2016, സെപ്റ്റംബർ 20, ചൊവ്വാഴ്ച

പുണ്യാളൻ

നീണ്ടകാലത്തെ പ്രവാസജീവിതത്തിന് എന്നന്നേക്കുമായി തിരശീലയിട്ട ശേഷമാണ് റപ്പായി  വീണ്ടും നാട്ടിലെത്തിയത്. അത്യാവശ്യത്തിന് സമ്പാദ്യമൊക്കെ ആയി. പെണ്മക്കൾ മൂന്നിനേയും നല്ലനിലയിൽ കെട്ടിച്ചു വിട്ടു.. നാലാള് കണ്ടാൽ കുറ്റം പറയാത്ത നല്ലൊരു വീടും വച്ചു. ഇനിയുള്ള കാലം സ്വന്തം നാട്ടിലെ കല്ലും കരിയിലയും ചവിട്ടി തങ്കമ്മയ്ക്കൊപ്പം സ്വസ്ഥമായി ഒന്ന് ജീവിക്കണം.

പക്ഷേ അന്ന് വൈകുന്നേരം പത്രാസ് കാണിക്കാൻ അങ്ങാടിയിലിറങ്ങിയ റപ്പായിക്ക് ഒരുകാര്യം വളരെ വ്യക്തമായി മനസ്സിലായി;  വേമ്പനാട്ടുകായലിൽ പടർന്നുപിടിച്ച ആഫ്രിക്കൻ പായലുപോലെ, കേരളം കീഴടക്കിയ ബംഗാളികൾക്ക് കിട്ടുന്ന വിലപോലും ഒന്നോ രണ്ടോ വർഷംകൂടി നാട്ടിലെത്തുന്ന പാവം പ്രവാസിക്ക് കിട്ടാറില്ല..!!

അയാൾക്ക് ആകെ വിഷമമായി. ഉറ്റചങ്ങാതിമാരായ കിങ്ങിണി മാമനും  വേണുവിനും വച്ചുനീട്ടിയ ഫോറിൻ സിഗരറ്റിന്റെ പാക്കറ്റിനുപോലും വേണ്ടത്ര പരിഗണന കിട്ടിയില്ല.! ഉണ്ണിനായരുടെ കുമ്മട്ടിക്കടയിലും കിട്ടുമത്രേ  ഇത്!! അവരെ കുറ്റംപറഞ്ഞിട്ടു കാര്യമില്ലെന്ന് അയാൾക്കും തോന്നി. ഗൾഫിൽ കിട്ടുന്നതിലും കൂടുതൽ സാധനങ്ങൾ അങ്ങാടിയിലെ കടകളിൽ കിട്ടുമെന്ന സ്ഥിതിയാണല്ലോ ഇപ്പോൾ.!!

ആകെ നിരാശനായ റപ്പായി ഒരുകാര്യം തീരുമാനിച്ചു; ഇവന്മാർക്കുവേണ്ടി  കൊണ്ടുവന്ന വിദേശമദ്യത്തിന്റെ കുപ്പി തത്ക്കാലം എടുക്കണ്ട.. എന്തിനാ വെറുതെ വീണ്ടും നാണം കെടുന്നത്.!

അന്നുരാത്രി അത്താഴവും കഴിച്ച് കെട്ടിയോളുടെ തലയിലെ എണ്ണിയാൽ തീരാത്ത നരച്ചമുടിയും നോക്കി, പാഴായിപ്പോയ യൗവ്വനകാലത്തെ സ്വയം ശപിച്ചു വിഷമിച്ചിരിക്കേ നെഞ്ചിൽ കുത്തുന്ന ഒരു ചോദ്യം അവർ അയാളോട് ചോദിച്ചു;
'നിങ്ങളിനി എന്നാ പോകുന്നേ..??!!'

അയാൾക്ക് ദേഷ്യവും സങ്കടവും സഹിക്കാൻ കഴിഞ്ഞില്ല. പാതിവലിച്ച സിഗരറ്റിന്റെ കുറ്റി ഐ എസ് ആർ ഓ (ISRO) വിട്ട റോക്കറ്റുപോലെ മേലോട്ട് വലിച്ചെറിഞ്ഞ് അലറി;

"ഞാനിനി മേലോട്ടേ പോണുള്ളൂ വൃത്തികെട്ട നശൂലമേ!!!%@#$#.."

കെട്ടിയോൾ സ്വസ്ഥം കൊറിച്ചോണ്ടിരുന്ന ബദാംപരിപ്പിന്റെ കൂട് അയാൾ ഒറ്റത്തട്ടിന് തെറിപ്പിച്ചുകളഞ്ഞു.


നാട്ടിലെത്തിയാൽ രണ്ടു ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ പ്രവാസി മാനസികമായി തയ്യാറായിരിക്കണമെന്ന് അയാൾക്ക് മനസ്സിലായി;

'എന്നാ വന്നേ..??!!'      'എന്നാ പോണേ..?!!'

ഉറക്കം വരാത്ത ആ രാത്രി അയാളെ അസ്വസ്ഥനാക്കികൊണ്ടിരുന്നു.. ഇത്രയുംകാലം  മണലാരണ്യത്തിൽ കിടന്ന് കഷ്ടപ്പെട്ടു സമ്പാദിച്ചിട്ടും നാട്ടിൽ തനിക്കൊരു നിലയും വിലയുമുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ യാതൊരുകാര്യവുമില്ല. എങ്ങിനെങ്കിലും അതിനൊരു അവസരം കണ്ടെത്തണമെന്ന് അയാൾക്ക് തോന്നി.

അങ്ങനെയിരിക്കെ ഞായറാഴ്ച ദിവസം വന്നെത്തി. കുർബ്ബാനമദ്ധ്യേ അച്ചന്റെ ആവർത്തനവിരസമായ പ്രസംഗം കേട്ട് എല്ലാവരും അസ്വസ്ഥരായി ഉറക്കം തൂങ്ങിയിരിക്കേ അയാൾ പള്ളിയാകമാനം കണ്ണോടിച്ചുകൊണ്ടിരുന്നു.
വർഷങ്ങൾക്കൊണ്ട് എന്തൊക്കെ മാറ്റങ്ങളാണ് എല്ലാവരിലും സംഭവിച്ചിരിക്കുന്നത്.. ദിവസവും കണ്ണാടിയിൽ നോക്കുന്നതുകൊണ്ട് അവനവന്റെ  മാറ്റങ്ങൾ മാത്രമേ തിരിച്ചറിയപ്പെടാതെ പോകുന്നുള്ളു എന്ന് അയാൾക്ക് തോന്നി..
ഒരുകാലത്ത് സുന്ദരികളായിരുന്ന ട്രീസയും ലാലിയും ലൂസിയുമൊക്കെ നരവീണുതുടങ്ങിയ മുടിയിഴകൾ സാരിത്തലപ്പുകൊണ്ട് മറച്ച് മൂലയിൽ ചുരുണ്ടുകൂടി ഇരിക്കുന്നു.. മോനിച്ചനും തങ്കച്ചനുമൊക്കെ കഷണ്ടി കേറിയിരിക്കുന്നു. ആയകാലത്ത്  നെഞ്ചുവിരിച്ചു നടന്നിരുന്ന അതികായനായ പിരമിഡ് വർക്കി പരിധിവിട്ട് തള്ളിയ വയറുകാരണം ഇരിക്കാൻ വയ്യാതെ കഷ്ടപ്പെടുന്നു! മാറ്റങ്ങൾ ഭീകരം തന്നെ!!
അയാളൊരു ദീർഘനിശ്വാസം വിട്ടു.

മദ്‌ബഹയുടെ താഴെ ഇടതുവശത്തായി വിശുദ്ധരുടെ രൂപങ്ങൾവച്ചിരിക്കുന്ന ഭാഗത്ത് പുതിയതായി സ്ഥാനം പിടിച്ച അപരിചിതനായ പുണ്യാളനെ റപ്പായി ആകാംക്ഷയോടെ നോക്കി. അയാൾക്ക് ആകെ സെബാസ്ത്യാനോസ് പുണ്യാളനേയും ഗീവർഗീസ് പുണ്യാളനേയും അന്തോണീസ് പുണ്യാളനേയും അൽഫോൻസാമ്മയേയും മാത്രമേ അക്കൂട്ടത്തിൽ പരിചയം ഉണ്ടായിരുന്നുള്ളു.. ആരാലും പെട്ടന്ന് ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ അവരുടെ പിന്നിലായിട്ടായിരുന്നു ആ പുണ്യാളന്റെ  ചെറിയ രൂപം വച്ചിരുന്നത്.

ആരായിരിക്കും ആ പുണ്യാളൻ..?
സഭ വിശുദ്ധരുടെ എണ്ണം കൂട്ടുമ്പോൾ അവരുടെ പേരുകളും ചരിത്രവും കൂടെ രൂപത്തിന്റെ ചുവട്ടിൽ കുറിച്ചിട്ടാൽ വിശ്വാസികൾക്ക് അതാരാണെന്ന് മനസ്സിലാക്കാൻ എളുപ്പമായേനെയെന്ന് അയാൾക്ക് തോന്നി..
എന്തായാലും കാഴ്ചയിൽ സുമുഖനാണ്‌.. അല്ലെങ്കിൽത്തന്നെ പള്ളിക്കുള്ളിലിരിക്കുന്ന വിശുദ്ധരുടെ രൂപങ്ങൾക്കൊക്കെ എന്തൊരു സൗന്ദര്യമാണ്.! ഹോ!!

അച്ചൻ ജീവിത വിശുദ്ധിയെക്കുറിച്ചും ദാനധർമ്മത്തെകുറിച്ചുമൊക്കെ വാതോരാതെ പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ മിന്നലുപോലെ റപ്പായിയുടെ തലയിൽ ഒരു ബുദ്ധിയുദിച്ചു. അയാൾ പതിയെ എഴുന്നേറ്റ് വിശുദ്ധരുടെ രൂപം വച്ചിരിക്കുന്ന ഭാഗത്തേക്ക് നടന്നു. എന്നിട്ട് കത്തിതീരാറായ മെഴുകുതിരികൾ മാറ്റി പകരം പുതിയവ കത്തിച്ചുവച്ച് പുണ്യാളൻമാരെ നോക്കി കുറച്ചുനേരം കൈകൂപ്പി നിന്നു. പിന്നെ കഴുത്തിൽകിടന്ന ഏഴരപ്പവന്റെ സ്വർണ്ണമാല ഊരി പേരറിയാത്ത ആ പുണ്യാളൻറെ കഴുത്തിലണിയിച്ച് കയ്യിൽ മുത്തി കുരിശുവരച്ചു..!!

അതുവരെ പുണ്യാളൻറെ പിന്നിൽ മനസമാധാനത്തോടെ വലകെട്ടിക്കൊണ്ടിരുന്ന എട്ടുകാലി പേടിച്ച് ജനാലവഴി പുറത്തേക്ക് ഓടിപോയി. എല്ലാവർക്കും ആശ്വാസം നൽകിക്കൊണ്ട് അച്ചന്റെ പ്രസംഗം പെട്ടന്ന് നിന്നു. എല്ലാവരും അന്തംവിട്ട് പരസ്പരം നോക്കി.. സ്ത്രീകളുടെ ഭാഗത്തുനിന്ന് 'എന്റെ പുണ്യാളാ ഞങ്ങളെ കാത്തോളണേ' എന്നൊരു പ്രാർത്ഥന ഉയർന്നു..

റപ്പായി എല്ലാവരെയും ഒന്ന് കണ്ണോടിച്ചു നോക്കി. അതിശയവും ബഹുമാനവും മുറ്റിനിൽക്കുന്ന മുഖഭാവത്തോടെ എല്ലാവരും തന്നെയും പുണ്യാളനേയും മാറിമാറി നോക്കുന്നത് അയാൾ കണ്ടു.
ഏറ്റവും പിന്നിൽ ഭിത്തിയും ചാരിയിരുന്ന മോനിച്ചൻ അന്തംവിട്ട് റപ്പായിയെ നോക്കി. ഇയാൾക്കിത് എന്തുപറ്റി!! കഴിഞ്ഞദിവസം ഇരുന്നൂറു രൂപ കടംചോദിച്ചിട്ടു തരാത്തവനാണല്ലോ ഇയാളെന്ന് അയാൾ ഓർത്തു..

"ശ്.. നോക്കെടീ... എന്നാ വലിയ മാലയാ.. കണ്ടിട്ട് കൊതിയാവുന്നു.." അടുത്തിരുന്ന നാത്തൂനെ തോണ്ടി ഏലമ്മ അടക്കം പറഞ്ഞു.

"എന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം ഈ പുണ്യാളൻറെ അനുഗ്രഹമാ.." എല്ലാവരോടുമായി അയാൾ ഉറക്കെ വിളിച്ചുപറഞ്ഞു.
"മനസ്സറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്താ ഈ പുണ്യാളൻ!"
ഭക്തിനിർഭരമായ മിഴികളോടെ അയാൾ മേലോട്ട് നോക്കി..

"അതാരാ..?" അച്ചൻ അതിശയത്തോടെ ചോദിച്ചു.
"അച്ചോ ഇത് നമ്മടെ റപ്പായിച്ചേട്ടൻ. പുള്ളി ദീർഘകാലം അങ്ങ് ഗൾഫിലല്ലാരുന്നോ... ഇടവകേലെ വല്ല്യ മൊതലാളിയാ." ലോനപ്പൻ കപ്പ്യാർ അച്ചനോട് അടക്കം പറഞ്ഞു.

"ഞാനതല്ല ചോദിച്ചത്; ആ പുണ്യാളൻ ഏതാന്നാ..??"
റപ്പായിയും പള്ളിയും ഒന്നടങ്കം ഞെട്ടി!! പത്തുദിവസം മുന്നേ ഇടവകമാറിവന്ന അച്ചനും ആ പുണ്യാളൻ ഏതാണെന്നു  മനസ്സിലായില്ല..
കുറച്ചുമാസങ്ങളായി കണ്ടുപരിചയം ഉണ്ടായിരുന്നെങ്കിലും പുണ്യാളന്റെ പേരെന്താണെന്ന് അവിടെയാർക്കും വല്ല്യ നിശ്ചയമില്ലായിരുന്നു.

"അച്ചോ അത് നമ്മടെ തക്ലേവൂസ് പുണ്യാളനാ..
നേരത്തെ ഇടവകമാറിപ്പോയ ബഞ്ചമിൻ അച്ചന് വിദേശത്തൂന്ന് വന്ന ഏതോ പരിചയക്കാരൻ കൊണ്ടുകൊടുത്തതാ ഈ പുണ്യാളനെ " ഒരുവിധം എല്ലാ പുണ്യാളൻമാരെക്കുറിച്ചും അറിവുള്ള അന്നമ്മച്ചേടത്തി എണീറ്റുനിന്ന് പറഞ്ഞു.

തക്ലേവൂസ്.!
തക്ലേവൂസ്.! തക്ലേവൂസ്.!
ആ പേര് രണ്ടുമൂന്ന് ആവർത്തി അച്ചൻ മനസ്സിൽ ഉരുവിട്ടു..

കുർബാനകഴിഞ്ഞ് സ്വർണ്ണമാലയ്ക്കു കാവല്നിക്കാൻ കപ്പ്യാരെ ചുമതലപ്പെടുത്തിയിട്ട് പള്ളിമേടയിലെത്തിയ അച്ചൻ തക്ലേവൂസ് പുണ്യാളൻറെ ജീവചരിത്രം തപ്പിയെടുത്ത് ഒരാവർത്തി വായിച്ചു. അപ്പോഴാണ് പുണ്യാളനെക്കുറിച്ച് അച്ചന് ഒരു ഏകദേശ ധാരണ കിട്ടിയത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമ്മനിയിൽവച്ചു പീഢകൾ സഹിച്ചു രക്തസാക്ഷിത്വം വരിച്ചതാണ് തക്ലേവൂസ് പുണ്യാളൻ.
അന്ന് ആ നാട്ടിലെ സകല കുടുംബശ്രീയിലും പ്രധാന സംസാരവിഷയം തക്ലേവൂസ് പുണ്യാളനും റപ്പായിയുമായിരുന്നു!.

അന്ന് ഉച്ചയൂണിന് ശേഷം അച്ചൻ കൈക്കാരൻമാരെയും കമ്മിറ്റിക്കാരെയും അടിയന്തിരമായി വിളിച്ചുകൂട്ടി.
"എത്രയും വേഗം ഒരു രൂപക്കൂട് പണിത് പുണ്യാളനെ അതിലേക്ക് മാറ്റണം.. ഈ അവസ്ഥയിൽ പുണ്യാളനെ വെറുതെ ഇങ്ങിനെ വെക്കുന്നത് ശരിയല്ല."

"അതെ അതെ.. വിലപിടിപ്പുള്ള മാലയാ.. വല്ലവനും അടിച്ചോണ്ടുപോയാൽ ആര് സമാധാനം പറയും!!" എല്ലാവരും ഒന്നടങ്കം അച്ചനെ പിന്താങ്ങി. എത്രയും വേഗം രൂപക്കൂട് പണിയാനുള്ള ഏർപ്പാടുകൾ ചെയ്യാൻ കൈകാരന്മാരെ ചുമതലപ്പെടുത്തി.

പിറ്റേന്നു വൈകുന്നേരമായപ്പോഴേക്കും പുണ്യാളന്റെ ഇരിപ്പ് ചില്ലുകൂട്ടിലായി. പുണ്യാളനുവേണ്ടി മാത്രം കത്തിക്കാനുള്ള മെഴുകുതിരി കാലുകളും നിരന്നു.

കുമ്പസാരക്കൂടിന്റെ സമീപം നിന്ന് അച്ചൻ പുണ്യാളനെ നോക്കി.. ദീപാലംകൃതമായ ചില്ലുകൂട്ടിൽ തക്ലേവൂസ് പുണ്യാളൻ തിളങ്ങിനിൽക്കുന്നു.. ഈ ചില്ലുകൂട് ഒരു കല്ലുവീണാൽ തകരുമല്ലോ എന്ന് അച്ചന് തോന്നി..

"അതെ.. കല്ലുവീണാൽ ചില്ലുകൂട് തകരും.. നമുക്ക് ചില്ലുകൂടിനു പുറത്ത് ഒരു ഇരുമ്പുകൂട് കൂടി പണിതു സുരക്ഷിതമാക്കണം..."

കൈക്കാരൻമാരും കമ്മിറ്റിക്കാരുംകൂടി പുതിയ പ്രമേയം പാസാക്കി പിരിഞ്ഞു. അങ്ങിനെ രണ്ടുദിവസം കൊണ്ട് പുണ്യാളന്റെ രൂപം ചില്ലുകൂടോടു കൂടി ഇരുമ്പുകൂട്ടിലേക്ക് മാറ്റപ്പെട്ടു.!

ഇതുവരെ വലിയ പരിഗണനയെന്നും കിട്ടിയില്ലെങ്കിലും ഒരൽപ്പം സ്വാതന്ത്ര്യം തനിക്ക് ഉണ്ടായിരുന്നല്ലോ എന്ന് കൂടുകൾക്കുള്ളിലിരുന്ന് പുണ്യാളൻ സങ്കടത്തോടെ ഓർത്തു. തന്മൂലം തക്ലേവൂസ് പുണ്യാളന് റപ്പായിയോട് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ വന്നു.

പള്ളിയുടെ സമീപം താമസിക്കുന്ന ഉലഹന്നാൻ ചേട്ടന്റെ ഡോബർമാൻ കൂട്ടിൽനിന്ന് അഴിച്ചുവിടുമ്പോഴൊക്കെ പള്ളിക്കു ചുറ്റും ഒരുവട്ടം ഓടുമായിരുന്നു. അതുംകൂടി കണ്ടപ്പോൾ തക്ലേവൂസ് പുണ്യാളനു വല്ലാത്ത സങ്കടമായി.. എങ്ങിനെങ്കിലും ഈ കൂട്ടിൽനിന്ന്‌ പുറത്തുകടക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് പുണ്യാളൻ മനസ്സുകൊണ്ട് ആഗ്രഹിച്ചു..

ശാന്തി തേടി അലയുന്നവർക്ക് ഒരുകാലത്തും പഞ്ഞമുണ്ടാവില്ല എന്നത് സാമ്പത്തികമായി നോക്കിയാൽ തീരെ നിസ്സാരമായൊരു അറിവല്ലെന്ന് അച്ചനും കമ്മിറ്റിക്കാരും തിരിച്ചറിഞ്ഞതോടെ പള്ളിയുടെ വരുമാനത്തിൽ കാര്യമായ ഉയർച്ചയുണ്ടായിക്കൊണ്ടിരുന്നു. റപ്പായി അണിയിച്ച മാലയെ മറച്ചുകൊണ്ട് പിന്നേയും ആടയാഭരണങ്ങൾ പുണ്യാളൻറെ ശരീരത്തിൽ സ്ഥാനം പിടിച്ചു.
ആയിടയ്ക്കാണ് വർഷങ്ങൾക്കു മുൻപ് അപ്പുനായരുടെ നാല് പോത്തുകളെയും അടിച്ചോണ്ട് രായ്ക്കുരാമാനം ആന്ധ്രയ്ക്കു വണ്ടികേറിയ സക്കറിയ മാനസാന്തരം പ്രാപിച്ചു വീണ്ടും നാട്ടിൽ തിരിച്ചെത്തിയത്.

ദിവസങ്ങൾ പിന്നേയും കടന്നുപോയി. നാട്ടിൽപോയിട്ട് സ്വന്തം വീട്ടിൽപോലും പറയത്തക്ക വിലയുണ്ടാകാൻ കഴിയാത്തതിൽ മനംനൊന്ത് റപ്പായി വീണ്ടും ഗൾഫിലേക്ക് മടങ്ങിപ്പോയ അതേ രാത്രിയിൽത്തന്നെ തക്ലേവൂസ് പുണ്യാളന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചുകൊണ്ട് സക്കറിയ വീണ്ടും ആന്ധ്രയ്ക്കുള്ള വണ്ടികേറി.
1 അഭിപ്രായം:

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.