2020 ഓഗസ്റ്റ് 31, തിങ്കളാഴ്‌ച

കസ്തൂരി

കുട്ടിക്കാലംതൊട്ടേ കസ്തൂരിക്ക് പാമ്പുകളെ വലിയ ഭയമായിരുന്നു.
പക്ഷേ, പതിവുപോലെ അന്നും ത്രിസന്ധ്യയ്ക്ക് കളപ്പുരയോട് ചേർന്നുള്ള  നാഗത്തറയിൽ വിളക്ക് വെക്കാൻ നേരം അവിചാരിതമായി കാൽപ്പാദത്തിൽ ദംശനമേൽപ്പിച്ച് ഇഴഞ്ഞുനീങ്ങുന്ന കരിനാഗത്തെ കണ്ടിട്ടും ഭയത്തിന്റെ നേരിയ നെരിപ്പോടുപോലും അവളുടെ മനസ്സിൽ പുകഞ്ഞില്ല. നിറയെ വയലറ്റ് പൂക്കൾ വിടർത്തി വയലിറമ്പിലേക്ക് ചാഞ്ഞുനിൽക്കുന്ന അതിരാണി ചെടികൾക്കിടയിലൂടെ ഇഴഞ്ഞിറങ്ങിപോകുന്ന ആ പാമ്പിനെ ഒരുതരം നിർവികാരതയോടുകൂടി തന്നെ അവൾ നോക്കിനിന്നു.

ഒരുപക്ഷേ, കുട്ടിക്കാലത്ത് താൻ മുത്തശ്ശിയുടെ മടിയിൽ തലവച്ചുകിടന്ന് കേട്ടിട്ടുള്ള കഥകളിൽ നിന്നും ഇഴഞ്ഞിറങ്ങി വന്നതായിരിക്കാം  ആ നാഗമെന്ന് അവൾക്ക് തോന്നി. അന്നവർ അവൾക്കു പറഞ്ഞുകൊടുത്തിട്ടുള്ള കഥകളിൽ ഏറെയും ഫണം വിരിച്ചാടുന്ന വലിയ സർപ്പങ്ങളേയും  സർപ്പക്കാവുകളേയും ചുറ്റിപ്പറ്റിയുള്ള കഥകളായിരുന്നു.

"ആ കുട്ട്യേ പേടിപ്പിക്കാനായിട്ട് എന്തിനാ ന്റെ ലക്ഷ്മ്യേ ഇങ്ങിനുള്ള കഥകള് നീ  അവളോട് പറയണേ..?" മുത്തച്ഛൻ ദേഷ്യപ്പെടുമ്പോൾ പല്ലിളകിതീർന്ന മോണകാട്ടി മുത്തശ്ശി കുലുങ്ങിച്ചിരിക്കും.. മുത്തശ്ശിയുടെ ചിരിയും നീലക്കണ്ണുകളും നോക്കിയിരുന്ന് കഥകേൾക്കാൻ എന്തൊരു രസമായിരുന്നു..!

"കഥകള് കേട്ടുകേട്ട് ന്റെ കുട്ടീടെ പേടിയൊക്കെ പമ്പകടക്കും.. നിങ്ങള് കണ്ടോ.." ഇടതിങ്ങിയ തന്റെ മുടിയിഴകളിൽ വിരലോടിച്ച് മുത്തശ്ശി അഭിമാനത്തോടെ പറയും.

"പേടിയത്തറ്റം ണ്ട്.. ന്നാലും മുത്തശ്ശീടെ അടുത്തൂന്ന് കഥകള് കേട്ടില്ലാച്ചാ അവൾക്ക് ഉറക്കം വരത്തില്ലല്ലോ.. പിന്നെങ്ങിനാ ശരിയാവാ.." തെല്ലു നീരസം കലർത്തിയ അമ്മയുടെ വാക്കുകൾക്കോ മുത്തച്ഛന്റെ എതിർപ്പിനോ ഒരിക്കൽപോലും മുത്തശ്ശിയുടെ കഥകളെ കെട്ടിയിടാൻ കഴിഞ്ഞിരുന്നില്ല..

"ഇത്രയേറെ കഥകൾ മുത്തശ്ശിക്ക് എവിടുന്നാ കിട്ടണേ..?
ആരാ പറഞ്ഞു തരണേ..? മുത്തശ്ശിക്കും മുത്തശ്ശി ണ്ടായിരുന്നോ..? എന്നോട് പറ മുത്തശ്യേ.."
ഒരു കുലുങ്ങിച്ചിരിയിലേക്ക് മറുപടി ഒതുക്കി ഒളികണ്ണിട്ടു നോക്കി മുത്തശ്ശി മുറുക്കാനിടിക്കും.

മുത്തശ്ശി പറഞ്ഞുതരാറുള്ള കഥകളിൽ നിന്നൊക്കെ ഇറങ്ങിവരുന്ന വലിയ സർപ്പങ്ങൾ എത്രയോ രാത്രികളിൽ തന്റെ ഉറക്കം കെടുത്തിയിട്ടുണ്ടെന്ന് കസ്തൂരി ഓർത്തു..

പാവം മുത്തശ്ശി.., ഒരിക്കൽ വലിയ പാമ്പുകളെ സ്വപ്നം കണ്ടു പേടിച്ച്  തനിക്ക് പനിപിടിച്ചതിന്റെ പേരിൽ അച്ഛൻ മുത്തശ്ശിയെ വല്ലാതെ ശകാരിച്ചു;
"അമ്മയ്ക്ക് ഈ വയസ്സുകാലത്ത് ന്തിന്റെ കേടാ ഇത്..? കുട്ട്യോളോട് പേടിക്കണ കഥകളാ പറയ്യാ..?? കണ്ടില്ലേ ഓള് പനിച്ചു വിറയ്ക്കണത്.. ഓരോന്നും വരുത്തിവെക്കാ എളുപ്പാ.. ന്നെക്കൊണ്ടൊന്നും പറയിക്കണ്ടാ.. ഓരോരോ ഭ്രാന്തെന്നല്ലാതെ ന്താ പറയ്യാ.."

ആദ്യമായിട്ടാണ് അന്ന് മുത്തശ്ശിയുടെ കണ്ണുകൾ നിറയുന്നത് കണ്ടത്.. പനിച്ചു വിറയ്ക്കുന്ന തന്റെ കട്ടിലിനരുകിലിരുന്ന് ഏറെനേരം മുത്തശ്ശി തലയിൽ തലോടിക്കൊണ്ടിരുന്നു..
"ന്റെ കുട്ടി വല്ലാണ്ട് പേടിച്ചു ല്ലേ..? സാരല്ല്യാ ട്ടോ.... ഒന്ന് ഉറങ്ങിയെണീക്കുമ്പൾക്കും ഒക്കെ ഭേദാവും.."

ക്ഷീണം ബാധിച്ച കണ്ണുകൾ പതിയെ തുറന്ന് മുത്തശ്ശിയെ
നോക്കി 'എനിക്ക് ഒരു കഥകൂടി പറഞ്ഞുതാ മുത്തശ്ശിയേ..' എന്ന് പറയാൻ അവൾക്കു വല്ലാത്ത കൊതി തോന്നി.. പക്ഷേ വാക്കുകൾ എവിടെയൊക്കെയോ പനിച്ചു വിറച്ചു നിന്നതിനാൽ നന്നേ തളർന്ന ഒരു ചിരിമാത്രം ചുണ്ടിൽ വന്ന് വിളറിനിന്നു..

പിന്നെയും എത്രയോ കഥകൾ മുത്തശ്ശി തനിക്കു പറഞ്ഞുതന്നിരിക്കുന്നു.. പക്ഷേ അത് വേറെ ആരും കേൾക്കാതിരിക്കാൻ താനും മുത്തശ്ശിയും പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നുമാത്രം..

അന്നൊരുദിവസം ഇളയച്ഛനൊപ്പം തൊടിയിലേക്ക് ഇറങ്ങിയ മുത്തച്ഛനെ  വിഷം തീണ്ടിയതിന് ശേഷം ഒരിക്കൽപോലും മുത്തശ്ശി തനിക്ക് കഥകൾ പറഞ്ഞുതന്നിട്ടില്ലല്ലോ എന്ന് അവൾ ഓർത്തു.. ആ സംഭവത്തിനു ശേഷം എന്തെന്നില്ലാത്ത ഒരു ഭയം മുത്തശ്ശിയെ വല്ലാതെ അലട്ടികൊണ്ടിരുന്നു..
'ഭാഗ്യംകൊണ്ടാ ജീവൻ തിരിച്ചുകിട്ടിയതെന്ന്' ഉമ്മറത്തിരുന്ന് അച്ഛൻ ആരോടോ അടക്കം പറയുന്നത് താനും കേട്ടിരുന്നു.

"അസത്ത്... വിളക്ക് കൊളുത്താൻ പോയിട്ട് നീ അവിടെ എന്തെടുക്കുവാ.. എടീ കസ്തൂരി..."

കസ്തൂരി ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്നു..

കോലായിൽ തെളിഞ്ഞ നിലവിളക്കിന് മുന്നിൽ നിന്ന് നന്ദേട്ടന്റെ അമ്മ കണ്ണുകൾക്കു മീതെ കൈവിരിച്ച് നാഗത്തറയുടെ ഭാഗത്തേക്ക് സൂക്ഷ്മതയോടെ നോക്കി നിൽക്കുന്നത് ഒഴുകിയിറങ്ങുന്ന കണ്ണുനീരിനിടയിലൂടെ ഒരു മങ്ങിയ ചിത്രം പോലെ അവൾ കണ്ടു.

നന്ദേട്ടൻ അവധികഴിഞ്ഞു പോയതിനുശേഷം ഒരിക്കൽപോലും അമ്മ  തന്നോട് സ്നേഹത്തോടുകൂടി പെരുമാറിയിട്ടില്ലല്ലോ എന്നവൾ സങ്കടത്തോടെ ഓർത്തു... എത്ര സ്നേഹത്തോടെ പെരുമാറിയാലും തന്നോട് പറയാൻ അമ്മയ്ക്ക് എന്നും പരുഷമായ വാക്കുകൾ മാത്രേ ഉണ്ടായിരുന്നുള്ളൂ. എന്തേ തന്നോടിത്ര വിരോധം എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടണില്ല..

"നന്ദേട്ടാ.. എന്നെയും ഒപ്പം കൊണ്ടോകുമോ അങ്ങട്... എനിക്ക് നന്ദേട്ടനൊപ്പം നിന്നാൽ മതി.." ഫോൺ വിളിക്കാൻ നേരം വിതുമ്പലടക്കി എത്രതവണ പറഞ്ഞിരിക്കുന്നു... അപ്പോഴൊക്കെ തടസ്സം പറയാൻ നന്ദേട്ടന് നൂറു നൂറ് കാരണങ്ങൾ കാണും..
ഒരിക്കൽ തന്റെ പിടിവാശിക്ക് മുന്നിൽ നന്ദേട്ടൻ അരസമ്മതം മൂളിയതായിരുന്നു.. "അമ്മേ കസ്തൂരിയെ ഞാൻ എന്റെകൂടെ ബാംഗ്ലൂർക്ക് കൊണ്ടുവന്നാലോ എന്ന് ആലോചിക്കുവാ.. കുറച്ചുനാൾ  അവൾ ഇവ്ടെ എന്റെകൂടെ വന്നു നിക്കട്ടെ.."

"കൂലിയും വേലയും ഇല്ലാണ്ട് ഇവളെ അവിടെ കൊണ്ടോയിട്ട് നിനക്ക് എന്ത് കിട്ടാനാ.. അവൾ ഇവ്ടെ നിക്കട്ടെ... നിക്കൊരു കൈ സഹായത്തിനെങ്കിലും ഉപകാരം ണ്ടാവൂല്ലോ.. വെറുതേ അവിടെ വന്നിരുന്ന് മൂന്നുനേരം വച്ചുവിളമ്പി തിന്നോണ്ടിരുന്നിട്ട് എന്താ പുണ്യം...? എനിക്കാണെങ്കി ദിവസം ചെല്ലുന്തോറും ശരീരത്തിന്റെ ബലം കുറഞ്ഞുകുറഞ്ഞു വരാ.."

"അമ്മ അംബികേച്ചിയോട് കുറച്ചീസം അവിടെ വന്നു നിക്കാൻ പറ.."

"നല്ല കഥന്നെ... അതിന്റൊന്നും ആവശ്യം ഇപ്പോ ഇവിടില്ല്യ... ഇവളിപ്പം നിന്റെകൂടെ  എങ്ങോട്ടും വരണില്ല.. അത്രന്നെ."

അമ്മയെ എതിർക്കാനുള്ള മടികൊണ്ടാണോ അതോ വീണ്ടും താൻ ഈ ആവശ്യം ഉന്നയിക്കുമെന്ന് വിചാരിച്ചിട്ടാണോ എന്നറിയില്ല, നന്ദേട്ടൻ നാട്ടിലേക്ക് വന്നിട്ടിപ്പോൾ മാസങ്ങൾ ഏറെയായിരിക്കുന്നു..
'അവധി കിട്ടണില്ല.. ഇപ്പോ വരാൻ പറ്റുന്ന അവസ്ഥയിലല്ല..'
എത്രയെത്ര കാരണങ്ങൾ..!!
വല്ലപ്പോഴുമുള്ള നന്ദേട്ടന്റെ ഫോൺവിളികളായിരുന്നു ഏക ആശ്വാസം.. അതുമിപ്പോൾ ചുരുങ്ങി ആഴ്ചയിൽ ഒന്ന് വിളിച്ചാലായി.

നന്ദേട്ടന് അവിടെ ഏതോ അടുപ്പക്കാരി ഉണ്ടെന്നും, അവർ ഒരുമിച്ചാണ് ഇപ്പോൾ താമസമെന്നുമൊക്കെയുള്ള നിറം ചേർത്ത കഥകൾ ഒരിക്കൽ ദേവിക അമ്മായി വന്നപ്പോൾ അമ്മയോട് പറയുന്നത് കുറച്ചൊക്കെ താനും കേട്ടിരിക്കുന്നു. അമ്മായിയുടെ മോൻ കൃഷ്ണകുമാറും ബാംഗ്ലൂർ ആണുള്ളത്. പക്ഷേ ഒരിക്കൽപോലും നന്ദേട്ടനോട് അതേക്കുറിച്ചൊന്നും താൻ ചോദിച്ചിട്ടില്ല. ചോദിച്ചിട്ടിപ്പോൾ എന്തിനാണ്..? തന്നോടുള്ള അകൽച്ച ഒന്നുകൂടി കൂടുമെന്നല്ലാതെ മറ്റൊരു ഗുണവും അതുകൊണ്ടു കിട്ടാനില്ലെന്ന് അവൾക്കു നിശ്ചയം ഉണ്ടായിരുന്നു.

താൻ അനുഭവിക്കുന്നതൊക്കെ ഒരു  പാഴ്ജന്മത്തിന്റെ അനന്തിര ഫലങ്ങളാണെന്ന്  അവൾക്കു തോന്നി.
ഒറ്റപ്പെടാതിരിക്കാനും കൊതിതീരെ ഒമാനിക്കാനും ഒരു കുഞ്ഞിനെ പോലും ഈശ്വരൻ തനിക്കു തന്നിട്ടില്ലല്ലോ എന്നവൾ ദുഃഖത്തോടെ ഓർത്തു.
അവസാനിക്കട്ടെ എല്ലാം... കാലിലെ മുറിപ്പാടിൽനിന്നും ഒഴുകിയിറങ്ങിയ രക്തം കട്ടപിടിച്ചിരുന്നു.. ശരീരത്തിന് ആകെയൊരു വിറയൽ..
അവൾ പതിയെ ഭിത്തിച്ചാരി തറയിലേക്ക് ഊർന്നിരുന്നു.. ആകെ ഒരു പരവേശം.. തൊണ്ട നനയ്ക്കാൻ ഇത്തിരി വെള്ളം കിട്ടിയാൽ നന്നായിരുന്നെന്ന്‌ അവൾക്കു തോന്നി..
നാഗത്തറയിൽ തെളിയിച്ച മങ്ങിയ വെളിച്ചത്തിൽ ശരീരത്തിൽ പടരുന്ന നീലനിറം അവൾകണ്ടു.

അച്ഛൻ അമ്മ എന്നും സ്നേഹത്തോടെ കുട്ട്യേച്ചി എന്ന് വിളിക്കുന്ന അനിയൻ കിഷോർ, മുത്തശ്ശൻ, മുത്തശ്ശി, കുഞ്ഞിമാമ എല്ലാവരും അവളുടെ ഓർമ്മയിലേക്ക് ഒരുനിമിഷം ഓടിയണഞ്ഞു. നന്ദേട്ടന് ഇനിയും വരാതിരിക്കാൻ കഴിയില്ലല്ലോ എന്ന് ഒരു വിതുമ്പലോടെ അവൾ ഓർത്തു..
 
ഏതൊക്കെയോ അവ്യക്ത രൂപങ്ങൾ തന്റെ മുന്നിൽ ഉറഞ്ഞു തുള്ളുന്നതായി അവൾക്കു തോന്നി. പറമ്പിലെ വവ്വാൽ മരത്തിൽനിന്നും  കൂട്ടമായി ചിറകടിശബ്ദം ഉയരുന്നതും ആ ശബ്ദം കലപിലകൂട്ടി അകന്നുപോകുന്നതും അവൾ അറിഞ്ഞു. ആ ശബ്ദത്തിനൊപ്പം നാഗത്തറയിലെ വെളിച്ചവും കസ്തൂരിയുടെ ആത്മാവും ശൂന്യതയിൽ അഭയം പ്രാപിച്ചു; എന്നന്നേക്കുമായി.


2020 ഓഗസ്റ്റ് 19, ബുധനാഴ്‌ച

ഉപേക്ഷിക്കപ്പെട്ട നിഴലുകൾ

ഒരിക്കൽ കുറേ നിഴലുകൾ കണ്ടുമുട്ടി.
അവർ പരസ്പ്പരം ചോദിച്ചു; 'നിങ്ങളുടെ സ്വരൂപങ്ങൾ എവിടെ.!!?'
അവർ നോക്കിയപ്പോൾ തങ്ങളിൽ ആർക്കും സ്വരൂപങ്ങൾ ഉള്ളതായി കണ്ടില്ല. അവരിൽ ഒരാൾ പറഞ്ഞു; സ്നേഹിതരേ നമുക്ക് രൂപങ്ങൾ ഇല്ല. കാരണം, നമ്മൾ മരിച്ചവരുടെ നിഴലുകൾആണ്; ഉപേക്ഷിക്കപ്പെട്ട നിഴലുകൾ.