസ് മുതലാളി പൂജാമുറിയിൽ ധ്യാനനിമഗ്നനായി നില്ക്കുകയായിരുന്നു. മേൽമുണ്ട്‌ പുതയ്ക്കാത്ത അയാളുടെ തടിച്ച ശരീരം ഒരു കൊച്ചു ജ്വല്ലറി പോലെ വിളങ്ങി നിന്നു. അയാളെ സംബന്ധിച്ച് സ്വപ്‌നങ്ങൾ പോലും സമ്പന്നതയുടെ മടിത്തട്ടാണ്. എത്രയോ അധികം താൻ സമ്പാദിച്ചു കഴിഞ്ഞു എന്ന് ചിലനേരങ്ങളിൽ അയാൾക്കുതന്നെ നിശ്ചയം പോര എന്നുതോന്നും. പാരമ്പര്യ സ്വത്തിന്റെ ഒഴുക്ക് ഒന്നുംകൂടി കൂട്ടിയെടുത്തത് അയാളുടെ മിടുക്കാണ്.. പിന്നെ ഭാഗ്യവും. തൊട്ടതൊക്കെ പൊന്നാക്കി അയാളുടെ ബിസിനസ്സ് സാമ്രാജ്യം വളർന്നുകൊണ്ടേയിരുന്നു..
"ഭഗവാനെ.. കാത്തുകൊള്ളണേ.. കൃഷ്ണ കൃഷ്ണ.."
കൃഷ്ണ വിഗ്രഹത്തിനു മുൻപിൽ അയാൾ ഭക്തിപൂർവ്വം തൊഴുതു. തിരക്കുകൾ ഉഴുതുമറിച്ചിടുന്ന ജീവിതം.. എങ്കിലും സകല നേട്ടങ്ങൾക്കിടയിലും നെട്ടോട്ടങ്ങൾക്കിടയിലും ഏക ആശ്വാസം അയാൾക്ക്‌ ഈ പൂജാമുറിയാണ്‌.

പ്രാർത്ഥന കഴിഞ്ഞ് അയാൾ പുറത്തേക്ക് ഇറങ്ങി.

വിശപ്പിന്റെ വിളി അയാളെ ഡൈനിംഗ് ഹാളിൽ എത്തിച്ചു.. വിഭവ സമൃദ്ധമായ പ്രഭാത ഭക്ഷണം അയാൾക്കുവേണ്ടി ഒരുക്കിവച്ച് ഭാര്യ രുക്മണി കാത്തുനില്ക്കുന്നു..
സ്നേഹത്തോടെ അവർ ഭർത്താവിന് വിളമ്പി കൊടുക്കുകയും തൃപ്തിയോടെ അയാൾ അത് കഴിക്കുകയും ചെയ്തുകൊണ്ടിരുന്നു.

"നിങ്ങൾ ഇന്ന് നേരത്തെ എത്തില്ലേ..?" ഒരു കഷണം പുട്ട് അയാളുടെ പാത്രത്തിലേക്ക് ഇട്ട് കറി ഒഴിച്ച് കൊടുക്കുമ്പോൾ  അവർ ചോദിച്ചു..

"ഉം.. എന്തേ..?" അയാൾ തല ഉയർത്താതെ തന്നെ അവരോട് ചോദിച്ചു.

"വൈകുന്നേരം കൃഷ്ണവേണിയും മോനും വരുന്നുണ്ടെന്നു പറഞ്ഞു.."

"ഓ..ഞാനത് മറന്നു... എനിക്കിന്ന് ഒരല്പ്പം തിരക്കുണ്ട്‌... എന്നാലും നേരത്തെ എത്താം.."
അയാൾ ഭക്ഷണം കഴിച്ച് എഴുന്നേറ്റു. കൈ തുടയ്ക്കുവാനുള്ള ടവ്വലുമായി അവർ അയാളുടെ പുറകിൽ കാത്തു നിന്നു.

നനച്ച അവിലിന്റെ മുന്നിൽ രവി തന്റെ ഇരുപ്പു തുടങ്ങിയിട്ട് കുറച്ചേറെ സമയം ആയിരിക്കുന്നു. ആട് അയാവിറക്കുന്നതുപോലെ അയാൾ അവിൽ ചവച്ചുകൊണ്ടിരുന്നു... ചവച്ചു ചവച്ച് വായ മടുത്തപ്പോൾ അയാൾ തീറ്റ നിർത്തി പതിയെ എഴുന്നേറ്റു.
"അതില് ആകെ ഇത്തിരിയല്ലേ ഉണ്ടായിരുന്നുള്ളൂ.. നിങ്ങളതും ബാക്കിവച്ചോ രവിയേട്ടാ..?" അവൾ അയാളോട് ചോദിച്ചു.
"ങാ മതിയെടി. നീ ഇത്തിരി വെള്ളം ഇങ്ങെടുത്തെ."
അയാൾ വാ കഴുകി പുറത്തേക്കു നീട്ടി തുപ്പി.

"നീ ഇന്ന് എവിടേലും പോണുണ്ടോ..?"


"ഞാനും ഇന്ന് അങ്ങോട്ടാ വരുന്നത്.. രുക്മണിയുടെ മോളും കുട്ടിയും വരുന്നുണ്ടത്രേ.. വീടൊക്കെ ഒന്ന് തുടച്ചിടണം എന്ന് പറഞ്ഞിരുന്നു."
"ഉം.. സാധനങ്ങൾ എന്തേലും മേടിക്കാൻ ഉണ്ടെങ്കിൽ ഷണ്മുഖന്റെ കടേന്ന് മേടിച്ചോ.."
"ഉം.." മഞ്ഞു പൊഴിഞ്ഞു വീണുകിടക്കുന്ന ഇടവഴിയിലൂടെ അയാൾ നടന്നകലുന്നതും അവസാനം ഒരു നേർരേഖയായി തീരുന്നതും നോക്കി അവർ അവിടെത്തന്നെ നിന്നു.

നടക്കുംതോറും തന്റെ വഴിയുടെ നീളം കൂടിക്കൂടി വരുന്നതായി അയാൾക്ക്‌ തോന്നി.
അയാളുടെ തേയ്മാനം വന്ന ചെരുപ്പിനിടയിൽകൂടി ഇടയ്ക്കിടെ ഭൂമി ആകാശത്തെ നോക്കി ചിരിച്ചു.. ഒടുവിൽ കൃഷ്ണവിലാസം വീടിന്റെ മുൻപിൽ അയാളുടെ യാത്ര അവസാനിച്ചു. വലിയ ഗേറ്റ് തള്ളിത്തുറന്ന് പതിയെ അയാൾ അകത്തേക്ക് കയറി.

നൈറ്റ്‌ ഡ്യൂട്ടിയും കഴിഞ്ഞ് സെക്യൂരിറ്റി റൂമിൽ രവിയുടെ വരവും കാത്ത് അക്ഷമനായി നില്ക്കുകയായിരുന്നു മാധവൻ. രവിയെ കണ്ടതും അയാളുടെ മുഖത്ത് ആശ്വാസം.. ഇനി ഡ്യൂട്ടി അയാളെ ഏൽപ്പിച്ചിട്ട് തനിക്കു പോകാം. അയാൾക്ക്‌ ഇന്നലെ ഒരുപോള കണ്ണടയ്ക്കാൻ പറ്റിയട്ടില്ല.. ഉറക്കച്ചടവ് അയാളെ വല്ലാതെ അസ്വസ്ഥനാക്കികൊണ്ടിരുന്നു.
"താൻ എന്തേ ഇന്ന് വരാൻ താമസിച്ചത്..?" സെക്യൂരിറ്റി യൂണിഫോം മാറ്റി ഷർട്ടിന്റെ ബട്ടൻ ഇടുമ്പോൾ അയാൾ ചോദിച്ചു.
"വരുന്നവഴി എനിക്ക് ഒരിടത്ത് കേറാൻ ഉണ്ടായിരുന്നു. താൻ പൊയ്ക്കോ.. വൈകുന്നേരം കാണാം."
മാധവൻ തിടുക്കത്തിൽ ഗേറ്റുകടന്ന് പുറത്തേക്ക് നടന്നു.

സെക്യൂരിറ്റി യൂണിഫോം ധരിച്ച് രവി പുറത്തേക്ക് ഇറങ്ങി. വൈകുന്നേരം മാധവൻ വരുന്നതുവരെ ഇനി വീടിന്റെ ഉത്തരവാദിത്വം അയാൾക്കാണ്.
ചെടികൾ നനയ്ക്കണം, വീട്ടിൽ ഏതെങ്കിലും അതിഥികൾ എത്തിയാൽ അതിന്റെ വിവരങ്ങൾ മുഴുവൻ എഴുതിവയ്ക്കണം, മറ്റു സന്ദർശകർ എത്തിയാൽ വിവരങ്ങൾ തിരക്കണം, അത്യാവശ്യമെങ്കിൽ പുറത്തിറങ്ങി സാധനങ്ങൾ മേടിക്കണം.. അങ്ങിനെ നീണ്ടുപോകുന്നു ചുമതലകൾ..

പണികളൊക്കെ തീർത്ത് അയാൾ സെക്യൂരിറ്റി റൂമിൽ വന്നിരുന്ന് പത്രവായന തുടങ്ങി.
ഓരോദിവസവും മാറിമറിയുന്ന വാർത്തകൾ.. പീഡനങ്ങൾ, കൊലപാതകങ്ങൾ, പിടിച്ചുപറി, മോഷണം.. ആവർത്തനമാകുന്ന  വാർത്തകൾ.. ഓരോദിവസവും വാർത്തയിലെ കഥാപാത്രങ്ങളും സ്ഥലവും സന്ദർഭവും മാത്രം മാറിമറയുന്നു.. പേടിപ്പിക്കുകയും മനസ്സ് മരവിപ്പിക്കുകയും ചെയ്യുന്ന വാർത്തകൾ..
അസ്വസ്ഥതയോടെ അയാൾ പത്രം ചുരുട്ടി ഒരു വശത്തേക്ക് വലിച്ചെറിഞ്ഞു..

പുറത്ത് കാറിന്റെ ഹോണ്‍ ശബ്ദം. അയാൾ തിടുക്കത്തിൽ പുറത്തേക്ക് ഇറങ്ങി. മുതലാളിയാണ്. ബഹുമാനത്തോടെ അയാൾ വണ്ടിക്കരുകിലേക്ക് ഓടി. തിടുക്കത്തിൽ ഗേറ്റ് തുറന്നുകൊടുത്തു.

"രവീ.." കാറിൽ നിന്നു തല പുറത്തേക്കിട്ട് അയാൾ വിളിച്ചു..
"ഓ.." ബഹുമാനം ചാലിച്ച ഈണത്തിൽ അയാൾ വിളികേട്ടു.
"തന്റെ പെണ്ണിനൊരു ആലോചന വന്നത് എന്തായി.. വന്നവര് തീരുമാനം വല്ലതും പറഞ്ഞോ..?"
അയാളുടെ മുഖത്ത് ആശയറ്റവന്റെ നിർവികാരത തെളിഞ്ഞത് എത്ര വേഗത്തിലാണെന്ന് അയാൾ അറിഞ്ഞു.. ചിലരുടെ ജീവിതങ്ങൾ വായിച്ചെടുക്കാൻ ദേ.. ചുമ്മാതൊന്നു മുഖത്തേക്ക് സൂക്ഷിച്ചു നോക്കിയാമതി.. നല്ല വെണ്ടക്കാ വലുപ്പത്തിൽ അതങ്ങിനെ എഴുതിവച്ചിട്ടുണ്ടാവും.

"കാശിന്റെ കാര്യം ഓർത്തിട്ടാണെങ്കിൽ താൻ വിഷമിക്കേണ്ടടോ.. എന്നതാന്നുവച്ചാൽ നമുക്കതങ്ങ് ചെയ്യാം.. എന്തേ.. പോരെ..?"

ആശ്വാസത്തിന്റെ വലിയൊരു കാറ്റ് എവിടെയോ നിന്ന് വീശിയടിക്കുകയും താൻ ആ കാറ്റിൽ കുളിരണിഞ്ഞ് തനിച്ചെവിടെയോ നിലക്കുന്നതായും അയാൾക്ക്‌ അനുഭവപ്പെട്ടു.

 ഇളം വെയിലിന്റെ ചൂടിലേക്ക് മടങ്ങിയെത്തിയ അയാളുടെ സ്വപ്‌നങ്ങൾ അകന്നുപോകുന്ന കാറിനൊപ്പം പതിയെ പറന്നുതുടങ്ങിയിരുന്നു..

മുഹമ്മദ്‌ റാഫിയുടെ മനോഹരമായ ഒരു ഗാനം കാറിനുള്ളിൽ മഴപോലെ പെയ്തിറങ്ങി.. പാട്ട് ആസ്വദിച്ച് തുടയിൽ താളം പിടിച്ചും പുറം കാഴ്ച്ചകളിലേക്ക് കണ്ണയച്ചും കാറിന്റെ പിൻസീറ്റിൽ കൃഷ്ണദാസ് ചാഞ്ഞിരുന്നു. ഇടയ്ക്കിടെ എതിരേ കടന്നുപോകുന്ന വാഹനങ്ങൾ.. വഴിയാത്രക്കാർ.. പച്ചപ്പണിഞ്ഞ നെൽവയലുകൾ.. കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അയാൾ പുറത്തെ കാഴ്ച്ചകളിലേക്ക് കണ്ണോടിച്ചുകൊണ്ടിരുന്നു.

"സാർ.. നമ്മൾ എങ്ങോട്ടാണ്..?" ഡ്രൈവർ തലതിരിച്ച് അയാളോട് ചോദിച്ചു.
"വേണു.. നമുക്കൊന്ന് രവിയുടെ വീട്ടിൽ കേറിയിട്ട് പോകാം.." അയാൾ പറഞ്ഞു.
"ശരി സാർ.." 
കാർ മുന്നോട്ട് നീങ്ങും തോറും അവരുടെ വഴി ചെറുതായി ചെറുതായി വന്നു.
കറുപ്പുനിറം ചാലിക്കാത്ത  നാട്ടുവഴി..
യൂണിഫോം ധാരികളായ കുട്ടികൾ ചിരിച്ചും കളിച്ചും നടന്നുപോകുന്നു.. അവരുടെ അതേ കുസൃതിയോടെ വഴിയിലെ പൊടിപടലങ്ങൾ കാറിനു പുറകെ പാഞ്ഞുകൊണ്ടിരുന്നു;  അയാളുടെ കാഴ്ച്ചകളെ മറയ്ക്കുന്നതുവരെ.

വേണുവിന് പുറകെ അപരിചിതമായ കൈവഴിയിൽ കൂടി അയാൾ നടന്നു. അൽപ്പം ദൂരെയായി രവിയുടെ വീട് കാണാം. പ്രണയത്തോടെ കാമുകനിലേക്ക്‌ ചാഞ്ഞുനില്ക്കുന്ന കാമുകിയെപ്പോലെ ആ വീടും ചാഞ്ഞു നിൽക്കുന്നു. എവിടെയൊക്കയോ ബലക്ഷയം സംഭവിച്ചിരിക്കുന്നു.. മേഞ്ഞുകെട്ടിയ സ്വപ്നമാണ് വീട്.. അയാൾ ഓർത്തു.
അറിയാതെ അയാളുടെ കണ്ണുകൾ നിറഞ്ഞുവന്നു.. തന്റെ സമ്പന്നതയെക്കുറിച്ച് ആദ്യമായി അയാൾക്ക്‌ വെറുപ്പ്‌ തോന്നി..
ഈ ദാരിദ്ര്യത്തിന് മുൻപിൽ എന്ത് മേന്മയാണ് തനിക്ക് അവകാശപ്പെടാനുള്ളതെന്ന് അയാൾ ആലോചിച്ചു.
ചെറിയ തടിപ്പാലവും കടന്ന് അയാൾ ആ വീടിന്റെ മുറ്റത്തെത്തി.. മുൻവശത്തെ വാതിൽ അടഞ്ഞുകിടക്കുന്നു..
ആളനക്കം പ്രതീക്ഷിച്ച് ഡ്രൈവർ ചില ശബ്ദങ്ങൾ പുറപ്പെടുവിച്ചു.. പക്ഷെ ഒരിടത്തുനിന്നും പ്രതികരണം ഉണ്ടായില്ല.

"സാർ ഇവിടെ ആരുമില്ല. നമുക്ക് പോയാലോ..??"
ശൂന്യമായ മിഴികളോടെ അയാൾ ഡ്രൈവറെ നോക്കി. മനസ്സു മുഴുവൻ  രവിയേക്കുറിച്ചുള്ള ആശങ്കകളായിരുന്നു..
പാവം മനുഷ്യൻ.. ഒരു കാവൽനായയെപ്പോലെ തന്റെ വീടിന്റെ മുൻപിൽ എത്രകാലമായി അയാൾ നില്ക്കാൻ തുടങ്ങിയിട്ട്..
ഒരിക്കൽപോലും അയാളുടെ പ്രശ്നങ്ങളെക്കുറിച്ച് താൻ ചോദിക്കുകയുണ്ടായില്ലല്ലോ എന്നയാൾ ഓർത്തു..
മുണ്ടിന്റെ തല പൊക്കിപിടിച്ച് അയാൾ നടപ്പാലത്തിലൂടെ പതിയെ നടന്നു. പകുതിയെത്തിയപ്പോൾ അയാളുടെ കാലുകളിൽ ചെറിയൊരു വിറയൽ കയറിക്കൂടി.. ഒരു കൈ താങ്ങിന് അയാൾ ഡ്രൈവറുടെ നേരെ കൈ നീട്ടി. പക്ഷേ.. ഒന്നിനും സമയം കിട്ടിയില്ല. വഴുതിയ കാലുകളിൽ ശരീരം താങ്ങാൻ കഴിയാതെ അയാൾ താഴേക്ക്‌ പതിച്ചു.

"അമ്മേ.."
അയാളുടെ തൊണ്ടയിൽ നിന്ന് ഒരാർത്തനാദം പുറത്തേക്ക് തെറിച്ചു.
"അയ്യോ.. എന്നെ രക്ഷിക്കണേ.."
അയാൾ കിടന്ന കിടപ്പിൽ ഉറക്കെ നിലവിളിച്ചു. ശരീരത്തിൽ എവിടെയൊക്കയോ നിന്ന് വല്ലാത്ത വേദന അനുഭവപ്പെടുന്നു..
ആരൊക്കെയോ ഓടിവരുന്നു..
"കൃഷ്ണേട്ട.. എന്തുപറ്റി..  ഇങ്ങള് എങ്ങനാ വീണേ.. എഴുന്നേറ്റെ.." 
വേണുവിന്റെ ബലമുള്ള കയ്യിൽ പിടിച്ച് അയാൾ പതിയെ എഴുന്നേറ്റു. കണ്ണുതിരുമ്മി ചുറ്റിനും പകച്ചു നോക്കി..
തലയ്ക്കുമുകളിൽ പതിയെ തിരിയുന്ന ഫാൻ.. മങ്ങിയ വെളിച്ചം.. പുറത്ത് പട്ടിയുടെ നിർത്താതെയുള്ള കുര.. ഉറക്കത്തിനിടയിൽ സെക്യൂരിറ്റി മുറിയിലെ കട്ടിലിൽ നിന്ന്  താൻ വീണതാണെന്ന സത്യം അയാൾ പതിയെ ഉൾക്കൊണ്ടു.
ചിരിയടക്കാൻ പാടുപെട്ട് ഡ്രൈവർ വേണു അവിടെ നില്ക്കുന്നു.
പട്ടിയുടെ നിർത്താതെയുള്ള കുരകേട്ട് ആ വലിയ വീട്ടിലെ ലൈറ്റുകൾ തെളിഞ്ഞു.
വാതിൽ തുറന്ന് രവി മുതലാളി പുറത്തേക്കു ലൈറ്റ് നീട്ടിയടിച്ചു.
"കൃഷ്ണ.. നായ എന്തിനാ കിടന്നു കുരയ്ക്കുന്നതെന്ന് നോക്ക്.."
അയാൾ തിടുക്കത്തിൽ മുതലാളിയുടെ അരുകിലേക്ക്‌ ഓടി.
"ഒന്നുമില്ല സാർ.. ഞാനൊരു...." അയാൾ തലചൊറിഞ്ഞു..
നായ കുര നിർത്തുകയും വീട് വീണ്ടും ഇരുട്ടിനെ പുൽകുകയും ചെയ്തു.

രാത്രിയുടെ രണ്ടാം യാമത്തിൽ  തന്നെ കുളിരണിയിച്ച സ്വപ്നത്തെക്കുറിച്ച് അയാൾ ആശങ്കപ്പെട്ടു. ഫ്ലാസ്ക്കിൽ നിന്ന് ഒരു ഗ്ലാസ്‌ ചായയെടുത്ത് പതിയെ കുടിച്ചു തുടങ്ങിയപ്പോഴേക്കും വേണു വീണ്ടും ഉറക്കം പിടിച്ചിരുന്നു.
ഉറക്കം നഷ്ടമായ ഒരു രാത്രികൂടി അയാളുടെ മുൻപിൽ പാ വിരിച്ച് നീണ്ടുകിടന്നു; അയാളുടെ ജീവിതം പോലെ...

4 അഭിപ്രായങ്ങൾ:

  1. പഴയ വിഷയമാണെങ്കില്‍ കൂടി ജീവിതമല്ലേ ല്ലേ :) നല്ല നല്ല വാക്കുകള്‍ ചേര്‍ത്ത അവതരണം ഇഷ്ടമായി.ഇതു പറയാന്‍ ഇത്രയും ദൂരം വേണമായിരുന്നോ :) . അപ്പോള്‍ ഇനി കഥ തുടങ്ങിക്കോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദാരിദ്ര്യം ഒരിക്കലും പഴങ്കഥ ആവുന്നില്ല. അതിങ്ങിനെ തുടർന്നുകൊണ്ടേയിരിക്കും. വായനയ്ക്ക് നന്ദി. :)

      ഇല്ലാതാക്കൂ
  2. ഫലിക്കട്ടെ ഫലിക്കട്ടെ.. :)

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.