2019, ഒക്‌ടോബർ 17, വ്യാഴാഴ്‌ച

വിശുദ്ധ മുഖങ്ങൾ

കൊല്ലം റെയിൽവേ സ്റ്റേഷനിൽ തീവണ്ടി എത്തുമ്പോൾ നേരം വെളുത്തുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. പഴയ ഓർമ്മയിൽ പരതിയാൽ ഏകദേശം 5.45 എന്നാണ് മനസ്സ് പറയുന്നത്.യാത്രയിലുടനീളം കൈവിട്ടുപോകാൻ സാധ്യതയുള്ള ബാഗ് അടുക്കിപ്പിടിച്ചും, ഉറക്കച്ചടവുള്ള കണ്ണുകളെ മയക്കത്തിലേക്ക് കൂപ്പുകുത്താതെ മനസ്സുകൊണ്ട് നിയന്ത്രിച്ചും ഇവിടം വരെ എത്തിയതിന്റെ ആശ്വാസത്തോടെ യാത്രക്കാർക്കൊപ്പം ഫ്ലാറ്റുഫോമിലേക്ക് ഇറങ്ങുമ്പോൾ മനസ്സാകെ അസ്വസ്ഥമായിരുന്നു. കാരണം, തെക്കൻ കേരളവുമായി, പ്രത്യേകിച്ച് കൊല്ലം തിരുവനന്തപുരം  തുടങ്ങിയ പ്രദേശങ്ങളുമായി അധികം യാത്രാ ബന്ധങ്ങൾ ഒന്നുംതന്നെ ഇല്ലാത്ത എനിക്ക് ഞാൻ എത്തിപ്പെടേണ്ട സ്ഥലത്തെക്കുറിച്ച്  വലിയ ധാരണയൊന്നും ഉണ്ടായിരുന്നില്ല. ആകെയുള്ളത് ബാഗിൽ സൂക്ഷിച്ചിരുന്ന അഡ്രസ്സും ഫോൺ നമ്പറും മാത്രമായിരുന്നു.

നഗരപ്രദേശത്തുനിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റർ പരിധിയിലുള്ള ഒരു ഗ്രാമമായിരുന്നു എന്റെ യാത്രയുടെ ലക്‌ഷ്യം. ദീർഘകാലമായി എന്നെ അലട്ടികൊണ്ടിരിക്കുന്ന അലർജി സംബന്ധമായ അസുഖത്തിന് ഒറ്റമൂലി തേടിയുള്ള യാത്ര..

വിജനമായ ആ ഫ്‌ളാറ്റുഫോമിലൂടെ അലക്ഷ്യമായി ഞാൻ കുറച്ചുദൂരം നടന്നു. ഒരു തുടക്കം എന്നത് ഏതൊരു കാലത്തും എനിക്ക് അസ്വസ്ഥത തന്നെയായിരുന്നു. തികച്ചും അപരിചിതമായ ഈ സ്ഥലത്തും ഒരു തുടക്കം കുറിക്കേണ്ടതുണ്ട്. പ്ലാനുകൾ മനസ്സിൽ അവ്യക്തമായി കിടക്കുന്നു..

ഈയാം പാറ്റകൾ വട്ടമിട്ടു പറക്കുന്ന റെയിൽവേ സ്റ്റേഷനിലെ വിളക്കുകാലുകൾക്കും അകലെ ചെറുമഞ്ഞുപുതച്ച് നഗരം പതിയെ നിറം വച്ചുവരുന്നത് എനിക്ക് കാണാമായിരുന്നു. ഞാൻ പതിയെ റയിൽവേ സ്റ്റേഷനു പുറത്തിറങ്ങി നടക്കാൻ തുടങ്ങി. ഏതെങ്കിലും ഒരു ലോഡ്ജ് കണ്ടെത്തുകയാണ് ആ നടപ്പിന്റെ ഉദ്ദേശ്യം. കുളിയും തേവാരവും കഴിച്ച് ആദ്യമൊന്ന് ഫ്രഷ് ആവണം.

കുറച്ചു ദൂരം ആ നടപ്പ് അങ്ങിനെ തുടർന്നെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. അപ്പോഴാണ് എതിർദിശയിൽ, വഴിയുടെ മറുവശം ചേർന്ന് തിടുക്കത്തിൽ ഒരാൾ നടന്നു വരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്. മാന്യമായി വസ്ത്രം ധരിച്ച ഒരു യുവാവായിരുന്നു അയാൾ. അയാളുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അൽപ്പം ഉച്ചത്തിൽ നമ്മൾ മലയാളികളുടെ ആ ശൂ.. ശൂ ശബ്ദം ഞാനും കേൾപ്പിച്ചു. അയാൾ നടന്നുവന്ന അതേ വേഗതയിൽ തന്നെ വഴിയുടെ ഇരുവശങ്ങളിലും ശ്രദ്ധിച്ചുകൊണ്ട് എന്റെ അരികിലേക്ക് വന്നു.

'അടുത്തെവിടെയെങ്കിലും പരിചയമുള്ള ലോഡ്ജ് ഉണ്ടോ' എന്ന് ഞാനയാളോട് ചോദിച്ചപ്പോൾ കുറച്ചേറെ മറുചോദ്യങ്ങളാണ് അയാൾ എന്നോട് ചോദിച്ചത്..

'എവിടുന്നു വരുന്നു..? എങ്ങോട്ടു പോകുന്നു..? എന്താണ് ആവശ്യം..?'

ചുരുങ്ങിയ വാക്കുകളിൽ അയാളുടെ ചോദ്യങ്ങൾക്കെല്ലാം ഞാൻ മറുപടി പറഞ്ഞു.

"അപ്പോൾ നിങ്ങൾക്ക് കുളിച്ചു ഫ്രഷ് ആകാൻ ഒരു റൂം വേണം അല്ലേ..?"..

അൽപ്പനേരം എന്തോ ആലോചിച്ച് നിന്നിട്ട് അയാൾ എന്നോട് പറഞ്ഞു; "കുറച്ചു നേരത്തേക്ക് റൂം എടുത്താലും ഒരു ദിവസത്തെ വാടക അവർക്കു കൊടുക്കേണ്ടിവരും.
ഉം.. നിങ്ങൾ ഓട്ടോ കാശ് കൊടുക്കുമെങ്കിൽ എന്റെ റൂമിൽ പോയി ഫ്രഷ് ആകാൻ സൗകര്യം ചെയ്തുതരാം.."

മറ്റൊന്നും ആലോചിക്കാതെ ഞാൻ തലയാട്ടി.
തികച്ചും അപരിചിതനായ എന്നോട് എത്രവലിയ സഹായമനസ്കതയാണ് അയാൾ കാണിക്കാൻ തയ്യാറായത്..!?

തിടുക്കത്തിൽ തന്നെ അയാൾ കൈകാട്ടി ഒരു ഓട്ടോറിക്ഷ വിളിച്ചു.

വലിയ വഴികൾ പിന്നിട്ട് ഇടവഴികളുടെ കവലകൾ തിരിഞ്ഞ് ഓട്ടോറിക്ഷ അയാൾ പറഞ്ഞ ലക്ഷ്യത്തിലേക്ക് പതിയെ കുലുങ്ങി നീങ്ങാൻ തുടങ്ങി.
തികച്ചും പരിചിതനായ ഒരാളോടെന്നപോലെ അയാൾ എന്നോട് ആ യാത്രയിലുടനീളം സംസാരിച്ചുകൊണ്ടിരുന്നു.

ചെറിയ രീതിയിൽ ടൗണിൽ കോഴിക്കട നടത്തി ജീവിക്കുന്ന ആളാണ് താനെന്നും, വീട് അടുത്താണെങ്കിലും താമസം വാടകയ്‌ക്കെടുത്ത ചെറിയൊരു ലോഡ്ജിലാണെന്നും, ഉപ്പയുമായി സ്വരചേർച്ചയില്ലെങ്കിലും ഉമ്മയെ കാണാൻ ഇടയ്ക്കിടെ അവിടെ പോകാറുണ്ടെന്നും അയാൾ പറഞ്ഞുകൊണ്ടിരുന്നു.

ഒരാവേശത്തിന് അയാളോടൊപ്പം യാത്ര പുറപ്പെട്ടെങ്കിലും കുറച്ചുകഴിഞ്ഞ് ആശങ്കകളുടെ കാർമേഘം മനസ്സിനെ വല്ലാതെ കലുഷിതമാക്കാൻ തുടങ്ങിയിരുന്നു.. എന്ത് ധൈര്യത്തിലാണ് എന്റെ ഈ യാത്ര..??
കൂടെയുള്ള ആൾ കാഴ്ചയിൽ സൗമ്യനാണെങ്കിലും എന്തെങ്കിലും അപകടത്തിലേക്കാണോ എന്നെ കൂട്ടിക്കൊണ്ടു പോകുന്നത്...?
ഒരു പിടിയുമില്ലാത്ത ചേരിപ്രദേശത്തുകൂടിയാണ് യാത്ര... ദൈവമേ.. ആപത്തൊന്നും വരുത്തല്ലേ..

മനസ്സിനെ ആശ്വസിപ്പിക്കാൻ വേണ്ടി ഞാൻ മറുചിന്തകൾ പൊടിതട്ടിയെടുത്തു. ഒന്നാലോചിച്ചാൽ അയാൾക്ക് ഞാനും അന്യനാണല്ലോ.. ആ എന്നെ സഹായിക്കാൻ മനസുകാണിച്ച ആളെ അവിശ്വസിക്കുന്നതുതന്നെ തെറ്റാണ്. പിന്നെന്തിനാണ് അശുഭകരമായ ചിന്തകൾക്കൊണ്ടു സ്വയം വീർപ്പു മുട്ടുന്നത്..

സ്വയം ആശ്വസിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ പഴകി തുരുമ്പിച്ച ഗെയിറ്റും കടന്ന് ഓട്ടോ ലോഡ്ജിന്റെ മുറ്റത്ത് എത്തിയിരുന്നു.. ഓട്ടോക്കാരന് പൈസയും കൊടുത്ത് ബാഗും തൂക്കി അയാൾക്കൊപ്പം പഴക്കം പായൽ ചാർത്തിയ ലോഡ്ജിന്റെ പടികൾ കയറുമ്പോൾ ഹൃദയമിടിപ്പിന്റെ താളം തെറ്റി തുടങ്ങിയിരുന്നു.

ആ ചെറിയ മുറിയിൽ, ആൺ വാസത്തിന്റെ അടുക്കും ചിട്ടയില്ലായ്‌മയും വളരെ പ്രകടമായിരുന്നു. തുണികളൊക്കെ കട്ടിലിൽ വാരിവലിച്ച് ഇട്ടിരിക്കുന്നു.. ഏതൊക്കെയോ മാസികകൾ നിലത്ത് അവിടിവിടെയായി ചിതറിക്കിടക്കുന്നു.. ഒഴിഞ്ഞ മദ്യക്കുപ്പികൾ മുറിയുടെ മൂലയിൽ കൂട്ടിയിട്ടിരിക്കുന്നു.. സിഗററ്റിന്റെയും വിയർപ്പുണങ്ങിയ വസ്ത്രങ്ങളുടെയും കൂടിക്കലർന്ന കെട്ടമണം മുറിക്കുള്ളിൽ തങ്ങിനിന്നിരുന്നു.

ആകപ്പാടെ സ്റ്റേഷൻ കിട്ടാത്ത അവസ്ഥയിലുള്ള എന്റെ നിൽപ്പ് കണ്ടിട്ടാകണം കയ്യിലിരുന്ന ബാഗ് വാങ്ങി അയാൾ മേശപ്പുറത്തു വച്ചു. എന്നിട്ട് പ്രാഥമിക കർമ്മങ്ങളൊക്കെ നിർവ്വഹിച്ച് കുളിച്ചുവരാൻ ആവശ്യപ്പെട്ടു.

മുറിക്കു പുറത്തുള്ള നീളൻ വരാന്തയും കടന്ന്  നാലഞ്ചു സ്റ്റെപ്പ് താഴോട്ട് ഇറങ്ങിയാൽ കാണുന്നതാണ് ബാത്റൂം. ഒരുപക്ഷേ അവിടംവരെ പോയി കാര്യങ്ങളൊക്കെ കഴിഞ്ഞു മടങ്ങിവരുമ്പോൾ എന്റെ ബാഗും എന്നെ കൊണ്ടുവന്ന ആളെയും അവിടെ കണ്ടില്ലെന്ന് വരാം. ഇത് ലോകമാണ്. നമുക്ക് സുപരിചിതമായ ആ നല്ല ലോകമായിരിക്കണം എപ്പോഴും ചുറ്റിനുമെന്ന് ശഠിക്കവയ്യ.. ആളുകളുടെ മനോഭാവം പലതാണ്..

എന്തും വരട്ടെ എന്നൊരു ധൈര്യം മനസ്സ് സ്വയം കൈവരിച്ചു. കൈയിലുണ്ടായിരുന്ന ബാഗും വസ്ത്രങ്ങളും പേഴ്‌സും എല്ലാം അയാളുടെ മുന്നിൽത്തന്നെ വച്ചിട്ട് കുളിച്ചു തോർത്താൻ ഉള്ള ഒറ്റമുണ്ടും ഉടുത്ത് ഞാൻ പുറത്തേക്ക് ഇറങ്ങി.

പിന്നീട് നടന്നതൊക്കെ ശരവേഗതയിൽ ആയിരുന്നു. എല്ലാകാര്യങ്ങളും ഒരുമിച്ചു തീർത്തെന്നവണ്ണം ബാത്റൂമിൽനിന്നും പുറത്തിറങ്ങി മുറി ലക്ഷ്യമാക്കി ഓടി. അവിടെ അടഞ്ഞുകിടക്കുന്ന കതക് എന്റെയുള്ളിൽ ഞെട്ടലുണ്ടാക്കി.! തീർച്ചയായും അയാൾ എന്നെ പറ്റിച്ചു കടന്നു കളഞ്ഞിരിക്കുമോ എന്നൊരു ഭയം.. അങ്ങിനെയൊന്നും സംഭവിക്കരുതേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് കതകിൽ മുട്ടി.. അതിലും ഉച്ചത്തിൽ എന്റെ നെഞ്ചിടിക്കുന്നുണ്ടായിരുന്നു. ഒന്നുരണ്ടുതവണ മുട്ടിയപ്പോഴേക്കും അയാൾ വാതിൽ തുറന്നു.

'അവിശ്വാസത്തിന്റെ കാവൽക്കാരാ നീ പോയി ചത്ത് തുലയൂ' എന്ന് ചിന്തകളോട് കട്ടായം പറഞ്ഞ്, അയാളിലുള്ള പൂർണ്ണ വിശ്വാസത്തെ ഒന്നുകൂടി ഊട്ടി ഉറപ്പിച്ച് ഞാൻ അകത്തേക്ക് കയറിയതും പിന്നിൽ വാതിലിന്റെ കൊളുത്തു വീഴുന്ന ശബ്ദം എന്റെ കാതുകളിൽ വന്നലച്ചു.

വാതിലടഞ്ഞതോടെ മുറിക്കകത്തെ വെളിച്ചമിരുണ്ടു. ചുവരിൽ തെളിഞ്ഞ ബൾബിലെ വെളിച്ചം അഴയിലെ തോരണങ്ങൾക്കു പിന്നിൽ മങ്ങിനിന്നു. എങ്കിലും തമ്മിൽതമ്മിൽ കാണാവുന്ന കാഴ്ചയിലേക്ക് കണ്ണുകൾ വെളിച്ചം  വീണ്ടെടുത്തു. പതിയെ ഞാൻ ചുറ്റിനും ഒന്ന് കണ്ണുകൊണ്ടു പരതി നോക്കി. കട്ടിലിൽ കിടന്ന വസ്ത്രങ്ങളൊക്കെ എടുത്തു മാറ്റി വൃത്തിയാക്കിയിരിക്കുന്നു., മൂലയിൽ ഇരുന്ന ടിവിയിൽ ആർക്കോ കാണാനെന്നവണ്ണം വെസ്റ്റേൺ പോൺ മൂവി പ്ളേ ചെയ്തു വച്ചിരിക്കുന്നു. അതിലെ ചിത്രങ്ങൾ മാറുന്നതിനനുസരിച്ചു മുറിയിലെ വെളിച്ചത്തിനും ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നു..

നെഞ്ചിടിപ്പിന്റെ താളം പിഴച്ചങ്ങിനെ നിൽക്കവേ അയാളുടെ ചുടുനിശ്വാസം എന്റെ മുഖത്തടിക്കാൻ തുടങ്ങുന്നത് ഞാൻ അറിഞ്ഞു.. ഭയത്തിന്റെ നേരിയ തണുപ്പ് കാലിന്റെ പെരുവിരൽ മുതൽ പതിയെ അരിച്ചുകയറാൻ തുടങ്ങിയത് ഞാനറിഞ്ഞു. ഒരടിപോലും പിന്നോട്ട് വെക്കാൻ കഴിയാത്തവിധം പാദം നിലത്ത് ഉറച്ചിരിക്കുന്നു. വല്ലാത്തൊരു അപകടത്തിന്റെ വക്കിലാണ് ഞാൻ നിൽക്കുന്നതെന്ന് എനിക്ക് മനസ്സിലായി. കായികമായൊരു പ്രതിരോധം ഗുണത്തേക്കാൾ ഏറെ ദോഷങ്ങൾ മാത്രമേ വരുത്തൂ എന്നെനിക്കു തോന്നി. ഈ അവസരത്തിൽ പുറത്തെടുക്കാൻ പറ്റിയ ഏറ്റവും നല്ല ആയുധം സാഹചര്യത്തോടുള്ള നിസ്സംഗതയും അവഗണനയും ആണെന് എനിക്ക് തോന്നി.ആ ഒരു ആശയം മനസ്സിൽ തോന്നിയ അതേനിമിഷത്തിൽ തന്നെ  ഞാൻ പിന്നോട്ട് നീങ്ങി മേശപ്പുറത്തുനിന്നും ബാഗെടുത്ത് എന്റെ വസ്ത്രങ്ങൾ ധരിക്കാൻ ആരംഭിച്ചു.

അതുവരെ എരിഞ്ഞുനിന്ന അയാളുടെ കണ്ണുകളിൽ നിരാശപടരുന്നത് എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു. ഒരുതരം കൈവിട്ടുപോയ ഭാവത്തിൽ അയാൾ എന്നെയും നോക്കി കട്ടിലിൽ പോയിരുന്നു. 'ക്ഷീണമുണ്ടെങ്കിൽ ഉറങ്ങി എണീറ്റ് പോയാൽ മതി'യെന്നും 'തിരിച്ചുവരുമ്പോൾ ഇവിടെവന്നു വിശ്രമിച്ചിട്ട് നാളെ രാവിലെ മടങ്ങിയാൽ മതി'യെന്നുമൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു.

ക്ഷീണമൊന്നുമില്ലെന്നും രാവിലെതന്നെ അവിടെ എത്തണമെന്നും പറഞ്ഞ് ഒരുവിധം ബാഗുമെടുത്തു മുറിക്കു പുറത്തിറങ്ങിയപ്പോൾ ആണ് എന്റെ ശ്വാസം ശരിക്കും നേരെ വീണത്.

എന്തുതന്നെയായാലും തിരികെ ടൗണിൽ കൊണ്ടുവന്ന്, പോകേണ്ട സ്ഥലത്തേക്കുള്ള ബസ്സും കയറ്റിവിട്ടാണ് അയാൾ മടങ്ങിയത്..

അന്ന് അപരിചിതമായ പ്രദേശങ്ങളിലൂടെ ബസ്സിലങ്ങിനെ സഞ്ചരിക്കുമ്പോൾ  ഞാൻ വെറുതെ ആലോചിക്കുകയായിരുന്നു; നമ്മൾ ഓരോരുത്തരും അനുയോജ്യമെന്ന് തോന്നുന്ന ഓരോ 'വിശുദ്ധ മുഖങ്ങൾ' ധരിച്ചവരാണ്. അതൊരു മുഖംമൂടിമാത്രമാണ്.. സാഹചര്യങ്ങൾ അനുകൂലമായിവരുന്ന സമയങ്ങളിൽ അഴിഞ്ഞുവീഴാൻ സാധ്യതയുള്ളത്രയും നേർത്ത മുഖം മൂടികൾ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.