2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

പ്രണയപൂർവ്വം

വീണ്ടുമൊരോണം തൂശനിലയുമായ്
അരികെ വന്നുനില്ക്കെ,
അറിയാതെ ഒർക്കയായ്-
അന്നുനാം പകുത്തുണ്ടൊരാ തിരുവോണം.

കാശിതുമ്പ പോലന്നു നീ പുടവചുറ്റി,
കാർകൂന്തലിലേറെ  മുല്ല ചൂടി,
കോരിത്തരിച്ചൊരു ലജ്ജയോടന്നെന്റെ
ചാരത്തിരുന്നതും  ഓർത്തുപോയി..

ഇളംവെയിൽ  വീണൊരാ-
ഇടവഴിയേറെ ഒന്നിച്ചു നമ്മൾ
നടന്ന-കാൽപ്പാടുകൾ
മാഞ്ഞുപോയെങ്കിലും,
മായാതെ ഓർമ്മകൾ മനസ്സിലൊരായിരം
കൊലുസ്സിൻ കിലുക്കം നിറച്ചിടുന്നു.

കൊഞ്ചൽ കിലുക്കം വിതറിയ കൈവള
തമ്മിൽ പിണങ്ങി ഉടഞ്ഞുവീണപ്പോൾ,
പതിയേ പെറുക്കിയെടുത്തന്ന്,
കരുതി ഞാൻ ഓമലേ എന്നുമെൻ ഓർമ്മയിൽ
നിന്നെയും ചേർത്തുനിർത്താൻ..

ഓർമ്മകൾ

അലക്കുകല്ലിന്ന്,
ഇളം വെയിൽകയാൻ
ഇരിപ്പിടം മാത്രമായ് മുറ്റത്ത്‌ നിൽപ്പു..

2013, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

അറിവ്

മരണം ഒരു സത്യം മാത്രമല്ല; ഒരു അറിവ് കൂടിയാണ്.
ജീവിച്ചിരിക്കുന്നവർക്ക് പകർന്നു നല്കുന്ന അറിവ്.

2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

നിഴൽ പൊരുൾ



എന്റെ നിഴൽചിത്രം
ഞാനൊന്ന്
മാറ്റിവരയ്ക്കട്ടെ,
പഴയതിലേറെ മേന്മ്മ ചാലിച്ച്.

എരിഞ്ഞുകെട്ടൊരാ തീപന്തം ദൂരെ-
എറിഞ്ഞ് ഞാൻ ഇരുളിൽ
നടന്നു നീങ്ങവേ, എന്റെ നിഴലിന്
ഇരുട്ടിനോളം വലിപ്പമേറുന്നു.


ഇനിയെന്റെ നിഴൽചിത്രം
ഞാനൊന്ന് മാറ്റിവരയ്ക്കട്ടെ,
പഴയതിലേറെ
മേന്മ്മ ചാലിച്ച്.

പകൽ പകുത്ത സമയ രഥങ്ങളിൽ
നിഴല് ചുറ്റിനും വട്ടം വരച്ചുരസിച്ചു.
അലസമായ് അന്തി മേഘം കറുത്തു,
നിഴല് താഴെ പിന്നെയും കൂർത്തു.

 
ഇനിയെന്റെ നിഴൽചിത്രം
ഞാനൊന്ന് മാറ്റിവരയ്ക്കട്ടെ,
പഴയതിലേറെ
മേന്മ്മ ചാലിച്ച്.

ഇളകിയാട്ടങ്ങളാടും നിഴലിനെ
വരുതിയിൽ നില്ക്കും തലത്തിലാക്കീടുവാൻ
ഞാനെൻ നിഴലിനെ മാറ്റി വരയ്ക്കട്ടെ;
പഴയതിലേറെ
മേന്മ്മ ചാലിച്ച്.

നിഴലിനോളം കറുപ്പെന്റെ ഉള്ളിലും
ഇരുളിനോളം വളർന്നു നില്ക്കവേ,
ഞാനെൻ നിഴലിനെ മാറ്റി വരയ്ക്കട്ടെ;
പഴയതിലേറെ
മേന്മ്മ ചാലിച്ച്.

കണ്ണുനീർ തുള്ളികൾ


മണ്ണിൽ പെറ്റു വീണതിൽ-
പിന്നിറ്റുവീണ കണ്ണുനീരിന്
കാരണങ്ങൾ ഒത്തിരി ഉണ്ടായിരുന്നു.

കുഞ്ഞുനാൾ, അമ്മതൻ -
മാറിലൊട്ടി കിടന്നനാൾ,
ചൂടുപറ്റാതെ ചിണുങ്ങി ഉടലൊട്ടി കിടന്നതും,
പിന്നെ തൊട്ടിലാട്ടി പാടിയുറക്കി
അമ്മ പോയപ്പോൾ,
ഞെട്ടിയുണർന്നു പൊട്ടിക്കരഞ്ഞതും,
അമ്മവാത്സല്യം കൊതിച്ചായിരുന്നു.

പിച്ചവെച്ചയെൻ കുഞ്ഞിളം കാലുകൾ
താളം പിഴച്ചു വീണു കരഞ്ഞനാൾ, 
ചുറ്റും നിന്ന് ചിരിച്ച മുഖങ്ങളിൽ,
ഒന്നതെൻ അമ്മയും,
പിന്നെയെൻ  അച്ഛനും ആയിരുന്നു

ചെന്നിനായകം തേച്ച അമ്മ മാറിൽ
അമ്മിഞ്ഞമധുരം തേടി നാവു കയ്ച്ചപ്പോൾ
മണ്ണിലുരുണ്ട് കരഞ്ഞത്, പിന്നെയെന്നോ അമ്മ-
കളിയായ് പറഞ്ഞതെൻ ഓർമ്മയിലുണ്ട്.

ഇവിടെയിനി-
*താളവട്ട-
പാതിക്കും മേലെ
ജീവിതം
എത്തിനിൽക്കെ
കാലമെത്ര
കാത്തു വയ്പ്പു-
ഇനിയുമെന്നിൽ
കണ്ണുനീർ ബാക്കിയായ്..?

താളവട്ടം=
ഒരു സമ്പൂർണ്ണതാളം (ഒരു താളത്തിന്റെ ആരംഭം മുതല്അവസാനംവരെയുള്ള സമയം)

2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

സ്വയം തോന്നലുകൾ

ആർക്കും വേണ്ട എന്ന് തോന്നുമ്പോൾ ആണ് ആർക്കെങ്കിലുമൊക്കെ വേണ്ടി ജീവിക്കണം എന്ന തോന്നൽ ഉണ്ടാവുന്നത്.

2013, ഓഗസ്റ്റ് 21, ബുധനാഴ്‌ച

:)

ചിന്തകൾക്കന്തരം തമ്മിലുണ്ടെങ്കിലും,
ചിന്തിച്ചുനോക്കിയാൽ (മർത്യർ) നമ്മളൊന്നല്ലേ....

പ്രതീക്ഷകൾ

തിരകൾ എത്ര പ്രാവശ്യം യാത്ര പറഞ്ഞുപോയാലും,
വീണ്ടും തിരികെ വരുമെന്ന് തീരത്തിന് നിശ്ചയമുണ്ട്.
അതുപോലെ തന്നെയാണ് എനിക്ക് എന്റെ പ്രതീക്ഷകളും.

2013, ഓഗസ്റ്റ് 20, ചൊവ്വാഴ്ച

ശിഖരം മരത്തോടു പറഞ്ഞത്

തണല് താഴെ വിരിപ്പതുണ്ടാവാം,
ശിഖരമായ് മേലെ നില്ക്കുന്ന നേരം.

എങ്കിലും..
അമിത ഭാരമായ് തോന്നുന്നുവെങ്കിൽ,
വേർപെടുത്തികളയുക എന്നെ നീ.

2013, ഓഗസ്റ്റ് 19, തിങ്കളാഴ്‌ച

ഉറവിടം ഉറവകൾ

മറ്റുള്ളവരിലൂടെയാണ് നാം നമ്മുടെ കുറവുകൾ കണ്ടെത്തുന്നത്;
ഗുണങ്ങളും.

ഞാനും നീയും

നില്ക്കുക ഒരൽപ്പനേരം,
കേൾക്കുക പറയുവാനുള്ളതും ..
സ്നേഹിക്കയാണ് ഞാൻ
ഭൂമിയിലേറെ-വച്ചേറ്റവും നിന്നെ.

2013, ഓഗസ്റ്റ് 13, ചൊവ്വാഴ്ച

ചിത

മരിച്ചപകലിൻ ചിതയണഞ്ഞ ആകാശം.
രാവുകൾ...
ചിതയുടെ കരിപുരണ്ട ആവരണം.
ചെറുകാറ്റുലച്ച കനലുകളിൽ
അഗ്നി വീണ്ടും നിറം ചേർക്കുന്നു.
കനലുകൾ കനലുകൾ..
എരിഞ്ഞുതീരാ ദുഃഖങ്ങൾക്കും മീതെ -
ആളിപ്പടരുവാൻ വെമ്പുന്നു.
ദുഃഖങ്ങൾ അഗ്നിയുടെ ദാഹം തീർക്കട്ടെ.

2013, ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

സഞ്ചാരി

നടന്നു നീങ്ങിയ ദൂരങ്ങളത്രയും
കാലിൽ ചാർത്തിയ തഴമ്പുകൾ..
വീണ്ടും കൊതിക്കുമീ സന്ധ്യയിൽ
ഏറെ ദൂരം ചരിക്കുവാൻ..

2013, ജൂലൈ 24, ബുധനാഴ്‌ച

വഞ്ചന

ഒരിക്കലും എനിക്ക് നിന്നെ
വഞ്ചിക്കുവാൻ കഴിയുകില്ല;
കാരണം,
നീ ഞാനാണ് . ഞാൻ നീയും.

2013, ജൂലൈ 10, ബുധനാഴ്‌ച

വിശപ്പ്‌

ചത്തു പൊന്തി തടാകക്കരയിലായ്  
കൊച്ചുമീനിൻ ചെറിയൊരു കൂട്ടം.
മേലെ മാനത്ത്,
റാഞ്ചിപ്പറക്കുവാൻ വട്ടമിട്ടൂഴം
കാത്തു നില്പ്പല്ലോ ഇരകണ്ട കഴുകനും.

ചത്ത സ്വപ്നത്തെ വെല്ലും വിശപ്പിനെ
പുച്ഛഭാവം നടിച്ചു നോക്കുമ്പോഴും,
തെല്ലു വിശപ്പേറുമെന്റെ ഉദരവും 
തേടി കൂട്ടത്തിൽ പിടയ്ക്കുന്ന മീനിനെ.

2013, ജൂലൈ 4, വ്യാഴാഴ്‌ച

സ്നേഹം

ഒരുപാട് സ്നേഹിക്കാൻ അറിയുന്നവരുടെ ഇടയിൽ പെടുന്നതും, നീന്തൽ അറിയാത്തവൻ നടുക്കടലിൽ പെടുന്നതും ഒരുപോലെ ആണ്; വല്ലാതെ ശ്വാസം മുട്ടും. 

2013, ജൂൺ 10, തിങ്കളാഴ്‌ച

കനൽ ചിന്തകൾ

പുറത്ത് മഴ അതിശക്തമായി പെയ്യുകയാണ് .
മനസ്സിൽ ആളിക്കത്തുന്ന അഗ്നിയിലേക്ക് അവ തുള്ളികളായ് പെയ്തിറങ്ങിയെങ്കിൽ എന്ന് വെറുതെ ആശിച്ചുപോകുന്നു..

ഉള്ളിൽ പലതും എരിഞ്ഞടങ്ങേണ്ടിയിരിക്കുന്നു .
അഗ്നിശുദ്ധിയിൽ വീണ്ടെടുക്കാൻ സീതയോളം പരിശുദ്ധി എന്നിൽ അവശേഷിപ്പില്ല എങ്കിലും, എന്നിലേക്ക്‌ തന്നെ എനിക്ക് വീണ്ടും തിരിച്ചുവരണം.

പലപ്പോഴും തോന്നും ,
സ്വയം എരിയുവാൻ മാത്രം എന്താണ് ഇത്ര അധികം എന്നെ അലട്ടുന്നത്  ..?
ഒരുകണക്കിന് ഞാൻ ഭാഗ്യവാനല്ലേ  ..??
പക്ഷെ...!

നിർണ്ണയിക്കപെടാത്ത ജീവിത സമസ്യകൾക്ക് മുൻപിൽ ഒരേ സമയം ഞാൻ വേട്ടക്കാരനും, ഇരയും ആയി മാറുന്നു .



ചിന്തകൾ

ചിന്തകളോളം വലുതല്ല ജീവിതം .
എങ്കിലും ,
കുന്നുകൂടുന്നെന്റെ ചിന്തകൾ .

2013, ജൂൺ 7, വെള്ളിയാഴ്‌ച

ഒടുവിലെന്തോ പറയാൻ മറന്നുപോയ്‌ ..

ഒടുവിലൊരു ഉന്മാദ ലഹരിപോൽ-
മൃത്യുവേ പുണരുമ്പോൾ,
തോന്നരുതീജന്മ്മം പാഴായിരുന്നെന്ന്.

കടലിനോളം അകമുള്ള കണ്ണുനീർ,
അറിയാതെ കവിളുകൾ കഴുകി ഒഴുകവേ,
അറിയണം, പരാജയമല്ല ജന്മങ്ങൾ.


ഉള്ളിൽ കരഞ്ഞു ചിരിച്ച ജന്മങ്ങൾ,
പാതിയിൽ വിട്ടുപോന്ന സ്വപ്‌നങ്ങൾ ,
കണ്ടു തീരെ കൊതിമാറാ മുഖങ്ങളും
എന്നെങ്കിലും നാം, വിട്ടകന്നേവരൂ.

പറയാതെ പോയതിൽ പരിഭവം ചൊല്ലാതെ,
വരികചാരെ ഒരുനോക്കു കാണുവാൻ .
അരുകിലൊന്നുനീ വന്നുപോകും നേരം,
അറിയും ഞാൻ,  അകമേ അതോമനെ .

ചിതറിവീണ പനിനീർ പൂക്കളും,
പാതിയെരിഞ്ഞ ചന്ദന തിരികളും,
ഇറ്റുവീണ നിൻ കണ്ണുനീർ തുള്ളിയും
മാത്രമാവുന്നു, കൂടെ സഹയാത്രികർ.

2013, മേയ് 29, ബുധനാഴ്‌ച

മരം





ഇനിയൊരു ജന്മമത് മരമായ്‌ ജനിക്കേണം ;
നിന്റെ മഴു എന്റെ പ്രാണൻ കവരുകില്ലെങ്കിൽ .


2013, മേയ് 28, ചൊവ്വാഴ്ച

2013, മേയ് 27, തിങ്കളാഴ്‌ച

നിഴൽ ചിന്തകൾ

നിലം തല്ലി നിഴലുകൾ
മുന്നിലും പിന്നിലും ,
ചുറ്റും പുറങ്ങളിൽ ഒക്കെയും .
ചത്തുകഴിഞ്ഞും നീ കൂടെവന്നാൽ ,
സത്യമായ്  കാലു  ഞാൻ തച്ചൊടിക്കും ;
NB:  നിന്റെ .

2013, മേയ് 24, വെള്ളിയാഴ്‌ച

സ്നേഹശൂന്യൻ

ഒത്തിരി സ്നേഹമുള്ളവരുടെ ഇടയിലേക്ക് വന്നപ്പോൾ  ഒരുകാര്യം ഞാൻ തിരിച്ചറിഞ്ഞു ;
ഞാൻ സ്നേഹശൂന്യനാണ്  ! 

2013, മേയ് 23, വ്യാഴാഴ്‌ച

ഇന്നു ഞാൻ നാളെ നീ ..


മരണം , മണിയടി കേട്ടവർ മാത്രമറിഞ്ഞു ,
ചുളിവുകൾ വരകോറിയിട്ട ഏതോ വയസനും മരണമായ്‌ പോലും ..

ചന്ദന - കുന്തിരിക്ക പുക തിങ്ങിയ മുറിയിൽ ,
ചില പെണ്‍ ശബ്ദങ്ങൾ  തേങ്ങുന്നത്‌  കേട്ടു  ;
മകളോ മരുമകളോ , ചിലപ്പോൾ പത്നിയോ ആവാം .



വിലാപ ഗാനം ഏതോ മുറിയിൽ ആർക്കോ വേണ്ടി പാടുന്നു ;
ഈണം മരണത്തെ കൂടുതൽ ശോകമാക്കുന്നു .

പുറത്ത് ചില കൂട്ടങ്ങൾ ചർച്ചകൾ ചെയ്യുന്നു ;
വന്നവർ ആരൊക്കെ , വരുവാനിനി ആരൊക്കെ ..?
എടുക്കുവാൻ സമയമിനി തെല്ലതുമാത്രം . 

ഇറ്റുകണ്ണുനീർ  ഞെക്കിവീഴ്ത്തി ,
അന്ത്യചുംബനം നെറ്റിയിൽ നല്കി ,
വിട്ടുപോവല്ലേ എന്ന്  ആരൊക്കെയോ ആർത്ത് അലമുറയിട്ടു .

ഒടുവിൽ ..
രണ്ടുവഴികളിൽ അവർ പിരിഞ്ഞുപോകുന്നു ;
അതിലൊരാൾ  മാത്രം മരിച്ചവക്കിടയിലേക്ക്  .
'ഇന്നു ഞാൻ നാളെ നീ '

2013, മേയ് 19, ഞായറാഴ്‌ച

അമ്മ


തെരുവിൻ ഓരത്ത് പിറന്നവനല്ല ഞാൻ ..
അരുകിലമ്മ ഉണ്ടായിരുന്നവൻ ..
പക്ഷെ ..
അറിഞ്ഞതില്ല അമ്മ തൻ നന്മ്മ .
അറിയുവാൻ ആയപ്പോൾ അരുകിൽ ഇല്ല അമ്മ , നന്മ്മ .  

2013, മാർച്ച് 5, ചൊവ്വാഴ്ച

2013, ഫെബ്രുവരി 11, തിങ്കളാഴ്‌ച

2013, ജനുവരി 21, തിങ്കളാഴ്‌ച

ഞാന്‍ ഈ രാവിന്‍ നിശബ്ദതയുടെ ആഴങ്ങളിലേക്ക്
ഒരു പേറ്റുനോവായ്‌ ഇറങ്ങിപോകുന്നു ..
 
 

2013, ജനുവരി 6, ഞായറാഴ്‌ച

ചില ചിന്തകള്‍

ഒരാള്‍ നിന്നെ സ്നേഹിക്കുന്നു എന്നറിഞ്ഞാല്‍
അതില്‍ അഭിമാനിക്കാന്‍ പഠിക്കുക ആദ്യം ;
കാരണം ..
നിന്നിലെ വ്യെക്തിത്വത്തിന് ലഭിക്കുന്ന അംഗീകാരം ആണ്  സ്നേഹം .


2013, ജനുവരി 4, വെള്ളിയാഴ്‌ച

ദാനങ്ങള്‍

വഴിവക്കിലെതോ യാജകാന്  അവന്റെ ഭിക്ഷചട്ടിയില്‍  വീണുകിട്ടിയ നാണയതുട്ടുപോലല്ലയോ നമ്മുടെ ജീവിതങ്ങള്‍ ..

2013, ജനുവരി 3, വ്യാഴാഴ്‌ച

യാത്ര

എന്നിലെക്കെന്നോ എന്റെ മടങ്ങി പോക്ക് ...
ഇന്നലെയെന്നോ ഞാന്‍ നിനച്ചിരുന്നു . 

പ്രണയം

പ്രണയിച്ചു നോവാന്‍ കൊതിക്കുന്നു വെറുതെ..
പ്രണയം ഇത്രയേറെ ചതിച്ചിട്ടും.

2012, ഒക്‌ടോബർ 15, തിങ്കളാഴ്‌ച

ഞാന്‍ എന്നിലൂടെ തന്നെ യാത്രയാവുന്നു

ആരിലൂടെയോ മനസ്സ് പടിയിറങ്ങിപോകുന്നു ..
ആരൊക്കെയോ മനസ്സില്‍ ചിതയായ് ദഹിക്കുന്നു .
അതിലുറ്റവര്‍ കാണും ഉടയവരും ;
ബന്ധമേറി കൈകോര്‍ത്ത സ്നേഹിതരും .

മനസിലേക്ക്  ഇറ്റിറങ്ങുന്ന കണ്ണുനീര്‍ തുള്ളികള്‍ ,
പലവട്ടം ചിതകള്‍ അണയ്കാറുണ്ട് ..
പക്ഷെ..
കുമിളപോല്‍ വീണ്ടും ചിതകള്‍ മുളയ്ക്കുന്നു ..

ഇനി യാത്ര...
ഞാന്‍ എന്നിലൂടെ തന്നെ യാത്രയാവുന്നു ..
നീണ്ട വഴികളില്‍ ഏകനായ് , നിശബ്ധനായ് .

2012, സെപ്റ്റംബർ 15, ശനിയാഴ്‌ച

ഒരു പാട്ട്

ഞാന്‍ മറന്ന പാട്ട് ...
നീ മൂളിയ പാട്ട് ...
കണ്ടനാള്‍ ഒക്കെയും ചുണ്ടില്‍ വിരിഞ്ഞൊരു
മന്ദഹാസം നിന്റെ മൂളിപ്പാട്ട് ...

2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

ഇരുട്ടില്‍ കോറിയിട്ട കറുത്ത ചിത്രങ്ങള്‍...


ഇരുളിന്‍ മറവിലൊരു അറവുശാലയില്‍
ഞാനെന്റെ മാംസം വിലയ്ക്കുവെച്ചു .
അടിവയറിന്‍ ഇളം ചൂട് മാംസം,
പല വിലയിട്ട് പലരും പകുത്തെടുത്തു ..

ഇരുളിന്‍ മടിത്തട്ടില്‍ ..
പാമ്പിഴയും ഇടങ്ങളില്‍ ഒക്കെയും
പേടിയില്ലാതവര്‍ മാംസം തിന്നു ..
കീശയില്‍ കാശിന്‍ തുട്ടു തീരും വരെ
ആര്‍ത്തിയോടെന്നെ കാര്‍ന്നുതിന്നു ..
മേനിയില്‍ ആകെയും  കോറിവെച്ചു ...

ഇരുളിന്‍ മറവിലായ് പലവട്ടമങ്ങിനെ
എരിയും കനല്‍കുറ്റി വന്നുപോയി ..
പലവിയര്‍പ്പിന്‍ രൂക്ഷഗന്ധം..
മാറിലും വയറിലും പറ്റിനിന്നു.
അഴുക്കുചാലോരത്ത് അതിലും അഴുക്കായ,
ഞാനെന്റെ  ചേലകള്‍ വാരിച്ചുറ്റി .

വീട് ,

മാറിന്‍ ചൂടുതേടി കരയുന്ന കുഞ്ഞുണ്ട്‌  കൂരയില്‍..
മാറ് വറ്റി കാണും..
എങ്കിലും ...
കുഞ്ഞിന്  ഇറ്റു നല്‍കുവാന്‍ അല്‍പ്പമെങ്കിലും ബാക്കി കാണുമെന്‍ മാറില്‍ ;
കാണാതിരിക്കില്ല ...
കാരണം, ഞാനുമൊരു അമ്മയല്ലേ...!!





2012, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

2012, ജൂലൈ 20, വെള്ളിയാഴ്‌ച

അറിയുന്നില്ല ആരും ഒന്നും ...

മഴ അറിഞ്ഞില്ല പെയ്യുവാന്‍ ഇനിയെത്ര തുള്ളിയെന്ന് ...
പുഴയറിഞ്ഞില്ല ഒഴുകുവാന്‍ ഇനിയെത്ര ദൂരമെന്ന് ...
തിരയറിഞ്ഞില്ല തീരം പുണരുവാന്‍ ഇനിയെത്ര തിരകളെന്ന് ..
മിഴി അറിഞ്ഞില്ല പൊഴിയുവാന്‍ ഇനിയെത്ര ....

ദാഹം

ഞാനീ മരമിവിടെ ചിതയ്ക്കായ് ദാഹിക്കുന്നു ...
തരിയില്ല ഇലയെന്റെ കൊമ്പില്‍ ,
തണലായ്‌ വഴിയിലേക്കൊഴുകാന്‍ ...