2013, നവംബർ 30, ശനിയാഴ്‌ച

ആണുങ്ങടെ അടുക്കള

 
ആണുങ്ങടെ അടുക്കള


2005- 2006 കാലഘട്ടം..
ഇനിയെന്ത് എന്ന ചോദ്യം എന്നെ വല്ലാതെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു... എവിടെ നോക്കിയാലും വലിയ ശ്മശാന മൂകത.. എനിക്ക് എന്നോടുതന്നെ തോന്നിത്തുടങ്ങിയ വെറുപ്പിന്റെ തോത് ദിവസംതോറും കൂടിക്കൂടി വന്നുകൊണ്ടിരുന്നു.

നീണ്ട അഞ്ചു വർഷക്കാലത്തെ എന്റെ ആത്മാർത്ഥ പ്രണയത്തിന് 'സോറി' എന്ന ഒറ്റ വാക്കുകൊണ്ട് അവൾ തിരശീല ഇട്ടു തന്നപ്പോൾ, എന്റെ പകലുകൾക്ക് ഇരുട്ടിനേക്കാൾ കറുപ്പ് ബാധിച്ചിരിക്കുന്നു എന്ന് തോന്നി.
വേദനകൾ കുഴൽ കിണറുകളേക്കാൾ ആഴം മനസ്സിൽ തീർത്ത ദിനരാത്രങ്ങൾ..

ഉറക്കമിളച്ചിരുന്ന് അവൾക്കുവേണ്ടി വരച്ചുകൂട്ടിയ റെക്കോർഡ്‌ ബുക്കുകൾക്കുള്ളിലിരുന്ന് പാറ്റയും പല്ലിയും തവളയുമൊക്കെ എന്നെ നോക്കി പല്ലിളിച്ചു പരിഹസിക്കുന്നതായി എനിക്ക് തോന്നി.. പാഞ്ഞടുക്കുന്ന പരിഹാസ ശരങ്ങൾക്ക് നടുവിൽ നിസ്സഹായനായി നില്ക്കുക അത്ര എളുപ്പമല്ല. 

ഓർമ്മകൾ വേദനകൾ മാത്രം തരുന്നു എന്ന തിരിച്ചറിവ്, പിന്നീടുള്ള ദിവസങ്ങളിൽ മറ്റൊരിടം തേടുന്നതിന് വല്ലാതെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പലായനം കൊതിച്ച രാത്രികൾ..

അങ്ങിനെ തീരുമാങ്ങൾക്കൊടുവിൽ പുതിയൊരു ജീവിത ചക്രം തിരിക്കുന്നതിനു വേണ്ടി വീടിനോടും നാടിനോടും യാത്ര പറഞ്ഞ് ബാഗും തൂക്കി പതിയെ പടിയിറങ്ങുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു... പുറംതിരിഞ്ഞു നടക്കുന്നവന്റെ കണ്ണുകൾ നിറയുന്നത് ആരും കാണില്ലെന്ന്  ഉറപ്പുള്ളതുകൊണ്ട് തുടച്ചില്ല. വീണുടയട്ടെ.. ആ മണ്ണിലും എന്റെ മനസ്സിലും അതിന്റെ നനവ്‌ ഇനിയും അവശേഷിക്കട്ടെ എന്നാഗ്രഹിച്ചു.

യാത്ര പറഞ്ഞ് പോരുമ്പോൾ മറ്റൊന്നുകൂടി ഞാൻ കൂടെ കൊണ്ടുപോന്നു.  പ്രണയവും സ്വപ്നങ്ങളും നിത്യശാന്തി കൊണ്ടുറങ്ങുന്ന എന്റെ പ്രീയപ്പെട്ട ഡയറി കുറിപ്പുകൾ..
(എഴുത്തും വായനയും അറിയുന്നവർ വീട്ടിൽ ഉണ്ടെന്നുള്ള ഒറ്റ ഭയം കൊണ്ടാണ് ഞാനത് കൊണ്ടുപോന്നത്)
ആ കാലയളവിൽ, ഏതാണ്ട് പത്തു വർഷത്തോളം ഞാൻ മുടങ്ങാതെ ഡയറികുറിപ്പുകൾ എഴുതിയിരുന്നു. പ്രണയവും സ്വപ്നങ്ങളും വേദനകളും സമം ചേർത്തെഴുതിയ ആ  ഡയറി കുറിപ്പുകളെ അഗ്നിയിൽ ലയിപ്പിക്കാൻ പലവട്ടം തോന്നിയിട്ടുണ്ടെങ്കിലും അത്  ഭദ്രമായി ഇന്നും എന്റെ കയ്യിൽതന്നെയുണ്ട്.

മഞ്ഞു പൊഴിക്കുന്ന ഗ്രാമത്തിന്റെ നനുത്ത പ്രഭാതങ്ങൾ മാത്രം കണ്ടുണർന്നിരുന്ന എന്റെ കണ്ണുകൾക്കും ശരീരത്തിനും പതിയെ പതിയെ കോഴിക്കോടിന്റെ ഉഷ്ണം നിറഞ്ഞ പകലിനോടും രാത്രിയോടും  പൊരുത്തപെടേണ്ടി വന്നു..

കാലക്രമേണ കാലമെന്നെ സ്വന്തം വീട്ടിലെ  വിരുന്നുകാരനാക്കിയതും, ഈ നഗരം എന്നെ ഹൃദയത്തോട് ചേർത്ത് നിർത്തിയതും ഒരുപക്ഷെ നല്ല നിമിത്തങ്ങളാവാം..

നഗരത്തിന്റെ ശബ്ദ കോലാഹലങ്ങളിൽ നിന്ന് അല്പ്പം മാറി, പുതിയ സൗഹൃദങ്ങൾ കാത്തിരിക്കുന്ന വീട്ടിലേക്ക് അതിഥിയായ് ചെന്ന ഞാൻ പതിയെ പതിയെ അവരിലൊരാളായ്... അവരായ്.. അവർക്കൊപ്പമായ്.

ഇന്നും മുറിയാത്ത, മുറിയണമെന്ന് സ്വപ്നത്തിൽപോലും ആഗ്രഹിക്കാത്ത സൗഹൃദങ്ങൾ.. ഇപ്പോഴും കൂടെയുള്ളതും  ഒരു ഫോണ്‍ കോൾ ദൂരത്തിൽ ഉള്ളവരുമായ എത്രയോ അധികം ബന്ധങ്ങൾ..

അവിടെവച്ചാണ് ഞാനെന്റെ പഴയ നോവുകൾ മറന്നത്.. അവിടെവച്ചാണ് ഞാൻ പുതിയ പ്രണയത്തെ നെഞ്ചോടു ചേർത്തത്.. അവിടെവച്ചുതന്നെയാണ് ഞാൻ ചിലവുകൾക്കുള്ള പണം കണ്ടെത്തുന്നതിന്റെ ഭാഗമായി ഹോസ്റ്റലിലെ മെസ്സ് ഏറ്റെടുത്തതും കൂട്ടത്തിൽ ഭക്ഷണം വയ്ക്കാൻ പഠിച്ചതും. പറഞ്ഞുവന്നാൽ ഞാനും ഒരു കുക്ക് ആയി എന്നുതന്നെ.
(എന്റെ ക്ലാസ്സ്‌ സമയവും പാർട്ട്‌ ടൈം ജോലിയും ഒരിക്കലും പൊരുത്തപ്പെട്ടിരുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്‌.)
ഹോസ്റ്റൽ ജീവിതം തുടങ്ങിയ സമയത്ത് ഭക്ഷണം ഉണ്ടാക്കിത്തരാൻ അവിടെ ആളുണ്ടായിരുന്നു. അദ്ദേഹം പോയതിൽ പിന്നെ പുതിയൊരാൾ വന്നു. ഇങ്ങനെ 'പോക്കുവരവുകൾ' മാറി 'പോക്ക്' മാത്രമായപ്പോൾ എനിക്കും എന്റെ സുഹൃത്തിനും കൂടി അടുക്കള ഏറ്റെടുക്കേണ്ടിവന്നു എന്ന് പറയുന്നതാവും കൂടുതൽ ഉചിതം.

രുചിക്കുറവുകൾ ഉണ്ടായിരുന്നു; എങ്കിലും, ഉണ്ണുന്നവനേക്കാൾ ഊട്ടുന്നവന് കിട്ടുന്ന മാനസികമായ സംതൃപ്തി തിരിച്ചറിഞ്ഞതും അവിടെനിന്നാണ്.


രസകരമായ അടുക്കള ചരിതത്തിന്റെ ഏടുകൾ തുറന്നാൽ ചിരിയുടെ മാലപ്പടക്കങ്ങൾ ഒത്തിരിയുണ്ട്. തത്ക്കാലം അതങ്ങിനെ അടഞ്ഞുതന്നെ കിടക്കട്ടെ.

എല്ലാം അവിചാരിതം എന്ന് പറയുന്നത് എത്രശരിയാണ്..!!
അവിചാരിതമായ ആ കണ്ടുമുട്ടൽ പ്രണയത്തിലേക്ക് വേരൂന്നിയത് എത്രവേഗത്തിലാണ്..
നീണ്ടുമെലിഞ്ഞ ആ നീളൻ മൂക്കുകാരിയുടെ അതുവരെ കേൾക്കാത്ത പൊട്ടിച്ചിരി എന്റെ മനസ്സിലും മുഴങ്ങിത്തുടങ്ങി.
തട്ടം മറച്ച ആ പെണ്‍കുട്ടിയോട് ഒറ്റനോട്ടത്തിൽ തോന്നിയ ഇഷ്ടമങ്ങിനെ ഓരോ നിമിഷവും  വളർന്നുകൊണ്ടേയിരുന്നു. അവളോട്‌ ഒന്ന് സംസാരിക്കണം എന്ന് പലപ്പോഴും തോന്നിയിരുന്നുവെങ്കിലും, എനിക്കൊരിക്കലും അതിനു കഴിഞ്ഞിരുന്നില്ല.
സകല ധൈര്യവും ഊറ്റിക്കളയുന്ന പ്രണയം ചാലിച്ച ഒരുതരം നെഞ്ചിടിപ്പ്... പിന്നെ എന്നെക്കാൾ ഉയരക്കൂടുതൽ അവൾക്ക് ഉണ്ടാകുമോ എന്ന ചെറുതല്ലാത്ത ആശങ്കയുംകൂടി ആയപ്പോൾ എന്റെ അവസാനത്തെ പ്രതീക്ഷയും മനസ്സിൽനിന്ന് ചങ്ങല വലിച്ചു.
അവൾ ആരെന്നോ ഏതെന്നോ എന്തെന്നോ അറിയാതെ തന്നെ അകലെനിന്ന് ഒരുനോട്ടം കൊണ്ട് ഞാനെന്റെ പ്രണയത്തെ തലോലിച്ചുകൊണ്ടിരുന്നു.. ഓമനിച്ചുകൊണ്ടിരുന്നു..

അങ്ങിനെ ദിവസങ്ങൾ കടന്നുപോയി.. സ്വപ്‌നങ്ങൾ ഒഴികെ ബാക്കി എല്ലാത്തിനും മാറാല കെട്ടിതുടങ്ങിയെന്നു തോന്നിത്തുടങ്ങിയ ദിവസം,  മുറി വൃത്തിയാക്കുന്ന കൂട്ടത്തിൽ ജനൽ പാളികൾ തുറന്നത് അവളുടെ വീടിന്റെ നേരെ ആയിരുന്നു!!

വീടിന്റെ ഉമ്മറത്ത്‌ തലയിലൊരു ഈറൻ തോർത്തും ചുറ്റി പുസ്തകവും വായിച്ച് അവളങ്ങിനെ ഒരു മനോഹര ശില്പ്പംപോലെ ഇരിക്കുന്നത് എത്രനേരം ഞാനന്ന് നോക്കിനിന്നു എന്ന് അറിയില്ല. 

പിന്നീട് ഹോസ്റ്റലിനോട്  യാത്ര പറഞ്ഞ് ഇറങ്ങുന്നതുവരെ ഒരിക്കൽപോലും ജനൽ പാളികൾ തമ്മിൽ ചേർത്ത് അടച്ചിട്ടില്ല; ഞങ്ങളുടെ.. അല്ല അവളുടെ കൊച്ചുകൊച്ച് കുറുമ്പുകൾ എന്നെ നോവിച്ചിട്ടുപോലും..

ഹോസ്റ്റൽ സൗഹൃദങ്ങൾക്കൊപ്പം ചില നല്ല കൂട്ടുകൾ മതിൽകെട്ടിനു പുറത്തും വേരോടി. അങ്ങിനെയാണ് വീടിനടുത്തുള്ള കുട്ടിപട്ടാളങ്ങളെ പരിചയപ്പെട്ടത്‌.
ചില വൈകുന്നേരങ്ങളിൽ ഓടിയെത്തുന്ന അവരുടെ കോലാഹലങ്ങൾ വളരെ രസകരമായിരുന്നു. പൂർണ്ണ സ്വാതന്ത്ര്യത്തോടെ അവർ മുറികളിൽ ഓടിച്ചാടിനടന്നു, അടുക്കളയിൽ കയറി പുട്ടും പഴവും കഴിച്ചു.

മീശ മുളച്ച ചേട്ടന്മാർ ബാലരമയും പൂമ്പാറ്റയും വായിച്ച് വീണ്ടും വീണ്ടും കുലുങ്ങിച്ചിരിച്ചു. ആറോ ഏഴോ മീറ്റർ മാത്രം നീളമുള്ള മുറ്റത്ത്‌ ഫോറും സിക്സറും പിറന്നു.

പിന്നീട് ആ കുട്ടികളിൽ ഒരാളുടെ സഹായത്തോടെയാണ് ഞാൻ അവളുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ചത്.

ഇന്നത്തെ കുട്ടികൾ എത്ര തന്ത്രപരമായിട്ടാണ് കാര്യങ്ങൾ ചെയ്യുന്നത്.!! 
ഒരുദിവസം രാവിലെ ക്ലാസ്സിൽ പോകാനുള്ള തയ്യാറെടുപ്പോടെ കുളികഴിഞ്ഞ് അല്പ്പവസ്ത്രത്തിന്റെ ബലത്തിൽ നിൽക്കുമ്പോളാണ് അവൻ പടികയറി ഓടിവന്നത്..

ഒറ്റച്ചാട്ടത്തിന് വാതിലിന്റെ പിന്നിലൊളിച്ച എന്റെ തല മാത്രം പുറത്തേക്കു നീണ്ടു. അവനും പെട്ടന്ന് സഡൻ ബ്രേക്കിട്ടു. അവന്റെ കയ്യിൽ നീട്ടിപിടിച്ച ഒരു കഷണം കടലാസ്.. മുഖത്ത് കള്ളച്ചിരി.

"ഇതെന്നതാടാ ജാസിറെ..?"
"ഇങ്ങടെ കുട്ടീന്റെ നമ്പരാ.” അവൻ.

എന്റെ കൈകൾ അസ്ത്രവേഗത്തിൽ അവന്റെ നേരെ നീണ്ടു. പക്ഷെ അവന്റെ കൈ അതിലും വേഗത്തിൽ പിൻവലിഞ്ഞു.

"ഇങ്ങള് എനക്ക് ചെലവ് ചെയ്യണം. എങ്കിലേ തരൂ. ചെയ്യുവോ..?" 

"നൂറുവട്ടം സമ്മതം. ചക്കര അതിങ്ങു തന്നെ.." ഹൃദയമിടിപ്പ്വല്ലാതെ നിയന്ത്രണം വിട്ടിരിക്കുന്നു.

"എന്റെ ഉമ്മക്ക് വേണ്ടീട്ടാണെന്നും  പറഞ്ഞാ ഞാൻ നമ്പർ മാങ്ങിയെ. അള്ളാ.. ഓരെങ്ങാനും ചോയിച്ച ഞാൻ കുടുങ്ങും. ഇങ്ങള് കൊയപ്പിക്കല്ലേ.."
അതും പറഞ്ഞ് അവൻ എന്റെ കയ്യിൽ കടലാസ് തുണ്ട് വച്ചുതന്നു. എന്റെ മനസ്സിൽ ഒരായിരം വെള്ളിനക്ഷത്രങ്ങൾ ഒരുമിച്ചു മിന്നി.

"ഇല്ലെട കുട്ടാ.." ഞാൻ അവനെ ആശ്വസിപ്പിച്ചു.

"എന്നാ ശരി.. ചെലവ് മറക്കണ്ട.. ആദ്യം ഇങ്ങള് തുണിയുടുക്ക് മൻഷാ.." അതും പറഞ്ഞ് അവൻ വന്നതിലും വേഗത്തിൽ തിരിച്ചോടി.

പക്ഷേ ഞാനപ്പോഴും ആദ്യം തുണിയുടുക്കണോ അതോ നമ്പർ സേവ് ചെയ്യണോ, അതും അല്ലെങ്കിൽ അവളെ വിളിക്കണോ എന്നറിയാതെ തുണ്ട് പേപ്പറിലേക്കും  നോക്കി അന്ധിച്ചു നില്ക്കുകയായിരുന്നു.

ദിവസങ്ങൾ അങ്ങിനെ കടന്നുപോയി..
എന്നും അതിരാവിലെ 4.30-ന്  അലാറം പതിവ് തെറ്റിക്കാതെ മുഴങ്ങിക്കൊണ്ടിരുന്നു. നല്ല ഉറക്കത്തെ ഒരുഗ്ലാസ് കട്ടൻ കാപ്പിയിൽ തളച്ചിട്ട് അന്നത്തെ പണികളുടെ തിരക്കിലേക്ക് ഞങ്ങൾ പതിയെ ഊളിയിടും. രാവിലത്തെ ബ്രേക്ക് ഫാസ്റ്റിനു പുട്ടും ഇഡലിയും  ഉപ്പുമാവും ഊഴമനുസരിച്ച് മാറി മാറി വന്നു; പല പല രൂപത്തിൽ.

രാത്രിയിൽ ചോറ് ബാക്കി ആയാൽ മാത്രമേ അടുക്കളയിൽ ഇഡലിക്ക് സ്ഥാനം കിട്ടിയിരുന്നുള്ളു. ഉച്ചയ്ക്കത്തെ ചോറിന്റെ പണികളും രാവിലെ തന്നെ തീർക്കും. ഇതെല്ലം കഴിഞ്ഞിട്ട് വേണം ക്ലാസ്സിന് പോകാൻ.


ഭക്ഷണം കഴിക്കാൻ എടുക്കുന്ന പാത്രങ്ങൾ വൃത്തിയായിട്ട് കഴുകി വയ്ക്കണം എന്നാണ് പൊതുവേയുള്ള ഹോസ്റ്റൽ നിയമമെങ്കിലും, അടുക്കളയിൽ അടിഞ്ഞുകൂടുന്ന എച്ചിൽ  പാത്രങ്ങളുടെ എണ്ണം തീരെ കുറവായിരുന്നില്ല. മറന്നതോ മന:പൂർവ്വമായതോ ആയ വീഴ്ച്ചകൾ.. 

രാഗേഷിന്റെ കാർട്ടൂണ്‍ (മാധ്യമം കാർട്ടൂണിസ്റ്റ്) വരയും, സാജിതിന്റെ തടിയും കുലുങ്ങിയുള്ള ചിരിയും, സാവന്റെ ഫുൾടൈം പഠനവും, റിജോയേട്ടന്റെ ഗിറ്റാർ വായനയുമൊക്കെ ഞങ്ങളുടെ ജീവിതത്തിന് ഒത്തിരിയേറെ രസങ്ങൾ പകർന്നു തന്നുകൊണ്ടിരുന്നു. 

ഏറെയുണ്ട് സാജിതിനെ കുറിച്ച് പറയാൻ ..
ഉയരം കുറഞ്ഞ്, നല്ല തടിച്ച ശരീരത്തിന്റെ ഉടമയായിരുന്നു അവൻ.. ഏകദേശം ഒരു നൂറ് നൂറ്റിപത്ത് കിലോ...
IELTS  പഠിക്കുവാൻ വേണ്ടിയാണ് അവൻ കോഴിക്കോട് വന്നത്. രണ്ടുതവണ എട്ടുനിലയിൽ പൊട്ടിയിട്ടാണ് കോഴിക്കോടിനോട് സലാം പറഞ്ഞത്. എങ്കിലും ചിരിക്കുന്ന മുഖത്തോടെ അല്ലാതെ ഒരിക്കൽപോലും അവനെ ഞങ്ങളാരും ഇതുവരെ കണ്ടിട്ടില്ല.

എന്നും അതിരാവിലെ അവനെ വിളിച്ചുണർത്താനുള്ള 'ഭാരിച്ച' ഉത്തരവാദിത്വം ഞങ്ങളുടെതായിരുന്നു.
അമിതമായ തടി കുറയ്ക്കാൻ വേണ്ടി, എന്നും അതിരാവിലെ എഴുന്നേറ്റ് അല്പ്പദൂരം ഓടുന്നത് നന്നാവും എന്ന ഞങ്ങളുടെ ഉപദേശം സ്വീകരിച്ചതുപോലെ, അത് നടപ്പിലാക്കുക അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് അവൻ താമസിയാതെ മനസ്സിലാക്കി.

പിന്നീടുള്ള ദിവസങ്ങളിൽ കുംഭകർണ്ണ സേവയിൽ നിന്ന് അവനെ ഉണർത്താൻ ഞങ്ങൾ കണ്ടെത്തിയ മാർഗ്ഗമാണ് ശരീരത്തിൽ തണുത്ത വെള്ളം കോരി ഒഴിക്കൽ..
തണുപ്പ് ശരീരത്തിൽ തട്ടുമ്പോൾ അവൻ ചാടി എഴുന്നേൽക്കും.
അടുക്കളയിൽ കുറച്ചുനേരം ചുറ്റിപറ്റി നിന്നിട്ട് അവൻ ഓടാൻ പോകും. ഇങ്ങിനെ എന്നും ഓടാൻ പോയിട്ടും ശരീരത്തിന്റെ ഭാരത്തിന് ഒട്ടും കുറവ് ഉണ്ടായില്ല. പതിനഞ്ചു മീറ്റർ ദൂരെയുള്ള ബസ്സ്‌ സ്റ്റോപ്പിൽ പോയിക്കിടന്ന് ഉറങ്ങിയാൽ എങ്ങിനെയാ അവന്റെ തടികുറയുക !! 

ക്ലാസ്സിൽ പോകും മുൻപ് എന്നും അവൻ വന്ന് ആരെയെങ്കിലും ആലിംഗനം ചെയ്യുക പതിവായിരുന്നു. പക്ഷേ എന്തിനാണ് അവൻ ഇങ്ങനെ ചെയ്യുന്നത് എന്ന് ആർക്കും അറിയില്ലായിരുന്നു...
സ്നേഹ കൂടുതൽ കൊണ്ടാണെന്ന് ഞങ്ങൾ ആശ്വസിച്ചു.. പക്ഷേ ഒരു ദിവസം അവൻ ആ ഞെട്ടിക്കുന്ന സത്യം തുറന്നു പറഞ്ഞു. ഇന്നും അതോർക്കുമ്പോൾ ചിരി പൊട്ടും.

വസ്ത്രം അലക്കുക എന്ന ശീലം അവനു പണ്ടേ ഇല്ല.. അതുകൊണ്ട് അതിന്റെ നാറ്റം അളക്കാൻ വേണ്ടി ഞങ്ങളെ ഒരു പരീക്ഷണവസ്തു ആക്കുകയായിരുന്നു ആ ദുഷ്ടൻ പതിവായി ചെയ്തിരുന്നത്..

തീർന്നില്ല കഥ, ക്ലാസ്സ്‌ കഴിഞ്ഞു വന്നാലുടനെ കക്ഷി പാൻസിന്റെ കൊളുത്ത് അഴിച്ച് താഴേക്ക്‌ ഊർത്തിയിടും. രാവിലെ കുളികഴിഞ്ഞു വന്ന് പതിവുപോലെ അതിന്റെ ഉള്ളിൽ കാലെടുത്തുവച്ച് അരയിലേക്ക് വീണ്ടും വലിച്ചു കയറ്റുംവരെ, പെരുമ്പാമ്പ്‌ തുറയിട്ടതുപോലെ ആ പാൻസ് മുറിയുടെ മൂലയ്ക്കോ സെന്റർ ഹാളിലോ അങ്ങിനെ കിടക്കും. ഇങ്ങനെ ഒരു മടിയനെ ഇനി എവിടെ കണ്ടുമുട്ടാൻ..

ഇതിനിടയിൽ എന്റെ മനസ്സ് കൂടുതൽകൂടുതൽ അവളിലേക്ക്‌ അടുത്തുകൊണ്ടിരുന്നു.. പലപ്പോഴായി അവളെ തേടിയെത്തുന്ന ഫോണ്‍ കോൾ എന്നെക്കുറിച്ച് അറിയുവാനുള്ള അതിയായ ഒരു ആകാംക്ഷ അവളിൽ ഉണ്ടാക്കിയെങ്കിലും, എന്റെ പേരൊഴികെ ബാക്കിയൊന്നും ഞാൻ അവളോട്‌ പറഞ്ഞിരുന്നില്ല. 

എങ്കിലും ഞങ്ങളുടെ സൗഹൃദം ദിവസം ചെല്ലുംതോറും  വളർന്നുകൊണ്ടിരുന്നു.. പിന്നീടൊരിക്കൽ ഞാൻ ആരെന്നും എവിടെയാണ് ഉള്ളതെന്നും പറഞ്ഞപ്പോൾ പുറത്തേക്ക് ഓടിയിറങ്ങി വന്ന് എന്റെ മുറിയുടെ ജനാലയ്ക്കു നേരെ ഒത്തിരിനേരം അവൾ നോക്കിനിന്നത് ഇന്നലെയെന്നോ ആയിരുന്നു എന്നൊരു തോന്നൽ ഇന്നുമെന്നെ വല്ലാതെ വേദനിപ്പിക്കുന്നു..

പിന്നീട് കൂടുതൽ അടുത്തപ്പോഴാണ് അറിയുന്നത് അനാഥ തുല്യമായ ഒരു ജീവിതത്തിന് ഉടമയാണ് ആ പാവം പെണ്‍കുട്ടി എന്നത്. ഉപ്പയും ഉമ്മയും വേറെ വേറെ ജീവിത സുഖങ്ങൾ തേടിപോയപ്പോൾ അവൾക്കും അവളുടെ അനിയനും നഷ്ടമായത് ഒരു ബാല്യവും യൗവ്വനവുമൊക്കെ ആയിരുന്നു. എങ്കിലും ഇടയ്ക്കിടെ ഒന്നോ രണ്ടോ ദിവസങ്ങൾ ഉമ്മയോടൊപ്പം നില്ക്കാൻ അവൾ പോകാറുണ്ട്. 

പ്രായം തളർത്തി തുടങ്ങിയ വല്ല്യുപ്പയുടെ തണലിൽ പരിഭവങ്ങൾ ഉള്ളിലൊതുക്കി അവർ അങ്ങിനെയൊക്കെ..

ചിലനേരങ്ങളിൽ കാരണങ്ങൾ കൂടാതെ എന്നോടവൾ പൊട്ടിത്തെറിക്കും. ഇനി ഒരിക്കലും വിളിക്കരുതെന്നും കാണരുതെന്നും പറയും.. ഒരു വാക്കുകൊണ്ട് പോലും അവളെ നോവിക്കരുതെന്ന എന്റെ ആഗ്രഹം പലപ്പോഴും എന്നെ നല്ലൊരു ക്ഷമാശീലനാക്കിമാറ്റി.

മാസങ്ങൾ വർഷങ്ങൾക്ക് വഴിമാറി കൊടുത്തു. ആരോഗ്യകരമായ ഞങ്ങളുടെ പ്രണയവും അതിനനുസരിച്ച് വളർന്നുകൊണ്ടിരുന്നു; ഒടുക്കം എന്താകും എന്നറിയാതെ തന്നെ. 

ഇത്രയൊക്കെ ആയിട്ടും ഒരിക്കൽപോലും ആ പെണ്‍കുട്ടിയോട് ഞാൻ നേരിട്ട് സംസാരിച്ചില്ല.  അജ്ഞാതമായ ഒരുതരം ധൈര്യകുറവ് എനിക്കൊപ്പം എന്നും ഉണ്ടായിരുന്നു.. പലപ്പോഴും എന്റെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടതും ഈ ഒരു അവസ്ഥതന്നെ ആയിരിക്കാം.

കൊഴിഞ്ഞുവീണ ഒന്നുരണ്ടു വർഷങ്ങൾക്കൊടുവിൽ ഞാനും ആ  വഴിയമ്പലത്തോട് യാത്ര പറഞ്ഞു.. പോകാൻ മാനസികമായി ഒട്ടും ആഗ്രഹമില്ലായിരുന്നെങ്കിലും ഒരു യാത്ര പറച്ചിൽ അനിവാര്യമായിരുന്നു. കാരണം ജീവിതം അപ്പോഴും എവിടെയും എത്താതെ അനന്തമായ് കിടക്കുകയായിരുന്നു.

ഇവിടുന്ന്  ഒരിക്കലും പോകരുതെന്ന അവളുടെ വികാരപരമായ അപേക്ഷയെ സ്വീകരിക്കാൻ തരമില്ലാതെ യാത്ര ചോദിക്കുമ്പോൾ എന്തൊക്കെയോ നഷ്ടപെടുന്നതിന്റെ വേദനയ്ക്ക് ഇത്ര അധികം ആഴമുണ്ടെന്ന് വീണ്ടും ഞാൻ തിരിച്ചറിഞ്ഞു.

കണ്ണുകൾ തമ്മിൽ അകന്നിട്ടും മനസ്സുകൾ തമ്മിൽ ഒരിക്കലും പിരിയാൻ വയ്യാത്ത  ഒരടുപ്പം  ഞങ്ങൾക്കിടയിൽ കൂട് കൂട്ടി. എനിക്ക് പരിശുദ്ധമായ പ്രണയം തന്ന പെണ്‍കുട്ടി.. എന്നും എനിക്കൊപ്പം ഉണ്ടാവണമെന്ന് ഞാൻ ആഗ്രഹിച്ചവൾ..

ഒരു ദിവസം കാരണങ്ങളൊന്നും കൂടാതെ തന്നെ 'നമുക്ക് പിരിയാം' എന്ന അവിചാരിതമായ അവളുടെ തീരുമാനം കേട്ട് ഞാൻ ഞെട്ടി.
എന്റെ കാൽച്ചുവട്ടിലെ മണ്ണ് പതിയെ തെന്നിനീങ്ങുന്നു.. തെളിഞ്ഞ ആകാശം കറുത്ത മേഘങ്ങളെ വാരിയുടുക്കുന്നു.. തോന്നലുകൾ അങ്ങിനെ പലരൂപത്തിൽ കണ്മുന്നിൽ താണ്ഡവം ആടി.

"എന്തെ ഇപ്പൊ ഇങ്ങിനെ..? എന്റെ ഭാഗത്തൂന്ന് എന്തേലും.. എന്താണേലും പറയൂ.."
അങ്ങേ തലയ്ക്കൽ നീണ്ട മൗനം.. ആകാശത്ത് പറന്നുകൊണ്ടിരുന്ന പക്ഷി കാരണംകൂടാതെ പെട്ടന്ന് ചിറകടി നിർത്തിയതുപോലുള്ള ഒരനുഭവം..
"നമ്മൾ രണ്ടു മതല്ലേ.. ഇത് ഒരിക്കലും നടക്കില്ല.. എനിക്കുവയ്യ അവസാനം സങ്കടപ്പെടുത്താനും സങ്കടപ്പെടാനും. ഇനി ഒരിക്കലും എന്നെ വിളിക്കരുത്. വിളിച്ചാൽ ഞാൻ എന്റെ നമ്പർ മാറ്റും."
എന്റെ മറുപടിക്ക് കാത്തു നില്ക്കാതെ അങ്ങേ തലയ്ക്കൽ ഫോണ്‍ കട്ട്‌ ആയി.
നിശബ്ദതയ്ക്ക് കനം കൂടിക്കൂടി വരുന്നു.. അതുവരെ ഞാൻ കൂട്ടിവച്ച എന്റെ സ്വപ്‌നങ്ങൾ, ശൂന്യത തീർത്ത കറുത്ത പാറകെട്ടുകൾക്ക് മുകളിൽനിന്ന് താഴേക്ക്‌ ചാടി ആത്മഹത്യ ചെയ്തു.

എത്ര പിണങ്ങിയാലും, അധികം വൈകാതെ എന്നെങ്കിലും ഒരുദിവസം ഒരായിരം സോറിയും പറഞ്ഞ്  വീണ്ടും ഇണങ്ങാൻ വരാറുള്ള  അവളുടെ സ്വരവും പ്രതീക്ഷിച്ച് ഞാനിരുന്നു. ദിവസങ്ങൾ.. ആഴ്ച്ചകൾ.. മാസങ്ങൾ അങ്ങിനെ കൊഴിഞ്ഞുവീണു.. പക്ഷെ.. ഇതിനിടയിൽ ഒരിക്കൽപോലും അവളുടെ ഫോണ്‍ കോൾ എന്നെത്തേടി വരികയുണ്ടായില്ല.

ഇതിനിടയിൽ പലപ്പോഴും അവളെ തിരിച്ചു വിളിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പ്രതികരണം ഏതുതരത്തിൽ ആയിരിക്കുമെന്ന ആശങ്ക ആ ഉദ്യമത്തിൽനിന്ന് പിന്തിരിയുവാൻ എന്നെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

കാലത്തിനനുസരിച്ച് ജീവിതം പതിയെ മുന്നോട്ടു നീങ്ങി..
മനസ്സിലെ മുറിവുകളുടെ ആഴം അതിനനുസരിച്ച് പതിയെ പതിയെ കുറഞ്ഞു വന്നു.. വീണ്ടും സന്തോഷത്തിന്റെ ദിനങ്ങൾ എനിക്ക് ചുറ്റിനും വലയം തീർത്തു.

പുതിയ ജോലി, പുതിയ സൗഹൃദങ്ങൾ..
എന്റെ ജീവിതത്തോട് തുന്നിച്ചേർത്ത പുതിയ പുതിയ ദിവസങ്ങൾ പഴകിയും നൂലിഴ പൊട്ടിയും അങ്ങിനെ കിടന്നു. എങ്കിലും മരണമില്ലാത്ത ചില ഓർമ്മകൾ എന്നെ എന്നും വേട്ടയാടിയിരുന്നു എന്നുതന്നെ പറയാം.

എന്നെങ്കിലും ഒരു മഴ പെയ്യുമെന്ന് ഞാൻ മോഹിച്ചു.. നനുത്ത കാറ്റ് മഴയ്ക്ക്‌ അകമ്പടി സേവിക്കുമെന്നും, ആ മഴത്തുള്ളികൾ വീണ് ഞാനാകെ നനയുമെന്നും സ്വപ്നംകണ്ടു. മൂടികെട്ടി നില്ക്കുന്ന മഴമേഘങ്ങളെ നോക്കി ഒരു മഴയ്ക്കുവേണ്ടി വെറുതേ യാചിച്ചു.. ഒടുവിൽ ഒരു സായന്തനത്തിൽ ആ മഴ മേഘങ്ങൾ ഹൃദയത്തിലേക്ക് പെയ്തിറങ്ങുകതന്നെ ചെയ്തു.

അതെ.. നീണ്ട ആറു മാസത്തെ ഇടവേളയ്ക്കു ശേഷം അവളുടെ ശബ്ദം വീണ്ടും എന്നെത്തേടി എത്തി..
മനസ്സിലൂടെ ഒരു മിന്നൽ കടന്നുപോയി.. ശബ്ദം അടഞ്ഞു.. വാക്കുകളിൽ അവിടിവിടെ മുറിപ്പാടുകൾ വീണു.
എന്നെ തേടിയെത്തിയ അവളുടെ ശബ്ദത്തിൽ വീണ്ടും പ്രണയം പൂത്തുനിന്നിരുന്നു. എങ്കിലും മറ്റൊരാൾക്ക് അവൾ സ്വന്തമാകാൻ പോകുന്നു എന്ന സത്യം എന്നെ വല്ലാതെ വേദനിപ്പിച്ചു. അരുതെന്ന് മനസ്സ് പലവട്ടം പറഞ്ഞെങ്കിലും പിന്നീടും ഞങ്ങൾ കൂടുതൽ കൂടുതൽ അടുക്കുകയായിരുന്നു..

'നിന്നെ ഹൃദയത്തിൽനിന്ന് പറിച്ച് എറിഞ്ഞുകളഞ്ഞ നിമിഷങ്ങൾ ശപിക്കപ്പെടട്ടെ' എന്നവൾ വിലപിച്ചു.. ചില നേരങ്ങളിൽ 'എന്റെ മനസ്സിൽ കയറികൂടിയ പ്രണയത്തിന്റെ പിശാചാണ് നീ..' എന്ന് കളിയാക്കി ചിരിച്ചു..
അകലുവാൻ കാണിച്ച അതേ ആവേശത്തോടെ വീണ്ടും എന്നോടടുത്ത ആ പെണ്‍കുട്ടിയെ പിന്തിരിപ്പിക്കുവാൻ എന്നിലെ പ്രണയത്തിന് തീരെ താത്പര്യം ഉണ്ടായിരുന്നില്ല.

പ്രണയാക്ഷരങ്ങൾ കൊക്കുരുമിയ രാത്രികൾ.. ഞങ്ങൾക്ക് സംസാരിക്കുവാൻ എന്നും നല്ലതേ ഉണ്ടായിരുന്നുള്ളൂ..
വീണ്ടും കാണണം, ഒരിക്കലെങ്കിലും നേരിട്ട് സംസാരിക്കണം എന്നൊക്കെ അവൾ പറയുന്നുണ്ടായിരുന്നു. അങ്ങിനെ ഒരു ദിവസം ഞങ്ങൾ തമ്മിൽ കാണുവാൻ തീരുമാനിച്ചു.

അങ്ങിനെ ഒരു ശനിയാഴ്ച്ച.. ഉമ്മയെ കാണാൻ മലപ്പുറത്തേക്ക് പോകുന്ന വഴി കോഴിക്കോട് ബസ്‌ സ്റ്റാൻഡിൽ വച്ച് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടി.
ഏത് ആൾക്കൂട്ടത്തിന് ഇടയിൽവച്ചും എനിക്ക് നിഷ്പ്രയാസം തിരിച്ചറിയാൻ കഴിയുന്ന അവളുടെ മുഖം ദൂരെനിന്നും ഞാൻ കണ്ടു. പാലക്കാട് മലപ്പുറം ഭാഗത്തേക്ക്‌ പോകുന്ന ബസ്സുകൾ മാത്രം പാർക്കുചെയ്യുന്ന മൊഫ്യൂസ് ബസ്സ്‌ സ്റ്റാൻഡിന്റെ ഒരു ഭാഗത്ത്‌ തൂണും ചാരി ആകാംക്ഷ സ്പുരിക്കുന്ന മുഖത്തോടെ അവൾ നില്ക്കുന്നു.
എന്നെ കണ്ടതും അവൾ ഓടിവന്നു. തല മറച്ച തട്ടം ഒന്നുംകൂടി നേരെയിട്ട് എന്നെ നോക്കി ചിരിച്ചു. ഞങ്ങൾക്കിടയിൽ സംസാരിക്കുവാൻ ഒന്നും ഉണ്ടായിരുന്നില്ല.. കാരണം, എന്റെ വാക്കുകളൊക്കെ പണിമുടക്ക്‌ പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു..

"ഒത്തിരി നേരമായോ വന്നിട്ട്..?" അല്പ്പസമയത്തെ മൗനത്തിന് ശേഷം ഞാൻ ചോദിച്ചു.
"ഇല്ല.." അവളുടെ സ്വരം
നേരിട്ട് കേൾക്കുന്നത് അന്നാദ്യമായിരുന്നു.
"ഭക്ഷണം കഴിച്ചോ..?"
"ഉം.."
"എങ്കിൽ വരൂ.. തണുത്തത്‌ എന്തെങ്കിലും കഴിക്കാം."
ആൾക്കൂട്ടത്തിനിടയിലൂടെ എനിക്കൊപ്പം തോളുരുമ്മി അവൾ പതിയെ നടന്നു. മൗനം വീണ്ടും കുടപിടിച്ച നിമിഷങ്ങൾ.. നടക്കുമ്പോൾ ഞാനവളെ ഇടം കണ്ണിട്ട്‌ ഒന്നുനോക്കി. ആശ്വാസം.. എന്നെക്കാൾ ഉയരം അവൾക്ക് ഉണ്ടാകുമോ എന്ന തോന്നൽ പമ്പ കടന്നത്‌ ആ നടപ്പിലായിരുന്നു.

ജ്യൂസ് പാർക്കിലെ അടുത്തടുത്ത ഇരിപ്പിടങ്ങളിൽ എനിക്കൊപ്പം അവളിരുന്നു.. തണുത്ത പൈനാപ്പിൾ ജ്യൂസ് പതിയെ കുടിക്കുമ്പോൾ ഇടയ്ക്കിടെ എനിക്കുനേരെ പാഞ്ഞെത്തുന്ന അവളുടെ നോട്ടങ്ങൾ ഒഴിച്ച്  മറ്റൊന്നും ഞങ്ങൾക്കിടയിൽ നിശബ്ദത ഭേദിക്കുവാൻ ഉണ്ടായിരുന്നില്ല.

പുറത്ത് ഉച്ചവെയിൽ തിളച്ചുമറിയുകയാണ്.. കുടിച്ചിറക്കിയ തണുത്ത ജ്യൂസിനും തണുപ്പിക്കുവാൻ കഴിയാതെ എന്റെ ഉള്ളിലിരുന്ന് എന്തൊക്കയോ തിളച്ചു മറിയുന്നു.. ആകെ ഒരവസ്ഥ.

പരിചയമുള്ള മുഖങ്ങൾ ഏതെങ്കിലും തങ്ങളെ തിരിച്ചറിയുന്നുണ്ടോ എന്നവൾ ചുറ്റിനും നോക്കിക്കൊണ്ടിരുന്നു. ആ വലിയ കണ്ണുകളിലെ പേടി കൗതുകത്തോടെ നോക്കിനില്ക്കാൻ എനിക്ക് നല്ല രസം തോന്നി.

എന്തിനാണ് തമ്മിൽ കണ്ടുമുട്ടിയത്‌..? അറിയില്ല.. അറിയില്ല..
ചുറ്റിനും ഉയരുന്ന കലപില ശബ്ദങ്ങൾക്ക്‌ നടുവിലൂടെ നിശബ്ദരായി ഞങ്ങൾ കുറേനേരം നടന്നു; അലക്ഷ്യമായി.

ബസ്സിൽ കയറാൻ നേരം തിരിഞ്ഞുനോക്കിയ അവളുടെ കണ്ണുകൾ നിശബ്ദമായി എന്തൊക്കയോ എന്നോട് സംസാരിച്ചുകൊണ്ടിരുന്നു..


  ഞായറാഴ്ച. കിടന്നിട്ട് ഉറക്കം വരുന്നില്ല.. എങ്ങിനെ കഴിയും.. നാളെയാണ് ആ ദിവസം. ഒന്നു വിളിച്ചാൽ മതി, എനിക്കൊപ്പം പോരും എന്നവൾ പറഞ്ഞുകഴിഞ്ഞു.
എന്തുചെയ്യണം എന്നറിയില്ല. കൂടെ കൂട്ടിയാൽ ഉണ്ടാവുന്ന ഭവിഷ്യത്ത് ഓർക്കുമ്പോൾ ഉള്ളിൽ വല്ലാതെ ഭയം നിറയുന്നു. വിളിച്ചില്ലെങ്കിൽ എന്നേക്കുമായി അവളെ നഷ്ടപ്പെടും. അസ്വസ്ഥതകൾക്കിടയിൽ എപ്പോഴോ ഉറക്കം എന്നെ ആലിംഗനം ചെയ്തു.

  ശനിയാഴ്ചയുടെ ആവർത്തനം പോലെ തിങ്കളാഴ്ചയും കടന്നുവന്നു. പഴയ അതേ സ്ഥലം. ഇളം വെയിലിൽ അവൾ കൂടുതൽ സുന്ദരിയായിരിക്കുന്നു. പ്രതീക്ഷയുടെ പുതുനാമ്പുകൾ മഞ്ഞുപൊഴിച്ച്  വിടർന്ന് നില്ക്കുന്നു.
എന്തൊക്കയോ തിരിച്ചുകിട്ടിയ സന്തോഷത്തോടെ അവൾ എനിക്കൊപ്പം തൊട്ടുരുമ്മി നടന്നു.. ഒരു തിരിച്ചുപോക്ക് ഇനി ഇല്ലെന്ന് അവൾ കരുതിയിട്ടുണ്ടാവാം.. മൊഫ്യൂസ് ബസ്സ്‌ സ്റ്റാൻഡിലെ തിരക്കിൽനിന്ന് പതിയെ ഞങ്ങൾ പുറത്തേക്കിറങ്ങി..
തിരക്കേറിയ മാവൂർ റോഡിന്റെ അരികിലൂടെ അലസമായി അവൾക്കൊപ്പം നടക്കുമ്പോൾ എന്റെയുള്ളിൽ വലിയൊരു സംഘർഷം നടക്കുകയായിരുന്നു.
ഇനിയുള്ള കുറച്ചു നിമിഷങ്ങൾക്കുള്ളിൽ ഞാനെടുക്കുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും എന്റെയും അവളുടെയും ഭാവി... ഒരുവാക്ക് മതി അവളെനിക്ക്‌ സ്വന്തമാകുവാൻ.. ഒരുവാക്ക് മതി അവളെ എന്നേക്കുമായി എനിക്ക് നഷ്ടമാകുവാൻ.. ഒരാൾ ചിരിക്കുമ്പോൾ കൂടെ ഒമ്പത് പേരുടെ കരച്ചിലും കൂടി കേൾക്കേണ്ടിവരും എന്നൊരവസ്ഥ..


യാത്ര അവസാനിച്ചത്‌ എന്റെ ഓഫീസിൽ ആണ്. പലപ്പോഴായി ഫോണിൽക്കൂടി അവൾക്കു ഞാൻ പരിചയപ്പെടുത്തി കൊടുത്തിട്ടുള്ള എന്റെ സ്നേഹിതരുടെ നീണ്ട നിരകണ്ട് അവൾ അന്ധാളിച്ചുപോയി. എന്നിലൂടെ അവർക്കും അവൾ എന്നോ സുപരിചിതയായികഴിഞ്ഞിരുന്നു.
അവിടെനിന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.


ഒടുവിൽ എന്നന്നേക്കുമായി അവളെ നഷ്ടപ്പെടുത്തുവാൻ തന്നെ ഞാൻ തീരുമാനിച്ചു. അതാണ്‌ ഉചിതമെന്ന് എനിക്ക് തോന്നി.

'നിനക്ക് വിധിച്ചവനൊപ്പം ഇനിയുള്ള കാലം സുഖമായി ജീവിക്കു..'  എന്ന് അവളോട്‌ പറഞ്ഞപ്പോൾ എനിക്കെന്റെ വേദന മറച്ചുവെക്കാൻ കഴിഞ്ഞില്ല. അവൾക്കു പോകാനുള്ള ബസ്സുകൾ എത്രയെണ്ണം ഡബിൾ ബെല്ലടിച്ചു കടന്നുപോയി എന്ന് നിശ്ചയമില്ല..
അവസാനം നിർബന്ധപൂർവ്വം അവളെ യാത്ര അയക്കുമ്പോൾ വലിയൊരു ശൂന്യതയെ ഞാൻ സ്വയം ആലിംഗനം ചെയ്യുകയായിരുന്നു. അന്ന്
അവൾ തന്നുപോയ ശൂന്യത ഇന്നും അതുപോലെ എനിക്കൊപ്പം ഉണ്ട്.. നികത്തുവാൻ ഒരിക്കലും കഴിയാത്ത വലിയൊരു ശൂന്യത.

NB: വിവാഹ ശേഷം ഒന്നുരണ്ടുതവണ അവൾ വീണ്ടും എന്നെ വിളിക്കുകയുണ്ടായി; എന്റെ വിശേഷങ്ങൾ തിരക്കികൊണ്ട്. ഭർത്താവിനും മോൾക്കുമൊപ്പം അവൾ സുഖമായി ജീവിക്കുന്നു. നല്ല സൗഹൃദമായി ഇടയ്ക്കിടെ ഇനിയും അവളുടെ ഫോണ്‍ കോൾ എന്നെത്തേടി എത്തിയേക്കാം. അപ്പോൾ അവൾക്കു പറഞ്ഞ് കൊടുക്കുവാൻ 'എന്റെ വിവാഹവും കഴിഞ്ഞു' എന്നൊരു ശുഭ വാർത്ത എനിക്ക് കരുതിവെക്കണം.. അത് കേൾക്കുമ്പോൾ അവൾ ഒരുപാട് സന്തോഷിക്കും; തീർച്ച.
പക്ഷെ അറിയില്ല.. ആ ശുഭ വാർത്ത എന്ന് എപ്പോൾ
എങ്ങിനെ എന്നൊന്നും. കാത്തിരിക്കുകതന്നെ.

അന്ന് ഞാൻ തലയിലേറ്റിയ അടുക്കളയുടെ 'സുഖമുള്ള' ഭാരം മാത്രം ഇന്നും എനിക്കൊപ്പമുണ്ട്.. അതും ഒരു സുഖമാണ്.. അത് അങ്ങിനെതന്നെ ഇരിക്കട്ടെ. ഉണ്ടും ഊട്ടിയും ചില സ്വപ്നങ്ങളും എനിക്കൊപ്പം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു..
ഓർമ്മകളുടെ അയവിറക്കലുകൾ ഇനിയും ഞാൻ തുടരട്ടെ... 
-----------------------------------------------------------------
ഇന്ന് 30-11-2013
ചില അത്ഭുതങ്ങൾ സംഭവിക്കുന്നത്‌ ഇങ്ങിനെയൊക്കെയാണ് ..
ഇത് എഴുതിത്തീരും മുൻപ് ഒരിക്കലെങ്കിലും അവളുടെ ശബ്ദം എന്നെത്തേടി എത്തും എന്നുഞാൻ വിശ്വസിച്ചിരുന്നു. അത് സത്യമായി തീർന്നു. നീണ്ട ഒരുവർഷത്തെ ഇടവേളയ്ക്കു ശേഷം ഇന്നവൾ വീണ്ടും വിളിച്ചു.. ഒത്തിരി സംസാരിച്ചു.
അവൾ സന്തോഷവതിയായിരിക്കുന്നു.  

എല്ലാം ശുഭമായ് തീരട്ടെ..
 

22 അഭിപ്രായങ്ങൾ:

  1. ഇതെന്റെ ചിറകൊടിഞ്ഞ കിനാവ് പോലെയുണ്ടല്ലോ ...ഓരോന്ന് ഓർമ്മിപ്പിച്ചു മനുഷ്യനെ കരയിപ്പിക്കാൻ :( . നീളം കൂടിയാലും ബോറടിച്ചില്ല ,അടിക്കില്ലല്ലോ അങ്ങനെയല്ലേ കഥയുടെ കിടപ്പ് :(...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇതുവരെ സംഭവിച്ചത് സത്യങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. ഒന്നും അധികമായി എഴുതിചേർത്തിട്ടില്ല.
      മുഴുവായനയ്ക്ക് ഒരായിരം നന്ദി കേട്ടോ..

      ഇല്ലാതാക്കൂ
  2. ഓരോരുത്തര്‍ക്ക് ഓരോരുത്തരെന്ന് മുന്‍കൂട്ടി എഴുതപ്പെട്ടിട്ടുണ്ട്. അതെ ഭവിക്കൂ (അത് അവിടെ നില്‍ക്കട്ടെ. രാഗേഷിന്റെ സഹപാഠിയാണോ? എനിക്ക് വളരെ ഇഷ്ടപ്പെട്ട കാര്‍ട്ടൂണിസ്റ്റ് ആണ് രാഗേഷ്. ഒരു ഫേസ് ബുക്ക് പോസ്റ്റില്‍ ഞാന്‍ രാഗേഷിന് വേണ്ടി വാദിക്കുകയുമുണ്ടായി. ഇപ്പോഴും കോണ്‍ടാക്റ്റ്സ് ഉണ്ടെങ്കില്‍ എന്റെ അന്വേഷണങ്ങളും അനുമോദനങ്ങളും അറിയിച്ചേക്കണം കേട്ടോ(

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യമാണത്. പക്ഷെ എവിടെയൊക്കെയോ ചില ആത്മബന്ധങ്ങൾ മുറിയാതെ അവശേഷിക്കുന്നു..
      (രാഗേഷിനെ കാണാറുണ്ട്. ഞങ്ങൾ ഹോസ്റ്റലിൽ ഒരുമിച്ച് ആയിരുന്നു. തീർച്ചയായും അജിത്തേട്ടന്റെ അന്വേഷണങ്ങൾ അനുമോദനങ്ങൾ അറിയിക്കാം കേട്ടോ..)

      ഇല്ലാതാക്കൂ
  3. സംഭവം കൊള്ളാം..
    കുറച്ചൂടെ അടുക്കും ചിട്ടയും വേണമെന്ന് തോന്നി..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജീവിതത്തിൽ ഇല്ലാത്തതും ഇതുതന്നെയാണെന്ന് പലപ്പോഴും എനിക്ക് തോന്നാറുണ്ട്.

      ഇല്ലാതാക്കൂ
  4. ചിലരുടെ കഥകള്‍ നമുക്ക് ജീവിതമായി തോന്നും -ചിലരുടെ ജീവിതം കഥയും :) .ബിജുവിന്റെത് കഥയും ജീവിതവും ഇട കലര്‍ന്നതും....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇടകലർന്ന് ഇടകലർന്ന് അങ്ങിനെ ഒഴുകട്ടെ അല്ലെ..

      ഇല്ലാതാക്കൂ
  5. ഒരിക്കലും പ്രണയിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലതാണ് പ്രണയിച്ചു പരാജയപ്പെടുന്നതെന്ന് ആരോ പറഞ്ഞിട്ടുണ്ട്,,,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രണയിച്ചു നോവാൻ കൊതിക്കുന്നു വെറുതെ..
      പ്രണയം ഇത്രയേറെ ചതിച്ചിട്ടും. :)

      ഇല്ലാതാക്കൂ
    2. പ്രണയത്തിന്റെ ചതി മാത്രം അനുഭവിച്ചത് കൊണ്ടാനത് !
      വേതന അറിയാത്തത് കൊണ്ടാണു









      ഇനി അടുത്തെ തവണ 3 ഏട്ടന്മാരുല്ലേ പെണ്ണിനെ തന്നെ നോക്കികോളൂ
      അപ്പൊ ശെരിക്കും നോവറിയാം....പ:

      ഇല്ലാതാക്കൂ
    3. From Alfred Lord Tennyson's poem In Memoriam:27, 1850:

      I hold it true, whate'er befall;
      I feel it, when I sorrow most;
      'Tis better to have loved and lost
      Than never to have loved at all.

      ഇല്ലാതാക്കൂ
  6. ജീവിതത്തോട് തുന്നിച്ചേർത്ത പുതിയ
    പുതിയ ദിവസങ്ങൾ പഴകിയും നൂലിഴ പൊട്ടിയും അങ്ങിനെ കിടന്നു....
    എങ്കിലും ഇതുപോലെ മരണമില്ലാത്ത ചില ഓർമ്മകൾ എന്നും വേണം...അപ്പോൾ ഇത്തരം നല്ല എഴുത്തും ഉണ്ടാകും കേട്ടൊ ഭായ്

    മറുപടിഇല്ലാതാക്കൂ
  7. അനുഭവ കഥയാണല്ലേ, ആറ്റിക്കുറുക്കി വിഷയത്തിലൂന്നി പറഞ്ഞിരുന്നെങ്കിൽ എന്ന് വായനക്കിടെ തോന്നിയെങ്കിലും സ്വന്തം അനുഭവ കഥ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അതിന്റെ തലങ്ങൾ ചോർന്ന് പോകാതെ അവതരിപ്പിക്കാനുള്ള ശ്രദ്ധയാവണം നീളക്കൂടുതലിന് കാരണം എന്ന് പിന്നീട് മനസ്സിലാക്കി. അങ്ങിങ്ങ് അക്ഷരത്തെറ്റുകൾ

    പ്രണയം, അടുക്കുന്തോറും അകലുന്ന പ്രതിഭാസമാണോല്ലോ? വിളിക്ക് കാതോർത്ത് നിന്ന പ്രണയിനിയെ യാത്രയാക്കുന്ന കഥാനായകൻ - അവളുടെ വിളിക്ക് ഇപ്പോഴും കാതോർത്ത് നിൽക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു ;)

    ബൈജുവിൽ നിന്നും കൂടുതൽ പ്രതീക്ഷിക്കുന്നു. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരിക്കലും കേൾക്കാത്ത ശബ്ദത്തിന് കാതോർത്ത് നില്ക്കുന്നത് ഒരു സുഖമാണ്... ആ ശബ്ദം ഒരിക്കലും ഇനി കേൾക്കാതിരിക്കട്ടെ.. ആ സുഖം നശിക്കാതിരിക്കട്ടെ.
      വായനയ്ക്കും വിലയേറിയ അഭിപ്രായത്തിനും നന്ദി.
      ഒരു ആവർത്തന വായനകൂടി വീണ്ടും നടത്തുന്നു; തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുവാൻ വേണ്ടി.

      ഇല്ലാതാക്കൂ
  8. യാത്ര തുടരട്ടെ ..

    ഇനിയുമിങ്ങനെ പ്രണയിച്ചു കൊണ്ടേയിരിക്കുക ...എന്നാല്‍ കൂടുതല്‍ എഴുതാന്‍ പറ്റിയേക്കും ....

    ചെറിയ പ്രണയങ്ങള്‍ മതി , വായിച്ചു തീരിക്കാന്‍ വലിയ പാടാണ്ണ്‍
    ):

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അറിയാം, നീണ്ട വായന സമയം എടുക്കും. ഇനി ചെറിയ എഴുത്തുകളിലേക്ക് പോകാം കേട്ടോ.
      ബ്ലോഗിലെ പുതിയ അതിഥിക്ക് സ്വാഗതം.

      ഇല്ലാതാക്കൂ
  9. അല്പം കൂടി ഒതുക്കിയെഴുതിയെങ്കില്‍ കൂടുതല്‍ നന്നാവുമായിരുന്നു എന്നാണ് ആദ്യം തോന്നിയത് - അനുഭവം എഴുതിത്തുടങ്ങിയപ്പോള്‍ ഒരൊഴുക്കില്‍ എഴുതിയതാണ് എന്ന് മനസ്സിലാക്കുന്നു.
    എന്തായാലും തുടര്‍ന്നും എഴുതുക... ഭാവുകങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചില ചുരുക്കെഴുത്തുകൾ ആശയങ്ങളെ നശിപ്പിക്കുകയേ ഒള്ളു.. ഒരു പരിധിവരെ ചുരുക്കി എഴുതാൻ ഞാൻ ശ്രമിച്ചിരുന്നു.. പക്ഷേ.. ഇത്രയുമേ കഴിഞ്ഞുള്ളൂ.. :)

      ഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.