Tuesday, January 19, 2016

സത്യങ്ങൾ മയങ്ങാൻ തുടങ്ങുമ്പോൾ
അസത്യങ്ങൾ ഊരുചുറ്റാനിറങ്ങും..

Saturday, January 16, 2016

!--?..

പ്രണയം എന്ന വാക്കിനോട്
വിരക്തി ഏറിയപ്പോഴാണ്,
മരണം എന്ന വാക്കിനോട്
പ്രണയവും മോഹവും തോന്നി തുടങ്ങിയത്..
പതിയെ അതങ്ങിനെ
രക്തത്തിൽ അലിഞ്ഞലിഞ്ഞ്
ഒരു നദിയായ് ഒഴുകിതുടങ്ങുന്നു..

Tuesday, January 12, 2016

ആവശ്യമുണ്ട്..

മതങ്ങൾ കൊന്നുതള്ളിയ
ജഡങ്ങൾ തരംതിരിക്കാൻ 
ദൈവങ്ങളെ ആവശ്യമുണ്ട്..
ഉടൻ ബന്ധപ്പെടുക.

ഒരു അവധിക്കാലത്തിന്റെ ഓർമ്മയ്ക്ക്‌...'കുഞ്ചുറു.' അതായിരുന്നു ആ വിളിപ്പേര്.

ഒരു ഫോണ്‍ വിളിയിലേക്ക് ബന്ധങ്ങൾ കടുക് മണിയെക്കാൾ ചെറുതായി ചുരുങ്ങുന്നതിനും വളരെ മുന്നേ, മധ്യവേനലവധിയുടെ ആഘോഷങ്ങളിലേക്ക് പൊടിമണ്ണ് പറത്തി ഓടികളിച്ചു നടന്നിരുന്ന ഞാനെന്ന കൊച്ചുകുട്ടിക്ക്, എപ്പോൾ വേണമെങ്കിലും ഓടിച്ചെന്ന് കേറാൻ പാകത്തിന് വീടിനടുത്തും, കോടമഞ്ഞ്‌ ചുരമിറങ്ങാൻ വെമ്പിനിൽക്കുന്ന വലിയ മലകൾക്ക് താഴെ, കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിലുമായി സ്നേഹവീടുകൾ ഒരുപാട് ഉണ്ടായിരുന്നു; ഇപ്പോഴുമുണ്ട്..

സിരയിലൂടെ പ്രവഹിക്കുന്ന ചുടുരക്തത്തേക്കാൾ ഊഴ്മളതയുള്ള ഹൃദയബന്ധങ്ങൾ പകർന്നുതരുന്ന വീടുകൾ...

അന്നൊരു അവധിക്കാലം ആഘോഷിക്കാൻ ഞാൻ തിരഞ്ഞെടുത്തത്, ആവിപറക്കുന്ന ആനപിണ്ഡത്തിന്റെ ശൂരുമണമുള്ള പേരിയ കാട്ടിലൂടെ സഞ്ചരിച്ചാൽ, ഒരു മലയിറക്കത്തിന്റെ അരയിറക്കം മാത്രം അകലമുള്ള ചപ്പമലയിലുള്ള ആന്റിയുടെ വീടായിരുന്നു.

 മുറ്റത്തിന് താഴെ, കയ്യെത്തും ഉയരെ നിറയെ കായ്കളും പേറി നവവധുവിനെപ്പോലെ നാണിച്ചു നില്ക്കുന്ന ജാതിചെടികൾ.. നിറയെ കായ്കളുള്ള മുറ്റത്തെ ഒറ്റതെങ്ങ്..  പറമ്പിൽ അങ്ങിങ്ങായി വലുതും ചെറുതുമായ ഗജവീരന്മാർ കൂട്ടമായും അല്ലാതെയും നിരന്നു നിൽക്കുന്നതുപോലെയുള്ള കരിമ്പാറക്കൂട്ടങ്ങൾ..

കയ്യാലക്കെട്ടിന് താഴെയുള്ള വലിയ വേലിക്കെട്ടിനകത്ത്‌, പാപ്പൻ കുഴച്ചുവെച്ചുകൊടുത്ത തവിടിന് ഉപ്പു കുറവാണെന്ന് പരാതി പറഞ്ഞ്  നടക്കുന്ന വലിയ പന്നികൾ.. കല്ലുകളിൽ അടിച്ച് ഒച്ചയും ബഹളവും കൂട്ടി മലമുകലിൽനിന്നും ഒഴുകിവരുന്ന നീർച്ചാലിലേക്ക് ചാഞ്ഞു നില്ക്കുന്ന ഇല്ലിക്കൂട്ടം..
വീടിന്റെ പിന്നാമ്പുറത്തെ ചെറിയ തിണ്ടിൻമുകളിലെ മാവിൽ നിന്നും ഇടയ്ക്കിടെ തേൻ മധുരമുള്ള മാങ്ങകൾ പാതി തിന്നശേഷം താഴേക്ക്‌ തള്ളിയിട്ട് രസിക്കുന അണ്ണാറകണ്ണന്മാർ..

അവിടെ നിന്ന്, താഴെ നീണ്ടുനോക്കി അങ്ങാടിയിലേക്കും മലമുകളിലേക്കും ഏകദേശം ദൂരം സമമാണ്.. അതുകൊണ്ടുതന്നെ റബ്ബർ കാടിന്റെ മുകളിലൂടെയുള്ള ദൂരെകാഴ്ച്ചകളുടെ വിസ്മയം അവസാനിക്കുന്നുമില്ല..

ഇതൊക്കെകൊണ്ട് മാത്രമല്ല ആ വീടിനോട് കൂടുതൽ അടുപ്പം വന്നത്.. എല്ലാവരെയുംപോലെ ആ ആന്റിയും പാപ്പനും ചേട്ടായിയും ചേച്ചിയുമൊക്കെ (ഷിനോജ് ചേട്ടായി, സിന്ധു ചേച്ചി) സ്നേഹമുള്ളവരായിരുന്നു..


എന്നേക്കാൾ പ്രായംകുറഞ്ഞ രണ്ടാളും കൂടി അവിടുണ്ടായിരുന്നു.. വലിയ കണ്ണുകളുള്ള സിമിമോളും വികൃതിയായ സിജോക്കുട്ടനും.


മുറ്റത്തിന്റെ മൂലയിലിരുന്ന് കഷ്ടപ്പെട്ട് അവനുവേണ്ടി ഉന്തുവണ്ടി ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോഴാണ്  അവന്റെ വായിൽനിന്നും ആദ്യമായി ആ പേര് വീണത്‌!!

'കുഞ്ചുറു..!!' 


കറിക്കരച്ചുകൊണ്ടിരുന്ന ആന്റി അതുകേട്ട് അമ്മിക്കല്ലിനൊപ്പം കുലുങ്ങിചിരിച്ചതും, ആ പേര് എനിക്കൊപ്പം വയനാട് കേറിയതും, പല നാവുകളും സ്നേഹത്തോടെ വിളിച്ചു തുടങ്ങിയതും, ആ വിളിയെ ഞാൻ ഇഷ്ടപ്പെട്ടുതുടങ്ങിയതും, കാലപ്പഴക്കത്താൽ പിന്നീടെപ്പോഴോ ആ വിളി പലനാവുകളിൽനിന്നും മാഞ്ഞുപോയതും ഓർമ്മയിലുണ്ട്..

മധ്യവേനലവധികൾ പിന്നെയും ഒരുപാട് വന്നുപോയി.. എന്നിലെ കുട്ടി പൊടിമണ്ണ് പറത്തുന്നത് നിർത്തി പൊടിമീശയിൽ വിരലോടിച്ച്, പ്രണയങ്ങൾ സ്വപ്നംകണ്ട് നടക്കാൻ തുടങ്ങി..  ഇടയ്ക്കെപ്പോഴോ ആ വീടുകളിലേക്കുള്ള വഴികളും ഞാൻ മറന്നുതുടങ്ങി.. പക്ഷേ അപ്പോഴൊന്നും ആ  മധുരിക്കുന്ന ഓർമ്മകളെ എവിടേയും മറന്നുവെക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല..

വർഷങ്ങൾക്ക് ശേഷം ഇന്നലെയാണ് വീണ്ടും ഞാൻ അവിടേക്ക് ചെല്ലുന്നത്. എന്റെ വിവാഹത്തിന് അവരെ ക്ഷണിക്കാൻ..
പഴയ കല്ലുവഴി ടാറുപൂശി സുന്ദരിയായിരിക്കുന്നു.. പന്നിക്കൂട്ടിലെ പരിഭവം പറച്ചിൽ നിലച്ചിരിക്കുന്നു എന്നതൊഴിച്ചാൽ വേറെ പറയത്തക്ക മാറ്റങ്ങളൊന്നും അവിടെ സംഭവിച്ചിട്ടില്ല..

തിണ്ണയിലെ കസേരകളിൽ കാലുകൾ ആകാശത്തേക്ക് വലിച്ചെറിഞ്ഞ് കളിചിരിയുമായി ചാഞ്ഞിരിക്കുന്ന നാലഞ്ചു കുട്ടിപട്ടാളങ്ങൾ, യാതൊരു കൂസലുമില്ലാതെ അകത്തേക്ക് കേറിയ ഞങ്ങളെ തലയുയർത്തി അപരിചിതഭാവത്തിൽ ഒന്ന് നോക്കി..

"ഇത് പാപ്പന്റെ കൂട്ടുകാരായിരിക്കുമെടീ..!! അമ്മേ...."
തമ്മിൽ പറഞ്ഞ് അകത്തേക്ക് ഒരു സൂചനയും കൊടുത്തിട്ട് അവർ ഞങ്ങളെ വിസ്മരിച്ച് കളിതുടർന്നു..!!
അവരുടെ കൂട്ടത്തിലെ ആ 'അവനെയും' 'അവളെയും' എനിക്ക് മനസ്സിലായി..

അകത്തൂന്ന് ആന്റിയുടെ തല പുറത്തേക്ക് നീണ്ടുവന്നു.. അതിശയഭാവത്തോടെ ആ പഴയ ചിരി മുഖത്ത് വിടർന്നു..
അപ്പോഴും പാപ്പൻ ഞങ്ങളെ മനസ്സിലാവാതെ നിന്ന് പരുങ്ങുകയായിരുന്നു. കാഴ്ച്ചയുടെ വസന്തകാലം അദ്ധേഹത്തിന്റെ കണ്ണുകളിൽ നിന്ന് എന്നോ പടിയിറങ്ങിപോയിരിക്കുന്നു..  മങ്ങിയ ഒരു വിദൂരചിത്രംപോലെ ഞാൻ പാപ്പന്റെ കൈപിടിച്ചുനിന്നു..
കാഴ്ച്ചയിൽ പറയത്തക്ക മാറ്റങ്ങൾ ആന്റിക്ക് വന്നിട്ടില്ല.. പാപ്പൻ പക്ഷേ വെള്ളിനൂലുകൊണ്ട് രൂപമാറ്റം വരുത്തിയിരിക്കുന്നു..

"പാപ്പാ..  ഇത് ഞാനാ.. വയനാട്ടീന്ന് ബിജു.."

"ബിജു!! എനിക്ക് മനസ്സിലാവുന്നില്ല കേട്ടോ! ആകെയൊരു മങ്ങലാ കണ്ണിന്.."

ചിരിയിൽ ഒളിപ്പിച്ചുവച്ച ചമ്മൽ.. ആരെന്ന് അറിയാനുള്ള ജിജ്ഞാസ..

"അത് നമ്മുടെ ബിജുവാന്നേ.." ആന്റി.

"എടാ നീ കുഞ്ചുറുവാണോ..!!?"

"അതേ പാപ്പ.."
പിന്നെയവിടെ നടന്നത് ധൃതരാഷ്ട്രാലിംഗനം ആയിരുന്നു... സ്നേഹത്തോടെയുള്ള ഇറുക്കിപിടിത്തം.

ആ കുട്ടികളും  വളരെവേഗം ഇണങ്ങിക്കൂടി...
വിവരങ്ങളും വിശേഷങ്ങളും പങ്കുവെക്കുന്ന കൂട്ടത്തിൽ, ഒരിക്കൽക്കൂടി ഉപ്പുകൂട്ടി തിന്ന ജാതിക്കായുടെ ചവർപ്പ് രുചിയിലൂടെ പഴയകാല ഓർമ്മകളിലേക്ക് ഒരു ഓട്ടപ്രദിക്ഷിണം..

ഇപ്പോൾ ചേട്ടായിയും ചേച്ചിയും പിന്നെ ആ ഉണ്ടക്കണ്ണിയും, കുടുംബജീവിതത്തിന്റെ വേലിക്കെട്ടുകൾക്കകത്ത്‌ സുരക്ഷിതരായി ജീവിക്കുന്നു..

സിജോക്കുട്ടൻ പേരിന്റെ വാലറ്റം മുറിച്ചുകളഞ്ഞ്  വെറും സിജോയായി മുണ്ട് മാടിക്കുത്തി  മീശപിരിച്ച് നടക്കുന്നു.. പക്ഷേ ഇത്തവണയും അവനെ കാണാൻ എനിക്കു കഴിഞ്ഞില്ല..

വീണ്ടും കാണാമെന്ന് യാത്രപറഞ്ഞ്‌ പോരുമ്പോൾ ഒരുകാര്യം എനിക്ക് മനസ്സിലായി., എല്ലാ വഴികളും എന്നിലേക്ക്‌ മാത്രമുള്ളതല്ല.. എന്നിൽനിന്നും വഴികൾ ആരംഭിക്കേണ്ടിയിരിക്കുന്നു.. അകലങ്ങൾ കുറഞ്ഞ വലിയ വഴികൾ..


നോക്കൂ.. ബന്ധങ്ങൾ നിധിയേക്കാൾ അമൂല്യമാണ്‌.. കഴിയുന്നത്ര അത് കാത്തുസൂക്ഷിക്കുക..