2013, സെപ്റ്റംബർ 29, ഞായറാഴ്‌ച

ചോരയും ജാതിയും

ജാതി പൂണ്ട ചിന്തകൻ
സ്വ ജാതിയെ പുകഴ്ത്തവേ,
*തൻ- ചോരവാർന്ന കുഞ്ഞുമായ്
അവർണ്ണനായ് പിറന്നവൻ
നൂറു കാതം താണ്ടുന്നു.
--------------------------------------------
Note:
*തൻ = ചിന്തകന്റെ കുഞ്ഞ് .

2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

തിരുത്തലുകൾ

എന്നെ തിരുത്തുവാൻ ഏറെ ഉണ്ടെങ്കിലും,
നിന്നെ തിരുത്തുവതേറെ ഇഷ്ടം.

2013, സെപ്റ്റംബർ 25, ബുധനാഴ്‌ച

ആദാമിന്റെ സന്ദേഹങ്ങൾ


ആദാമിനേതുമില്ലായിരുന്നാശങ്ക;
അന്നവൻ ഏകനായിരുന്നു.

ഉണ്ടുറങ്ങാനിടം മണ്ണിലേറെ..
മീനുകൾക്കൊപ്പം നീന്തി തുടിക്കുവാൻ
ടൈഗ്രീസ്
നദിയിലന്നേറെ ജലം.

*നാല് ജലാശയ തീരത്തുകൂടവൻ
അല്ലലേതുമില്ലാതലഞ്ഞു..
ഏദന-ന്നേകനാം മർത്യനേകീടുവാൻ
എകാന്തതയ്ക്കീണം
പകർന്ന് നല്കി.

ഒന്നുമില്ലാതിരുന്നിട്ടും അന്നവൻ
ലജ്ജയേതും അറിഞ്ഞിരുന്നില്ല.
അന്നവനേതോ പകൽക്കിനാവിൽ,
ഗാഢനിദ്ര പൂണ്ടു മയങ്ങവേ-
ദൈവം, വാരിയെല്ലൂരി നാരിയെ സൃഷ്ടിച്ചു.

പൂണ്ടുറക്കം വിട്ടുണർന്നപ്പോൾ
ചേല ചുറ്റാതൊരു രൂപം..
തമ്മിലേറെ നോക്കിയിരുന്നവർ
കണ്‍കളിൽ ഏറെ പ്രണയം നിറച്ചു;
ഏദനില്‍ അന്നാദ്യമായ്‌ പാപം ജനിച്ചു.

നാരിയെ നരനോട് ചേർത്തതിൽ പിന്നെ-
സ്രഷ്ടാവും സൃഷ്ടിയും
സന്ദേഹമില്ലാതുറങ്ങിയട്ടില്ല.


________________________________________________
കുറിപ്പ്: *തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി ദൈവം സൃഷ്ടിച്ചു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു. പിഷോണ്‍, ഗിഹോണ്‍, ടൈഗ്രീസ്, യൂഫ്രെട്ടീസ് എന്നിങ്ങനെ നാല് പേരുകളിൽ അവ അറിയപ്പെടുന്നു.
കടപ്പാട്: ബൈബിൾ

2013, സെപ്റ്റംബർ 22, ഞായറാഴ്‌ച

അഡ്രസ്സ്

എനിക്കൊരു അഡ്രസ്സുണ്ടെങ്കിലും 
നിനക്ക് ഞാൻ ആരെന്നു ചൊല്ലിതരിക..
അതായിരിക്കട്ടെ-
നമുക്കിടയിലെ പുതിയ അഡ്രസ്സ്.

2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ഞാൻ; നിന്റെയും എന്റെയും ചിന്തയിൽ


ചിന്തിച്ചു ഞാനേറെ, വഴിദൂരമൊക്കെയും,
എന്നെക്കുറിച്ചുള്ള-നിൻ
സങ്കല്പ്പ ചിന്തകൾ
സത്യമാണെന്നോ..!!?


അവാനിടയില്ല, സോദരീ..
മൂടാനിടയുണ്ട് ഉള്ളിലെൻ
മോഹവും, അതിലേറെ

മോഹഭംഗങ്ങളും.

എങ്കിലും,
സ്പന്ദിക്കയാണെന്റെ ഹൃത്തടം;
നിൻ, സങ്കൽപ്പ-മന്തരമെങ്കിലും
ചിന്തയിൽ എന്നെകുറിച്ചുള്ള മേന്മയിൽ.

മേലിലെൻ ചിന്തകൾ
നേരിൽ
നിറയ്ക്കുവാൻ
ഇടതന്ന
ചിന്തയ്ക്ക് മംഗളം മംഗളം.

2013, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

ഈശ്വരൻ


കോവിലിൽ വാഴുന്നതിൻ മുൻപ് ഈശ്വരൻ,
പണ്ടെന്റെ കൂരയിൽ വന്നിരുന്നു.

സന്ധ്യക്ക്‌ ഉമ്മറ പടിയിൽ
തെളിഞ്ഞ നാളങ്ങൾ,
അന്ന് ഈശ്വരനായി എരിഞ്ഞിരുന്നു.


ദീപം തെളിച്ച്,
കൈ കൂപ്പി ജപിച്ച നാമങ്ങൾ,
പുഞ്ചിരിയോടവൻ കേട്ടു..
തുളസി തറയിലെ
ചെറു തെന്നൽ പോലും,
അന്ന്, ഈശ്വര നാമം ജപിച്ചിരുന്നു.

കോവിലിൽ
വാഴുന്നതിൻ മുൻപ് ഈശ്വരൻ,
പണ്ടെന്റെ കൂരയിൽ വന്നിരുന്നു.


ഇന്നെന്റെ ഈശ്വരൻ കോവിലിനുള്ളിൽ
ആരോരുമില്ലാതെ നിൽപ്പു..


ഓണം വിഷു, വരും-
വിശേഷ ദിനങ്ങളിൽ മാത്രമായ്
ദർശനം തേടുന്ന ഭക്ത ജനങ്ങൾ.

ഇത്തിരി തുട്ടിന്റെ കൊച്ചു കനം നോക്കി
വിലയിട്ട്
പൂജകൾ ചെയ്യും പലവിധം.
സ്വന്തമെൻ കാര്യ-ഗുണങ്ങൾ വഹിക്കുവാൻ
ഈശ്വരാ നിന്നെ വിലയ്ക്കെടുത്തു..


കഷ്ടത തോന്നും നിമിഷം വരും വരെ
വിസ്മൃതി
തേടും നാമമെൻ ഈശ്വരൻ.

2013, സെപ്റ്റംബർ 10, ചൊവ്വാഴ്ച

മദ്യചിന്തകൾ





നല്ലക്ഷരം നാല് ചൊല്ലിടാം ഞാൻ,
നല്ലവനല്ലേലും നാലാള് കേൾക്കാൻ.

യാത്ര പ്രണയമാണ്; നമ്മളും.

എനിക്കല്പ്പദൂരം പോവേണമേറെ,
ഒപ്പമെൻ ഓമനേ നീ ചേരുകില്ലേ..?

സുഖമേറും യാത്രയിൽ-
ചെറു നോവും തോന്നാം,
എന്നാലുമന്യോന്യം സുഖദു:ഖ-
മൊക്കെയുംപങ്കിട്ടെടുക്കാം;
ഒടുവിലെൻ വഴി തീരുവോളം. 
 
വെയിലേറെ കൊള്ളിലും ചെറുതണൽ കാണവേ,
നമുക്കേറെ വിശ്രമം, ആ മരതണലാവാം.

നടവഴി ചെറുചരൽ-
നിൻ- മൃദുപാദം നോവിക്കിൽ,
ഇരുകരം
കൊണ്ടുഞാൻ താങ്ങായിടാം.

പാതിയിൽ വിട്ടു ഞാൻ
പോവില്ല ഓമനേ, നിന്റെ മേനിയിൽ
ചുളിവുകൾ
ഏറിയെന്നാലും.

എനിക്കല്പ്പദൂരം പോവേണമേറെ,
ഒപ്പമെൻ ഓമനേ നീ ചേരുകില്ലേ..?

2013, സെപ്റ്റംബർ 8, ഞായറാഴ്‌ച

ഹോബി

കുറ്റം പറയലല്ലെന്റെ ജോലി
ഒറ്റപ്പെടുമ്പോഴും കുറ്റപ്പെടുത്താതെ,
ഒറ്റയ്ക്കിരുപ്പതാണെന്റെ ഹോബി.

2013, സെപ്റ്റംബർ 7, ശനിയാഴ്‌ച

പ്രണയപൂർവ്വം

വീണ്ടുമൊരോണം തൂശനിലയുമായ്
അരികെ വന്നുനില്ക്കെ,
അറിയാതെ ഒർക്കയായ്-
അന്നുനാം പകുത്തുണ്ടൊരാ തിരുവോണം.

കാശിതുമ്പ പോലന്നു നീ പുടവചുറ്റി,
കാർകൂന്തലിലേറെ  മുല്ല ചൂടി,
കോരിത്തരിച്ചൊരു ലജ്ജയോടന്നെന്റെ
ചാരത്തിരുന്നതും  ഓർത്തുപോയി..

ഇളംവെയിൽ  വീണൊരാ-
ഇടവഴിയേറെ ഒന്നിച്ചു നമ്മൾ
നടന്ന-കാൽപ്പാടുകൾ
മാഞ്ഞുപോയെങ്കിലും,
മായാതെ ഓർമ്മകൾ മനസ്സിലൊരായിരം
കൊലുസ്സിൻ കിലുക്കം നിറച്ചിടുന്നു.

കൊഞ്ചൽ കിലുക്കം വിതറിയ കൈവള
തമ്മിൽ പിണങ്ങി ഉടഞ്ഞുവീണപ്പോൾ,
പതിയേ പെറുക്കിയെടുത്തന്ന്,
കരുതി ഞാൻ ഓമലേ എന്നുമെൻ ഓർമ്മയിൽ
നിന്നെയും ചേർത്തുനിർത്താൻ..

ഓർമ്മകൾ

അലക്കുകല്ലിന്ന്,
ഇളം വെയിൽകയാൻ
ഇരിപ്പിടം മാത്രമായ് മുറ്റത്ത്‌ നിൽപ്പു..

2013, സെപ്റ്റംബർ 6, വെള്ളിയാഴ്‌ച

2013, സെപ്റ്റംബർ 2, തിങ്കളാഴ്‌ച

അറിവ്

മരണം ഒരു സത്യം മാത്രമല്ല; ഒരു അറിവ് കൂടിയാണ്.
ജീവിച്ചിരിക്കുന്നവർക്ക് പകർന്നു നല്കുന്ന അറിവ്.