Saturday, July 19, 2014

കുരിശും കോഴിമുട്ടയും അഥവാ നസ്രാണിക്കോഴികൾ

   ങ്ങിനെ നീണ്ട ഇരുപത്തിരണ്ടു ദിവസത്തെ അടയിരിപ്പിനൊടുവിൽ പറക്കമുറ്റാത്ത പന്ത്രണ്ട്  കുഞ്ഞുങ്ങളുമായി അമ്മയുടെ 'ത്രേസ്യാക്കോഴി' അഭിമാനപൂർവ്വം കുട്ടയിൽ നിന്നും പുറത്തിറങ്ങി. പുതിയ ആകാശവും പുതിയ ഭൂമിയും കണ്ടു പാവം കോഴിക്കുഞ്ഞുങ്ങൾ കീയോ കീയോ വച്ചു..

വിശാലമായ മുറ്റത്ത്‌ അമ്മ  വാരി വിതറിയ പൊടിയരിക്ക് ചുറ്റും കളിപ്പാട്ടം കണ്ട കുട്ടികളെപ്പോലെ കോഴിക്കുഞ്ഞുങ്ങൾ ഓടിക്കളിച്ചു.. കുറുകിയ ശബ്ദത്തിൽ മക്കളെ ശകാരിച്ചും കൊഞ്ചിച്ചും തീറ്റയുടെ ബാലപാഠങ്ങൾ തള്ളക്കോഴി കുഞ്ഞുങ്ങൾക്ക്‌ പറഞ്ഞുകൊടുത്തു..
വിരിഞ്ഞപടി  'പി ടി ഉഷയ്ക്ക്' പഠിക്കാൻ ശ്രമിച്ച ചില കുഞ്ഞുങ്ങൾ അടിതെറ്റി  നിലത്തുവീണ് മുട്ടപോലെ ഉരുണ്ടു..

"എത്രദിവസം നീ എവിടെയായിരുന്നു പ്രിയേ..'' പ്രണയപാരവശ്യത്തോടെ കിന്നാരം ചെല്ലാൻ വന്ന അതികായനായ 'വർക്കി'പൂവനെ ഒരു ദയയും കാണിക്കാതെ ത്രേസ്യ കൊത്തിയോടിച്ചു. ചക്കിപൂച്ചയ്ക്കും കിട്ടി നല്ല കൊത്ത്..

'അഞ്ചുപത്ത് അടക്കാകുഞ്ഞുങ്ങളെ കിട്ടിയപ്പോ അവളുടെ ഒരു അഹങ്കാരം കണ്ടില്ലേ'യെന്ന് ഇതുവരെ അടയിരിക്കാൻ ഭാഗ്യം കിട്ടാത്ത മോളിക്കോഴിയും  പൂവാലി ബീനക്കോഴിയും അടക്കം പറഞ്ഞു.
അസൂയക്കാരി.. ഒരിക്കൽ പൊരുന്നാൻ പാകത്തിന് പനിച്ചു വിറച്ചുവന്ന മോളിക്കോഴിയെ അടയിരിക്കാൻ തക്കവണ്ണം പക്വത എത്തിയട്ടില്ലെന്നും പറഞ്ഞ്  അമ്മ തണുത്ത വെള്ളത്തിൽ മുക്കുകയും വാലിൽ കമുകിന്റെ ഉണങ്ങിയ ഓല കെട്ടിവച്ച് വീടിനു ചുറ്റും ഓടിക്കുകയും ചെയ്തിട്ടുണ്ട്. (അന്ന് ഓലയുടെ ഒച്ചകേട്ട് പേടിച്ച് ഓടിയോടി അവളുടെ പൊരുന്ന പമ്പ കടന്നതാ.. പിന്നെയവൾ പൊരുന്നിയട്ടേ ഇല്ല.) 

പക്ഷേ ത്രേസ്യ അതൊന്നും ശ്രദ്ധിച്ചില്ല. തെളിഞ്ഞ നീലാകാശത്തിൽ നിന്നും കഴുകന്റെയോ കാക്കയുടെയോ നിഴൽ തന്റെ ഓമന മുത്തുകൾക്കു മുകളിൽ കരിനിഴൽ പരത്തുന്നുണ്ടോ എന്ന് അവൾ ചരിഞ്ഞും മറിഞ്ഞും നോക്കി.. വർക്കിപൂവനാകട്ടെ ഒരു നിശ്ചിത അകലം പാലിച്ച് കുഞ്ഞുങ്ങളുടെ സുരക്ഷ ഏറ്റെടുത്തു. 

വയറു നിറഞ്ഞ കുഞ്ഞുങ്ങൾ ചൂട് തേടി തള്ളക്കോഴിയുടെ ചിറകിനടിയിൽ പതുങ്ങി.. സകല ജീവജാലങ്ങളുടെയും കുഞ്ഞുങ്ങൾ വികൃതികൾ ആയിരിക്കും. അത് മനുഷ്യരുടെയോ മൃഗങ്ങളുടെയോ വൃക്ഷ ലതാതികളുടെയോ ആയിക്കൊള്ളട്ടെ.. ഒട്ടും വ്യത്യാസമില്ല. കുറുമ്പ് ബാല്യസഹജം തന്നെ.. അമ്മയുടെ ചിറകിനടിയിൽ നിന്ന് അവർ തല പുറത്തേക്കു നീട്ടി.. കീയോ കീയോ.. തമ്മിൽ ലഹള.. ശണ്ട.. ഹോ!!

''ബ ബ ബ.. കോഴി  ബ ബ ബ..''
വിളികേട്ട കോഴിയും കുഞ്ഞുങ്ങളും പൊടിയരി തിന്നാൻ വീണ്ടും അടുക്കളപ്പുറത്തേക്ക് ഓടിയെത്തി.. ചില ശബ്ദങ്ങളെ തിരിച്ചറിയാൻ ആ കുഞ്ഞുങ്ങൾക്കും ഇപ്പോൾ സാധിക്കുന്നുണ്ട്.

"നിങ്ങൾക്ക് ഇങ്ങനെ പള്ള നിറയും വരെ അടുക്കളേന്ന്  വാരിത്തരാൻ എനക്കിനി വയ്യ.. വല്ലതും വേണേൽ നാളെമുതൽ പറമ്പിലിറങ്ങി ചികഞ്ഞോ...."

അവസാനത്തെ പിടി പൊടിയരിയും മുറ്റത്തേക്ക് നീട്ടി വിതറി അമ്മ അകത്തേക്ക് പോയി.. ഒരുമണി അരിപോലും ബാക്കി വെക്കാതെ തള്ളക്കോഴിയും കുഞ്ഞുങ്ങളും മുറ്റം വൃത്തിയാക്കി.
സന്ധ്യമയങ്ങി.. നാളെമുതൽ വീണ്ടും പറമ്പിലിറങ്ങി ചികയണമല്ലോ എന്ന വിഷമത്തോടെ തള്ളക്കോഴിയും, 'എടീ എടീ നമുക്ക് രണ്ട് അമ്മമാരാ ഉള്ളത്. ഒന്ന് നമുക്ക് ചൂടുതരുന്ന ഈ അമ്മയും പിന്നൊന്ന് നമുക്ക് ചോറുതരുന്ന  ആ അമ്മയും' എന്ന് തമ്മിൽ തമ്മിൽ പറഞ്ഞുകൊണ്ട് കുഞ്ഞുങ്ങളും കൂടണഞ്ഞു.

രാത്രിയുടെ ഏതോ യാമത്തിൽ പേടി സ്വപ്നം കണ്ടു ഞെട്ടിയുണർന്ന തള്ളക്കോഴിയോട് ചിറകിനടിയിൽ നിന്ന് തലനീട്ടി ഒരു കുഞ്ഞു ചോദിച്ചു;
"അമ്മേ അമ്മേ.. അതെന്നതാ..? "
കുഞ്ഞ്‌ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് തള്ളക്കോഴി എത്തിനോക്കി. കൂടിക്കിടക്കുന്ന കുറേ മുട്ടത്തോടുകൾ..
"മക്കളെ.. ഇത്രയും നാൾ നിങ്ങൾ അതിന്റെ ഉള്ളിലായിരുന്നു ഉറങ്ങിയത്.. അതിനു ചൂട് നല്കിയാണ് ഞാൻ നിങ്ങൾക്ക് ജന്മം നല്കിയത്."

കുഞ്ഞുങ്ങളുടെ മുഖത്ത് ആശ്ചര്യചിഹ്നം പൊട്ടിവിരിഞ്ഞു.. ചിറകിനടിയിൽ നിന്ന് ഊർന്നിറങ്ങി ഒരുവൾ പൊട്ടിക്കിടക്കുന്ന മുട്ടത്തോടിന് സമീപത്തേക്ക് ഓടി. ഒരുവട്ടം മുട്ടത്തോടിന് ചുറ്റും കൗതുകത്തോടെ നടന്നു.

വെളുത്ത മുട്ടത്തോടിന് പുറത്ത് കരികൊണ്ട് വരച്ച കുരിശുകൾ എന്തിനാണെന്ന് അമ്മയോട് അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
അടവെക്കാൻ എടുക്കുന്ന മുട്ടയ്ക്ക് പുറത്ത് കരികൊണ്ട് കുരിശു വരയ്ക്കുന്നത് എന്തിനാണെന്ന് 'ത്രേസ്യ കോഴിക്കും' അറിവുണ്ടായിരുന്നില്ല. പക്ഷേ ഒന്നറിയാം,  അടുത്ത വീടുകളിലെ പാർവ്വതി ചേച്ചിയും ജാനകി ചേച്ചിയും കദീസ താത്തയും അന്നമ്മ ചേച്ചിയുമൊക്കെ അടവെക്കാൻ നേരം അടുപ്പീന്ന് കരിയെടുത്ത് മുട്ടയ്ക്ക് പുറത്ത് കുരിശു വരയ്ക്കുകയും കുട്ടയിൽ ഇരുമ്പിന്റെ കഷ്ണം വെക്കുകയും ചെയ്യുമായിരുന്നു.

ചില സത്യക്രിസ്ത്യാനികളെപ്പോലെ എന്താണ് കുരിശെന്നും എന്തിനാണ് കുരിശെന്നും 'വലിയ ബോധമൊന്നും' ഇല്ലെങ്കിലും ഒരൽപ്പനേരത്തെ ആലോചനയ്ക്കൊടുവിൽ 'ത്രേസ്യക്കോഴിയും' ആത്മഗതം എന്നവണ്ണം പറഞ്ഞു; "ങാ.. എന്നതാണേലും നമ്മളൊക്കെ കുരിശുവരച്ച് ഉണ്ടായവരാ.."

20 comments:

 1. ചില സത്യക്രിസ്ത്യാനികളെപ്പോലെ എന്താണ് കുരിശെന്നും എന്തിനാണ് കുരിശെന്നും 'വലിയ ബോധമൊന്നും' ഇല്ലെങ്കിലും ഒരൽപ്പനേരത്തെ ആലോചനയ്ക്കൊടുവിൽ 'ത്രേസ്യക്കോഴിയും' ആത്മഗതം എന്നവണ്ണം പറഞ്ഞു; "ങാ.. എന്നതാണേലും നമ്മളൊക്കെ കുരിശുവരച്ച് ഉണ്ടായവരാ.."
  ആത്മഗതം:"എന്നതായാലും നമ്മുടെ യോഗം കുശിനിയിലേയ്ക്കാ മക്കളെ..."
  നര്‍മ്മഭാവന അത്യന്തം രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍.

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി.. :)

   Delete
 2. സരസമായി പറഞ്ഞു.

  ReplyDelete
  Replies
  1. വായനയ്ക്കും അഭിപ്രായത്തിനും നന്ദി :)

   Delete
 3. മുട്ടയില്‍ കുരിശു കാണുന്നതുവരെ അവര്‍ വെറും കോഴികളായിരുന്നു. അതിനുശേഷം അവര്‍ നസ്രാണി കോഴികളായി മാറി. എന്റെ പിഴ... എന്റെ പിഴ... എന്റെ വലിയ പിഴ. വ്യംഗ്യം കൊള്ളാം. ആശംസകള്‍.

  ReplyDelete
  Replies
  1. നമുക്കിടയിൽ ജീവിക്കുന്ന പലരും (ചിലപ്പോൾ ഈ ഞാനടക്കം) ഈ കോഴിയെപ്പോലെയാണ്.

   വായനയ്ക്കും അഭിപ്രായത്തിനും നന്ദി.. :)

   Delete
 4. എന്നതാണേലും നമ്മളൊക്കെ കുരിശുവരച്ച് ഉണ്ടായവരാ.

  എന്നതാണേലും അവസാനം കാര്യങ്ങള്‍ ഇങ്ങനെ തന്നെ അവസാനിക്കുന്നു. തള്ള എല്ലാം കൊടുക്കേം ചെയ്യും അവസാനം പഠിപ്പിക്കേം ചെയ്യും.
  രസായി എഴുതി.

  ReplyDelete
  Replies
  1. വായന ആസ്വദിച്ചു എന്ന് കേൾക്കുന്നത് തന്നെ സന്തോഷം.. നന്ദി.. :)

   Delete
 5. ഇരുമ്പ് വെക്കുന്നത് ഇടി തട്ടാതിരിക്കാൻ ആണെന്ന് ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട് ഈ കുരിശ് വര ഞങ്ങളെ നാട്ടിൽ ഇല്ലാട്ടോ നന്നായി എഴുതി

  ReplyDelete
 6. കഥ രസകരമായിരിക്കുന്നു. കഥയുടെ അവസാനഭാഗത്ത് പ്രത്യേകിച്ച് എന്തോ നർമ്മം ഒളിപ്പിച്ചിരിക്കുന്നതായി തോന്നുന്നു. എന്താണെന്ന് മനസ്സിലാകുന്നുമില്ല. കമന്റുകളും വായിച്ചു :)

  ആശംസകൾ...

  ReplyDelete
  Replies
  1. സന്തോഷം..
   വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും. വീണ്ടും വരിക.. :)

   Delete
 7. നമ്മളും കുരിശു വരച്ച് ഉണ്ടായതാണോ ? ഹി ഹി കൊള്ളാം കഥ

  ReplyDelete
  Replies
  1. നന്ദി ദീപാതിര :)

   Delete
 8. രസാവഹമായ എഴുത്തും ഭാഷയും. ഇഷ്ടമായ്..

  ReplyDelete
  Replies
  1. നന്ദി ശ്രീയേട്ടാ .... :)

   Delete
 9. ഡാ ..ബിജുവേ ..
  നീ കൊള്ളാല്ലോട ..
  ഇച്ചായന് ഇഷ്ടായി ..
  -
  സ്നേഹിതൻ

  ReplyDelete
  Replies
  1. സന്തോഷം ഈ വിലയേറിയ വാക്കുകൾക്ക് :)

   Delete
 10. എനിക്കീകഥ വളരെ ഇഷ്ടായി, എത്ര മനോഹരമായാണ് പണ്ട്, അല്ലെങ്കില്‍ ഇപ്പോഴും ന്നിലനില്‍ക്കുന്ന നിഷ്കളങ്കതയെ ഒരു കുരിശുവരയിലൂടെ കാണിച്ചത്, ജാതിയും മതവും അതിനു മുകളില്‍ വിരിക്കുന്ന കരിമ്പടം ഇല്ല്യാതാകട്ടെ, ഗ്രാമങ്ങളില്‍, പാര്‍വതിമാരും, കദീസകളും, മേരിമാരും, കുരിശുവരക്കട്ടെ..നല്ലെഴുത്ത്, ഇനിയും തുടരു..

  ReplyDelete
  Replies
  1. പനിപിടിച്ചു കിടക്കുന്നവന് ചൂട് കാപ്പിയും റെസ്ക്കും കിട്ടുന്നതുപോലെയാണ് ചില വാക്കുകളും. ഒരു പ്രേരണ.. ഒരു പ്രോത്സാഹനം.. ഊർജ്ജം ..
   നന്ദി.. :)

   Delete

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.