2016, ഡിസംബർ 4, ഞായറാഴ്‌ച

ബഹുമാനപ്പെട്ട മാനന്തവാടി രൂപത പിതാവിന് ഒരു തുറന്ന കത്ത്.

മാനന്തവാടി രൂപതയ്ക്ക് കീഴിലുള്ള എല്ലാ ഇടവകകളിലും ബഹുമാനപ്പെട്ട പിതാവിന്റെ സർക്കുലർ ഇന്നലെ വായിക്കുകയുണ്ടായി.

അതിലെ ഉള്ളടക്കം ഇതാണ്, മോദി സർക്കാരിന്റെ നോട്ട് നിരോധനവും  അതിന്റെ ഗുണവശങ്ങളും ഇന്റർനെറ്റ് ഉപയോഗിച്ചുള്ള പുതിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരണവും!.
തുടക്കത്തിൽ തന്നെ അതിൽ പറയുന്നുണ്ട് വലിയ പഠനങ്ങൾ നടത്തിയതിന്റെ വെളിച്ചത്തിലാണ് അങ്ങ് ഈ ലേഖനം തയ്യാറാക്കിയത് എന്ന്!!

കള്ളപ്പണം തടയാൻ കൈക്കൊണ്ട സർക്കാരിന്റെ ശക്തമായ നടപടികൾ എന്ന് തുടങ്ങി സകല ജനങ്ങളും ഇന്റർനെറ്റ് വഴിയുള്ള സാമ്പത്തിക ഇടപാടിലേക്ക് മാറണമെന്നും ഒരു ഡിജിറ്റൽ ഇന്ത്യയെ വാർത്തെടുക്കണമെന്നും, നിങ്ങളുടെ മൊബൈൽ, നെറ്റ് ബാങ്കിങ്ങും അനുബന്ധ കാര്യങ്ങളും ചെയ്യാൻ കഴിയുന്ന രീതിയിലേക്ക് മാറ്റണമെന്നുമൊക്കെ വാചാലതയോടെ അതിൽ പറയുന്നുണ്ടായിരുന്നു!!
അങ്ങയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ മാനിച്ചുകൊണ്ടുതന്നെ ചോദിക്കട്ടെ,
സ്വന്തം റേഷൻകാർഡ് ഉപയോഗിച്ച് അർഹതപ്പെട്ട സാധങ്ങൾ മേടിക്കാൻ പോലും അറിയാത്ത ഒരു പാവം ജനതയോടാണോ ക്രെഡിറ്റ് കാർഡിന്റെയും ഡെബിറ്റ് കാർഡിന്റെയും മേൻമയെക്കുറിച്ച് അങ്ങ് വാചാലനാകുന്നത്!!?

എന്ത് വസ്തുതകളെ മുൻനിർത്തിയാണ് ഈ സർക്കുലർ അങ്ങ് എഴുതിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല..! ഒറ്റവാക്കിൽ പറഞ്ഞാൽ വസ്തുതകളെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രമിക്കാതെ, മോദിഭക്തിയിൽ മഷി മുക്കി എഴുതിയ ഒരു ലേഖനം എന്ന് പറയേണ്ടിവരും. അല്ലെങ്കിൽ മൊബൈൽ വഴി ഇന്റർനെറ്റ് ബാങ്കിങ്ങും അനുബന്ധ കാര്യങ്ങളും ചെയ്തു ശീലിച്ചതിന്റെ വെറും ഹാങ് ഓവർ പ്രകടനം.!


കള്ളപ്പണക്കാരുടെ ലിസ്റ്റെടുത്തു നോക്കിയാൽ കണക്കിൽ പെടാത്ത ലിക്വിഡ് ക്യാഷ് കൈവശം വെച്ചവർ കൂടിപ്പോയാൽ പത്തോ പതിനഞ്ചോ ശതമാനം മാത്രമേ കാണൂ. അവരിൽ പലരും വട്ടിപ്പലിശയ്‌ക്കു പണം കടംകൊടുത്ത് കൂടുതൽ മുതൽകൂട്ടാൻ ശ്രമിക്കുന്നവരാണ്. ബാക്കിയുള്ളവർ തങ്ങളുടെ പണം കൊണ്ട് ഭൂമിയോ സ്വർണ്ണമോ ബിനാമി ഇടപാടുകളോ ഒക്കെ നടത്തി എന്നേ സുരക്ഷിതരായിരിക്കുന്നു!
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെയും നേതാക്കളെയും കുറ്റക്കാരെന്ന് കണ്ടാൽ മുഖം നോക്കാതെ ജോലിയിൽനിന്നും ടെർമിനേറ്റ് ചെയ്‌താൽ ഒരുപരിധിവരെ തീരുന്നതേ ഒള്ളൂ അഴിമതി എന്ന വലിയ വിപത്ത്.

താങ്കൾ 'പഠനം!' നടത്തി  മനസ്സിലാക്കിയ ഇന്ത്യയുടെ യഥാർത്ഥ മുഖം എന്താണെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലാവുന്നില്ല!! ഏ സി റൂമിന്റെ ശീതളിമയിൽ ഇരുന്ന് കീബോർഡിൽ ടൈപ്പ് ചെയ്യുന്ന ഡിജിറ്റൽ ഇന്ത്യ എന്ന സങ്കൽപ്പത്തിന്റെ പുറംതോട് പൊളിച്ചു കളഞ്ഞിട്ട് വെയിലും മഞ്ഞും മഴയും തണുപ്പും പട്ടിണിയും ദാരിദ്ര്യവുമൊക്കെയുള്ള യഥാർത്ഥ ഇന്ത്യയിലേക്ക് എന്നാണ് നമ്മളൊക്കെ കണ്ണുതുറന്നൊന്ന് നോക്കുക..? സാധാരണക്കാരനുവേണ്ടി നാലക്ഷരം എഴുതുകയോ പ്രവൃത്തിക്കുകയോ ചെയ്യുക??

ബഹുമാനപ്പെട്ട പിതാവേ, സമ്പൂർണ്ണ സാക്ഷരരെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ സ്വന്തം പേരെഴുതാൻ പോലും അറിയാത്ത ആയിരക്കണക്കിന് നിരക്ഷരർ ഇപ്പോഴുമുണ്ടെന്നുള്ളത് നിഷേധിക്കാൻ കഴിയാത്ത ഒരു സത്യമാണ്.. കേരളത്തിന്റെ സ്ഥിതി അതാണെങ്കിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ സ്ഥിതി അതിലും എത്രയോ പരിതാപകരം ആയിരിക്കും എന്ന് ആലോചിച്ചുനോക്കൂ..

അവനവന്റെ ആശയങ്ങളോടും പ്രവൃത്തികളോടും അൽപ്പമെങ്കിലും നീതിപുലർത്തുന്നുണ്ടെങ്കിൽ ഇത്തരം അസംബന്ധമായ ആശയങ്ങളിൽ മഷിമുക്കി പൊതുസമൂഹത്തിന്റെ കയ്യടിമേടിക്കാൻ ശ്രമിക്കരുത്. പ്രത്യേകിച്ചും വലിയൊരു സമൂഹത്തിന്റെ വസ്തുതാപരമായ ചിന്തകളേയും ആശങ്കകളേയും അവഗണിച്ചുകൊണ്ട്.

പറയുന്ന കാര്യങ്ങളൊക്കെ തൊണ്ടതൊടാതെ വിഴുങ്ങുന്ന ഒരു സമൂഹത്തിലല്ല നമ്മളൊക്കെ ഇന്ന് ജീവിക്കുന്നത്.  പറയുന്നതൊക്കെ അതേപടി ശിരസ്സാവഹിക്കുന്ന ഒരു അല്മായ സമൂഹത്തെയാണ് ആവശ്യമെങ്കിൽ എന്നെ ആ ഗണത്തിൽനിന്നും മാറ്റിനിർത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.

ബഹുമാനപ്പെട്ട പിതാവേ, ഇന്ത്യയെന്നാൽ ഭൂരിപക്ഷം ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യാനിയോ ഉള്ളൊരു രാജ്യമെന്നല്ല മനസ്സിലാക്കേണ്ടത്. ഭൂരിപക്ഷം സാധാരണക്കാരും നിരക്ഷരരും ദരിദ്രരുമായ ജനതയുള്ളൊരു നാട് എന്ന് മനസ്സിലാക്കണം. അങ്ങിനെ ചിന്തിക്കുമ്പോൾ മാത്രമേ വാക്കുകളിൽ ലാളിത്യം കലർത്താനും സാധാരണക്കാരനുവേണ്ടി മുഷ്ടിയുയർത്താനും നമുക്കൊക്കെ സാധിക്കൂ.

നമുക്ക് വേണ്ടത് ഡിജിറ്റൽ ഇന്ത്യയല്ല. വൃത്തിയും വെടിപ്പുമുള്ള, ശൗചാലയങ്ങളുള്ള, പട്ടിണിയില്ലാത്ത ഇന്ത്യയാണ്.  നാലാൾ അറിയണമെന്നില്ല.. ഒരുമരം നട്ടുപിടിപ്പിച്ചോ കഴിയുന്നവിധം മറ്റുള്ളവരെ സഹായിച്ചോ ഒക്കെ അതിനുവേണ്ടി നമുക്കും പ്രയത്നിക്കാം.

എനിക്ക് ഇടവകയിലെ അച്ചന്മാരോടും ഒരുകാര്യം പറയാനുണ്ട്. പൊതുസമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യുമ്പോഴും വായിക്കുമ്പോഴും ഭൂരിപക്ഷ അഭിപ്രായം ആരായാൻ നിങ്ങളും ശ്രമിക്കണം. ആർക്കെങ്കിലും വിയോജിപ്പുണ്ടെങ്കിൽ അത് രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിക്കാനും വേണ്ടിവന്നാൽ സർക്കുലർ തിരിച്ചയക്കാനും കഴിയണം. അല്ലാത്ത പക്ഷം ഇതുപോലുള്ള പ്രതിഷേധങ്ങൾ എന്നും ഉയർന്നുകൊണ്ടിരിക്കും. 

2 അഭിപ്രായങ്ങൾ:

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.