2014, ഫെബ്രുവരി 2, ഞായറാഴ്‌ച

ദെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു..

സ്കൂൾ ഗ്രൗണ്ടിന്റെ നാല് മൂലയിലായി കുട്ടികൾ ഗ്രൂപ്പ് തിരിഞ്ഞു നിന്നു...
(സങ്കൽപ്പത്തിലേക്ക്‌ ആരും വലിയ മൈതാനമൊന്നും ചുമന്നോണ്ടുവരണ്ട. കാരണം സ്കൂളിന്റെ പുറകുവശത്തുള്ള, ശരിക്കിനും നാൽപ്പത്തഞ്ചു ഡിഗ്രിക്കുമേൽ ചരിവുള്ള  വലിയ റബ്ബർ തോട്ടമായിരുന്നു ആ സമയത്ത് ഞങ്ങളുടെ 'വിശാലമായ' ഗ്രൗണ്ട്.)
അവർക്കിടയിൽ ചൂടേറിയ ചർച്ചകൾ നടക്കുകയാണ്...
ഇത്തവണ നമ്മൾ വിട്ടുകൊടുക്കാൻ പാടില്ലെന്ന് സാറന്മാരും, വിട്ടുകൊടുക്കില്ലെന്ന് കുട്ടികളും കട്ടായം പറഞ്ഞു. എല്ലാ മുഖങ്ങളിലും വലിയ ആവേശം അലതല്ലിനിന്നു.
ഇപ്പുറത്തുള്ള ഗ്രൂപ്പുകാരൻ അപ്പുറത്തുള്ള ഗ്രൂപ്പുകാരനെ കൊഞ്ഞനം കുത്തി കാണിച്ചു.. അപ്പുറത്തുള്ള ഗ്രൂപ്പുകാരൻ ഇപ്പുറത്തുള്ള ഗ്രൂപ്പുകാരനു നേരെ മുഷ്ട്ടി ചുരുട്ടി തന്റെ ഗ്രൂപ്പിന്റെ മുഴുവൻ ശക്തിയും പ്രകടിപ്പിച്ചു കാണിച്ചു..

ചില പെണ്‍കുട്ടികളാവട്ടെ തന്റെ ഉറ്റ തോഴിമാർ അപ്പുറത്തെയും ഇപ്പുറത്തെയും ഗ്രൂപ്പിലായിപോയതിന്റെ മാനസിക വ്യഥയിൽ സങ്കടം കടിച്ചമർത്തി കുറവൻ ചത്ത കുറത്തിയായി നിന്നു..
അന്നുവരെ തോളിൽ കയ്യിട്ടു നടന്ന ഉറ്റ ചങ്ങാതിമാരിൽ ചിലർ മറ്റു ഗ്രൂപ്പുകളിൽ ആയതോടെ, തമ്മിൽ കാണുമ്പോൾ ഇന്ത്യയുടെ മാപ്പിൽ കാശ്മീരുകണ്ട പാക്കിസ്ഥാൻകാരനെപ്പോലെയായി..

എല്ലാവർഷവും നടത്തിവരാറുള്ള സ്കൂൾ യുവജനോത്സവത്തിന് ഇത്തവണയും തിരി തെളിഞ്ഞുകഴിഞ്ഞതിന്റെ ആവേശമാണ് എവിടെയും. അതിന്റെ ആദ്യഘട്ടം എന്നനിലയിൽ ഗ്രൂപ്പ് തിരിക്കുകയും ഗ്രൂപ്പിനെ നയിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരുടെ നേതൃത്വത്തിൽ ആദ്യത്തെ മീറ്റിംഗ് നടക്കുകയുമാണ്.

റബ്ബർതട്ട് ഇരിപ്പിടമാക്കിയ കുട്ടികളെ നോക്കി മൊയ്തീൻ സാർ പറഞ്ഞുതുടങ്ങി:
"പ്രിയമുള്ളവരേ..
മ്മടെ ഉസ്ക്കൂളിൽ എല്ലാവർഷവും നടത്തിവരാറുള്ള സ്കൂൾ യുവജനോത്സവം ഈ പ്രാവശ്യവും മ്മക്ക് ഗംഭീരമാക്കണം.
നമ്മുടെ കൂട്ടത്തിൽ കഴിവുള്ള ഒരുപാട് കുട്ട്യോൾ ഉണ്ടെന്ന് എനിക്കറിയാം. അവരെല്ലാവരും പരിപാടികൾക്ക് പേര് കൊടുക്കണം. ഇത് നല്ലൊരു വിജയമാക്കുന്നതിനോടൊപ്പം നമ്മുടെ ഗ്രൂപ്പിനും അഭിമാനിക്കാൻ കഴിയണ തരത്തില് പരിപാടികൾ ക്രമീകരിക്കുകയും പങ്കെടുക്കുകയും ചെയ്യണം."

'എല്ലാവർക്കും സമ്മതമല്ലേ' എന്ന ഭാവത്തിൽ സാർ എല്ലാവരെയും ഒന്ന് നോക്കി.
കുട്ടികളെല്ലാവരും സമ്മതം എന്നമട്ടിൽ തലകുലുക്കി.
ഗ്രൂപ്പിലെ സൂസന്ന ടീച്ചർ 'ഞാൻ ഈ നാട്ടുകാരിയേയല്ല..' എന്ന ഭാവത്തിൽ  സാരിയുടെ മുന്താണിയിൽ വിരലോടിച്ച് അപ്പുറത്തെ ഗ്രൂപ്പിലേക്കും നോക്കി കിനാവുകണ്ടു നിന്നു..

"അപ്പോ ടീച്ചറേ..
നമ്മക്ക് ലീഡറെ തിരഞ്ഞെടുക്കാം അല്ലെ..?"

സൂസന്ന ടീച്ചർ ഒന്ന് ഞെട്ടി.. "ങേ.. ങാ.. " എന്തോ കേട്ട ടീച്ചർ എന്തിനോ തലയാട്ടി..

"ഓക്കെ... അപ്പോ ബോയ്സിന്റെ ഭാഗത്തൂന്നും ഗേൾസിന്റെ ഭാഗത്തൂന്നും ഓരോരുത്തരെ വീതം നമുക്ക് തിരഞ്ഞെടുക്കാം."

കുട്ടികൾക്കിടയിൽ തേനീച്ചക്കൂട്ടിലെ ആരവം ഉയർന്നു. ആരൊക്കയോ ആരുടെയൊക്കയോ പേരുകൾ വിളിച്ചുപറഞ്ഞ്‌ സ്വന്തം തടി രക്ഷിച്ചുനിന്നു..

പേര് പരിഗണിക്കപ്പെട്ട പെണ്‍കുട്ടികൾ, ആരുടെയൊക്കയോ നോട്ടത്തിൽ നിന്ന്‌ ഒളിക്കാനെന്ന ഭാവത്തിൽ പുസ്തകങ്ങൾക്കൊണ്ട് മുഖം മറച്ചു.. നഖം കടിച്ചു.. തലകുനിച്ചു.. സ്വന്തം ചൊടി കടിച്ചുചിരിച്ചു.

"ശ്... ശ്...
ഇങ്ങനെ എല്ലാരുടെയും പേര് വിളിച്ചു പറഞ്ഞിട്ട് കാര്യമില്ല. നിങ്ങടെ കൂട്ടത്തിൽ കഴിവുള്ള ഒരാളെ തിരഞ്ഞെടുക്ക്‌.."

സാറ് ടീച്ചറെ നോക്കി.. ടീച്ചർ സാറിനെയും.  "വേണെങ്കിൽ പത്താം ക്ലാസ്സിൽ ഉള്ളവർക്ക് അവസരം കൊടുക്കാം ല്ലേ ടീച്ചറെ.. അവർക്കിനി വേറെ ചാൻസ് ഇല്ലല്ലോ.."

 സമ്മതം എന്നമട്ടിൽ ടീച്ചർ തല പിന്നേയും ആട്ടി.

"സാർ ബോയ്സിന്റെ ഭാഗത്തൂന്ന് ബിജു തോമസ് മതി.." ഏതോ ദുഷ്ടൻ വിളിച്ചുകൂവി.

അതുവരെ സ്വസ്ഥം റബ്ബറിന്റെ മൂട്ടിലിരുന്ന് ഒട്ടുപാൽ പറിച്ച് രസിച്ചിരുന്ന ഞാൻ ഒറ്റഞെട്ടലിൽ റബ്ബർ ബോളുപോലെ പൊങ്ങിച്ചാടി..
'കർത്താവേ.. നേരാംവണ്ണം എഴുതാൻ പോലും അറിയാത്ത ഞാൻ ലീഡറൊ..!!'

എത്ര ഒഴിഞ്ഞുമാറാൻ ശ്രമിച്ചിട്ടും രക്ഷകിട്ടിയില്ല. ഞാൻ തന്നെ ഗ്രൂപ്പ് ലീഡർ എന്ന് പ്രഖ്യാപിക്കപെട്ടു.

ചറപറ കയ്യടിയോടെ സകല അവന്മാരും അവളുമാരും എന്റെ സ്ഥാനാരോഹണം നടത്തി. കൂട്ടത്തിൽ ഒരു പെണ്‍കുട്ടിയേയും തിരഞ്ഞെടുത്തു.

അവൾക്കു എഴുത്തും വായനയും അറിയാം എന്നുള്ളതും, അവൾക്ക് എന്നേയും എനിക്ക് അവളേയും അറിയാം എന്നുള്ളതും മാത്രം ഏക ആശ്വാസത്തിന് വകനൽകി.

അവിഹിത ഗർഭം തലയിലായവനെപ്പോലെ ഞാൻ അന്തിച്ചിരുന്നു.. നോക്കുമ്പോൾ കുട്ടികളെല്ലാവരും പോയിരിക്കുന്നു.. അവിടെ ഞങ്ങൾ നാലുപേർ മാത്രം.

"അപ്പോൾ ബിജു, നീന നിങ്ങളുവേണം കാര്യങ്ങളൊക്കെ....
.................. .....
..
പിന്നെ.. എന്ത് ആവശ്യമുണ്ടെങ്കിലും വന്നു പറയണം. ഒക്കേ..?"

അവളുടെ തലയ്ക്കൊപ്പം എന്റെ തലയും വെറുതേ ആടി.
സാറും ടീച്ചറും ചിരിച്ചു കളിച്ച് സ്റ്റാഫ് റൂമിലേക്കും ഞങ്ങൾ രണ്ടുപേരും ഒന്നും മിണ്ടാതെ ക്ലാസ് റൂമിലേക്കും പോയി.

ഒന്നുരണ്ടു ദിവസത്തിനകം കാര്യങ്ങൾ പതിയെ പതിയെ നിയന്ത്രണത്തിലായിത്തുടങ്ങി..
എനിക്കും എന്തൊക്കയോ ചെയ്യാൻ കഴിയും എന്നൊരു തോന്നൽ.. ലീഡർ എന്ന പരിഗണന.. പേടിയും ചമ്മലുമൊക്കെ മാറി.. എവിടുന്നോ പൊട്ടിമുളച്ച ആത്മവിശ്വാസം പൊടിമീശപോലെ പതിയെ പതിയെ കട്ടിവച്ചുതുടങ്ങി..

റ്റൈറ്റാനിക്കിലെ കപ്പിത്താനെപ്പോലെ 'കല്ലേൽ തട്ടാതെ കൈച്ചലാക്കണേ' എന്ന പ്രാർത്ഥനയോടെ നിയന്ത്രണം ഏറ്റെടുത്തു.

ചെറിയ ചെറിയ പരിപാടികൾ വീതം വച്ചുകൊടുത്തു. എല്ലാവർക്കും നല്ല ഉത്സാഹം..
പെണ്‍കുട്ടികൾ ഡാൻസും പാട്ടും പഠിച്ചു.. ആണ്‍കുട്ടികൾ പരിചമുട്ടും കോൽക്കളിയും..

ഇതിനിടയിൽ ഞാൻ നായകനായി ഒരു നാടകവും ഞങ്ങൾ പഠിച്ചുതുടങ്ങി;
നാടകം: 'ദെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു.!'
അതിൽ ജയിൽ ചാടിവരുന്ന ഒരു കുറ്റവാളിയുടെ വേഷമായിരുന്നു എനിക്ക്.

ദിവസങ്ങൾ കഴിഞ്ഞു.. യുവജനോത്സവം വന്നു.
വാശിയേറിയ മത്സരങ്ങൾ ഒന്നിനുപുറകെ ഒന്നായി സ്റ്റേജ് കണ്ടുമടങ്ങി..
ജയിച്ചവരുടെ ആർപ്പുവിളികൾ തോറ്റവരുടെ നിലവിളിയെ മുക്കിക്കളഞ്ഞു. എങ്കിലും ചിലരൊക്കെ ഒഴിഞ്ഞ ക്ലാസ് മുറികളിൽ പോയിരുന്ന് തുവാല നനച്ചു.

മിമിക്രിയും മോണോ ആക്റ്റും ആ വർഷവും എന്റെ കുത്തകയായി. അഭിമാനത്തോടെ തലയുയർത്തി ഞാൻ നടന്നു..

അങ്ങിനെ യുവജനോത്സവത്തിന്റെ  അവസാന ദിവസവും വന്നെത്തി.. ഇന്നാണ് നാടകം. അവസാനവട്ട റിഹേഴ്സലും കഴിഞ്ഞു നെഞ്ചിടിപ്പോടെ ഞങ്ങൾ സ്റ്റേജിന്റെ പിന്നിൽ നിന്നു.

"ഇത്തവണ മികച്ച നടനുള്ള അവാർഡ് നിനക്ക് കിട്ടുമെടാ.." എന്ന് സാറും നാടകം പഠിപ്പിച്ച ആളും പറഞ്ഞതിന്റെ ആവേശം ഒരുവശത്ത്.. കടുകട്ടിയായ നീളൻ ഡയലോഗുകൾ മറന്നുപോകുമോ എന്നുള്ള പേടി മറുവശത്ത്..
ഒന്നുംകൂടി മൂത്രമൊഴിച്ചാൽ കൊള്ളാം എന്നൊരു തോന്നൽ.. അതിലും നിന്നില്ലെങ്കിലോ എന്നൊരു ഭയവും കൂടി ആയപ്പോൾ സംഗതി മുള്ളിന്മേൽ നിന്ന അവസ്ഥ.

വല്യമ്മച്ചിയെ സോപ്പിട്ടു വാങ്ങിയ ചട്ടയും നിക്കറുമാണ് എന്റെ വേഷം. അതിൽ വല്ല്യ വലുപ്പത്തിൽ 555 എന്ന സ്ഥിരം ജയിൽപുള്ളികളുടെ നമ്പറും എഴുതി വച്ചു. അതിനി കഴുകിയാൽ പോകുമോ എന്തോ..!!

"അടുത്തതായി വാശിയേറിയ നാടക മത്സരമാണ് നടക്കാൻ പോകുന്നത്..
കോഡ്‌ നമ്പർ 321 എത്രയും പെട്ടന്ന് ഇവിടെ റിപ്പോർട്ട് ചെയ്യുക..
                                            കോഡ്‌ നമ്പർ 321.."

മൈക്കിലൂടെ രാജൻ സാറിന്റെ മുഴക്കമുള്ള ശബ്ദം.

ഞങ്ങളുടെ നമ്പർ!! ഈശ്വരാ..

//"നാടകം ആരംഭിക്കാൻ പോകുകയാണ്.
ജഡ്ജസ് പ്ലീസ് നോട്ട് ദിസ്‌ നമ്പർ 321"\\

സദസ് നിശബ്ദമായി.. കർട്ടൻ ഉയരുന്ന ശബ്ദം കാതുകളെ പ്രകമ്പനം കൊള്ളിച്ചു..

"പ്രിയമുള്ളവരേ.. ഇതാ ഞങ്ങൾ നിങ്ങൾക്കായ് അവതരിപ്പിക്കുന്നു..
'ദെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു.!.."

ബാഗ്രൗണ്ടിൽ തെരുവ് നായ്ക്കളുടെ നീണ്ട കുര.. അവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ട് ഓടിവരുന്ന ജയിൽപുള്ളി..
സ്റ്റേജിൽ വീഴുന്നു.. നായ്ക്കളെ ആട്ടിയോടിക്കുന്നു..
ഒരൊറ്റ ആവേശത്തിൽ അതെല്ലാം കഴിഞ്ഞു..
സദസ്സിൽ നിർത്താതെയുള്ള കരഘോഷം..
ആവേശം ആവേശം..
സുരേഷ്ഗോപിപോലും തോറ്റുപോകുന്ന നെടുനീളൻ ഡയലോഗുകൾ വള്ളിപുള്ളിതെറ്റാതെ പറഞ്ഞുതീർത്തു.. നാടകാന്ത്യം സ്റ്റേജിലേക്ക് വരുന്ന വലിയ കഴുകൻ അഴുകിയ ശവം കൊത്തുന്നിടത്ത് നാടകത്തിന് 'ശുഭാന്ത്യം.!!'

"കലക്കിയെടാ..."
"അടിപൊളിയായി.."
"മികച്ച നടനാവും.."
ആരൊക്കയോ തോളിൽ തട്ടി..
തരുണീമണികൾ ആരാധനയോടെ കുണുങ്ങിച്ചിരിച്ചു.. ഒക്കെ സന്തോഷം തരുന്നവതന്നെ. പക്ഷേ.. അഭിനയത്തിന്റെ ആവേശത്തിനിടയിൽ വല്ല്യമ്മച്ചിയുടെ ചട്ട നീളത്തിൽ കീറിപ്പോയതിനും മുട്ടുപൊട്ടിയതിനും ആര് സമാധാനം പറയും..!!

അടുത്ത ഗ്രൂപ്പുകാരുടെ നാടകം തുടങ്ങും മുമ്പ് വേഗം പോയി വേഷം മാറി സ്റ്റേജിന്റെ മുന്നിൽ സ്ഥാനംപിടിച്ചു. ആരൊക്കയോ പാളിനോക്കുന്നു.. ചിരിക്കുന്നു.. 'നന്നായിരുന്നു' എന്ന് പറയുന്നു.

ഇടയ്ക്കിടയ്ക്ക് പൊട്ടിയ മുട്ടുതിരുമ്മി എന്റെ 'അഭിനയ സിദ്ധി'  എല്ലാവർക്കും ഞാനും കാണിച്ചുകൊടുത്തു.

നാടകങ്ങൾ പൂർത്തിയായി.. പ്രതീക്ഷകൾ ചെണ്ടകൊട്ടുനടത്തുന്ന മനസ്സോടെ നില്ക്കവേ നാടകമത്സരത്തിന്റെ വിധി പ്രഖ്യാപിച്ചു.

"നാടകമത്സരം ഒന്നാം സ്ഥാനം റോസ് ഗ്രൂപ്പിനാണ്.
നാടകം, 'ദെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു.!'
... രണ്ടാം സ്ഥാനം..
..."
ആരൊക്കയോ എന്നെ ആകാശത്തേക്ക് വലിച്ചെറിഞ്ഞു.. ഞാൻ ഭൂമിയിലേക്ക്‌ തിരിച്ചു വന്നു.. അവർ പിന്നെയും എന്നെ മുകളിലേക്ക് വലിച്ചെറിഞ്ഞു..
ഗുരുത്വാകർഷണ ബലത്തിന് നന്ദി.. ഞാൻ പിന്നെയും തിരിച്ചുവന്നു.
ഗ്രൂപ്പിലുള്ള എല്ലാവർക്കും പെരുത്ത സന്തോഷം. മുകളിലേക്കുപോയ ഞാൻ തിരിച്ചുവന്നതിലല്ല, നാടകത്തിന് ഒന്നാം സ്ഥാനം കിട്ടിയതിൽ.!


മത്സരങ്ങൾ കഴിഞ്ഞു..
എന്നെ മികച്ച നടനായി തിരഞ്ഞെടുക്കുന്നതും സ്വപ്നം കണ്ട് ഞാനങ്ങിനെ നിന്നു.. ആകാംക്ഷയ്ക്ക് വിരാമമിട്ട് ഒടുവിൽ അതും പ്രഖ്യാപിക്കപ്പെട്ടു.
പക്ഷേ.. മികച്ചനടനൊപ്പം എന്റെ പേര് എഴുതി ചേർക്കപ്പെട്ടില്ല.

വല്ലാത്ത സങ്കടം.. ആരൊക്കയോ ദുഃഖത്തിൽ പങ്കുചേർന്നു..
മുഖം നോക്കി തിരഞ്ഞെടുപ്പ് നടന്നുവെന്ന് പ്രതിഷേധിച്ചു..

"ചട്ട കീറിയാലെന്നാ.. ഞാൻ മികച്ച നടനായില്ലേ..!" എന്ന് കലി തുള്ളിനിൽക്കുന്ന വല്യമ്മച്ചിയോട് പറയാൻ കാണാപാഠം പഠിച്ചുവച്ച ഡയലോഗ് തൊണ്ടയിൽ ഉണ്ടപോലെ തങ്ങിനിന്നു..

ദേശീയഗാനത്തോടെ യുവജനോത്സവത്തിന് തിരശ്ശീല വീണു..
ആഘോഷങ്ങളുടെ ആർപ്പുവിളികളുമായി ഇരുട്ടുന്നതിനു മുമ്പ് എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി.
'സാരമില്ലെടാ.. പോട്ടെ.. അവാർഡുകളല്ല ഒരാളുടെ കഴിവ് നിർണ്ണയിക്കുന്നത്..' എന്നെത്തന്നെ സ്വയം ആശ്വസിപ്പിച്ച് കീറിയ ചട്ടയും പൊട്ടിയ മുട്ടുമായി ഞാൻ എന്റെ വീട്ടിലേക്കും.

ബാക്കിയൊക്കെ വരുന്നിടത്തുവച്ച് കാണാം. അല്ലപിന്നെ!!

20 അഭിപ്രായങ്ങൾ:

  1. ശോ...എനിക്ക് വയ്യ....പണ്ട് യുവജനോത്സവത്തില്‍ ഓട്ടം തുള്ളല്‍ കളിച്ചതും ചീറ്റി പോയതും എല്ലാം എല്ലാം ഓര്‍മയില്‍ കൊണ്ട് വന്നു....താങ്ക്സ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മരണംവരെ ഓർക്കാൻ സ്കൂൾ ജീവിതത്തിന്റെ ഓർമ്മകൾ മാത്രം മതി.. :)

      ഇല്ലാതാക്കൂ
  2. അല്ല പിന്നെ!!!

    (അപ്പോ ആകെമൊത്തം ഒരു കലാകാരനായിരുന്നു അല്ലേ?)

    മറുപടിഇല്ലാതാക്കൂ
  3. നല്ലൊരു ഓര്‍മയാണ് ഈ വായനയും വരികളും എനിക്ക് നല്‍കുന്നത് .
    പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ ' ചന്തീരാനും കൂട്ടരും ' എന്നാ നാടകത്തിലെ ചന്തീരാന്റെ മകനായിട്ടായിരുന്നു ഞാന്‍ അഭിനയിച്ചിരുന്നത് . ആദിവാസിയാക്കാന്‍ കറുപ്പ് പൌഡര്‍ വാരിപോത്തി ഒരു കരിമാടികുട്ടന്‍ ആക്കിയിരുന്നു എന്നെ !. പിന്നീട് അത് കഴുകി കളയാന്‍ പെട്ടപാട് ..ഹോ !! കൂടെ പെണ്‍കുട്ടികളുടെ കളിയാക്കലും .. :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി..
      ഓർമ്മകൾക്ക് മരണമില്ലല്ലോ.. എത്രയോ ഓർമ്മകൾ ഇനിയും ബാക്കി നില്ക്കുന്നു..

      ഇല്ലാതാക്കൂ
  4. നാട്ടിലെ ഒരു നാടകത്തില്‍ നല്ല ഉഷാറായി ഞാന്‍ ഡയലോഗുകള്‍ വെച്ച് കാച്ചുകയായിരുന്നു. കാണികള്‍ എല്ലാം ശ്വാസം വിടാതെ സൈലന്റ് ആണ്. "ഇവളുടെ കുട്ടിയില്‍ വളരുന്ന വയറ്റില്‍ " എന്നൊരു കാച്ച്. വലിയ ചിരി. ഞാന്‍ സീരിയസ് ആണ്. എനിക്കൊന്നും മനസ്സിലായില്ല. തുടര്‍ന്നുള്ള ഡയലോഗുകള്‍ തീവ്രതയോടെ തുടര്‍ന്നു. നാടകം കഴിഞ്ഞതിനുശേഷമാണ് കാര്യം എനിക്ക് മനസ്സിലായത്. ഒരു പാടു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. സി.എല്‍ ജോസിന്റെയോ മരടിന്റെയോ നാടകമാനെന്നാണ് ഓര്‍മ്മ.
    പഴയ ഒരു ഓര്‍മ്മ പുതുക്കിത്തന്നതിനു നന്ദി ബിജു.

    മറുപടിഇല്ലാതാക്കൂ
  5. മികച്ച നടനല്ല എങ്കിലും മികച്ച നൊണയനാണ് നീ ആഷംഷകൽ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ ഹ ... ജീവിതം തന്നെ വലിയൊരു നാടകക്കളരിയല്ലേ ഇക്ക... :)

      ഇല്ലാതാക്കൂ
  6. നല്ല എഴുത്തു , ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ എന്ത് രസം അല്ലെ

    മറുപടിഇല്ലാതാക്കൂ
  7. സ്റ്റേജിൽ പറ്റിയ അക്കിടികളോക്കെയാണ് സാധാരണയായി ബ്ലോഗർമാർ യുവജനോത്സവം ഓർക്കുമ്പോൾ വിഷയമാക്കാറുള്ളത്. വായനക്കാരെ ചിരിപ്പിക്കാൻ അതൊക്കെയാണല്ലോ വകുപ്പ്. അത്തരം അക്കിടികൾക്കൊന്നും ഊന്നൽ കൊടുത്തിട്ടില്ലെങ്കിലും മടുപ്പില്ലാതെ വായിക്കാനാവുന്നുണ്ട് ഈ യുവജനോത്സവ നൊസ്റ്റാൾജിയ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായന മടുപ്പുളവാക്കിയില്ല എന്നറിയുന്നതുതന്നെ വലിയ സന്തോഷംതരുന്നു... കൂടുതൽ നന്നായി എഴുതുവാൻ വീണ്ടും ശ്രമിക്കാം.
      ഈ വായനയ്ക്കും അഭിപ്രായത്തിനും നന്ദി..

      ഇല്ലാതാക്കൂ
  8. ഒത്തിരി സന്തോഷം.. ഈ പ്രോത്സാഹനങ്ങൾക്ക് നന്ദി പറയുന്നു.

    മറുപടിഇല്ലാതാക്കൂ
  9. വായനാസുഖമുള്ള ശൈലിയില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
    നല്ല രചന.തുടര്‍ന്നും എഴുതുക.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി...
      ഓരോ തവണയും കഴിയുന്നത്ര നന്നാക്കി എഴുതുവാൻ ശ്രമിക്കാറുണ്ട്. എഴുത്ത് ഇഷ്ടമായി എന്നുകേൾക്കുമ്പോൾ മനസ്സിന് ആശ്വാസം, സന്തോഷം..
      ഇനിയും കൂടുതൽ മികച്ചരീതിയിൽ എഴുതുവാനുള്ള ശ്രമം തീർച്ചയായും ഉണ്ടാകും.

      ഇല്ലാതാക്കൂ
  10. വരികള്‍ക്കിടയിലൂടെയാണ് ഇവിടെ വന്നത്. വന്നത് വെറുതെയായില്ല. രസകരമായ വായന സമ്മാനിച്ചൂട്ടൊ

    മറുപടിഇല്ലാതാക്കൂ

നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം പൂർണ്ണമായും ഇവിടെ വിനിയോഗിക്കുക.
തെറ്റുകൾ ചൂണ്ടിക്കാണിക്കുക. നിങ്ങളുടെ വായനയാണ് എന്റെ അക്ഷരങ്ങൾക്ക് കരുത്ത് നല്കുന്നത്.
നന്ദി.