2014 ജൂലൈ 19, ശനിയാഴ്‌ച

കുരിശും കോഴിമുട്ടയും അഥവാ നസ്രാണിക്കോഴികൾ

   ങ്ങിനെ നീണ്ട ഇരുപത്തിരണ്ടു ദിവസത്തെ അടയിരിപ്പിനൊടുവിൽ പറക്കമുറ്റാത്ത പന്ത്രണ്ട്  കുഞ്ഞുങ്ങളുമായി അമ്മയുടെ 'ത്രേസ്യാക്കോഴി' അഭിമാനപൂർവ്വം കുട്ടയിൽ നിന്നും പുറത്തിറങ്ങി. പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു പാവം കോഴിക്കുഞ്ഞുങ്ങൾ കീയോ കീയോ വച്ചു..

വിശാലമായ മുറ്റത്ത്‌ അമ്മ  വാരി വിതറിയ പൊടിയരിക്ക് ചുറ്റും കളിപ്പാട്ടം കണ്ട കുട്ടികളെപ്പോലെ കോഴിക്കുഞ്ഞുങ്ങൾ ഓടിക്കളിച്ചു.. കുറുകിയ ശബ്ദത്തിൽ മക്കളെ ശകാരിച്ചും കൊഞ്ചിച്ചും തീറ്റയുടെ ബാലപാഠങ്ങൾ തള്ളക്കോഴി കുഞ്ഞുങ്ങൾക്ക്‌ പറഞ്ഞുകൊടുത്തു..
വിരിഞ്ഞപടി  'പി ടി ഉഷയ്ക്ക്' പഠിക്കാൻ ശ്രമിച്ച ചില കുഞ്ഞുങ്ങൾ അടിതെറ്റി  നിലത്തുവീണ് മുട്ടപോലെ ഉരുണ്ടു..

"എത്രദിവസം നീ എവിടെയായിരുന്നു പ്രിയേ..'' പ്രണയപാരവശ്യത്തോടെ കിന്നാരം ചെല്ലാൻ വന്ന അതികായനായ 'വർക്കി'പൂവനെ ഒരു ദയയും കാണിക്കാതെ ത്രേസ്യ കൊത്തിയോടിച്ചു. ചക്കിപൂച്ചയ്ക്കും കിട്ടി നല്ല കൊത്ത്..

'അഞ്ചുപത്ത് അടക്കാകുഞ്ഞുങ്ങളെ കിട്ടിയപ്പോ അവളുടെ ഒരു അഹങ്കാരം കണ്ടില്ലേ'യെന്ന് ഇതുവരെ അടയിരിക്കാൻ ഭാഗ്യം കിട്ടാത്ത മോളിക്കോഴിയും  പൂവാലി ബീനക്കോഴിയും അടക്കം പറഞ്ഞു.
അസൂയക്കാരി.. ഒരിക്കൽ പൊരുന്നാൻ പാകത്തിന് പനിച്ചു വിറച്ചുവന്ന മോളിക്കോഴിയെ അടയിരിക്കാൻ തക്കവണ്ണം പക്വത എത്തിയട്ടില്ലെന്നും പറഞ്ഞ്  അമ്മ തണുത്ത വെള്ളത്തിൽ മുക്കുകയും വാലിൽ കമുകിന്റെ ഉണങ്ങിയ ഓല കെട്ടിവച്ച് വീടിനു ചുറ്റും ഓടിക്കുകയും ചെയ്തിട്ടുണ്ട്. (അന്ന് ഓലയുടെ ഒച്ചകേട്ട് പേടിച്ച് ഓടിയോടി അവളുടെ പൊരുന്ന പമ്പ കടന്നതാ.. പിന്നെയവൾ പൊരുന്നിയട്ടേ ഇല്ല.) 

പക്ഷേ ത്രേസ്യ അതൊന്നും ശ്രദ്ധിച്ചില്ല. തെളിഞ്ഞ നീലാകാശത്തിൽ നിന്നും കഴുകന്റെയോ കാക്കയുടെയോ നിഴൽ തന്റെ ഓമന മുത്തുകൾക്കു മുകളിൽ കരിനിഴൽ പരത്തുന്നുണ്ടോ എന്ന് അവൾ ചരിഞ്ഞും മറിഞ്ഞും നോക്കി.. വർക്കിപൂവനാകട്ടെ ഒരു നിശ്ചിത അകലം പാലിച്ച് കുഞ്ഞുങ്ങളുടെ സുരക്ഷ ഏറ്റെടുത്തു. 

വയറു നിറഞ്ഞ കുഞ്ഞുങ്ങൾ ചൂട് തേടി തള്ളക്കോഴിയുടെ ചിറകിനടിയിൽ പതുങ്ങി.. സകല ജീവജാലങ്ങളുടെയും കുഞ്ഞുങ്ങൾ വികൃതികൾ ആയിരിക്കും. അത് മനുഷ്യരുടെയോ മൃഗങ്ങളുടെയോ വൃക്ഷ ലതാതികളുടെയോ ആയിക്കൊള്ളട്ടെ.. ഒട്ടും വ്യത്യാസമില്ല. കുറുമ്പ് ബാല്യസഹജം തന്നെ.. അമ്മയുടെ ചിറകിനടിയിൽ നിന്ന് അവർ തല പുറത്തേക്കു നീട്ടി.. കീയോ കീയോ.. തമ്മിൽ ലഹള.. ശണ്ട.. ഹോ!!

''ബ ബ ബ.. കോഴി  ബ ബ ബ..''
വിളികേട്ട കോഴിയും കുഞ്ഞുങ്ങളും പൊടിയരി തിന്നാൻ വീണ്ടും അടുക്കളപ്പുറത്തേക്ക് ഓടിയെത്തി.. ചില ശബ്ദങ്ങളെ തിരിച്ചറിയാൻ ആ കുഞ്ഞുങ്ങൾക്കും ഇപ്പോൾ സാധിക്കുന്നുണ്ട്.

"നിങ്ങൾക്ക് ഇങ്ങനെ പള്ള നിറയും വരെ അടുക്കളേന്ന്  വാരിത്തരാൻ എനക്കിനി വയ്യ.. വല്ലതും വേണേൽ നാളെമുതൽ പറമ്പിലിറങ്ങി ചികഞ്ഞോ...."

അവസാനത്തെ പിടി പൊടിയരിയും മുറ്റത്തേക്ക് നീട്ടി വിതറി അമ്മ അകത്തേക്ക് പോയി.. ഒരുമണി അരിപോലും ബാക്കി വെക്കാതെ തള്ളക്കോഴിയും കുഞ്ഞുങ്ങളും മുറ്റം വൃത്തിയാക്കി.
സന്ധ്യമയങ്ങി.. നാളെമുതൽ വീണ്ടും പറമ്പിലിറങ്ങി ചികയണമല്ലോ എന്ന വിഷമത്തോടെ തള്ളക്കോഴിയും, 'എടീ എടീ നമുക്ക് രണ്ട് അമ്മമാരാ ഉള്ളത്. ഒന്ന് നമുക്ക് ചൂടുതരുന്ന ഈ അമ്മയും പിന്നൊന്ന് നമുക്ക് ചോറുതരുന്ന  ആ അമ്മയും' എന്ന് തമ്മിൽ തമ്മിൽ പറഞ്ഞുകൊണ്ട് കുഞ്ഞുങ്ങളും കൂടണഞ്ഞു.

രാത്രിയുടെ ഏതോ യാമത്തിൽ പേടി സ്വപ്നം കണ്ടു ഞെട്ടിയുണർന്ന തള്ളക്കോഴിയോട് ചിറകിനടിയിൽ നിന്ന് തലനീട്ടി ഒരു കുഞ്ഞു ചോദിച്ചു;
"അമ്മേ അമ്മേ.. അതെന്നതാ..? "
കുഞ്ഞ്‌ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് തള്ളക്കോഴി എത്തിനോക്കി. കൂടിക്കിടക്കുന്ന കുറേ മുട്ടത്തോടുകൾ..
"മക്കളെ.. ഇത്രയും നാൾ നിങ്ങൾ അതിന്റെ ഉള്ളിലായിരുന്നു ഉറങ്ങിയത്.. അതിനു ചൂട് നല്കിയാണ് ഞാൻ നിങ്ങൾക്ക് ജന്മം നല്കിയത്."

കുഞ്ഞുങ്ങളുടെ മുഖത്ത് ആശ്ചര്യചിഹ്നം പൊട്ടിവിരിഞ്ഞു.. ചിറകിനടിയിൽ നിന്ന് ഊർന്നിറങ്ങി ഒരുവൾ പൊട്ടിക്കിടക്കുന്ന മുട്ടത്തോടിന് സമീപത്തേക്ക് ഓടി. ഒരുവട്ടം മുട്ടത്തോടിന് ചുറ്റും കൗതുകത്തോടെ നടന്നു.

വെളുത്ത മുട്ടത്തോടിന് പുറത്ത് കരികൊണ്ട് വരച്ച കുരിശുകൾ എന്തിനാണെന്ന് അമ്മയോട് അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
അടവെക്കാൻ എടുക്കുന്ന മുട്ടയ്ക്ക് പുറത്ത് കരികൊണ്ട് കുരിശു വരയ്ക്കുന്നത് എന്തിനാണെന്ന് 'ത്രേസ്യ കോഴിക്കും' അറിവുണ്ടായിരുന്നില്ല. പക്ഷേ ഒന്നറിയാം,  അടുത്ത വീടുകളിലെ പാർവ്വതി ചേച്ചിയും ജാനകി ചേച്ചിയും കദീസ താത്തയും അന്നമ്മ ചേച്ചിയുമൊക്കെ അടവെക്കാൻ നേരം അടുപ്പീന്ന് കരിയെടുത്ത് മുട്ടയ്ക്ക് പുറത്ത് കുരിശു വരയ്ക്കുകയും കുട്ടയിൽ ഇരുമ്പിന്റെ കഷ്ണം വെക്കുകയും ചെയ്യുമായിരുന്നു.

ചില സത്യക്രിസ്ത്യാനികളെപ്പോലെ എന്താണ് കുരിശെന്നും എന്തിനാണ് കുരിശെന്നും 'വലിയ ബോധമൊന്നും' ഇല്ലെങ്കിലും ഒരൽപ്പനേരത്തെ ആലോചനയ്ക്കൊടുവിൽ 'ത്രേസ്യക്കോഴിയും' ആത്മഗതം എന്നവണ്ണം പറഞ്ഞു; "ങാ.. എന്നതാണേലും നമ്മളൊക്കെ കുരിശുവരച്ച് ഉണ്ടായവരാ.."

2014 ജൂലൈ 2, ബുധനാഴ്‌ച

2014 ജൂൺ 29, ഞായറാഴ്‌ച

വിപ്ലവങ്ങൾ..

ഒരുപിടി കതിര് കൊയ്-
തൊരുവാര് ചോറാൽ,
വിശക്കുന്നൊരരവയറെന്നാൽ
നിറയ്ക്കാൻ കഴിഞ്ഞാൽ,
ഞാനും ജയിക്കുമെൻ വിപ്ലവവും.

2014 ഫെബ്രുവരി 7, വെള്ളിയാഴ്‌ച

ക്ലൈമാക്സ്

ജീവിതത്തിന് ഒരു ക്ലൈമാക്സുണ്ട്​.
നമ്മൾ അറിയാതെപോകുന്ന നമ്മുടെ തന്നെ ക്ലൈമാക്സ്​.

2014 ഫെബ്രുവരി 2, ഞായറാഴ്‌ച

ദെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു..

സ്കൂൾ ഗ്രൗണ്ടിന്റെ നാല് മൂലയിലായി കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞു നിന്നു...
(സങ്കൽപ്പത്തിലേക്ക്‌ ആരും വലിയ മൈതാനമൊന്നും ചുമന്നോണ്ടുവരണ്ട. കാരണം സ്കൂളിന്റെ പുറകുവശത്തുള്ള, ശരിക്കിനും നാൽപ്പത്തഞ്ചു ഡിഗ്രിക്കുമേൽ ചരിവുള്ള  വലിയ റബ്ബർ തോട്ടമായിരുന്നു ആ സമയത്ത് ഞങ്ങളുടെ 'വിശാലമായ' ഗ്രൗണ്ട്.)
അവർക്കിടയിൽ ചൂടേറിയ ചർച്ചകൾ നടക്കുകയാണ്...
ഇത്തവണ നമ്മൾ വിട്ടുകൊടുക്കാൻ പാടില്ലെന്ന് സാറന്മാരും, വിട്ടുകൊടുക്കില്ലെന്ന് കുട്ടികളും കട്ടായം പറഞ്ഞു. എല്ലാ മുഖങ്ങളിലും വലിയ ആവേശം അലതല്ലിനിന്നു.
ഇപ്പുറത്തുള്ള ഗ്രൂപ്പുകാരൻ അപ്പുറത്തുള്ള ഗ്രൂപ്പുകാരനെ കൊഞ്ഞനം കുത്തി കാണിച്ചു.. അപ്പുറത്തുള്ള ഗ്രൂപ്പുകാരൻ ഇപ്പുറത്തുള്ള ഗ്രൂപ്പുകാരനു നേരെ മുഷ്ട്ടി ചുരുട്ടി തന്റെ ഗ്രൂപ്പിന്റെ മുഴുവൻ ശക്തിയും പ്രകടിപ്പിച്ചു കാണിച്ചു..

ചില പെണ്‍കുട്ടികളാവട്ടെ തന്റെ ഉറ്റ തോഴിമാർ അപ്പുറത്തെയും ഇപ്പുറത്തെയും ഗ്രൂപ്പിലായിപോയതിന്റെ മാനസിക വ്യഥയിൽ സങ്കടം കടിച്ചമർത്തി കുറവൻ ചത്ത കുറത്തിയായി നിന്നു..
അന്നുവരെ തോളിൽ കയ്യിട്ടു നടന്ന ഉറ്റ ചങ്ങാതിമാരിൽ ചിലർ മറ്റു ഗ്രൂപ്പുകളിൽ ആയതോടെ, തമ്മിൽ കാണുമ്പോൾ ഇന്ത്യയുടെ മാപ്പിൽ കാശ്മീരുകണ്ട പാക്കിസ്ഥാൻകാരനെപ്പോലെയായി..

എല്ലാവർഷവും നടത്തിവരാറുള്ള സ്കൂൾ യുവജനോത്സവത്തിന് ഇത്തവണയും തിരി തെളിഞ്ഞുകഴിഞ്ഞതിന്റെ ആവേശമാണ് എവിടെയും. അതിന്റെ ആദ്യഘട്ടം എന്നനിലയിൽ ഗ്രൂപ്പ് തിരിക്കുകയും ഗ്രൂപ്പിനെ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ നേതൃത്വത്തിൽ ആദ്യത്തെ മീറ്റിംഗ് നടക്കുകയുമാണ്.

റബ്ബർതട്ട് ഇരിപ്പിടമാക്കിയ കുട്ടികളെ നോക്കി മൊയ്തീൻ സാർ പറഞ്ഞുതുടങ്ങി:
"പ്രിയമുള്ളവരേ..
മ്മടെ ഉസ്ക്കൂളിൽ എല്ലാവർഷവും നടത്തിവരാറുള്ള സ്കൂൾ യുവജനോത്സവം ഈ പ്രാവശ്യവും മ്മക്ക് ഗംഭീരമാക്കണം.
നമ്മുടെ കൂട്ടത്തിൽ കഴിവുള്ള ഒരുപാട് കുട്ട്യോൾ ഉണ്ടെന്ന് എനിക്കറിയാം. അവരെല്ലാവരും പരിപാടികൾക്ക് പേര് കൊടുക്കണം. ഇത് നല്ലൊരു വിജയമാക്കുന്നതിനോടൊപ്പം നമ്മുടെ ഗ്രൂപ്പിനും അഭിമാനിക്കാൻ കഴിയണ തരത്തില് പരിപാടികൾ ക്രമീകരിക്കുകയും പങ്കെടുക്കുകയും ചെയ്യണം."

'എല്ലാവർക്കും സമ്മതമല്ലേ' എന്ന ഭാവത്തിൽ സാർ എല്ലാവരെയും ഒന്ന് നോക്കി.
കുട്ടികളെല്ലാവരും സമ്മതം എന്നമട്ടിൽ തലകുലുക്കി.
ഗ്രൂപ്പിലെ സൂസന്ന ടീച്ചർ 'ഞാൻ ഈ നാട്ടുകാരിയേയല്ല..' എന്ന ഭാവത്തിൽ  സാരിയുടെ മുന്താണിയിൽ വിരലോടിച്ച് അപ്പുറത്തെ ഗ്രൂപ്പിലേക്കും നോക്കി കിനാവുകണ്ടു നിന്നു..

"അപ്പോ ടീച്ചറേ..
നമ്മക്ക് ലീഡറെ തിരഞ്ഞെടുക്കാം അല്ലെ..?"

സൂസന്ന ടീച്ചർ ഒന്ന് ഞെട്ടി.. "ങേ.. ങാ.. " എന്തോ കേട്ട ടീച്ചർ എന്തിനോ തലയാട്ടി..

"ഓക്കെ... അപ്പോ ബോയ്സിന്റെ ഭാഗത്തൂന്നും ഗേൾസിന്റെ ഭാഗത്തൂന്നും ഓരോരുത്തരെ വീതം നമുക്ക് തിരഞ്ഞെടുക്കാം."

കുട്ടികൾക്കിടയിൽ തേനീച്ചക്കൂട്ടിലെ ആരവം ഉയർന്നു. ആരൊക്കയോ ആരുടെയൊക്കയോ പേരുകൾ വിളിച്ചുപറഞ്ഞ്‌ സ്വന്തം തടി രക്ഷിച്ചുനിന്നു..

പേര് പരിഗണിക്കപ്പെട്ട പെണ്‍കുട്ടികൾ, ആരുടെയൊക്കയോ നോട്ടത്തിൽ നിന്ന്‌ ഒളിക്കാനെന്ന ഭാവത്തിൽ പുസ്തകങ്ങൾക്കൊണ്ട് മുഖം മറച്ചു.. നഖം കടിച്ചു.. തലകുനിച്ചു.. സ്വന്തം ചൊടി കടിച്ചുചിരിച്ചു.

"ശ്... ശ്...
ഇങ്ങനെ എല്ലാരുടെയും പേര് വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല. നിങ്ങടെ കൂട്ടത്തിൽ കഴിവുള്ള ഒരാളെ തിരഞ്ഞെടുക്ക്‌.."

സാറ് ടീച്ചറെ നോക്കി.. ടീച്ചർ സാറിനെയും.  "വേണെങ്കിൽ പത്താം ക്ലാസ്സിൽ ഉള്ളവർക്ക് അവസരം കൊടുക്കാം ല്ലേ ടീച്ചറെ.. അവർക്കിനി വേറെ ചാൻസ് ഇല്ലല്ലോ.."

 സമ്മതം എന്നമട്ടിൽ ടീച്ചർ തല പിന്നേയും ആട്ടി.

"സാർ ബോയ്സിന്റെ ഭാഗത്തൂന്ന് ബിജു തോമസ് മതി.." ഏതോ ദുഷ്ടൻ വിളിച്ചുകൂവി.

അതുവരെ സ്വസ്ഥം റബ്ബറിന്റെ മൂട്ടിലിരുന്ന് ഒട്ടുപാൽ പറിച്ച് രസിച്ചിരുന്ന ഞാൻ ഒറ്റഞെട്ടലിൽ റബ്ബർ ബോളുപോലെ പൊങ്ങിച്ചാടി..
'കർത്താവേ.. നേരാംവണ്ണം എഴുതാൻ പോലും അറിയാത്ത ഞാൻ ലീഡറൊ..!!'

എത്ര ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും രക്ഷകിട്ടിയില്ല. ഞാൻ തന്നെ ഗ്രൂപ്പ് ലീഡർ എന്ന് പ്രഖ്യാപിക്കപെട്ടു.

ചറപറ കയ്യടിയോടെ സകല അവന്മാരും അവളുമാരും എന്റെ സ്ഥാനാരോഹണം നടത്തി. കൂട്ടത്തിൽ ഒരു പെണ്‍കുട്ടിയേയും തിരഞ്ഞെടുത്തു.

അവൾക്കു എഴുത്തും വായനയും അറിയാം എന്നുള്ളതും, അവൾക്ക് എന്നേയും എനിക്ക് അവളേയും അറിയാം എന്നുള്ളതും മാത്രം ഏക ആശ്വാസത്തിന് വകനൽകി.

അവിഹിത ഗർഭം തലയിലായവനെപ്പോലെ ഞാൻ അന്തിച്ചിരുന്നു.. നോക്കുമ്പോൾ കുട്ടികളെല്ലാവരും പോയിരിക്കുന്നു.. അവിടെ ഞങ്ങൾ നാലുപേർ മാത്രം.

"അപ്പോൾ ബിജു, നീന നിങ്ങളുവേണം കാര്യങ്ങളൊക്കെ....
.................. .....
..
പിന്നെ.. എന്ത് ആവശ്യമുണ്ടെങ്കിലും വന്നു പറയണം. ഒക്കേ..?"

അവളുടെ തലയ്ക്കൊപ്പം എന്റെ തലയും വെറുതേ ആടി.
സാറും ടീച്ചറും ചിരിച്ചു കളിച്ച് സ്റ്റാഫ് റൂമിലേക്കും ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ ക്ലാസ് റൂമിലേക്കും പോയി.

ഒന്നുരണ്ടു ദിവസത്തിനകം കാര്യങ്ങൾ പതിയെ പതിയെ നിയന്ത്രണത്തിലായിത്തുടങ്ങി..
എനിക്കും എന്തൊക്കയോ ചെയ്യാൻ കഴിയും എന്നൊരു തോന്നൽ.. ലീഡർ എന്ന പരിഗണന.. പേടിയും ചമ്മലുമൊക്കെ മാറി.. എവിടുന്നോ പൊട്ടിമുളച്ച ആത്മവിശ്വാസം പൊടിമീശപോലെ പതിയെ പതിയെ കട്ടിവച്ചുതുടങ്ങി..

റ്റൈറ്റാനിക്കിലെ കപ്പിത്താനെപ്പോലെ 'കല്ലേൽ തട്ടാതെ കൈച്ചലാക്കണേ' എന്ന പ്രാർത്ഥനയോടെ നിയന്ത്രണം ഏറ്റെടുത്തു.

ചെറിയ ചെറിയ പരിപാടികൾ വീതം വച്ചുകൊടുത്തു. എല്ലാവർക്കും നല്ല ഉത്സാഹം..
പെണ്‍കുട്ടികൾ ഡാൻസും പാട്ടും പഠിച്ചു.. ആണ്‍കുട്ടികൾ പരിചമുട്ടും കോൽക്കളിയും..

ഇതിനിടയിൽ ഞാൻ നായകനായി ഒരു നാടകവും ഞങ്ങൾ പഠിച്ചുതുടങ്ങി;
നാടകം: 'ദെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു.!'
അതിൽ ജയിൽ ചാടിവരുന്ന ഒരു കുറ്റവാളിയുടെ വേഷമായിരുന്നു എനിക്ക്.

ദിവസങ്ങൾ കഴിഞ്ഞു.. യുവജനോത്സവം വന്നു.
വാശിയേറിയ മത്സരങ്ങൾ ഒന്നിനുപുറകെ ഒന്നായി സ്റ്റേജ് കണ്ടുമടങ്ങി..
ജയിച്ചവരുടെ ആർപ്പുവിളികൾ തോറ്റവരുടെ നിലവിളിയെ മുക്കിക്കളഞ്ഞു. എങ്കിലും ചിലരൊക്കെ ഒഴിഞ്ഞ ക്ലാസ് മുറികളിൽ പോയിരുന്ന് തുവാല നനച്ചു.

മിമിക്രിയും മോണോ ആക്റ്റും ആ വർഷവും എന്റെ കുത്തകയായി. അഭിമാനത്തോടെ തലയുയർത്തി ഞാൻ നടന്നു..

അങ്ങിനെ യുവജനോത്സവത്തിന്റെ  അവസാന ദിവസവും വന്നെത്തി.. ഇന്നാണ് നാടകം. അവസാനവട്ട റിഹേഴ്സലും കഴിഞ്ഞു നെഞ്ചിടിപ്പോടെ ഞങ്ങൾ സ്റ്റേജിന്റെ പിന്നിൽ നിന്നു.

"ഇത്തവണ മികച്ച നടനുള്ള അവാർഡ് നിനക്ക് കിട്ടുമെടാ.." എന്ന് സാറും നാടകം പഠിപ്പിച്ച ആളും പറഞ്ഞതിന്റെ ആവേശം ഒരുവശത്ത്.. കടുകട്ടിയായ നീളൻ ഡയലോഗുകൾ മറന്നുപോകുമോ എന്നുള്ള പേടി മറുവശത്ത്..
ഒന്നുംകൂടി മൂത്രമൊഴിച്ചാൽ കൊള്ളാം എന്നൊരു തോന്നൽ.. അതിലും നിന്നില്ലെങ്കിലോ എന്നൊരു ഭയവും കൂടി ആയപ്പോൾ സംഗതി മുള്ളിന്മേൽ നിന്ന അവസ്ഥ.

വല്യമ്മച്ചിയെ സോപ്പിട്ടു വാങ്ങിയ ചട്ടയും നിക്കറുമാണ് എന്റെ വേഷം. അതിൽ വല്ല്യ വലുപ്പത്തിൽ 555 എന്ന സ്ഥിരം ജയിൽപുള്ളികളുടെ നമ്പറും എഴുതി വച്ചു. അതിനി കഴുകിയാൽ പോകുമോ എന്തോ..!!

"അടുത്തതായി വാശിയേറിയ നാടക മത്സരമാണ് നടക്കാൻ പോകുന്നത്..
കോഡ്‌ നമ്പർ 321 എത്രയും പെട്ടന്ന് ഇവിടെ റിപ്പോർട്ട് ചെയ്യുക..
                                            കോഡ്‌ നമ്പർ 321.."

മൈക്കിലൂടെ രാജൻ സാറിന്റെ മുഴക്കമുള്ള ശബ്ദം.

ഞങ്ങളുടെ നമ്പർ!! ഈശ്വരാ..

//"നാടകം ആരംഭിക്കാൻ പോകുകയാണ്.
ജഡ്ജസ് പ്ലീസ് നോട്ട് ദിസ്‌ നമ്പർ 321"\\

സദസ് നിശബ്ദമായി.. കർട്ടൻ ഉയരുന്ന ശബ്ദം കാതുകളെ പ്രകമ്പനം കൊള്ളിച്ചു..

"പ്രിയമുള്ളവരേ.. ഇതാ ഞങ്ങൾ നിങ്ങൾക്കായ് അവതരിപ്പിക്കുന്നു..
'ദെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു.!.."

ബാഗ്രൗണ്ടിൽ തെരുവ് നായ്ക്കളുടെ നീണ്ട കുര.. അവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ട് ഓടിവരുന്ന ജയിൽപുള്ളി..
സ്റ്റേജിൽ വീഴുന്നു.. നായ്ക്കളെ ആട്ടിയോടിക്കുന്നു..
ഒരൊറ്റ ആവേശത്തിൽ അതെല്ലാം കഴിഞ്ഞു..
സദസ്സിൽ നിർത്താതെയുള്ള കരഘോഷം..
ആവേശം ആവേശം..
സുരേഷ്ഗോപിപോലും തോറ്റുപോകുന്ന നെടുനീളൻ ഡയലോഗുകൾ വള്ളിപുള്ളിതെറ്റാതെ പറഞ്ഞുതീർത്തു.. നാടകാന്ത്യം സ്റ്റേജിലേക്ക് വരുന്ന വലിയ കഴുകൻ അഴുകിയ ശവം കൊത്തുന്നിടത്ത് നാടകത്തിന് 'ശുഭാന്ത്യം.!!'

"കലക്കിയെടാ..."
"അടിപൊളിയായി.."
"മികച്ച നടനാവും.."
ആരൊക്കയോ തോളിൽ തട്ടി..
തരുണീമണികൾ ആരാധനയോടെ കുണുങ്ങിച്ചിരിച്ചു.. ഒക്കെ സന്തോഷം തരുന്നവതന്നെ. പക്ഷേ.. അഭിനയത്തിന്റെ ആവേശത്തിനിടയിൽ വല്ല്യമ്മച്ചിയുടെ ചട്ട നീളത്തിൽ കീറിപ്പോയതിനും മുട്ടുപൊട്ടിയതിനും ആര് സമാധാനം പറയും..!!

അടുത്ത ഗ്രൂപ്പുകാരുടെ നാടകം തുടങ്ങും മുമ്പ് വേഗം പോയി വേഷം മാറി സ്റ്റേജിന്റെ മുന്നിൽ സ്ഥാനംപിടിച്ചു. ആരൊക്കയോ പാളിനോക്കുന്നു.. ചിരിക്കുന്നു.. 'നന്നായിരുന്നു' എന്ന് പറയുന്നു.

ഇടയ്ക്കിടയ്ക്ക് പൊട്ടിയ മുട്ടുതിരുമ്മി എന്റെ 'അഭിനയ സിദ്ധി'  എല്ലാവർക്കും ഞാനും കാണിച്ചുകൊടുത്തു.

നാടകങ്ങൾ പൂർത്തിയായി.. പ്രതീക്ഷകൾ ചെണ്ടകൊട്ടുനടത്തുന്ന മനസ്സോടെ നില്ക്കവേ നാടകമത്സരത്തിന്റെ വിധി പ്രഖ്യാപിച്ചു.

"നാടകമത്സരം ഒന്നാം സ്ഥാനം റോസ് ഗ്രൂപ്പിനാണ്.
നാടകം, 'ദെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു.!'
... രണ്ടാം സ്ഥാനം..
..."
ആരൊക്കയോ എന്നെ ആകാശത്തേക്ക് വലിച്ചെറിഞ്ഞു.. ഞാൻ ഭൂമിയിലേക്ക്‌ തിരിച്ചു വന്നു.. അവർ പിന്നെയും എന്നെ മുകളിലേക്ക് വലിച്ചെറിഞ്ഞു..
ഗുരുത്വാകർഷണ ബലത്തിന് നന്ദി.. ഞാൻ പിന്നെയും തിരിച്ചുവന്നു.
ഗ്രൂപ്പിലുള്ള എല്ലാവർക്കും പെരുത്ത സന്തോഷം. മുകളിലേക്കുപോയ ഞാൻ തിരിച്ചുവന്നതിലല്ല, നാടകത്തിന് ഒന്നാം സ്ഥാനം കിട്ടിയതിൽ.!


മത്സരങ്ങൾ കഴിഞ്ഞു..
എന്നെ മികച്ച നടനായി തിരഞ്ഞെടുക്കുന്നതും സ്വപ്നം കണ്ട് ഞാനങ്ങിനെ നിന്നു.. ആകാംക്ഷയ്ക്ക് വിരാമമിട്ട് ഒടുവിൽ അതും പ്രഖ്യാപിക്കപ്പെട്ടു.
പക്ഷേ.. മികച്ചനടനൊപ്പം എന്റെ പേര് എഴുതി ചേർക്കപ്പെട്ടില്ല.

വല്ലാത്ത സങ്കടം.. ആരൊക്കയോ ദുഃഖത്തിൽ പങ്കുചേർന്നു..
മുഖം നോക്കി തിരഞ്ഞെടുപ്പ് നടന്നുവെന്ന് പ്രതിഷേധിച്ചു..

"ചട്ട കീറിയാലെന്നാ.. ഞാൻ മികച്ച നടനായില്ലേ..!" എന്ന് കലി തുള്ളിനിൽക്കുന്ന വല്യമ്മച്ചിയോട് പറയാൻ കാണാപാഠം പഠിച്ചുവച്ച ഡയലോഗ് തൊണ്ടയിൽ ഉണ്ടപോലെ തങ്ങിനിന്നു..

ദേശീയഗാനത്തോടെ യുവജനോത്സവത്തിന് തിരശ്ശീല വീണു..
ആഘോഷങ്ങളുടെ ആർപ്പുവിളികളുമായി ഇരുട്ടുന്നതിനു മുമ്പ് എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി.
'സാരമില്ലെടാ.. പോട്ടെ.. അവാർഡുകളല്ല ഒരാളുടെ കഴിവ് നിർണ്ണയിക്കുന്നത്..' എന്നെത്തന്നെ സ്വയം ആശ്വസിപ്പിച്ച് കീറിയ ചട്ടയും പൊട്ടിയ മുട്ടുമായി ഞാൻ എന്റെ വീട്ടിലേക്കും.

ബാക്കിയൊക്കെ വരുന്നിടത്തുവച്ച് കാണാം. അല്ലപിന്നെ!!

2014 ജനുവരി 30, വ്യാഴാഴ്‌ച

2014 ജനുവരി 29, ബുധനാഴ്‌ച

എന്റെ നഷ്ടബാല്യത്തിന്റെ ഓർമ്മയ്ക്ക്‌..


















ഓലചീന്തി മെടഞ്ഞൊരാ കളിപ്പന്ത്‌
കാൽച്ചുവട്ടിലേക്കിട്ടുതാ കാലമേ..
ബാല്യമിത്ര-വലുതായിരുന്നെന്നറിയുവാൻ
കാലമിത്രയേറെ എടുത്തു ഞാൻ..

2014 ജനുവരി 25, ശനിയാഴ്‌ച

വിശുദ്ധ മദർ തെരേസ പുണ്യവതി..
















അമ്മേ..
രോഗികൾക്കായ്
കൈവെള്ള തൊട്ടിലാക്കി
ഭൂമിയിൽ പിറന്ന  കാരുണ്യമേ..
വിശുദ്ധ മദർ തെരേസ പുണ്യവതി..

ഞങ്ങളുടെ രോഗപീഢകളുടെ
നോവും നിലവിളിയും
നിന്നിൽ  സമർപ്പിക്കുന്നു..
കാരുണ്യ പൂർവ്വമെൻ രോഗശാന്തിക്കായ്‌
സ്വർഗസ്ഥനായ പിതാവിനോട്
മാദ്ധ്യസ്ഥ്യം അപേക്ഷിക്കേണമേ..

2014 ജനുവരി 23, വ്യാഴാഴ്‌ച

കുട്ടിക്കാലം

ചെറുബാല്യം വിട്ടകന്നതിൻ-
ചെറുതല്ലെൻ ദു:ഖമിപ്പോൾ..

ചെറുകല്ലിൽ തട്ടിവീണതും,
ചുടുചോര ഇറ്റുവീണതും,
*ചുടുചോറ് വിട്ടമ്മ
ശരവേഗം വന്നെന്നെ-
ഇരുകയ്യാൽ പുണർന്നതും,
ചെറുബാല്യം തന്നൊരോർമ്മയായ്
മിഴിനീര് നിറയ്ക്കുന്നു..
 ------------------------------------
*ചുടുചോറ് -(വാർത്തുകൊണ്ടിരുന്ന ചോറ് ഇട്ടിട്ട് ഓടി വരുക)

2014 ജനുവരി 18, ശനിയാഴ്‌ച

ബാലൻ

ന്നും കുളിച്ച്  കുറിതൊട്ട് ടിപ് ടോപ്പിൽ മാത്രം സ്കൂളിൽ വരാറുള്ള പവിത്രൻ സാറിന് അന്നുമാത്രം കുളിക്കാൻ പറ്റിയില്ല..
കാരണം, സ്കൂളിൽ അതിക്രമിച്ചു കയറിയ കള്ളനെ 'അതിസാഹസികമായി' കീഴ്പ്പെടുത്തി സ്കൂൾ വരാന്തയിലെ വലിയ തൂണിൽ പിടിച്ചു കെട്ടിയത് സാറെന്നും കുളിക്കാൻ ഉപയോഗിക്കുന്ന വെള്ള തോർത്തു കൊണ്ടാണ്.

വാർത്ത കാട്ടുതീ പോലെ പടർന്നു..
കേട്ടവർ കേട്ടവർ സ്കൂളിലേക്ക് കുതിച്ചു പാഞ്ഞു...
വന്നവരിൽ ചിലർ സ്വന്തം സങ്കൽപ്പങ്ങളിൽ നിന്ന് മെനഞ്ഞ  അഭിപ്രായങ്ങൾ പറഞ്ഞ് സ്കൂൾ മുറ്റത്ത്‌ നിന്ന് പല്ല് തേച്ചു.. നീട്ടി തുപ്പി..

ഏര് പൂട്ടികൊണ്ടിരുന്ന പോത്തുകളെ പാടത്തു വിട്ട് ചെളിപുരണ്ട ശരീരവുമായി ഓടിവന്ന *അപ്പു പിട്ടനും *കേളു പിട്ടനുമൊക്കെ ആദ്യമായി അക്ഷരമുറ്റം ചവുട്ടിയ നിർവൃതിയിൽ അല്പ്പനേരം തരിച്ചു നിന്നു..

സ്കൂൾ കുട്ടികൾ 'കള്ളനു' ചുറ്റും കൂട്ടം കൂടിനിന്ന് കൂക്കി വിളിച്ചും പരിഹസിച്ചും രസിച്ചു.. പലപ്പോഴും വടിയുടെ ശീല്ക്കാരം കേട്ട് കുട്ടികൾ ചിതറി ഓടുകയും വീണ്ടും വീണ്ടും കൂട്ടം കൂടുകയും ചെയ്തുകൊണ്ടിരുന്നു...
അന്ന് ആദ്യമായിട്ടായിരുന്നു അവരെല്ലാവരും  ജീവനോടെ ഒരു 'കള്ളനെ' കാണുന്നത്.

നഷ്ടങ്ങളുടെ കണക്കെടുപ്പിന് ഓഫീസ് മുറിയിലും മറ്റും പരിശോധനകൾ നടന്നെങ്കിലും കാര്യമായ തെളിവുകൾ ഒന്നും കിട്ടിയില്ല. കള്ളൻ കയറിയത് ലാബിൽ മാത്രമാണെന്നും, പണമായിട്ട് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ലാബിലെ ഭിത്തിയിൽ നിന്ന് പൊട്ടിവീണ് ചിതറിയ അസ്ഥികൂടങ്ങൾ സാക്ഷ്യം പറഞ്ഞു.

കള്ളൻ ലാബിൽ കയറിയതിന്റെ ഫലമായി വല്ല രാസമാറ്റവും വന്നിട്ടുണ്ടാകുമോ എന്ന് കെമിസ്ട്രി സാർ ആശങ്കപ്പെട്ടു.!!

ഇരുപതു കിലോമീറ്റർ ദൂരെയുള്ള പോലിസ് സ്റ്റേഷനിൽ വിവരം അറിയിക്കാൻ ആരൊക്കയൊ കുതിച്ചുകഴിഞ്ഞു.. ഇന്നത്തെ പോലെ ഫോണ്‍ സൗകര്യം അന്നില്ല.

അടച്ചുറപ്പില്ലാത്ത ജനൽ 'കുത്തിതുറന്നാണ്' കള്ളൻ അകത്തു കയറിയത് എന്ന നിഗമനത്തിൽ എല്ലാവരും എത്തിച്ചേർന്നു.. അതുതന്നെയായിരുന്നു സംഭവിച്ചതും.

കയിലിമുണ്ടും ബനിയനും ധരിച്ച് ഒരു സാഹസികനെപ്പോലെ നെഞ്ചും വിരിച്ചു 'കള്ളനു' ചുറ്റും നടക്കുന്ന പവിത്രൻ സാറിനെ കുട്ടികൾ ആരാധനാ ഭാവത്തിൽ നോക്കിനിന്നു..
ഒരു പക്ഷേ ഇന്ന് സ്കൂളിന് അവധി പ്രഖ്യാപിക്കുമെന്ന് ഹോം വർക്ക് ചെയ്യാത്ത (ഞാനടക്കമുള്ള) കുട്ടികൾ പ്രതീക്ഷിച്ചു.

"എങ്ങിനെയാ കള്ളനെ പിടിച്ചേ..??"
"പിടിക്കാൻ ചെന്നപ്പോ കള്ളൻ ഓടിയോ..?"
"കള്ളൻ ഉപദ്രവിക്കാൻ നോക്കിയോ..? അവന്റെ കയ്യിൽ മാരകായുധങ്ങൾ വല്ലതും ഉണ്ടായിരുന്നോ..?"
"എന്നാലും സാറിനെ സമ്മതിക്കണം.. ഒറ്റയ്ക്ക്.. ഹോ... ഓർക്കുമ്പോൾ തന്നെ..."

നൂറു ചോദ്യങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും നടുവിൽ പുളകിതനായി നിന്ന പവിത്രൻസാർ അഞ്ചാമത്തെയോ അറാമത്തെയോ തവണകൂടി ഒരു മടിയും കൂടാതെ സംഭവം വിവരിച്ചു..
നേരത്തേ കേട്ടവരും പുതുതായി കേൾക്കുന്നവരും ഒരുപോലെ ചെവി കൂർപ്പിച്ചു പിടിച്ചു..
ഇനി പറയുമ്പോൾ, പഴയതിൽ പെടാത്ത വല്ലതും പുതുതായി പറഞ്ഞാലോ..!!
പവിത്രൻ സാർ വീണ്ടും പറഞ്ഞുതുടങ്ങി:
"രാവിലെ ഞാനും *ഗങ്ങാരൻ മാഷും കൂടിയാണ് കക്കൂസിൽ പോവാനും പല്ല് തേച്ച് കുളിക്കാനും വേണ്ടി ഇങ്ങോട്ട് വന്നത്. ഗങ്ങാരൻ മാഷ്‌ വന്നപടി കാര്യം സാധിക്കാൻ വേണ്ടി കയറി.. ഞാൻ പല്ലുതേച്ചു മുഖം കഴുകിക്കൊണ്ട് നിക്കുമ്പോ...ണ്ട് ലാബിന്റെ ജനാല തുറന്നു കിടക്കുന്നെ കാണുന്നു.."

മാഷ്‌ എല്ലാരും കേൾക്കുന്നില്ലേ എന്ന ഭാവത്തിൽ തലയുയർത്തി ചുറ്റിനും ഒന്ന് നോക്കി.. സൂചി വീണാൽ കേൾക്കുന്ന നിശബ്ദത..

".... ഇന്നലെ വൈകുന്നേരം ഞാൻ തന്നെയാണേ അത് അടച്ചത്.. ഇതെങ്ങിനിപ്പോ തുറന്നെ എന്ന് നോക്കാനായിട്ട് ഞാൻ ചെന്ന് നോക്കുമ്പോ...ണ്ട് ഈ കക്ഷി അതിന്റകത്ത്‌ കിടന്നു നല്ല ഉറക്കം.. ഒച്ചയുണ്ടാക്കാതെ ഞാൻ തിരിച്ചോടിച്ചെന്നു ഗങ്ങാരൻ മാഷ്നെ വിളിച്ചു.. എനിക്ക് കാര്യം സാധിക്കാൻ വേണ്ടിയാണ് വിളിക്കുന്നതെന്ന് കരുതി മാഷ്‌ മിണ്ടാതെ ഇരുന്നു.. ഉറക്കെ വിളിക്കാൻ പറ്റ്വോ... ഇവൻ ഒച്ചകേട്ട് എണീറ്റ്‌ ഓടിയാലോ..??
ഞാൻ പിന്നെ ഒന്നും നോക്കിയില്ല..  വരണത് വരട്ടെ എന്നുകരുതി രണ്ടും കല്പ്പിച്ചു പൂണ്ടടക്കം ഇവനെ ഒരൊറ്റ പിടുത്തം.. ഇവനൊന്ന് കുതറാൻ പോലും പറ്റിയില്ല.. തൂണേൽ പിടിച്ചു കെട്ടാൻ നേരത്തും ഇവൻ കൂർക്കം വലിക്കുന്നുണ്ടായിരുന്നു... ഹ ഹ ഹ.." പവിത്രൻ സാർ കുടവയർ കുലുക്കി ചിരിച്ചു.

കൂടിനിന്നവർ ഉറക്കെ ചിരിച്ചു; കൂട്ടത്തിൽ മുറുക്കാൻ കറപുരണ്ട പല്ലു കാണിച്ച് 'കള്ളനും'..

"ങേ..!! ഇവന് രണ്ടെണ്ണം കൊടുത്താലോ..  ഇരുന്ന് ചിരിക്കുന്ന കണ്ടില്ലേ..??" ആരൊക്കയോ ആവേശം കൊണ്ടു..

"വേണ്ട.. കണ്ടിട്ട് തലയ്ക്കു സ്ഥിരതയുള്ള ആളല്ല എന്ന് തോന്നുന്നു.." ആൾക്കൂട്ടത്തിനിടയിൽ നിന്ന് ആരുടെയോ ശബ്ദം ഉയർന്നു.

വായുവിൽ ഉയർന്ന കൈകൾ സാവകാശം  താഴ്ന്നു.. ഒരു നിമിഷംകൊണ്ട് പവിത്രൻ സാറിന്റെ ആവേശം കെട്ടടങ്ങി..ഒരുനിമിഷം മുകളിലേക്ക് നോക്കി 'ഈശ്വരാ.. ഇയാൾ സ്വബോധം ഉള്ള ആളായിരിക്കണേ..' എന്ന് സാറ്  പ്രാർത്ഥിച്ചുവോ..!!

അത് ബാലനായിരുന്നു... എന്റെ നാട്ടുകാരാനായ ഒരു ആദിവാസി യുവാവ്. ചെറുപ്പത്തിലെന്നോ ദുർമരണം കണ്ട് പേടിച്ചു മനോനില തെറ്റുന്നതുവരെ ബാലൻ മിടുക്കനായി പഠിച്ചുകൊണ്ടിരുന്ന ഒരു ബാലനായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. പക്ഷേ.. നാലു കിലോമീറ്ററോളം ദൂരെയുള്ള ഈ സ്കൂളിൽ, ബാലൻ എങ്ങിനെ എത്തിയെന്നുള്ളത് മാത്രം ഇന്നുമൊരു ചോദ്യചിഹ്നം!!

കൂട്ട മണിയുടെ ഒച്ചയിൽ കുട്ടികൾ എല്ലാവരും അവരവരുടെ ക്ലാസ്സുകളിലേക്ക് ഓടിക്കയറി..

എ പ്ലസ് ബി ഓൾ സ്ക്വയർ സമം എ സ്ക്വയർ പ്ലസ് ടു എ ബി പ്ലസ് ബി സ്ക്വയറും, എ മൈനസ് ബി ഓൾ സ്ക്വയർ സമം എ സ്ക്വയർ പ്ലസ് ടു എ ബി മൈനസ് ബി സ്ക്വയറും, ചൂരൽ വടിയുടെ ശീല്ക്കാരവും ചേർന്ന് സമാസമം ക്ലാസ്മുറിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരിക്കവേ പൊടിപടലങ്ങൾ പടർത്തി ചെമ്മണ്‍ പാതയിൽക്കൂടി ഞെളിപിരി കൊണ്ടുവരുന്ന പോലീസ് ജീപ്പ് സ്കൂൾ മുറ്റത്ത്‌ സഡൻ ബ്രേക്ക് ഇട്ടു.

കാക്കി കുപ്പായങ്ങൾ ഹെഡ് മാസ്റ്ററുടെ പിന്നാലെ ഓഫീസ് റൂമിലേക്ക്‌ വരിവരിയായി കയറിപ്പോയി. അവരെ നോക്കിയും ബാലൻ ചിരി തുടർന്നു..

പവിത്രൻ സാറിന്റെ മൊഴിയും ലാബിലെ പരിശോധനയും കഴിഞ്ഞ് ബാലനെയും കൊണ്ട്‌ പോലീസ് ജീപ്പ് ചെമ്മണ്‍ പാതയിലെ പൊടിപടലങ്ങൾക്കിടയിൽ പോയ്‌ മറഞ്ഞു..

പിന്നീട് ബാലൻ കള്ളനല്ലെന്നും മനോനിലയുടെ തകരാറുകൊണ്ട് സംഭാവിച്ചതാണെന്നുമുള്ള നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലനെ പോലീസ് വെറുതെ വിട്ടു.

പവിത്രൻ സാർ ആകട്ടെ കുറച്ചുകാലത്തേക്കെങ്കിലും താൻ ശരിക്കിനും കള്ളനെ തന്നെയാണ് പിടിച്ചതെന്ന് സ്വയം വിശ്വസിച്ചും മറ്റുള്ളവരെ വിശ്വസിപ്പിച്ചും തലയുയർത്തി നടന്നു.

പിന്നീട് വർഷങ്ങൾക്കു ശേഷമാണ് പേടിക്കേണ്ട മനുഷ്യനല്ല ബാലൻ എന്ന തിരിച്ചറിവ് എനിക്കും ഉണ്ടായത്..
ബാലൻ ഒരു പാവമായിരുന്നു.. നോട്ടംകൊണ്ടുപോലും ആരെയും ഭയപ്പെടുത്താത്ത, പേരുപോലെ  നിഷ്ക്കളങ്കനായ ബാലൻ..

വായിൽ നിറയെ ഇട്ടു ചവയ്ക്കാനുള്ള മുറുക്കാനു  വേണ്ടി അവൻ പണിയെടുത്തു.. ആരെയും അവൻ പറ്റിച്ചില്ല.. ഒരുപക്ഷേ പലപ്പോഴായിട്ട് അവൻ പറ്റിക്കപ്പെട്ടിരിക്കാം.. എണ്ണിവാങ്ങാത്ത കൂലിക്ക് മുമ്പിൽ അവൻ ആരോട് കണക്കു പറയാൻ.. വിലപേശാൻ...??

നാട്ടുകാർക്ക് അവൻ ചൂടൻ ബാലനാണ്.. വലം കയ്യിലേയും ഇടം കയ്യിലേയും ചൂണ്ടുവിരൽ തുമ്പിൽ  ചുണ്ണാമ്പ് തേച്ചു നടക്കുന്നവൻ.. കാരണങ്ങൾ ഉണ്ടായിരുന്നിട്ടും കൂടി ചിരിക്കാൻ മടിക്കുന്നവർക്കിടയിൽനിന്ന് കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ബാലാൻ ചിരിച്ചുകൊണ്ടിരുന്നു.. അവന്റെ മുറുക്കാൻ കറപുരണ്ട ചിരിക്കുപോലും ഇത്രയധികം നിഷ്ക്കളങ്കത നല്കിയത് ആരാണ്..!!

ബാലനെ അറിയുന്നവരേക്കാൾ  ബാലന് അറിയുന്നവർ ആയിരുന്നു അവിടെ കൂടുതലും.. പൊതുവേ മൗനം ധരിച്ചു നടക്കുന്നവനെങ്കിലും എന്തൊക്കയോ ബാലനും അറിയുന്നുണ്ടായിരുന്നു.

വർഷങ്ങൾക്കു മുൻപ് കോളേജ് മഗസിനുവേണ്ടി ഒരു കഥ എഴുതിത്തരാൻ എന്റെ കൂട്ടുകാരി ആവശ്യപ്പെട്ടപ്പോൾ ഞാൻ തിരഞ്ഞെടുത്ത വിഷയം ബാലന്റെ കഥയായിരുന്നു.. അതുപക്ഷേ എന്റെ സങ്കല്പ്പങ്ങളിൽനിന്നു മെനഞ്ഞെടുത്ത കുറേ ഊഹാപോഹങ്ങൾ മാത്രമായിരുന്നു എന്ന തിരിച്ചറിവ് എനിക്കുണ്ടായത് ബാലനെ കൂടുതൽ അടുത്തറിഞ്ഞപ്പോൾ ആയിരുന്നു.

ആ കഥയും ബാലനും ഇന്നില്ല..
ഏകദേശം ഒരുവർഷം മുന്നേ ബാലൻ മരിച്ചു.. അവന്റെ ആരോഗ്യത്തെയും കാഴ്ച്ചയേയും കവർന്നെടുത്ത രോഗം ഒടുവിൽ  അവനെയും (ബാലനേയും)  കൊണ്ടുപോയി.. നല്ലവരായ നാട്ടുകാരുടെ സഹായങ്ങൾക്കൊന്നും ബാലന്റെ ജീവൻ പിടിച്ചുനിർത്താനും  കഴിഞ്ഞില്ല..  

ബാലൻ നടന്ന വഴികളും ചുണ്ണാമ്പ് പുരണ്ട ചൂണ്ടു വിരലുകളും എല്ലാം മനസ്സിലൊരു നീറ്റൽ ഇന്നും അവശേഷിപ്പിക്കുന്നു...


സ്കൂൾ വരാന്തയിലെ വലിയ തൂണിന്റെ ചുവട്ടിലിരുന്ന് ബാലന്റെ ആത്മാവ് ഇനിയും ഉറക്കെയുറക്കെ ചിരിക്കട്ടെ..
ആ ചിരി കേട്ട് അസ്വസ്ഥരായി പവിത്രൻ സാറിന്റെയും ഗങ്ങാരൻ മാഷിന്റെയും കുളികൾ ഇനിയും ഇനിയും മുടങ്ങട്ടെ..
കാരണം, ബാലൻ കള്ളനല്ല.. ഭ്രാന്തനുമല്ല. ബോധമുള്ള മനുഷ്യനായിരുന്നു.
-----------------------------------------------------------------------
നിത്യശാന്തി പുല്കി മയങ്ങുക.. 
നിത്യതയിലേക്ക് നീ ഉയർത്തപ്പെടും.
-----------------------------------------------------------------------
*ഗംഗാധരൻ

* പിട്ടൻ (കുറിച്ച്യ സമുദായത്തിലെ പഴയ ആളുകളെ വിളിച്ചിരുന്ന പേര്.) 

2014 ജനുവരി 12, ഞായറാഴ്‌ച

യവനിക

വനിക താഴ്ത്തി ഞാൻ
മടങ്ങുകയാണ് അണിയറയിലേക്ക്..
കെട്ടിയാടി മടുത്തോരാ വേഷങ്ങൾ
വേദിയിൽ തന്നെ ഉപേക്ഷിക്കുന്നു.

കയ്യടിച്ചും ചിരിച്ചും വിമർശിച്ചും
നിങ്ങൾ വളർത്തിയ എന്റെ സ്വപ്നങ്ങളെ
വേദിയിൽ തന്നെ വിട്ടു പോകുമ്പോഴും,
നോവുകൾ മാത്രം ഞാൻ കൊണ്ടുപോകുന്നു;
നാളെ അവ നിങ്ങളെയും വേദനിപ്പിക്കാതിരിക്കാൻ..

2014 ജനുവരി 9, വ്യാഴാഴ്‌ച

കടൽതീരത്തെ പെണ്‍കുട്ടി

 ചരിത്രത്തിൽ ആദ്യമായി "എന്റെ കൊച്ചിനെ കാണുന്നില്ലേ.." എന്നുള്ള നിലവിളി ശബ്ദം കേട്ടത് രണ്ടായിരം വർഷങ്ങൾക്കു മുൻപ്  ജറുസലെമിൽ നിന്ന് നസ്രത്തിലേക്കുള്ള വീഥിയിൽ വച്ചായിരുന്നു. 
(പരിമിതമായ  എന്റെ ഈ അറിവ് തെറ്റാണെങ്കിൽ ചരിത്രാന്വേഷികൾ പൊറുക്കുക.)

അന്ന്, പന്ത്രണ്ടാമത്തെ വയസ്സിൽ അപ്പന്റെയും അമ്മയുടെയും കണ്ണുവെട്ടിച്ചു മുങ്ങിയ ആ കുട്ടിയുടെ പേരാണ് യേശു.

പെസഹാത്തിരുന്നാൾ ആഘോഷിക്കാൻ ജറുസലെമിലേക്ക് മാതാപിതാക്കളും ബന്ധുജനങ്ങളും പരിചയക്കാരും അടങ്ങുന്ന വലിയ സംഘത്തിനൊപ്പം തുള്ളിച്ചാടി യാത്രപോയ ആ ബാലൻ തിരികെയുള്ള യാത്രയിൽ ആരോടും പറയാതെ ഒറ്റമുങ്ങൽ..

നൊന്തുപെറ്റ വയറിന് മകനെ കാണാതെ പോയാൽ സഹിക്കാൻ കഴിയുമോ...?  
വഴിയിൽ കിടന്ന് ആ അമ്മ നിലവിളിച്ചു..
"എന്റെ മോനെ കണ്ടോ.. എന്റെ മോനെ ആരെങ്കിലും കണ്ടോ.." എന്ന് കൂടെയുള്ള സാറാമ്മയോടും ഏലിയാമ്മയോടും മറ്റും ചോദിച്ചുനോക്കിയെങ്കിലും 'ഞങ്ങളാരും കണ്ടില്ലല്ലോ..' എന്ന ഭാവത്തിൽ കൈ മലർമലർത്തി അവരും സഹതാപം പ്രകടിപ്പിച്ചു.

"നീയൊന്നു സമാധാനിക്കു മേരി.. നമുക്ക് അവനെ എങ്ങിനെയെങ്കിലും കണ്ടുപിടിക്കാം" എന്ന് ജോസഫ്‌ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.. പക്ഷേ മേരിയുടെ നിലവിളി ഒന്നും കൂടെ കൂടിയതേ ഒള്ളു..
എങ്ങിനെ നിലവിളിക്കാതിരിക്കും എന്നുപറ.. ആകപ്പാടെയുള്ള ഒരു ആണ്‍തരി.. മോനേ.. കുട്ടാ.. എന്നൊക്കെ വിളിച്ച് ഓമനിച്ചു വളർത്തിയ നല്ല അനുസരണയുള്ള മോൻ..

യാത്ര ഒന്നുരണ്ടു  ദിവസം പിന്നിട്ടിരിക്കുന്നു... അവസാനം അവർ രണ്ടുപേരുംകൂടി യേശുവിനെ അന്വേഷിച്ചു തിരികെ ജറുസലെമിലെക്ക് പോയി.. ഒടുവിൽ മൂന്നു ദിവസത്തെ അന്വേഷണത്തിന് ശേഷം ജറുസലെം ദേവാലയത്തിൽ വച്ച് അവർ യേശുവിനെ കണ്ടെത്തി.

അപ്പോൾ യേശുവാകട്ടെ ഈ കോലാഹലങ്ങൾ ഒന്നും അറിയാതെ ഉപാധ്യയന്മാരുടെ ഇടയിലിരുന്നു അവർ പറയുന്നത് കേൾക്കുകയും, അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നല്കുകയും, അവരോടു ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ ചോദിച്ചും എല്ലാവരെയും ആശ്ച്ചര്യപ്പെടുത്തുകയും ആയിരുന്നു.
"മോനെ നീ എന്നാ പണിയാ ഈ കാണിച്ചേ.. ഞങ്ങളെ വെറുതെ തീ തീറ്റിച്ചു കളഞ്ഞല്ലോ.." എന്ന് അമ്മയുടെ വക സ്നേഹപൂർവ്വമായ ശാസന..

"ആ സാരമില്ലെടീ.. എന്നതാണേലും അവനെ നമുക്ക് തിരിച്ചു കിട്ടിയില്ലേ.. ഇനി അവനെ വഴക്കൊന്നും പറയാൻ നിക്കണ്ട.. എത്രയും വേഗം നമുക്ക് നാട്ടിലേക്ക് തിരിച്ചു പോകാം.." സ്നേഹപൂർവ്വം അവന്റെ നീണ്ട മുടിയിഴകളിൽ വിരലോടിച്ച് പിതാവിന്റെ ആശ്വാസ വാക്കുകൾ..
നല്ല കുട്ടിയായി അവർക്കൊപ്പം യേശു എന്ന ബാലൻ നസ്രത്തിലേക്ക് മടങ്ങിയതോടെ ആ മാതാപിതാക്കളുടെ നഷ്ടപ്പെടലിന്റെ വേദനയും മാറി.

ഒരുപക്ഷേ അതിനു മുന്പും അതിനു ശേഷവും ഇതുപോലെയുള്ള ഒത്തിരി അധികം നഷ്ടപ്പെടലുകൾ നടന്നിട്ടുണ്ടാവാം.. ചരിത്രത്തിൽ കോറിയിടാതെ പോയ വേർപാടിന്റെ നൊമ്പരങ്ങൾ... തിരിച്ചുകിട്ടിയതും ആൾക്കൂട്ടത്തിൽ എന്നന്നേക്കുമായി നഷ്ടപെട്ടുപോയതുമായ ബന്ധങ്ങൾ..

"എന്റെ മോനെ.."
"എന്റെ മോളെ.."
"അമ്മേ... അച്ഛാ..." തുടങ്ങിയ നിലവിളികൾ ആൾക്കൂട്ടത്തിന്റെ ആരവങ്ങൾക്കിടയിൽ, അവനവന്റെ തിരക്കുകൾക്കിടയിൽ ആരാരും കേൾക്കാതെ, ശ്രദ്ധിക്കാതെ എത്രയോ തവണ മുങ്ങിപോയിരിക്കും..??

തികച്ചും അവിചാരിതമായ ഒരു സന്ദർഭത്തിലാണ് ഇതൊക്കെ ഓർമ്മയിലേക്ക് വീണ്ടും ഓടിയെത്തിയത്..

 കോഴിക്കോടൻ സായാഹ്നത്തിന്റെ സൗന്ദര്യം മുഴുവനും അറബിക്കടലിലേയ്ക്ക്‌ മുഖം താഴ്ത്തി തുടങ്ങിയ സമയം..
യാത്ര പറയാൻ വെമ്പൽ കൊള്ളുന്ന ഡിസംബറിലെ അവസാനത്തെ ഞായർ...

സുഹൃത്തുക്കൾക്കൊപ്പം കടപ്പുറത്തെ ജനാരവങ്ങൾക്കിടയിലേക്ക് പതുക്കെ അലിഞ്ഞുചേരാൻ തുടങ്ങിയപ്പോൾ തന്നെ കേട്ടു പോലീസുകാരുടെ ഉച്ചത്തിലുള്ള അനൗണ്‍സ്മെന്റ്..

"ബീച്ചിൽ എത്തിയിട്ടുള്ള സന്ദർശകരുടെ ശ്രദ്ധയ്ക്ക്..
രക്ഷിതാക്കളുടെ  കയ്യിൽനിന്നും വേർപെട്ടുപോയ നിലയിൽ മൂന്നു വയസ്സ് പ്രായമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു കിട്ടിയിട്ടുണ്ട്.
കുട്ടിയുടെ രക്ഷിതാക്കൾ ആരെങ്കിലും ഇവിടെ ഉണ്ടെങ്കിൽ പോലീസ് വാഹനത്തിന്റെ സമീപത്തേക്ക് വരേണ്ടതാണ്.."

ഒരുപക്ഷേ  ആ കുട്ടിയെ അന്വേഷിച്ച് മാതാപിതാക്കൾ എത്തിയിരിക്കാം.. അങ്ങിനെ ആശിക്കാം. കാരണം, അതിൽ കൂടുതൽ മറ്റൊന്നും ഞാൻ അറിഞ്ഞില്ല; അറിയാൻ ശ്രമിച്ചില്ല.

മസാല പുരട്ടിയ കത്തിരിയും പൈനാപ്പിൾ കഷ്ണവും രുചിയോടെ തിന്നും, കടപ്പുറത്തെ പലതരം കാഴ്ച്ചകളെ കണ്ണുകളാൽ ആലിംഗനം ചെയ്തും , മനസ്സുകൊണ്ട് പട്ടത്തിനൊപ്പം ഉയരെ പറന്നും സ്വന്തം ലോകത്തേക്ക് സ്വയം ചുരുങ്ങുമ്പോൾ കാണാതെ പോകുന്ന കാഴ്ച്ചകളും ഉണ്ടെന്നുള്ളത് സത്യമാണ്.

അങ്ങിനെയാണ് കൂടിനില്ക്കുന്ന ഒരുകൂട്ടം ആളുകൾക്കിടയിലേക്ക് എന്റെ കണ്ണുകളും ചെന്നെത്തിയത്. അവിടെ ആൾക്കൂട്ടങ്ങൾക്കു നടുവിൽ അടിവസ്ത്രം മാത്രം ധരിച്ച് പകച്ചു നില്ക്കുന്ന ഒരു അഞ്ചുവയസ്സുകാരി  പെണ്‍കുട്ടി..

കടലിൽ കളിച്ച് ഈറനണിഞ്ഞ ശരീരം, വെള്ളം ഇറ്റുവീഴുന്ന മണലു പറ്റിപിടിച്ച മുടിയിഴകൾ.. നിസ്സഹായത വിളിച്ചോതുന്ന മുഖഭാവം..

ഓമനത്വം തുളുമ്പുന്ന ആ കണ്ണുകളിലേക്കു നോക്കവേ അറിയാതെ ഒരുനിമിഷം വീട്ടിലെ കിളി കൊഞ്ചലുകളെ ഓർത്തുപോയി. അവരിലാരോ ഒരാൾ എവിടെയോ ഒറ്റപ്പെട്ടുനില്ക്കുന്നു എന്നോരു തോന്നൽ.. ചില സങ്കടപ്പെടലുകൾ എത്ര വേഗത്തിലാണ് മനസ്സ് കീഴടക്കിക്കളയുന്നത്..

ആരൊക്കയോ ആ പെണ്‍കുട്ടിയോട് പേരും നാടുമൊക്കെ ചോദിക്കുന്നുണ്ട്..
അറിയാവുന്ന കാര്യങ്ങൾ അവൾ പറഞ്ഞുകൊടുത്തു.
വലിയ തിരമാലകൾ തീരത്ത് വന്നു ബഹളം കൂട്ടിമടങ്ങുന്ന കടലിലേക്ക്‌ കൈചൂണ്ടി "ഞാൻ അവിടെയാ നിന്നത്" എന്നവൾ പറഞ്ഞു..

സത്യത്തിൽ ആ പാവം പെണ്‍കുട്ടിക്കും നിശ്ചയം ഉണ്ടായിരുന്നില്ല താൻ എവിടെനിന്നാണ് കടൽവെള്ളം കോരി കളിച്ചതെന്ന്..

ഉപ്പയും ഉമ്മയും കുഞ്ഞനുജനും എവിടെയെന്ന് അവൾ ചുറ്റിനും പകച്ചുനോക്കി..
"ഒരു കുട്ടിയെ കിട്ടിയിട്ടുണ്ടേ.." എന്ന് ആരൊക്കയൊ വിളിച്ചുകൂവി..
ദൂരെനിന്നും ഓടിക്കിതച്ചുവന്ന ഒരാൾ "ഇതല്ല.. ഇതല്ല.. എന്റേത് ആണ്‍കുട്ടിയാണ്" എന്നും പറഞ്ഞ് മറ്റെവിടെയൊക്കയോ അവന്റെ പേരും വിളിച്ച്  തിരഞ്ഞു നടന്നു..

എത്രയും വേഗം അവൾക്ക് അവളുടെ ഉപ്പയേയും ഉമ്മയേയും കുഞ്ഞനുജനെയും കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിലെന്ന് മനസ്സ് കൊതിച്ചു..

മനസ്സിലെവിടെയോ ഒരു നൊമ്പരമായി അവളുടെ ഒറ്റപ്പെടൽ കൂട് കൂട്ടിയിരിക്കുന്നു..

അവളെയും കൂട്ടി ആളുകൾക്കിടയിലൂടെ "ഒരു കുട്ടിയെ കിട്ടിയിട്ടുണ്ടേ.." എന്നുറക്കെ വിളിച്ച് ആരൊക്കയോ നടന്ന കൂട്ടത്തിൽ  ഞങ്ങളും പോയി.

ഒടുവിൽ ആകാംക്ഷയെ ഇരുട്ടിൽ ഉപേക്ഷിച്ച് അവളുടെ ഉപ്പയും ഉമ്മയും കുഞ്ഞനുജനും എവിടെനിന്നോ പ്രത്യക്ഷപ്പെട്ടു..

വീണ്ടുമൊരു കണ്ടുമുട്ടൽ കണ്ണുകൾ നനയിക്കും.. ഹൃദയത്തിൽ സ്നേഹം ജനിപ്പിക്കും.

അവരുടെ കൈകളിൽ ഇനിയൊരിക്കലും വിട്ടുപോകാത്ത വിധം  മുറുകെ പിടിച്ച്, അവൾ ഇരുട്ടിലേക്ക് നടന്നകന്നപ്പോൾ നിറഞ്ഞ ഹൃദയത്തോടെ എത്രയേറെ കണ്ണുകൾ ആ കടപ്പുറത്ത് അത് നോക്കി നിന്നിട്ടുണ്ടാവും..!!

2013 ഡിസംബർ 22, ഞായറാഴ്‌ച

ക്രിസ്മസ് കരോളും ചില ഓർമ്മകളും

വര: VR രാഗേഷ്, മാധ്യമം.

ടന്നുപോയ കാലഘട്ടങ്ങളിലേക്ക് വെറുതെ ഒന്ന് മനസ്സ് പായിച്ചാൽ ഒട്ടനേകം രസകരമായ കഥകൾ ചികഞ്ഞെടുക്കാൻ ഉണ്ടാകും... അപ്പോൾ സ്വാഭാവികമായും ചിലതൊക്കെ എഴുതിയിടണമെന്ന് തോന്നാറുണ്ടെങ്കിലും,  ചില ഓർമ്മകൾ എവിടെ എങ്ങിനെ തുടങ്ങണം എന്നറിയില്ല.. ഒരായിരം ഓർമ്മകൾ ഒരുമിച്ച് നൂലാമാല കെട്ടിക്കിടക്കുമ്പോൾ പലപ്പോഴും വേർതിരിച്ചെടുക്കുക അസാധ്യമായിതീരുന്നു. എങ്കിലും ചില ചികഞ്ഞെടുക്കലുകളും അടുക്കിവെക്കലുകളും കൂടിയേ തീരു.. 

ഡിസംബർ..
ഓർമ്മകളിലേക്ക് അസ്ഥിമരവിക്കുന്ന തണുപ്പുമായ് വീണ്ടും ഒരു ക്രിസ്തുമസ് കടന്നുവരുന്നു.. മഞ്ഞുമൂടിയ രാപ്പകലുകൾ.. ഉച്ചയാകുന്നതുവരെ സൂര്യരശ്മികളെ തടഞ്ഞുനിർത്താൻ മാത്രം നെഞ്ചുറപ്പുള്ള ഹിമകണങ്ങൾ മണ്ണിലും മരങ്ങളിലുമായി വെള്ളപുതച്ചു കിടക്കുന്നു..

പെയ്തിറങ്ങുന്ന മഞ്ഞുകണങ്ങൾക്കിടയിലൂടെ എന്റെ ഓർമ്മകൾ പഴയൊരു ക്രിസ്തുമസ് രാവിലേയ്ക്ക് മടങ്ങിപ്പോകുന്നു.. അവിടെ കാലിത്തൊഴുത്തിൽ പിറന്ന ഉണ്ണിയേശു അട്ടിടയന്മാരെയും അവർക്കു വഴികാട്ടിയായ്‌ വന്ന കിഴക്കുദിച്ച നക്ഷത്രത്തേയും നോക്കി പുഞ്ചിരി തൂവുന്നു..


"എല്ലാവർക്കും തിരുപ്പിറവിയുടെ മംഗളങ്ങൾ ഏറ്റം സ്നേഹത്തോടെ നേരുന്നു."

       രോൾ സമ്പ്രദായം ആരുടെ കാലഘട്ടത്തിലാണ് ആരംഭിച്ചത് എന്നെനിക്ക് നിശ്ചയം പോര.. പക്ഷേ ഒന്നറിയാം; എനിക്ക് ഓർമ്മവച്ച നാൾ മുതൽ കരോൾ ഉണ്ടായിരുന്നു.


കുട്ടിക്കാലത്ത് അമ്മയുടെ ഒക്കത്തിരുന്നും പിന്നെ പിന്നെ അമ്മയുടെ പിന്നിലൊളിച്ചും നിന്ന് അപരിചിതരായ കരോൾ സംഘത്തേയും ക്രിസ്മസ് പാപ്പയേയും പേടിയോടെ നോക്കിനിന്നതുമൊക്കെ എന്റെ ഓർമ്മകളിലേയ്ക്ക് പെട്രോൾ മാക്സും തെളിച്ച് വീണ്ടും കടന്നുവരുന്നു.
സത്യത്തിൽ ചുവന്ന മുഖവും വെളുത്തുനീണ്ട താടിയുമുള്ള ക്രിസ്മസ് പാപ്പയെ കുഞ്ഞുനാളിൽ എനിക്ക് ഭയമായിരുന്നു.

      വർഷങ്ങൾ പിന്നേയും കടന്നുപോയി.. കരോൾ സംഘത്തിനൊപ്പം ഞാനും പോയിത്തുടങ്ങി.. പക്ഷേ അപ്പോഴേക്കും ആദ്യകാലത്തെ കരോൾ സന്ദേശങ്ങൾ കരോൾ പിരുവുകളായി  രൂപാന്തരം പ്രാപിച്ചിരുന്നു.. വാർഡുകൾ തിരിച്ചായിരുന്നു ഇടവകയിൽ കരോൾ നടത്തിയിരുന്നത്. ഏറ്റവും  കൂടുതൽ പിരിവ് കാശ് കൊണ്ടുവരുന്ന വാർഡുകാർക്ക് പള്ളിവക സമ്മാനങ്ങളൊക്കെ ഉണ്ട്.

    ദ്യകാലങ്ങളിൽ ഉണ്ണിയുടെ പിറവി അറിയിച്ചതിന് ശേഷമായിരുന്നു കരോൾ നടത്തിയിരുന്നത്; ഇരുപത്തി അഞ്ചാം തീയ്യതി വൈകുന്നേരം. ഉണ്ണി പിറന്നതിന്റെ സന്തോഷം ലഹരിയായും മാംസമായും തലയിലും ഉദരത്തിൽ തുടിച്ചുകിടക്കുന്ന തലമുതിർന്ന കാരണവന്മാർ മുതൽ ഗോട്ടികളിയും കഴിഞ്ഞ് മൂട്ടിലെ പൊടിയുംതട്ടി വന്ന കൊച്ചുകുട്ടികൾ വരെ ആ സംഘത്തിൽ ഉണ്ടാവും.

വലിയ ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ പെട്രോൾ മാക്സും തെളിച്ച് ഇടവഴികളും വയലുകളും താണ്ടി വീടുകളിൽ നിന്ന് വീടുകളിലേക്ക്  തണുത്ത് വിറച്ച്  നടന്നുനീങ്ങുന്നവർക്കൊപ്പം ക്രിസ്മസ് പാപ്പയും ഉണ്ടാവും.

ചെറിയൊരു തളിക പാത്രത്തിൽ പട്ടുതുണി വിരിച്ച് ഉണ്ണിയെ അതിൽ കിടത്തി പൂക്കൾകൊണ്ട് അലങ്കരിച്ച് അതും വഹിച്ചാണ് വീടുകൾതോറും കയറിയിറങ്ങുക. ഉണ്ണീശോ വീട്ടിൽ വന്നതിന്റെ സന്തോഷം അറിയിക്കാൻ വീട്ടുകാർ ഓരോരുത്തരും ഉണ്ണിയെ വണങ്ങി നേർച്ചയും ഇടും. 

കരോളിന്റെ തുടക്കത്തിലുള്ള ആവേശം രാത്രി കനക്കും തോറും കുറഞ്ഞു കുറഞ്ഞുവരും. ഒരു വീട്ടിൽ ചെന്നുകയറുമ്പോഴുള്ള കരോൾ ഗാനാലാപനം- 'സന്തോഷ സൂചകമായ് തന്നതും സ്വീകരിച്ച് നന്ദി പറഞ്ഞു ഞങ്ങൾ പോകുന്നേ..' എന്ന ഒറ്റ ഗാനത്തിലേക്ക് ചുരുങ്ങും.
കരോളുകാർ വന്നതിലും വേഗത്തിൽ പോയതിലുള്ള സന്തോഷം വീട്ടുകാർക്കും, കുറച്ചു കാശുംകൂടി ബാഗിൽ കയറിയതിന്റെ സന്തോഷം കരോളുകാർക്കും കിട്ടുന്ന ചടങ്ങായി കരോൾ മാറിയത് എത്ര വേഗത്തിലാണ്!!

   കരോൾ കഴിയണമെങ്കിൽ നേരം വെളുക്കണം.. ഒരുപാട് വീടുകൾ ഇനിയുമുണ്ട്. നാട്ടിൻപുറം ആയതുകൊണ്ട് വീടുകൾ തമ്മിലുള്ള അകലവും ഒരുപാടുണ്ടായിരുന്നു. തണുപ്പും ഉറക്കവും ഒരുമിച്ച് ആക്രമിച്ചു തുടങ്ങിയപ്പോൾ ഓരോരുത്തരായി കനത്ത ഇരുട്ടിൽ അപ്രത്യക്ഷരായി കൊണ്ടിരുന്നു. പുറത്തെ കനത്ത തണുപ്പിനെ ഉള്ളിലുള്ള ലഹരികൊണ്ട് തടുത്തവർ ഇടയ്ക്കിടെ വീണ്ടും ലഹരി നുണഞ്ഞുകൊണ്ടിരുന്നു.
ക്രിസ്മസ് പാപ്പയായി വേഷമിട്ട കുട്ടി വസന്തപിടിച്ച കോഴിയെപ്പോലെ ഉറക്കം തൂങ്ങി തുടങ്ങിയപ്പോൾ കൂട്ടത്തിലുള്ള അവറാൻ ചേട്ടൻ ആ വേഷം ഏറ്റെടുത്തു; കക്ഷിയാണെങ്കിൽ നല്ല ഫിറ്റും. അങ്ങിനെ നാലിലും കൂടുതൽ കാലുമായി പാപ്പയും ഉണ്ണിയേശുവിനെ പിടിച്ച മത്തായി ചേട്ടനും കുഴഞ്ഞു കുഴഞ്ഞു നടക്കുകയാണ്.
കരോൾ പതിയെ മുന്നോട്ടു നീങ്ങി.. നാവുകുഴഞ്ഞ കരോൾ ഗാനങ്ങൾക്കൊപ്പം അപസ്വരങ്ങളും കേട്ടുതുടങ്ങി.. തമ്മിൽ തമ്മിൽ പഴിചാരൽ അവസാനം കയ്യേറ്റത്തിൽ എത്തി. പിടിവലിക്കിടയിൽ താഴെവീണ ഉണ്ണിയേശുവിനെ തിരിച്ചെടുക്കുമ്പോൾ കൈ വേറെ ഉണ്ണിയേശു വേറെ എന്ന സ്ഥിതിയിൽ ആയിരുന്നു.
'അവന്റെ അസ്ഥികളിൽ ഒന്നുപോലും തകർക്കപ്പെടുകയില്ല' (യോഹന്നാൻ-19:36) എന്ന തിരുവെഴുത്ത്  പലപ്പോഴായി തകർത്തെറിഞ്ഞ മഹാപാപികളോട് കർത്താവ്‌ തന്നെ പൊറുക്കട്ടെ.

തർക്കങ്ങൾ പരിഹരിച്ചും മുറിഞ്ഞുപോയ ഉണ്ണീശോയുടെ കൈ പൂ കൊണ്ട് മറച്ചും കരോൾ പിന്നെയും മുന്നോട്ടു നീങ്ങി..

ഇനിയൊരു പുഴ മുറിച്ചുകടന്നാൽ മാത്രമേ അക്കരെ എത്തുകയൊള്ളൂ.. പൊക്കിപ്പിടിച്ച പെട്രോൾ മാക്സുമായി മുന്നേ പോകുന്നവന്റെ പിന്നാലെ വരിവരിയായി പാപ്പയും സംഘവും ഉണ്ണിയേയും വഹിച്ചു നടന്നുനീങ്ങി. ഏകദേശം പുഴയുടെ നടുവിൽ എത്തിയതും ഉണ്ണീശോയും മത്തായി ചേട്ടനും ദാ കിടക്കുന്നു വെള്ളത്തിൽ.. നീന്തലറിയാതെ ഉണ്ണീശോ പുഴയിലൂടെ ഒഴുകിത്തുടങ്ങിയതും കൂട്ടത്തിലൊരാൾ പുഴയിൽ ചാടി ഉണ്ണിയേയും മത്തായി ചേട്ടനെയും പൊക്കിയെടുത്തു.

മൂക്കിലും വായിലും കയറിയ വെള്ളം വിക്കി ചുമച്ചും തണുത്തു വിറച്ചും മത്തായി ചേട്ടനും ഉണ്ണീശോയും വീണ്ടും പുഴ കടക്കവേ മുറിഞ്ഞുപോയ ഉണ്ണീശോയുടെ കൈ മാത്രം തണുത്ത കബനി പുഴയുടെ അടിത്തട്ടിലേക്ക് കുളിരുകൊള്ളാൻ പോയിരുന്നു.
പുഴയ്ക്കക്കരെ ആഴികൂട്ടി തണുപ്പകറ്റി വീണ്ടും കരോൾ പുനരാരംഭിച്ചു.
മുറിഞ്ഞുപോയ കൈ കാണാതിരിക്കാൻ വേണ്ടി ചുവന്ന പട്ടെടുത്ത് ഉണ്ണീശോയെ പുതപ്പിച്ചു.
'ഇതെന്നാ ഇങ്ങിനെ' എന്ന് സംശയം ചോദിച്ചവരോട്, 'നല്ല തണുപ്പല്ലേ.. ഒരു പുതപ്പ് ഉണ്ണിക്കും കിടക്കട്ടെ' എന്ന് വീമ്പു പറഞ്ഞു..
ഇടയ്ക്കിടെ ചില വീടുകളിൽനിന്ന് കിട്ടുന്ന കട്ടനും റെസ്ക്കും കഴിച്ച്, ഇടവഴികളും കുറുക്കുവഴികളും കടന്ന് വീടുകളിൽ നിന്ന് വീടുകളിലേക്ക് കരോൾ നീങ്ങികൊണ്ടിരുന്നു..
ചില നേരങ്ങളിൽ റോഡുകൾ വിട്ട് യാത്ര വയലിറമ്പിൽ കൂടിയായി.. വയലിറമ്പിലെ തവളകൾ പെട്രോൾ മാക്സിന്റെ വെട്ടം കണ്ടപ്പോൾ ഞെട്ടിയുണർന്ന് പോക്രോം പോക്രോം വച്ചു..

ആഘോഷപൂർവ്വം കരോൾ മുന്നേറിക്കൊണ്ടിരുന്നു.. വീടുകളിൽ നിന്ന് വീടുകളിലേക്ക് കരോൾ പുരോഗമിക്കവേ പെട്ടന്ന് ക്രിസ്മസ് പാപ്പയെ കാണാനില്ല..!!
കയ്യിലുള്ള ലൈറ്റ് തെളിച്ച് ആരൊക്കെയോ ചുറ്റിനും നോക്കി വിളിച്ചു.
"അവറാൻ ചേട്ടാ.. അവറാൻ ചേട്ടാ.."

കനത്ത ഇരുട്ടിൽ പറമ്പിൽ എവിടെയോ നിന്ന് ദയനീയമായ ഒരു വിളികേട്ടു.. "ഞാനൊന്നു വീണെടാ.. ഒന്നു വന്ന് പിടിക്കെടാ.."
ആരൊക്കയൊ പിന്നോക്കം ഓടിയകൂട്ടത്തിൽ ഞാനും ഓടി.. ചലനമറ്റ ചാണകക്കുഴിയിൽ പുതിയ കുമിളകൾ.. തല മാത്രം പുറത്തു കാണിച്ചു അവറാൻ ചേട്ടൻ ചാണകക്കുഴിയിൽ വീണു  കിടക്കുന്നു. പാവം.
കരോൾ കഴിഞ്ഞ് ഉറക്ക ക്ഷീണത്തോടെ തിരിച്ച് വീട് എത്തിയപ്പോഴും മൂക്കിൻ തുമ്പിൽ ചാണകത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം പറ്റിപ്പിടിച്ചു നിന്നു... ഉറക്കത്തിനിടയിൽ എപ്പോഴോ പള്ളിയിൽ നാണയത്തുട്ടുകൾ എണ്ണുന്ന ഒച്ച കേട്ടപോലെ..
എങ്ങിനെ ആയാലും വേണ്ടില്ല.. പത്തു കാശ് കിട്ടിയാൽ മതിയല്ലോ..!!!

ചില ഓർമ്മകൾ ഇങ്ങിനെയൊക്കെയാണ്.. എങ്കിലും ഓർത്തിരിക്കാൻ ഒരു രസം.. രസച്ചരടുകൾ മുറിച്ചുകളയാതെ ഓർമ്മകൾ രസം പിടിച്ചു കിടക്കട്ടെ..  നമുക്കെന്താ ല്ലേ..??

2013 ഡിസംബർ 14, ശനിയാഴ്‌ച

എന്റെ ആദ്യത്തെ രക്തദാനം; അഥവാ ഒരു പേരുദോഷം ഉണ്ടാക്കിയ കഥ


എത്ര കിതച്ചാലും ചില ഓട്ടങ്ങൾക്ക് ഒരു സുഖമുണ്ട്.. അത് അവനവനുവേണ്ടിയുള്ള ഓട്ടമല്ലെങ്കിൽ പ്രത്യേകിച്ചും.
അങ്ങിനെ ചെറിയൊരു ഓട്ടവും കഴിഞ്ഞ് ആശ്വാസത്തോടെ ഇരിക്കുമ്പോഴാണ് എന്റെ ആദ്യരക്തദാനത്തിന്റെ കഥ ഓർമ്മ വന്നത്.

ഓർമ്മ ശരിയാണെങ്കിൽ 2007 -08 ലാണ് സംഭവം.
'AB+ve-രക്ത ഗ്രൂപ്പിലുള്ള ആരെങ്കിലും ഉണ്ടോ' എന്ന അന്വേഷണവുമായി ഹോസ്റ്റൽ മേറ്റായ നീലേട്ടൻ മുറിയിലേക്ക് കടന്നുവന്നപ്പോൾ ചാടിപ്പുറപ്പെടാൻ തയ്യാറായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ ആ ഒരു ഗ്രൂപ്പിൽ..

ശാരീരികമായി 'നല്ല' തടിയുള്ളതുകൊണ്ട് 'പോകണ്ടാ പോകണ്ടാ' എന്ന് കൂട്ടുകാർ നിരുത്സാഹപ്പെടുത്തിയിട്ടും പോകാൻ തന്നെ ഞാൻ തീരുമാനിച്ചു. എന്തായാലും ഒരു നേരം രക്തം ഊറ്റി എന്നുകരുതി ചത്തുപോകില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് കൂട്ടുകാരനൊപ്പം ഞാനും ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.

രക്തദാനം നടത്തി തിരികെ ഹോസ്റ്റലിൽ എത്തുമ്പോൾ കിട്ടുന്ന വീരപരിവേഷത്തിന്റെ നിറമുള്ള ചിത്രങ്ങൾ ഒരു വെള്ളിത്തിരയിലെന്നപോലെ എന്റെ മനസ്സിലും ഓടിത്തുടങ്ങി.

എവിടെനിന്നൊക്കയോ പ്രവഹിക്കുന്ന ആശംസകൾ.. തോളിൽ തട്ടിയുള്ള അഭിനന്ദനങ്ങൾ... ഓ.. എന്ത് രസമായിരിക്കും അത്.. ആത്മാഭിമാനം കൊണ്ട് തുള്ളിച്ചാടാൻ തോന്നിപോയി..

ഹോസ്പിറ്റൽ മുറ്റത്ത്‌ ബൈക്കിൽ ചെന്നിറങ്ങിയപ്പോൾ തന്നെ അപരിചിതനായ ഒരാൾ ഓടിവന്ന് ഞാൻ രോഗിയുടെ ബന്ധുവാണെന്നു സ്വയം പരിചയപ്പെടുത്തുകയും ഞങ്ങൾക്ക് രണ്ടുപേർക്കും മൂസമ്പി ജ്യൂസ് വാങ്ങിത്തരികയും ചെയ്തു.

ആവശ്യക്കാർ പലപ്പോഴും വിനയാന്വിതരായിപ്പോകുന്നത് ഇങ്ങിനെയുള്ള അവസരങ്ങളിലാണെന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്. കാരണം, ഒരു രാജാവിനെ എന്നപോലെ PVS ഹോസ്പിറ്റലിന്റെ  ഇടനാഴിയിൾക്കൂടി എന്നെ ആനയിക്കുമ്പോൾ ആവശ്യത്തിൽക്കൂടുതൽ വിനയം ആ പാവം മനുഷ്യൻ എന്നോട് കാണിച്ചിരുന്നു.

വെയിറ്റ് നോക്കുമ്പോൾ എന്റെ ഭാരം അമ്പതിന്റെ താഴേക്ക്‌ പോകുന്നതും നോക്കി നേഴ്സുമാർ വാപൊത്തി ചിരിക്കുമോ..??
ഊറ്റിയെടുക്കാനുള്ള ചോരയൊക്കെ എന്റെ ശരീരത്തിൽ ഉണ്ടാകുമോ..??
തല കറങ്ങുമോ..?
ഊറ്റിയതിന്റെ ഇരട്ടി ശരീരത്തിലേക്ക് തിരിച്ചു കയറ്റേണ്ടിവരുമോ..?
ഒരുപക്ഷേ രക്തം എടുക്കാതെ മടങ്ങേണ്ടിവന്നാൽ കൂട്ടുകാരുടെ വകയുള്ള ഗോസിപ്പും കളിയാക്കലുകളും ഏതറ്റം വരെ പോകും..(??) തുടങ്ങി ഒരായിരം സംശയങ്ങൾ ബ്ലഡ്‌ ബാങ്കിന്റെ മുൻപിൽ ഊഴവും കാത്തിരിക്കുമ്പോൾ എന്റെ മനസ്സിൽ വട്ടം ചുറ്റുന്നുണ്ടായിരുന്നു.

രക്തദാനത്തിന് ഞാൻ യോഗ്യനാണെന്നുള്ള അറിയിപ്പ് കിട്ടിയതോടെ സംശയങ്ങളൊക്കെ അസ്ഥാനത്തായി..
ശരീരത്തിൽനിന്നും ബ്ലഡ്‌ബാഗിലേക്ക് എന്റെ രക്തം പതിയേ ഒഴുകിതുടങ്ങിയപ്പോൾ മനസ്സ് പൂത്തിരി കത്തിച്ച് കളിക്കുകയായിരുന്നു.

ഇതാ ആദ്യമായി മറ്റൊരാളുടെ ഞരമ്പുകളിലേക്ക് എന്റെ രക്തവും ഒഴുകിച്ചേരാൻ പോകുന്നു.. എന്റെ ശക്തമായ ഞെരിച്ചിലിൽ കൈവെള്ളയ്ക്കുള്ളിലിരുന്ന് പാവം ബോള് നിലവിളിച്ചു.

കടലാസുപോലെ ഒന്ന് വിളറി എന്നല്ലാതെ കാര്യമായി യാതൊരു ക്ഷീണവും അനുഭവപ്പെട്ടില്ല. (അനുഭവപ്പെട്ടാലും അറിയിക്കില്ല. അതല്ലേ അതിന്റെ ഒരു ഇത്.. യേത്..??)
മാനസികമായി ഒരു ഭാരക്കുറവ്.. ഒരാശ്വാസം.. ഒരു നല്ല കുമ്പസാരത്തിന്റെ സുഖമുണ്ട് ഒരുതവണ രക്തദാനം നടത്തിയാൽ എന്നുവരെ തോന്നിപ്പോയി.
ഭക്ഷണം കഴിക്കാം എന്നുള്ള അവരുടെ സ്നേഹനിർബന്ധത്തെ തല വെട്ടിച്ച് നിഷേധിച്ച് നല്ല നമസ്ക്കാരവും പറഞ്ഞു തിരിച്ചു പോരുമ്പോൾ നീലേട്ടനൊരു മോഹം; എനിക്കൊരു ബിരിയാണി മേടിച്ചുതരണം. എന്നാൽ ആയിക്കോട്ടെ എന്ന് ഞാനും.

പണ്ടുമുതൽക്കേ നല്ല ഭക്ഷണ പെരുമയുള്ള നാടാണ് കോഴിക്കോട്. ഇവിടെ ഏത് ഹോട്ടലിൽ കയറിയാലും നല്ല ഭക്ഷണം കിട്ടും. അങ്ങിനെ  ആവിപറക്കുന്ന കോഴിബിരിയാണിയുടെ സ്വാദും ആസ്വദിച്ച് കോഴിക്കാലും കടിച്ചിരിക്കേ പുള്ളിയുടെ ഫോണിലേക്ക് ഒരു കാൾ വന്നു.
"ഹലോ.. അതെ..
............? .......!!
ശരി.. ഓക്കേ.." ഫോണ്‍ കട്ടായി.
"നീലേട്ടാ.. ആരാ വിളിച്ചേ..?" ഞാൻ ചോദിച്ചു.
"എടാ അയാള് മരിച്ചുപോയി.."
...............
സൂ..... സൂ.....സൂ.....
വീർപ്പിച്ച് പിടിച്ച നെഞ്ചിൻകൂട് തകർത്ത് ശ്വാസം പുറത്തേക്കു പാഞ്ഞു..

കടിച്ച കോഴിക്കാൽ അതുപോലെ വായിൽത്തന്നെ ഇരുന്നു.. പാത്രത്തിൽ അവശേഷിച്ച ഭക്ഷണം കൈതൊടാതെ തണുത്തുപോയി. അതിലും വലിയ തണുപ്പ് മനസ്സിലേക്ക് അരിച്ചുകയറി..
ദൈവമേ.. ഹോസ്റ്റലിലേക്ക് ഇനി എങ്ങിനെ പോകും..??
ആരുടെയൊക്കയോ കളിയാക്കി ചിരികൾ കേൾക്കുന്നു..
ആശംസകൾ.. പൂച്ചെണ്ടുകൾ.. കിരീടം.. എല്ലാം ഇതാ, ഇവിടെ തീർന്നിരിക്കുന്നു.
ആരോഗ്യവാനായ ഒരു മനുഷ്യനെ രക്തം കൊടുത്ത് പരലോകത്തേക്ക് നേരത്തേ പറഞ്ഞുവിട്ടവൻ എന്നൊരു പേരുദോഷം അല്ലാതെ മറ്റൊന്നും ഈ രക്തദാനം കൊണ്ട്  ഇനിയെനിക്ക് കിട്ടില്ലെന്ന് ഉറപ്പായി.
സത്യം.. ആ ഒരു പേരുദോഷമല്ലാതെ മറ്റൊന്നും എന്നെ സ്വീകരിക്കാൻ അന്ന് ഹോസ്റ്റലിൽ ഉണ്ടായിരുന്നില്ല.

2013 ഡിസംബർ 5, വ്യാഴാഴ്‌ച

ഋഷിരാജ് സിംഗിനെ പേടിക്കാതെ സിനിമ എടുക്കാൻ ചില കുറുക്കു വഴികൾ

(തിരക്കഥയിൽ വരുത്തേണ്ട മാറ്റങ്ങൾ)

സീൻ 1:
ഹെൽമറ്റ് ധരിക്കാതെ നായികയേയും കൊണ്ട് ബൈക്കിൽ പറന്നു വരുന്ന നായകൻ.. പ്രണയ ഗാനത്തിന്റെ അകമ്പടി..
ദൂരെ നിന്ന് വരുന്ന പോലീസ് വണ്ടി..
പോലീസ് വാഹനം ബൈക്കിനരുകിൽ നിർത്തുന്നു. ചാടിയിറങ്ങുന്ന പോലീസ് സംഘം.
പോലീസുകാരൻ: "നിർത്തെടാ വണ്ടി.. "
നായിക:"അയ്യോ ചേട്ടാ പോലീസ്.."
നായകൻ: "ഡോണ്ട് വെറി ഡിയർ.... ഞാൻ ഇതെങ്ങിനെയാ മാനേജ് ചെയ്യുന്നതെന്ന് നീ കണ്ടുപടിച്ചോ.. ഹ ഹ.."
കൂളിംഗ്‌ ഗ്ലാസ് കറക്കി ഇറങ്ങുന്ന നായകൻ.. (സന്തോഷ്‌ പണ്ഡിറ്റ്‌ സ്റ്റൈൽ ) പേടിയോടെ നില്ക്കുന്ന നായിക.
"ലൈസൻസ് ഉണ്ടോടാ.."
"യെസ് സാർ.." ലൈസൻസ് എടുത്തു കൊടുക്കുന്ന നായകൻ.. നായികയെ നോക്കി കണ്ണിറുക്കുന്നു..
"ഹെൽമറ്റ് എന്തിയേടാ..? ബൈക്ക് ഓടിക്കുമ്പോ ഹെൽമറ്റ് വയ്ക്കണമെന്ന് നിനക്ക് അറിയത്തില്ലേ..?" പോലീസുകാരൻ മീശ പിരിക്കുന്നു.

"മനപൂർവ്വം അല്ല സാർ.. ബൈക്ക് ടൌണിൽ വച്ച് ഒരു കോഫി കുടിക്കാൻ പോയതാ.. തിരിച്ചുവന്നു നോക്കിയപ്പോൾ ഹെൽമ്മറ്റ് ഏതോ $^%!^&(*(..  മക്കൾ അടിച്ചു മാറ്റിയിരിക്കുന്നു സാർ.. ഞാൻ പുതിയത് വാങ്ങിച്ചോളാം സാർ.. ഇത്തവണ ഒന്ന്.. പ്ലീസ് സാർ.. "
"നീ തത്ക്കാലം ഫൈൻ അടച്ചിട്ടു പൊയ്ക്കോ.." പോലീസുകാരൻ ഫൈൻ എഴുതുന്നു.
കാലിയായ പോക്കറ്റ് തപ്പുന്ന നായകൻ അവസാനം ദയാപരവശനായി നായികയെ നോക്കുന്നു. കാര്യം മനസ്സിലാക്കിയ നായിക നായകനെ നോക്കി പുച്ഛം വാരിയെറിയുന്നു. പിന്നെ ബാഗ്‌ തുറന്നു കാശെടുത്തു കൊടുത്ത് നായകനെ രക്ഷിക്കുന്നു.
നായകൻറെ ചമ്മിയ മുഖത്തിന്റെ ക്ലോസ്‌ അപ്.. ദൂരെ മറയുന്ന പോലീസ് വാഹനം.
(നായകൻ പിഴയടച്ചതുകൊണ്ട് ഇനിയിപ്പോൾ പുതിയ കേസ് എടുക്കേണ്ട കാര്യമില്ലല്ലോ..)
ശുഭം.

സീൻ 2:
ഹെൽമ്മറ്റ് ഇല്ലാതെ പാഞ്ഞുവരുന്ന നായകൻ..
സാഹചര്യം: നായികയുടെ അച്ഛനോ അമ്മയോ ഹോസ്പിറ്റലിൽ, അല്ലെങ്കിൽ നായിക അപകടത്തിൽ പെട്ടിരിക്കുന്നു. അപ്പോൾ ആര് കൈ കാണിച്ചാലും നിർത്തേണ്ട ആവശ്യമില്ല.
വഴിയരുകിൽ ഒളിച്ചു നില്ക്കുന്ന പോലീസ് സംഘം ചാടി വീഴുന്നു.. നിർത്താതെ വെട്ടിച്ചു പോകുന്ന നായകൻ..
വിസിൽ അടിക്കുന്ന പോലീസുകാരൻ... ബൈക്കിന്റെ നമ്പർ നോട്ട് ചെയ്യുന്ന വേറൊരു പോലീസുകാരൻ.
"റാസ്ക്കൽ.." വേറൊരു പോലീസുകാരന് അമർഷം.. രംഗം അടിപൊളി..
ഇനി സമയംപോലെ അവർ സമൻസ് അയക്കുകയും നായകൻ സമയം പോലെ പിഴ കോടതിയിൽ അടയ്ക്കുകയും ചെയ്തോളും.
ശുഭം.

(ഇങ്ങിനെ ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലാത്ത സീനുകളിൽ പോലീസുകാരുടെ സാന്നിധ്യം കൂടി സിനിമയിൽ ഉൾപ്പെടുത്തി സിനിമയ്ക്ക് പുറത്തുള്ള കേസുകളിൽ നിന്ന് നിർമ്മാതാവിനും സംവിധായകനും നായകനുമൊക്കെ നിഷ്പ്രയാസം ഊരാൻ സാധിക്കുന്നതാണ്.)


വീണ്ടും ശുഭം!!

2013 ഡിസംബർ 2, തിങ്കളാഴ്‌ച

സാക്ഷി

ലിയ മരങ്ങളിൽ അള്ളിപ്പിടിച്ചു കയറുന്നത് അപ്പുവിന് എന്നും വലിയ ഇഷ്ടമായിരുന്നു.
മധുരമൂറുന്ന ചക്ക പഴുത്തുകിടക്കുന്ന വലിയ പ്ലാവിൻ കൊമ്പിൽ.. ആഞ്ഞിലി ചക്ക വിളഞ്ഞു പഴുത്തുകിടക്കുന്ന ഉയരമുള്ള അയിനിമരത്തിൽ.. നിറയെ ഞാവൽപ്പഴം ചുവന്നു തുടുത്തു കിടക്കുന്ന ഞാറമരക്കൊമ്പിലുമൊക്കെ ഒരു അണ്ണാൻ കുഞ്ഞിനെപ്പോലെ അവൻ ഓടിച്ചാടി കയറും.

സ്കൂളില്ലാത്ത അവധി ദിവസങ്ങളിൽ മാത്രം നേരത്തേ ഉണരാറുള്ള അപ്പുവിന് ചെയ്തു തീർക്കാൻ ഒത്തിരി കാര്യങ്ങളുണ്ടാവും.
നിറയെ പ്ലാവുകളുള്ള തൊടിയിലൂടെ പഴുത്ത ചക്കയുടെ മണം തേടി നടക്കണം, അമ്മിണി ആടിനെയും കുഞ്ഞുങ്ങളെയും കാട്ടിൽ തീറ്റാൻ കൊണ്ടുപോണം, അവർക്കൊപ്പം കളിക്കണം.. മരത്തേൽ ഞാന്നുകിടക്കുന്ന കാട്ടുവള്ളികളിൽ ഊഞ്ഞാൽ ആടണം.. സത്യത്തിൽ അന്നവന് തിരക്കോട് തിരക്കുതന്നെയാണ്.

ചിലനേരങ്ങളിൽ പറമ്പിലെവിടെയെങ്കിലും നിന്ന് വലിയ ഒച്ച കേൾക്കുമ്പോൾ ആധിയോടെ അവന്റെ അമ്മ നീട്ടിവിളിക്കും. ''അപ്പൂ അപ്പൂ.."
''കൂയ്.. ഞാൻ ഇവിടെയുണ്ടേ....'' പറമ്പിലെ ഉയരമുള്ള ഏതെങ്കിലും മരക്കൊമ്പിലിരുന്ന് അവൻ നീട്ടിക്കൂവി വിളി കേൾക്കുമ്പോഴേ പാവം അവന്റെ അമ്മയുടെ ആധി മാറുകയുള്ളൂ..
"വീണു കയ്യോ കാലോ ഒടിച്ചിട്ട്‌ ഇങ്ങു വന്നേക്ക്.. ഞാൻ നോക്കില്ല.. പറഞ്ഞേക്കാം." അവനെ ശകാരിച്ചുകൊണ്ട് അവർ അകത്തേക്ക് പോകും.

മരകൊമ്പിലിരുന്നുതന്നെ ചക്കയും മാങ്ങയും പറിച്ചു തിന്ന് വിശപ്പടക്കി  വരാറുള്ള അപ്പുവിനെ തേച്ചു കുളിപ്പിച്ചെടുക്കുക അവർക്ക് നന്നേ പ്രയാസമുള്ള ജോലിയായിരുന്നു.

      തിവുപോലെ അന്നും ആടുകളെ തീറ്റാൻ വേണ്ടി അവൻ കാട്ടിലേക്ക് പോയി. വന്യമൃഗങ്ങൾ പതിയിരിക്കാത്ത തികച്ചും ശാന്തമായ കാട്. വള്ളിക്കെട്ടുകൾ നിറഞ്ഞ വലിയ മരങ്ങൾ.. തവളകൾ ബഹളം കൂട്ടുന്ന, തഴക്കാടുകൾ തിങ്ങിയ ചതുപ്പ്.. ചെറിയ അരുവി.. കാട്ടു ചെടികൾ പല വർണ്ണങ്ങളിൽ വിരിഞ്ഞു നില്ക്കുന്നു. ഇടയ്ക്കിടെ തെളിഞ്ഞ പുൽത്തകിടികൾ. അപ്പുവിനെ ഭയപ്പെടുത്തുന്ന യാതൊന്നും ആ കാട്ടിൽ ഉണ്ടായിരുന്നില്ല.

ആട്ടിൻ കുട്ടികൾ പുൽമേടിൽ തുള്ളിക്കളിക്കുവാനും അമ്മിണിയാട് പച്ചില തിന്നുവാനും തിരക്കിട്ടു. ചില സമയങ്ങളിൽ അമ്മയെ അനുകരിച്ച് കുഞ്ഞാടുകൾ പച്ചില കൂമ്പിന്റെ രുചിനോക്കി.
അപ്പുവാകട്ടെ ഉയരമുള്ള മരക്കൊമ്പിലിരുന്നു കാലാട്ടി രസിച്ചു. പിന്നെ കാട്ടുവള്ളികൾ മെത്തകെട്ടിയ മരക്കൊമ്പിൽ കേറിക്കിടന്ന് കൗതുകത്തോടെ അകലങ്ങളിലേക്ക് കണ്ണെറിഞ്ഞു.

കൂവിയാൽ തിരിച്ചു കൂവുന്ന വലിയ കുന്നുകൾ തമ്മിൽ തമ്മിൽ തോളോട് തോൾ ചാരിനില്ക്കുന്നു... അതിനും മേലെ ഉയരത്തിൽ പറക്കുന്ന പക്ഷികൾ.. ഒരു കുഞ്ഞുചിറക് തനിക്കും കിട്ടിയിരുന്നെങ്കിൽ.. അവൻ വെറുതേ ആശിച്ചു.

വലിയ കുന്നുകളെ നോക്കി ഒന്ന് ഉറക്കെ കൂവാൻ അവന്റെ മനസ്സ് മന്ത്രിച്ചു. ആവേശത്തോടെ കൂവാൻ തയാറെടുപ്പ് നടത്തവെയാണ് പെട്ടന്ന് അവന്റെ കണ്ണുകൾ അത് കണ്ടത്; കളിക്കൂട്ടുകാരനായ കിട്ടുവിന്റെ അമ്മയും സർവ്വോപരി തന്റെ അയൽക്കാരിയുമായ സുലേച്ചി അൽപ്പമകലെ മലയിടുക്കിൽ നിന്ന് വിറക് പെറുക്കുന്നു.

'സുലേച്ചീ..' എന്ന് അവരെ ഉറക്കെ വിളിക്കാനും, താനിവിടെ ഇരിപ്പുണ്ടെന്ന് അറിയിക്കാനും ഒരുവേള അവൻ ശ്രമിച്ചെങ്കിലും പിന്നീട്  മൗനം പാലിക്കുകയും അവരുടെ ചെയ്തികൾ കൗതുകത്തോടെ വീക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു..

വള്ളിക്കെട്ടുകൾക്കിടയിൽ നിന്ന് വിറകുകൾ ആയാസപ്പെട്ട്‌ വലിച്ചെടുക്കുമ്പോൾ കാട് മുഴുവനായും അവരുടെ ശരീരത്തിനൊപ്പം കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു.. കാട്ടുചെടികൾ അവരുടെ മുടിയിഴകളിലേക്ക് പല വർണ്ണത്തിലുള്ള പൂവുകൾ പൊഴിച്ചിട്ട് അവരെ കൂടുതൽ സുന്ദരിയാക്കി.

ഇടയ്ക്കിടെ അവർ നിന്നുകിതച്ചു.. മുണ്ടിന്റെ തലയുയർത്തി മുഖവും കഴുത്തും തുടച്ചു.. ഉഷ്ണം നിറഞ്ഞ ശരീരം സ്വയം ഊതി തണുപ്പിച്ചു.. എങ്കിലും അവരുടെ മഞ്ഞനിറമുള്ള ജമ്പർ വിയർപ്പിൽ നനഞ്ഞു കുതിർന്നുകൊണ്ടേയിരുന്നു..

അവരെത്തന്നെ നോക്കിയിരിക്കെ വീടിനടുത്തുള്ള മണിയേട്ടൻ സുലേച്ചിയുടെ അടുത്തേക്ക് നടന്നടുക്കുന്നത് അവൻ കണ്ടു.
അയാൾ എന്തിനാണ് അവിടെ വന്നത്..? അവൻ ആലോചിച്ചു.
അപ്രതീക്ഷിതമായ അയാളുടെ സാമിപ്യം അവരുടെ മുഖത്ത് ആശ്ചര്യം നിറച്ചിരുന്നു. കാട്ടുവള്ളികൾ നിശബ്ദരായി നോക്കിനിന്നു..
അവർ തമ്മിൽതമ്മിൽ നോക്കി നില്ക്കുന്നതും സുലേച്ചി കൂടുതലായി കിതയ്ക്കുന്നതും അവൻ കണ്ടു. അവന്റെയുള്ളിൽ എന്തോ അരുതായ്ക സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ..

അയാൾ അവ്യെക്തമായി അവരോട് എന്തോ സംസാരിക്കുന്നതും, നിഷേധ രീതിയിൽ തലയാട്ടി സുലേച്ചി പിന്നോട്ട് മാറുന്നതും അവൻ കണ്ടു.
ബീഡി ഒന്നുകൂടി ആഞ്ഞുവലിച്ച് അയാൾ അവരിലേക്ക്‌ കൂടുതൽ അടുക്കുകയും കയ്യിൽ പിടിക്കുകയും ചെയ്യുന്നതുകണ്ട് അവൻ ഞെട്ടി.
കുതറി മാറാനുള്ള അവരുടെ പാഴ്ശ്രമത്തെ അയാളുടെ കൈക്കരുത്ത് കീഴടക്കികളഞ്ഞു. എന്നിട്ടും സുലേച്ചി ഉറക്കെ നിലവിളിക്കുന്നതോ ഒച്ചവയ്ക്കുന്നതോ അപ്പു കേട്ടില്ല. പിടിവലികൾക്കിടയിൽ അവരുടെ കയ്യിലിരുന്ന കത്തി എവിടെയോ വീണുപോയിരുന്നു.

എന്തിനായിരിക്കും  അയാൾ സുലേച്ചിയെ ആക്രമിക്കുന്നത്..?
അവന്റെയുള്ളിൽ വല്ലാത്ത ഭീതിനിറഞ്ഞു..
ഉറക്കെ നിലവിളിക്കണമെന്ന് അവന് തോന്നി.. പക്ഷേ ഒച്ച ഒരിത്തിരിപോലും പുറത്തേക്ക് വന്നില്ല. ഒരുപക്ഷേ ഒച്ചയുണ്ടാക്കിയാൽ അയാൾ തന്നെയും കൊല്ലുമെന്ന് അവൻ ഭയപ്പെട്ടു.
പേടിയോടെ കണ്ണുകൾ ഇറുക്കിയടച്ച് കാട്ടുവള്ളികൾക്കിടയിൽ മുഖം ഒളിപ്പിച്ച് അവൻ അനങ്ങാതെയിരുന്നു. അവന്റെ ശരീരത്തിന്റെ വിറയൽ കാട്ടുവള്ളികൾ ഏറ്റെടുത്തു..

അവന്റെ മനസ്സിലേക്ക്‌ പഴയ ചില ചിത്രങ്ങൾ ഓടിയെത്തി.. പലപ്പോഴും വേലിക്കൽ നിന്ന് സുലേച്ചിയും മണിയേട്ടന്റെ  അമ്മുവേച്ചിയും വഴക്ക് കൂടുന്നത് അവൻ കണ്ടിട്ടുണ്ട്. പക്ഷേ എന്തിനാണ് അവർ തമ്മിൽ വഴക്ക് കൂടുന്നതെന്ന് അവന് നിശ്ചയമില്ലായിരുന്നു. സുലേച്ചിയുടെ വാസുവേട്ടൻ കുറച്ചു വർഷങ്ങൾക്ക്  മുന്നേ അപസ്മാരം ഇളകി വെള്ളത്തിൽ വീണു ചത്തുപോയതാണെന്ന് അമ്മ പറഞ്ഞിട്ടുള്ളത് അവൻ ഓർത്തു.

'സുലേച്ചിയും മണിയേട്ടനും തമ്മിൽ എന്തോ ഉണ്ടെന്ന്' അമ്മ അച്ഛനോട് അടക്കം പറയുന്നതും 'നിനക്ക് വേറെ പണിയൊന്നും ഇല്ലെടി' എന്ന് അച്ഛൻ അമ്മയോട് ചോദിക്കുന്നതും അവൻ കേട്ടിട്ടുണ്ടെങ്കിലും അതിന്റെ അർത്ഥം തിരിച്ചറിയാനുള്ള പ്രായം അപ്പുവിന് ആയിട്ടില്ലായിരുന്നു.

അമ്മുവേച്ചിയോട് സുലേച്ചി വഴക്ക് കൂടുന്നത് കൊണ്ടായിരിക്കും അയാൾ അവരെ ഉപദ്രവിക്കുന്നതെന്നും, ചിലപ്പോൾ അയാൾ സുലേച്ചിയെ കൊന്നിട്ടുണ്ടാകുമെന്നും അവൻ ഭയപ്പെട്ടു.

എത്രനേരം ആ ഇരുപ്പിരുന്നുവെന്ന് അവന് നിശ്ചയമില്ല..
തെല്ലു ഭയപ്പാടോടെ കണ്ണുതുറന്നു നോക്കിയ അപ്പുവിന് ഒരുകാര്യം മാത്രം മനസിലായി;
സുലേച്ചിയെ അയാൾ കൊന്നിട്ടില്ല.!!
കൊന്നിട്ടില്ല..!!
കാലുകൾ ഒരുവശത്തേക്ക്‌ മടക്കി നിലത്തിരുന്ന് മുടി വാരികെട്ടുകയും വിയർപ്പ് നിറഞ്ഞ  ജമ്പറിന്റെ കൊളുത്തിടുകയും കുത്തഴിഞ്ഞ മുണ്ട് നേരെയാക്കുകയും ചെയ്യുന്ന സുലേച്ചിയെ അത്ഭുതത്തോടെ അവൻ നോക്കിയിരുന്നു.. അവരുടെ ചുണ്ടുകളിൽ ഒരു ഗൂഢസ്മിതം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

ചുണ്ടത്ത് എരിയുന്ന ബീഡിക്കൊപ്പം മറ്റെന്തൊക്കയോ കൂടി അയാളിൽ എരിഞ്ഞു തീർന്നതും സത്യത്തിൽ അപ്പുവും അമ്മിണിയാടും അറിഞ്ഞതേയില്ല..
അല്പ്പനേരം കഴിഞ്ഞ് മുണ്ട് മാടിയുടുത്ത് ഒരു വിജയിയെപ്പോലെ അയാൾ നടന്നകന്നു..
ഒന്നും സംഭാവിക്കാത്തതുപോലെ സുലേച്ചി വീണ്ടും കാട്ടുവള്ളികളെ കുലുക്കിചിരിപ്പിച്ചു..

ശരീരത്തിലെ വിറയലും നിക്കറിലെ നനവും ഒരു ഭയപ്പാടിന്റെ ബാക്കിപത്രമായ് അവനിൽ അവശേഷിച്ചു. എങ്കിലും അവന് ആശ്വസിക്കാനുള്ള വകയുണ്ട്; പാവം സുലേച്ചിയെ അയാൾ കൊന്നില്ലല്ലോ..!!

2013 നവംബർ 30, ശനിയാഴ്‌ച

ആണുങ്ങടെ അടുക്കള

 
ആണുങ്ങടെ അടുക്കള


2005- 2006 കാലഘട്ടം..
ഇനിയെന്ത് എന്ന ചോദ്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു... എവിടെ നോക്കിയാലും വലിയ ശ്മശാന മൂകത.. എനിക്ക് എന്നോടുതന്നെ തോന്നിത്തുടങ്ങിയ വെറുപ്പിന്റെ തോത് ദിവസംതോറും കൂടിക്കൂടി വന്നുകൊണ്ടിരുന്നു.

നീണ്ട അഞ്ചു വർഷക്കാലത്തെ എന്റെ ആത്മാർത്ഥ പ്രണയത്തിന് 'സോറി' എന്ന ഒറ്റ വാക്കുകൊണ്ട് അവൾ തിരശീല ഇട്ടു തന്നപ്പോൾ, എന്റെ പകലുകൾക്ക് ഇരുട്ടിനേക്കാൾ കറുപ്പ് ബാധിച്ചിരിക്കുന്നു എന്ന് തോന്നി.
വേദനകൾ കുഴൽ കിണറുകളേക്കാൾ ആഴം മനസ്സിൽ തീർത്ത ദിനരാത്രങ്ങൾ..

ഉറക്കമിളച്ചിരുന്ന് അവൾക്കുവേണ്ടി വരച്ചുകൂട്ടിയ റെക്കോർഡ്‌ ബുക്കുകൾക്കുള്ളിലിരുന്ന് പാറ്റയും പല്ലിയും തവളയുമൊക്കെ എന്നെ നോക്കി പല്ലിളിച്ചു പരിഹസിക്കുന്നതായി എനിക്ക് തോന്നി.. പാഞ്ഞടുക്കുന്ന പരിഹാസ ശരങ്ങൾക്ക് നടുവിൽ നിസ്സഹായനായി നില്ക്കുക അത്ര എളുപ്പമല്ല. 

ഓർമ്മകൾ വേദനകൾ മാത്രം തരുന്നു എന്ന തിരിച്ചറിവ്, പിന്നീടുള്ള ദിവസങ്ങളിൽ മറ്റൊരിടം തേടുന്നതിന് വല്ലാതെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പലായനം കൊതിച്ച രാത്രികൾ..

അങ്ങിനെ തീരുമാങ്ങൾക്കൊടുവിൽ പുതിയൊരു ജീവിത ചക്രം തിരിക്കുന്നതിനു വേണ്ടി വീടിനോടും നാടിനോടും യാത്ര പറഞ്ഞ് ബാഗും തൂക്കി പതിയെ പടിയിറങ്ങുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു... പുറംതിരിഞ്ഞു നടക്കുന്നവന്റെ കണ്ണുകൾ നിറയുന്നത് ആരും കാണില്ലെന്ന്  ഉറപ്പുള്ളതുകൊണ്ട് തുടച്ചില്ല. വീണുടയട്ടെ.. ആ മണ്ണിലും എന്റെ മനസ്സിലും അതിന്റെ നനവ്‌ ഇനിയും അവശേഷിക്കട്ടെ എന്നാഗ്രഹിച്ചു.

യാത്ര പറഞ്ഞ് പോരുമ്പോൾ മറ്റൊന്നുകൂടി ഞാൻ കൂടെ കൊണ്ടുപോന്നു.  പ്രണയവും സ്വപ്നങ്ങളും നിത്യശാന്തി കൊണ്ടുറങ്ങുന്ന എന്റെ പ്രീയപ്പെട്ട ഡയറി കുറിപ്പുകൾ..
(എഴുത്തും വായനയും അറിയുന്നവർ വീട്ടിൽ ഉണ്ടെന്നുള്ള ഒറ്റ ഭയം കൊണ്ടാണ് ഞാനത് കൊണ്ടുപോന്നത്)
ആ കാലയളവിൽ, ഏതാണ്ട് പത്തു വർഷത്തോളം ഞാൻ മുടങ്ങാതെ ഡയറികുറിപ്പുകൾ എഴുതിയിരുന്നു. പ്രണയവും സ്വപ്നങ്ങളും വേദനകളും സമം ചേർത്തെഴുതിയ ആ  ഡയറി കുറിപ്പുകളെ അഗ്നിയിൽ ലയിപ്പിക്കാൻ പലവട്ടം തോന്നിയിട്ടുണ്ടെങ്കിലും അത്  ഭദ്രമായി ഇന്നും എന്റെ കയ്യിൽതന്നെയുണ്ട്.

മഞ്ഞു പൊഴിക്കുന്ന ഗ്രാമത്തിന്റെ നനുത്ത പ്രഭാതങ്ങൾ മാത്രം കണ്ടുണർന്നിരുന്ന എന്റെ കണ്ണുകൾക്കും ശരീരത്തിനും പതിയെ പതിയെ കോഴിക്കോടിന്റെ ഉഷ്ണം നിറഞ്ഞ പകലിനോടും രാത്രിയോടും  പൊരുത്തപെടേണ്ടി വന്നു..

കാലക്രമേണ കാലമെന്നെ സ്വന്തം വീട്ടിലെ  വിരുന്നുകാരനാക്കിയതും, ഈ നഗരം എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയതും ഒരുപക്ഷെ നല്ല നിമിത്തങ്ങളാവാം..

നഗരത്തിന്റെ ശബ്ദ കോലാഹലങ്ങളിൽ നിന്ന് അല്പ്പം മാറി, പുതിയ സൗഹൃദങ്ങൾ കാത്തിരിക്കുന്ന വീട്ടിലേക്ക് അതിഥിയായ് ചെന്ന ഞാൻ പതിയെ പതിയെ അവരിലൊരാളായ്... അവരായ്.. അവർക്കൊപ്പമായ്.

ഇന്നും മുറിയാത്ത, മുറിയണമെന്ന് സ്വപ്നത്തിൽപോലും ആഗ്രഹിക്കാത്ത സൗഹൃദങ്ങൾ.. ഇപ്പോഴും കൂടെയുള്ളതും  ഒരു ഫോണ്‍ കോൾ ദൂരത്തിൽ ഉള്ളവരുമായ എത്രയോ അധികം ബന്ധങ്ങൾ..

അവിടെവച്ചാണ് ഞാനെന്റെ പഴയ നോവുകൾ മറന്നത്.. അവിടെവച്ചാണ് ഞാൻ പുതിയ പ്രണയത്തെ നെഞ്ചോടു ചേർത്തത്.. അവിടെവച്ചുതന്നെയാണ് ഞാൻ ചിലവുകൾക്കുള്ള പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ഹോസ്റ്റലിലെ മെസ്സ് ഏറ്റെടുത്തതും കൂട്ടത്തിൽ ഭക്ഷണം വയ്ക്കാൻ പഠിച്ചതും. പറഞ്ഞുവന്നാൽ ഞാനും ഒരു കുക്ക് ആയി എന്നുതന്നെ.
(എന്റെ ക്ലാസ്സ്‌ സമയവും പാർട്ട്‌ ടൈം ജോലിയും ഒരിക്കലും പൊരുത്തപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്‌.)
ഹോസ്റ്റൽ ജീവിതം തുടങ്ങിയ സമയത്ത് ഭക്ഷണം ഉണ്ടാക്കിത്തരാൻ അവിടെ ആളുണ്ടായിരുന്നു. അദ്ദേഹം പോയതിൽ പിന്നെ പുതിയൊരാൾ വന്നു. ഇങ്ങനെ 'പോക്കുവരവുകൾ' മാറി 'പോക്ക്' മാത്രമായപ്പോൾ എനിക്കും എന്റെ സുഹൃത്തിനും കൂടി അടുക്കള ഏറ്റെടുക്കേണ്ടിവന്നു എന്ന് പറയുന്നതാവും കൂടുതൽ ഉചിതം.

രുചിക്കുറവുകൾ ഉണ്ടായിരുന്നു; എങ്കിലും, ഉണ്ണുന്നവനേക്കാൾ ഊട്ടുന്നവന് കിട്ടുന്ന മാനസികമായ സംതൃപ്തി തിരിച്ചറിഞ്ഞതും അവിടെനിന്നാണ്.


രസകരമായ അടുക്കള ചരിതത്തിന്റെ ഏടുകൾ തുറന്നാൽ ചിരിയുടെ മാലപ്പടക്കങ്ങൾ ഒത്തിരിയുണ്ട്. തത്ക്കാലം അതങ്ങിനെ അടഞ്ഞുതന്നെ കിടക്കട്ടെ.

എല്ലാം അവിചാരിതം എന്ന് പറയുന്നത് എത്രശരിയാണ്..!!
അവിചാരിതമായ ആ കണ്ടുമുട്ടൽ പ്രണയത്തിലേക്ക് വേരൂന്നിയത് എത്രവേഗത്തിലാണ്..
നീണ്ടുമെലിഞ്ഞ ആ നീളൻ മൂക്കുകാരിയുടെ അതുവരെ കേൾക്കാത്ത പൊട്ടിച്ചിരി എന്റെ മനസ്സിലും മുഴങ്ങിത്തുടങ്ങി.
തട്ടം മറച്ച ആ പെണ്‍കുട്ടിയോട് ഒറ്റനോട്ടത്തിൽ തോന്നിയ ഇഷ്ടമങ്ങിനെ ഓരോ നിമിഷവും  വളർന്നുകൊണ്ടേയിരുന്നു. അവളോട്‌ ഒന്ന് സംസാരിക്കണം എന്ന് പലപ്പോഴും തോന്നിയിരുന്നുവെങ്കിലും, എനിക്കൊരിക്കലും അതിനു കഴിഞ്ഞിരുന്നില്ല.
സകല ധൈര്യവും ഊറ്റിക്കളയുന്ന പ്രണയം ചാലിച്ച ഒരുതരം നെഞ്ചിടിപ്പ്... പിന്നെ എന്നെക്കാൾ ഉയരക്കൂടുതൽ അവൾക്ക് ഉണ്ടാകുമോ എന്ന ചെറുതല്ലാത്ത ആശങ്കയുംകൂടി ആയപ്പോൾ എന്റെ അവസാനത്തെ പ്രതീക്ഷയും മനസ്സിൽനിന്ന് ചങ്ങല വലിച്ചു.
അവൾ ആരെന്നോ ഏതെന്നോ എന്തെന്നോ അറിയാതെ തന്നെ അകലെനിന്ന് ഒരുനോട്ടം കൊണ്ട് ഞാനെന്റെ പ്രണയത്തെ തലോലിച്ചുകൊണ്ടിരുന്നു.. ഓമനിച്ചുകൊണ്ടിരുന്നു..

അങ്ങിനെ ദിവസങ്ങൾ കടന്നുപോയി.. സ്വപ്‌നങ്ങൾ ഒഴികെ ബാക്കി എല്ലാത്തിനും മാറാല കെട്ടിതുടങ്ങിയെന്നു തോന്നിത്തുടങ്ങിയ ദിവസം,  മുറി വൃത്തിയാക്കുന്ന കൂട്ടത്തിൽ ജനൽ പാളികൾ തുറന്നത് അവളുടെ വീടിന്റെ നേരെ ആയിരുന്നു!!

വീടിന്റെ ഉമ്മറത്ത്‌ തലയിലൊരു ഈറൻ തോർത്തും ചുറ്റി പുസ്തകവും വായിച്ച് അവളങ്ങിനെ ഒരു മനോഹര ശില്പ്പംപോലെ ഇരിക്കുന്നത് എത്രനേരം ഞാനന്ന് നോക്കിനിന്നു എന്ന് അറിയില്ല. 

പിന്നീട് ഹോസ്റ്റലിനോട്  യാത്ര പറഞ്ഞ് ഇറങ്ങുന്നതുവരെ ഒരിക്കൽപോലും ജനൽ പാളികൾ തമ്മിൽ ചേർത്ത് അടച്ചിട്ടില്ല; ഞങ്ങളുടെ.. അല്ല അവളുടെ കൊച്ചുകൊച്ച് കുറുമ്പുകൾ എന്നെ നോവിച്ചിട്ടുപോലും..

ഹോസ്റ്റൽ സൗഹൃദങ്ങൾക്കൊപ്പം ചില നല്ല കൂട്ടുകൾ മതിൽകെട്ടിനു പുറത്തും വേരോടി. അങ്ങിനെയാണ് വീടിനടുത്തുള്ള കുട്ടിപട്ടാളങ്ങളെ പരിചയപ്പെട്ടത്‌.
ചില വൈകുന്നേരങ്ങളിൽ ഓടിയെത്തുന്ന അവരുടെ കോലാഹലങ്ങൾ വളരെ രസകരമായിരുന്നു. പൂർണ്ണ സ്വാതന്ത്ര്യത്തോടെ അവർ മുറികളിൽ ഓടിച്ചാടിനടന്നു, അടുക്കളയിൽ കയറി പുട്ടും പഴവും കഴിച്ചു.

മീശ മുളച്ച ചേട്ടന്മാർ ബാലരമയും പൂമ്പാറ്റയും വായിച്ച് വീണ്ടും വീണ്ടും കുലുങ്ങിച്ചിരിച്ചു. ആറോ ഏഴോ മീറ്റർ മാത്രം നീളമുള്ള മുറ്റത്ത്‌ ഫോറും സിക്സറും പിറന്നു.

പിന്നീട് ആ കുട്ടികളിൽ ഒരാളുടെ സഹായത്തോടെയാണ് ഞാൻ അവളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചത്.

ഇന്നത്തെ കുട്ടികൾ എത്ര തന്ത്രപരമായിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത്.!! 
ഒരുദിവസം രാവിലെ ക്ലാസ്സിൽ പോകാനുള്ള തയ്യാറെടുപ്പോടെ കുളികഴിഞ്ഞ് അല്പ്പവസ്ത്രത്തിന്റെ ബലത്തിൽ നിൽക്കുമ്പോളാണ് അവൻ പടികയറി ഓടിവന്നത്..

ഒറ്റച്ചാട്ടത്തിന് വാതിലിന്റെ പിന്നിലൊളിച്ച എന്റെ തല മാത്രം പുറത്തേക്കു നീണ്ടു. അവനും പെട്ടന്ന് സഡൻ ബ്രേക്കിട്ടു. അവന്റെ കയ്യിൽ നീട്ടിപിടിച്ച ഒരു കഷണം കടലാസ്.. മുഖത്ത് കള്ളച്ചിരി.

"ഇതെന്നതാടാ ജാസിറെ..?"
"ഇങ്ങടെ കുട്ടീന്റെ നമ്പരാ.” അവൻ.

എന്റെ കൈകൾ അസ്ത്രവേഗത്തിൽ അവന്റെ നേരെ നീണ്ടു. പക്ഷെ അവന്റെ കൈ അതിലും വേഗത്തിൽ പിൻവലിഞ്ഞു.

"ഇങ്ങള് എനക്ക് ചെലവ് ചെയ്യണം. എങ്കിലേ തരൂ. ചെയ്യുവോ..?" 

"നൂറുവട്ടം സമ്മതം. ചക്കര അതിങ്ങു തന്നെ.." ഹൃദയമിടിപ്പ്വല്ലാതെ നിയന്ത്രണം വിട്ടിരിക്കുന്നു.

"എന്റെ ഉമ്മക്ക് വേണ്ടീട്ടാണെന്നും  പറഞ്ഞാ ഞാൻ നമ്പർ മാങ്ങിയെ. അള്ളാ.. ഓരെങ്ങാനും ചോയിച്ച ഞാൻ കുടുങ്ങും. ഇങ്ങള് കൊയപ്പിക്കല്ലേ.."
അതും പറഞ്ഞ് അവൻ എന്റെ കയ്യിൽ കടലാസ് തുണ്ട് വച്ചുതന്നു. എന്റെ മനസ്സിൽ ഒരായിരം വെള്ളിനക്ഷത്രങ്ങൾ ഒരുമിച്ചു മിന്നി.

"ഇല്ലെട കുട്ടാ.." ഞാൻ അവനെ ആശ്വസിപ്പിച്ചു.

"എന്നാ ശരി.. ചെലവ് മറക്കണ്ട.. ആദ്യം ഇങ്ങള് തുണിയുടുക്ക് മൻഷാ.." അതും പറഞ്ഞ് അവൻ വന്നതിലും വേഗത്തിൽ തിരിച്ചോടി.

പക്ഷേ ഞാനപ്പോഴും ആദ്യം തുണിയുടുക്കണോ അതോ നമ്പർ സേവ് ചെയ്യണോ, അതും അല്ലെങ്കിൽ അവളെ വിളിക്കണോ എന്നറിയാതെ തുണ്ട് പേപ്പറിലേക്കും  നോക്കി അന്ധിച്ചു നില്ക്കുകയായിരുന്നു.

ദിവസങ്ങൾ അങ്ങിനെ കടന്നുപോയി..
എന്നും അതിരാവിലെ 4.30-ന്  അലാറം പതിവ് തെറ്റിക്കാതെ മുഴങ്ങിക്കൊണ്ടിരുന്നു. നല്ല ഉറക്കത്തെ ഒരുഗ്ലാസ് കട്ടൻ കാപ്പിയിൽ തളച്ചിട്ട് അന്നത്തെ പണികളുടെ തിരക്കിലേക്ക് ഞങ്ങൾ പതിയെ ഊളിയിടും. രാവിലത്തെ ബ്രേക്ക് ഫാസ്റ്റിനു പുട്ടും ഇഡലിയും  ഉപ്പുമാവും ഊഴമനുസരിച്ച് മാറി മാറി വന്നു; പല പല രൂപത്തിൽ.

രാത്രിയിൽ ചോറ് ബാക്കി ആയാൽ മാത്രമേ അടുക്കളയിൽ ഇഡലിക്ക് സ്ഥാനം കിട്ടിയിരുന്നുള്ളു. ഉച്ചയ്ക്കത്തെ ചോറിന്റെ പണികളും രാവിലെ തന്നെ തീർക്കും. ഇതെല്ലം കഴിഞ്ഞിട്ട് വേണം ക്ലാസ്സിന് പോകാൻ.


ഭക്ഷണം കഴിക്കാൻ എടുക്കുന്ന പാത്രങ്ങൾ വൃത്തിയായിട്ട് കഴുകി വയ്ക്കണം എന്നാണ് പൊതുവേയുള്ള ഹോസ്റ്റൽ നിയമമെങ്കിലും, അടുക്കളയിൽ അടിഞ്ഞുകൂടുന്ന എച്ചിൽ  പാത്രങ്ങളുടെ എണ്ണം തീരെ കുറവായിരുന്നില്ല. മറന്നതോ മന:പൂർവ്വമായതോ ആയ വീഴ്ച്ചകൾ.. 

രാഗേഷിന്റെ കാർട്ടൂണ്‍ (മാധ്യമം കാർട്ടൂണിസ്റ്റ്) വരയും, സാജിതിന്റെ തടിയും കുലുങ്ങിയുള്ള ചിരിയും, സാവന്റെ ഫുൾടൈം പഠനവും, റിജോയേട്ടന്റെ ഗിറ്റാർ വായനയുമൊക്കെ ഞങ്ങളുടെ ജീവിതത്തിന് ഒത്തിരിയേറെ രസങ്ങൾ പകർന്നു തന്നുകൊണ്ടിരുന്നു. 

ഏറെയുണ്ട് സാജിതിനെ കുറിച്ച് പറയാൻ ..
ഉയരം കുറഞ്ഞ്, നല്ല തടിച്ച ശരീരത്തിന്റെ ഉടമയായിരുന്നു അവൻ.. ഏകദേശം ഒരു നൂറ് നൂറ്റിപത്ത് കിലോ...
IELTS  പഠിക്കുവാൻ വേണ്ടിയാണ് അവൻ കോഴിക്കോട് വന്നത്. രണ്ടുതവണ എട്ടുനിലയിൽ പൊട്ടിയിട്ടാണ് കോഴിക്കോടിനോട് സലാം പറഞ്ഞത്. എങ്കിലും ചിരിക്കുന്ന മുഖത്തോടെ അല്ലാതെ ഒരിക്കൽപോലും അവനെ ഞങ്ങളാരും ഇതുവരെ കണ്ടിട്ടില്ല.

എന്നും അതിരാവിലെ അവനെ വിളിച്ചുണർത്താനുള്ള 'ഭാരിച്ച' ഉത്തരവാദിത്വം ഞങ്ങളുടെതായിരുന്നു.
അമിതമായ തടി കുറയ്ക്കാൻ വേണ്ടി, എന്നും അതിരാവിലെ എഴുന്നേറ്റ് അല്പ്പദൂരം ഓടുന്നത് നന്നാവും എന്ന ഞങ്ങളുടെ ഉപദേശം സ്വീകരിച്ചതുപോലെ, അത് നടപ്പിലാക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവൻ താമസിയാതെ മനസ്സിലാക്കി.

പിന്നീടുള്ള ദിവസങ്ങളിൽ കുംഭകർണ്ണ സേവയിൽ നിന്ന് അവനെ ഉണർത്താൻ ഞങ്ങൾ കണ്ടെത്തിയ മാർഗ്ഗമാണ് ശരീരത്തിൽ തണുത്ത വെള്ളം കോരി ഒഴിക്കൽ..
തണുപ്പ് ശരീരത്തിൽ തട്ടുമ്പോൾ അവൻ ചാടി എഴുന്നേൽക്കും.
അടുക്കളയിൽ കുറച്ചുനേരം ചുറ്റിപറ്റി നിന്നിട്ട് അവൻ ഓടാൻ പോകും. ഇങ്ങിനെ എന്നും ഓടാൻ പോയിട്ടും ശരീരത്തിന്റെ ഭാരത്തിന് ഒട്ടും കുറവ് ഉണ്ടായില്ല. പതിനഞ്ചു മീറ്റർ ദൂരെയുള്ള ബസ്സ്‌ സ്റ്റോപ്പിൽ പോയിക്കിടന്ന് ഉറങ്ങിയാൽ എങ്ങിനെയാ അവന്റെ തടികുറയുക !! 

ക്ലാസ്സിൽ പോകും മുൻപ് എന്നും അവൻ വന്ന് ആരെയെങ്കിലും ആലിംഗനം ചെയ്യുക പതിവായിരുന്നു. പക്ഷേ എന്തിനാണ് അവൻ ഇങ്ങനെ ചെയ്യുന്നത് എന്ന് ആർക്കും അറിയില്ലായിരുന്നു...
സ്നേഹ കൂടുതൽ കൊണ്ടാണെന്ന് ഞങ്ങൾ ആശ്വസിച്ചു.. പക്ഷേ ഒരു ദിവസം അവൻ ആ ഞെട്ടിക്കുന്ന സത്യം തുറന്നു പറഞ്ഞു. ഇന്നും അതോർക്കുമ്പോൾ ചിരി പൊട്ടും.

വസ്ത്രം അലക്കുക എന്ന ശീലം അവനു പണ്ടേ ഇല്ല.. അതുകൊണ്ട് അതിന്റെ നാറ്റം അളക്കാൻ വേണ്ടി ഞങ്ങളെ ഒരു പരീക്ഷണവസ്തു ആക്കുകയായിരുന്നു ആ ദുഷ്ടൻ പതിവായി ചെയ്തിരുന്നത്..

തീർന്നില്ല കഥ, ക്ലാസ്സ്‌ കഴിഞ്ഞു വന്നാലുടനെ കക്ഷി പാൻസിന്റെ കൊളുത്ത് അഴിച്ച് താഴേക്ക്‌ ഊർത്തിയിടും. രാവിലെ കുളികഴിഞ്ഞു വന്ന് പതിവുപോലെ അതിന്റെ ഉള്ളിൽ കാലെടുത്തുവച്ച് അരയിലേക്ക് വീണ്ടും വലിച്ചു കയറ്റുംവരെ, പെരുമ്പാമ്പ്‌ തുറയിട്ടതുപോലെ ആ പാൻസ് മുറിയുടെ മൂലയ്ക്കോ സെന്റർ ഹാളിലോ അങ്ങിനെ കിടക്കും. ഇങ്ങനെ ഒരു മടിയനെ ഇനി എവിടെ കണ്ടുമുട്ടാൻ..

ഇതിനിടയിൽ എന്റെ മനസ്സ് കൂടുതൽകൂടുതൽ അവളിലേക്ക്‌ അടുത്തുകൊണ്ടിരുന്നു.. പലപ്പോഴായി അവളെ തേടിയെത്തുന്ന ഫോണ്‍ കോൾ എന്നെക്കുറിച്ച് അറിയുവാനുള്ള അതിയായ ഒരു ആകാംക്ഷ അവളിൽ ഉണ്ടാക്കിയെങ്കിലും, എന്റെ പേരൊഴികെ ബാക്കിയൊന്നും ഞാൻ അവളോട്‌ പറഞ്ഞിരുന്നില്ല. 

എങ്കിലും ഞങ്ങളുടെ സൗഹൃദം ദിവസം ചെല്ലുംതോറും  വളർന്നുകൊണ്ടിരുന്നു.. പിന്നീടൊരിക്കൽ ഞാൻ ആരെന്നും എവിടെയാണ് ഉള്ളതെന്നും പറഞ്ഞപ്പോൾ പുറത്തേക്ക് ഓടിയിറങ്ങി വന്ന് എന്റെ മുറിയുടെ ജനാലയ്ക്കു നേരെ ഒത്തിരിനേരം അവൾ നോക്കിനിന്നത് ഇന്നലെയെന്നോ ആയിരുന്നു എന്നൊരു തോന്നൽ ഇന്നുമെന്നെ വല്ലാതെ വേദനിപ്പിക്കുന്നു..

പിന്നീട് കൂടുതൽ അടുത്തപ്പോഴാണ് അറിയുന്നത് അനാഥ തുല്യമായ ഒരു ജീവിതത്തിന് ഉടമയാണ് ആ പാവം പെണ്‍കുട്ടി എന്നത്. ഉപ്പയും ഉമ്മയും വേറെ വേറെ ജീവിത സുഖങ്ങൾ തേടിപോയപ്പോൾ അവൾക്കും അവളുടെ അനിയനും നഷ്ടമായത് ഒരു ബാല്യവും യൗവ്വനവുമൊക്കെ ആയിരുന്നു. എങ്കിലും ഇടയ്ക്കിടെ ഒന്നോ രണ്ടോ ദിവസങ്ങൾ ഉമ്മയോടൊപ്പം നില്ക്കാൻ അവൾ പോകാറുണ്ട്. 

പ്രായം തളർത്തി തുടങ്ങിയ വല്ല്യുപ്പയുടെ തണലിൽ പരിഭവങ്ങൾ ഉള്ളിലൊതുക്കി അവർ അങ്ങിനെയൊക്കെ..

ചിലനേരങ്ങളിൽ കാരണങ്ങൾ കൂടാതെ എന്നോടവൾ പൊട്ടിത്തെറിക്കും. ഇനി ഒരിക്കലും വിളിക്കരുതെന്നും കാണരുതെന്നും പറയും.. ഒരു വാക്കുകൊണ്ട് പോലും അവളെ നോവിക്കരുതെന്ന എന്റെ ആഗ്രഹം പലപ്പോഴും എന്നെ നല്ലൊരു ക്ഷമാശീലനാക്കിമാറ്റി.

മാസങ്ങൾ വർഷങ്ങൾക്ക് വഴിമാറി കൊടുത്തു. ആരോഗ്യകരമായ ഞങ്ങളുടെ പ്രണയവും അതിനനുസരിച്ച് വളർന്നുകൊണ്ടിരുന്നു; ഒടുക്കം എന്താകും എന്നറിയാതെ തന്നെ. 

ഇത്രയൊക്കെ ആയിട്ടും ഒരിക്കൽപോലും ആ പെണ്‍കുട്ടിയോട് ഞാൻ നേരിട്ട് സംസാരിച്ചില്ല.  അജ്ഞാതമായ ഒരുതരം ധൈര്യകുറവ് എനിക്കൊപ്പം എന്നും ഉണ്ടായിരുന്നു.. പലപ്പോഴും എന്റെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടതും ഈ ഒരു അവസ്ഥതന്നെ ആയിരിക്കാം.

കൊഴിഞ്ഞുവീണ ഒന്നുരണ്ടു വർഷങ്ങൾക്കൊടുവിൽ ഞാനും ആ  വഴിയമ്പലത്തോട് യാത്ര പറഞ്ഞു.. പോകാൻ മാനസികമായി ഒട്ടും ആഗ്രഹമില്ലായിരുന്നെങ്കിലും ഒരു യാത്ര പറച്ചിൽ അനിവാര്യമായിരുന്നു. കാരണം ജീവിതം അപ്പോഴും എവിടെയും എത്താതെ അനന്തമായ് കിടക്കുകയായിരുന്നു.

ഇവിടുന്ന്  ഒരിക്കലും പോകരുതെന്ന അവളുടെ വികാരപരമായ അപേക്ഷയെ സ്വീകരിക്കാൻ തരമില്ലാതെ യാത്ര ചോദിക്കുമ്പോൾ എന്തൊക്കെയോ നഷ്ടപെടുന്നതിന്റെ വേദനയ്ക്ക് ഇത്ര അധികം ആഴമുണ്ടെന്ന് വീണ്ടും ഞാൻ തിരിച്ചറിഞ്ഞു.

കണ്ണുകൾ തമ്മിൽ അകന്നിട്ടും മനസ്സുകൾ തമ്മിൽ ഒരിക്കലും പിരിയാൻ വയ്യാത്ത  ഒരടുപ്പം  ഞങ്ങൾക്കിടയിൽ കൂട് കൂട്ടി. എനിക്ക് പരിശുദ്ധമായ പ്രണയം തന്ന പെണ്‍കുട്ടി.. എന്നും എനിക്കൊപ്പം ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ചവൾ..

ഒരു ദിവസം കാരണങ്ങളൊന്നും കൂടാതെ തന്നെ 'നമുക്ക് പിരിയാം' എന്ന അവിചാരിതമായ അവളുടെ തീരുമാനം കേട്ട് ഞാൻ ഞെട്ടി.
എന്റെ കാൽച്ചുവട്ടിലെ മണ്ണ് പതിയെ തെന്നിനീങ്ങുന്നു.. തെളിഞ്ഞ ആകാശം കറുത്ത മേഘങ്ങളെ വാരിയുടുക്കുന്നു.. തോന്നലുകൾ അങ്ങിനെ പലരൂപത്തിൽ കണ്മുന്നിൽ താണ്ഡവം ആടി.

"എന്തെ ഇപ്പൊ ഇങ്ങിനെ..? എന്റെ ഭാഗത്തൂന്ന് എന്തേലും.. എന്താണേലും പറയൂ.."
അങ്ങേ തലയ്ക്കൽ നീണ്ട മൗനം.. ആകാശത്ത് പറന്നുകൊണ്ടിരുന്ന പക്ഷി കാരണംകൂടാതെ പെട്ടന്ന് ചിറകടി നിർത്തിയതുപോലുള്ള ഒരനുഭവം..
"നമ്മൾ രണ്ടു മതല്ലേ.. ഇത് ഒരിക്കലും നടക്കില്ല.. എനിക്കുവയ്യ അവസാനം സങ്കടപ്പെടുത്താനും സങ്കടപ്പെടാനും. ഇനി ഒരിക്കലും എന്നെ വിളിക്കരുത്. വിളിച്ചാൽ ഞാൻ എന്റെ നമ്പർ മാറ്റും."
എന്റെ മറുപടിക്ക് കാത്തു നില്ക്കാതെ അങ്ങേ തലയ്ക്കൽ ഫോണ്‍ കട്ട്‌ ആയി.
നിശബ്ദതയ്ക്ക് കനം കൂടിക്കൂടി വരുന്നു.. അതുവരെ ഞാൻ കൂട്ടിവച്ച എന്റെ സ്വപ്‌നങ്ങൾ, ശൂന്യത തീർത്ത കറുത്ത പാറകെട്ടുകൾക്ക് മുകളിൽനിന്ന് താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്തു.

എത്ര പിണങ്ങിയാലും, അധികം വൈകാതെ എന്നെങ്കിലും ഒരുദിവസം ഒരായിരം സോറിയും പറഞ്ഞ്  വീണ്ടും ഇണങ്ങാൻ വരാറുള്ള  അവളുടെ സ്വരവും പ്രതീക്ഷിച്ച് ഞാനിരുന്നു. ദിവസങ്ങൾ.. ആഴ്ച്ചകൾ.. മാസങ്ങൾ അങ്ങിനെ കൊഴിഞ്ഞുവീണു.. പക്ഷെ.. ഇതിനിടയിൽ ഒരിക്കൽപോലും അവളുടെ ഫോണ്‍ കോൾ എന്നെത്തേടി വരികയുണ്ടായില്ല.

ഇതിനിടയിൽ പലപ്പോഴും അവളെ തിരിച്ചു വിളിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പ്രതികരണം ഏതുതരത്തിൽ ആയിരിക്കുമെന്ന ആശങ്ക ആ ഉദ്യമത്തിൽനിന്ന് പിന്തിരിയുവാൻ എന്നെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

കാലത്തിനനുസരിച്ച് ജീവിതം പതിയെ മുന്നോട്ടു നീങ്ങി..
മനസ്സിലെ മുറിവുകളുടെ ആഴം അതിനനുസരിച്ച് പതിയെ പതിയെ കുറഞ്ഞു വന്നു.. വീണ്ടും സന്തോഷത്തിന്റെ ദിനങ്ങൾ എനിക്ക് ചുറ്റിനും വലയം തീർത്തു.

പുതിയ ജോലി, പുതിയ സൗഹൃദങ്ങൾ..
എന്റെ ജീവിതത്തോട് തുന്നിച്ചേർത്ത പുതിയ പുതിയ ദിവസങ്ങൾ പഴകിയും നൂലിഴ പൊട്ടിയും അങ്ങിനെ കിടന്നു. എങ്കിലും മരണമില്ലാത്ത ചില ഓർമ്മകൾ എന്നെ എന്നും വേട്ടയാടിയിരുന്നു എന്നുതന്നെ പറയാം.

എന്നെങ്കിലും ഒരു മഴ പെയ്യുമെന്ന് ഞാൻ മോഹിച്ചു.. നനുത്ത കാറ്റ് മഴയ്ക്ക്‌ അകമ്പടി സേവിക്കുമെന്നും, ആ മഴത്തുള്ളികൾ വീണ് ഞാനാകെ നനയുമെന്നും സ്വപ്നംകണ്ടു. മൂടികെട്ടി നില്ക്കുന്ന മഴമേഘങ്ങളെ നോക്കി ഒരു മഴയ്ക്കുവേണ്ടി വെറുതേ യാചിച്ചു.. ഒടുവിൽ ഒരു സായന്തനത്തിൽ ആ മഴ മേഘങ്ങൾ ഹൃദയത്തിലേക്ക് പെയ്തിറങ്ങുകതന്നെ ചെയ്തു.

അതെ.. നീണ്ട ആറു മാസത്തെ ഇടവേളയ്ക്കു ശേഷം അവളുടെ ശബ്ദം വീണ്ടും എന്നെത്തേടി എത്തി..
മനസ്സിലൂടെ ഒരു മിന്നൽ കടന്നുപോയി.. ശബ്ദം അടഞ്ഞു.. വാക്കുകളിൽ അവിടിവിടെ മുറിപ്പാടുകൾ വീണു.
എന്നെ തേടിയെത്തിയ അവളുടെ ശബ്ദത്തിൽ വീണ്ടും പ്രണയം പൂത്തുനിന്നിരുന്നു. എങ്കിലും മറ്റൊരാൾക്ക് അവൾ സ്വന്തമാകാൻ പോകുന്നു എന്ന സത്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. അരുതെന്ന് മനസ്സ് പലവട്ടം പറഞ്ഞെങ്കിലും പിന്നീടും ഞങ്ങൾ കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു..

'നിന്നെ ഹൃദയത്തിൽനിന്ന് പറിച്ച് എറിഞ്ഞുകളഞ്ഞ നിമിഷങ്ങൾ ശപിക്കപ്പെടട്ടെ' എന്നവൾ വിലപിച്ചു.. ചില നേരങ്ങളിൽ 'എന്റെ മനസ്സിൽ കയറികൂടിയ പ്രണയത്തിന്റെ പിശാചാണ് നീ..' എന്ന് കളിയാക്കി ചിരിച്ചു..
അകലുവാൻ കാണിച്ച അതേ ആവേശത്തോടെ വീണ്ടും എന്നോടടുത്ത ആ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കുവാൻ എന്നിലെ പ്രണയത്തിന് തീരെ താത്പര്യം ഉണ്ടായിരുന്നില്ല.

പ്രണയാക്ഷരങ്ങൾ കൊക്കുരുമിയ രാത്രികൾ.. ഞങ്ങൾക്ക് സംസാരിക്കുവാൻ എന്നും നല്ലതേ ഉണ്ടായിരുന്നുള്ളൂ..
വീണ്ടും കാണണം, ഒരിക്കലെങ്കിലും നേരിട്ട് സംസാരിക്കണം എന്നൊക്കെ അവൾ പറയുന്നുണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം ഞങ്ങൾ തമ്മിൽ കാണുവാൻ തീരുമാനിച്ചു.

അങ്ങിനെ ഒരു ശനിയാഴ്ച്ച.. ഉമ്മയെ കാണാൻ മലപ്പുറത്തേക്ക് പോകുന്ന വഴി കോഴിക്കോട് ബസ്‌ സ്റ്റാൻഡിൽ വച്ച് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടി.
ഏത് ആൾക്കൂട്ടത്തിന് ഇടയിൽവച്ചും എനിക്ക് നിഷ്പ്രയാസം തിരിച്ചറിയാൻ കഴിയുന്ന അവളുടെ മുഖം ദൂരെനിന്നും ഞാൻ കണ്ടു. പാലക്കാട് മലപ്പുറം ഭാഗത്തേക്ക്‌ പോകുന്ന ബസ്സുകൾ മാത്രം പാർക്കുചെയ്യുന്ന മൊഫ്യൂസ് ബസ്സ്‌ സ്റ്റാൻഡിന്റെ ഒരു ഭാഗത്ത്‌ തൂണും ചാരി ആകാംക്ഷ സ്പുരിക്കുന്ന മുഖത്തോടെ അവൾ നില്ക്കുന്നു.
എന്നെ കണ്ടതും അവൾ ഓടിവന്നു. തല മറച്ച തട്ടം ഒന്നുംകൂടി നേരെയിട്ട് എന്നെ നോക്കി ചിരിച്ചു. ഞങ്ങൾക്കിടയിൽ സംസാരിക്കുവാൻ ഒന്നും ഉണ്ടായിരുന്നില്ല.. കാരണം, എന്റെ വാക്കുകളൊക്കെ പണിമുടക്ക്‌ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു..

"ഒത്തിരി നേരമായോ വന്നിട്ട്..?" അല്പ്പസമയത്തെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു.
"ഇല്ല.." അവളുടെ സ്വരം
നേരിട്ട് കേൾക്കുന്നത് അന്നാദ്യമായിരുന്നു.
"ഭക്ഷണം കഴിച്ചോ..?"
"ഉം.."
"എങ്കിൽ വരൂ.. തണുത്തത്‌ എന്തെങ്കിലും കഴിക്കാം."
ആൾക്കൂട്ടത്തിനിടയിലൂടെ എനിക്കൊപ്പം തോളുരുമ്മി അവൾ പതിയെ നടന്നു. മൗനം വീണ്ടും കുടപിടിച്ച നിമിഷങ്ങൾ.. നടക്കുമ്പോൾ ഞാനവളെ ഇടം കണ്ണിട്ട്‌ ഒന്നുനോക്കി. ആശ്വാസം.. എന്നെക്കാൾ ഉയരം അവൾക്ക് ഉണ്ടാകുമോ എന്ന തോന്നൽ പമ്പ കടന്നത്‌ ആ നടപ്പിലായിരുന്നു.

ജ്യൂസ് പാർക്കിലെ അടുത്തടുത്ത ഇരിപ്പിടങ്ങളിൽ എനിക്കൊപ്പം അവളിരുന്നു.. തണുത്ത പൈനാപ്പിൾ ജ്യൂസ് പതിയെ കുടിക്കുമ്പോൾ ഇടയ്ക്കിടെ എനിക്കുനേരെ പാഞ്ഞെത്തുന്ന അവളുടെ നോട്ടങ്ങൾ ഒഴിച്ച്  മറ്റൊന്നും ഞങ്ങൾക്കിടയിൽ നിശബ്ദത ഭേദിക്കുവാൻ ഉണ്ടായിരുന്നില്ല.

പുറത്ത് ഉച്ചവെയിൽ തിളച്ചുമറിയുകയാണ്.. കുടിച്ചിറക്കിയ തണുത്ത ജ്യൂസിനും തണുപ്പിക്കുവാൻ കഴിയാതെ എന്റെ ഉള്ളിലിരുന്ന് എന്തൊക്കയോ തിളച്ചു മറിയുന്നു.. ആകെ ഒരവസ്ഥ.

പരിചയമുള്ള മുഖങ്ങൾ ഏതെങ്കിലും തങ്ങളെ തിരിച്ചറിയുന്നുണ്ടോ എന്നവൾ ചുറ്റിനും നോക്കിക്കൊണ്ടിരുന്നു. ആ വലിയ കണ്ണുകളിലെ പേടി കൗതുകത്തോടെ നോക്കിനില്ക്കാൻ എനിക്ക് നല്ല രസം തോന്നി.

എന്തിനാണ് തമ്മിൽ കണ്ടുമുട്ടിയത്‌..? അറിയില്ല.. അറിയില്ല..
ചുറ്റിനും ഉയരുന്ന കലപില ശബ്ദങ്ങൾക്ക്‌ നടുവിലൂടെ നിശബ്ദരായി ഞങ്ങൾ കുറേനേരം നടന്നു; അലക്ഷ്യമായി.

ബസ്സിൽ കയറാൻ നേരം തിരിഞ്ഞുനോക്കിയ അവളുടെ കണ്ണുകൾ നിശബ്ദമായി എന്തൊക്കയോ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു..


  ഞായറാഴ്ച. കിടന്നിട്ട് ഉറക്കം വരുന്നില്ല.. എങ്ങിനെ കഴിയും.. നാളെയാണ് ആ ദിവസം. ഒന്നു വിളിച്ചാൽ മതി, എനിക്കൊപ്പം പോരും എന്നവൾ പറഞ്ഞുകഴിഞ്ഞു.
എന്തുചെയ്യണം എന്നറിയില്ല. കൂടെ കൂട്ടിയാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് ഓർക്കുമ്പോൾ ഉള്ളിൽ വല്ലാതെ ഭയം നിറയുന്നു. വിളിച്ചില്ലെങ്കിൽ എന്നേക്കുമായി അവളെ നഷ്ടപ്പെടും. അസ്വസ്ഥതകൾക്കിടയിൽ എപ്പോഴോ ഉറക്കം എന്നെ ആലിംഗനം ചെയ്തു.

  ശനിയാഴ്ചയുടെ ആവർത്തനം പോലെ തിങ്കളാഴ്ചയും കടന്നുവന്നു. പഴയ അതേ സ്ഥലം. ഇളം വെയിലിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു. പ്രതീക്ഷയുടെ പുതുനാമ്പുകൾ മഞ്ഞുപൊഴിച്ച്  വിടർന്ന് നില്ക്കുന്നു.
എന്തൊക്കയോ തിരിച്ചുകിട്ടിയ സന്തോഷത്തോടെ അവൾ എനിക്കൊപ്പം തൊട്ടുരുമ്മി നടന്നു.. ഒരു തിരിച്ചുപോക്ക് ഇനി ഇല്ലെന്ന് അവൾ കരുതിയിട്ടുണ്ടാവാം.. മൊഫ്യൂസ് ബസ്സ്‌ സ്റ്റാൻഡിലെ തിരക്കിൽനിന്ന് പതിയെ ഞങ്ങൾ പുറത്തേക്കിറങ്ങി..
തിരക്കേറിയ മാവൂർ റോഡിന്റെ അരികിലൂടെ അലസമായി അവൾക്കൊപ്പം നടക്കുമ്പോൾ എന്റെയുള്ളിൽ വലിയൊരു സംഘർഷം നടക്കുകയായിരുന്നു.
ഇനിയുള്ള കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഞാനെടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും എന്റെയും അവളുടെയും ഭാവി... ഒരുവാക്ക് മതി അവളെനിക്ക്‌ സ്വന്തമാകുവാൻ.. ഒരുവാക്ക് മതി അവളെ എന്നേക്കുമായി എനിക്ക് നഷ്ടമാകുവാൻ.. ഒരാൾ ചിരിക്കുമ്പോൾ കൂടെ ഒമ്പത് പേരുടെ കരച്ചിലും കൂടി കേൾക്കേണ്ടിവരും എന്നൊരവസ്ഥ..


യാത്ര അവസാനിച്ചത്‌ എന്റെ ഓഫീസിൽ ആണ്. പലപ്പോഴായി ഫോണിൽക്കൂടി അവൾക്കു ഞാൻ പരിചയപ്പെടുത്തി കൊടുത്തിട്ടുള്ള എന്റെ സ്നേഹിതരുടെ നീണ്ട നിരകണ്ട് അവൾ അന്ധാളിച്ചുപോയി. എന്നിലൂടെ അവർക്കും അവൾ എന്നോ സുപരിചിതയായികഴിഞ്ഞിരുന്നു.
അവിടെനിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.


ഒടുവിൽ എന്നന്നേക്കുമായി അവളെ നഷ്ടപ്പെടുത്തുവാൻ തന്നെ ഞാൻ തീരുമാനിച്ചു. അതാണ്‌ ഉചിതമെന്ന് എനിക്ക് തോന്നി.

'നിനക്ക് വിധിച്ചവനൊപ്പം ഇനിയുള്ള കാലം സുഖമായി ജീവിക്കു..'  എന്ന് അവളോട്‌ പറഞ്ഞപ്പോൾ എനിക്കെന്റെ വേദന മറച്ചുവെക്കാൻ കഴിഞ്ഞില്ല. അവൾക്കു പോകാനുള്ള ബസ്സുകൾ എത്രയെണ്ണം ഡബിൾ ബെല്ലടിച്ചു കടന്നുപോയി എന്ന് നിശ്ചയമില്ല..
അവസാനം നിർബന്ധപൂർവ്വം അവളെ യാത്ര അയക്കുമ്പോൾ വലിയൊരു ശൂന്യതയെ ഞാൻ സ്വയം ആലിംഗനം ചെയ്യുകയായിരുന്നു. അന്ന്
അവൾ തന്നുപോയ ശൂന്യത ഇന്നും അതുപോലെ എനിക്കൊപ്പം ഉണ്ട്.. നികത്തുവാൻ ഒരിക്കലും കഴിയാത്ത വലിയൊരു ശൂന്യത.

NB: വിവാഹ ശേഷം ഒന്നുരണ്ടുതവണ അവൾ വീണ്ടും എന്നെ വിളിക്കുകയുണ്ടായി; എന്റെ വിശേഷങ്ങൾ തിരക്കികൊണ്ട്. ഭർത്താവിനും മോൾക്കുമൊപ്പം അവൾ സുഖമായി ജീവിക്കുന്നു. നല്ല സൗഹൃദമായി ഇടയ്ക്കിടെ ഇനിയും അവളുടെ ഫോണ്‍ കോൾ എന്നെത്തേടി എത്തിയേക്കാം. അപ്പോൾ അവൾക്കു പറഞ്ഞ് കൊടുക്കുവാൻ 'എന്റെ വിവാഹവും കഴിഞ്ഞു' എന്നൊരു ശുഭ വാർത്ത എനിക്ക് കരുതിവെക്കണം.. അത് കേൾക്കുമ്പോൾ അവൾ ഒരുപാട് സന്തോഷിക്കും; തീർച്ച.
പക്ഷെ അറിയില്ല.. ആ ശുഭ വാർത്ത എന്ന് എപ്പോൾ
എങ്ങിനെ എന്നൊന്നും. കാത്തിരിക്കുകതന്നെ.

അന്ന് ഞാൻ തലയിലേറ്റിയ അടുക്കളയുടെ 'സുഖമുള്ള' ഭാരം മാത്രം ഇന്നും എനിക്കൊപ്പമുണ്ട്.. അതും ഒരു സുഖമാണ്.. അത് അങ്ങിനെതന്നെ ഇരിക്കട്ടെ. ഉണ്ടും ഊട്ടിയും ചില സ്വപ്നങ്ങളും എനിക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു..
ഓർമ്മകളുടെ അയവിറക്കലുകൾ ഇനിയും ഞാൻ തുടരട്ടെ... 
-----------------------------------------------------------------
ഇന്ന് 30-11-2013
ചില അത്ഭുതങ്ങൾ സംഭവിക്കുന്നത്‌ ഇങ്ങിനെയൊക്കെയാണ് ..
ഇത് എഴുതിത്തീരും മുൻപ് ഒരിക്കലെങ്കിലും അവളുടെ ശബ്ദം എന്നെത്തേടി എത്തും എന്നുഞാൻ വിശ്വസിച്ചിരുന്നു. അത് സത്യമായി തീർന്നു. നീണ്ട ഒരുവർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്നവൾ വീണ്ടും വിളിച്ചു.. ഒത്തിരി സംസാരിച്ചു.
അവൾ സന്തോഷവതിയായിരിക്കുന്നു.  

എല്ലാം ശുഭമായ് തീരട്ടെ..