2024, ഓഗസ്റ്റ് 5, തിങ്കളാഴ്‌ച

ചങ്ങലകൾ

കൂട്ടിൽ കിടക്കുന്ന പക്ഷിയെ അയാൾക്ക് വലിയ ഇഷ്ടമായിരുന്നു..

അടച്ചിട്ട കൂട്ടിനുള്ളിലായിരുന്നിട്ടും, അവളുടെ നിഷ്‌കളങ്കതയും സ്നേഹസ്പർശം തുളുമ്പുന്ന നോട്ടവും അയാളിൽ വല്ലാത്തൊരു അനുഭൂതിയായി വളർന്നുവന്നു.

അങ്ങിനെ ദിവസങ്ങൾ കടന്നുപോകവേ അയാൾക്കവളെ കൂടുതുറന്ന് വിശാലമായ ലോകത്തേക്ക് പറത്തിവിടണം എന്നൊരു ആഗ്രഹം തോന്നി. മറ്റാരും സമീപത്ത് ഇല്ലാത്ത ദിവസത്തിന് വേണ്ടി അയാൾ നാളെണ്ണി കാത്തിരുന്നു.

അങ്ങിനെ വസന്തകാലത്തെ അവസാന നാളുകളിലെ ഒരുദിവസം അവളെ സ്വതന്ത്രയാക്കാൻ പര്യാപ്തമായ സാഹചര്യം ഒത്തുവന്നു. ശബ്ദങ്ങൾ ഒന്നും ഉണ്ടാകാത്ത വിധം കാലുകൾ പതിയെ മുന്നോട്ടു വച്ച് അയാൾ അവളുടെ കൂട് ലക്ഷ്യമാക്കി നീങ്ങി. പതിവില്ലാത്ത അയാളുടെ ഓരോ നീക്കവും സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് പക്ഷി കൗതുകത്തോടെ അങ്ങിനെ കൂട്ടിൽ ഇരുന്നു.

അയാളും കൂടും തമ്മിലുള്ള അകലം കുറഞ്ഞുവന്നെങ്കിലും കൂടുതുറന്ന് അവളെ സ്വതന്ത്രയാക്കാൻ മാത്രം അയാൾക്ക് കഴിഞ്ഞില്ല.. കാരണം, അയാളുടെ കാലിൽ തളച്ചിരുന്ന തടിച്ച ചങ്ങലയ്ക്ക് അതിനുതക്ക നീളം ഉണ്ടായിരുന്നില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.